കനാബീസ് കഞ്ചാവ്

കേരളത്തിലെ ഏറ്റവും സുലഭമായ ലഹരിപദാർത്ഥം ആണ് കഞ്ചാവ്. ഇതിന്റെ ഇലയോ തണ്ടോ ഉണക്കി പൊടിച്ച രൂപത്തില്‍ ആണ് ഇത് ഏറ്റവും അധികം ലഭ്യമായിട്ടുള്ളത്. കഞ്ചാവ് ചെടിയുടെ മൊട്ടുകളില്‍  മറ്റു ഭാഗങ്ങളില്‍ ഉള്ളതിനേക്കാകൂടുതല്‍ ലഹരി അടങ്ങിയിരിക്കുന്നു. പുകയിലയുമായി കലർത്തി  പുകവലിച്ചാണ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്.

ഹ്രസ്വകാല അനുഭവങ്ങള്‍ (Short term effects):- ഉപയോക്താവിന് പിരിമുറുക്കം ഇല്ലാത്ത ശാന്തമായ അവസ്ഥയിലെക്കെത്താന്‍ സാധിക്കുന്നു. കൂടാതെ ദീർഘമായ ചിരി, സംസാരം തുടങ്ങിയ അവസ്ഥയിലേക്കും എത്തുന്നു.

പ്രശ്നങ്ങള്‍ (After effects) – ദീർഘകാല ഉപയോഗം ഉപയോക്താവിനെ ഉത്കണ്ഠാലുവും മനോവിഭ്രാന്തിയുള്ള ആളും ആക്കി തീർക്കുന്നു. മറവി ബാധിക്കുക എന്നത് ഈ ലഹരി മൂലം ഉണ്ടാകുന്ന മറ്റൊരു പ്രശ്നം ആണ്.

എല്‍.എസ്.ഡി (ലിസെർജിക്  ആസിഡ് ഡൈഎതിലമൈട്)

ഏറ്റവും അറിയപ്പെടുന്ന  ഹാലുസിനോജെനുകളില്‍ ഒന്നാണ് എല്‍.എസ്.ഡി. ആകർഷകമായ ഡിസൈനുകളോട് കൂടിയ ചെറിയ ചതുരാകൃതിയുള്ള കടലാസുകള്‍ ആയാണ് ഇത് വിൽക്കപ്പെടുന്നത്. നേരെ വായിലൂടെ ശരീരത്തില്‍ എത്തിക്കുന്നഎല്‍.എസ.ഡി യുടെ ഫലങ്ങള്‍ അനുഭവിക്കാന്‍ അര മണിക്കൂറോളം നേരമെടുക്കും. ഇതിന്റെ ഫലങ്ങള്‍ പന്ത്രണ്ടു മണിക്കൂറോളം നിലനിൽക്കുകയും ചെയ്യുന്നു.

ഹ്രസ്വകാല അനുഭവങ്ങള്‍ (Short term effects):- ഈ ലഹരി ഉപയോഗിക്കുന്ന ആളിന്റെ ദൃശ്യാ-ശ്രവ്യാനുഭവങ്ങളെ മാറ്റി മറിക്കുന്നു. വർദ്ധിച്ച സ്വയംബോധവും ഹാലുസിനേഷനും ഉണ്ടാക്കുന്നു.

പ്രശ്നങ്ങള്‍ (After effects)  ശരിയല്ലാത്ത രീതിയിലുള്ള ഉപയോഗം ഭീതിയുളവാക്കാന്‍ സാധ്യതയുണ്ട്. ഉപയോക്താക്കൾക്ക്ഉത്കണ്ഠയുണ്ടാകുവാനും അപകടങ്ങള്‍ സംഭവിക്കാനും ഉള്ള സാധ്യതയുണ്ട്.

എം.ഡി.എം.എ (എക്സ്ടസി)

ഡാൻസ് മ്യൂസിക് ക്ലബ് സംസ്കാരവുമായി ഏറ്റവും അധികം ബന്ധപ്പെട്ടു കിടക്കുന്ന ലഹരി പദാർത്ഥം  ആണ് എം.ഡി.എം.എ (3,4-methylenedioxy-methamphetamine). ഊരർജവും സന്തോഷവും നിലനിർത്തിക്കൊണ്ട് മണിക്കൂറുകളോളം ഡാൻസ്ചെയ്യാന്‍ ആണ് പ്രധാനമായും ഈ ലഹരിവസ്തു ഉപയോഗിക്കുന്നത്. അര മണിക്കൂര്‍ കൊണ്ട് അനുഭവിക്കാന്‍ കഴിയുന്ന ലഹരിയുടെ ഫലങ്ങള്‍ മൂന്നു മുതല്‍ ആറു മണിക്കൂര്‍ വരെ നിലനില്ക്കുന്നു.

ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects): – ഈ ലഹരി ഉപയോഗിക്കുന്ന ആളിന് തന്റെ ഊർജഅനില ഉയർന്നതായി അനുഭവപ്പെടുകയും തന്റെ ചുറ്റുമുള്ള നിറങ്ങള്‍ കൂടുതല്‍ തീവ്രമായി അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ തന്റെ കൂടെ ഉള്ളവരോട് അമിതമായി സ്നേഹം പ്രകടിപ്പിക്കുന്നു.

പ്രശ്നങ്ങള്‍ (After effects) :-  കൈകാലുകൾക്കും  താടിയെല്ലിനും  കാഠിന്യം കൂടുക, ശരീരോഷ്മാവ് വർദ്ധിക്കുക തുടങ്ങിയ അനുഭവങ്ങള്‍ ഉണ്ടാകുന്നു. എം.ഡി.എം.എ ഉപയോഗം ശരീരോഷ്മാവ് കൂടാനും  നിർജലീകരണത്തിനും  കാരണമാവുകയും  അത് മൂലം ഹൃദയസ്തംഭനം വന്നു മരണപ്പെടാനും ഉള്ള സാധ്യതയുണ്ട്.

ഹെറോയിന്‍:-

കറുപ്പ് ചെടിയില്‍ നിന്നും വേർതിരിച്ചെടുക്കുന്ന മോർഫീന്‍ എന്ന പദാർത്ഥത്തില്‍ നിന്നാണ് ഹെറോയിന്‍ ഉണ്ടാക്കുന്നത്. വെള്ള, ഗ്രേ അല്ലെങ്കില്‍ ബ്രൌണ്‍ പൊടികളുടെ രൂപത്തില്‍ ആണ് ഹെറോയിന്‍ ലഭിക്കുന്നത്. പുകവലിച്ചോ, സിരകളിലേക്ക് കുത്തിവെച്ചോ മൂക്കിലേക്ക് നേരിട്ട് വലിച്ചോ ആണ് ഇതുപയോഗിക്കുന്നത്.

ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects):- ചെറിയ അളവില്‍ ഹെറോയിന്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് അത് ഉത്സാഹവും മാനസികവും ശാരീരികവും ആയ വേദനകളില്‍ നിന്ന് താല്ക്കാലികമോക്ഷവും നല്കുന്നു. വലിയ ഡോസില്‍ ഉള്ള ഉപയോഗം ഉറക്കവും ശാന്തതയും പ്രദാനം ചെയ്യുന്നു.

പ്രശ്നങ്ങള്‍ (After effects) :- തുടക്കക്കാരില്‍ ഛർദ്ദിയും തലകറക്കവും ഉണ്ടാക്കുന്നു. ഏറ്റവും ആസക്തി ഉണ്ടാക്കുന്ന ലഹരികളില്‍ ഒന്നാണ് ഹെറോയിന്‍. ഹെറോയിന്‍ ഓവര്‍ഡോസ് വ്യക്തിയെ കോമയില്‍ എത്തിക്കാനോ മരണത്തിനു തന്നെയോ കാരണമാകുന്നു. വിറയലും വിയർക്കലും ആണ് പ്രധാനപ്പെട്ട വിത്ത്ഡ്രോവല്‍  ലക്ഷണങ്ങള്‍.

ആംഫറ്റമൈൻസ്:-

ക്ലബ്ബുകള്‍, പാർട്ടികള്‍,പരീക്ഷ സമയങ്ങള്‍ തുടങ്ങി കൂടുതല്‍ ഊർജം ആവശ്യമുള്ള സന്ദർഭങ്ങളില്‍ യുവാക്കള്‍ ഉപയോഗിക്കുന്ന ലഹരിയാണ് ആംഫറ്റമൈന്സ്. സ്പീഡ്എന്ന പേരിലാണ്  ആംഫറ്റമൈൻസ് ഏറ്റവും കൂടുതലായി ലഭ്യമായിട്ടുള്ളത്.

ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects) :- ആംഫറ്റമൈൻ ഉപയോക്താക്കളെ കൂടുതല്‍ ഊർജിതരും ഉത്തേജിതരും ആക്കി മാറ്റുന്നു. വിശപ്പ്‌ ശമിപ്പിക്കാന്‍ കഴിവുള്ളത് കൊണ്ട് ഡയറ്റിംഗ് ആവശ്യത്തിനും ഇതുപയോഗിക്കുന്നവരുണ്ട്. വ്യക്തികളെ അമിതമായി റിയാക്ടീവ് ആക്കുവാന്‍ ഉള്ള കഴിവും ഈ ലഹരിക്കുണ്ട്.

പ്രശ്നങ്ങള്‍ (After effects) :- മനോനിലയില്‍ ചാഞ്ചാട്ടം ഉണ്ടാവുക, ക്ഷീണം, ഉറക്കമില്ലായ്മ , ശരീരോർജം കുറയുക തുടങ്ങിയ പാർശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാണ് ഈ ലഹരി. ദീർഘകാല ഉപയോഗം ഒരാളില്‍ വിഷാദരോഗവും മനോവിഭ്രാന്തിയും ഉണ്ടാക്കുന്നു. ഇതിന്റെ അമിതോപയോഗം ഒരാളുടെ ഹൃദയത്തില്‍ പിരിമുറുക്കം സൃഷ്ടിക്കുകയും ഹൃദയസംബന്ധിയായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

കൊക്കെയ്ന്‍:-

കൊക്ക ചെടിയില്‍ നിന്നും വേർതിരിച്ചെടുക്കുന്ന ലഹരി പദാർത്ഥം ആണ് കൊക്കെയ്ന്‍. വെളുത്ത പൊടിയുടെ രൂപത്തില്‍ ആണ് കൊക്കെയ്ന്‍ ലഭിക്കുന്നത്. സാധാരണയായി നേരെ  മൂക്കിലേക്ക് വലിച്ചോ അല്ലെങ്കില്‍ രക്തത്തിലോട്ട് കുത്തിവേച്ചോ  ആണ് ഇതുപയോഗിക്കുന്നത്.

ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects):-കൊക്കെയ്ന്‍ ഉപയോഗിക്കുന്നവർക്ക്   തങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവര്‍ ആയും ശക്തരായും മാറി എന്ന തോന്നല്‍ ഉണ്ടാകുന്നു. ചില ആളുകള്‍ അമിത ആത്മവിശ്വാസം ഉള്ളവരും ധാർഷ്ട്യം  ഉള്ളവരും ആയിത്തീരുകയും അപകടകരമായ പ്രവൃത്തികളില്‍ ഏർപ്പെടുകയും ചെയ്യുന്നു.

പ്രശ്നങ്ങള്‍ (After effects):- ശരീരോഷ്മാവ് ഉയരാനും ഹൃദയമിടിപ്പ്‌ കൂടാനും  കാരണമാകുന്നു. വിശപ്പിനെ ഇല്ലാതാക്കുന്നു. ഉപയോക്താക്കളില്‍ ആസക്തി വർദ്ധിപ്പിക്കുകയും ലഹരിക്ക്  വേണ്ടി അലഞ്ഞു നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കൊക്കെയ്ന്റെ ഉയർന്ന  വില മൂലം ലഹരിലഭ്യതക്ക് വേണ്ടി ആളുകള്‍  ക്രിമിനല്‍ പ്രവൃത്തികളില്‍ ഏർപ്പെടുന്നു.

സോൾവെന്റുകൾ (വോളറ്റൈല്‍ പദാർത്ഥങ്ങള്‍)

കൌമാരപ്രായക്കാര്‍ ആണ് ഈ ലഹരി ഏറ്റവും അധികമായി ഉപയോഗിക്കുന്നത്. അപ്രതീക്ഷിതമായി മരണം സംഭവിക്കാന്‍ വരെ ഈ ലഹരിയുടെ ഉപയോഗം കാരണമാകും എന്നതിനാല്‍ ഇത് വളരെ അപകടകരമായ ഒന്നാണ്. നെയില്‍ വാർണീഷ് റിമൂവറുകള്‍, എയറോസോളുകള്‍, ബ്യൂട്ടീന്‍ ഗ്യാസ് തുടങ്ങിയ വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന വോളറ്റൈല്‍ പദാർത്ഥങ്ങള്‍ ശ്വസിച്ചോ നേരെ മൂക്കിലേക്ക് വലിച്ചോ ആണ് ഇത് ഉപയോഗിക്കുന്നത്.

ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects):- ശരീരത്തിന് ഭാരം കുറഞ്ഞതായി അനുഭവപ്പെടുക, തലകറക്കം അനുഭവപ്പെടുക, മദ്യപിച്ചതുപോലെ പെരുമാറുക തുടങ്ങിയവയാണ് പ്രധാനമായ അനുഭവങ്ങള്‍. ചില ആളുകൾക്ക്  ഹാലുസിനേഷൻ  ഉണ്ടാകാന്‍ ഉള്ള സാധ്യതയും ഉണ്ട്.

പ്രശ്നങ്ങള്‍ (After effects):- ഛർദ്ദിയും മോഹലസ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചില സമയങ്ങളില്‍ അത് ഹൃദയത്തെ ബാധിക്കുവാനും തന്മൂലം മരണം തന്നെ ഉണ്ടാകാനും സാധ്യതയുണ്ട്.

മാജിക് മഷ്രൂമുകള്‍ :-

മാജിക് മഷ്രൂമുകള്‍ ഒരു പ്രകൃതിദത്ത  ലഹരിപദാർത്ഥമാണ്. ഹാലുസിനെഷന്‍ ഉണ്ടാക്കുന്ന എല്ലാ കൂണുകളെയും ചേർത്ത് പൊതുവായി വിളിക്കുന്ന പേരാണ് മാജിക് മഷ്രൂമുകള്‍. ശരത് കാലങ്ങളില്‍ മാത്രം ലഭ്യമായ ഈ കൂണുകള്‍ പച്ചയായോ പാചകം ചെയ്തോ, ചായ ആക്കിയോ  ഒക്കെയാണ് ഉപയോഗിക്കപ്പെടുന്നത്. 20  കൂണുകള്‍ ആണ് ഒരു ഡോസ്.

ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects) : ഹാലുസിനേഷനു കാരണമാകുന്നു. വർണ‍ങ്ങള്‍, ശബ്ദം, വസ്തുക്കള്‍ എന്നിവ യാഥാർത്ഥ്യത്തില്‍ നിന്നും വിഭിന്നമായി അനുഭവപ്പെടുന്നു. ചലനത്തിന്റെയും പ്രതികരണത്തിന്റെയും വേഗതയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.

പ്രശ്നങ്ങള്‍ (After effects):- പ്രകൃതിദത്ത ലഹരി ആയതിനാല്‍ കൂണുകള്‍ ശേഖരിക്കുനതിനിടയില്‍ വിഷാംശമുള്ള കൂണുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ അവയുടെ ഉപയോഗം മരണകാരണം വരെയാകാം. ക്രമരഹിതമായ ചലനങ്ങളും ക്ഷീണവും ഉണ്ടാകാം. ചില ആളുകൾക്ക് വയറുവേദനയും വയറിളക്കവും ഉണ്ടാകുന്നു.

കറ്റമൈന്‍:- (ഗ്രീന്‍ കെ,സ്പെഷ്യല്‍ കെ ,സൂപര്‍ കെ)

മെഡിക്കല്‍ ഉപയോഗങ്ങള്‍ കൂടിയുള്ള, വെളുത്ത ക്രിസ്റ്റല്‍ പൊടിയുടെയോ ഗുളികയുടെയോ രൂപത്തില്‍ ലഭിക്കുന്ന, വീര്യമുള്ള ഒരു ബോധഹാരിയാണ്  കറ്റമൈന്‍. ഇതുപയോഗിച്ചാല്‍  ഉണ്ടാകുന്ന അനുഭവങ്ങള്‍ അധികനേരം നീണ്ടു നില്ക്കുന്നതല്ല. എങ്കിലും ലഹരി പൂർണ്ണമായും വിട്ട് മാറുന്നത് വരെ ശരീരത്തിന്റെ സംവേദനക്ഷമത കുറഞ്ഞതായും പേശികള്‍ തളർന്നതായും അനുഭവപ്പെടുന്നു.

ഹ്രസ്വകാല അനുഭവങ്ങള്‍ (Short term effects) :- ഈ ലഹരി ഒരു വേദനസംഹാരിയുടെ ഫലം തരികയും ഉപയോഗിക്കുന്ന വ്യക്തിയുടെ ധാരണകളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. ചെറിയ ഡോസുകള്‍ വ്യക്തിയുടെ ഊർജനില  ഉയർത്തുകയും വലിയ ഡോസുകള്‍ ഹാലുസിനേഷനു കാരണമാകുകയും ചെയ്യുന്നു.

പ്രശ്നങ്ങള്‍ (After effects):- ശരീരത്തിന് മരവിപ്പും അപ്രതീക്ഷിതമായ പേശീചലനങ്ങളും പനിയും ഉണ്ടാകുന്നു. ഉയർന്ന ഡോസുകള്‍ ആളിനെ അബോധാവസ്ഥയില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്. ഉപയോക്താവില്‍ ആശയക്കുഴപ്പം, വ്യാകുലത, ഹൃദയസ്തംഭനം, ഓർമകൾക്ക്  ക്ഷതം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഈ ലഹരി കാരണമാകുന്നു.

കറുപ്പ്:-

ഒപ്പിയം പോപ്പി എന്ന ചെടിയില്‍ നിന്ന് ലഭിക്കുന്ന കറ ഉണക്കിയാണ് കറുപ്പ് (Opium)  ഉണ്ടാക്കുന്നത്. കറുപ്പില്‍ നിന്നും കൃത്രിമമായി മോർഫീന്‍ പോലുള്ള ലഹരി വേർതിരിച്ചെടുക്കാന്‍ തുടങ്ങിയതോടെ കറുപ്പിന്റെ ഉപയോഗത്തില്‍ ഇടിവുണ്ടായിട്ടുണ്ട്.

ഹ്രസ്വകാല അനുഭവങ്ങള്‍(Short term effects) :-  ഈ ലഹരിയുടെ ഉപയോഗം അതീവസന്തോഷം നിറഞ്ഞ അനുഭവം ഉണ്ടാക്കുന്നു. ഉപയോക്താവില്‍ ഉറക്കം തൂങ്ങിയ അവസ്ഥ, ശാന്തത എന്നിവ ഉണ്ടാക്കുന്നു. ഉപയോഗിക്കുന്ന അളവ് കൂടുന്നതിനനുസരിച്ചും വ്യക്തികളെ അനുസരിച്ചും ഈ അനുഭവങ്ങള്‍ മാറിയും മറിഞ്ഞുമിരിക്കുന്നു.

പ്രശ്നങ്ങള്‍ (After effects): – കറുപ്പിന്റെ ഉപയോഗം ഉത്കണ്ഠ കൂട്ടുവാനും, ശരീരഭാരം നഷ്ടപ്പെടാനും, മാനസികമായ തകർച്ചയ്ക്കും കാരണമാകുന്നു. ഓവര്‍ ഡോസുകള്‍ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാനും, ശ്വാസോച്ച്വാസത്തിന്റെ വേഗത കുറയ്ക്കാനും, പിന്നീട് മരണത്തിനു വരെയും കാരണമാകുന്നു.
———————
അവലംബം: http://www.familylives.org.uk/
വിവർത്തനം: മുഹമ്മദ് ജുനീം

 

 

 

Comments

comments