കൗമാരക്കാരുടെ മാനസികരോഗസംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സൈക്ക്യാട്രിസ്റ്റ് എന്ന നിലയിൽ ബ്രിട്ടനിൽ പ്രാക്റ്റീസ് ചെയ്യുന്ന എനിക്ക് മയക്കുമരുന്നുകളുടെ ഉപയോഗത്തെയും അവയുടെ വൈദ്യശാസ്ത്രപരവും സാമൂഹികവുമായ ദൂഷ്യഫലങ്ങളെയും കുറിച്ച്, അല്ലെങ്കിൽ അഭികാമ്യമല്ലാത്ത സ്വാധീനത്തെക്കുറിച്ച് വിലയേറിയ ചില ഉൾക്കാഴ്ചകൾ നേടാനുള്ള അവസരങ്ങൾ കിട്ടിയിട്ടുണ്ട്. അത് വായനക്കാരുമായി പങ്കിടുന്നത് മറ്റൊരവസരത്തിലേക്കു മാറ്റിവച്ചിട്ട്, അതായത് അതിനൊരു മുന്നൊരുക്കമെന്ന നിലയിൽ, Cannabis (കഞ്ചാവ്)നെക്കുറിച്ച് വസ്തുതാപരമായ ഒരു വിവരണം നല്കാനേ ഞാനിപ്പോൾ ശ്രമിക്കുന്നുള്ളു. മറ്റു മയക്കുമരുന്നുകളെ അപേക്ഷിച്ച് കഞ്ചാവാണല്ലോ കൂടുതൽ വിവാദങ്ങൾക്ക് ഇടനല്കുന്നത്. അതിന്റെ ഉപയോഗം എന്തുമാത്രം ഹാനികരമാണ്‌, എപ്പോഴാണ്‌ അതിന്റെ ഉപയോഗം നിയമലംഘനമാവുക, സമൂഹം ഏതു കണ്ണു വച്ചു നോക്കുമ്പോഴാണ്‌ അതിന്റെ ഉപയോഗം സ്വീകാര്യമോ അപരാധമോ ആകുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കൊന്നും ഇനിയും കൃത്യമായ ഉത്തരങ്ങൾ നമുക്കു കിട്ടിത്തുടങ്ങിയിട്ടില്ല. അതിനാൽ കാലു വഴുക്കുന്ന ആ പ്രവിശ്യയിലേക്കു നാം കടക്കുന്നുമില്ല.

ഹീബ്രുവിൽ കാനെ ബോസെം (മധുരച്ചൂരൽ) എന്നു പേരുള്ള കാനബിസ് അഥവാ കഞ്ചാവിന്റെ ഉപയോഗം നവീനശിലായുഗകാലം മുതൽ, അതായത് പതിനായിരം കൊല്ലം പിന്നിൽ നിന്നേ തുടങ്ങുന്നു. രാജാക്കന്മാരുടെ ശവക്കല്ലറകളിൽ അതു വഴിപാടായി സമർപ്പിക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു; ആർത്തവകാലത്തെ വേദനയ്ക്ക് വിക്ടോറിയ രാജ്ഞി അതു മരുന്നായി കഴിച്ചിരുന്നതായും ചരിത്രമുണ്ട്. 1960-ന്റെ ആദ്യപാദത്തിൽ മാനസികവ്യതിയാനങ്ങൾക്കുള്ള മരുന്നുകളിൽ അതൊരു ഘടകമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ അതൊരു നിരുപദ്രവവസ്തുവായിരുന്നു. 1928-ൽ ബ്രിട്ടണിലാണ്‌ ആദ്യത്തെ വിലക്കു വരുന്നത്. ഒരു അന്താരാഷ്ട്ര ഔഷധസമ്മേളനത്തിൽ ഒരൊറ്റ പ്രതിധിയുടെ വാദങ്ങൾ കറുപ്പു പോലെ അപകടകാരിയാണ്‌ കഞ്ചാവുമെന്ന് അന്യരെ ബോധിപ്പിക്കുന്നതിൽ വിജയിക്കുകയായിരുന്നു. ചെറിയ അളവിൽ ദീർഘകാലം ഉപയോഗിക്കുന്നതുകൊണ്ട് അപകടമൊന്നും വരാനില്ല എന്ന് ബ്രിട്ടീഷ് സോഷ്യോളജിസ്റ്റും ക്രിമിനോളജിസ്റ്റുമായ ബാർബറ വൂട്ടൺ 1960-ൽ സമർത്ഥിച്ചുവെങ്കിലും ബ്രിട്ടണിൽ ഇന്നുമത് വളർത്തുന്നതും കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്‌! 2003-ൽ കാനഡയാണ്‌ കാനബി/മാരിയുവനയ്ക്ക് ആദ്യമായി ആദ്യമായി ലൈസൻസ് നല്കുന്നത്.

എന്താണ്‌ കഞ്ചാവ്?
നൂറ്റാണ്ടുകളായി ലോകമെങ്ങും കാട്ടുചെടിയായി വളർന്നിരുന്ന ഒരേ മുൾച്ചെടിവർഗ്ഗത്തിൽ പെട്ടവയാണ്‌ കാനബിസ് സാറ്റിവ(Cannabis Sataiva, കാനബിസ് ഇൻഡിക്ക(Cannaabis Indica) എന്നീ സസ്യങ്ങൾ. കയറും വസ്ത്രവുമുണ്ടാക്കാനും ഔഷധമായും ലഹരിവസ്തുവായും അങ്ങനെ പല ഉപയോഗങ്ങളും അവയ്ക്കുണ്ടായിരുന്നു. ചണവർഗ്ഗത്തിൽ പെട്ട ചെടികളിൽ ഏറ്റവും കട്ടിയുള്ള നാരു കിട്ടിയിരുന്നത് കഞ്ചാവിൽ നിന്നായിരുന്നു. അതിൽ നിന്നാണ്‌ കട്ടിയുള്ള കാൻവാസ് നെയ്തെടുത്തിരുന്നത്. കടൽവെള്ളം വീണാൽ ദ്രവിക്കാത്ത ഒരേയൊരു തുണിയാണെന്നതിനാൽ മുൻകാലത്ത് കപ്പല്പായകൾക്കുപയോഗിച്ചിരുന്നത് കാൻവാസ് ആയിരുന്നു.

കഞ്ചാവുപയോഗിച്ചാൽ ആളുകളെ ഉന്മത്തരാക്കുന്നത് അല്ലെങ്കിൽ അവർക്ക് ആനന്ദം നല്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന ടെട്രാഹൈഡ്രോകാനബിനോൾ (THC) എന്ന രാസവസ്തുവാണ്‌. അതാകട്ടെ അതിലടങ്ങിയിരിക്കുന്ന 400 രാസവസ്തുക്കളിൽ ഒന്നു മാത്രവുമാണ്‌.

സറ്റൈവയിലും ഇൻഡിക്കയിലും THCയുടെ അളവ് ഗണ്യമായിട്ടുണ്ടെങ്കിലും ഇൻഡിക്കയിൽ മറ്റു ഘടകങ്ങൾ കൂടിയുള്ളതിനാൽ ഔഷധാവശ്യങ്ങൾക്കുപയോഗിക്കുന്നത് അതാണ്‌. സറ്റൈവ കൂടുതലായും ലഹരിവസ്തുവായിട്ടാണ്‌ ഉപയോഗിക്കുന്നത്. THCയുടെ 95 ശതമാനവും മുകുളങ്ങളിലും തൊട്ടു താഴെയുള്ള ഇലഞ്ഞെട്ടുകളിലുമാണ്‌ കണ്ടുവരുന്നത്; ഇലകളിൽ അത് നാമമാത്രമായേ ഉള്ളു.

സ്കങ്ക് കുറേക്കൂടി കടുപ്പമുള്ള തരം കഞ്ചാവാണ്‌. THC-യുടെ സാന്ദ്രത വളരെ കൂടുതലാണതിൽ. അതിന്റെ രൂക്ഷഗന്ധം കാരണമാണ്‌ സ്കങ്ക് (വെരുക്) എന്ന പേര്‌ അതിനിട്ടിരിക്കുന്നതു തന്നെ. AK47, നോക്കൗട്ട്, ഡിസ്ട്രോയർ തുടങ്ങിയ വിചിത്രനാമങ്ങളിൽ അറിയപ്പെടുന്ന കഞ്ചാവിനങ്ങൾ വേറെയുണ്ട്. അടുത്ത കാലത്തായി കൂടുതൽ ജനപ്രിയമായിരിക്കുന്നത് സാധാരണ കഞ്ചാവിനെക്കാൾ രണ്ടുമൂന്നു മടങ്ങ് കൂടുതൽ THC അടങ്ങിയിരിക്കുന്ന സ്കങ്ക് ആണ്‌. ഹാഷിഷ് എണ്ണയിലാകട്ടെ 70% THC അടങ്ങിയിരിക്കുന്നു. ഇതാണ്‌ ലഹരിവസ്തുവായി കൂടുതൽ ഉപയോഗിക്കപ്പെട്ടു വരുന്നത്.

കൃഷിരീതി
സിൻസേമില്ല എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം കുരുവില്ലാത്തത്എന്നാണ്‌. ആൺസസ്യങ്ങൾ പൂവിടുന്നതിനു മുമ്പു തന്നെ പറിച്ചുമാറ്റുന്നു. പൂമ്പൊടിയുടെ അഭാവം കണ്ടുപിടിക്കുന്ന പെൺസസ്യങ്ങൾ അപ്പോൾ കൂടുതൽ മുകുളങ്ങൾ ഉല്പാദിപ്പിക്കുന്നു.

ഹൈഡ്രോപോണിക്സിൽ മണ്ണിനു പകരം പോഷകസമൃദ്ധമാക്കിയ ജലത്തിലാണ്‌ കഞ്ചാവ് കൃഷി ചെയ്യുന്നത്. വിളവെടുപ്പിന്റെ കാലം കുറയ്ക്കാനും ചെടിയുടെ വീര്യം കൂട്ടാനും ഇതുകൊണ്ടു കഴിയുമത്രെ. ഒരു കൊല്ലം പത്തു വിളവെടുപ്പുകൾ അസാധാരണമല്ല!

മയക്കുമരുന്നു സ്ക്വാഡിൽ ജോലി ചെയ്യുന്ന ഒരു പോലീസ് ഓഫീസർ പറഞ്ഞത് ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുന്നു. കടുത്ത മഞ്ഞുകാലത്ത് കഞ്ചാവ് കൃഷി ചെയ്യുന്ന വീടുകൾ കണ്ടെത്താൻ വളരെ എളുപ്പമാണത്രെ! ഹൈഡ്രോപോണിക്സിന്‌ ഊഷ്മാവുള്ള ഒരു സാഹചര്യമാണല്ലോ വേണ്ടത്. അങ്ങനെയുള്ള വീടുകളുടെ മേല്ക്കൂരയിലെ മഞ്ഞ് അകത്തെ ചൂടു കാരണം അലിഞ്ഞുപോയിട്ടുണ്ടാവും. മുകളിൽ കൂടി പറക്കുന്ന പൊലീസ് ഹെലിക്കോപ്റ്ററുകൾക്ക് ജോലി എത്ര എളുപ്പമായി!

എങ്ങനെയാണത് ഉപയോഗിക്കുന്നത്?
കഞ്ചാവിന്റെ കറയോ ഉണക്കിയ ഇലയോ പുകയിലയുമായി കലർത്തി പുകയ്ക്കുക എന്നതാണ്‌ ഏറ്റവും സാധാരണമായ ഉപയോഗരീതി. പുക ആഴത്തിൽ ഉള്ളിലേക്കു വലിച്ച ശേഷം കുറച്ചു സെക്കന്റ് ശ്വാസകോശങ്ങളിൽ പിടിച്ചുവയ്ക്കുന്നു. പൈപ്പ്
, ഹുക്ക തുടങ്ങിയവയിൽ നിറച്ച ശേഷം അതു പുകയ്ക്കുന്നതും കണ്ടുവരാറുണ്ട്. ചിലർ അത് ചായ പോലെ പാനീയമാക്കിയും ഉപയോഗിക്കുന്നു.

കഞ്ചാവിലെ രാസഘടകങ്ങളിൽ അമ്പതു ശതമാനത്തിൽ കൂടുതലും  പുകയിലൂടെ രക്തത്തിലേക്കു  വലിച്ചെടുക്കപ്പെടുന്നു. ഇവ പിന്നെ കൊഴുപ്പിന്റെ ടിഷ്യൂകളായി ശരീരത്തിലെങ്ങും അടിയുന്നതിനാൽ മൂത്രത്തിലൂടെ പുറന്തള്ളപ്പെടാൻ വളരെയധികം കാലമെടുക്കുന്നു. അതുകൊണ്ടാണ്‌ ഉപയോഗിച്ചു രണ്ടു മാസത്തിനു ശേഷവും മൂത്രത്തിൽ അതിന്റെ അംശം കണ്ടെത്താൻ കഴിയുന്നത്.

കഞ്ചാവ് പുകയ്ക്കുമ്പോൾ അതിലെ രാസഘടകങ്ങൾ അതിവേഗം തന്നെ രക്തചംക്രമണത്തിൽ കലരുകയും തലച്ചോറിലേക്കും മറ്റു ശരീരഭാഗങ്ങളിലേക്കും എത്തുകയും ചെയ്യുന്നു. കഞ്ചാവ് പുകയ്ക്കുമ്പോൾ നാം ഒരു ഉന്മത്താവസ്ഥയിൽ എത്തുന്നത് അതിലെ THC തലച്ചോറിലെ കാനബിനോയിഡ് റിസെപ്റ്ററിൽ സ്വയം പറ്റിപ്പിടിക്കുന്നതു കൊണ്ടാണ്‌. ചില വസ്തുക്കൾക്ക് അല്പനേരം പറ്റിപ്പിടിക്കാൻ കഴിയുന്ന തലച്ചോറിലെ കോശഭാഗത്തെയാണ്‌ റിസെപ്റ്റർ എന്നു പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ കോശങ്ങളെയും അവയുണ്ടാക്കുന്ന പ്രതികരണങ്ങളെയും അതു ബാധിക്കുകയും ചെയ്യും. THCക്കു സമാനമായ രാസവസ്തുക്കൾ തലച്ചോറു തന്നെയും ഉല്പാദിപ്പിക്കുന്നുണ്ട് എന്നതാണ്‌ കൗതുകകരം. ഇവയെ എൻഡോകാനബിനോയിഡുകൾ എന്നു വിളിക്കുന്നു.

ഈ റിസെപ്റ്ററുകളിൽ അധികഭാഗവും കണ്ടുവരുന്നത് വികാരം, ഓർമ്മ, ചിന്ത, ഏകാഗ്രത, ആനന്ദം, ഐന്ദ്രിയബോധം, കാലബോധം എന്നിവയെ സ്വാധീനിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിലാണ്‌. കണ്ണ്‌, ചെവി, ത്വക്ക്, ആമാശയം എന്നിവയുടെ പ്രവർത്തനത്തെയും കഞ്ചാവിന്റെ ഉപയോഗം ബാധിക്കാം.

കഞ്ചാവുപയോഗിക്കുമ്പോൾ
കഞ്ചാവുപയോഗിക്കുമ്പോൾ നിങ്ങൾ ഒരുന്മത്താവസ്ഥയിലെത്തുകയാണ്‌- അതായത് നിങ്ങളുടെ മനസ്സിന്‌ ഒരയവു കിട്ടുന്നു
, എന്തെന്നില്ലാത്ത ഒരാനന്ദം നിങ്ങൾക്കുണ്ടാകുന്നു, അർദ്ധനിദ്രയിലെന്നപോലെ നിങ്ങൾ നടക്കുന്നു, നിറങ്ങൾക്കു നിറം കൂടിയതായും ശബ്ദങ്ങൾ സംഗീതമായും നിങ്ങൾക്കനുഭവപ്പെടുന്നു! പക്ഷേ അളവു കൂടിയാൽ മനസ്സയവല്ല, പിരിമുറുക്കമാവും നിങ്ങൾ അനുഭവിക്കുക. ചില കഞ്ചാവുകുടിയന്മാർക്ക് ആശയക്കുഴപ്പം, മതിഭ്രമങ്ങൾ, ഉത്കണ്ഠ, അകാരണമായ ഭീതി തുടങ്ങിയവയും അതാതു സമയത്തെ മൂഡിനും സാഹചര്യത്തിനുമനുസരിച്ച് ഉണ്ടായെന്നും വരാം.

പതിനേഴുകാരനായ ഒരു രോഗിയുടെ അമ്മ ഏറ്റു പറയുകയുണ്ടായി, കഞ്ചാവ് കിട്ടിയില്ലെങ്കിൽ കോപാകുലനാവുന്ന മകന്‌ അവർ അവരത് റേഷൻ പോലെ അല്പാല്പം നിത്യവും കൊടുക്കാറുണ്ടെന്ന്. അവർക്കതിൽ കുറ്റബോധം തോന്നിയിരുന്നുവെങ്കിലും അവനെ തണുപ്പിക്കാൻ അവർ മറ്റൊരു വഴി കണ്ടതുമില്ല.

ചിലർക്കത് മാനസികാസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. കുറച്ചു മണിക്കൂറുകളേ അതു നീണ്ടു നില്ക്കുന്നുള്ളുവെങ്കില്ക്കൂടി ഡ്രഗ്ഗിന്റെ അംശങ്ങൾ ആഴ്ചകളോളം ശരീരത്തിലുണ്ടാകുമെന്നതിനാൽ തങ്ങൾ കരുതുന്നതിനേക്കാൾ കൂടുതൽ കാലം അതവരെ ബാധിക്കുന്നുണ്ട്.

ദീർഘകാലമായുള്ള ഉപയോഗം വിഷാദവും കർമ്മവിമുഖതയും സൃഷ്ടിച്ചുവെന്നു വരാം. ധാരണാശേഷിയേയും ഇതു ബാധിക്കാമെന്നാണ്‌ ചില ഗവേഷകർ പറയുന്നത്.

വിഷാദരോഗവും സൈക്കോസിസും ഉൾപ്പെടെയുള്ള കടുത്ത മാനസികരോഗമുള്ളവരാണ്‌ കഞ്ചാവുപയോഗിക്കാൻ, അല്ലെങ്കിൽ ദീർഘകാലം ഉപയോഗിച്ചവരാകാൻ കൂടുതൽ സാദ്ധ്യതയുള്ളതെന്നതിന്‌ തെളിവുകളുടെ പിൻബലം ഏറെയാണ്‌. അത്തരക്കാരിൽ താല്ക്കാലികമായ മനോവൈകല്യത്തിനോ ദീർഘകാലത്തെ സ്കിസോഫ്രേനിയക്കോ ഉള്ള സാദ്ധ്യത ഇരട്ടിയുമാണ്‌. കഞ്ചാവുപയോഗം കാരണം വിഷാദരോഗവും സ്കിസോഫ്രേനിയയും ഉണ്ടാവുകയാണോ അതോ അത്തരം രോഗമുള്ളവർ അതൊരു മരുന്നായി ഉപയോഗിക്കുകയാണോ?

ആദ്യകാലത്തെ കഞ്ചാവുപയോഗവും പില്ക്കാലത്തെ മാനസികാരോഗ്യപ്രശ്നങ്ങളും തമ്മിൽ സ്പഷ്ടമായൊരു ബന്ധമുണ്ടെന്നതിന്‌ ഗവേഷണങ്ങൾ കൃത്യമായ തെളിവുകൾ നല്കിയിട്ടുണ്ട്. കൗമാരക്കാർ കഞ്ചവുപയോഗിക്കുന്നത് ഇക്കാരണത്താൽ കൂടുതൽ അപകടകരവുമാണ്‌. പതിനഞ്ചു വയസ്സിനോടടുത്ത പ്രായത്തിൽ കഞ്ചാവുപയോഗിക്കുന്നവർക്ക് പിന്നീട് സ്കിസോഫ്രേനിയയോ ബൈപോളാർ ഡിസോർഡറോ വരാനുള്ള സാദ്ധ്യത ശരാശരിയിലും കൂടുതലാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

കൗമാരക്കാർ കഞ്ചാവിനു പെട്ടെന്നടിമകളാവാൻ എന്താണു കാരണം? ഇതിനുള്ള ഉത്തരം തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കൗമാരപ്രായത്തിൽ -ഏതാണ്ട് ഇരുപതു വയസ്സു വരെ- മസ്തിഷ്ക്കം നിരന്തരവികാസത്തിലാണ്‌. വൻതോതിലുള്ള ഒരുന്യൂറൽ പ്രൂണിങ്ങ് അഥവാ നാഡികളുടെ വെട്ടിയൊരുക്കൽ നടക്കുന്നത് ഈ പ്രായത്തിലാണ്‌. ആകെ കെട്ടും കുരുക്കുമായി കിടക്കുന്ന ഒരു സർക്യൂട്ട് അതൊക്കെ നേരെയാക്കി കൂടുതൽ പ്രയോഗക്ഷമാക്കുന്ന പ്രക്രിയ എന്ന് ഇതിനെ വിവരിക്കാം. ഈ പ്രക്രിയക്കു വിഘാതമാവുന്ന ഏതനുഭവവും ഏതു വസ്തുവും പില്ക്കാലത്ത് മാറാത്ത മാനസികപ്രശ്നങ്ങൾക്കു വഴിമരുന്നിടുകയാണു ചെയ്യുന്നത്.

വളരെ ചെറുപ്പത്തിൽ കഞ്ചാവുപയോഗിച്ചു തുടങ്ങുന്ന എല്ലാവർക്കും മാനസികരോഗമുണ്ടായിക്കോളണം എന്നുമില്ല. ലഭ്യമായ ഗവേഷണഫലങ്ങൾ കാണിക്കുന്നത് കുടുംബപരമായിത്തന്നെ മാനസികരോഗമോ ജനിതകവൈകല്യമോ ഉള്ളവർക്ക് കഞ്ചാവിന്റെ അമിതവും ദീർഘവുമായ ഉപയോഗം കാരണം മാനസികരോഗം വരാനുള്ള സാദ്ധ്യത കൂടുതലാണ്‌ എന്നു മാത്രമാണ്‌.

കഞ്ചാവുപയോഗിച്ചാൽ ഭ്രാന്തു പിടിക്കുമോ?

ചെറുപ്പത്തിൽ കഞ്ചാവുപയോഗിച്ചാൽ ഭ്രാന്തു പിടിക്കുമെന്ന് ചിലർ പറയാറുണ്ട്; ഇടയ്ക്കൊക്കെ ഒന്നു പിടിക്കുന്നതു കൊണ്ട് ഒരു കുഴപ്പവും വരാനില്ലെന്ന് മറ്റു ചിലരും വാദിക്കുന്നു. എന്താണ്‌ സത്യം?

ചിലർക്ക് താല്ക്കാലികമായ മതിഭ്രമങ്ങൾ ഉണ്ടായെന്നു വരാം. അതൊക്കെ മണിക്കൂറുകൾക്കുള്ളിലോ ചില ദിവസങ്ങൾ കൊണ്ടോ സ്വയം പരിഹൃതമാവാറുമുണ്ട്. ഇത്തരക്കാർ മിക്കപ്പോഴും മാനസികാരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽ വരാറില്ല.  അമിതമായി കഞ്ചാവുപയോഗിക്കുന്ന ഒരാൾ മാനസികപ്രശ്നങ്ങളുമായി സൈക്ക്യാട്രിസ്റ്റിന്റെ മുന്നിൽ വരുമ്പോൾ അതൊരു കാനബിസ് സൈക്കോസിസ്പ്രശ്നമാണെന്ന് മുമ്പൊക്കെ പരിഗണിക്കാറുണ്ടായിരുന്നു. ദീർഘകാലം നീണ്ടുനില്ക്കുന്ന കടുത്ത മാനസികരോഗത്തിന്റെ തുടക്കമാവാറുണ്ട് അതു പലപ്പോഴും . എന്നാൽ ഇപ്പോൾ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നത് മാനസികരോഗം വരാൻ സാദ്ധ്യതയുള്ള ഒരാൾക്ക് കഞ്ചാവ് ഒരു ട്രിഗർ മാത്രമാണെന്നാണ്‌. സ്ഥിരമായി, അമിതമായി കഞ്ചാവുപയോഗിക്കുന്നവർക്ക് പിന്നീടു മാനസികരോഗം വരാനുള്ള സാദ്ധ്യത മറ്റുള്ളവരെക്കാൾ കൂടുതലാണ്‌. ഓർമ്മ, ചിന്താശേഷി തുടങ്ങിയവയേയും കഞ്ചാവ് (പ്രത്യേകിച്ചും THCയുടെ അളവ് കൂടുതലുള്ള ഇനം) ഹാനികരമായി ബാധിക്കുന്നതായി കണ്ടിട്ടുണ്ട്.

കഞ്ചാവ് ഒരു ഗെയ്റ്റ്‌വേ ഡ്രഗ്ആണോ?

കൂടുതൽ ലഹരിയുള്ള മരുന്നുകൾ തേടിപ്പോകാൻ പ്രേരിപ്പിക്കുന്ന വഴിമരുന്നാണോ കഞ്ചാവ്? സാമൂഹ്യകാരണങ്ങൾ കൊണ്ടാണ്‌ കഞ്ചാവ്  മറ്റു ലഹരിവസ്തുക്കളിലേക്കുള്ള കവാടമായി മാറുന്നതെന്ന് മുമ്പു കരുതിയിരുന്നു. എന്നാൽ കാനബിനൊയിഡ് റിസെപ്റ്ററുകൾ ഓപ്പിയേറ്റ് സിസ്റ്റവുമായി പ്രതിപ്രവർത്തിക്കുന്നതായും അങ്ങനെ ജനിതകമായിത്തന്നെ അതൊരു വഴിമരുന്നാണെന്നും അടുത്ത കാലത്തു നടന്ന ചില പഠനങ്ങൾ കാണിക്കുന്നുണ്ട്. ഇതിൽ പക്ഷേ ഇനിയും ഒരു ഏകാഭിപ്രായം ഉണ്ടായിട്ടില്ല.

കഞ്ചാവ് പിടി വിടില്ലേ?

ഇല്ല. കഞ്ചാവ് അഡിക്ഷൻ ഉണ്ടാക്കില്ല എന്നാണ്‌ മുൻപു കരുതിയിരുന്നതെങ്കിലും അതു തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ചും സ്ഥിരമായി ഉപയോഗിക്കുന്നവരിൽ. അഡിൿഷൻ ഉണ്ടാക്കുന്ന മറ്റേതു ലഹരിമരുന്നും പോലെ കഞ്ചാവും നിങ്ങൾക്കു മേൽ പിടി മുറുക്കുന്നു. ഉദ്ദിഷ്ടഫലം കിട്ടാൻ നിങ്ങൾക്കതിന്റെ അളവു കൂട്ടേണ്ടി വരുന്നു. കഞ്ചാവു വലി നിർത്തുന്നവരാവട്ടെ, ആസക്തി, ദഹനക്കുറവ്, ഉറക്കമില്ലായ്മ, തൂക്കക്കുറവ്, അക്രമസ്വഭാവം/അക്ഷമ, അസ്വസ്ഥത, വിചിത്രസ്വപ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. പുകവലി നിർത്തുമ്പോഴുണ്ടാകുന്ന അതേ അസ്വാസ്ഥ്യമാണ്‌ കഞ്ചാവു വലി നിർത്തുന്നവരിലും ഉണ്ടാകുന്നത്..

സ്കങ്കും മറ്റു കടുത്ത ഇനങ്ങളും

സാധാരണകഞ്ചാവിൽ THCയുടെ അളവ് ഒന്നു മുതൽ പതിനഞ്ചു വരെ ശതമാനമാണ്‌. സ്കങ്ക് തുടങ്ങിയ പുത്തൻ ഇനങ്ങളിൽ ഇത് ഇരുപതു ശതമാനം വരെ പോകാം. ത്വരിതഗതിയിലാണ്‌ ഇവയുടെ പ്രവർത്തനം. അതു നിങ്ങളെ മായക്കാഴ്ചകളിലേക്കു കൊണ്ടുപോകുന്നു, എന്തെന്നില്ലാത്തൊരു പ്രശാന്തിയും പ്രഹർഷവും നിങ്ങൾക്കനുഭവമാകുന്നു. ഒപ്പം അതു നിങ്ങളുടെ ധൈര്യം ചോർത്തിക്കളയുന്നു, നിങ്ങളെ ഉത്കണ്ഠയിലേക്കു തള്ളിയിടുന്നു, ഛർദ്ദിക്കാനും വാരിവലിച്ചു തിന്നാനും നിങ്ങൾക്കു തോന്നുകയും ചെയ്യുന്നു. കഞ്ചാവിലെ താഴ്ന്ന അളവിലുള്ള THC ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുമെങ്കിലും കൂടുതലായാൽ അത് ഉത്കണ്ഠ കൂട്ടുകയേയുള്ളു.

ബ്രിട്ടണിലെ തെരുവുകളിൽ ഇപ്പോൾ ഏറെയും വില്ക്കുന്നത് THC കൂടുതലുള്ള സ്കങ്ക് പോലെയുള്ള കഞ്ചാവിനങ്ങളാണെന്നും പഠനം തെളിയിക്കുന്നുണ്ട്. സ്കങ്കുകൾ വീടുകളിലാണ്‌ കൂടുതലായും വളർത്തപ്പെടുന്നത്. അങ്ങനെ കൗമാരപ്രായക്കാർ ഉൾപ്പെടെ മിക്കവരും ആദ്യത്തെ ഉപയോഗത്തിൽ തന്നെ കൂടിയ അളവിലുള്ള THCയിൽ നിന്നാണ്‌ തുടങ്ങുന്നത്. കഞ്ചാവാണ്‌ തങ്ങളുടെ മുഖ്യപ്രശ്നമെന്ന് ഒരു രോഗിയും എന്നോടു പരാതി പറഞ്ഞിട്ടില്ല. പലതരം മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിൽ ഒന്നു മാത്രമായിട്ടാണ്‌ അതിന്റെ സ്ഥാനം. മിക്കവരും സ്കങ്ക് എന്ന കടുത്ത തരം കഞ്ചാവാണ്‌ ഉപയോഗിച്ചിരുന്നത്.

കഞ്ചാവുപയോഗിക്കുന്നതു കൊണ്ടുള്ള പ്രശ്നങ്ങൾ

കഞ്ചാവുപയോഗിക്കുന്ന മിക്കവരും അതാസ്വദിക്കുന്നവരുമാണ്‌. സാധാരണജീവിതം തുടർന്നുപോകുന്നതിൽ അവർക്കതൊരു വിഘാതമായി തോന്നാറുമില്ല.

കഞ്ചാവ് ഒരു പ്രശ്നമാകുന്നത് അതു നമ്മുടെ ജീവിതത്തെയും ചിന്തകളെയും നിയന്ത്രിക്കാൻ തുടങ്ങുമ്പോഴാണ്‌, നമ്മുടെ ആഗ്രഹങ്ങൾ അതിനെ മാത്രം വലം വച്ചു തുടങ്ങുമ്പോഴാണ്‌- അതു വാങ്ങുക, വില്ക്കുക, എപ്പോഴും അതിന്റെ ലഹരി വിടാതെ നോക്കുക- മനസ്സിൽ അതു മാത്രമാവുമ്പോൾ നമുക്ക് മറ്റെന്തിലുമുള്ള താല്പര്യം നശിച്ചുപോകുന്നു.

കഞ്ചാവിന്റെ ഉപയോഗം ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നമായിട്ടുണ്ടോ എന്നു കണ്ടുപിടിക്കാൻ  ഞാനുപയോഗിക്കുന്ന ഒരു ചോദ്യാവലി താഴെ കൊടുക്കുന്നു. ഒരു ചോദ്യത്തിനെങ്കിലും ഉത്തരം അതെ/ഉണ്ട് എന്നാണെങ്കിൽ കഞ്ചാവ് നിങ്ങൾക്കൊരു പ്രശ്നമായിട്ടുണ്ടെന്നു വരാനാണു സാദ്ധ്യത.

1. കഞ്ചാവുവലിയിൽ നിങ്ങൾക്കു രസം കിട്ടാതായിട്ടുണ്ടോ?

2. ഒറ്റയ്ക്കിരുന്നു കഞ്ചാവു വലിക്കുമ്പോൾ നിങ്ങളെന്നെങ്കിലും ഉന്മത്താവസ്ഥയിലേക്കു പോയിട്ടുണ്ടോ?

3. കഞ്ചാവില്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു നിങ്ങൾക്കു സങ്കല്പിക്കാൻ കഴിയാതായിട്ടുണ്ടോ?

4. കൂട്ടുകാരുടെ കാര്യത്തിൽ കഞ്ചാവാണോ നിങ്ങളുടെ തിരഞ്ഞെടുപ്പിനെ നിർണ്ണയിക്കുന്നത്?

5. പ്രശ്നങ്ങളിൽ നിന്നൊഴിഞ്ഞുമാറാനാണോ നിങ്ങൾ കഞ്ചാവ് വലിക്കുന്നത്?

6. വികാരങ്ങളെ നേരിടാൻ വേണ്ടിയാണോ നിങ്ങൾ കഞ്ചാവുപയോഗിക്കുന്നത്?

7. കഞ്ചാവുപയോഗിക്കുമ്പോൾ സ്വന്തമായി സൃഷ്ടിച്ചെടുത്ത ഒരു ലോകത്തിലേക്കു നിങ്ങൾ പോകുന്നുണ്ടോ?

8. കഞ്ചാവുവലി കുറയ്ക്കുമെന്നോ നിർത്തുമെന്നോ പ്രതിജ്ഞ ചെയ്തിട്ട് അതു നിങ്ങൾ പാലിക്കാതിരുന്നിട്ടുണ്ടോ?

9. ഓർമ്മ, ഏകാഗ്രത, പ്രചോദനം മുതലായവയിൽ കഞ്ചാവുപയോഗം ഹാനികരമായി വന്നിട്ടുണ്ടോ?

10. നിങ്ങളുടെ കഞ്ചാവുശേഖരം തീർന്നുവരുന്തോറും അതെങ്ങനെ സംഘടിപ്പിക്കുമെന്നതിനെക്കുറിച്ചു നിങ്ങൾ വേവലാതിപ്പെടാറുണ്ടോ?

11. കഞ്ചാവാണോ നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു?

12. കൂട്ടുകാരോ ബന്ധുക്കളോ എന്നെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോ, കഞ്ചാവുപയോഗം നിങ്ങൾക്കവരുമായുള്ള ബന്ധത്തെ ബാധിക്കുന്നുണ്ടെന്ന്?

ഇനി തികച്ചും വ്യക്തിപരമായഒരു കാര്യം പറയട്ടെ.  ഏഷ്യാക്കാരിയും സ്ത്രീയും മയക്കുമരുന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടില്ല്ലാത്തയാളുമായ ഒരു ഡോക്ടർ എന്ന നിലയ്ക്ക് രോഗികളുമായുള്ള എന്റെ ഇടപെടൽ എന്തുമാത്രം സഫലമായിരിക്കും എന്ന് എനിക്കു സംശയങ്ങളുണ്ടായിരുന്നു. ആ വക സംശയങ്ങളെയൊക്കെ ദൂരീകരിച്ചുകൊണ്ട് എന്റെ രോഗികൾ തങ്ങളുടെ അനുഭവങ്ങൾ എന്നോടു പങ്കു വയ്ക്കാനും എന്നെ പഠിപ്പിക്കാനുംവ്യഗ്രത കാട്ടുകയാണുണ്ടായത്. ഞാൻ അവർക്കു മേലേയല്ല എന്ന എന്റെ നിലപാട് ഞങ്ങൾക്കിടയിലെ മഞ്ഞുരുക്കത്തിനും അതുവഴി അവരുമായി നല്ലൊരു കൊടുക്കൽ വാങ്ങൽ ബന്ധം സ്ഥാപിക്കാനും സഹായകമായി. ഞാൻ അവർക്കു കാതു കൊടുത്തപ്പോൾ അവരെന്നെ വിശ്വാസത്തിലെടുക്കാനും തയാറാവുകയായിരുന്നു. ആ അനുഭവങ്ങൾ തുടക്കത്തിൽ പറഞ്ഞപോലെ മറ്റൊരു ലേഖനത്തിനുള്ള സാമഗ്രികളായി മാറ്റിവയ്ക്കട്ടെ.

ഇംഗ്ലൻഡിലെ നാഷണൽ  ഹെൽത്ത് സർവീസിൽ സീനിയർ സൈക്യാട്രി കൺസൾട്ടന്റാണു ഡോ. സീന പ്രവീൺ.

Comments

comments