1999 ലാണ് ഞാന്‍ കാനഡയില്‍ നിന്ന് കേരളത്തിലേക്കു വരുന്നത്. അവിടെ ഒരു സ്ത്രീപ്രസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഗാര്‍ഹികപീഢനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘടനയില്‍ കൗണ്‍സിലറായും ജോലി ചെയ്തിരുന്നു. മലയാളികളായ അച്ഛനമ്മമാരുടെ മകളായിരുന്നു ഞാനെങ്കിലും ജനിച്ചു വളര്‍ന്നത് കാനഡയിലായിരുന്നു. കേരളത്തിലേക്കു വരുമ്പോള്‍ എനിക്ക് മലയാളഭാഷയോ ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ചോ കാര്യമായൊന്നും അറിയില്ലായിരുന്നു. അവിടെവെച്ച് വെസ്റ്റേണ്‍ ഫിലോസഫിയും സാഹിത്യവും പഠിച്ചിട്ടുണ്ടായിരുന്നു. എനിക്ക് കേരളത്തിലെ സംസ്‌കാരത്തെക്കുറിച്ച് മനസ്സിലാക്കണം എന്നുണ്ടായിരുന്നു. ഞാനെന്റെ വളര്‍ച്ചയില്‍ ഈ നാടിന്റെ സ്വാധീനംകൂടി ആഗ്രഹിച്ചു. അങ്ങനെയാണ് വാന്‍കൂവറിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരുന്നത്.
അതിനു മുന്‍പും ഞാന്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അതൊക്കെ വീട്ടുകാരുടെ ഒപ്പമായിരുന്നു. സുരക്ഷിതമായ വരവുകളായിരുന്നു അതൊക്കെ. എവിടെ പോകണം, ആരുമായി ഇടപഴകണമെന്നൊക്കെ വീട്ടുകാരും ബന്ധുക്കളും തീരുമാനിക്കുന്ന യാത്രകള്‍. സ്വയം വെളിപ്പെടുത്താനോ, നമ്മുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സഞ്ചരിക്കാനോ കഴിയുമായിരുന്നില്ല. എന്റെ സാമ്പത്തിക അവസ്ഥയിലുള്ളവരുമായുള്ള ഔപചാരികമായ ഇടപഴകലുകള്‍. മറ്റൊരു കേരളത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. ഇവിടെവരുമ്പോള്‍ എന്തെങ്കിലും ക്ലാസിക്കല്‍ ആര്‍ട്ട് പഠിക്കണമെന്നും ഞാന്‍ ആലോചിച്ചിരുന്നു. കാനഡയില്‍ എനിക്ക് ഒരു ക്വിയര്‍ ഐഡന്റിറ്റി ഉണ്ടായിരുന്നു. അത്തരം ആളുകള്‍ എങ്ങിനെയാണ് കേരളത്തില്‍ ജീവിക്കുന്നതെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു. ക്വിയര്‍ വ്യക്തിത്വങ്ങളായ പലരും അടുത്ത സുഹൃത്തുക്കളായി എനിക്ക് കാനഡയില്‍ ഉണ്ടായിരുന്നു. ഇവിടെയാകട്ടെ ഞാന്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. സ്ത്രീവിമോചനാശയങ്ങളുമായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കണ്ടുമുട്ടാനും സംസാരിക്കാനുമുള്ള ശ്രമങ്ങളാണ് ആദ്യകാലത്ത് ഞാന്‍ നടത്തിയത്. കേരളം എല്ലാ കാര്യങ്ങളിലും പുരോഗമനപരമായിരിക്കുമെന്ന് ഞാന്‍ കരുതി. കാനഡയില്‍ ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഫെമിനിസ്റ്റു മൂവ്‌മെന്റിന്റെതന്നെ ഭാഗമായിരുന്നു. വേറിട്ടുനില്‍ക്കുന്ന ഒന്നായിരുന്നില്ല. ഫെമിനിസ്റ്റുപ്രസ്ഥാനങ്ങളുടെ ശക്തമായ പിന്തുണ അത്തരം സംഘടനകള്‍ക്ക് ലഭിച്ചിരുന്നു. പക്ഷേ, ആദ്യഘട്ടത്തില്‍ മുഖ്യധാരാ ഫെമിനിസ്റ്റുകളായ ചിലരില്‍നിന്നും ലഭിച്ച പ്രതികരണങ്ങള്‍ നിരാശാജനകമായിരുന്നു. സ്വവര്‍ഗ്ഗ ലൈംഗികത ഒരു മനോവൈകല്യമോ, സ്വഭാവ വ്യതിയാനമോ ആയാണ് പല സോഷ്യല്‍ ആക്ടിവിസ്റ്റുകളും അന്നൊക്കെ കരുതിയിരുന്നത്.
സംഗമ ആ സമയത്ത്ബാംഗ്ലൂരില്‍ ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളു. സംഗമയെക്കൂടാതെ ഡല്‍ഹിയില്‍ ലെസ്ബിയന്‍ സ്ത്രീകള്‍ക്കായി സംഗിനി എന്ന സംഘടന പ്രവര്‍ത്തിച്ചിരുന്നു. ഞാന്‍ പല കമ്യൂണിറ്റി അംഗങ്ങളെയും കണ്ടു സംസാരിച്ചു. ആയിടയ്ക്കാണ് ബാംഗ്ലൂരില്‍ നടന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഒരു വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെടുന്നത്. ഡല്‍ഹിയില്‍ സംഗിനി ലെസ്ബിയന്‍സിനുവേണ്ടിയുള്ള ഒരു ഹെല്‍പ് ലൈന്‍ തുടങ്ങിയിരുന്നു. ഡോ.ജയശ്രീയും മൈത്രേയനും കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. ലെസ്ബിയന്‍, ബൈ സെക്ഷ്വല്‍സ്ത്രീകള്‍ക്കും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടിയുള്ള ഒരു പ്രൊജക്ടിനെക്കുറിച്ച് കേരളത്തിലെ പല സോഷ്യല്‍ ആക്ടിവിസ്റ്റുകളോടും ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു. തിരുവനന്തപുരത്തെ ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫേം, സംഗമ എന്നിവയുടെ സഹായത്തോടെ പത്തുമാസത്തെ ഒരു പ്രൊജക്ടായാണ് സഹയാത്രിക ആദ്യം ആരംഭിക്കുന്നത്. സ്വവര്‍ഗ്ഗ പ്രണയിനികളെ പിന്തുണയ്ക്കാനും പ്രതിസന്ധിഘട്ടങ്ങളില്‍ അവരെ സഹായിക്കാനുമായി ഒരു ഹെല്‍പ്ലൈന്‍ ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. പലരും പൊതു സമൂഹത്തിനു മുന്നിലേക്ക് വരാനോ, ഐഡന്റിഫൈ ചെയ്യാനോ തയ്യാറാകാതിരുന്ന സമയത്ത് അതൊരു പരീക്ഷണമായിരുന്നു.
പെണ്‍കുട്ടികള്‍ ഒരുമിച്ച്ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ ചെറുകോളം വാര്‍ത്തകളായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ‘സമീക്ഷ‘ മാസിക കേരളത്തിലെ ലെസ്ബിയന്‍ ആത്മഹത്യകളെക്കുറിച്ചുള്ള ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. കേരളസമൂഹത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം ഞാന്‍ മനസ്സിലാക്കിവരുന്നതേയുണ്ടായിരുന്നുള്ളു. ആയിടക്കാണ് ഇടുക്കിയില്‍ രണ്ടുപെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത വരുന്നത്. വിവാഹം കഴിച്ച്ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിച്ച ട്രൈബല്‍ വിഭാഗത്തിലെ രണ്ടുപെണ്‍കുട്ടികള്‍. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ ഈ സംഭവം കാരണമായി. എന്തുകൊണ്ടാണ് കേരളത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആത്മഹത്യയിലഭയം തേടുന്നത് എന്ന അന്വേഷണം രാഷ്ട്രീയപ്രധാന്യമുള്ളതായിരുന്നു. സ്ത്രീ ലൈംഗികത, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം ഇങ്ങനെ ഒരു പാടു കാര്യങ്ങളില്‍ കേരളത്തിലെ യഥാര്‍ത്ഥ അവസ്ഥ പുറത്തു കൊണ്ടുവരാന്‍ ഇത്തരം അന്വേഷണങ്ങള്‍ ഉപകരിക്കുമെന്ന് തോന്നി. ഡോ.ജയശ്രി, രേഷ്മ ഭരദ്വാജ്, മീന ഗോപാല്‍ എന്നിവരോടൊപ്പം കേരളത്തിലെ ലെസ്ബിയന്‍ ആത്മഹത്യകളെക്കുറിച്ച് വസ്തുതാന്വേഷണം നടത്തുന്നത് അങ്ങിനെയാണ്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ വീടുകളില്‍ ഞങ്ങള്‍ പോയി. ഒരു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രതികരിച്ചത് “ഇത്തരം ബന്ധത്തേക്കാള്‍ മകള്‍ മരിച്ചുപോകുന്നതാണ് നല്ലതെ”ന്നാണ്. “നിങ്ങള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ മകള്‍ക്ക് മരിക്കേണ്ടിവരില്ലായിരുന്നു”വെന്ന് ഞങ്ങളോട് സങ്കടം പറഞ്ഞ വീട്ടുകാരുമുണ്ടായിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം തേടുകയല്ല, കേരളത്തില്‍ ലെസ്ബിയന്‍സ് ഉണ്ടോയെന്ന സര്‍വേയാണ് ഞങ്ങള്‍ നടത്തുന്നതെന്ന് ധരിച്ചവരും കുറവല്ലായിരുന്നു.
ആദ്യ പ്രോജക്ടിനു ശേഷം രാഷ്ട്രീയ കാരണങ്ങളാല്‍ ഞങ്ങള്‍ ഫണ്ട് വേണ്ടെന്നുവെച്ചു. അപ്പോഴും ലൈംഗികന്യൂനപക്ഷങ്ങളില്‍ പെട്ടവരെ കണ്ടുമുട്ടുന്നതും സംസാരിക്കുന്നതും തുടര്‍ന്നു. ലെസ്ബിയന്‍, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ ആയ പലരും സംഘടനയുടെ സഹായം തേടുകയും അവരുടെ പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും ഞങ്ങള്‍ ഇടപെടുകയും സഹായിക്കുകയും ചെയ്തു. ഈ വര്‍ഷങ്ങളില്‍ പലഘട്ടങ്ങളിലൂടെ സഹയാത്രിക എന്ന സംഘടനയ്ക്ക് കടന്നുപോകേണ്ടിവന്നു; ഫണ്ട് ലഭിക്കുന്ന ഒരു എന്‍.ജി.ഒ. ആയും, ഫണ്ട് ലഭിക്കാതെയും, ഒരു അണ്ടര്‍ഗ്രൗണ്ട് നെറ്റ് വര്‍ക്കായും, അതിന് പ്രവര്‍ത്തിക്കേണ്ടിവന്നു. ഇന്ത്യയിലെ നഗരവത്കൃതമായ പല ലെസ്ബിയന്‍ ഗ്രൂപ്പുകളില്‍ നിന്നു വ്യത്യസ്തമായി സഹയാത്രികയിലേക്കു വന്നവര്‍ കൂടുതലും പിന്നോക്ക – ഇടത്തരം സാമ്പത്തികപശ്ചാത്തലത്തില്‍ നിന്നുള്ളവരായിരുന്നു. പുതുതായി ഞങ്ങളെ തേടിയെത്തുന്നവരുടെ കഥകളും ആത്മഹത്യയിലഭയം പ്രാപിച്ചവരില്‍ നിന്നു വ്യത്യസ്തമായിരുന്നില്ല. ആ അനുഭവങ്ങളൊക്കെ ഞങ്ങളുടെ രാഷ്ട്രീയത്തെ ദൃഢപ്പെടുത്തി. ജെന്‍ഡറോ ലൈംഗികതയോ മാത്രമല്ല വര്‍ഗ്ഗം, മതം, ജാതി എന്നിവയോടൊക്കെ കെട്ടുപിണഞ്ഞതാണ് രാഷ്ട്രീയമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഞങ്ങള്‍ കണ്ടുമുട്ടിയ പലരും ലെസ്ബിയന്‍ ലൈംഗികസ്വത്വമുള്ളവരായിരുന്നില്ല. സ്വയം ട്രാന്‍സ്ജെന്‍ഡറായോ, ആണില്‍ നിന്ന് പെണ്‍ സ്വത്വത്തിലേക്ക് വന്നവരായോ സ്വയം അടയാളപ്പെടുത്തുന്നവരായിരുന്നു. ജെന്‍ഡറിനെക്കുറിച്ച്, ഫെമിനിസത്തെക്കുറിച്ച് ഒക്കെ ഞങ്ങള്‍ മനസ്സിലാക്കി വെച്ചിരിക്കുന്ന ധാരണകളെ ചോദ്യം ചെയ്യാന്‍ ഇതൊക്കെ പ്രേരണയായി. പത്രമാധ്യമങ്ങളിലെ നിരന്തരമായ അപമാനപ്പെടുത്തുന്ന വാര്‍ത്തകളോടുള്ള പ്രതികരണമെന്ന നിലയില്‍ 2004-ഓടെ ഒരു ലെസ്ബിയന്‍ ജോഡി പരസ്യമായി പുറത്തുവരുകയും, അവര്‍ ഫേമിന്റെ സഹായത്തോടെ സ്വന്തമായി ഒരു ഹെല്‍പ് ലൈൻ തുടങ്ങുകയും ചെയ്തു.
2003-2007 വര്‍ഷങ്ങളില്‍ ഔപചാരികമായ ഫണ്ടുകളൊന്നും സഹയാത്രികയ്ക്ക് ലഭിച്ചില്ല. എങ്കിലും സംഘടന നിലനിന്നു. കമ്യൂണിറ്റിയിലേക്കു വന്നുചേര്‍ന്ന ആളുകളും, സഹായത്തിന് സമീപിച്ചവരും സഹയാത്രികയുടെ പേര്‍ ഉപയോഗിച്ചുവന്നു. കുറച്ചുവര്‍ഷങ്ങള്‍ കോട്ടയത്ത് ഞാന്‍ താമസിക്കുന്ന വാടകവീട് സഹയാത്രികയുടെ ഓഫീസ് പോലെയായി മാറി. ലെസ്ബിയന്‍, ബൈ സെക്ഷ്വല്‍ സ്ത്രീകള്‍,ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങള്‍ – പ്രത്യേകിച്ചും പെണ്ണില്‍നിന്നും ആണിലേക്കു മാറിയവര്‍ – പലരും ഷെല്‍ട്ടറായി വീട് ഉപയോഗിച്ചു, അനൗപചാരികമായ കൂടിച്ചേരലുകള്‍നടന്നു. അതിനിടയില്‍ ഞങ്ങള്‍ കേരളത്തില്‍ വളര്‍ത്തിയെടുത്ത രാഷ്ട്രീയ-സൗഹൃദങ്ങളുടെ നെറ്റ് വര്‍ക്കുപയോഗിച്ച് സ്ത്രീകളെയും ട്രാന്‍സ്ജെന്‍ഡറുകളെയും, അവരുടെ പ്രതിസന്ധിഘട്ടങ്ങളില്‍ പിന്തുണക്കുകയും, കഴിയാവുന്ന സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. ചിലപ്പോള്‍ വീട്ടുതടങ്കലില്‍നിന്നോ, നിര്‍ബന്ധിത സൈക്യാട്രിക് ചികിത്സകളില്‍നിന്നോ ഉള്ള മോചനമാകാം, നിയമപരമായസഹായമാകാം, പോലീസ് കേസുകളോ, ഉപജീവനത്തിന്റെ അടിസ്ഥാന കാര്യങ്ങളോ ആകാം. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ വാര്‍ത്തകളുടെ ന്യൂസ് പേപ്പര്‍ക്ലിപുകള്‍ ശേഖരിച്ചു. ചില കോണ്‍ഫ്രന്‍സുകളില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ വെളിപ്പെടുത്തി, പലയിടത്തും യഥാര്‍ത്ഥ അവസ്ഥ അവതരിപ്പിക്കാന്‍ ശ്രമിച്ചു. എച്ച്.ഐ.വി. ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ.കളോ കേരളത്തിലെ മുഖ്യധാരാ സ്ത്രീപ്രസ്ഥാനങ്ങളോ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ മനസ്സിലാക്കാനോ പിന്തുണയ്ക്കാനോ മടിച്ചിരുന്ന ഒരുകാലത്താണ് ഈ പ്രവര്‍ത്തനങ്ങളൊക്കെ ഞങ്ങള്‍ നടത്തിയിരുന്നത്.
2007 ല്‍ ചെറിയ ഒരു ഫണ്ട് ലഭിച്ചുവെങ്കിലും ഓഫീസിന് വാടക കൊടുക്കാനോ ശമ്പളം നല്‍കാനോ അത് തികയുമായിരുന്നില്ല. അതുകൊണ്ട് പാര്‍ക്കുകളിലും ഹോട്ടല്‍മുറികളിലും, സുഹൃത്തുക്കളുടെ വീട്ടിലും യോഗങ്ങള്‍ ചേര്‍ന്നു. 2008 ജനുവരിയിലാണ് ഒരു സ്വതന്ത്ര സംഘടനയായി ‘സഹയാത്രിക‘ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2009 ന് ശേഷം ഒരു ഓഫീസ് ആരംഭിച്ചു. പൊതുബോധം മാറ്റുന്നതിനുവേണ്ടി പരസ്യമായ മീറ്റിങ്ങുകളും, ക്വിയര്‍ സിനിമാഫെസ്റ്റിവലും നടത്തി. ലൈംഗിക സ്വയം നിര്‍ണ്ണയാവകാശ കണ്‍വെന്‍ഷന്റെ സംഘാടനത്തില്‍ പങ്കാളിയായി. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന പല രാഷ്ട്രീയ പൗരാവകാശ പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം പല പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. ഐ.പി.സി. 377 പിന്‍വലിക്കാനുള്ള പ്രചരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ 2010 മുതല്‍ തൃശൂരില്‍ തുടക്കം കുറിച്ച ക്വിയര്‍ പ്രൈഡില്‍ പങ്കാളിയായി. കേരളത്തിലെ സ്ത്രീവാദ പ്രസ്ഥാനങ്ങളുമായും, ദളിത്, യൂത്ത് മൂവ്മെന്റുകളുമായും സൗഹാര്‍ദപരമായ ബന്ധങ്ങള്‍ സ്ഥാപിച്ചു. പിടിച്ചുനില്‍ക്കാനും പരസ്പരം സഹായിക്കാനുമുള്ള ഈ ശ്രമങ്ങള്‍ക്കിടയിലും ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ കൊല്ലപ്പെട്ടു. ഫാമില, സ്വീറ്റ് മരിയ, ദീപു…ഇങ്ങനെ ഞങ്ങള്‍ക്ക് ആത്മബന്ധമുണ്ടായിരുന്നവര്‍, ഞങ്ങളറിയാത്തവരായ മറ്റുചിലര്‍.
ഒരു ക്വിയര്‍ ആക്റ്റിവിസ്റ്റ് എന്നനിലയിലും, ക്വിയര്‍ ഐഡന്റിറ്റിയുള്ള ഒരു വ്യക്തിയെന്ന നിലയിലും മുന്‍വിധികളോടെയുള്ള പല പെരുമാറ്റങ്ങളും എനിക്കു നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും വേര്‍തിരിച്ചാണ് ഞാന്‍ മനസ്സിലാക്കുന്നത്. ലൈംഗികതയെക്കുറിച്ചും ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചും കേരളത്തിലെ പൊതു-രാഷ്ട്രീയ ഇടങ്ങളില്‍ സംസാരിക്കാന്‍ തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ വ്യക്തിപരമായ ഗോസിപ്പുകളും വിമര്‍ശനങ്ങളും എനിക്കുനേരെയുണ്ടായിട്ടുണ്ട്. എന്റെ വിദേശപദവി തന്നെ ചിലര്‍ ചോദ്യം ചെയ്തു. ഞാന്‍ വേണ്ടത്ര ‘പുറത്തുവന്നിട്ടില്ലെ‘ന്ന്, വേണ്ടത്ര ക്വിയര്‍ അല്ലെന്ന്, കടുത്ത ഫെമിനിസ്റ്റാണെന്ന്, ഫെമിനിസ്റ്റുകള്‍ക്ക് സ്വീകാര്യയല്ലെന്ന്…അങ്ങനെയൊക്കെ. ലൈംഗികകടത്തിനുവേണ്ടിയാണ് ഞങ്ങളുടെ സംഘടനയെന്നുപോലും ചിലര്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും വേദനാജനകമായ കുറ്റപ്പെടുത്തലായി തോന്നിയതും അതാണ്. പക്ഷേ, സാവധാനത്തില്‍ LGBT അവകാശങ്ങള്‍ക്കും അതുമായി ബന്ധപ്പെട് ടപ്രശ്‌നങ്ങള്‍ക്കും കൂടുതല്‍ സ്വീകാര്യത കേരളത്തില്‍ ലഭിച്ചുതുടങ്ങിയപ്പോള്‍, ഞാന്‍ കൂടുതല്‍ സ്വീകാര്യയായിത്തീര്‍ന്നു.
തൃശൂരിലെഎന്റെ ഫ്ലാറ്റില്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ തങ്ങുന്ന സമയത്ത് മറ്റു ഫ്ലാറ്റുടമകള്‍ പലപ്പോഴും അസഹ്യത പ്രകടിപ്പിച്ചിട്ടുണ്ട്. അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ട കമ്യൂണിറ്റി അംഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന ഇടവും, തൊഴിലും ഇടയ്ക്കിടക്ക് നഷ്ടമാകുന്നതാണ് ഏറ്റവും വിഷമകരമായ അവസ്ഥ. എന്റെ അപ്പര്‍ക്ലാസ്/ ജാതി/ വിദേശ പശ്ചാത്തലം കാരണം ഒരു ക്വിയര്‍ വ്യക്തി എന്ന നിലയില്‍ താരതമ്യേന കുറഞ്ഞ വിവേചനമേ എനിക്ക് നേരിടേണ്ടിവന്നിട്ടുള്ളു. എനിക്ക് സുരക്ഷിതമാണെന്ന് തോന്നുന്ന രാഷ്ട്രീയ/ ക്വിയര്‍ ഇടങ്ങളില്‍ മാത്രമേ ഞാനെന്റെ ലൈംഗിക സ്വത്വം വെളിപ്പെടുത്തുകയുള്ളു. അതുകൊണ്ടൊക്കെ ഞാന്‍ പൊതുവെ സുരക്ഷിതയായിരുന്നു. ഈ ഉപായം തന്നെയാണ് കേരളത്തിലെ പല ക്വിയര്‍വ്യക്തിത്വങ്ങളും സ്വീകരിക്കുന്നതും. എന്നിരുന്നാലും എന്റെ വ്യത്യസ്തജീവിതവും, പ്രസ്ഥാനത്തിലെ പങ്കാളിത്തവും മൂലം ഒട്ടേറെ അപമാനങ്ങള്‍, ഒരു ലൈംഗികവസ്തുവിനോടെന്നതുപോലുള്ള സമീപനങ്ങള്‍ ഒക്കെ എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഞാന്‍ എന്റെ സെയിം സെക്‌സ് പങ്കാളിയുടെ കൂടെ കേരളത്തില്‍ ജീവിക്കാന്‍ തുടങ്ങുകയാണ്. ഒരുപക്ഷേ ഞങ്ങള്‍ക്ക് കൂടുതല്‍ വിവേചനങ്ങളെ നേരിടേണ്ടി വന്നേക്കാം. ഒരാക്ടിവിസ്റ്റ് എന്ന രീതിയില്‍ ഞാന്‍ നേരിടേണ്ടിവന്ന വിവേചനങ്ങളെ രാഷ്ട്രീയ വഴക്കം കൊണ്ടും ധാര്‍മ്മികതകൊണ്ടുമാണ് നേരിടാന്‍ ശ്രമിച്ചിട്ടുള്ളത്, അതില്‍ ഞാന്‍ വിജയിച്ചിട്ടില്ലെങ്കിലും.
സമൂഹമെന്നത്ഏകമാനത്തിലുള്ളതല്ല. സ്വവര്‍ഗ്ഗ ലൈംഗികതയെയും ലൈംഗികതയിലെ വ്യത്യസ്തതകളെയും പിന്തുണക്കുന്നവര്‍, ഞങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ പതിനഞ്ചു വര്‍ഷം മുന്‍പും ഇപ്പോഴും ഉണ്ട്. പക്ഷേ ആ കാലവുമായുള്ള ഇന്നത്തെ പ്രധാന വ്യത്യാസം ഈ വിഷയങ്ങളെ മനുഷ്യാവകാശപ്രശ്‌നമായി, രാഷ്ട്രീയപ്രശ്‌നമായി മനസ്സിലാക്കുന്ന പൊതുചര്‍ച്ചകള്‍ ധാരാളമായി ഉണ്ടാകുന്നുണ്ട് എന്നതാണ്. പതിനഞ്ചുവര്‍ഷം മുന്‍പ് രഹസ്യമായി മാത്രമാണ് ഞങ്ങള്‍ക്ക് പലരും പിന്തുണ നല്‍കിയിരുന്നത്. പൊതുസമൂഹത്തെ അവര്‍ അത്രയ്ക്ക് ഭയപ്പെട്ടിരുന്നു. ആ അവസ്ഥയ്ക്കു മാറ്റം വന്നു. പലരും പരസ്യമായി പിന്തുണയ്ക്കുന്നു. സ്വന്തം ലൈംഗിക സ്വത്വത്തെ പരസ്യമായി വെളിപ്പെടുത്താന്‍ ധൈര്യം കാണിക്കുന്നു. ഐ.പി.സി. 377 കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള ഡല്‍ഹിഹൈക്കോടതി വിധി വന്നതിനുശേഷമുള്ള അന്തരീക്ഷം ഞാനോര്‍ക്കുന്നു. ധാരാളം യുവജനങ്ങളും സംഘടനകളും ഹൈക്കോടതി വിധിയെ പിന്തുണച്ചു. 2001 -2002 കാലത്ത് ഈ നിയമത്തിനെതിരെ ഞങ്ങള്‍ സംസാരിച്ചപ്പോള്‍ ലഭിച്ചിരുന്ന പ്രതികരണങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇത്.
ലൈംഗികന്യൂനപക്ഷങ്ങളെന്ന നിലയിലും വീടുകളില്‍ ‘പെണ്ണായി‘ ജനിച്ചുപോയവരെന്ന നിലയിലും ലെസ്ബിയന്‍/ ബൈ സെക്ഷ്വല്‍/ ട്രാന്‍സ്‌മെന്‍ ഇരട്ടപ്രതിബന്ധങ്ങളെ നേരിടുന്നുണ്ട്. സ്വാതന്ത്ര്യത്തിലും സഞ്ചാരത്തിലുമെല്ലാം പാട്രിയാര്‍ക്കിയുടെ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുന്നു. അവരുടെ ലൈംഗികപെരുമാറ്റങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു. സംരക്ഷണം വേണ്ട വസ്തുക്കളായി വീട്ടുകാര്‍ പോലും കാണാന്‍ തുടങ്ങുന്നു. മകള്‍ക്ക് സ്വവര്‍ഗ്ഗപ്രണയമുണ്ടെന്ന് കണ്ടെത്തിയാല്‍ വീട്ടുകാര്‍ ആദ്യം ചെയ്യുക അവരെ വീട്ടുതടങ്കലിലാക്കുകയാണ്. പിന്നെ നിര്‍ബന്ധിത സൈക്യാട്രിക് ചികിത്സയ്ക്ക് വിധേയമാക്കുന്നു. ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നു. ലെസ്ബിയന്‍/ ബൈ സെക്ഷ്വല്‍ സ്ത്രീകളുടെ സാമൂഹികനീതിയെന്നത് ലൈംഗികവ്യത്യസ്തകളെ അംഗീകരിക്കുക എന്നതു മാത്രമല്ല, സ്ത്രീയുടെ സാമൂഹികസ്വാതന്ത്ര്യവുമായി ആഴത്തില്‍ അത് ബന്ധിതമാണ്. സ്വന്തം ശരീരത്തിനുമേലുള്ള സ്ത്രീകളുടെ സ്വയംനിര്‍ണ്ണയാവകാശം അംഗീകരിക്കപ്പെടുന്ന കാലത്ത്, അവളുടെ തിരഞ്ഞെടുപ്പുകളെ ആദരിക്കുന്ന കാലത്ത്, ലെസ്ബിയന്‍, ബൈ സെക്ഷ്വല്‍ സ്ത്രീകള്‍ക്കും അവര്‍ തിരഞ്ഞെടുക്കുന്ന ജീവിതം ജീവിക്കാനാകും.
കേരളസമൂഹത്തില്‍ ട്രാന്‍സ്ജെൻഡറായ ആണും പെണ്ണും ഒട്ടേറെ സഹജമായ സാമൂഹിക ദൗര്‍ബല്യങ്ങളെ നേരിടുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹിജഡകളെ അംഗീകരിക്കുന്ന സാംസ്‌കാരിക അന്തരീക്ഷം ഇവിടെയില്ല. അതുകൊണ്ട് ട്രാന്‍സ്ജെൻഡര്‍ സ്ത്രീകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നു. ടാന്‍സ്ജെൻഡര്‍ സ്ത്രീയെപോലെ ട്രാന്‍സ്ജെൻഡര്‍ പുരുഷന്മാര്‍ക്ക് മറ്റുസംസ്ഥാനങ്ങളിലും പരമ്പരാഗത കമ്യൂണിറ്റി ഇല്ല. പുരോഗമന രാഷ്ട്രീയസമൂഹങ്ങളുടെപോലും മേല്‍നോട്ടത്തിന് അവര്‍ വിധേയമാകുന്നു. കേരളത്തിലെ പല ട്രാന്‍സ്ജെൻഡര്‍ ആണ്‍ സുഹൃത്തുക്കളും പുരുഷനെപ്പോലെ പെരുമാറിയാണ് അതിനെയല്ലാം അതിജീവിക്കുന്നതെങ്കിലും, പലതരത്തിലും വിവേചനങ്ങളെ അവര്‍ നേരിടുന്നു. ജെന്‍ഡര്‍ വ്യത്യസ്തകളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ സങ്കുചിതമായ വീക്ഷണങ്ങള്‍ അവര്‍ക്ക് വീടുംജോലിയുമൊക്കെ നിഷേധിക്കപ്പൈടുന്നതിന് കാരണമാകുന്നു. സ്വയം തിരഞ്ഞെടുക്കപ്പെടുന്ന ജെന്‍ഡര്‍ വ്യത്യസ്തകളിലാണ് ജീവിക്കുന്നത് എന്നതിനാല്‍ പൗരത്വത്തിന്റെ പല അവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു.
വ്യത്യസ്ത സാമൂഹികപ്രസ്ഥാനങ്ങള്‍ക്ക്, സ്ത്രീവാദപ്രസ്ഥാനത്തിന്, ക്വിയര്‍ മൂവ്‌മെന്റിന് വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത ചരിത്രങ്ങളുണ്ട്. കറുത്തവരുടെയും, സ്ത്രീകളുടെയും മോചനവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ് 1960 കളില്‍ പടിഞ്ഞാറ് സ്റ്റോണ്‍വാള്‍ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് LGBT മൂവ്‌മെന്റ് ഉയര്‍ന്നുവന്നത്. ലൈംഗികവിപ്ലവം സാംസ്‌കാരികവും രാഷ്ട്രീയവുമായ ചരിത്രസാഹചര്യത്തിന്റെ സൃഷ്ടിയാണ്. കേരളത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാനാരംഭിക്കുന്ന സമയത്ത്, കേരളത്തിലെ സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ വ്യത്യസ്ത ചരിത്ര സന്ദര്‍ഭത്തെ നേരിടുകയായിരുന്നു. കേരളത്തിലെ അസഹ്യമായ ആണധികാരത്തോടും ലൈംഗികാതിക്രമങ്ങളോടുമാണ് പ്രാഥമികമായും അവയ്ക്ക് കലഹിക്കേണ്ടിവന്നിരുന്നത്. ലൈംഗികാതിക്രമണങ്ങളില്‍നിന്നുള്ള സംരക്ഷണം പൊതുആകുലതയായിരുന്ന സമയത്ത് സ്വവര്‍ഗ്ഗ ലൈംഗികതാ അവകാശങ്ങളെക്കുറിച്ച് സംസാരിക്കല്‍ ബുദ്ധിമുട്ടേറിയതായിരുന്നു. ലൈംഗികതൊഴിലാളികളുടെ സംഘടന ഉത്ഭവിച്ചപ്പോള്‍, അതിനോടെടുക്കേണ്ട സമീപനത്തെച്ചൊല്ലി കേരളത്തിലെ സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ ആശയപരമായി വിഭജിക്കപ്പെട്ടു. ചിലര്‍ ലൈംഗികതൊഴിലാളികളുടെ അവകാശങ്ങളെ അനുകൂലിച്ചപ്പോള്‍, മറ്റു ചിലര്‍ ലൈംഗിക തൊഴിലിനെ ലൈംഗിക ചൂഷണം മാത്രമായാണ് കണ്ടത്.
കേരളത്തിലെ മുഖ്യധാരാ സ്ത്രീവാദികളില്‍ ചിലര്‍ ക്വിയര്‍ വുമണ്‍ അവകാശങ്ങളെ പിന്തുണയ്ക്കാതിരുന്നത് എന്നെ ദുഃഖിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീവാദ രാഷ്ട്രീയത്തിലെ പുതു തലമുറ പൂര്‍ണ്ണമായും LGBT അവകാശങ്ങളെ പിന്തുണയ്ക്കുന്നവരാണ്. ക്വിയര്‍ പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ വളരുന്നതിനനുസരിച്ച് കേരളത്തിലെ മുഖ്യധാരാ സ്ത്രീസംഘടനകളും ഈ പ്രശ്‌നത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നുതന്നെ ഞാന്‍ കരുതുന്നു.
(ദീപ വാസുദേവനുമായുള്ള സംഭാഷണം മൊഴിമാറ്റിയെഴുതിയത് – പ്രസന്നകുമാർ ടി.എന്‍)
Be the first to write a comment.