സാമൂഹിക സമത്വംഎന്ന ആശയം പ്രായോഗികമാക്കുന്നതിൽ വൈമുഖ്യം കാട്ടുന്ന കേരള സമൂഹത്തിന് ലൈംഗിക അസമത്വത്തെ അഭിമുഖീകരിക്കാൻ ശേഷിയില്ലാത്തതിൽ അത്ഭുതപ്പെടാനില്ല. ചില ആരാധനാലയങ്ങളിലെ ശില്പങ്ങളിൽ സ്വവർഗ്ഗ ലൈംഗികത ചിത്രീകരിച്ചിട്ടുള്ളതിൽ നിന്ന് പ്രാചീനഭാരതീയർ അത് നിഷിദ്ധമായി കരുതിയിരുന്നില്ലെന്ന് കരുതാവുന്നതാണ്. ഒരുകാലത്ത് യൂറോപ്പിലും സമാന സാഹചര്യങ്ങൾ നിലനിന്നിരുന്നു. ചില പ്രാചീന റോമാചക്രവർത്തിമാർ സ്വവർഗ്ഗ വിവാഹത്തിൽ ഏർപ്പെട്ടിരുന്നത്രെ. നാലാം നൂറ്റാണ്ടിൽ റോമിലെ ക്രൈസ്തവ ചക്രവർത്തി സ്വവർഗ്ഗ വിവാഹം നിരോധിച്ചുകൊണ്ട് നിയമമുണ്ടാക്കിയതിൽ നിന്ന് അതിനുമുമ്പ് അത് നിലവിലുണ്ടായിരുന്നെന്ന് വ്യക്തമാണ്. ജൂതർ സ്വവർഗ്ഗരതിയെ ദൈവശിക്ഷ അർഹിക്കുന്ന പാപമായി മുദ്രകുത്തി. സോഡോം, ഗൊമോറിയ എന്നിവിടങ്ങളിലെ ജനങ്ങൾ അത്തരം പാപങ്ങൾ ചെയ്തതിനാൽ ദൈവം ആ നഗരങ്ങൾ നശിപ്പിച്ചതായി ബൈബിളിൽ പറയുന്നു. ജൂത-ക്രൈസ്തവ പാരമ്പര്യത്തെ പിന്തുടർന്ന് ഇസ്ലാമും സ്വവർഗ്ഗരതി പ്രകൃതിവിരുദ്ധമായി പ്രഖ്യാപിച്ചു. ആധുനിക കാലത്ത് അത് ചികിത്സിച്ച് ഭേദപ്പെടുത്തേണ്ട രോഗമാണെന്ന അഭിപ്രായവും ഉയർന്നു വന്നു. മതങ്ങൾക്കൊ വൈദ്യശാസ്ത്രത്തിനൊ അതു ഇല്ലാതാക്കാനായില്ല.
ബ്രിട്ടീഷുകാർ സ്വന്തം നാട്ടിലെന്ന പോലെ ഇന്ത്യയിലും സ്വവർഗ്ഗരതി കുറ്റകരമാക്കി. എന്നാൽ രണ്ടിടത്തും നിയമനടപടി ആകർഷിക്കാതെ അത് രഹസ്യമായി തുടർന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു അല്പം മുമ്പ് നടത്തിയ ഒരു പഠനത്തിൽ ഇപ്പോൾ പാകിസ്ഥാന്റെ ഭാഗമായ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയും മലബാറും സ്വവർഗ്ഗരതി കൂടുതലുള്ള പ്രദേശങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.
സ്വവർഗ്ഗ ലൈംഗികാഭിമുഖ്യം അസ്വാഭാവികമല്ലെന്ന ചിന്ത അടുത്ത കാലത്ത്ശക്തിപ്പെടാൻ തുടങ്ങി. തുടർന്ന് ചില പാശ്ചാത്യരാജ്യങ്ങളിൽ സ്വവർഗ്ഗാനുരാഗികൾ തങ്ങളുടെ വ്യത്യസ്ത ലൈംഗിക താല്പര്യം പരസ്യപ്പെടുത്തുകയും നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡെൻ‌മാർക്ക് 1989-ൽ സ്വവർഗ്ഗ ബന്ധം രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥ ചെയ്തു. നെതർലാൻഡ്സ് 2001-ൽ സ്വവർഗ്ഗ വിവാഹം അനുവദിക്കുന്ന ആദ്യ രാജ്യമായി. കഴിഞ്ഞ 14 വർഷങ്ങളിൽ 20 രാജ്യങ്ങൾ അത് നിയമവിധേയമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ആ പട്ടികയിൽ കടന്നുകൂടിയത് അമേരിക്കയാണ്. ഏതാനും ദിവസം മുമ്പ് സുപ്രീംകോടതി ഇക്കാര്യത്തിൽ നേരത്തെ എടുത്തിരുന്ന നിലപാട് ചരിത്രവിധിയിലൂടെ തിരുത്തിയതിന്റെ ഫലമായി രാജ്യമൊട്ടുക്ക് ആൺ-ആൺ, പെൺ-പെൺ വിവാഹങ്ങൾ സാദ്ധ്യമായിട്ടുണ്ട്. കേസ് പരിഗണിച്ച ജഡ്ജിമാരിൽ നാലു പേർ എതിർപ്പു പ്രകടിപ്പിച്ചപ്പോൾ അഞ്ചു പേർ അനുകൂലിച്ചു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ 37-ഉം തലസ്ഥാനം സ്ഥിതി ചെയ്യുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും നേരത്തെ തന്നെ സ്വവർഗ്ഗ വിവാഹം അനുവദിച്ചിരുന്നു. ഒരു അഭിപ്രായ വോട്ടെടുപ്പിൽ 61 ശതമാനം പേർ സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ചതാണ് ഭൂരിപക്ഷം ജഡ്ജിമാരെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്.
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഏഷ്യയിൽ നിന്ന് ഒന്നുപോലുമില്ല. യാഥാസ്ഥിതിക പുരുഷമേധാവിത്വത്തെ മറികടക്കാൻ പോരുന്ന ഉദാരത ഈ ഭൂഖണ്ഡത്തിന് അന്യമാണല്ലൊ.
ലൈംഗിക സമത്വം മനുഷ്യാവകാശമാണ്. തങ്ങൾ ചിന്തിക്കുന്നതുപോലെ ചിന്തിക്കുകയും തങ്ങൾ പ്രവർത്തിക്കുന്നതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നവർ മാത്രമെ അവകാശങ്ങൾ അർഹിക്കുന്നുള്ളെന്ന സങ്കുചിതവും ജനാധിപത്യവിരുദ്ധമായ മനോഭാവം മൂലമാണ് പലർക്കും ഭിന്നലൈംഗികത അടിസ്ഥാനപരമായി മനുഷ്യാവകാശ പ്രശ്നമാണെന്ന് തിരിച്ചറിയാൻ കഴിയാത്തത്.

 

Comments

comments