ആധുനികാനന്തര മലയാളനോവൽ : വിപണി, കല, പ്രത്യയശാസ്ത്രം – ഭാഗം മൂന്ന് :
ആഖ്യാനവും നോവലിന്റെ കലയും
മൂന്ന് : ഷാജി ജേക്കബ്

(സി)  ജനപ്രിയസംസ്‌കാരത്തിന്റെ ഭിന്നമണ്ഡലങ്ങൾ ആഖ്യാനത്തിന്റെ കലയും പ്രത്യയശാസ്ത്രവുമായി

            ഷാജി ജേക്കബ്

മാറുന്നുവെന്നതാണ് ആധുനികാനന്തര മലയാളനോവലിന്റെ ലാവണ്യാനുഭൂതിയുടെ മുഖ്യരസതന്ത്രം. ആധുനികതാവാദഘട്ടത്തിലെ കാല്പനിക-ജനപ്രിയഭാവനയുടെ ആവർത്തനമല്ല ഇത്. എഴുത്തിന്റെയും വായനയുടെയും ആ ജനപ്രിയഭാവന ’90 കളുടെ തുടക്കത്തിൽ ടെലിവിഷൻ പരമ്പരകൾ പ്രചാരം നേടുന്നതോടെ ദൃശ്യഭാവുകത്വത്തിലേക്കു സംക്രമിക്കുകയും ജനപ്രിയവാരികകളിലും ഗ്രാമീണവായനശാലകളിലും കേന്ദ്രീകരിക്കപ്പെട്ടിരുന്ന നോവൽവായന വൻതോതിൽ ക്ഷയിക്കുകയും ചെയ്തു. അതേസമയംതന്നെ ആധുനികതാവാദം സൃഷ്ടിച്ച രണ്ടാമത്തെ നോവൽഭാവനയുടെ ദന്തഗോപുരസ്വഭാവം ലോകത്തെവിടെയുമെന്ന പോലെ മലയാളത്തിലും ജനപ്രിയവൽക്കരണത്തിനു വിധേയമായിത്തുടങ്ങി. ചരിത്രം തലകീഴ്മറിഞ്ഞ 1989-ൽതന്നെ പുറത്തുവന്ന മരുഭൂമികൾ ഉണ്ടാകുന്നത്തൊട്ടുളള കാലത്ത് ആനന്ദിന് മലയാളത്തിൽ ലഭിച്ച പ്രസാധന-വായനാചരിത്രം മാത്രം മതി ഈ പ്രവണത തെളിയിക്കാൻ. തൊണ്ണൂറുകളുടെ തുടക്കം തൊട്ടുണ്ടാകുന്ന മലയാളനോവലിലെ ഈ ഭാവുകത്വവ്യതിയാനം പിന്നീടുളള പതിറ്റാണ്ടുകളിൽ ആനന്ദിനും മുകുന്ദനുമൊപ്പം സാറാജോസഫ് മുതൽ രാമകൃഷ്ണൻ വരെയുളളവരുടെ രചനകൾ സമർഥമായി ഏറ്റെടുക്കുകയും ചെയ്യുന്നു. ജനകീയ രാഷ്ട്രീയങ്ങളുടെ പങ്കുപറ്റൽ മുതൽ സാംസ്‌കാരികമണ്ഡലത്തിലെ സജീവസാന്നിധ്യം വരെയുളളവ ഈ ജനപ്രിയവൽക്കരണത്തിനു പിന്നിലുണ്ട്. എഴുത്തുരീതികളിലെ നവീനത മുതൽ പ്രസാധനരംഗത്തെ വഴിത്തിരിവുകൾ വരെയുളളവ ഈ മാറ്റത്തിനു ചുക്കാൻ പിടിച്ചു. ഒന്നാംനിര പ്രസാധകരോ മുൻനിര സാഹിത്യപ്രസിദ്ധീകരണമോ അല്ല ഏറ്റവും സ്വീകാര്യതയുളള കൃതികളുടെ വിപണിനിയന്ത്രിക്കുന്നത് എന്ന അവസ്ഥ പ്രകടമായിത്തുടങ്ങി. ഒരു സങ്കീർത്തനംപോലെ, ആടുജീവിതം എന്നീ രചനകൾ, ഈ ഘട്ടത്തിൽ ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിയുകയും നൂറുപതിപ്പുകൾ വരെ പുറത്തിറക്കുകയും ചെയ്തത് ഉദാഹരണമാണ്. സമാനമാണ്, മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചവയാണ് ഫ്രാൻസിസ് ഇട്ടിക്കോരയും ആരാച്ചാരും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും എന്ന വസ്തുതയും. എന്തായാലും പുതിയ നൂറ്റാണ്ടിൽ ആനന്ദ്, മുകുന്ദൻ, സാറാജോസഫ്, അംബികാസുതൻ മാങ്ങാട്, രാജീവൻ, രാമകൃഷ്ണൻ, മീര തുടങ്ങിയവരുടെ രചനകൾക്കുണ്ടാകുന്ന തുടർപതിപ്പുകൾ പോലെതന്നെ ശ്രദ്ധേയമാണ് മലയാളത്തിൽ നോവലിനു മാത്രം നിലനിൽക്കുന്ന വായനാലോകത്തിന്റെ സവിശേഷതകളും. ഇതര, പരമ്പരാഗത സാഹിത്യരൂപങ്ങളൊന്നടങ്കം വായനാവിപണിയിൽ നിരാകരിക്കപ്പെടുമ്പോൾ തന്നെയാണ് നോവലിന്റെ പ്രസാധന, വായനാവിപണി ഏറ്റവും സജീവമായി നിലനിൽക്കുന്നത്.

          പല കാരണങ്ങൾ കൊണ്ടാണ് ആധുനികാനന്തരനോവൽ അതിന്റെ ജനപ്രിയത്വം നിലനിർത്തുന്നത് എന്നു കാണാൻ വിഷമമില്ല. പ്രസാധന, വായനശാല, വിപണിഘടകങ്ങൾ ഒരുവശത്ത്. ചലച്ചിത്ര, ടെലിവിഷൻ, നവമാധ്യമങ്ങൾക്കു സമാന്തരമായി നോവൽ കൈവരിക്കുന്ന ദൃശ്യഭാവുകത്വം മറുവശത്ത്. ആഖ്യാനകലയിൽ നോവൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ സമവാക്യങ്ങൾ ഇനിയും ഒരുവശത്ത്. ആനന്ദിൽ അത് മുഖ്യമായും നോവലിന്റെ കലയിൽ സമർഥമായി കൂട്ടിയിണക്കപ്പെടുന്ന ചരിത്രമുൾപ്പെടെയുളള വൈജ്ഞാനികവ്യവഹാരങ്ങളുടെ സാന്നിധ്യമാണെങ്കിൽ സാറാജോസഫിൽ സാമൂഹ്യജാഗ്രതയും സൂക്ഷ്മരാഷ്ട്രീയങ്ങളും സൃഷ്ടിക്കുന്ന ജനകീയ ആക്ടിവിസമാണ്. രാമകൃഷ്ണനിൽ ചരിത്രത്തിന്റെ തന്നെ ജനപ്രിയസ്വരൂപങ്ങളും മിത്തുകളുടെ പരകായ പ്രവേശവുമാണ് മുന്നിട്ടുനിൽക്കുന്നതെങ്കിൽ അംബികാസുതനിൽ അങ്ങേയറ്റം ജൈവികവും സ്വാഭാവികവുമായ ജീവിതപ്രശ്‌നങ്ങളുടെ നിരന്തരസാന്നിധ്യമാണ് ഏറിനിൽക്കുന്നത്. രാജീവനിലാകട്ടെ, ആധുനികതയുടെ രാഷ്ട്രീയചരിത്രങ്ങളുടെ കൂസലില്ലാത്ത അപനിർമ്മാണത്തിന്റെ കലയും. ഡാനിബോയലിന്റെ, ‘സ്ലം ഡോഗ് മില്യണെർഎന്ന സിനിമ ഓർക്കുക. യാഥാർഥ്യവും ഭാവനയും വർത്തമാനവും ഭൂതവും തമ്മിലുളള അപാരമായ കലർപ്പുകൾകൊണ്ട് നിർമ്മിച്ച ജനപ്രിയചരിത്രത്തിന്റെ കൊളാഷാണ് ആ സിനിമ. ഏതാണ്ട് സമാനമാണ് മലയാളനോവലിന്റെയും സമീപകാലം.

          പ്രസിദ്ധീകൃതമായി മൂന്നുവർഷത്തിനകം (2012-15) പതിനഞ്ചു പതിപ്പുകളിലായി അൻപതിനായിരം കോപ്പികൾ വിറ്റഴിഞ്ഞ ആരാച്ചാർ വെളിപ്പെടുത്തുന്നതും നോവലിന്റെ ആഖ്യാനവും ജനപ്രിയത്വവും തമ്മിൽ മലയാളത്തിലുളള അപൂർവമായ ഈ രസകലാതന്ത്രം തന്നെയാണ്.  യഥാർഥത്തിൽ മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും പ്രൊഫഷണലായ എഴുത്തുകാരിയാണ് കെ.ആർ.മീര. മാധവിക്കുട്ടിയെപ്പോലെ, തന്റെ തലമുറയിലെ മുഴുവൻ പുരുഷ എഴുത്തുകാരെയും പ്രതിഭയിലും ജനപ്രീതിയിലും മറികടക്കുന്നതിൽ മാത്രമല്ല ഈ പ്രൊഫഷണലിസം മീര പ്രകടമാക്കുന്നത്. പ്രസാധകർ, നിരൂപകർ, മാധ്യമങ്ങളിലെ പ്രചാരകർ തുടങ്ങിയവരുടെ പിന്തുണയോടെ തന്റെ സർഗജീവിതം എഴുത്തുകളത്തിൽ സമർഥമായി കരുനീക്കുന്നതിൽ മീരയ്ക്കുളള വൈഭവം മറ്റൊരു മലയാളി എഴുത്തുകാരിക്കുമില്ല. ഭാവനയുടെ പരപ്പിൽ, ഭാഷയുടെ തളിർപ്പിൽ, മീരയ്ക്കു സമകാലികരാരും ഭീഷണിയുമല്ല. മാധ്യമപ്രവർത്തനവും സാഹിത്യപ്രവർത്തനവും തമ്മിൽ കഴിഞ്ഞ നാലുനൂറ്റാണ്ടായി നിലനിൽക്കുന്ന ഉറ്റ സൗഹൃദത്തിന്റെ ഇങ്ങേത്തലയ്ക്കലാണ് മീരയുടെ ഇടം. സാഹിത്യവും സിനിമയും ടെലിവിഷനും; ഫീച്ചറും അഭിമുഖവും കഥയും തിരക്കഥയും നോവലും – ഓരോ മാധ്യമത്തിലും രചനയിലും മീരയ്ക്കു സ്വന്തമായൊരു കയ്യൊപ്പുകാണും. ആരാച്ചാർആ കയ്യൊപ്പിന് തൂക്കുകയറിലെ കുടുക്കിന്റെ ആകൃതി നിർമിച്ചുനൽകിയിരിക്കുന്നു.

          ആധുനികാനന്തരം മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച നോവലുകളിലൊന്നാണ് ആരാച്ചാർ‘. ആനന്ദ് സൃഷ്ടിച്ച ചരിത്രാഖ്യായികകളുടെ പരമ്പരയാണല്ലോ ആധുനികാനന്തര മലയാളനോവലിന്റെ ഏറ്റവും ദീപ്തമായ മുഖം. ആരാച്ചാരും മറ്റൊരു താവഴിയിലല്ല രൂപംകൊണ്ടിട്ടുളളത്. ചരിത്രവും മിത്തും ഭൂതകാലത്തെയെന്നപോലെ വർത്തമാനകാലത്തെയും പ്രശ്നവൽക്കരിക്കുന്നതിന്റെ ഭാവനാഭൂപടമാണ് ഈ നോവൽ. ബംഗാളിനോവലുകളുടെ ഭൂമിശാസ്ത്രം മാത്രമല്ല, ഭാഷാ, ജീവിതസംസ്‌കാരങ്ങളും അസ്ഥിവരെ തുളഞ്ഞിറങ്ങിയ കൃതി. സമീപകാല ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനപരമായ മൂല്യസംഘർഷങ്ങളി ലൊന്നിന്റെ നേർചരിത്രം. വാർത്താടെലിവിഷൻ മനുഷ്യജീവിതത്തിൽ നടത്തുന്ന മ്ലേച്ഛവും ഹീനവുമായ കടന്നുകയറ്റങ്ങളുടെ കുറ്റവിചാരണ. എല്ലാറ്റിനുമുപരി ഒരു സ്ത്രീക്കുമാത്രമറിയാവുന്ന അവളുടെ ആത്മാനുഭവങ്ങളുടെയും പുരുഷ – പൊതു- സാമാന്യബോധത്തിനു പിടിതരാത്ത കാമനകളുടെയും തുറന്നെഴുത്ത്. അപൂർവമാംവിധം ഭാവബദ്ധമായ ആത്മസംഘർഷങ്ങളുടെയും വൈകാരിക ബന്ധങ്ങളുടെയും രൂപകസമൃദ്ധമായ ആഖ്യാനശൈലി, ഈ പ്രവണതകളെല്ലാം സംഗ്രഹിച്ചു പറഞ്ഞാൽ, മനുഷ്യജീവിതത്തിന്റെ മുഴുവൻ പ്രാണസഞ്ചാരങ്ങളെയും നിഷ്പ്രഭമാക്കുന്ന മരണഭീതിയുടെ മഹോപാഖ്യാനം.

          നാനൂറ്റി അൻപത്തൊന്നുപേരെ തൂക്കിലേറ്റിയ കൊൽക്കൊത്തയിലെ ആരാച്ചാർ ഫണിഭൂഷൺ ഗൃദ്ധാമല്ലിക്കിന്റെയും മകൾ ചേതനയുടെയും കഥയാണ് ഈ നോവൽ. ഒപ്പം ഗൃദ്ധയുടെ നശിച്ച കുടുംബത്തിന്റെയും. ചേതനയെ ലോകത്തെ ആദ്യ വനിതാ ആരാച്ചാരാക്കി മാറ്റി (മല്ലിക് കുടുംബത്തിൽ പതിമൂന്നാം നൂറ്റാണ്ടിൽ പിംഗളകേശിനിയെന്ന ആരാച്ചാർ ജീവിച്ചിരുന്നു) തന്റെ മാധ്യമത്തിന്റെ റേറ്റിംഗ് ഉയർത്താൻ ശ്രമിക്കുന്ന വാർത്താചാനൽ റിപ്പോർട്ടർ സഞ്ജീവ്കുമാർ മിത്രയാണ് നോവലിലെ മറ്റൊരു പ്രധാന കഥാപാത്രം. കൊൽക്കൊത്തയുടെ മനഃസാക്ഷിയെന്നപോലെ ജീവിക്കുന്ന ഭവിഷ്യത്പത്രാധിപർ മാനൊബേന്ദ്രബോസ്, അരയ്ക്കു മുകളിൽ മാത്രം ശരീരവും ജീവിതവുമുളള, ചേതനയുടെ സഹോദരൻ രാമുദാ, തൂക്കിലേറ്റാൻ വിധിക്കപ്പെട്ട യതീന്ദ്രനാഥബാനർജി എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ വേറെയും.

          വധശിക്ഷക്കെതിരെയുളള യതീന്ദ്രനാഥബാനർജിയുടെ ദയാഹർജി രാഷ്ട്രപതി കൊളളുന്നതിനും തളളുന്നതിനുമിടയിലുളള ചുരുങ്ങിയ മാസങ്ങളാണ് നോവലിന്റെ പ്രത്യക്ഷകാല പശ്ചാത്തലം. കൊൽക്കൊത്തയിലെ പൊതുസമൂഹവും മാധ്യമസമൂഹവും നടത്തുന്ന വിധിയെഴുത്തുകളുടെയും ശിക്ഷ നടപ്പാക്കലുകളുടെയും ഒരു സമാന്തരലോകം സ്ഥലപശ്ചാത്തലവും.

          മല്ലിക് കുടുംബത്തിന്റെ പുരാണം ചരിത്രവും മിത്തുമായി കൂടിക്കുഴഞ്ഞാവിഷ്‌കൃതമാകുന്ന ഭൂതകാലത്തിന്റെ ആഖ്യാനമാണ് ഈ നോവലിലെ ഏറ്റവും ഭാവനാസമ്പന്നമായ ഭാഗം. ചേതനയും സഞ്ജീവ്കുമാറും തമ്മിലുളള പ്രണയത്തിന്റെയും കലഹത്തിന്റെയും ഔട്ട്‌ഡോർ ചിത്രീകരണങ്ങൾ ഏറ്റവും മൂർച്ചയുളള ഭാഗവും. ഗില്ലറ്റിൻപോലുളള ചെറുകഥകളിൽ മുൻപുതന്നെ മീര പ്രശ്‌നവൽക്കരിച്ചിട്ടുളള ഹിംസയുടെ ചരിത്രപാഠങ്ങൾ ഈ നോവലിന്റെ രാഷ്ട്രീയാന്തർധാര യാകുമ്പോൾ അസാധാരണമാംവിധം ബിംബവൽക്കരിക്കപ്പെടുകയും  ദൃശ്യവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഭാഷയുടെ ആഖ്യാനലാവണ്യം ആരാച്ചാരുടെ വായനാക്ഷമത ഉറപ്പാക്കുന്നു.

          കൊൽക്കൊത്തയുടെ ഗലികളും ഘാട്ടുകളും തെരുവുകളും ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും വേശ്യാലയങ്ങളും മുതൽ ടി.വി. സ്റ്റുഡിയോകളും ഹോട്ടലുകളും സൂപ്പർമാർക്കറ്റുകളും ജയിലുകളുംവരെ, ആരാച്ചാർ സൃഷ്ടിക്കുന്ന ഭാവനാഭൂമിശാസ്ത്രം അതിസൂക്ഷ്മമായ ഒരു സ്ഥലപുരാണത്തിന്റെ ഊടുംപാവുമായി മാറുന്നു. മിത്തും ചരിത്രവും ഇടകലരുന്ന രാജഭരണത്തിന്റെയും കൊളോണിയൽ ആധിപത്യത്തിന്റെയും ആധുനിക ബംഗാളിന്റെയും ജീവിതചിത്രങ്ങൾ നോവൽ കാല ഭൂപടത്തിൽ വരയുന്നു. മിത്തിക്കൽ കഥാപാത്രങ്ങൾ ചരിത്രകഥാപാത്രങ്ങൾക്കൊപ്പം ബംഗാളിന്റെ ഉൾനാടുകളിലും വയലേലകളിലും രാജകൊട്ടാരങ്ങളിലും തടവറകളിലും റൈറ്റേഴ്‌സ് ബിൽഡിംഗിലുമൊക്കെ തങ്ങളുടെ ജീവിതം ജീവിച്ചുതീർക്കുന്നു. നാനാതരം ഹിംസകളുടെ സമാന്തരചരിത്രങ്ങൾ ഭരണകൂടത്തിന്റെ ഔദ്യോഗികഹിംസയുടെ രാഷ്ട്രീയത്തെ പൂരിപ്പിക്കുന്നു. വധശിക്ഷക്കനുകൂലവും പ്രതികൂലവുമായ സംവാദങ്ങളും പ്രക്ഷോഭങ്ങളും പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഒരുപോലെ അരങ്ങേറുന്നു.

          യതീന്ദ്രനാഥബാനർജിയുടെ തൂക്കിക്കൊലയിൽ നോവൽ അവസാനിക്കുന്നില്ല. എൺപത്തെട്ടാം വയസ്സിൽ സ്വന്തം സഹോദരനെയും അയാളുടെ ഭാര്യയെയും കൊന്ന് ഗൃദ്ധാമല്ലിക് ജയിലിലായി. ആലിപ്പൂർ ജയിലിൽ യതീന്ദ്രനാഥിനെ തൂക്കിലേറ്റി, ചാനൽസ്റ്റുഡിയോയിലെത്തിയ ചേതന, തന്റെ ജീവിതത്തെത്തന്നെ ഒരു കുടുക്കാക്കി മാറ്റി, തന്നെ വഞ്ചിച്ച സഞ്ജീവ്കുമാറിനെ കാമറയ്ക്കും പ്രേക്ഷകർക്കും മുന്നിൽ, തത്സമയം തൂക്കിലേറ്റുന്നു. മനുഷ്യജീവിതത്തിന്റെ അർഥവും മൂല്യവും ഹിംസയുടെ തത്വചിന്തകളുമായി താരതമ്യം ചെയ്യപ്പെടുന്നു, ‘ആരാച്ചാരിൽ.

          നോവലിന്റെ ചരിത്രവൽക്കരണമെന്ന നിലയിൽ ആരാച്ചാർമലയാളഭാവനയിൽ ഒരു കുതിച്ചുചാട്ടമാണ്. ഭാഷയുടെ ഇന്ദ്രജാലത്തിൽ, കവിതകളായി മാറുന്ന ഒറ്റവരിവാക്യങ്ങളിൽ, കഥപറച്ചിലിന്റെ ഒഴുക്കിൽ, കാമനകളുടെ തീപിടിത്തങ്ങളിൽ, അധ്യായങ്ങളുടെ ഘടനയിൽ, മിത്തുകളുടെ തുടർച്ചയിൽ, ചരിത്രത്തിന്റെ പടർച്ചയിൽ, ഈ നോവൽ നിർമ്മിക്കുന്ന ആഖ്യാനമണ്ഡലം അഗ്നിസാക്ഷിക്കും എന്റെ കഥക്കും ആലാഹക്കും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും ഭാവനാസമ്പന്നമായ സ്ത്രീ നിർമ്മിതിയാണ്.

          അങ്ങേയറ്റം സിനിമാറ്റിക്കാണ് ആരാച്ചാരുടെ ആഖ്യാനം. ഒരു സ്‌കൂൾവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കുറ്റം ചുമത്തി വധശിക്ഷക്കു വിധിക്കപ്പെട്ട് ആലിപ്പൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ധനഞ്ജയ് ചാറ്റർജിയെന്ന തടവുകാരനെക്കുറിച്ച് എം.എസ്. സത്യു നിർമ്മിച്ച 1994-ലെ ഡോക്യുമെന്ററി മുതൽ അവസാനത്തെ ആരാച്ചാരെക്കുറിച്ചുളള ജോഷി ജോസഫിന്റെ സിനിമ വരെയുളളവയുടെ പലനിലകളിലുളള സ്വാധീനം മീരയുടെ രചനയിലുണ്ട്.  അതേസമയംതന്നെ ചേതനയുടെ ആത്മഭാഷണമായി രൂപപ്പെടുന്ന നോവൽ പലപ്പോഴും ആധുനികതയുടെ ലാവണ്യശാസ്ത്രങ്ങളിലൊന്നായ സിനിമാറ്റിക് ആഖ്യാനത്തെ മറികടന്ന് ആധുനികാനന്തരതയുടെ ആഖ്യാനപാഠങ്ങളിൽ പ്രമുഖമായ ടെലി-വിഷ്വൽ സ്വഭാവത്തിലേക്കു മാറുകയും ചെയ്യുന്നു. ഏതുനിലയിലും ദൃശ്യാത്മകം.

          മീരതന്നെ സൂചിപ്പിക്കുന്നതുപോലെ, സ്ത്രീയും പുരുഷനും പ്രണയവും സമൂഹവും ആത്മീയതയും മതവും രാഷ്ട്രീയവും അധികാരവും ശരീരവും സദാചാരവും നീതിയും നിയമവും എന്നിങ്ങനെ വിവിധ ഇഴകൾ ചേർത്തുപിരിച്ചുണ്ടാക്കിയ തൂക്കുകയർ പോലെയാണ് ഈ നോവലിന്റെ ശിൽപകല രൂപപ്പെടുന്നത്. ജീവിതാനുഭവങ്ങളെ ചോരയും കണ്ണീരുമിറ്റുനിൽക്കുന്ന വാക്കുകളാക്കി മാറ്റുന്ന, അങ്ങേയറ്റം കാവ്യാത്മകവും ബിംബസമ്പന്നവും വികാരവത്തുമായ ഭാഷണകലയാണ് മീരയുടേത്. ഏതുഭാഗവും നോക്കുക :

          സൂര്യൻ കത്തിജ്വലിച്ചു. ശരീരം വിയർത്തൊഴുകി. മുറുക്കെയടച്ച അടുക്കളപ്പാത്രത്തിനുളളിൽ തിളയ്ക്കുന്ന ആവിപോലെ എന്തോ ഒന്ന് എന്റെ ഹൃദയത്തിലും ശരീരത്തിലും വിങ്ങി‘ (2013:15).

          അന്നു രാത്രി ആ വർഷത്തെ ആദ്യത്തെ മഴ പെയ്തു. ചിതയുടെ ഗന്ധത്തേക്കാൾ രൂക്ഷമായ ഒരു ഗന്ധം മൂക്കു തുളച്ചു. മഴയുടെ ഇരമ്പലിൽ പുറത്തെ ആരവങ്ങൾ മുങ്ങി. ഇടുങ്ങിയ ഗലികളിൽ കൂട്ടിയിട്ട ചപ്പുചവറുകൾ നനഞ്ഞുനാറി. എന്റെ ഹൃദയം നനഞ്ഞുകുതിർന്ന കീറച്ചാക്കുപോലെ ഭാരിച്ചുതൂങ്ങി. ഗ്രാമത്തിൽനിന്ന് നഗരത്തിലേക്കു വീട്ടുപണിക്കെത്തി തനിയെ കുടുക്കിട്ടു തൂങ്ങിമരിച്ച പെൺകുട്ടിയെ ഞാൻ കാരണമില്ലാതെ ഓർത്തു. മായയുടെ പഴയൊരു സാരിത്തുണ്ട് അടപ്പായും തിരശ്ശീലയായും ഉപയോഗിക്കുന്ന ജനാലയ്ക്കരികിൽ പായവിരിച്ചു കിടക്കുമ്പോൾ തൂവാനം എന്റെ വിയർത്ത നെറ്റിമേൽ തെറിച്ചുവീണു. എനിക്ക് അന്ന് ഇരുപത്തിരണ്ടു വയസ്സ്. സ്‌നേഹമില്ലാതെ സ്പർശിക്കുന്ന പുരുഷന്റെ കരങ്ങൾ എത്ര പരുപരുത്തതാകാമെന്നും അയാളുടെ ദുർഗന്ധങ്ങൾ എത്ര അരോചകമാകാം എന്നും ഒരിക്കൽ മാത്രം തിരിച്ചറിഞ്ഞതൊഴിച്ചാൽ ലോകമെന്തെന്ന് എനിക്ക് അറിയുമായിരുന്നില്ല. മാരുതിപ്രസാദിന്റെ സ്പർശത്തിൽ ആർത്തിയാണുണ്ടായിരുന്നത്. സഞ്ജീവ് കുമാർ മിത്രയുടേതിൽ അഹങ്കാരവും അധീശത്വവും. ആർത്തിയോടു ക്ഷമിക്കാൻ എനിക്കു സാധിക്കും. പക്ഷേ അധീശത്വത്തോട് – സാധ്യമല്ല. ഞാൻ പുതപ്പു വലിച്ചെറിഞ്ഞു. തൂവാനത്തുളളികൾ കല്ലുകൾ പോലെ എന്റെ മുഖത്തു പതിച്ചു. ഇതാണ് എന്റെ ദൈവം എന്നു പറയാൻ ഒരു പുരുഷനെയും എനിക്കു ലഭിച്ചില്ല. എല്ലാവരും ആരാധന ആവശ്യപ്പെട്ടു. ആരും അതിന് അർഹത തെളിയിച്ചില്ല. ഹൃദയത്തിൽ കുടുക്കിട്ട് എത്ര മുറുക്കിയിട്ടും ചൂടുകണ്ണുനീർ ചൂടുമഴത്തുളളികളോട് ഇടകലർന്നൊഴുകി. ഇടതുമാറിടം പഴുത്തുവിങ്ങിയതുപോലെ വേദനിച്ചപ്പോൾ പുകച്ചിലോടെ ഞാൻ തീരുമാനിച്ചു : കൃത്യമായ അളവിൽ അയാൾക്കു വേണ്ടി ഞാൻ കയർ അളന്നെടുക്കും. ഒരിഞ്ചു കൂടുകയുമില്ല; കുറയുകയുമില്ല. അയാളെ എനിക്കും ഒരിക്കലെങ്കിലും അനുഭവിക്കണം‘ (2013:58).

          മനുഷ്യരെ തണുപ്പിക്കുന്നതിനു പകരം കൂടുതൽ ഉഷ്ണിപ്പിക്കുന്ന കൊൽക്കൊത്തയിലെ മഴ പോലെയായിരുന്നു എന്റെ പ്രണയവും. സാന്ത്വനിപ്പിക്കുന്നതിനു പകരം അതെന്നെ പരിഭ്രാന്തയാക്കി‘ (2013:198).

          കറുത്ത കണ്ണടയ്ക്കുളളിൽ പച്ച നിറമുളള കണ്ണുകളിലെ ഭാവം എനിക്കു മനസ്സിലായില്ല. അയാൾ എന്റെ കൈത്തലത്തിൽ വിരലുകൾ കൊണ്ടു വരച്ചപ്പോൾ എനിക്ക് ഈർഷ്യ തോന്നി. മോഷ്ടാവിന്റെ കയ്യടക്കവും കുതന്ത്രബുദ്ധിയുമായിരുന്നു. സ്‌നേഹിക്കുന്ന സ്ത്രീയോടുളള ആർദ്രതയായിരുന്നില്ല, അയാളുടെ വിരൽത്തുമ്പിൽ. എന്റെ ഹൃദയത്തിൽ സംശയത്തിന്റെ ഒരായിരം സർപ്പങ്ങൾ അവയുടെ രണ്ടായി മുറിഞ്ഞ നാവുകൾ പുറത്തേക്കു നീട്ടി ശബ്ദങ്ങൾക്കും ഗന്ധങ്ങൾക്കും വേണ്ടി ജാഗരൂകമായി‘ (2013:225).

          മുട്ടയിടാൻ കടലിൽനിന്നു പത്മാനദിയിലേക്ക് ആയിരത്തിയിരുനൂറു കിലോമീറ്റർ നീന്തുന്ന ഇലിഷ് മത്സ്യത്തെപ്പോലെയാണ് എന്റെ ചേച്ചി നീഹാരിക വിവാഹിതയായി ബർധ്മാനിലേക്കു പോയതും തൂങ്ങിമരിക്കാൻ വേണ്ടി മടങ്ങിയെത്തിയതും‘ (2013:244).

          തീപിടിച്ച തൂവലുകളുളള പക്ഷിയെപ്പോലെയാണു മദൻ മോഹൻ ലെയിനിലൂടെ ഞാൻ പറന്നത്. എന്റെ ചുണ്ടുകളിൽ ആന്ധാരോഷകോലി എന്ന ഗാനത്തിന്റെ തരി തീപ്പൊരി പോലെ പറ്റിപ്പിടിച്ചു. എന്റെ ചുണ്ടുകളെയും നാവിനെയും അതു നീറ്റി‘ (2013:394).

          തൂക്കുമരത്തിലും അങ്ങനെതന്നെ എന്നു ഞാൻ പൊട്ടിച്ചിരിച്ചു. പട്ടുതുണിക്കുളളിൽ മൺതരികൾ കിരുകിരുത്തു. മരണത്തിന്റെ വഴുവഴുപ്പുളള കൈകൾകൊണ്ട് ഞാൻ അതു മുറുകെപ്പിടിച്ചു. അങ്ങനെ, പ്രണയത്തിന്റെയും മണ്ണിന്റെയും മരണത്തിന്റെയും പേരിൽ എന്റെ നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തും ഞാൻ അനശ്വരമാക്കി. എന്നെ ആരും തടയുകയില്ലെന്ന് ഉറപ്പായിരുന്നു. മഴയും മണ്ണും പ്രകാശവും ചരിത്രവും എന്നെ  കാത്തുനിന്നു. ജോഡി തോർ ഡാക്ഷു നെ കേവു ന അഷെ തോബെ  ഏക്‌ല ഛലോരെ എന്നു മൂളിക്കൊണ്ടു ഞാൻ ഭവിഷ്യത്തിലേക്കുളള യാത്ര ആരംഭിച്ചു‘ (2013:552).

          മിത്തുകളുടെയും ചരിത്രത്തിന്റെയും ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും ആഖ്യാനത്തിൽ ഒരുപോലെ തുടരുന്ന ജീവസ്സുറ്റ ഇത്തരമൊരു ഭാഷയുടെയും ഭാവനയുടെയും വജ്രബലം ആരാച്ചാരുടെ വായനാപരതയെ ആദിമധ്യാന്തം ത്രസിപ്പിക്കുന്ന ഊർജ്ജത്തിൽ നിലനിർത്തുന്നു. ഇതു രൂപം കൊളളുന്നതാകട്ടെ, മുകളിൽ കണ്ടതുപോലെ, ഈ രചന ഭാഷയിലും ഭാവബന്ധങ്ങളിലും സൃഷ്ടിക്കുന്ന വാൾത്തലപോലെ മൂർച്ചയുളള ജീവിതബദ്ധതയിലാണ്. തുടക്കം മുതൽ ഒടുക്കം വരെ ആരാച്ചാർ ഒരേ തീവ്രതയിൽ നിലനിർത്തുന്ന രാഷ്ട്രീയത്തിനും സൗന്ദര്യാത്മകതയ്ക്കും ചരിത്രത്തിന്റെയും മിത്തുകളുടെയും മാത്രമല്ല, യാഥാർഥ്യത്തിന്റെയും കാല്പനികതയുടെയും അസാമാന്യമായ ഒരു മാന്ത്രികതയുണ്ട്. സ്ത്രീയുടെ ആന്തരലോകത്തെ, കാമനാസംഘർഷങ്ങളെ, ആത്മബോധങ്ങളെ, ശരീരസംത്രാസങ്ങളെ, പ്രണയപാരവശ്യങ്ങളെ ഇത്രമേൽ ജീവിതബന്ധത്തോടെ ആവിഷ്‌കരിക്കുന്ന എത്ര രചനകൾ മലയാളത്തിലുണ്ട്? നോവലിന്റെ ആഖ്യാനകലയിൽ മീര നേടുന്ന ഈ വിജയം സിവി-ഉറൂബ്-ആനന്ദ് ശ്രേണിയിൽ മലയാളത്തിലുണ്ടായ വിസ്മയങ്ങളിലൊന്നായിത്തന്നെ കാണണം. എഴുത്തിന്റെ ഗതിനിർണയിക്കുന്നത് സംഭവങ്ങളോ ക്രിയകളോ അല്ല മനുഷ്യരുടെ അവസ്ഥകളും അനുഭവങ്ങളുമാണ് എന്ന് ഇവരെപ്പോലെ മീരയും സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിൽനിന്ന് ഈ നോവൽ കണ്ടെടുക്കുന്ന അനുഭവസന്ധികളുടെ ആവിഷ്‌ക്കാരമാകട്ടെ, അസാധാരണമാംവിധം ശില്പഭദ്രവും ഭാവതീവ്രവും രൂപകസമൃദ്ധവുമാണ്. ചുരുക്കിപ്പറഞ്ഞാൽ മൃതിയാൽ കൊടിപ്പടം താഴ്ത്തപ്പെടാത്ത ജീവിതത്തോട് ചേർന്നുനിന്നുകൊണ്ടുതന്നെ രചിക്കപ്പെടുന്ന ഹിംസയുടെ വേദാന്തമാണ് ആരാച്ചാർ.

          (ഡി) എഴുത്തിന്റെയും പ്രസാധനത്തിന്റെയും വിതരണത്തിന്റെയും വായനയുടെയും സാങ്കേതികതകളിലും രൂപപരവും മാധ്യമപരവുമായ പരീക്ഷണങ്ങളിലും കൂടി ആധുനികാനന്തരനോവൽ പ്രകടിപ്പിക്കുന്ന കലയുടെ സാധ്യതകളാണ് ഈ ഘട്ടത്തിലെ നാലാമത്തെ തലം. അതികഥ, പാഠാന്തരത, പാസ്റ്റിഷ് – പാരനോയിയ – ഫാബുലേഷൻ തുടങ്ങിയ സങ്കല്പനങ്ങൾ, ഹിസ്റ്റോറിയോ ഗ്രാഫിക് മെറ്റഫിക്ഷൻ, സൈബർ ഫിക്ഷൻ, ഡയസ്‌പോറ ഫിക്ഷൻ, ഇ-നോവൽ, ഗ്രാഫിക്‌നോവൽ, ഇ-ബുക്ക് റീഡറിന്റെ വ്യാപനം, ഡിജിറ്റൽ ലൈബ്രറികൾ… എന്നിങ്ങനെ ആധുനികാനന്തര നോവലിന്റെ മണ്ഡലത്തിൽ ലോകത്തെവിടെയും സംഭവിക്കുന്ന പരിണാമങ്ങൾ മലയാളത്തിലും പ്രകടമാകുന്നു. ഗോവർധന്റെ യാത്രകൾ (1995) എന്ന ആനന്ദിന്റെ നോവൽ  സൃഷ്ടിച്ച എഴുത്തുരീതികളുടെയും ചരിത്രാവബോധത്തിന്റെയും പരിണതസ്വഭാവത്തിലാണ് ഈ പ്രവണതകളുടെ വലിയൊരു തുടക്കം കാണാനാവുക. മുകുന്ദൻ, സാറാജോസഫ്, മാധവൻ, പ്രഭാകരൻ, അംബികാസുതൻ, രാജീവൻ, രാമകൃഷ്ണൻ, മീര എന്നിങ്ങനെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിൽ ശ്രദ്ധേയമായ നോവലുകളെഴുതിയവരെല്ലാംതന്നെ തങ്ങളുടെ ഭാവനയെ നവീകരിച്ചത് മുഖ്യമായും സാങ്കേതിക പരീക്ഷണങ്ങളിൽകൂടിയാണ്. ഒപ്പം, ഭിന്ന വ്യവഹാരങ്ങളുടെ സങ്കലനം, മിത്തുകളുടെ പുനർവായന, സ്ഥലഭാവനയുടെ പുനർവിന്യാസം, പ്രവാസജീവിതത്തിന്റെ ആവിഷ്‌ക്കാരം, മാധ്യമസംസ്‌കാരത്തിന്റെയും സൈബർസംസ്‌കാരത്തിന്റെയും പ്രശ്‌നവൽക്കരണം എന്നിങ്ങനെ നിരവധിയായ വിഷയ/അനുഭവ സമീപനങ്ങളിലും ഇവർ ആധുനികതയിൽനിന്നു വഴിമാറിനടക്കുകതന്നെ ചെയ്തു. ആധുനിക ചരിത്രവിജ്ഞാനീയത്തിന്റെ അപനിർമ്മാണം, മുൻപു ചൂണ്ടിക്കാണിച്ചതുപോലെ ഇവരുടെ കലയെ പ്രത്യയശാസ്ത്രവൽക്കരിക്കുകയും ചെയ്തു.

          കേശവന്റെ വിലാപങ്ങൾ (മെറ്റഫിക്ഷൻ), നൃത്തം (സൈബർഫിക്ഷൻ), ഒരു ദലിത് യുവതിയുടെ കദനകഥ (പാഠാന്തരത), പ്രവാസം (ഡയസ്‌പോറ ഫിക്ഷൻ) തുടങ്ങിയ രചനകളിലൂടെ എം. മുകുന്ദനാണ് ഈ രംഗത്ത് നിരന്തരം പരീക്ഷണപരമായ ശ്രമങ്ങൾ നടത്തുന്നതെന്നു കാണാം. മുകുന്ദന്റെ പിൻതലമുറയിൽ നിന്നുളള എഴുത്തുകാരും ഈ വഴിതന്നെ തേടുന്നു. ആനന്ദിന്റെയും സാറാജോസഫിന്റെയും രാജീവന്റെയും രാമകൃഷ്ണന്റെയും നോവലുകൾ ഹിസ്റ്റോറിയോഗ്രഫിക് മെറ്റഫിക്ഷൻഎന്ന സമീപനത്തെ സമർഥമായുപയോഗപ്പെടുത്തുന്നവയാണ്. ഒപ്പം പാഠാന്തരതയുടെ സാധ്യതകളും. പ്രഭാകരൻ, അംബികാസുതൻ, വി.ജെ. ജയിംസ്, രാജീവ് ശിവശങ്കർ തുടങ്ങിയവരുടെ നോവലുകൾ മിക്കതും തുടർച്ചയായിത്തന്നെ മിത്തുകളെ ചരിത്രത്തിന്റെ അപരവും ബദലും പൂരകവും തുടർച്ചയുമായി സങ്കല്പിക്കുന്നു; രാഷ്ട്രീയവൽക്കരിക്കുന്നു. പി. മോഹനൻ (കാലസ്ഥിതി), കെ.വി. പ്രവീൺ (ഡിജാൻലീ, പ്രച്ഛന്നവേഷം), ബന്യാമിൻ (ആടുജീവിതം, അൽ-അറേബ്യൻ നോവൽ…) തുടങ്ങിയവരാണ് മലയാളത്തിൽ പ്രവാസനോവലിന്റെ യഥാർഥ വക്താക്കൾ. പ്രവാസത്തെ ഒരു ചരിത്രാനുഭവമെന്ന നിലയിൽ മാത്രമല്ല, സന്ദിഗ്ദ്ധമായ അസ്തിത്വമായും ഇവർ പ്രശ്‌നവൽക്കരിക്കുന്നു. ആടുജീവിതംമുതൽ മുസാഫിറിന്റെ മരുജീവിതകഥകളും അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതകഥയും വരെയുളളവ സൃഷ്ടിച്ച ഗൾഫ്ജീവിതത്തിനു പുറത്താണ് പ്രവീണിന്റെ രചനകൾ സൃഷ്ടിക്കുന്ന അമേരിക്കൻ-സൈബർ ജീവിതങ്ങളുടെ കലയും രാഷ്ട്രീയവും നിലനിൽക്കുന്നത്. സ്ഥലഭാവനയുടെ പുനർവിന്യാസം പുതിയ നോവലിന്റെ സവിശേഷ രാഷ്ട്രീയമാക്കി മാറ്റുന്നതിൽ പ്രഭാകരനും അംബികാസുതനും രാജീവനും മാത്രമല്ല പി.എഫ്. മാത്യൂസും സെബാസ്റ്റ്യനും സുഭാഷ്ചന്ദ്രനും സന്തോഷ് കുമാറും മീരയുമൊക്കെ ശ്രദ്ധവയ്ക്കുന്നു. തീയൂർരേഖകളും മരക്കാപ്പിലെ തെയ്യങ്ങളും പാലേരിമാണിക്യവും ചാവുകടലും രാജാക്കന്മാരുടെ പുസ്തകവും മനുഷ്യന് ഒരാമുഖവും അന്ധകാരനഴിയും ആരാച്ചാരുമൊക്കെ ഈ ഭാവനയുടെ വൈവിധ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.

          മാധ്യമസംസ്‌കാരത്തിന്റെ പലനിലകളിലുളള ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളുമാണ് മറ്റൊരുവഴി. ദൈവത്തിന്റെ വികൃതികളിൽ മുകുന്ദനും ലന്തൻബത്തേരിയിൽ മാധവനും തീയൂർരേഖകളിൽ പ്രഭാകരനും കല്പിതകഥയിലേതുമാതിരിയിൽ ഉണ്ണിയും മനുഷ്യന് ഒരാമുഖത്തിൽ സുഭാഷ്ചന്ദ്രനും ആരാച്ചാരിൽ മീരയും കെ.ടി.എൻ.കോട്ടൂരിൽ രാജീവനും കൽപ്രമാണത്തിൽ രാജീവും ഡിജാൻലീയിൽ പ്രവീണും ഫ്രാൻസിസ് ഇട്ടിക്കോരയിലും സുഗന്ധി എന്ന ആണ്ടാൾദേവനായകിയിലും രാമകൃഷ്ണനും….. ഏറെ സമ്പന്നമാണ് ആഖ്യാനത്തിന്റെ ഈ മാധ്യമസങ്കേതം- അച്ചടി മുതൽ സൈബർവരെ.

          പാരനോയിയ (സംശയാത്മകത) മുതൽ കോൺസ്പിരസി തിയറി (ഉപജാപസിദ്ധാന്തം) വരെയുളള എഴുത്തുതന്ത്രങ്ങളുടെ ഘടനയിലേക്ക് മലയാളനോവലുകളെ ചുവടുമാറ്റുന്നതിൽ ടി.ഡി. രാമകൃഷ്ണൻ നടത്തുന്ന ശ്രമങ്ങൾ ഫ്രാൻസിസ് ഇട്ടിക്കോരമുൻനിർത്തി സൂക്ഷ്മമായപഗ്രഥിക്കുന്ന പി.കെ. രാജശേഖരന്റെ പഠനം (2013) ഈ വിഷയത്തെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുളള ശ്രദ്ധേയമായ (ഏക) രചനയാണ്. രാജശേഖരൻ എഴുതുന്നു: നാം ജീവിക്കുകയും അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ലോകത്തിലെ സംഭവങ്ങൾക്കുപിന്നിൽ നാം കാണുന്നതിനും മനസ്സിലാക്കുന്നതിനും അപ്പുറമുള്ള ഒരു രഹസ്യപദ്ധതിയുണ്ടെന്ന, അല്ലെങ്കിൽ ഒരു നിഗൂഢശക്തി അവയെ നിയന്ത്രിക്കുകയാണെന്ന, യാദൃശ്ചികമെന്നു തോന്നുന്ന സംഭവങ്ങൾ തമ്മിൽ ഗൂഢമായ പരസ്പരബന്ധം നിലനിൽക്കുകയാണെന്ന ബോധം വായനക്കാരിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഫ്രാൻസിസ് ഇട്ടിക്കോര ഉപജാപസിദ്ധാന്തത്തിന്റെയും സംശയാത്മകചിത്തവിഭ്രമ (paranoia) ത്തിന്റെയും വിജ്ഞാനകോശമായി മാറുന്നു. കഥാഖ്യാനത്തിന്റെ തലത്തിൽ ചരിത്രം, ശാസ്ത്രം, രാഷ്ട്രവ്യവഹാരം, വാണിജ്യം, നോവലിന്റെ രൂപഘടന, ആഖ്യാനം തുടങ്ങിയവയോടുള്ള ഉപജാപവും സംശയാത്മകത്വവും പ്രകടിപ്പിച്ചുകൊണ്ട് ഈ നോവൽ മലയാളത്തിലെ ഉത്തരാധുനിക ഭാവുകത്വത്തിന് വിപുലനം നൽകുകയും ചെയ്യുന്നു.

ആധുനികതയ്ക്കുശേഷമുള്ള മലയാളനോവലിലെ പ്രധാന സവിശേഷതകളിലൊന്ന് ചരിത്രത്തെ സംബോധന ചെയ്യാനുള്ള ശ്രമമാണ്. വ്യത്യസ്തരീതിയിൽ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെ അഭിമുഖീകരിക്കുന്ന അവ സാമ്പ്രദായിക നിർവചനപ്രകാരമുള്ള ചരിത്രനോവലുകളല്ല. ചരിത്രത്തെയും ചരിത്രരചനയെയും ഭാവനാത്മകമായി വ്യാഖ്യാനിക്കാനും ഭാവനാചരിത്രങ്ങൾ നിർമിക്കാനും അവ ശ്രമിക്കുന്നു. ആഖ്യാനത്തിന്റെ രേഖീയത തിരസ്‌കരിക്കുന്നതും ശൈലികൾ മിശ്രണം ചെയ്യുന്നതും ഉൾപ്പെടെയുള്ള രീതികളിലൂടെയാണ് നോവലുകൾ ഭിന്നമായ ചരിത്രകാംക്ഷ പ്രകടിപ്പിക്കുന്നത്. ഈ ഉത്തരാധുനികപ്രവണതയിൽ ഫ്രാൻസിസ് ഇട്ടിക്കോരയിലൂടെ ടി.ഡി. രാമകൃഷ്ണൻ ഒരു പുതിയ ഇടം നിർമിക്കുന്നു. ചരിത്രത്തോടുള്ള ഉപജാപവും സംശയാത്മകത്വവും നിറഞ്ഞ ഇട്ടിക്കോര അദൃശ്യത്തിന്റെ ഭൂപടനിർമാണമാണ്. വ്യത്യസ്തമായ ആഖ്യാനസ്ഥാനങ്ങളും ശൈലികളും രചനാരൂപങ്ങളും നിറഞ്ഞ ഈ നോവൽ ജനപ്രിയഭാവനയെയും ഗൗരവമുള്ള സാഹിത്യഭാവനയെയും കൂട്ടിക്കലർത്തി അവ തമ്മിൽ നിലനിൽക്കുന്നതായി സങ്കൽപിക്കപ്പെടുന്ന അതിരുകൾ മായ്ച്ചുകളയുന്നു.

കഥയാണ്, കഥാഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയുടെ വിഷയം, പലർ പറയുന്ന കഥകൾ; വ്യത്യസ്ത ആഖ്യാനസ്ഥാനങ്ങൾ. മുഖ്യ ആഖ്യാതാവിന് നോവലിസ്റ്റ് നൽകുന്ന പേരുതന്നെ കഥയെഴുത്ത് എന്നാണ്; അതൊരു ക്രിയാപദമല്ല, സംജ്ഞാനാമമാണ്. നേർവിവരണമായും ഇ-മെയിലായും ബ്ലോഗായും പുസ്തകമായും പ്രഭാഷണമായും പ്രത്യക്ഷപ്പെടുന്ന ആഖ്യാനങ്ങൾ ചേർന്ന് നോവലിന്റെ പ്രമേയം വികസിക്കുന്നു. മിശ്രണത്തിന്റെ ലോകമാണത്. വ്യത്യസ്ത ജനുസ്സുകളും ഭാഷണരീതികളും ഭാഷകളും ശൈലികളും നോവലിസ്റ്റ് കൂട്ടിക്കലർത്തുന്നു. ജനപ്രിയ ത്രില്ലറും അപസർപ്പകകഥയും ശാസ്ത്രപ്രബന്ധവും ഫാന്റസിയും പുരാലിഖിതവും വിജ്ഞാനകോശവും ഉൾപ്പെടെയുള്ള ജനുസ്സുകൾ. മലയാളത്തിനുപുറമെ സംസ്‌കൃതവും ഇംഗ്ലിഷും സ്പാനിഷും ഹീബ്രുവും ഉൾപ്പെടെയുള്ള ഭാഷകൾ. ഗണിതം, ചിത്രകല, ശില്പകല, പുരാവൃത്തം, ലൈംഗികത, വ്യഭിചാരം, കൂട്ടിക്കൊടുപ്പ്, നിഗൂഢതാഭിലാഷം, ഹിംസാവാസന, കൊലപാതകം, ശാരീരികപീഡനം, ആഭിചാരം, സാങ്കേതികവിദ്യ, രാഷ്ട്രീയതീവ്രവാദം, വിജ്ഞാനവിതരണം തുടങ്ങിയവയെല്ലം ആഖ്യാനത്തിൽ പല അനുപാതങ്ങളിൽ കൂട്ടിയിണക്കപ്പെടുന്നുു. ഇട്ടിക്കോരയുടെ പ്ലോട്ട് (ഇതിവൃത്തം) തന്നെ പ്ലോട്ട്‘ (ഗൂഢാലോചന, രഹസ്യപദ്ധതി, ഉപജാപം) ആണു. ഒരു ആഖ്യായികയിലെ സംഭവങ്ങളുടെ ഘടനാവിതാനം, പദ്ധതി അല്ലെങ്കിൽ ഡിസൈൻ ആണ് പ്ലോട്ട് എന്ന ഇതിവൃത്തം. വായനക്കാരിൽ ഉദ്വേഗവും ജിജ്ഞാസയും ഉണർത്തുന്നത് പ്ലോട്ട് എന്ന കഥക്കെട്ടാണ്. ഇതിവൃത്തത്തിന്റെ സ്ഥലകാലാനുസ്യൂതിയിലാണ് അതെങ്ങനെയാണുസംഭവിച്ചത്?’ ‘അതെങ്ങനെയാണു സംഭവിക്കുന്നത്?’ ‘അടുത്തെന്താണു സംഭവിക്കാൻ പോകുന്നത്?’ തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നത്. ഇട്ടിക്കോരയിലെ പ്ലോട്ട് /ഇതിവൃത്തം തന്നെ പ്ലോട്ട്ആണ്: ലോകത്തെ സംഭവങ്ങൾക്കെല്ലാം പിന്നിൽ ഒരു നിഗൂഢസംഘത്തിന്റെ ഗൂഢാലോചന/പ്ലോട്ടിങ് ഉണ്ടെന്ന വിശ്വാസം. അതിശക്തരും കൗശലശാലികളുമായ ആ രഹസ്യസംഘത്തിന്റെ ഗൂഢപദ്ധതിയിലെ കളിപ്പാവകൾ മാത്രമാണു നാം എന്നു ഞെട്ടലോടെ തിരിച്ചറിയുകയും അതേസമയംതന്നെ ഭീതിയോടെയാണെങ്കിലും അതിനെപ്പറ്റി അപസർപ്പകബുദ്ധിയോടെ അന്വേഷിക്കുകയും ചെയ്യുന്നവരാണ് ഇട്ടിക്കോരയിലെ കഥാപാത്രങ്ങൾ. ആ അന്വേഷണത്തിലൂടെയാണ് നോവലിലെ ഇതിവൃത്തം വികസിക്കുന്നത്. ആ രഹസ്യസംഘത്തിന്റെ ഉപജാപത്തിനെതിരായ ഉപജാപമായി മാറുന്നു നോവലിലെ ഇതിവൃത്തവും ആഖ്യാനവും. പ്ലോട്ട്അന്വേഷിച്ചുനടക്കുന്നവരാണ് ഇട്ടിക്കോരയിലെ കഥാപാത്രങ്ങൾ. ആ അന്വേഷണം ഉപജാപത്തിന്റെയും പാരനോയിയയുടെയും ഒരു ഇരുണ്ടലോകം തുറക്കുന്നു. ഫലത്തിൽ, ഉപജാപകമായ ലോകവീക്ഷണത്തെ എതിർക്കുകയല്ല അതിനെ ദൃഢീകരിക്കുകയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്ന ഉപജാപസിദ്ധാന്തം. ലോകത്തിലെ സംഭവങ്ങളെയെല്ലാം, അവ വസ്തുതയായാലും ഭാവനയായാലും സദൃശീകരണവും സംശയാത്മകമായ അതിനിർണയനവും കൊണ്ട് ഗൂഢമായ ഒരു  അധോലോകപദ്ധതിയുമായി ബന്ധിപ്പിച്ചു കാണുന്നതാണ് ഉപജാപസിദ്ധാന്തം (കോൺസ്പിറസി തിയറി). ആഖ്യാനം തന്നെ അവിടെ പാരനോയിയ ഒഴിയാബാധയായി മാറുന്നു. ഉപജാപത്തിന്റെയും സംശയാത്മകത്വത്തിന്റെ ഈലോകമാണ് ഇട്ടിക്കോരയിൽ ടി.ഡി. രാമകൃഷ്ണൻ തുറന്നിടുന്നത്‘.

          ആനന്ദിന്റെ വിഭജനങ്ങൾ‘ (2006) എന്ന നോവൽ മുൻനിർത്തി ഭിന്നവിജ്ഞാനങ്ങളുടെയും വ്യവഹാരങ്ങളുടെയും പാഠാന്തര സന്നിവേശത്തിലൂടെ നോവലിനു കൈവരുന്ന അന്തർവിജ്ഞാനസ്വരൂപം വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

                   ആഖ്യാനഘടനയിൽ ഓർമ്മയും ചരിത്രവും കഥയും സംസ്‌കാരവും ഒന്നായിമാറുന്ന ഒരു കൊളാഷാണ് വിഭജനങ്ങൾ. അഭയാർത്ഥികളിൽ (1984) പ്രത്യക്ഷവൽക്കരിച്ച രാഷ്ട്ര വിഭജനമെന്ന ചരിത്രയാഥാർത്ഥ്യത്തിൽ നിന്നു മുന്നോട്ടുപോയി ഇവിടെ സംസ്‌കാരത്തിന്റെ രീതിശാസ്ത്രവും നീതിശാസ്ത്രവുമായി വിഭജനത്തെ കണ്ടെടുക്കുകയാണ് ആനന്ദ് ചെയ്യുന്നത്. നാലു പതിറ്റാണ്ടുമുമ്പ് രണ്ട് വർഷം ജീവിച്ച വഡോദര സന്ദർശിക്കാൻ സുഹൃത്തായ തൃദീപ് സുഹൃദിന്റെ ക്ഷണം സ്വീകരിക്കുന്ന ആഖ്യാതാവ് 1999-ൽ അവിടെയെത്തി തന്റെ ഓർമ്മയിലും അനുഭവത്തിലും നിന്ന് ചരിത്രത്തെ തിരിച്ചു പിടിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് വിഭജനങ്ങളുടെ സംഭവതലം. തെരുവുകൾ, നിർമ്മിതികൾ, വെളിമ്പുറങ്ങൾ, സമീപഗ്രാമങ്ങൾ, റസ്റ്റോറന്റുകൾ, സിനിമാശാലകൾ എന്നിങ്ങനെ സ്ഥലബിംബങ്ങളിലൂടെ ഭൂതകാലത്തെ വർത്തമാനകാലത്തിനുള്ളിൽ നിന്നു ചികഞ്ഞെടുക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങൾ, സ്ഥലത്തെയും കാലത്തെയും വിഭജിച്ചുകൊണ്ട് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രശ്‌നകാരണങ്ങളായി ഈ ആഖ്യാനത്തിന്റെ അവസാനപുറം വരെയും നീണ്ടുപോകുന്നു. വഡോദര സന്ദർശനത്തിന്റെ നാലുദിനങ്ങൾക്കു പുറമെ രണ്ടു ഘട്ടങ്ങൾകൂടി ഈ കൃതിയിൽ സങ്കല്പിക്കപ്പെടുന്നുണ്ട്. വഡോദരയിൽ ആഖ്യാതാവിന്റെ ഓർമ്മയെ ചരിത്രമാക്കി മാറ്റുന്ന ജയ്കിഷൻ ജുനേജ എന്ന പുസ്തകവ്യാപാരി കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അവസാനനാളുകളിൽ ദൽഹിയിലെത്തി ആഖ്യാതാവുമായി നടത്തുന്ന സംഭാഷണങ്ങളുടെയും ഗുജറാത്ത് ഭൂകമ്പത്തിനുശേഷം നഷ്ടപ്പെടുന്ന ജുനേജയുമായുള്ള ബന്ധത്തിന്റെയും ഒരു ഘട്ടവും, നാലുവർഷത്തിനുശേഷം ഗുജറാത്തിലെ ധൗളാവീര എന്ന സ്ഥലത്ത് ഉൽഖനനം ചെയ്യപ്പെട്ട സൈന്ധവസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയുടെ കഥ വിവരിക്കുന്ന മറ്റൊരുഘട്ടവും. നാലു സഹസ്രാബ്ദം മുമ്പുണ്ടായിരുന്ന ഒരു ജനപദത്തിന് അജ്ഞാതമായ കാരണങ്ങളാൽ സംഭവിച്ച തിരോഭാവത്തിന്റെ മാത്രമല്ല, നാലുവർഷം മുമ്പ് താൻ കണ്ട വഡോദരയുടെ ആസന്ന ഭൂതകാലത്തിന് പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭകാലം സമ്മാനിച്ച ഭൂകമ്പത്തിന്റെയും കഥ വിഭജനങ്ങളുടെ ഇതിവൃത്തഘടനനിശ്ചയിക്കുന്നവയാണ്. വിദൂരഭൂതകാലത്തെ ജനപദമെന്ന പോലെതന്നെ അജ്ഞാതവും അജ്ഞേയവുമായ മറവിയിലേക്കാണ് ഭൂകമ്പകാലത്ത് ജുനേജയും മറഞ്ഞു പോകുന്നത്. അപാരമായ അശുഭവിശ്വാസത്തിന്റെ നടുക്കടലിൽ നിന്നാണ് ജുനേജ തന്റെ അവസാനത്തെ സന്ദേശം ആഖ്യാതാവിനയയ്ക്കുന്നത്.നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല, നമുക്ക് ഒന്നും ചെയ്യുവാനില്ലഎന്നരണ്ടു വരികളാണ് ഭൂകമ്പത്തിന്റെയും ഗോധ്രാകലാപത്തിന്റെയും കൂട്ടക്കൊലയുടെയും ആ നാളുകളിൽ അഭിശപ്തമായ തന്റെ കാലത്തിന്റെ ചരമക്കുറിപ്പെന്ന പോലെ അയാൾ സന്ദേശമയയ്ക്കുന്നത്. പിന്നീട് ഭൂകമ്പത്തിൽ ഇന്ത്യയുടെ ആത്മാവ്, ഗാന്ധിയുടെ ആശ്രമം, പോർബന്തർ- സബർമതി – ദണ്ഡി മേഖലകൾ തന്നെ ഒന്നോടെ തകർന്നു തരിപ്പണമാവുകയാണ്.ഗാന്ധിയുടെ ഗുജറാത്ത് ചരിത്രത്തിൽ നിന്ന് സ്വയം വിഭജിച്ചു പുറത്തുപോകുകയായിരുന്നുവെന്ന് ആനന്ദ് എഴുതുന്നു (പുറം.193).

          ആദിവാസികൾക്കും നാടോടികൾക്കുമിടയിൽ പ്രവർത്തിക്കുന്ന സുഹൃത്തിന്റെ ക്ഷണമനുസരിച്ച് വഡോദരയിലെത്തിയ ആഖ്യാതാവിന്റെ അന്വേഷണം തുടങ്ങുന്നത് നാലു പതിറ്റാണ്ടു മുമ്പത്തെ വഡോദരയുടെ സ്ഥലഭൂപടത്തിൽ നിന്നാണ്. എണ്ണപ്പാടങ്ങളുടെ ഭൂഗർഭപടലങ്ങൾ തന്നെ നിക്ഷേപങ്ങളുടെ കാലാന്തര വിഭജനമാണ്. സ്ഥലത്തിൽ, കാലത്തിന്റെ മറ്റൊരു ഭൂപടം സ്വയം രചിച്ചു കൊണ്ടു വർത്തമാനവും ഭൂതവും തമ്മിലുള്ള ഈ വിഭജനം നോവലിലുടനീളം മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നു. സ്ഥിരവാസികളും നാടോടികളും തമ്മിലുള്ള വിഭജനം മനുഷ്യർക്കിടയിലെ നിരവധിയായ വിഭജനതലങ്ങളുടെ തുടക്കമാണെങ്കിൽ ആനന്ദിന്റെ മറ്റുമിക്ക രചനകളിലുമാവർത്തിക്കുന്ന നഗര-ഗ്രാമവിഭജനത്തിന്റെ ചരിത്രരീതിശാസ്ത്രം ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല. അതേ സമയം സ്ഥലത്തിന്റെയും കാലത്തിന്റെയും മാനകങ്ങൾക്കുള്ളിൽ കടന്നു വരാവുന്ന മിക്ക മനുഷ്യാവസ്ഥകളുടെയും വിഭജിതസ്വഭാവങ്ങൾ തുടർന്നങ്ങോട്ട് വിശദമായ ചർച്ചകളായിത്തന്നെ ഈ കൃതി ഏറ്റെടുക്കുന്നു. സുഹൃദിന്റെ പത്‌നി, സസ്യശാസ്ത്രജ്ഞയായ മാലിനി, സസ്യ-മാംസഭക്ഷണത്തിന്റെ വിഭജനത്തിൽ നിന്ന് സസ്യ-ജന്തുലോകങ്ങളുടെ ജൈവഘടനയിലേക്കും വർഗീകരണങ്ങളിലേക്കും നോവലിലെ ആദ്യ ചർച്ച നയിക്കുന്നു. പരിഷ്‌കൃത സമൂഹങ്ങൾക്കുള്ളിൽ നിലനിൽക്കുന്ന കുറ്റവാളി ഗോത്രങ്ങൾ സംസ്‌കാരത്തിൽ സൃഷ്ടിക്കുന്ന നെടുകെയും കുറുകെയുമുള്ള വിഭജനങ്ങളിലേക്കാണ് വഡോദരയിലെ ആദ്യകാഴ്ച ആഖ്യാതാവിനെ നയിക്കുന്നത്. ഛാരാനഗറിന്റെ വർത്തമാനം ഛാരാകളുടെ ഭൂതകാലത്താൽ വേട്ടയാടപ്പെടുന്ന ചരിത്രത്തിന്റെ വലിയൊരു വിപര്യയമാണ്. പാർശ്വവൽക്കരിക്കപ്പെട്ട ഈ ഗോത്രം, മുഖ്യധാരാസമൂഹവുമായി വിഭജിക്കപ്പെട്ടു നിൽക്കുന്ന തലങ്ങളുടെ രാഷ്ട്രീയം കായിനീൽനിന്നു തുടങ്ങുന്ന ജിപ്‌സികളുടെ ചരിത്രമായി ആനന്ദ് വ്യാഖ്യാനിക്കുന്നു. ഛാരാഗോത്രജനായ കാംജിലാൽ എന്ന വക്കീൽ, കുറ്റകൃത്യങ്ങൾ ജീവിതത്തിലെ ഏകസ്വരതയെ തടയുമെന്ന കാൾമാർക്‌സിന്റെ നിരീക്ഷണം ചൂണ്ടിക്കാണിച്ച് ഛാരാകളുടെയും മറ്റു കുറ്റവാളിഗോത്രങ്ങളുടെയും ജൈവസ്വത്വത്തെ സമർത്ഥിക്കുന്നുണ്ട്. ബൻകാരാ, ഖിൽവാസി തുടങ്ങിയ ആദിവാസി ഗോത്രങ്ങളുടെ സവിശേഷമായ സംസ്‌കാരങ്ങളിലേക്കും ചരിത്രപങ്കാളിത്തങ്ങളിലേക്കുമാണ് പിന്നീടുള്ള യാത്ര. നർത്തകരായ സ്ത്രീകളും കൈനോട്ടക്കാരായ പുരുഷന്മാരുമടങ്ങുന്ന ഒരു നാടോടി ഗോത്രത്തെക്കുറിച്ച് സുഹൃത്ത് പറയുന്നു.വേരുകൾ നഷ്ടപ്പെട്ട മനുഷ്യർ എല്ലാ അസംബന്ധത്തിനും വഴങ്ങിക്കൊടുക്കുന്നു. കുടുംബബന്ധം നഷ്ടപ്പെട്ട സ്ത്രീകൾ.  കാലം നഷ്ടപ്പെട്ട നാടോടികൾ. അത്ഭുതം, കുറെക്കഴിയുമ്പോൾ അവർ സ്വയം ആ അസംബന്ധത്തെ അസംബന്ധമായും വഞ്ചനയെ വഞ്ചനയായും കാണാതാകുന്നു എന്നതാണ്. നർത്തകി നൃത്തത്തിൽ ഭാവരസങ്ങൾ പകർന്ന് അതിനെ കലയാക്കുന്നു. ആ കല പിൽക്കാലത്ത് ഭരതനാട്യവും മോഹിനിയാട്ടവും പോലുള്ള അതീവശാസ്ത്രീയ കലകളായി പരിണമിക്കുന്നു. നാടോടികളായ ഭാവി പ്രവാചകർ ഭാവി നിർണ്ണയത്തെയും കൈരേഖകളും മറ്റും ഉപയോഗിച്ചുള്ള ഒരു ശാസ്ത്രമാക്കുന്നു‘ (പുറം. 23, 24).

          നഗരത്തിന്റെ ഒരു പുതിയ ഭൂപടവുമായി ഭൂതകാലത്തെ വർത്തമാനകാലത്തിൽ നിന്നു വിഭജിച്ചെടുക്കാൻ നടത്തുന്ന യാത്രകളിലേക്കാണ് നോവൽ തുടരുന്നത്. ഗുജറാത്തിന്റെ ചരിത്രമെന്നത്, ഇന്ത്യാവിഭജനത്തിനുശേഷം, ഇന്ത്യയ്ക്കുള്ളിലുണ്ടായ രക്തരൂഷിതങ്ങളായ സംസ്ഥാന വിഭജനങ്ങളുടെ ഭാഗമാണ്. മറാഠികളും ഗുജറാത്തികളും ചോര കൊണ്ടു പോരടിച്ച കാലത്തിന്റെയും കലാപങ്ങളുടെയും കഥകളിലൂടെ വഡോദരയിലെ എണ്ണപ്പാടങ്ങളിലെത്തിപ്പെട്ട ഭൂതകാലം ആഖ്യാതാവ് വേർതിരിച്ചെടുക്കുന്നു. പുതിയ നഗരം പഴയനഗരത്തെ വിഴുങ്ങിക്കഴിഞ്ഞു. വാസ്തുശില്പത്തിന്റെയും ഭൂവിജ്ഞാനീയത്തിന്റെയും എണ്ണപര്യവേഷണത്തിന്റെയും ഉൽഖനനത്തിന്റെയും നാളുകളിൽ സഹപ്രവർത്തകരുമായി നടത്തിയ സംവാദങ്ങളിൽ നിന്നാരംഭിക്കുന്നു, വിഭജനമെന്ന രാഷ്ട്രീയ-സാംസ്‌കാരിക രീതിശാസ്ത്രമുപയോഗിച്ചു പ്രശ്‌നവൽക്കരിക്കുന്ന ഈ നോവലിലെ ഏറ്റവും ശ്രദ്ധേയമായ പത്തോളം ചരിത്രസന്ദർഭങ്ങളിൽ ആദ്യത്തേത്. കോംഗോയുടെ കോളനിവിരുദ്ധസമരത്തിന്റെ ചരിത്രമാണത്. ശീതയുദ്ധത്തിന്റെ പാരമ്യം. കോംഗോയുടെ പ്രധാനമന്ത്രിയായിരുന്ന പാട്രിസ് ലുമുംബെ കൊല്ലപ്പെട്ട സന്ദർഭത്തെ ഒരുപക്ഷെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോളരാഷ്ട്രീയ വിഭജനത്തിന്റെ സൂചകങ്ങളിലൊന്നായി ചർച്ചയ്‌ക്കെടുക്കുകയാണ് ഇവിടെ. സ്വാതന്ത്ര്യത്തിനുമുമ്പും പിമ്പും ഒരേപോലെ ഭയാനകമായ ചരിത്രം തീറെഴുതിക്കിട്ടിയ കോംഗോവിന്റെ ദുരന്തം ഒറ്റപ്പെട്ട ഒന്നല്ല. വിഭജനമെന്നത് വൈരുദ്ധ്യങ്ങളുടെ മാത്രം പ്രശ്‌നവുമല്ല.കറുത്തവനും കറുത്തവനും ഒത്തുതീർപ്പില്ലാത്തവിധം വിഭജിക്കപ്പെട്ടു കിടക്കുന്ന ആഫ്രിക്കയുടെ ഹൃദയഭാഗത്ത്, ഗോത്രങ്ങളും ഗോത്രങ്ങളും തമ്മിലും വാർലോഡുകളും വാർലോഡുകളും തമ്മിലും നടക്കുന്ന യുദ്ധങ്ങളിൽ  ഗ്രാമങ്ങൾ തന്നെ അപ്രത്യക്ഷമാകുന്നു. വരൾച്ചയും ക്ഷാമവും മാത്രം ബാക്കിയാക്കി, കലാപങ്ങൾ പഴയകാലത്തെ പ്ലേഗും വസൂരിയും പോലെ, ഒരിടത്തു നിന്ന് വേറൊരിടത്തേക്കു മുന്നേറുന്നു. തെക്കൻ രാജ്യങ്ങളിൽ ഇന്നും വെളുത്തവനും കറുത്തവനും ഏറ്റുമുട്ടുന്നു. വടക്ക് ക്രിസ്ത്യാനികളും മുസ്ലീമുകളും തമ്മിൽ, അല്ലെങ്കിൽ തീവ്രവാദി മുസ്ലീമും ലിബറൽ മുസ്ലീമും തമ്മിൽ‘ (പുറം. 38).

          തുടർന്ന് ചർച്ചയ്‌ക്കെടുക്കുന്നത് സോവിയറ്റ് യൂണിയനിലേതുൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് സർവാധിപത്യങ്ങൾ എങ്ങനെയാണ് ചരിത്രപരതയിൽ നിന്ന് തെന്നിമാറി വിശ്വാസപരതയിലെത്തിച്ചേർന്നത് എന്നാണ്. ആനന്ദ് എഴുതുന്നു.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും വലിയദോഷവും, അതിന്റെ അപചയത്തിന് കാരണവും അതിൽ അന്തർലീനമായ എക്‌സ്‌ക്ലുസീവ്‌നെസ് ആണെന്നു പറയാം. അതൊഴിച്ചുള്ള എല്ലാത്തിനെയും അത് തെറ്റായി കരുതുകയും  നിഷേധിക്കുകയും ശത്രുവായി ദർശിക്കുകയും ചെയ്തു. മനുഷ്യസമൂഹത്തെ മുഴുവൻ രണ്ടായി കീറി തലതിരിച്ചിടുന്ന വിഭജനത്തിന്റെ ഒരു ജരാസന്ധപർവം അത് ദർശനത്തിലും രാഷ്ട്രീയത്തിലും തുടങ്ങിവച്ചു. സംവാദമെന്നതിനെ അസാധ്യമാക്കിത്തീർക്കുക മാത്രമല്ല, അരുതാത്തതെന്ന തോന്നലുണ്ടാക്കുക കൂടി ചെയ്യുന്ന ഒരു വിഭജനമാണ് അത് ആവശ്യപ്പെടുന്നത്. മനുഷ്യപ്രകൃതിക്കോ, സാംസ്‌കാരിക പാരമ്പര്യത്തിനോ യോജിക്കാത്തതായിരുന്നു, അത് പ്രയോഗത്തിൽ കൊണ്ടുവരുന്ന ഞങ്ങളും ഞങ്ങളല്ലാത്തവരും എന്ന തരംതിരിവ്”(പുറം.43).

          കമ്മ്യൂണിസവും മാർക്‌സിസവും ഉയർത്തിയ ഏറ്റവും വലിയ ചോദ്യമെന്ന നിലയിൽ വിപ്ലവത്തെ വിശകലനം ചെയ്യാൻ എം.എൻ. റോയിയെയും ബോറിസ് പാസ്തർനാക്കിനെയും മാത്രമല്ല കമ്യുവിനെയും വില്യം ബാരറ്റിനെയും സീമൊൻ വീലിനെയും ദസ്തയവ്‌സ്‌കിയെയും കൂട്ടുപിടിക്കുന്നു, ആനന്ദ്. Revolutions are made by fanatical men of action with one track mind, men who are narrow minded to the piont of geniusഎന്ന ഡോക്ടർ ഷിവാഗോവിന്റെ ചിന്ത ആനന്ദ് പങ്കിടുന്നു. റീസണിൽ നിന്ന് റവല്യൂഷനിലേക്കു നീങ്ങുന്ന റോയിയെയും റവല്യൂഷനിൽ നിന്ന് റിബല്യനിലേക്കു നീങ്ങുന്ന കമ്യുവിനെയും വിപ്ലവത്തിന്റെ ഇരുവശത്തും നിർത്തി ആനന്ദ് അതിന്റെ ഏകസ്വരതയെ വിചാരണ ചെയ്യുന്നു.

          സമാനമായ എട്ടു ചരിത്രസന്ദർഭങ്ങൾ കൂടി ഈ നോവലിൽ വിഭജനത്തിന്റെ രാഷ്ട്രീയവും രീതി ശാസ്ത്രവുമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ആര്യാധിനിവേശത്തിന്റെ സംസ്‌കാരസംഘർഷങ്ങൾ സൃഷ്ടിച്ച ഭാഷകളുടെയും  ലിപികളുടെയും മതങ്ങളുടെയും വിശ്വാസങ്ങളുടെയും നാഗരികതകളുടെയും അതീത ഭൂതകാലം, സിന്ധികളും പാർസികളും തങ്ങളുടെ വംശപരിണാമങ്ങളിൽ അനുഭവിച്ച കൊടിയ ദുഃഖങ്ങളുടെ  വിദൂരകാലം, ദേശീയതയ്ക്കുള്ളിൽ ഉപദേശീയതയായി വിഭജിച്ചു നിൽക്കാൻ ഗോവ നടത്തിയ പോരാട്ടങ്ങളുടെ സമീപഭൂതകാലം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ ചൈനയിൽ ഹുങ്‌സിയു ചുവാന്റെ നേതൃത്വത്തിലുണ്ടായ അതിഭയാനകമായ കലാപങ്ങളുടെയും കൂട്ടക്കൊലകളുടെയും ദുരന്തങ്ങളുടെയും ചരിത്രം, തിബത്തും ചൈനയും ഇന്ത്യയും ഉൾപ്പെട്ട ഒരു രാഷ്ട്രീയതർക്കം ഇന്ത്യാ-ചൈനായുദ്ധമായി പരിണമിച്ച ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കലാപഭരിതമായ ചരിത്രം, ഒന്നാംലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിൽ, വിശേഷിച്ചും ജർമ്മനിയിൽ നടന്ന ആണവ പരീക്ഷണങ്ങളുടെയും ഒരുപക്ഷെ മനുഷ്യചരിത്രത്തെ തന്നെ രണ്ടായി വിഭജിച്ച അണു വിഭജനത്തിന്റെയും എഴുതപ്പെടാത്ത ഗൂഢവും സമാന്തരവുമായ ചരിത്രങ്ങൾ, അണുവിഭജനത്തിനു പിന്നാലെ കണ്ടെത്തിയ ഡി.എൻ.എ. ഘടനയുടെ വിശകലനം ശാസ്ത്രത്തിന്റെയെന്നതുപോലെ മനുഷ്യാസ്തിത്വത്തിന്റെയും നിർണ്ണായകമായ മൂല്യസംഘർഷങ്ങൾക്കു രൂപം കൊടുത്തതിന്റെ ചരിത്രം, പതിനഞ്ചാം നൂറ്റാണ്ടിൽ ചൈനയിൽ നടന്ന വംശീയ ഹത്യകളുടെ ചരിത്രം എന്നിങ്ങനെ ഇവ നീളുന്നു.

          നോവലിന്റെ അവസാനഖണ്ഡം, ധൗളാ വീരയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ ഹരപ്പൻ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള ഒരു വിവരണമാണ്. ജിയോളജിസ്റ്റുകളും എഞ്ചിനീയർമാരും വഡോദരയുടെ പ്രാന്തപ്രദേശങ്ങളിൽ എണ്ണയ്ക്കുവേണ്ടി നാലുപതിറ്റാണ്ടു മുമ്പു നടത്തിയ ഉൽഖനനങ്ങളിൽ നിന്നു ഭിന്നമാണ് 1990 മുതൽ ആർക്കിയോളജിസ്റ്റുകൾ നടത്തിവരുന്ന ഉൽഖനനം. രണ്ടുകൂട്ടരും ഭൂതകാലത്തെ തേടിയാണ് ഭൂമി കുഴിച്ചു കുഴിച്ചുപോകുന്നത്. ആദ്യത്തെ കൂട്ടർ ഭൂമിയുടെ അടരുകൾക്കടിയിൽ ചരിത്രം നിക്ഷേപിച്ച ഫോസിലുകളിൽ നിന്നുണ്ടാകുന്ന എണ്ണയാണ് തിരയുന്നതെങ്കിൽ രണ്ടാമത്തെ കൂട്ടർ തിരയുന്നത് പ്രീ-ഹാരപ്പൻ കാലം തൊട്ടുള്ള വിവിധ ജനപദങ്ങളുടെ സംസ്‌കാരത്തിന്റെ ഈടുവയ്പുകളാണ്. എഞ്ചിനീയറിംഗിനെ ഒരു സംസ്‌കാരമായി കാണുന്നവരാണ് ആദ്യകൂട്ടരെങ്കിൽ സംസ്‌കാരത്തെ എഞ്ചിനീയറിംഗായി കാണുന്നവരാണ് രണ്ടാമത്തെ കൂട്ടർ. ഈ വിധം, വിഭജനങ്ങളുടെ രീതിശാസ്ത്രത്തെ വിഭജനങ്ങളുടെ പ്രത്യയശാസ്ത്രം തന്നെയാക്കി പ്രശ്‌നവൽക്കരിക്കുന്നതിന്റെ രാഷ്ട്രീയമാണ് ചരിത്രത്തിന്റെ ഭിന്നകാലങ്ങളിലും സ്ഥലങ്ങളിലും സന്ദർഭങ്ങളിലും നിന്നുള്ള ഘട്ടങ്ങളെ വിശകലനം ചെയ്യുന്നതിൽ ഈ കൃതി പിന്തുടരുന്നത്. ഇവയിൽ ഏറ്റവും മൗലികവും സവിശേഷവുമായ ഘട്ടങ്ങൾ ചൈനയിലെ തെയ് പിങ് കലാപത്തിന്റെ വിശകലനവും അണുവിഭജനത്തിന്റെയും ഡിഎൻഎ ഘടനയുടെ കണ്ടെത്തലിന്റെയും വിശകലനങ്ങളുമാണ്. ചൈനയിലെ കലാപത്തെക്കുറിച്ച് മുഖ്യധാരാ ചരിത്രങ്ങൾ മറന്നുകളഞ്ഞ മനുഷ്യദുരന്തങ്ങളുടെ കഥയാണ് നോവൽ തിരിച്ചു പിടിക്കുന്നതെങ്കിൽ അണുവിഭജനത്തെയും ഡിഎൻഎ ഗവേഷണത്തെയും കുറിച്ചെഴുതപ്പെട്ട ചരിത്രങ്ങൾ ശാസ്ത്രത്തിനുവേണ്ടി മറന്നുകളഞ്ഞ മനുഷ്യാനുഭവങ്ങളുടെ കഥയാണ് മുന്നോട്ടു കൊണ്ടുവരുന്നത്. രാഷ്ട്രീയ ചരിത്രത്തിലെന്നപോലെ ശാസ്ത്രചരിത്രത്തിലും മനുഷ്യന്റെ യുക്തിയും ധാർമ്മികതയും നൈതികതയും വൈകാരികതകളും ഒരു വശത്തും അധികാരഭ്രാന്തും പ്രത്യയശാസ്ത്രമൗലികവാദവും മറുവശത്തുമായി നടക്കുന്ന നിരന്തരമായ യുദ്ധങ്ങളുണ്ട്. എഴുതപ്പെടാതെ പോകുന്ന ചരിത്രങ്ങളെന്നതുപോലെ പറയപ്പെടാതെ പോകുന്ന കഥകളുണ്ട്. എഴുത്തിന്റെയും പറച്ചിലിന്റെയും ചരിത്രം തന്നെയും വിട്ടുകളയലുകളുടെയും ഒഴിവാക്കലുകളുടെയും അഥവാ തെരഞ്ഞെടുപ്പുകളുടെയും പക്ഷപാതങ്ങളുടെയും കലയാണ്.

          ചരിത്രത്തെയും സംസ്‌കാരത്തിന്റെ ഭിന്നമണ്ഡലങ്ങളെയും വിഭജനമെന്ന രീതിശാസ്ത്രം മുൻനിർത്തി വിശകലനം ചെയ്യുന്നതിൽ ഈ കൃതി സ്വീകരിക്കുന്ന സങ്കേതമാകട്ടെ പുസ്തകങ്ങളും അവയെ ആധാരമാക്കി ജയ്കിഷൻ ഉന്നയിക്കുന്ന സംവാദങ്ങളുമാണ്. ആധുനികതയുടെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക സൂചകമെന്ന നിലയിൽ പുസ്തകം (The Book) രൂപപ്പെടുത്തിയ സാംസ്‌കാരിക മൂലധനത്തിന്റെയും ചരിത്രപരമായ ജ്ഞാനശാസ്ത്രത്തിന്റെയും ഉള്ളറകൾ തേടിയുള്ള ഒരന്വേഷണമെന്ന രീതിയിൽ കാണാം പുസ്തകങ്ങളിലൂടെയുള്ള ഇത്തരമൊരന്വേഷണത്തെയും അതുമുൻനിർത്തിയുള്ള സംവാദങ്ങളെയും. സംശോധൻ പുസ്തകാലയത്തിന്റെ ഉടമ ജയ്കിഷൻ ജുനേജയാണ് മുപ്പത്തേഴുവർഷം മുമ്പ് തന്റെ കടയിൽ പുസ്തകം വായിക്കാനെത്തിയപ്പോഴും മുപ്പത്തേഴുവർഷത്തിനുശേഷം നിലവിലില്ലാത്ത കടയന്വേഷിച്ചെത്തിയപ്പോഴും ആഖ്യാതാവിനെ എണ്ണമറ്റ വിഷയങ്ങളിലേക്കും പുസ്തകങ്ങളിലേക്കും അവയെക്കുറിച്ചുള്ള സംവാദങ്ങളിലേക്കും കൊണ്ടുപോകുന്നത്. വ്യക്തികൾക്കും ആശയങ്ങൾക്കും വിഷയങ്ങൾക്കും ചരിത്രത്തിന് തന്നെയും പകരം നിൽക്കുന്നവയാണ് ഈ കൃതിയിൽ ചർച്ചയ്‌ക്കെടുക്കുന്ന മുപ്പതിലധികം പുസ്തകങ്ങൾ. മുമ്പ്, ഗോവർധന്റെ യാത്രകൾ, വ്യാസനും വിഘ്‌നേശ്വരനും, സംഹാരത്തിന്റെ പുസ്തകം എന്നീ കൃതികളിൽ ആനന്ദ് കൃതിയും കർത്താവും തമ്മിലുള്ള ബന്ധത്തിന്റെയും കൃതിയുടെ കർതൃത്വപരവും കർതൃത്വ ബാഹ്യവുമായ സ്വത്വങ്ങളുടെയും പാഠാന്തരബന്ധങ്ങളുടെയുമൊക്കെ അർത്ഥ ബഹുലതകളും രാഷ്ട്രീയ സാധ്യതകളും ചർച്ച ചെയ്തിരുന്നു. വിഭജനങ്ങൾഅവയിൽ നിന്നൊക്കെ ഭിന്നമായി പുസ്തകങ്ങളിലൂടെതന്നെ മുന്നോട്ടുകൊണ്ടുപോകുന്ന സംസ്‌കാരവിശകലനത്തിന്റെയും ആശയചർച്ചകളുടെയും വലിയൊരു ഭൂമിക വായനക്കായി തുറന്നിടുന്നു. വരമൊഴിയും വാമൊഴിയും തമ്മിൽ, ഓർമ്മയും മറവിയും തമ്മിൽ, വിശ്വാസവും യാഥാർത്ഥ്യവും തമ്മിൽ, ഭൂതവും വർത്തമാനവും തമ്മിൽ,  നിരന്തരം ഇടപഴകിയും അതിർവരമ്പുകൾ മുറിച്ചു കടന്നും നിൽക്കുന്ന വിഭജനങ്ങളുടെ ഒരു ലോകം അവ നിർമ്മിക്കുകയും ചെയ്യുന്നു.

           ചരിത്രം, സാഹിത്യം, ശാസ്ത്രം, സാമൂഹ്യചിന്ത, എഞ്ചിനീയറിംഗ്, ഭൂവിജ്ഞാനം എന്നിങ്ങനെ നിരവധി വിഷയങ്ങളിലായി എഴുതപ്പെട്ടവയാണ് ഈ പുസ്തകങ്ങൾ. Bury me Standing(ഇസബെൽ ഫൊൺസീക്ക) Reason, Romanticism and Revolution(എം.എൻ. റോയി) സാഹബ് ബീബിഗുലാം (ബിമൽ മിത്ര) മാൻഡാരിൻസ് (സീമൊൻ ദ ബുവ്വ) Irrational Man(വില്യംബാരറ്റ്) Oppression and liberty(സീമോൺ വെയ്ൽ), Doctor Zhivago(ബോറിസ് പാസ്റ്റർനാക്) The Rebel, Plague (ആൽബർകാമു) The Rape of Nanking(ഐറിസ് ചാംഗ്), All Quiet on the Western front (എറിക് മരിയ റെമാനിക്) The last days of Mankind(കാൾ ക്രൗസ്) A life in physics (റൂത്ത് ലെവിൻസേം) The Double Helix(ജയിംസ് വാട്‌സൺ), The dark lady of D.N.A (ബ്രെൻസി മാഡോസ്), കോപൻഹേഗൻ (മിക്കേയ്ൽ ഫ്രെയ്ൻ) Rosalind Franklin(ആനിസെയർ), The Ascent of man(ജേക്കബ് ബ്രോണോവ്‌സ്‌കി), What is life? (ഏർവിൻ ഫ്രോസിംഗർ) Seven daughters of Eve(ബ്രയിൻ സൈക്‌സ്) The Geography of the puranas(എസ്.എം. അലി), The Modular(ലെ കോർബുസിയർ) On the National history of Destruction(സെബാൾഡ്) Five thousand years of Pakistan ( മോർട്ടിമർ വീലർ), The Indus Saga(ഐജാസ് അഹ്‌സൻ) The happy Warriors(ഹാൽഡോർ ലാക്‌സ് നെസ്) The Tribal Word(വെറിയർ എൽവിൻ) The Proud Tower (ബാർബറാ ടക്മാൻ) Practical design of simple steel structures(ഡേവിഡ് എസ്. സ്റ്റുവർട്ട്), The Origin of Continents and Oceans (ആൽഫ്രഡ് വെഗ്നർ) എന്നിങ്ങനെ ഇവയുടെ പട്ടിക നീളുന്നു. ഇവ മുൻനിർത്തിയുള്ള ചർച്ചകൾ, ഇവയിൽ നിന്നുള്ള ആശയങ്ങൾ, ഇവയിലെ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം, ഇവ തുറന്നു തരുന്ന കാലസൂചനകൾ, ഇവ പ്രാതിനിധ്യം വഹിക്കുന്ന മനുഷ്യാവസ്ഥകൾ, ഇവ എഴുതപ്പെടാനുണ്ടായ സമ്മർദ്ദങ്ങൾ എന്നിങ്ങനെ നോവലിൽ ഈ പുസ്തകങ്ങളുടെ പ്രസക്തി നിരവധി തലങ്ങളിലേക്കു വ്യാപിച്ചു നിൽക്കുന്നു. ഈ ഓരോ കൃതിയും രീതിശാസ്ത്രവും നീതിശാസ്ത്രവുമായി കടന്നുവരുന്ന വിഭജനങ്ങളുടെ രാഷ്ട്രീയത്തെ മുൻനിർത്തി ചരിത്രത്തെയും സംസ്‌കാരത്തെയും ഓരോ തലത്തിൽ അഭിസംബോധന ചെയ്യുന്നവയാണ്. ചിലവ എഴുതപ്പെടാത്ത ചരിത്രത്തിന്റെ നീതിശാസ്ത്രമായി മാറുമ്പോൾ മറ്റു ചിലവ എഴുതപ്പെട്ട ചരിത്രത്തിന്റെ രീതിശാസ്ത്രമായി മാറുന്നു. മറ്റു ചിലവ നിലനിൽക്കുന്ന സംസ്‌കാരത്തിന്റെ രീതിശാസ്ത്രമായി മാറുമ്പോൾ ചിലവ നിലവിൽ വരേണ്ട സംസ്‌കാരത്തിന്റെ നീതിശാസ്ത്രമായിത്തീരുന്നു. ഈ പുസ്തകങ്ങളിൽ വലിയൊരു വിഭാഗം സാഹിത്യകൃതികളാണ്. മനുഷ്യന്റെ ചരിത്രത്തെയും അനുഭവങ്ങളുടെ യഥാർത്ഥ്യത്തെയും ആഖ്യാനം ചെയ്യുന്നതിൽ സാഹിത്യത്തിനുള്ള സാധ്യതകളിലേക്കാണ് ഡോക്ടർ ഷിവാഗോ ഉൾപ്പെടെയുള്ള രചനകൾ വിരൽ ചൂണ്ടുന്നത്. ഓർമ്മയും ചരിത്രവും തമ്മിലുള്ള ബന്ധമാണ് ഭാഷയും എഴുത്തും തമ്മിലുള്ളത് എന്നതിനാൽ കൃതിയും വായനയും തമ്മിലുള്ള ബന്ധത്തെ ഈ പുസ്തകങ്ങളിലൂടെ പ്രശ്‌നവൽക്കരിക്കുന്ന ഒരു ദീർഘ പ്രബന്ധമായി നോവൽ മാറുന്നു.

          (സിനിമ മുൻനിർത്തിയുള്ള സംസ്‌കാര വിശകലനത്തിനും വിഭജനങ്ങൾ താല്പര്യം കാണിക്കുന്നുണ്ട്. സാഹബ് ബീബി ഗുലാം മുതൽ ലഗാൻ വരെയുള്ള ഹിന്ദി സിനിമകളുടെ ജനപ്രിയ സംസ്‌കാരത്തിന്റെ ചരിത്രം, ആഖ്യാനരൂപങ്ങളേതിന്റെയും ചരിത്രപരതയെക്കുറിച്ചുള്ള പാഠവിശകലനമെന്ന നിലയിൽ, പുസ്തകങ്ങൾക്കൊപ്പം, ആധുനികതയുടെ സാംസ്‌കാരിക രാഷ്ട്രീയമായിവിഭജനങ്ങളിൽ കടന്നുവരുന്നു).

          ജീവിതത്തെയും സാഹിത്യത്തെയും ഓർമ്മയെയും ചരിത്രത്തെയും കൂട്ടിയിണക്കിക്കൊണ്ട് ആനന്ദ് എഴുതുന്നു.സാഹിത്യത്തിന്റെ വഴി ജീവിതത്തിൽ നിന്ന് ഭിന്നമായി, ഭൂതകാലത്തിന്റെ കുറ്റബോധത്താൽ നിങ്ങളെ എപ്പോഴും രോഗാതുരമാക്കിക്കൊണ്ടിരിക്കുകയാണ്. മറവി, ജീവിതത്തിനുള്ളതാണ്; ഓർമ്മ സാഹിത്യത്തിനും. ജീവിതവും സാഹിത്യവും വേറെയായിരിക്കുന്നത് ഈ വിധമാണ്. സാഹിത്യത്തിന്റെ വീക്ഷണത്തിൽ, വർത്തമാനകാലത്തിന്റെ ഭൂമിക നിങ്ങൾക്കു സുഖജീവിതം തരികയല്ല, വിരിഞ്ഞുകൊണ്ടിരിക്കുന്ന പൂമൊട്ടുകൾ കൊണ്ട് ഉദ്യാനം പണിയുകയല്ല, ഭാവി ദുരന്തങ്ങൾക്കെതിരെ ഓർമ്മകൾകൊണ്ടു കാവലിരിക്കുകയാണ്. കംപ്യൂട്ടർ വഴി സെറ്റ് ചെയ്ത് ഓഫ് സെറ്റിൽ അച്ചടിച്ചു വരുന്ന ഇന്നത്തെ കൃതികൾ തൊട്ട് പാർച്ച്‌മെന്റിലും കളിമൺ ഫലകങ്ങളിലും എഴുതപ്പെട്ടവ വരെയുള്ളതിലെല്ലാം അലിഞ്ഞു കിടക്കുന്ന പൊതുവായ ഒന്നുണ്ടെങ്കിൽ അത് ഈ കുറ്റബോധമാണ്, നിരന്തരമായ സംശോധനം ആണ്‘ (പുറം.153).

          കുറ്റകൃത്യങ്ങളാൽ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന്റെ അപഗ്രഥനമെന്ന നിലയിൽ, എഴുതപ്പെട്ട മുഴുവൻ ആഖ്യാനങ്ങളെയും വിഭജനങ്ങൾവിലയിരുത്തുന്നു. ഒപ്പം, വിഭജനങ്ങളെ സംസ്‌കാരത്തിന്റെ രീതിശാസ്ത്രവും ചരിത്രത്തിന്റെ നീതിശാസ്ത്രവുമായി അവതരിപ്പിക്കുകയും ചെയ്യുന്നു. ഭാവിദുരന്തങ്ങൾക്കെതിരെ ഓർമ്മകൾ കൊണ്ടു കാവലിരിക്കുക എന്നതുതന്നെയാണ് ഈ കൃതി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം. ഓർമ്മയെ ചരിത്രവൽക്കരിക്കുകയെന്നാൽ സംസ്‌കാരത്തെ രാഷ്ട്രീയവൽക്കരിക്കുക എന്നാണർത്ഥം. ഗുജറാത്ത് കൂട്ടക്കൊലയുടെ ഭാഗമായുള്ള ബെസ്റ്റ് ബേക്കറികേസ് വഡോദരയുടെ ഏറ്റവും പുതിയ സന്ദർഭമെന്ന നിലയിൽ ഓർമ്മപ്പെടുത്തുന്ന ചരിത്രത്തിന്റെ കുറ്റവൽക്കരണത്തിന്റെ രാഷ്ട്രീയവും മറ്റൊന്നല്ലല്ലോ.

          ചരിത്രത്തെയും ഓർമ്മയെയും സംസ്‌കാരത്തെയും ആഖ്യാനകലയിൽ സമന്വയിപ്പിച്ചുകൊണ്ട് ഈ കൃതി, ബാർത്ത് രേഖപ്പെടുത്തുന്നതുപോലെ, തുറന്ന പാഠങ്ങളുടെ അനന്ത ബഹുലതകളിലേക്കു സഞ്ചരിക്കുന്ന ആഖ്യാനകലയുടെ ആധുനികാനന്തരമാതൃകയെന്ന നിലയിൽ സമകാലമലയാളഭാവനയിൽ ഇടം പിടിക്കുകയും ചെയ്യുന്നു. അറിവിന്റെ നീതിശാസ്ത്രംഎന്ന പഠനത്തിൽ (2013) ആര്യ കെ. ചൂണ്ടിക്കാണിക്കുന്നതുപോലെ, ‘ചരിത്രം തമസ്‌കരിച്ച ശബ്ദങ്ങൾ, സ്ഥലങ്ങൾ, നിർമിതികൾ, നീതിബോധങ്ങൾ, ഓർമകൾ എന്നിവയുടെ കുഴിച്ചെടുക്കലായി മാറുന്നുണ്ട് (വിഭജനങ്ങളിൽ) ആനന്ദിന്റെ ആഖ്യാനകല‘ (2013:1971). മലയാളനോവലിൽ നാളിതുവരെ സംഭവിക്കാത്തവിധം ആധുനികശാസ്ത്രത്തിന്റെ നീതിബോധത്തെക്കുറിച്ചുളള സംവാദഘട്ടങ്ങളിലൊന്നായി ഈ കൃതിയിൽ ആനന്ദ് സന്നിവേശിപ്പിക്കുന്ന ഒരു ആഖ്യാനമണ്ഡലത്തെ ആര്യ സൂക്ഷ്മമായി വിശദീകരിക്കുകയും വംശീയത, ലിംഗവിവേചനം എന്നിവയുടെ പരീക്ഷണശാലകളായി മാറിയ ആധുനികശാസ്ത്രത്തിന്റെ വിമർശനപാഠമായി വിഭജനങ്ങളെ വായിച്ചെടുക്കുകയും ചെയ്യുന്നു. എം.വി. നാരായണൻ, ‘പതിനെട്ടാമധ്യായത്തിന്റെ ബാക്കിപത്രങ്ങൾഎന്ന ലേഖനത്തിൽ (2010) ആധുനികാനന്തര മലയാളനോവലിന്റെ ആഖ്യാനകലയിൽ സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത മേല്പറഞ്ഞ നിരീക്ഷണങ്ങളെ സാധൂകരിക്കുന്നുണ്ട്. നാരായണൻ എഴുതുന്നു: ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തുമ്പോൾ,  പലപ്പോഴും കഥപറയുക എന്ന ആവശ്യംപോലും ഉപേക്ഷിച്ച്, പൂർണമായും തത്ത്വചിന്താപരമോ സാമൂഹ്യശാസ്ത്രപരമോ ഒക്കെയായ മനനങ്ങൾക്കും ചിന്തകൾക്കും മാത്രമുളള ഒരു രൂപം കൂടിയായി നോവൽ മാറുന്നുണ്ട് എന്ന കാര്യവും വിസ്മരിച്ചുകൂടാ. പ്രത്യേകിച്ച്, ആനന്ദിന്റെ വിഭജനങ്ങൾ‘, ‘ദ്വീപുകളും തീരങ്ങളുംഎന്നീ കൃതികൾ നോവൽ എന്ന് വിളിക്കപ്പെടുമ്പോഴും നോവലിന്റെ രൂപം ഏതാണ്ട് പൂർണമായും ത്യജിച്ചവയാണ്. ആ നിലയ്ക്ക് അവയെ നോവൽ എന്ന് വിശേഷിപ്പിക്കുന്നത്, നോവലിസ്റ്റ് എഴുതുന്നതെല്ലാം നോവൽ എന്ന ലളിതമായ പ്രസാധക സമവാക്യമാകുന്നതോടൊപ്പം, മലയാളസാഹിത്യത്തിലെ ജനുസ്സുകളുടെ ദാരിദ്ര്യത്തെയും സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അതേസമയം, പ്രബന്ധരൂപത്തിലുളള ഒരു ജ്ഞാനവ്യവഹാരത്തിന്റെ ആവിർഭാവം കൂടി അവ കുറിക്കുന്നുണ്ടോ എന്നതും ചിന്തനീയമാണ്. അപ്പോഴും, അവയ്ക്ക് പൂർണമായ അർഥത്തിൽ ജ്ഞാനവ്യവഹാരങ്ങളാകാനുളള ആന്തരികമായ കരുത്തുണ്ടോ, ഉണ്ടാകുമോ, എന്നത് സംശയമാണ്. കാരണം, അടിസ്ഥാനപരമായ ജ്ഞാനങ്ങൾ ഉത്പാദിപ്പിക്കാൻ മലയാളത്തിനും മലയാളിസമൂഹത്തിനും കഴിയാത്തിടത്തോളം, യഥാർഥത്തിലുളള ജ്ഞാനവ്യവഹാരങ്ങൾ അതത് മേഖലകളിൽ വികസിക്കാത്തിടത്തോളം, ജ്ഞാനത്തിന്റെ പ്രതീതിയുളവാക്കുന്ന സാഹിത്യപരമായ ദ്വിതീയവ്യവഹാരങ്ങൾ മാത്രമാകാനായിരിക്കും അവയുടെ വിധി. പകരവ്യവഹാരങ്ങൾ അസ്സൽ വ്യവഹാരങ്ങൾക്ക് വഴിമാറിക്കൊടുത്തു എന്നിരിക്കാം, പക്ഷേ, അവ അസ്സൽവ്യവഹാരങ്ങളായിത്തീരുക എന്നത് അതിവിരളം മാത്രമല്ല, അധികപങ്കും അസംഭവ്യം കൂടിയാണ്‘.

 നാരായണന്റെ നിരീക്ഷണം, ‘വിഭജനങ്ങൾഉൾപ്പെടെയുളള നോവലുകളുടെ സൗന്ദര്യശാസ്ത്രപരമായ പരിമിതിയോ ദൗർബല്യമോ അല്ല ചൂണ്ടിക്കാണിക്കുന്നത്, മറിച്ച്, നോവൽ മലയാളത്തിൽ ഏറ്റെടുക്കേണ്ടിവരുന്ന ഇതര ജ്ഞാനവ്യവഹാരങ്ങളുടെ അധികഭാരം തന്നെയാണ്. ആൾക്കൂട്ടം‘ (1970) എന്ന നോവലിന് 1971-ലെഴുതിയ നിരൂപണത്തിൽ തീർത്തും ഋണാത്മകമായിത്തന്നെ എം.ആർ. ചന്ദ്രശേഖരൻ നടത്തുന്ന ഒരു നിരീക്ഷണമുണ്ട്. ഇന്ദുലേഖയുടെ പതിനെട്ടാമധ്യായം ഒരു നോവലായാൽ എങ്ങനെയിരിക്കും? അത് ഈ ആൾക്കൂട്ടംപോലെയിരിക്കും‘ (2010:46). കാലം മാറിവന്നപ്പോൾ ഈ നിരീക്ഷണത്തിനു കൈവന്ന വിമർശനസാധ്യത കൗതുകകരമായ ഒന്നാണ്.

മൂന്ന്

          ആധുനികാനന്തര നോവലിന്റെ ആഖ്യാനകലയെന്ന നിലയിൽ മേല്പറഞ്ഞ നാലുതലങ്ങളെ മുൻനിർത്തി ചില രചനകളുടെ സാമാന്യമായ അപഗ്രഥനമാണ് ഇവിടെ നടത്തിയത്. ആഖ്യാനകലയുടെ പഠനം എത്രമേൽ വിശദവും വിപുലവുമാണെന്നതിന്റെ സൂചന നൽകാൻ മാത്രമായി ടി.ഡി.  രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര‘ (2009) എന്ന നോവലിന്റെ വിശകലന സാധ്യതകൾകൂടി ചൂണ്ടിക്കാണിക്കട്ടെ.

          ഈ നോവലിനെക്കുറിച്ച് ഇതിനകം പുറത്തുവന്ന നിരവധി പഠനങ്ങളിൽ ചിലത് അവതരിപ്പിക്കുന്ന വിശകലന സമീപനങ്ങൾ നോക്കുക.

(1) ആഷാമേനോൻ നോവലിനെഴുതിയ അവതാരിക, ‘ഹിംസയുടെ ക്ഷേത്രഗണനകൾ‘, ഹൈപേഷ്യൻ ഗണിതശാസ്ത്രത്തിന്റെയും മധ്യകാല കേരളീയ ഗണിതത്തിന്റെയും ഗ്രോഥന്റിക് മുന്നോട്ടുവച്ച ശാസ്ത്രതത്വങ്ങളുടെയും (മൂന്നു കാലങ്ങളുടെ) ചരിത്രപരതയ്ക്കുളളിൽ ഫ്രാൻസിസ് ഇട്ടിക്കോരയിലെ വാണിഭങ്ങളും കാമനകളും ചേർന്നു സൃഷ്ടിക്കുന്ന ഹിംസയുടെ സംഗീതാത്മകതയിലൂന്നിയാണ് ഈ നോവലിന്റെ ആഖ്യാനകല വിശദീകരിക്കുന്നത്.

(2) ‘ചരിത്രത്തിന്റെ ഒളിപ്പോരുകൾഎന്ന പഠനം (ഷാജി ജേക്കബ്, 2013:141-151) ‘ജനപ്രിയചരിത്രംഎന്നു വിളിക്കാവുന്ന തരത്തിൽ മധ്യകാല മതജീവിതങ്ങളുടെയും കലാനുഭവങ്ങളുടെയും വാണിജ്യതന്ത്രങ്ങളുടെയും അധോചരിത്രം പുനഃസൃഷ്ടിക്കുന്ന ഒന്നാണ് ഇട്ടിക്കോരയുടെ ആഖ്യാനകല എന്നു വിശദീകരിക്കുന്നു. മലയാളത്തിലും ആധുനികാനന്തരനോവൽ തിരിച്ചുപിടിക്കുന്ന ജനപ്രിയഭാവുകത്വത്തിന്റെ രാഷ്ട്രീയപാഠമെന്ന നിലയിലാണ് ഈ പഠനം ഇട്ടിക്കോരയെ കാണുന്നത്.

(3) ഉംബർട്ടോ എക്കോ മുതൽ തോമസ് പിൻചൺ വരെയുളള യൂറോ-അമേരിക്കൻ ആധുനികാനന്തര നോവലിസ്റ്റുകളുടെ ആഖ്യാന സാങ്കേതികതകളിൽ പ്രസിദ്ധമായ പാരനോയിയ, കോൺസ്പിരസി തിയറി എന്നിവ മുൻനിർത്തി ഇട്ടിക്കോരയുടെ പ്ലോട്ട്അഴിച്ചെടുക്കുകയാണ് പി.കെ. രാജശേഖരൻ. സമകാല മലയാളനോവൽപഠനത്തിലെ അപൂർവവും മൗലികവുമായ ഒരന്വേഷണമായി ഈ പ്രബന്ധം വേറിട്ടുനിൽക്കുന്നു (2013:20122014).

(4) ‘സൈബർ ഫിക്ഷൻഎന്ന പരികല്പന മുൻർത്തി ഇട്ടിക്കോരയുടെ ആഖ്യാനകല അപഗ്രഥിക്കുന്നു, സുനിത ടി.വി. (വിജ്ഞാനകൈരളി, 2014 ജൂൺ), ശരീരം, മാധ്യമങ്ങൾ, ഹിംസ, രതി എന്നിവ മുതൽ ചരിത്രവും ഭാഷയും വരെയുളള തലങ്ങളെ സ്പർശിച്ചുകൊണ്ടാണ് സുനിതയുടെ പഠനം മുന്നേറുന്നത്.

          ഈ നോവലിന്റെ ആഖ്യാനകല വിശകലനം ചെയ്യാവുന്ന എത്രയെങ്കിലും രീതിപദ്ധതികൾ ഇനിയുമുണ്ട്. ചിലതു നോക്കുക.

(5) ഡാൻബ്രൗണിന്റെ ഡാവിഞ്ചികോഡ്, ഇട്ടിക്കോരക്കു പ്രചോദനമാകുന്നതിനെക്കുറിച്ച് മിക്കവരും  സൂചിപ്പിക്കുന്നുണ്ട്. ഡാവിഞ്ചികോഡിന് ഉംബർട്ടോ എക്കോയുടെയും മറ്റും മധ്യകാല മതവിചാരണ നോവലുകൾ (Blasphemy fiction)പ്രചോദനമായതിനെക്കുറിച്ചും ഓർമ്മിക്കേണ്ടതാണ്. ഇട്ടിക്കോരയുടെ മുഖ്യ പ്രമേയവും ആഖ്യാനകാലവും മധ്യനൂറ്റാണ്ടുകളാണല്ലോ. ആ നിലയിൽ ഒരു മതവിചാരണ പുസ്തകമാണ് ഇട്ടിക്കോരയും.  രാജീവ് ശിവശങ്കറിന്റെ തമോവേദംപോലുളള നോവലുകൾ ആവിഷ്‌ക്കരിക്കുന്ന Black magic, പിശാച് പൂജ തുടങ്ങിയവയുടെ പശ്ചാത്തലവും ഇതുതന്നെയാണ്.

(6) എക്കോയുടെതന്നെ ദ നെയിം ഓഫ് ദ റോസിന്റെ ഘടനയിൽ ഗൂഢാത്മകതയുടെ അപാവരണവും കുറ്റാന്വേഷണത്തിന്റെ രീതിശാസ്ത്രവും കൂട്ടിയിണക്കി ഒരു ബദൽ ഭൂമിക സൃഷ്ടിക്കുന്ന രചനയെന്ന നിലയിൽ ഇട്ടിക്കോരയ്ക്കുളള സാധ്യതകൾ ആരായലാണ് മറ്റൊരു വഴി. ടി.പി. രാജീവന്റെ പാലേരിമാണിക്യം പോലുളള പല മലയാളനോവലുകൾക്കും ബാധകമാണ് ഈ ആഖ്യാനകല. മാർക്കേസിന്റെ News of a kidnapping, പോസ്റ്റ്ബൂം ഘട്ടത്തിൽ ലാറ്റിനമേരിക്കൻ നോവൽ കുറ്റാന്വേഷണഭാവനയെ പ്രശ്‌നവൽക്കരിക്കുന്നതിന്റെ മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടല്ലോ.

(7) പ്രവാസനോവലുകൾ സൃഷ്ടിച്ച അന്യദേശജീവിതങ്ങളുടെയും വിദൂര സംസ്‌കൃതികളുടെയും മാതൃകയെന്ന നിലയിൽ ഇട്ടിക്കോരയ്ക്കുളള സാധ്യതകളാണ് മറ്റൊരു വായനയ്ക്കു രൂപംകൊടുക്കുക. 2003-ൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ആൽഫയും 2014-ൽ പുറത്തുവന്ന സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും സൃഷ്ടിക്കുന്ന നോവൽ ഭാവുകത്വങ്ങളുടെ കേന്ദ്രപശ്ചാത്തലങ്ങളിലൊന്ന് ഇത്തരം ഭാവനാഭൂപടങ്ങളുടെ ചരിത്രബദ്ധമെന്നതുപോലെതന്നെ മിത്തിക്കലുമായ ക്രോഡീകരണമാണ്.

(8) നവോത്ഥാന-ആധുനിക ജ്ഞാനവ്യവഹാരങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്ന നോവൽഭാവനയെന്ന നിലയിൽ ഇട്ടിക്കോരക്കുളള വിശകലനസാധ്യതയാണ് മറ്റൊന്ന്. എം.വി. നാരായണന്റെ ലേഖനത്തെയും നിരീക്ഷണത്തെയും കുറിച്ച് സൂചിപ്പിച്ചു. ഗണിതം, ചിത്രകല, ജ്യോതിശാസ്ത്രം എന്നിവയുടെ വിപുലവും ചരിത്രബദ്ധവുമായ വ്യവഹാരസന്നിവേശം ഇട്ടിക്കോരയുടെ നോവൽഘടനയിൽ  ഉടനീളം സൃഷ്ടിക്കുന്ന ഭാവനാലോകങ്ങൾ ഈയർഥത്തിൽ പഠിക്കാവുന്നതാണ്.

(9) സമാനമായിത്തന്നെ സ്വീകരിക്കാവുന്ന മറ്റൊരു പഠനപദ്ധതിയാണ് പാഠാന്തരതയുടെ നോവൽരൂപമെന്ന നിലയിൽ ശാസ്ത്രം, കല, മതം, ഗൂഢവിജ്ഞാനം, അധോചരിത്രം, വാണിജ്യം, സമുദ്രയാനം  തുടങ്ങിയ നിരവധി പാഠങ്ങൾക്ക് ഇട്ടിക്കോരയിൽ കൈവരുന്ന മാനങ്ങൾ. പടിയോവമഷശഷമരീലകൾ മുതൽ ഇ-മെയിലും വെബ്‌സൈറ്റുകളും വരെയുളളവയും ഈ പാഠാന്തരതയുടെ തലങ്ങളാണ്. സങ്കരനോവൽ(hybrid novel)എന്ന് ആഷാമേനോൻ വിശേഷിപ്പിക്കുന്നത് ഈ സ്വരൂപത്തെത്തന്നെയാണ്.

(10) ഹിംസയുടെ ചരിത്രപുസ്തകമെന്ന നിലയിൽ നമ്മുടെ കാലത്തിന്റെ രാഷ്ട്രീയയാഥാർഥ്യങ്ങൾ മറനീക്കുന്ന ഒരു ഡോക്യുഫിക്ഷനായി ഇട്ടിക്കോരയുടെ ആഖ്യാനകല വിശകലനം ചെയ്യാം. മധ്യകാല മതവിചാരണകൾ മുതൽ ഇറാഖ് യുദ്ധംവരെ; ഹൈപേഷ്യൻ ഹിംസകൾ മുതൽ ലാറ്റിനമേരിക്കൻ വിമോചന സംഘടനകളുടെ ഒളിയുദ്ധങ്ങൾ വരെ – തെക്കെ അമേരിക്കൻ, പശ്ചിമേഷ്യൻ, യൂറോപ്യൻ, ഏഷ്യൻ ഭൂസാന്നിധ്യങ്ങളിൽ പടർന്നുകിടക്കുന്ന ഹിംസയുടെ മഹാപ്രസ്ഥാനമാണ് ഫ്രാൻസിസ് ഇട്ടിക്കോര.

          നോവൽപഠനങ്ങൾ ഏതാണ്ടൊന്നടങ്കവും ആഖ്യാനപഠനങ്ങൾ തന്നെയായി മാറിവരുന്നുവെന്നാണ് ഇവിടെ സൂചിപ്പിച്ച വിശകലനസാധ്യതകൾ തെളിയിക്കുന്നത്. ആധുനികാനന്തര മലയാളനോവലിന്റെ ആഖ്യാനകല സൗന്ദര്യശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായി അപഗ്രഥിക്കുമ്പോൾ എത്തിച്ചേരാവുന്ന അർഥാന്തരങ്ങളുടെ ആകാശം തുറന്നിടുന്നതും മറ്റൊരു വസ്തുതയല്ല.

Comments

comments