ഭ്യന്തര വൈരുദ്ധ്യങ്ങളുടെ ഒരു ശ്രേണി തന്നെ ആധുനിക ഇന്ത്യയിലും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അതിനു പ്രധാനകാരണം ഭാരതീയ മനസ്സിൽ ഒരു അയിത്തം കിടപ്പുണ്ട് എന്നതാണ്. തൊട്ടുകൂടായ്മയെ ഭരണഘടനാവ്യവസ്ഥ കൊണ്ട് നിരോധിച്ച ഒരു നാട്ടിലാണ് ഇത് ശക്തമായി നില നില്‍ക്കുന്നത് എന്നതാണ് വലിയ തമാശ. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അധികാരകേന്ദ്രങ്ങളുടെ മനോനിലയ്ക്കനുസരിച്ചാണ് ജനം തൊട്ടുകൂടായ്മയെ നിര്‍വചിക്കുന്നത് എന്ന് മനസ്സിലാവും . ഉദാഹരണത്തിന് മുസ്ലിംകളെ ജോലിക്ക് എടുക്കാൻ തയ്യാറല്ല എന്ന് പറഞ്ഞ ഉപരിവര്‍ഗമുതലാളി വേറെ എവിടെ ആണെങ്കിലും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇവിടെയതല്ല സ്ഥിതി. മറ്റനേകം ഉദാഹരണങ്ങള്‍ ഉണ്ട്.

മരുന്നുകളോടും ഉണര്‍ത്തുമരുന്നുകളോടും മയക്കു മരുന്നുകളോടും ഇന്ത്യന്‍ വ്യവസ്ഥാപിതസമൂഹവും ഭരണകൂടവും എടുക്കുന്ന തൊട്ടുകൂടായ്മാസമീപനം ശ്രദ്ധിച്ചാല്‍ തന്നെ എല്ലാ മേഖലയിലും ഈ വൈരുദ്ധ്യം നിലനില്‍ക്കുന്നതായി കാണാം. ഇന്ത്യയില്‍ 1983 വരെ കഞ്ചാവ് നിയമ വിധേയം ആയിരുന്നു. ഒരു ദിവസം സര്‍ക്കാർ തീരുമാനിക്കുന്നു; കഞ്ചാവ് നിയമ വിരുദ്ധം ആണ് . അതോടെ കഞ്ചാവ് കുറ്റവാളിയാകുന്നു. ഓര്‍ക്കണം, നമ്മുടെ മുന്നേ ഉള്ള ഒരു തലമുറവിപ്ലവം കൊണ്ടും കവിതകള്‍ കൊണ്ടും നമ്മുടെ സാമൂഹ്യമണ്ഡലത്തിൽ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാക്കിയ ആ സുരക്ഷിതാന്തരീക്ഷത്തില്‍ ആയിരുന്നു കേരളം തോളില്‍ കയ്യിട്ടും പാട്ട് പാടിയും പട്ടിണി പകുത്തുകഴിച്ചും ഒരുമയോടെ കഴിഞ്ഞത്. ഉള്ളില്‍ തീയുള്ള ആ സമൂഹം കുറ്റിയറ്റ്‌ പോകുന്ന ഭീതിദമായ അന്തരീക്ഷത്തില്‍ ഇരുന്നു നമ്മള്‍ വ്യാകുലപെടുകയാണ്. എന്നിട്ടും എന്താണ് കാര്യമെന്ന് നമ്മള്‍ ചിന്തിക്കുന്നില്ല. അപ്പോള്‍ ചോദിക്കും കഞ്ചാവ് നിരോധിച്ചതാണോ കാര്യം എന്ന്. കഞ്ചാവും ഒരു കാരണം അല്ലെ ?? നമ്മള്‍ ഇതിഹാസങ്ങളെന്ന് കരുതിയ ഒരു വലിയ വിഭാഗം അത് ഉപയോഗിചിരുന്നില്ലേ? സത്യസന്ധമായി ചോദിക്കട്ടെ, കഞ്ചാവ്ഉപയോഗിക്കുന്നതിലെ സാമൂഹ്യപ്രത്യാഘാതം എന്തായിരിക്കും എന്ന് നമ്മള്‍ എത്ര കണ്ടു പഠനം നടത്തി ? നല്ലതായാലും ചീത്തയായാലും അത് അറിയണ്ടേതല്ലേ ? അതല്ലേ പരിഷ്കൃതസമൂഹം എന്ന് അവകാശപ്പെടുന്ന ഒരു സമൂഹം ചെയ്യേണ്ടത് ? അവിടെയാണ് ഭരണ കൂടത്തിന്റെ വിവേചനബുദ്ധി പ്രശ്നമാകുന്നത്. ആയിരത്തിതൊള്ളായിരത്തി അറുപതികളിലാണ് ഉണര്‍ത്തുമരുന്നും മയക്കുമരുന്നും തമ്മിലുള്ള വ്യത്യാസംപോലും അറിയാതെ യു എസ്സ് അത്തരത്തിലുള്ള എല്ലാ ജൈവ രാസവസ്തുക്കള്‍ക്കും എതിരെ പ്രചാരണം തുടങ്ങിയത്. അതുവരെ അവിടെയും അത് മരുന്നായിരുന്നു. നിയമ വിരുദ്ധം ആയിരുന്നുമില്ല. പക്ഷെ യു എസ്സ് ഭരണകൂടത്തിന്റെ പ്രചാരണം ഫലം കണ്ടു. മയക്കുമരുന്നിന്റെ ചുഴിയില്‍പെട്ട കുഞ്ഞുങ്ങള്‍ യു എസ്സിനെ നാശത്തിന്റെ പടുകുഴിയില്‍ എത്തിക്കുമെന്ന പ്രചരണം. ജനം പരിഭ്രാന്തരായി. നിരോധനാവശ്യം ശക്തമായി. സര്‍ക്കാർ ഇത്തരം മരുന്നുകള്‍ നിരോധിച്ചു. അതോടെ വലിയൊരു ചികത്സാമാര്‍ഗം അടഞ്ഞു.

ഇന്ത്യയില്‍ എണ്‍പത്തിമൂന്നു വരെ വിവിധ മാര്‍ഗങ്ങളിലൂടെ അമേരിക്ക ചെലുത്തിയ സമ്മര്‍ദ്ദം ഗവണ്മെന്റ് അതിജീവിച്ചു. രാജീവ് വന്ന ഉടന്‍ ചെയ്തത് അത് നിരോധിക്കാന്‍ ഉള്ളനടപടി സ്വീകരിക്കുകയാണ്. ആധുനികതക്ക് ചേര്‍ന്നതല്ല പ്രാചീനമായ ഈ ഇന്ത്യന്‍ റിച്വല്‍ എന്നൊരു വിശാലമായ വിശദീകരണമേ രാജീവിന് പറയാന്‍ ഉണ്ടായിരുന്നുള്ളൂ. അന്ന് യു എസ്സ് നടത്തിയ പ്രചാരണമാണ് സമ്പൂര്‍ണ്ണഅര്‍ദ്ധ സാക്ഷരരായ മലയാളിയുടെ മനസ്സില്‍ ഇന്നും പാര്‍ക്കുന്ന വടുക്കള്‍.

നിയന്ത്രണങ്ങളോടെ സ്റ്റേറ്റുകള്‍ക്ക് തീരുമാനം എടുക്കാനുള്ള അവകാശം രാജീവ്ഗാന്ധിയുടെ നിരോധനത്തിലെ ഇളവായി ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ രാജാവിനെക്കാള്‍ രാജഭക്തി ഉണ്ടായിരുന്ന ആളുകള്‍ കണ്ണുംപൂട്ടി അയിത്തം കല്‍പ്പിച്ചു. തൊട്ടാല്‍ മാത്രമല്ല ദൃഷ്ടിയില്‍ പെട്ടാല്‍ പോലും കുറ്റമുള്ള അസ്പൃശ്യനായി ഒളിച്ചു കടക്കുകയാണ് കഞ്ചാവ് ഇപ്പോള്‍. പിടിക്കപ്പെട്ടാല്‍ ഭീകരമായ കുറ്റമാണ്. മറ്റു പല സംസ്ഥാനങ്ങളും തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് കഞ്ചാവ് വില്‍പ്പന അനുവദിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ സര്‍ക്കാർ ലേലം വിളിച്ചാണ് ഷാപ്പുകള്‍ക്ക് ലൈസൻസ് നല്‍കുന്നത്.

ഇപ്പോഴത്തെ നമ്മുടെ കുട്ടികളുടെ അവസ്ഥ ഭീകരമാണ്. സമ്പന്നതയുടെ നടുവില്‍ അവര്‍ അനുഭവിക്കുന്ന വിവിധ മനോവ്യഥകളുണ്ട്. മാതാപിതാക്കളുടെ നിക്ഷേപങ്ങളും പരീക്ഷണമൃഗങ്ങളുമായ അവര്‍ ഇന്ന് അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയിൽ അവര്‍ എവിടെ പോകും? ആരോട് പരാതി പറയും? സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങരുത് എന്നാണു പോലീസ് അവരോടു പറയുന്നത്. ചെറുപ്പത്തില്‍ ഇരുട്ടിനെ കാണിച്ചു പേടിപ്പിച്ചിരുന്ന മാതാപിതാക്കള്‍ക്കു ശേഷം പോലീസ് ഇപ്പോള്‍ ആ റോള്‍ ചെയ്യുന്നു. രാത്രി പത്ത് മണി കഴിഞ്ഞാലും വീട്ടില്‍ കേറാത്ത ഒരു തലമുറ വളര്‍ന്നു തന്തമാര്‍ ആയപ്പോള്‍ അവരനുഭവിച്ചസ്വാതന്ത്ര്യം പോലും മക്കള്‍ക്ക്‌ കൊടുക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ പിന്നെ അവര്‍ എന്ത് ചെയ്യണം.

ഭയാനകമാംവണ്ണം സങ്കീര്‍ണ്ണമായ ഒരു സാമൂഹ്യ അന്തരീക്ഷത്തില്‍ ആണ് നാം ജീവിക്കുന്നത്. ഭരണമോ കാര്യനിര്‍വ്വഹണമോ നടക്കുന്നില്ല. അഴിമതിയും അക്രമവും അരാജകത്വവും നടമാടുന്നു. ജനം ജീവിക്കാന്‍വേണ്ടി, സ്വന്തം നാട് വിടാന്‍ നിര്‍ബന്ധിതരാവുന്നു. ലക്ഷ്യബോധം നല്‍കാനാകാതെ ഒരു തലമുറയെ അപ്പാടെ ബൌദ്ധികമായി പോലും വന്ധ്യംകരിക്കുകയാണ് സര്‍ക്കാർ. കന്യാകുമാരി മുതല്‍ കാസർകോട് വരെ വഴിയരുകില്‍ മദ്യപിച്ചു ബോധംകെട്ടുറങ്ങുന്ന അനേകങ്ങള്‍. ഇത് പക്ഷെ സര്‍ക്കാരിന് പ്രശ്നമല്ല. സര്‍ക്കാർ ഔട്ട്‌ലെറ്റുകളില്‍ തന്നെ തരം താണതും വിഷം കലര്‍ന്നതുമായ മദ്യം ലഭ്യമാണ് താനും. മദ്യം ആരോഗ്യത്തിനു ഉത്തമം എന്ന യു എസ്സ് മദ്യ ലോബ്ബിയുടെ മുദ്രാവാക്യം അതേപടി ഇവിടെ പകര്‍ത്തിയിരിക്കയാണ്. മുദ്രാവാക്യം വിളിക്കില്ല. പ്രവര്‍ത്തിച്ചു കാണിക്കും. എന്നാല്‍ ഇന്ത്യയിലുടനീളം പൂജാദ്രവ്യമായി, വിശുദ്ധമായി കണ്ടിരുന്ന കഞ്ചാവിനു വിലക്കും. ഇങ്ങനെയൊക്കെ ആണോ കാര്യങ്ങള്‍ എന്ന് ചോദിച്ചാലോ ചോദിക്കുന്നവനെ കഞ്ചാവടിക്കാരന്‍ ആക്കി (മാനസികരോഗിയാക്കി) മൂലയ്ക്കിരുത്തും. ഇടുക്കിഗോൾഡിന്റെ സംവിധായകനെ പോലീസും പത്രങ്ങളും എങ്ങനെയൊക്കെ വേട്ടയാടി എന്ന് നമ്മള്‍ കണ്ടതാണ്. ലോകമെമ്പാടും മെഡിസിനല്‍ മരിയുവാനയെ കുറിച്ചുള്ള പഠനം നടക്കുന്ന ഈ കാലത്തെങ്കിലും അതിന്റെ സാമൂഹിക പ്രത്യാഘാതത്തെകുറിച്ചും അതിന്റെ മെഡിസിനല്‍ ഉപയോഗത്തെ കുറിച്ചും ഒരു പഠനം നമ്മള്‍ തുടങ്ങി വയ്ക്കണ്ടേ ? ലോകത്ത് ഏറ്റവും ഔഷധ മൂല്യമുള്ള തരം മരിയുവാനയും മാജിക്ക് മഷ്രൂമും ഉണ്ടാകുന്ന സ്ഥലമാണ് കേരളത്തിലെ ഇടുക്കിയും നീലഗിരി മലനിരകളും.

ഒരു പഠനം നടത്താതെ ഭയന്ന് മാറി നിന്നാല്‍ ഇപ്പോഴത്തെ ഈ അമിത ഉപയോഗം തടയാന്‍ ആവുമോ ? പ്രത്യേകിച്ചും കേരളീയ സമൂഹംലോക നിലവാരത്തില്‍ ചിന്തിക്കുന്നവരാകുമ്പോള്‍? ഒരു സാധനം നിരോധിച്ചാല്‍ മാത്രം ഉപഭോഗം കുറയുമോ ? മാഫിയകള്‍ക്ക്‌ ചാകരയാകും എന്നല്ലാതെ എന്ത് ഗുണമാണ് ഇപ്പോഴത്തെ ഈ കാടടച്ചുള്ള നിരോധനം കൊണ്ട് ഉണ്ടായത് ? രമേശ്‌ ചെന്നിത്തല അധികാരത്തിൽ ഏറിയതിനു ശേഷം മാത്രം 8800ൽ അധികം കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നിട്ടും അതെല്ലാം ഒരു കിലോ, രണ്ടു കിലോ കേസുകള്‍ മാത്രമാണ്. ഉറവിടങ്ങള്‍ മറഞ്ഞിരിക്കുന്ന ഈ കളിയില്‍ ലാഭം ആര്‍ക്കാണ് ?? അതിലും ഭേദം സര്‍ക്കാരിന് റവന്യൂ നല്‍കുന്ന ഒരേര്‍പ്പാട് ആക്കി മാറ്റികൂടെ ഇത് ? മദ്യം ഉണ്ടാക്കുന്നത്‌ സാമ്പത്തികനഷ്ടമാണ്. മനുഷ്യനഷ്ടമാണ്. ഇത് എളുപ്പത്തിൽ മൂല്യം നിര്‍ണ്ണയിക്കാനാകാത്ത ഒന്നൊന്നുമല്ല. ഉപയോക്താക്കള്‍ ഒരുപാടുണ്ട് എന്ന് ഇപ്പോള്‍ തന്നെ ബോധ്യമായിട്ടുണ്ട്. മദ്യത്തിനു ഇല്ലാത്ത എന്ത് ദുരന്തമാണ് ഇതിനുള്ളത് എന്ന് കര്‍ശന നിയന്ത്രണത്തോടെ സര്‍ക്കാർ പഠിക്കട്ടെ. മദ്യംകൊണ്ടുണ്ടാകുന്ന ക്രൈംനിരക്കും കഞ്ചാവുകാര്‍  ഉണ്ടാക്കുന്ന ക്രൈം നിരക്കും ഒരു താരതമ്യ പഠനം നടത്തട്ടെ. സര്‍ക്കാരിന് തലവേദന കുറയ്ക്കുന്ന സാധനം ഏതാണ് എന്ന് പഠിക്കാമല്ലോ. സ്വാസ്ഥ്യമുള്ള ഒരു ആഭ്യന്തര സംവിധാനം അല്ലെ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സ്വത്ത്‌ ?!

ഇത് പറയാന്‍ കാരണം ഉണ്ട്. ആരു പറഞ്ഞിട്ടാണോ മൂന്നാംലോകം ഇത് നിരോധിച്ചത്, അതേ അമേരിക്കയിലെ പലപ്രവിശ്യകളും മരിയുവാന ലീഗലൈസ് ചെയ്തു കഴിഞ്ഞു. ആദ്യം പരീക്ഷണാര്‍ത്ഥം കൊളറാഡോവില്‍ നടത്തിയ നീക്കം അവിടെത്തെ ക്രൈം റേറ്റ് കുറച്ചിരിക്കുന്നു എന്ന പഠനമാണ് ഒരു കാരണം. മാത്രവുമല്ല, ആരോഗ്യരംഗത്ത് വലിയ സാധ്യതകളുള്ള കഞ്ചാവിന്റെ നിരോധനം മൂലം അത് പഠനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല എന്നതും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാണു വാര്‍ത്തകൾ. പോര്‍ച്ചുഗലും ഇത്തരത്തില്‍ നിയന്ത്രണത്തില്‍ അയവ്വരുത്തി. മരിയുവാനാ ഉപയോഗം കൊണ്ട്അപകടങ്ങള്‍ കുറഞ്ഞു എന്നാണു അവരുടെയും സര്‍വ്വേഫലം.

പണ്ട് നിരോധിച്ച അമേരിക്ക നിരോധനം നീക്കാന്‍ ആവശ്യപ്പെട്ടാല്‍, ഒരു സുപ്രഭാതത്തില്‍ ഇന്ത്യാ ഗവണ്മെന്റ് അത് സമ്മതിച്ചാല്‍ (നയതന്ത്രബന്ധത്തിലെ ഇപ്പോഴത്തെ ഊഷ്മളത വച്ച് നോക്കിയാല്‍ സംഭവിച്ചേക്കാം. കാരണം അമേരിക്ക കാണുന്നത് അതിന്റെ പിന്നില്‍ ഉള്ള വലിയ സാമ്പത്തിക സാധ്യതകളാണു) അന്ന് ഈ സര്‍ക്കാർ എന്ത് ചെയ്യും? കഞ്ചാവ് വലിക്കുന്നവര്‍ അക്രമവാസന പ്രകടിപ്പിക്കുന്നില്ല എന്ന് ശാസ്ത്രീയപഠനങ്ങള്‍ ഏറെ വന്നിട്ടും യു എസ്സ് പോലുള്ള രാജ്യങ്ങള്‍ അംഗീകരിച്ചിട്ടും നമ്മുടെ ചെറുപ്പക്കാരെ ഭീകരരെ എന്നപോലെ മയക്കുമരുന്നിന്റെ പേരില്‍ വേട്ടയാടുകയാണ് സര്‍ക്കാരും മോറല്‍ പോലീസും മാധ്യമങ്ങളും. അഞ്ചോ പത്തോ ഗ്രാം കഞ്ചാവ് കയ്യില്‍ വെക്കുന്ന കൌമാരക്കാരനെയും ആഴ്ചകളോളം പോലീസ് സ്റ്റേഷനിലും ജയിലിലുമിട്ടു കഷ്ട്ടപ്പെടുത്തുകയാണ് പോലീസ്. ചെറിയ ഒരു തിരുത്തല്‍ കൊണ്ട് വഴി മാറി പോകുമായിരുന്ന കുഴപ്പങ്ങള്‍ പെരുപ്പിച്ചു കാട്ടി ഇങ്ങിനെ എത്രയോ ചെറുപ്പക്കാരെ സര്‍ക്കാർ തന്നെ കൊടും ക്രിമിനലുകളാക്കുന്നു. പിടിക്കുന്ന യുവാക്കളുടെ പടവും മേല്‍വിലാസവും കൊടുത്ത്കുടുംബത്തെ ആകെ അവഹേളിക്കുംവിധം വളര്‍ന്നിരിക്കുന്നു കാര്യങ്ങള്‍. ഇക്കഴിഞ്ഞ ദിവസം ചെങ്ങന്നൂരുള്ള ഒരു വീട് വളഞ്ഞ് നാല് ചെറുപ്പക്കാരെ പിടികൂടി. മാധ്യമത്തില്‍ അവരുടെ വീട്, വാപ്പാട ഉമ്മാട അച്ഛന്റെ അമ്മയുടെ ഒക്കെ പേര് വിശദമായി കൊടുത്ത ഒരു വാര്‍ത്ത കണ്ടു. പോലീസ് കൊടുക്കുന്ന വാര്‍ത്തകൾ ഒരു വിവേകവും ഇല്ലാതെ കൊടുത്ത് മാധ്യമങ്ങള്‍ അവരുടെ റോള്‍ ഭംഗി ആക്കുന്നു. സമൂഹത്തിലെ ഓരോ വ്യക്തിയെയും അന്ന്യോന്യം ഒറ്റികൊടുക്കുന്ന, ഒറ്റിക്കൊടുക്കാൻ പ്രേരിപ്പിക്കുന്ന ഒരു സംവിധാനമാണ് പത്രങ്ങളും പോലീസും കൂടി ഇങ്ങനെ സൃഷ്ടിക്കുന്നത്. അതേ സമയം മടുപ്പ് മൂന്നു നേരവും ഭക്ഷണമായി കഴിക്കുന്ന യുവതലമുറയ്ക്ക് ഇവരുടെ കയ്യില്‍ പരിഹാരങ്ങള്‍ ഒന്നുംതന്നെ ഇല്ലതാനും. മത രാഷ്ട്രീയ സദാചാരത്തിന്റെ കൂച്ചുവിലങ്ങില്‍ ഒരു യുവതയും അടങ്ങികഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഇങ്ങനെ പെടുന്ന ചെറുപ്പക്കാര്‍ തടവ്‌ കഴിഞ്ഞു വന്നാലും സമൂഹത്തില്‍ ഭീകരര്‍ തന്നെ ആയിരിക്കും. അപ്പോള്‍ അതിനു കാരണം  കഞ്ചാവാണോ? അതോ നമ്മളോ? ഇപ്പോള്‍ പിടികൂടുന്ന ചെറുപ്പക്കാര്‍ക്ക് സാമൂഹിക ഭ്രഷ്ട് മൂലം ഉണ്ടായ ജീവിതാഘാതത്തിനു സര്‍ക്കാർ എങ്ങനെ പരിഹാരം കാണും? വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള അനാവശ്യ കയ്യേറ്റത്തിനും അതുണ്ടാക്കിയ ദുരന്തത്തിനും ആര് മറുപടി പറയും ?

കഞ്ചാവ് നിരോധനം മൂലം നമ്മുടെ കണ്മുന്നില്‍ വെച്ചുണ്ടായ, ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത ആയുര്‍വേദ ആചാര്യന്‍ ആയിരുന്ന വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പല ആയുര്‍വേദമരുന്നുകളുടെയും ഒരു ചേരുവ ആയിരുന്നു ശുദ്ധകഞ്ചാവ്. അതായത് ഔഷധഗുണമുള്ള അറുപത്തിനാല് സസ്യങ്ങളോടൊപ്പം കഞ്ചാവ് ചേര്‍ത്തു നിര്‍മ്മിക്കുന്ന ആയുര്‍വേദമരുന്നു. രോഗത്തിനുള്ള മരുന്ന് നല്‍കുമ്പോൾ അത് ഫലം കാണാൻ മനസ്സിന്റെയും ശരീരത്തിന്റെയും സ്വാസ്ഥ്യം അനിവാര്യമാണ്. അതിനാണ് കഞ്ചാവ് അടങ്ങിയ മരുന്ന് പാർശ്വവര്‍ത്തിയായി നല്‍കുന്നത്. മറ്റൊന്നാണു ഗര്‍ഭകാല ശുശ്രൂഷ. ഗര്‍ഭിണികള്‍ക്ക് നിയന്ത്രിതമായ തോതിൽ കഞ്ചാവ് ലേഹ്യം നല്‍കിയിരുന്നു മുന്‍പ്. മാംസപേശികള്‍ക്ക് അയവ് കിട്ടാനും സുഖപ്രസവം ഉറപ്പു വരുത്താനും ആണിത്. കഞ്ചാവ് യാതൊരു പരിഗണനയും കൂടാതെ അന്ധമായി നിരോധിച്ചപ്പോള്‍ ഈ മരുന്നുകൾ ഇല്ലാതായി. കൂടെ സുഖപ്രസവവും ഇല്ലാതായി. സിസേറിയന്‍ സാര്‍വ്വത്രികമായി. സുഖപ്രസവം എന്നത് ഇന്നൊരു അത്ഭുതം പോലെയാണ് അലോപ്പതിശാഖ കാണുന്നത്. അവരാഗ്രഹിക്കുന്നതും ലാഭം കൂടുതല്‍ ഉണ്ടാക്കാന്‍ കഴിയുന്ന സിസേറിയന്‍ തന്നെ. കഞ്ചാവ് നിരോധനത്തിന്റെ നേരിട്ട് കാണാന്‍ കഴിയുന്ന ഒരു പരിണാമം ആണിത്. ഇതോടൊപ്പം വേറെയും പല മരുന്നുകളും ഇല്ലാതായി, പല ആയുര്‍വേദമരുന്നുകളും നിര്‍ദിഷ്ടഫലം നല്കാതായി.

ഇപ്പോള്‍ കഞ്ചാവുവേട്ട ഒരു രാഷ്ട്രീയം കൂടിയാണ്. മാവോ ഭീകര ലഹരിമരുന്ന് സംഘം എന്ന ലേബലിട്ട് സര്‍ക്കാർ നടത്തുന്ന വേട്ട യഥാര്‍ത്ഥ ജീവല്‍പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു അഭ്യാസം കൂടിയാണ്. മാധ്യമങ്ങള്‍ ഇതിനെ നടീനടന്മാരോട് ചേര്‍ത്ത് ഇക്കിളിക്കഥകള്‍ മെനയുന്നു. ഈ മാധ്യമ തലവന്മാര്‍ക്കോ റിപ്പോര്‍ട്ടര്‍മാര്‍ക്കോ ഉണര്‍ത്തുമരുന്നുകളുടെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ഒന്നുമില്ലേ ? വാര്‍ത്ത കൊടുക്കും മുന്‍പ് സത്യമറിയാനായി ഒരു വിക്കിസെര്‍ച്ച് നടത്തുകയെങ്കിലും വേണ്ടേ ഇവരൊക്കെ? കലുഷമായ കാലത്തു ഭരണകൂടത്തിന്റെ അത്യാചാരങ്ങള്‍ മറച്ചു വെക്കാന്‍ ഭീതിപരത്തുക എന്നത് ഒരു തന്ത്രമാണ്. ലഹരി മരുന്നുകളെക്കാള്‍ വേഗത്തില്‍ ഹിസ്റ്റീരിയയായി പടര്‍ന്നു പിടിക്കുന്ന ഒന്നാണ് ഭീതി. മയക്കുമരുന്ന് ഭീതി ആണ് ഇന്ന് കേരളത്തില്‍ സര്‍ക്കാർ പടര്‍ത്തുന്ന ഹിസ്റ്റീരിയ, കാപട്യം . ഇന്ത്യയില്‍ ഒട്ടാകെ ഇതാണ് സ്ഥിതി എന്ന് പറയാനാവില്ല. അത് മതപരമായ കാര്യം ആയതു കൊണ്ടാവാം സര്‍ക്കാരിന് തൊടാൻ ഭയം.

Comments

comments