സംവിധായകനും കവിയുമായ ജയൻ ചെറിയാനുമായി മുരളി വെട്ടത്ത് നടത്തുന്ന സംഭാഷണം. അംഭിമുഖത്തിന്റെ ഓഡിയോ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മുരളി വെട്ടത്ത്: ഇവിടെ ലണ്ടനിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ വളരെ സന്തോഷമുണ്ട് ജയൻ. കേരളത്തിൽ ജനിച്ചുവളർന്നതിനുശേഷം ഇപ്പോൾ ന്യൂയോർക്കിലാണു താങ്കളുടെ താമസം. എനിക്ക് ജയനെ പരിചയം ഭാഷാപോഷിണി, കലാകൗമുദി മുതലായ പ്രസിദ്ധീകരണങ്ങളിലൂടെ ഒരു കവിയായിട്ടാണു. അടുത്തകാലത്ത് പപ്പിലിയോബുദ്ധയ്ക്ക് ശേഷമാണു ജയനെ ഒരു ഫിലിംമേക്കർ എന്നനിലയ്ക്ക് ഞാനൊക്കെ ശ്രദ്ധിക്കുന്നതും മുൻപേതന്നെ സിനിമാരംഗത്ത് സജീവമാണെന്ന് അറിയുന്നതും. ഒരു കവിയിൽ നിന്ന് ഒരു സിനിമസംവിധായകനിലേക്കുള്ള ട്രാൻസ്ഫർമേഷൻ എങ്ങനെയായിരുന്നു എന്നതറിഞ്ഞാൽ കൊള്ളാം.
ജയൻ ചെറിയാൻ: കേരളത്തിൽവെച്ച്, കോളെജിൽ പഠിക്കുന്ന കാലത്തുതന്നെ കവിതകൾ എഴുതിയിരുന്നു, ചിലതെല്ലാം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. അതിനുശേഷം ന്യൂയോർക്കിലെത്തി ഹണ്ടർ കോളേജിൽ ചേർന്ന് ഞാൻ ആദ്യം പഠിച്ചത് ക്രിയേറ്റീവ് റൈറ്റിംഗാണു. തൊണ്ണൂറുകളുടെ ആദ്യം ഞാനിവിടെയെത്തുന്ന കാലത്ത് ന്യൂയോർക്കിൽ മലയാളത്തിൽ എഴുതുന്ന ഒരു കവിയായിരിക്കുക എന്നത് അല്പം പ്രയാസകരമായിരുന്നു. ഒന്നുകിൽ എന്റെ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തോ അല്ലെങ്കിൽ അവ പറഞ്ഞു കൊടുത്തോ മാത്രമേ ഞാനൊരു കവിയാണെന്ന് എന്റെ സുഹൃത്തുക്കളോട് വിശദീകരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അങ്ങനെ വിവർത്തം ചെയ്ത എന്റെ കവിതകളാണു ന്യൂയോർക്കിലെ പൊയട്രി ഗ്രൂപ്പുകളിലും പൊയട്രികഫേകളിലും ഞാൻ ചൊല്ലിയിരുന്നത്. അതുകൂടാതെ അമേരിക്കൻ മലയാളികളുടേതായി, മിക്കവാറുംതന്നെ കേരളത്തിന്റെ ഒരു ബബിൾ എന്നൊക്കെ പറയാവുന്നതുപോലെയുള്ള,, മലയാളി കവിതാകൂട്ടായ്മകളുണ്ട്; എന്നാൽ ആ ആളുകളൊക്കെ അവരെല്ലാം നാടുവിട്ടകാലങ്ങളുടെ സെൻസിബിലിറ്റിയുടെ തടവിലായിരിക്കുന്ന ഒരുതരം ഹിസ്റ്റോറിക്കൽ ഫ്രീസ് പോയിന്റിലാണു അവ മിക്കതും. അവിടെ എന്റെ എക്സ്പ്രഷനുകൾ തീർച്ചയായും സ്വീകരിക്കപ്പെടുന്ന ഒരു സ്ഥിതിയായിരുന്നില്ല…
മുരളി വെട്ടത്ത്: ഉവ്വ് ജയൻ.. അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ജയന്റെ കവിത കേരളത്തിൽ ഇതുവരെ ശീലിക്കാത്ത തരം ഭാവങ്ങളിലേക്ക്.. സെക്ഷ്വാലിറ്റി പോലെയുള്ളവയിലേക്ക് പോകുകയും വളരെ explicit ആണെന്ന തോന്നലിൽ പലരും അവ പ്രസിദ്ധീകരിക്കുന്നതിനു വിമുഖത കാട്ടിയിരുന്നുവെന്നും കേട്ടിട്ടുണ്ട്. അതുകൊണ്ടൊക്കെ യു.കെ ആയാലും ന്യൂ യോർക്കായാലും പ്രവാസിമലയാളികളുടെ ഇടങ്ങളിൽ താങ്കൾ വളരെ സ്ട്രേയ്ഞ്ച് ആയിരിക്കാനാണു സാധ്യത ; അവരുടെ താല്പര്യങ്ങളല്ല ജയന്റെ താല്പര്യങ്ങൾ. അതൊക്കെയാണു ഒരു നിലയ്ക്ക് താങ്കളെ വ്യത്യസ്തനാക്കുന്നതെന്നും തോന്നുന്നു.
ജയൻ ചെറിയാൻ: ഒരു കവിയെന്ന നിലയ്ക്ക് ന്യൂയോർക്കിലിരുന്ന് എഴുതുമ്പോൾ നാം കാണുന്നത് വലിയ, ലോകപ്രശസ്തരായ കവികളെയാണു. അലൻ ഗിൻസ്ബെർഗ് അന്നും രംഗത്തുണ്ട്, ‘ഗോർഖനോവ്, ഗോർബനോവ്’ എന്ന കവിതയുമായി യോസെ ബ്രോഡ്സ്കി, ശീതയുദ്ധത്തിനും ഗ്ലാസ്നോസ്റ്റിനും പെരിസ്ട്രോയിക്കയ്ക്കുമൊക്കെ ശേഷം അവിടെ നിന്ന് expel ചെയ്യപ്പെട്ട യവ്തുഷെങ്കൊ ഉൾപ്പടെ പലരും. കൂടാതെ ഞാൻ ഹണ്ടർ കോളേജിൽ പഠിക്കവെ അവിടത്തെ ഫാക്കൽറ്റിയായിരുന്ന വില്യം പീറ്റ്റൂട്ട്, ജീൻ ഹൊളാൻഡർ, ആ സമയത്ത് തന്നെ സിറ്റി യൂണിവേഴ്സിറ്റിയിൽ പഠിപ്പിച്ചിരുന്ന ഗ്രിഗറി റെബാസ… അതുപോലെയുള്ള കൊളോസ്സൽ കവികളുടെയും പ്രൊഫസർമാരുടെയും ഇടയിലേക്കാണു നമ്മൾ എത്തപ്പെടുന്നത്. പിന്നെ കവിതകൾ വായിക്കാൻ നമ്മൾ ചെല്ലുന്ന കൊർണീലിയ സ്ട്രീറ്റ് കഫെ, സെന്റ് മാർക്’സ് പൊയട്രി കഫെ, ന്യൂയോർക്ക് പൊയട്രി കഫെ മുതലായ explicit ആയിട്ടുള്ള പൊയട്രിയുടെയും സ്പോക്കൺ വേർഡ് പൊയട്രിയുടെയും, ബ്ലാക്ക് ലാറ്റീനോ, സൗത്ത് ഏഷ്യൻ, ആഫ്രിക്കൻ അമേരിക്കൻ, വൈറ്റ് ലിബറൽ, എക്സ്ട്രീം ലിബറൽ – ഇങ്ങനെ എല്ലാ ഗ്രൂപ്പുകളിൽ നിന്നുമുള്ള കവികൾ സ്വയം എക്പ്രസ്സ് ചെയ്യാനെത്തുന്ന ഇടങ്ങൾ. അവരാണു എനിക്ക് മാതൃകകളാകുന്നത്. ഗ്രേയ്റ്റ് ഗ്രേയ്റ്റ് ന്യൂയോർക്കേഴ്സ് പോലെയുള്ള കവിതകൾ എഴുതുന്നത് അവിടെ നിന്നുകൊണ്ടാണു. ഞാൻ ശ്രമിച്ചത് കവിതയിലൂടെ ഞാൻ ജീവിക്കുന്ന കാലത്തെയും സമയത്തെയും വിശദീകരിക്കാനാണു, എന്റെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അടയാളപ്പെടുത്താനാണു. അന്ന് ന്യൂയോർക്കിൽ ആദ്യത്തെ ബ്ലാക്ക് മേയർ വരുന്നു, ക്ലിന്റൺ ഭരിക്കുന്നു, ന്യൂയോർക്ക് ഇന്നത്തെപ്പോലെ പോസ്റ്റ് ജൂലിയാനി ന്യൂയോർക്കല്ല. അത് എൺപതുകളുടെ സർവ്വ chaotic ഭാവങ്ങളോടെയും നിലനിൽക്കുന്ന തൊണ്ണൂറുകളുടെ ആദ്യകാലമാണത്. എന്റെ കവിതകളിൽ മലയാളി ആരോപിക്കുന്ന ആസുരതയോ അല്ലെങ്കിൽ explicitness എന്നതോ വരുന്നത് തീർച്ചയായും ഞാൻ എഴുതുന്ന തിണ അതായതുകൊണ്ടാണു. അവിടെ ഞാൻ മലയാളിക്കു വേണ്ടി മാത്രം വെള്ളം ചേർത്തോ ഫിൽറ്റർ ചെയ്തോ എഴുതാറില്ല. അപ്പോൾ അതുകൊണ്ട് തന്നെ, ആ explicitness കൊണ്ടുതന്നെ, എന്റെ കവിതകൾ മലയാളത്തിലെ മെയിൻ സ്ട്രീം മാഗസിനുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ അയ്യപ്പപ്പണിക്കർസാറിന്റെ കേരളകവിത പോലെയുള്ളവയിൽ ഇടയ്ക്ക് വന്നിരുന്നു; അദ്ദേഹം പോലും ചില കവിതകൾ ദീർഘകാലത്തേക്ക് മാറ്റി വെച്ചിട്ടുമുണ്ട്. പിന്നീട് ക്രിയേറ്റീവ് റൈറ്റിംഗ് പഠനകാലത്ത് ഇംഗ്ലീഷിൽ തന്നെ എഴുതാനും മലയാളത്തിലെഴുതിയവ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ സാഹചര്യത്തോടും കാലത്തോടും ചരിത്രത്തോടും കാലത്തോടും നീതി പുലർത്തുകയാണു ഞാൻ ചെയ്തത്.
ക്രിയേറ്റീവ് റൈറ്റിംഗ് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ ഫിലിം കോഴ്സുകൾ അറ്റെൻഡ് ചെയ്തിരുന്നു. ഞാൻ മലയാളത്തിലെഴുതി ഇംഗ്ലീഷിലാക്കിയ കവിതകൾ സുഹൃത്തുക്കളോട് വായിക്കുന്നതിനേക്കാൾ കൂടുതൽ എക്സ്പ്രസീവ് ആകും എന്നതിനാൽ ഞാൻ ആദ്യം ചെയ്യാൻ ആരംഭിച്ചത് ആ കവിതകളുടെ വളരെ നീളം കുറഞ്ഞ, എക്സ്പെരിമെന്റൽ ഫിലിമുകൾ എന്ന് വിളിക്കാവുന്ന തരം വിഷ്വലൈസേനുകളാണു. അവയെല്ലാം ന്യൂയോർക്ക് ആന്തോളജി ആർക്കൈവുകളിലും പൊയട്രി കഫെകളിൽ പൊയട്രി സ്ലാമിനൊപ്പം നടത്തിയിരുന്ന വീഡിയോ സ്ലാമുകളിലുമൊക്കെ കൊണ്ടുപോയി പ്രദർശിപ്പിച്ചിക്കുകയും അങ്ങനെ കൂടുതൽ കൂടുതൽ സ്വീകാര്യത കിട്ടിത്തുടങ്ങുകയും ചെയ്തു. അതിനു ശേഷം ഞാൻ ക്രിയേറ്റീവ് റൈറ്റിംഗിനൊപ്പം അണ്ടർ ഗ്രാജ്വേറ്റ് ഫിലിം മേജയർ ചെയ്ത കാലത്താണു ഗ്വണ്ടനാമോ, അബു ഗ്രെയിബ് എന്നിവയോടുള്ള പ്രതിഷേധമെന്ന നിലയ്ക്കൊക്കെ ‘താണ്ടവ – ദ ഡാൻസ് ഓഫ് റെസല്യൂഷൻ’ പോലെയുള്ളവയെല്ലാം ചെയ്യുന്നത്. പക്ഷേ അവയെല്ലാം എക്സ്പെരിമെന്റലായിട്ടുള്ള, ഒരു എക്സ്ക്ലൂസീവ് ഫിലിം ഓഡിയൻസിനായി ചെയ്തവയായിരുന്നു. ബി എ ഫിലിം മേജർ കഴിയുമ്പോഴേക്കാണു കുറച്ചുകൂടി വിപുലമായ നറേറ്റീവ് ഫിലിമിലേക്ക് വരുന്നത്. ആ സമയത്ത് തീസീസ്സിന്റെ ഭാഗമായി ചെയ്ത ‘ഹോളി മാസ്’ എന്ന ചിത്രമെല്ലാം വളരെ explicit ആയ രീതിയിൽ ചിത്രീകരിച്ചതായിരുന്നു.
മുരളി വെട്ടത്ത്: സിനിമയിലേക്ക് നമ്മൾ കടക്കുന്നതിനു മുൻപ്.. സച്ചിദാനന്ദനാണു ജയനെക്കുറിച്ച് ആദ്യം എന്നോട് പറയുന്നത്. അന്ന് ഞാൻ സച്ചിയോട് പങ്കു വെച്ച ഒരു കാര്യം ഗ്ലോബൽ എക്സ്പീരിയൻസുള്ള വളരെ ചുരുക്കം കവികളേ മലയാളത്തിൽ ഉള്ളൂ എന്നതാണു. തിരുവാതിരയെയും പൂക്കാലത്തെയും കുറിച്ച് തന്നെ, വിദേശത്ത് വന്നവരിൽ പോലും മിക്കവരും കേരളത്തിലേക്ക് തിരിഞ്ഞ് നിന്ന് ഒരുതരം നൊസ്റ്റാൽജിക്കായ എഴുത്ത് പിന്തുടരുന്നവരാണു. ലോകത്ത് നിന്നു കൊണ്ട് താനൊരു മലയാളി എന്ന് പറയാനാകും വിധം മെയിൻ സ്ട്രീമിന്റെ ഭാഗമകാൻ അവർക്ക് കഴിയാറില്ല. എന്നാൽ ജയനു ഒരു ഗ്ലോബൽ എക്സ്പീരിയൻസ് ലഭിക്കുകയും ആ മെയിൻസ്ട്രീമിന്റെ ഭാഗമാകാൻ സാധിക്കുകയും ചെയ്തിരുന്നു. ആ അനുഭവത്തെ എങ്ങനെയാണു കാണുന്നത്?
ജയൻ ചെറിയാൻ: കവിതയുടെ കാര്യം പറഞ്ഞാൽ.. ആ സമയം എന്നു പറഞ്ഞാൽ Rev. ലൂയിസ് ഫാറാ ഖാൻ, ഖാലിദ് മൊഹമ്മദിന്റെയെല്ലാം നേതൃത്വത്തിൽ ‘മില്യൺ യൂത്ത് മാർച്ച്’ പോലുള്ളവ നടക്കുന്ന സമയമാണു. ഒരു ബ്ലാക്ക്നാഷണലിസത്തിന്റെ ഭാഗമായിട്ടുള്ള, മാൽകം എക്സിന്റെ നിലപാടുകളുടെയൊക്കെ അവശിഷ്ടങ്ങൾ പേറുന്ന ജോൺ ആഫ്രിക്കയുടെ ‘മൂവ്’ പോലുള്ളവയുടെയും അമരി ബരിക്കയെപ്പോലെയുള്ള കൊളോസ്സൽ കവികളുമെല്ലാം സ്വാധീനം ചെലുത്തിയിരുന്ന ബ്ലാക്ക് ലിറ്ററേച്ചിന്റെ സ്വാധീനം. ആ സമയത്ത്തന്നെ നൈജീരിയയിൽ കെൻസരവീവ, സാനി അബച്ചായ കൊല്ലപ്പെട്ട സംഭവം, സബ് കമ്മാൻഡന്റെ മർക്കോസിന്റെ നേതൃത്വത്തിൽ ചിയാപെയിലെ സപാറ്റിസ്റ്റാ കലാപങ്ങളും ഈസ്റ്റർ റൈസിംഗുമൊക്കെ പോലെ ചരിത്രപരമായി പ്രാധാന്യമുള്ള ഒരുപാട് ഗ്ലോബൽ സംഭവങ്ങൾ. ഇവയെല്ലാം എന്നെ affect ചെയ്യുകയും അതെല്ലാം എന്റെ സൃഷ്ടികളിൽ പ്രതിഫലിക്കുകയുമായിരുന്നു. ലോറി ബെറെൻസൺ പെറുവിലേക്ക് പോകുകയും, അന്ന് ചെയർമാൻ ഗോൺ സാല്വസ് ജയിലിലാണു, അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അവിടെയന്ന് ഷൈനിംഗ്പാത്ത്, റ്റുപാക് അമാരു പോലെയുള്ള മൂവ്മെന്റുകളുണ്ട്. അത്തരം മൂവ്മെന്റുകളുടെ സ്വാധീനം എന്നിലുണ്ടായിരുന്നു. പൊളിറ്റിക്കൽ മൂവ്മെന്റുകൾക്കൊപ്പം aesthetic മൂവ്മെന്റുകളുമുണ്ട്. ഞാൻ ക്ലാസ് റൂമിൽ പഠിക്കുന്നത് കവിത എങ്ങനെ ചിട്ടയായി എഴുതാം, പ്രോസും കവിതയും എങ്ങനെ prosody ഉപയോഗിച്ചെഴുതാം എന്നൊക്കെയാണു. പല നറേറ്റീവുകൾ, എൺപതുകളിലെ ന്യൂ നറേറ്റീവ്സ് പോലെ കർശനമായി form ഉപയോഗിക്കുകയും കവിതയിലേക്കെത്താനുള്ള ഒരു വഴിയായി ആ form- നെ ഉപയോഗിക്കുകയും പിന്നെ ആ form- നെ മായ്ച്ചുകളയുകയും ചെയ്യുന്ന എഴുത്ത് രീതികളുണ്ട്. റോബർട്ട് ക്രീലിയെപ്പോലെയുള്ളവർ. അവരൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വളരെ സീനിയറായ കവിയായ , എന്റെ മെന്ററായ വില്യം പിറ്റ്റൂട്ട്, അദ്ദേഹത്തിന്റെ ഭാര്യയായപമേല ഉഷക്കിന്റെ കവിതകൾ, ഷപ്പീറോയുടെ കവിതകൾ, അങ്ങനെ ഒരുപാട് കവികളുടെ എഴുത്തുകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. മറ്റൊന്ന് 90-കളിൽ വളരെ വലിയ ഒരു ലിബറേഷൻ നടന്ന ബ്ലാക്ക്കവിതകൾ – അവ ഹിപ്-ഹോപ്പിനും റാപ്പിനും ഇടയ്ക്കായിരുന്നു. ഡിഎംസി, ബ്ലാക്ക് സണ്ടേ പോലെയുള്ള ആൽബങ്ങൾ, റ്റുപക് ഷക്കൂറും ബിഗ്ഗീ സ്മോൾ രംഗത്തുവരുന്ന സമയം, ലിറ്റിൽ കിമ്മിന്റെ കാലം…വാസ്തവത്തിൽ അതിന്റെയൊക്കെ റെഫെറൻസ് പോപ് കൾച്ചറിന്റെ തന്നെ റെഫറൻസാണു.
മുരളി വെട്ടത്ത്: ഇടയ്ക്ക്മറ്റൊന്ന്ചോദിച്ചാൽ, 70-കൾ തൊട്ടുള്ള കവിതകൾ ശ്രദ്ധിക്കുമ്പോഴും കേരളത്തിൽ കൂടുതലായും , ഒരുപക്ഷേ ഫിദൽ കാസ്റ്റ്രോ – ചെഗവേര സ്വപ്നങ്ങളിൽ നിന്നാകാം, ലാറ്റിൻ അമേരിക്കൻ കവിതകൾ ഒരുപാട് ശ്രദ്ധിക്കപ്പെടുമ്പോഴും അമേരിക്കൻ ബ്ലാക്ക് കവിതകൾ പരിഗണിക്കപ്പെടാറില്ല. അതിനെന്തായിരിക്കാം കാരണം..?
ജയൻ ചെറിയാൻ: അതിനു കാരണം അമേരിക്കൻ ബ്ലാക്ക് കവിതകൾ ഇവിടെ വേണ്ടത്ര റെപ്രസന്റ് ചെയ്യപ്പെട്ടിട്ടില്ല. ലാംഗ്സ്റ്റൺ ഹ്യൂഗ്സിനെപ്പോലെയുള്ളവരുടെ ചില കവിതകളും സച്ചിദാനന്ദൻ പരിചയപ്പെടുത്തിയ നീഗ്രോ കവിതകളും മാത്രമാണു ഇവിടേക്ക് കൂടുതലായും എത്തിയത്. പക്ഷേ മാർട്ടിൻ എസ്പാഡയെപ്പോലെയുള്ള ലാറ്റിനോ കവികളെ ഇവിടെ കേട്ടിട്ടുപോലുമില്ല. അമേരിക്ക കാപിറ്റലിസത്തിന്റെ ഹെജിമണിക്, ഡെമണൈസ് ചെയ്യപ്പെട്ട രൂപമായി നിൽക്കുമ്പോൾ നമ്മുടെ സാംസ്കാരികനായകന്മാർ അതിനെ explore ചെയ്യാൻ പോയിട്ടില്ല എന്നതാണു അതിനു കാരണം. ആകെപ്പാടെ ഉണ്ടായിട്ടുള്ളത് അയ്യപ്പപ്പണിക്കർ സർ വാൾട് വിറ്റ്മാനിലേക്ക് പോയതാണു. ഏതൊരു മലയാളിയേയും പോലെ എന്നെയും ലാറ്റിൻ അമേരിക്കൻ കവികൾ സ്വാധീനിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ നെരൂദ. പിന്നീട് വളരെ അധികമായി ലോർകയുടെ ഗംഭീരമായ കവിതകൾ. പിന്നെ മറ്റൊരു തരത്തിലുള്ള കവികൾ – നിക്കരാഗ്വൻ കവിയായ ഏണെസ്റ്റോ കർദെനാൾ, റാഫേൽ ആൽബർട്ടി, ചിലിയിലെ നിക്കാനോർ പാർറ മുതലയാവർ. പിന്നെ ബോർഹസ്. ബോർഹസിനെയൊക്കെ കേരളത്തിലായിരുന്ന സമയത്തേ വായിച്ചിരുന്നു.
മുരളി വെട്ടത്ത്: ന്യൂയോർക്ക് ജയനിലെ കവിക്ക് ഗുണകരമായിരുന്നു എന്ന് തോന്നുന്നു.
ജയൻ ചെറിയാൻ: ഉവ്വ്. അവിടെ നാം വ്യാപരിക്കുന്ന സാഹചര്യങ്ങൾ….ടർട്ടിൽ ഐലൻഡ് എന്ന് പറയുന്ന അമേരിക്ക അഥവാ നേറ്റീവ് അമേരിക്കൻ കവിത, മെക്സിക്കൻ അമേരിക്കൻ ഹിസ്പാനിക് എത്തിനിസിറ്റിയുള്ള ചിക്കാനോ കവിതകൾ. അതിനെയൊക്കെ ഒരു പോസ്റ്റ് കൊളോണിയൽ പെഴ്സ്പെക്റ്റീവിൽ കാണാൻ തുടങ്ങിയ കാലമാണത്. ആ പോസ്റ്റ് കൊളോണിയൽ കാഴ്ച കണ്ടെത്താൻ തിയറട്ടിക്കലായ പഠനങ്ങൾ എന്നെ സഹായിച്ചിട്ടുണ്ടാകാം. – ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള, പ്രത്യേകിച്ചും മൂന്നാം ലോകമെന്ന് വിളിക്കപ്പെടുന്ന ഇടങ്ങളിൽ നിന്നുമുള്ള, അക്കാഡമീഷ്യന്മാരുടേയും കവികളുടേയുമെല്ലാം സാന്നിദ്ധ്യം കൊണ്ട്. ആ തരത്തിൽ എസ്തെറ്റിക്കായിട്ടുള്ള, ജീവിതത്തിന്റെ പ്രോക്സിമിറ്റി കൊണ്ട് ന്യൂയോർക്കിലെ ബ്ലാക്ക് കോൺഷ്യസ്നസുമായി ബന്ധപ്പെട്ട മൂവ്മെന്റുകളും, ഏറ്റവും അധികമായി സ്വാധീനിച്ച ജേംസ് ബാൾഡ്വിനെ പോലെയുള്ളതുമായ ആളുകൾ…
മറ്റൊന്ന് കവിത അക്കാദമിക്കായി പഠിക്കാൻ അവസരം ലഭിച്ചു എന്നതാണു. അതിന്റെ ഗുണങ്ങളുണ്ടായിട്ടുണ്ട്. ഉദാഹരണത്തിനു ഗ്രേയ്റ്റ് ഗ്രേയ്റ്റ് ന്യൂയോർക്കേഴ്സ് തുടങ്ങുന്നത് ഷേക്സ്പീരിയൻ സോണറ്റുകളുടെ ശൈലിയിലാണു. അതിന്റെ പന്ത്രണ്ടാമത്തെ വരിയെത്തുമ്പോൾ “Fuck the form” എന്ന് പറയുകയും പിന്നീട് എനിക്കവ നേരെ പറയേണ്ടതുണ്ട് എന്ന രീതിയിൽ മുന്നോട്ടുപോകുകയുമാണു. ഇത്തരത്തിൽ എഴുത്ത് സാധ്യമാകുന്നത് prosody-യുടെ ശാസ്ത്രീയമായ ഒരു പരിശീലനം കിട്ടിയതുകൊണ്ടാണു. ആ സമയത്ത് കിട്ടിയ നിരവധി സ്കോളർഷിപ്പുകളും പ്രാഗിൽ ഉൾപ്പടെ വേദികളും ലഭിച്ചതും ഒരു കവിയെന്ന നിലയിലും വിദ്യാർത്ഥിയെന്ന നിലയിലും ഗുണകരമായിരുന്നു.
എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ദുഃഖകരമായിരുന്നത് ഞാൻ മലയാളത്തിൽ എഴുതി അയച്ചിരുന്ന കവിതകൾക്ക് കിട്ടിയ സ്വീകരണത്തിന്റെ സ്ഥിതിയാണു. പ്രത്യേകിച്ചും മൾട്ടിപ്പിൾ സെക്ഷ്വാലിറ്റി , സെക്ഷ്വാലിറ്റികളുടെ പോളിമോർഫിക് എക്സ്പ്രഷൻസ് എന്നിവയൊക്കെ എന്റെ കവിതകളിൽ വന്നിരുന്നത് ഞാൻ എന്റെ ദൈനംദിനജീവിതത്തിൽ കണ്ടിരുന്നതും സ്വാംശീകരിച്ചിരുന്നതുമായ അനുഭവങ്ങളിൽ നിന്നാണു. കേരളത്തിലെ പ്രസാധകർക്ക് അത് കാണുമ്പോൾ തന്നെ ഞെട്ടലും അതെന്തോ perversion ആണെന്ന തോന്നലുമാണു ഉണ്ടായിരുന്നത്. അൻവർ അലിയെ പോലെ ഒരുപാട് കവിസുഹൃത്തുക്കൾ എനിക്കുണ്ടായിട്ടും അവരൊക്കെ ഇവനെന്തൊക്കെയോ പെർവേർഷനുകളും പെർവേർട്ടഡ് ചിന്തകളുമായും വരുന്നു, അവരെല്ലാം സോഫിസ്റ്റിക്കേറ്റഡും ഉത്തരാധുനികവുമായവയും കൊണ്ടു വരുന്നു എന്ന മട്ടിൽ, they were looking down on me. അവരത് കാര്യമായിട്ടെടുത്തിരുന്നില്ലെങ്കിലും എന്നെ അത് വേദനിപ്പിച്ചിട്ടുണ്ട്. So I felt left out. അന്ന് ആറ്റൂർ എഡിറ്റ് ചെയ്യുന്ന ‘പുതുമൊഴിവഴികൾ’ പുതുകവിതകൾ എന്നീ കവിതാസമാഹാരങ്ങളുണ്ട്. ആറ്റൂരൊക്കെ അന്ന് കേരളത്തിൽ ഒരു റോയൽ ഫിഗർ അല്ലെങ്കിൽ കവികളെ വായിക്കുന്ന ഒരു മാർപ്പാപ്പ എന്ന നിലയ്ക്കൊക്കെ പരിഗണിക്കപ്പെട്ടിരുന്ന ആളാണു. അദ്ദേഹം എന്റെ കവിതകൾ അതിൽ തൊട്ടു നോക്കിയതു പോലുമില്ല. എന്റെ കവിതകൾ അവയിലൊന്നും ഉൾപ്പെടുത്തിയതുമില്ല. അതൊക്കെ ഞാൻ ഒരു ഇരുപത്തിയഞ്ച് വയസ്സിനു മുൻപെ എഴുതിയ കവിതകളാണു. പുരുഷനെ അറിയുന്നതെങ്ങനെ, explicit ആയിട്ടുള്ള ഹോമോസെക്ഷ്വൽ ഏനൽ സെക്ഷ്വൽ എക്സ്പ്രഷനുകളൊക്കെ വരുന്ന കവിതകൾ ഒരുപക്ഷേ അവർക്ക് സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല, റ്റോളറേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാകില്ല. നാട്ടിലെ ചില കവിസമ്മേളനങ്ങളിൽ കവിത വായിക്കുമ്പോൾ അവരെല്ലാം വളരെ odd ആയി എന്നെ നോക്കാറുണ്ട്.
അത് അന്നത്തെക്കാലം. പക്ഷേ കേരളത്തിലേക്ക് കവിത അയച്ചുകൊടുത്ത് അത് പ്രസിദ്ധീകരിച്ചോ എന്ന് നോക്കിയിരിക്കുന്നതിലെയൊക്കെ വ്യർത്ഥത എനിക്ക് മനസ്സിലായി വരികയായിരുന്നു. കാരണം, ഇവിടെ ഈ വശത്ത് ഞാൻ എന്റെ കവിതകളെ സിനിമയായി പരിവർത്തനപ്പെടുത്തിക്കൊണ്ടിരിക്കുകയാണു. ഞാൻ ഫാക്ടറികളിലും മറ്റും ജോലി ചെയ്തുകൊണ്ടായിരുന്നു പഠിച്ചുകൊണ്ടിരുന്നത്. പഠനത്തിനായി പണം കണ്ടെത്തുകയായിരുന്നു. അറിവാണു സമ്പത്ത് എന്നതിനാൽ ഞാനിന്ന് വരെ സമ്പാദിച്ചതെല്ലാം പഠനത്തിനായിട്ടാണു ചിലവാക്കിയിരുന്നത്. അങ്ങനെ അന്ന് ഞാൻ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിക്കുന്ന സാഹചര്യമുണ്ടായി. അക്കാലത്ത് കോഡിംഗുമായി ബന്ധപ്പെട്ട് എഴുതിയ കവിതയാണു ‘പോളിമോർഫിസം’. അത് ഗേ തീം അവതരിപ്പിച്ച ഒരു കവിതയായിരുന്നു. ജീസസ് ക്രൈസ്റ്റിന്റെ ഗേ ഐഡന്റിറ്റിയെ ശക്തമായി പ്രൊമോട്ട് ചെയ്യുന്ന ഒരു കവിത. അത് രണ്ട് പ്രോഗ്രാമായിട്ടാണു എഴുതിയത്. ഒന്ന് സീയോൻ മാളികയിലെ പന്ത്രണ്ട് പുരുഷന്മാരുടെ പെസഹാ വിരുന്ന്. അതിനെ ഞാൻ സാദൃശ്യപ്പെടുത്തിയത് 69-ലെ സ്റ്റോൺവാൾ കലാപവുമായിട്ടാണു. സ്റ്റോൺവാൾ കലാപം എന്ന് പറഞ്ഞാൽ ഗേ മിലിട്ടൻസിയുടെ ചരിത്രത്തിൽ വളരെ സെമിനലായ പ്രാധാന്യമുള്ള സംഭവമാണു. ചരിത്രത്തിലൂടെയുള്ള ഭരണകൂടഭീകരതയുടെ പോളിമോർഫിക് എക്സ്പ്രഷനുകളാണു രണ്ട് പ്രോഗ്രാമ്മുകളായി എഴുതിയത്. ആ കവിത മാതൃഭൂമി പബ്ലിഷ് ചെയ്തു. അതിനെക്കുറിച്ച് ഒരുപാട് വിമർശനങ്ങൾ വരികയും അവരതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുകയും ചെയ്തു. ആ സമയത്ത് ഇന്ത്യാറ്റുഡേ വലിയ പ്രാധാന്യത്തോടെ ഇറക്കിയ ഒരു സാഹിത്യ വാർഷികപതിപ്പിൽ ബാബു ക്സേവിയറുടെ ഇല്ലസ്ട്രേഷനോട് കൂടി എന്റെയൊരു കവിത വന്നിരുന്നു –‘പ്രണയം പ്രത്യുല്പാദനം പ്രതിവിപ്ലവം’ എന്ന പേരിൽ.
തൊണ്ണൂറുകൾ എന്ന് പറയുന്നത് ഒരു പ്രത്യേക സമയമാണു. ജൂഡിത് ബട്ട്ലറുടെ ജെൻഡർ തിയറി പെർഫോർമിറ്റിവിറ്റി, ജെൻഡർ ട്രബിൾ എന്നിവയൊക്കെ വരുന്ന കാലം. അത്തരത്തിലുള്ള നാനാവിധമായ, അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ജെൻഡറിന്റെ, സെക്ഷ്വാലിറ്റിയുടെ, പൊളിറ്റിക്സിന്റെയൊക്കെ എക്സ്പ്രഷനുകളെല്ലാം ആർത്തി പിടിച്ച് എന്റെ മീഡിയത്തിലേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവയെ എക്സ്പ്രസ് ചെയ്യാൻ കവിതയ്ക്കുള്ള പരിമിതികളെ മറികടക്കുന്നതിനായി എനിക്ക് കാമറയിലേക്ക് കടക്കേണ്ടതുണ്ടായിരുനു. അങ്ങനെയാണു സിനിമയിലേക്കെത്തുന്നത്.
എനിക്ക് അണ്ടർഗ്രാജ്വേറ്റ് ലെവലിൽ ഡബിൾ മേജറാണു – ഒന്ന് ക്രിയേറ്റീവ് റൈറ്റിംഗിലും ഒന്ന് സിനിമയിലും. ഇത് കൂടാതെ അതിനു ശേഷം മാസ്റ്റേഴ്സ് ലെവലിൽ ഞാൻ സിറ്റി യൂണിവേഴ്സിറ്റിയിൽ ചേർന്ന് സിനിമയിൽ തന്നെ ഒരു മേജറും കൂടി ചെയ്തു. അക്കാലത്ത് എന്റെ ചില പരീക്ഷണചിത്രങ്ങൾ കാനിലും മറ്റും പ്രദർശിപ്പിക്കാൻ അവസരം കിട്ടി. Inner silence of tumult പോലെയുള്ളവ. അതോടൊപ്പം അബ്ബാസ് ക്യറൊറ്റ്സമിയുടെ വർക്കിനെ ബന്ധപ്പെടുത്തി Tree of Life എന്ന സിനിമ ചെയ്യാനായി. അന്ന് മുതലാണു ഡോക്യുമെന്ററി സ്വഭാവമുള്ള ഫിക്ഷനൽ വർക്കുകൾ ചെയ്യുന്നത്. പിന്നീട് Love in the time of foreclosure-നും ചില ചെറിയ പരീക്ഷണചിത്രങ്ങൾക്കും ശേഷമാണു Shape of the shapeless എടുക്കുന്നത്. ഇതിന്റെയെല്ലാം പൊതുസ്വഭാവം ഐഡന്റിറ്റിയാണു. Shape of the shapeless ജെൻഡർ ഐഡന്റിറ്റിയെ പ്രത്യേകമായി പിന്തുടരുന്ന ഒരു ചിത്രമായിരുന്നു. ജെൻഡർ എന്നത് ഇല്യൂഷനാണെന്ന് വിശ്വസിക്കുന്ന, ജെൻഡർ ഐഡന്റിറ്റി അതിന്റെ പെർഫോർമൻസിൽ മാത്രമാണു നിലനിൽക്കുന്നതെന്ന ബട്ലേറിയൻ തിയറിയുടെ ഒരു എക്സ്പ്രഷനാണത്. ഒരുപാട് നാൾ – 5-6 വർഷം അയാളെ പിന്തുടരുകയും അയാളെ മാപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യേണ്ടി വന്നു. അയാൾ കഴിക്കുന്ന ഹോർമ്മോണുകൾ, അയാലിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ –ശബ്ദത്തിൽ വന്നിരുന്നവ, ബ്രെസ്റ്റ് വളരുന്നത്, പിന്നെ കാമറയുമായി ഓപ്പറേഷൻ തിയേറ്ററിൽ.. അങ്ങനെ ഒരുപാട് നാളെടുത്ത് ചെയ്തത്. എന്നാൽ ആ ചിത്രം ഒരു സിനിമാ മേയ്ക്കർ എന്ന നിലയിൽ ഒരു സ്ഥാനം എല്ലായിടത്തും ഫിലിം ഫെസ്റ്റിവലുകളിലും എനിക്ക് നൽകാൻ സഹായിച്ചു. അതിനു നിരവധി അവാർഡുകളും ലഭിച്ചു. അപ്പോഴേക്കും ഞാൻ എം എഫ് എ പാസ്സായിരുന്നു. അതിനു ശേഷമാണു ആ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതും അതിനു Silver Conch അവാർഡ് ലഭിക്കുന്നതും.
അതിനു ശേഷം 2006-2008 കാലഘട്ടങ്ങളിലാണു കേരളത്തിൽ DHRM മൂവ്മെന്റ് ശക്തി പ്രാപിക്കുന്നത്. ജെൻഡർ, race ഐഡന്റിറ്റുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളുറ്റെ പരമ്പരയ്ക്ക് ശേഷം cast ഐഡന്റിറ്റിയിലേക്ക് കടക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. അതിനു ഏറ്റവും പറ്റിയ സ്ഥലം ഇന്ത്യയായിരുന്നു. അതാണു എന്നെ പിന്നീട് ഇന്ത്യയിലെത്തിച്ചത്. രണ്ടായിരത്തിയെട്ട് മുതൽ അതിനായുള്ള പഠനങ്ങൾ ആരംഭിച്ചു. ചെങ്ങറ സമരവും അതുമായി ബന്ധപ്പെട്ട് സെലീന പ്രക്കാനവും തത്തുവുമെല്ലാം കൂടി രൂപീകരിച്ച ഡി എച്ച് ആർ എം മുതലായ വഴിക്കെല്ലാം തിരഞ്ഞുതുടങ്ങി. ആ സമയത്താണു വർക്കല ശിവപ്രസാദിന്റെ കൊലപാതകം നടക്കുന്നതും കെ കെ കൊച്ച് ഉൾപ്പടെയുള്ള ദളിത് നേതാക്കൾ അവരെ ടെററിസ്റ്റുകൾ എന്ന് വിളിക്കുകയുമൊക്കെ ചെയ്തതതും DHRM-നെ മൊത്തത്തിൽ ഡെമൊണൈസ് ചെയ്യുകയും മുൻപു കേൾക്കാത്ത രീതിയിലുള്ള ഒരു hunt അവരുടെ നേരെ നടക്കുകയും ചെയ്തത്. കുട്ടികളെ പിടിച്ചുകൊണ്ട് പോകുകയും പൊലീസ് സ്റ്റേഷനിൽ കെട്ടിത്തുക്കുക, ലിംഗത്തിൽ മുളകു തേക്കുക പോലെ വളരെ ക്രൂരമായ രീതിയിൽ…
മുരളി വെട്ടത്ത്: ഉവ്വ് അത് ഞാൻ ട്രേസ് ചെയ്തിരുന്ന സംഭവങ്ങളാണു. ആ സംഭവങ്ങളിൽ ആകെ ഇടപെട്ടിരുന്ന ചിലർ ബി ആർ പി ഭാസ്കറും ദേവികയുമൊക്കെയായിരുന്നു.
ജയൻ ചെറിയാൻ: ഉവ്വ്. ബി ആർ പി ഭാസ്കർ അന്ന് തൊടുവാ കോളണിയിൽ വരുമ്പോൾ ഞാൻ അവിടെ പപ്പിലിയോ ബുദ്ധയുടെ റിസർച്ചുമായി ബന്ധപ്പെട്ട് താമസിക്കുന്നുണ്ട്.
മുരളി വെട്ടത്ത്: അതേ സമയം കേരളത്തിലുള്ള മറ്റ് ദളിത് വിഭാഗങ്ങൾ അതിനോട് താല്പര്യം കാണിക്കാതെയും ഇരുന്നിട്ടുണ്ട്.
ജയൻ ചെറിയാൻ: അതിനു കാരണം കേരളത്തിലെ subcastism ആണു. പുലയ, പറയ, കുറവ വിഭാഗങ്ങൾ. ഇതിൽ കുറവ ബേസ്ഡാണു ഡി എച്ച് ആർ എം എന്നതിനാൽ കേരളത്തിലുള്ള subcastism തന്നെയാണു അതിനെ ഡിസ്ക്രിമിനേറ്റ് ചെയ്യാൻ കാരണമായത്. അതുപോലെ തന്നെ എലീറ്റ് ആയിട്ടുള്ള ദളിത് ബുദ്ധിജീവികൾക്ക് ഇത്തരത്തിലുള്ള മൂവ്മെന്റുകളെ, ഫ്രിഞ്ജ് മൂവ്മെന്റുകളെ അവരുടെ കാഴ്ച്ചപ്പാടിൽ തിയറട്ടിക്കലായി സോഫിസ്റ്റിക്കേറ്റഡല്ലാത്ത എന്നാൽ ഗ്രാസ്സ് റൂട്ട് ലെവലിൽ genuine ആയിരുന്ന ഇത്തരം മുന്നേറ്റങ്ങളെ എൻഡോഴ്സ് ചെയ്യാൻ താല്പര്യമില്ലായിരന്നു. വാസ്തവത്തിൽ എല്ലാ തരത്തിലുള്ളതും സപ്പ്ലിമെന്റ് ചെയ്യും.
മുരളി വെട്ടത്ത്: പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട് എന്തുകൊണ്ടാണു ദളിതരുടെ ഇടയിൽ തന്നെ ഇത്തരം സ്പ്ലിന്റർ ഗ്രൂപ്പുകളുണ്ടാകുന്നത് എന്ന്.
ജയൻ ചെറിയാൻ: അല്ല ..ദളിതർ എന്നത് ഒരു അക്കാദമിക് term മാത്രമാണു. അതൊരു ബഹുസ്വരതയാണു. പരസ്പരം വിഘടിച്ചു നിൽക്കുന്ന, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരുപാടു വൈജാത്യങ്ങളുള്ള സമൂഹങ്ങളെ ഒരു term- ലേക്ക് പിടീച്ചിടുകയാണു. ഉദാഹരണത്തിനു ദളിത് – ആദിവാസി . പപ്പിലിയോ ബുദ്ധ എന്ന സിനിമയിലൂടെ വലരെ കോമ്പ്ലക്സായ ചില കാര്യങ്ങൾ പറയാൻ ഞാനെടുത്ത ഒരു ലെക്ഷൻസിസ്റ്റ് സമീപനം മാത്രമാണത്. പൊതുസമരത്തിനായി ഒരു പൊതുകൂട്ടായ്മ എന്ന ഒരു മിത്തിക്കൽ പ്ലാറ്റ്ഫോം അവിടെ നിർമ്മിക്കുകയാണു ചെയ്തത്. ആ മിത്തിക്കൽ പ്ലാറ്റ്ഫോം ഒരു പരിധി വരെ ചെങ്ങ്ങറയിലും മേപ്പാടിയിലും നമ്മൾക്ക് കാണാൻ കഴിയും. എന്നാൽ മുത്തങ്ങ സമരം അങ്ങനെയായിരുന്നില്ല. ഞാൻ ആ സിനിമ മുത്തങ്ങയ്യീലാണു ഷൂട്ട് ചെയ്തത്. പക്ഷേ സിനിമ പറയുന്നത് മുത്തങ്ങ സമരമാണു, എന്നൽ അതിൽ ദളിതുകൾ ഇല്ലായിരുന്നല്ലോ ആദിവാസികൾ മാത്രമായിരുന്നില്ലേ എന്നെല്ലാം ആളുകൾ ചോദിച്ചിരുന്നു. കറന്റ് ചരിത്രമെന്നാൽ ന്യൂസ് റീലുകളാണു. നികേഷും ഏഷ്യാനെറ്റുമെല്ലാം വാർത്തകളിലൂടെയും ടോക് ഷോകളിലൂടെയും റെപ്രസന്റ് ചെയ്യുന്ന ഇൻഫർമേഷനാണു കറന്റ് ചരിത്രം എന്ന് പറയുന്നത്. ആ കറന്റ് ചരിത്രത്തെ എങ്ങനെ നമുക്ക് underliable ആക്കാം. അങ്ങനെ underliable ആയിട്ടുള്ള ഫിക്ഷനൽ ചരിത്രം സൃഷ്ടിക്കാനാണു ഞാൻ ശ്രമിച്ചത്. അതേ സമയം റിയാലിറ്റിയുടെ ഞൊറിവുകൾ പിടിപ്പിച്ച ഒരു ചരിത്രം. പക്ഷേ ഒരു സ്റ്റോറി റ്റെല്ലർ എന്ന നിലയ്ക്ക് മനുഷ്യകേന്ദ്രീകൃതമായ കഥകളാണു ഞാൻ അഡാപ്റ്റ് ചെയ്യുന്നത്, നമ്മെ ആകർഷിക്കുന്നത്. പക്ഷേ ഈ കഥയെന്നാൽ caste atrocities-നു victim ആയ ആളുകളിൽ നിന്ന് ജെനെറേറ്റ് ചെയ്ത ടെസ്റ്റിമണികളിൽ നിന്നാണു – എന്നാൽ യഥാർത്തത്തിൽ നടന്ന കാര്യങ്ങളുടെ ഡീറ്റെയിലുകൾ അല്ല അത്. കേരളത്തിന്റെ രണ്ട് ദശകങ്ങളിലെ ഭൂസമരങ്ങളുടെ ചരിത്രഘട്ടത്തിലേക്ക് ഡീറ്റേയിലുകളെ വളരെ ഫിക്ഷനലായ ഒരു നറേറ്റീവിലേക്ക് സൂപ്പർ ഇമ്പോസ് ചെയ്യുകയാണു. ഐഡന്റികളുടെ രൂപീകരണവും അതിന്റെ നിർവ്വഹണവും അതിന്റെ മാനിഫെസ്റ്റേഷനുകളുമെല്ലാം എങ്ങനെ നിർവ്വഹിക്കപ്പെടുന്നു, എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിന്റെയൊക്കെ അന്വേഷണമാണു പപ്പീലിയോ ബുദ്ധ എന്ന സിനിമ. തീർച്ചയായും ജെൻഡറിന്റെയും സെക്ഷ്വാലിറ്റിയുടെയും ചില അംശങ്ങളെ സ്പർശിക്കുന്നുണ്ടെങ്കിൽ തന്നെയും …
മുരളി വെട്ടത്ത്: മാർജിനലൈസ്ഡായ വിഭാഗങ്ങളിൽ ഇവയെല്ലാം വരുന്നുണ്ടല്ലോ…
ജയൻ ചെറിയാൻ: മാർജിനലൈസ്ഡ് എന്ന വാക്ക് തന്നെ പ്രശ്നകരമാണു. ഇപ്പോൾ തന്നെ മിഡിൽ ഈസ്റ്റ്. ഹൂസ് മിഡിൽ ഈസ്റ്റ് എന്ന് ചോദിക്കാവുന്നതുപോലെ ആരുടെ മാർജിൻ ആരു നിശ്ചയിച്ച മാർജിൻ, ആരു വരയ്ക്കുന്ന മാർജിൻ എന്ന മട്ടിൽ പ്രശ്നകരം. എന്നെ സംബന്ധിച്ചിടത്തോളം I am the centre of the world, I am the centre of the universe and I am going to be like that until my death എന്ന രീതിയാണു. ബാക്കിയെല്ലാം എന്റെ മാർജിനിൽ നിന്നാണു. എന്നെത്തന്നെ ഒരു മാർജിനിൽ ഇടുക എന്നത് പ്രശ്നകരമാണു. അത്തരത്തിൽ ആയിരക്കണക്കിനു, പതിനായിരക്കണക്കിനു സെന്ററുകളുടെ സംഘാതമാണു യൂണിവേഴ്സ്. ആയിരക്കണക്കിനു യൂണിവേഴ്സുകളാണു, നമ്മൾ ഓരോ വ്യക്തികളും യൂണിവേഴ്സുകളാണു, ഓരോ ചെറുചെറു സമൂഹങ്ങളും ഓരോ യൂണിവേഴ്സുകളാണു. അങ്ങനെയുള്ള കോസ്മോസുകളുടെ സംഘാതമാണു. മാർജിൻ പ്രശ്നകരമാകുന്നത് എന്തിനാണു നാം മാർജിനുകൾ ഇടുന്നത് എന്നതിനാലാണു. ഉദാഹരണത്തിനു sexual minorities are marginalized, they are contained, compartmentalized, in order to contain them, in order to control them, in order to exploit them. എല്ലാത്തരത്തിലുമുള്ള ന്മ്പാർട്ട്മെന്റലൈസേഷനുകളും അങ്ങനെയാണു സൃഷ്ടമാകുന്നത്. Gender, caste എന്നിവയെല്ലാം ഉണ്ടാക്കിയത് എങ്ങനെയാണെന്ന് നോക്കൂ.. all of them were created as tools of oppression.
Gay, Lesbian, Bisexual, Transgender, Queer, in Question എന്നൊക്കെയുള്ള അവാന്തര വിഭാഗങ്ങൾ പോലും ഒരു കാറ്റഗറൈസേഷനു വേണ്ടി, അല്ലെങ്കിൽ ഐഡന്റിഫിക്കേഷനു വേണ്ടി അല്ലെങ്കിൽ ഐഡന്റിറ്റി പൊളിറ്റിക്സിന്റെ ഭാഗമായിട്ടോ അക്കാദമിക് ആവശ്യങ്ങളുടെ ഭാഗമായിട്ടോ ഒക്കെ നാം സൃഷ്ടിക്കുന്ന ചതുരങ്ങളാണു. ഈ ചതുരങ്ങൾക്ക് അപ്പുറം human desire, human sexual expression – അതൊക്കെ ബഹുസ്വരമാർന്നതാണു, ബഹുവർണ്ണമാർന്നതാണു. ഈ rainbow യുടെ മുഴുവൻ സ്പെക്ക്ട്രത്തിൽ, അതിന്റെ മൂർത്തതയിൽ, അതിന്റെ സമൂർത്തതയിൽ ആസ്വദിക്കുന്ന, മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളാണു ഞാൻ. അതുകൊണ്ട് അതിനു വേണ്ടി, മാർജിൻ എന്നതിനൊക്കെ അപ്പുറം കടക്കേണ്ടി വരും നമുക്ക്.
മുരളി വെട്ടത്ത്: പപ്പിലീയോ ബുദ്ധയെക്കുറിച്ച് അല്പം.. കാരണം കേരളത്തിൽ ഏറ്റവുമധികം കോണ്ട്രവേഴ്സി ഉണ്ടാക്കിയ ഒരു സിനിമയായിരുന്നു അത്. അതിന്റെ സെൻസറിംഗ് തന്നെ പ്രശ്നകരമായിരുന്നു – പത്തറുപത് കട്ടുകൾ വേണമെന്നൊക്കെ പറഞ്ഞായിരുന്നു അത് തുടങ്ങുന്നത്. മാത്രമല്ല ജയൻ എന്നു പറയുന്ന ഒരാൾ ഇങ്ങനെ ഒരു ദളിത് ഇഷ്യൂവിലേക്ക് കയറുമ്പോൾ അതിനെക്കുറിച്ചുള്ള ചില സംശയങ്ങളും ചോദ്യങ്ങളുമൊക്കെ ഉണ്ടായിരുന്നു..
ജയൻ ചെറിയാൻ: രണ്ട് തരത്തിലായിരുന്നു എതിർപ്പുകൾ. ഒന്ന് കേരളത്തിലെ ദളിത് ബുദ്ധിജീവികളിൽ നിന്ന് ഉണ്ടായ എതിർപ്പ്. എന്റെ ഐഡന്റിറ്റി എന്ത്, അല്ലെങ്കിൽ എന്നെ ആരു ജനിപ്പിച്ചു എന്ന മട്ടിൽ.. എന്നിക്കുള്ളത് ഒരു ക്രിസ്റ്റ്യൻ ലാസ്റ്റ് നെയിമാണു. എന്റെ അച്ഛൻ ക്രിസ്ത്യാനിയായിരുന്നിരിക്കാം. ഞാനൊരു ക്രിസ്തീയ വിശ്വാസിയല്ല. കേർളത്തിലെ ക്രിസ്ത്യാനികൾ അവരവരുടെ ജാതി ആചരിക്കുന്നവരാണു. ഏത് പർട്ടിക്കുലർ ക്രിസ്ത്യൻ ഗ്രൂപ്പിൽ നിന്നാണു നിങ്ങൾ വരുന്നത്, സവർണ്ണക്രിസ്ത്യാനിയാണോ ദളിത് ക്രിസ്ത്യാനിയാണോ എന്ന മട്ടിലുള്ള ദളിത് ചോദ്യങ്ങളായിരുന്നു വന്നത്. ഐഡന്റിറ്റി പൊളിറ്റിക്സിലെ വളരെ പ്രധാനമായ രണ്ട് കാര്യം authenticity, authorship എന്നിവയാണു. എന്ന് വെച്ചാൽ ഞങ്ങളെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് ആർ അവകാശം തന്നു എന്നതാണു. എന്നാൽ സത്യത്തിൽ ഞാൻ ആരെക്കുറിച്ചുമല്ല സംസാരിക്കുന്നത് . ഞാൻ ആത്യന്തികമായി എന്നെക്കുറിച്ച് തന്നെയാണു സംസാരിക്കുന്നത്! എന്റെ എക്സ്പീരിയൻസ്, എന്റെ റെപ്രസന്റേഷൻ, എന്റെ റിയാലിറ്റി എന്നിവയിൽ ഞാൻ റിയലൈസ് ചെയ്ത ഒരു കഥ ഞാൻ പറയുകയാണു. ആ കഥയിലെ ഇമേജുകൾ juxtapose ചെയ്ത് പുതിയ അർത്ഥങ്ങൾ ഉണ്ടാക്കുമ്പോൾ അത് പുതിയ സ്റ്റോറിയാകുന്നു. And that becomes my story. അത് റിയാലിറ്റിയുടെ റെപ്രസന്റേഷനാവാം, അൺറിയാലിറ്റിയുടെ റെപ്രസറ്റേഷനാവാം. പക്ഷേ ആത്യന്തികമായി അതൊരു ഫിക്ഷനാണു. എല്ലാ കഥകളും നമ്മുടെ പ്രോസസിംഗിലൂടെ കടന്ന് പോകുമ്പോൾ ഫിക്ഷനാകുന്നുണ്ട്. എന്നാൽ എല്ലാ ഫിക്ഷനിലും റിയാലിറ്റിയുടെ അംശവുമുണ്ട്. അതുകൊണ്ട് ഫിക്ഷൻ – നോൺ ഫിക്ഷൻ എന്ന അതിർത്തികളിൽ ഞാൻ വിശ്വസിക്കുന്നില്ല, I am a storyteller and I am starting telling stories. പക്ഷേ അവരുടെ ദൈവങ്ങളായ ഈ എം എസ്സിനെയൊക്കെ അൺസെറ്റിൽ ചെയ്യാൻ ശ്രമിക്കുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് കേരളത്തിലെ ഇടതുബുദ്ധിജീവികളിൽ നിന്ന് വളരെ വലിയ എതിർപ്പുകളുണ്ടായി. പിന്നെ ന്യൂയോർക്കിൽ നിന്ന് സിനിമ പഠിച്ച് ഇവിടെ വന്ന് സിനിമയെടുക്കുന്നു, അവരുടെ സ്പേയ്സ് ഞാൻ കയ്യേറുന്ന എന്ന ധാരണകളിൽ നിന്നുമൊക്കെ ആർട്ട് ഫിലിം മേക്കർമാരുടെ ഗ്രൂപ്പിൽ നിന്നുള്ള എതിർപ്പുകൾ. IFFK –യിൽ നിന്നും ആ സിനിമയെ പുറത്താക്കാൻ നടന്ന ശ്രമങ്ങൾ. അതിന്റെ പ്രൈവറ്റ് സ്ക്രീനിംഗ് പോലും പൊലീസുകാരെ വിട്ട് തടസപ്പെടുത്തി. അതും കൂടാതെ നമ്മളെ പിന്തുണച്ചിരുന്ന ഇടത് ബുദ്ധിജീവികളും അല്ലാത്തവരും തമ്മിലുള്ള അനിമോസിറ്റികളുടെ ഭാഗമായുണ്ടാകുന്ന സംഘർഷങ്ങളിൽ അതിനിടയ്ക്ക് നാം പെട്ട് പോകുന്നതു പോലെയുള്ള അവസ്ഥകൾ.. പിന്നെ ക്വിർ ഇഷ്യൂവിനെയൊക്കെ പറ്റി പറയാൻ താനാരാണു, ഞങ്ങൾ വർഷങ്ങളായി അത് ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നവരാണു എന്ന മട്ടിൽ ചിലർ. കേരളത്തിലെ പാരമ്പര്യ ഇടത് ബുദ്ധിജീവികളാണു ഇവിടുത്തെ ഏറ്റവും കൺസർവേറ്റീവായിട്ടുള്ള ഗ്രൂപ്പ്.
മുരളി വെട്ടത്ത്: അതെ. വളരെ പ്രോഗ്രസ്സീവായും, ഒരു ഹ്യൂമൻ പേഴ്സ്പെക്റ്റീവിൽ നിന്ന് സംസാരിക്കേണ്ടവരുമായിട്ടുള്ള ആളുകളാണു പക്ഷേ കേരളത്തിലെ ഏറ്റവും കൺസർവേറ്റീവായിട്ടുള്ള ആളുകൾ. ഉദാഹരണത്തിനു LGBT എന്ന് പറയുന്നതൊന്നും അവർക്ക് comprehend ചെയ്യാൻ കഴിയുന്നില്ല. ഇനി അങ്ങനെ comprehend ചെയ്യാൻ കഴിയുന്നവർ പോലും നിങ്ങളെ സമീപിക്കുക നിങ്ങൾക്ക് എന്താണു ഇവിടെ കാര്യം എന്ന മട്ടിലായിരിക്കും. പ്രത്യേകിച്ചും ജയൻ ന്യൂയോർക്കിൽ നിന്ന് വരുന്നതായതിനാൽ ഒരു സി ഐ എ ബന്ധം പോലും ആരോപിക്കപ്പെടാനുള്ള സ്കോപ്പുണ്ട് !
പക്ഷേ എന്തുതന്നെയായാലും പപ്പീലിയോ ബുദ്ധ ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും ലോകത്തെല്ലായിടത്തും ഇപ്പോഴും കണ്ടുകൊണ്ടിരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ജയൻ ചെറിയാൻ: ഉവ്വ് ബർലിനിൽ . ഇന്നലെത്തന്നെ ഇവിടെ നോട്ടിംഗ്ഹാമിൽ. വേറെ ഏത് മലയാളം സിനിമയ്ക്കാണു ബർലിനിൽ 7 പ്രദർശനങ്ങൾ കിട്ടിയിട്ടുള്ളത്? എത്രയോ വർഷങ്ങളായി ബർലിൻ പനോർമയിലേക്ക് ഒരു മലയാളചിത്രം സെലെക്ട് ചെയ്യപ്പെട്ടിട്ടുതന്നെയില്ല.
മുരളി വെട്ടത്ത്: പക്ഷേ ഇത്രയധികം സ്ഥലങ്ങളിൽ സ്വീകാര്യത കിട്ടിയിട്ടും അത് നമ്മുടെ മാധ്യമങ്ങൾ തമസ്കരിക്കുന്നു, ഇഗ്നോർ ചെയ്യുന്നു. ഷാജി എൻ കരുൺ അല്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പോകുമ്പോൾ അത് വാർത്തയാവുകയും ജയൻ പോകുമ്പോൾ അത് വാർത്തയല്ലാതാകുകയും ചെയ്യുന്നു.
ജയൻ ചെറിയാൻ: ഷാജി എൻ കരുൺ അടങ്ങുന്ന കമ്മിറ്റിയാണു എന്റെ സിനിമയ്ക്ക് 52 കട്ടുകളും മറ്റും സജസ്റ്റ് ചെയ്യുന്നത്. പക്ഷേ കേരളം എന്നതൊരു particular kind of കുളമാണു. ആ കുളത്തിലെ തവളകളും അവരുടെ ബബിളുകളും അവരുടെ മീഡിയാലോകവും അതൊക്കെ മാത്രമേ പ്രൊജക്റ്റ് ചെയ്യുന്നുള്ളൂ. പക്ഷേ ചില മാധ്യമങ്ങൾ മീഡിയാ വൺ പോലെ, റിപ്പോർട്ടർ പോലെയുള്ള ചാനലുകൾ നമ്മുടെ സിനിമയെക്കുറിച്ച് പല പരിപാടികളിലും സംസാരിച്ചിരുന്നു. എന്നാൽ സാധാരണഗതിയിൽ മലയാളത്തിലെ ഒരു ഫിലിം മേയ്ക്കർക്ക് ഇന്റർനാഷണൽ അപ്രീസിയേഷനുകൾ കിട്ടുമ്പോളുണ്ടാകുന്ന ഒരു കവറേജ് പപ്പീലിയോ ബുദ്ധയ്ക്ക് കിട്ടിയിരുന്നില്ല, അതിനെതിരെ സ്വാഭാവികമായ ഒരു റെസിസ്റ്റൻസ് ഉണ്ടായിരുന്നു.
മുരളി വെട്ടത്ത്: പിന്നെ മറ്റൊന്ന് സിനിമയല്ല, എന്നാൽ സിനിമയുമായി ബന്ധമുള്ളതുമായ ഒരു കാര്യം… ഗേ കമ്മ്യൂണിറ്റിയെ വേണ്ട വിധം മനസ്സിലാക്കാത്ത ഒരു സ്ഥലമാണു കേരളം. കുണ്ടൻ എന്ന് പറയുമ്പോൾ അതിന്റെയൊരു രാഷ്ട്രീയമോ സ്വത്വമോ ഒന്നും മനസ്സിലാക്കാത്ത അല്ലെങ്കിൽ ആ സ്വത്വത്തിന്റെ എക്സ്പ്രഷനെക്കുറിച്ചൊക്കെ ഒന്നും പഠിക്കാത്ത ഒരു സ്ഥലമാണു കേരളം. അതേ സമയം ലെസ്ബിയൻ അല്ലെങ്കിൽ കൂടി ആണിന്റെ ഒരു പെഴ്പെക്റ്റീവിലിരുന്ന് ആ ലെസ്ബിയനിസത്തിലെ സ്ത്രീശരീരത്തെ ആസ്വദിക്കുന്ന ഒരു രീതിയിൽ എജ്യുക്കേഷൻ ഇല്ലാത്തൊരു സ്ഥലമാണു…
ജയൻ ചെറിയാൻ: മുരളി പറഞ്ഞത് വാസ്തവമാണു. കേരളത്തിൽ ഇപ്പോൾ ലെസ്ബിയൻ കഥകൾക്ക് വേറൊരു തലത്തിലുള്ള ഒരു മാർക്കറ്റ്, മീഡിയലെവലിൽ കൂടി ലഭിക്കുന്ന ഒരു മാർക്കറ്റുണ്ട്. വനിത പോലെയുള്ള മാസികകളിൽ അല്ലെങ്കിൽ അത് പോലെയുള്ള മെയിൻസ്ട്രീം മാസികകളിൽ ലെസ്ബിയൻ സ്റ്റോറികൾ വളരെ ജ്യൂസിയായി കൊടുക്കാറുണ്ട്. ആക്ച്വലി ആ വാർത്തകൾ പോലും ഒരു പോർണോഗ്രാഫിക് വിഭവമാണു. ഹെറ്റെറോ സെക്ഷ്വൽ പോർണോഗ്രഫിയുടെ ഒരു സപ്ലിമെന്ററി പ്ലെഷറിന്റെ ഭാഗമാണു ഈ ലെസ്ബിയൻ സെയിം സെക്സ് സ്റ്റോറികൾ. പക്ഷേ male same sex stories അത്ര ജ്യൂസിയല്ല. അതൊരു ഹെറ്റെറോസെക്ഷ്വൽ masculine ആയ ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം totally phallocentric ആയിട്ടുള്ള ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം unsettling ആണു, emasculating ആണു. അതുകൊണ്ടാണു പപ്പീലിയോ ബുദ്ധയിൽ രണ്ട് പുരുഷന്മാർ ചുംബിക്കുന്നത് ആളുകലെ സംബന്ധിച്ചിടത്തോളം shocking ആകുന്നതും അവർ unsettled ആകുന്നതും. അതേ സമയം പ്രോഗ്രസീവ് ആണന്ന് പറയുന്ന പലരും അതിനെ മെൻഷൻ ചെയ്യാതെ വേറൊരു തരത്തിൽ സിനിമയെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.
മുരളി വെട്ടത്ത്: അതേ സമയം രണ്ട് സ്ത്രീകൾ ചുംബിക്കുകയാണെങ്കിൽ കേരളത്തിലെ ആണുങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്നമില്ല, വികാരമായി..
ജയൻ ചെറിയാൻ: That is part of their pornographic pleasure. ദീപ മേഹ്ത്തയുടെ ഫയറാകട്ടെ, സഞ്ചാരം എന്ന സിനിമയാകട്ടെ – ലിജി ജെ പുല്ലാപ്പള്ളി സംവിധാനം ചെയ്ത ആ ചിത്രം നല്ലൊരു സിനിമയാണു – കേരളത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുകയില്ല. അത് സേഫാണു. പക്ഷേ എന്റെ അടുത്ത സിനിമ. കാ ബോഡി സ്കേയ്പ്സ് (ka body scapes) എന്ന ചിത്രം വളരെ masculine ആയിട്ടുള്ള രണ്ട് പുരുഷന്മാർ തമ്മിലുള്ള കഠിനമായ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണു. പ്രണയത്തിനപ്പുറവും ചിലതൊക്കെയുണ്ട് ആ സിനിമയിൽ ഒരു ആർട്ടിസ്റ്റ് അവന്റെ വർക്കുകൾ എക്സ്ബിറ്റ് ചെയ്യാൻ കേരളത്തിൽ കോഴിക്കോട് പോലെയുള്ള ഒരു ടൗണിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെയുണ്ടാകുന്ന മോറലിസ്റ്റ് അറ്റാക്കുകൾ… ഇവർ പരസ്പരം അവരുടെ സ്നേഹത്തെപ്പറ്റി പ്രൊനൗൺസ് ചെയ്യുന്നു പോലുമില്ല. അത് കൃത്യമായ പ്രണയമായിരിക്കാം, ചിലപ്പോൾ ശരീരത്തോടുള്ള ആർത്തിയായിരിക്കാം… അത് ഒരു തൃഷ്ണയുടെയും പ്ലെഷറിന്റെയും ആഹ്ലാദത്തിന്റെയുമൊക്കെ എക്സ്പ്ലൊറേഷനാണു ആ സിനിമ. അതേ സമയം സ്വന്തമായി ഒരു സെക്ഷ്വൽ പ്രിഫറൻസും ഡിക്ലേർ ചെയ്യാത്ത ഒരു സ്ത്രീയാണു ഇതിലെ സെന്റർ കാരക്ടർ. മലയാളസിനിമയിലെ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെയും സിനിമയിലെയും നായികമാർ ഹെറ്റെറോസെക്ഷ്വൽ റിലേഷൻഷിപ്പിൽ കുടുങ്ങിയവരാണു. ഇതിലെ ഫീമെയിൽ കാരക്ടർ ഒരുതരത്തിലുള്ള സെക്ഷ്വൽ എക്സ്പ്രഷൻസും, ആരോടും കാണിക്കുന്നില്ല. ഇതിലെ നായിക നായകനുമായി പ്രണയത്തിലൊന്നും ഏർപ്പെടുന്നില്ല. പക്ഷേ അവൾക്ക് പ്ലെഷർ ഉണ്ട്. അവളുടെ പ്ലെഷർ അവൾ കണ്ടെത്തുന്നത് അവളിൽ തന്നെയാണു. അപ്പോൾ, സെൽഫ് സസ്റ്റേയ്ൻഡ് ആയിട്ടുള്ള ഒരു സ്ത്രീ, അതും ഒരു കൺസർവേറ്റീവ് റിലിജ്യസ് പശ്ചാത്തലത്തിൽ നിന്നും വരുന്ന ഒരു സ്ത്രീ .. അങ്ങനെ വരുമ്പോൾ ഉള്ള ആവിഷ്കാരത്തിന്റെ വലിയ ചലഞ്ചുകൾ ഞങ്ങളുടെ ഈ കഴിഞ്ഞ സിനിമയ്ക്കുണ്ടായിരുന്നു. അതുകൂടാതെ ഈ സിനിമയിൽ ആക്റ്റ് ചെയ്തതും ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നവരുമെല്ലാം കൃത്യമായ സിനിമ എക്സ്പീരിയൻസ് ഉള്ള ആളുകളായിരുന്നില്ല. ഫ്ലാഷ് മോബ് കൂട്ടായ്മകൾ എന്ന് പറയാവുന്ന കൂട്ടായ്മകൾ, കിസ്സ് ഓഫ് ലവ്വിലൊക്കെ പങ്കെടുത്ത കുട്ടികൾ, ആർത്തവസമരത്തിൽ പങ്കെടുത്തിരുന്ന ചിലർ അങ്ങനെ ചെറിയ ചെറിയ ഗ്രൂപ്പുകളിൽ നിന്ന് വന്നവരാണു. അവർക്ക് സിനിമയെക്കുറിച്ച് കൃത്യമായ ഒരു അച്ചടക്കം വേണം എന്നൊന്നും നമുക്ക് നിർബന്ധം പിടിക്കാൻ കഴിയില്ല. അതിന്റെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതൊരു വലിയ സ്ട്രെങ്ത് ആയിട്ടാണു എനിക്ക് തോന്നിയത്. പലസൗകര്യങ്ങളും എന്നാൽ അതുകൊൺണ്ട്നഷ്ടമാകുന്നുണ്ട്. ട്രഡീഷ്ണൽ സിനിമാ മേക്കിംഗിൽ എക്സ്പീരിയൻസ്ഡായിട്ടുള്ള ഒരുപാട് ആളുകളും അങ്ങനെ ലഭിക്കുന്ന സപ്പോർട്ടിംഗ് ഹാൻഡുകളുമുണ്ട്, അതിനാൽ ലഭിക്കുന്ന സ്വാതന്ത്ര്യങ്ങളുമുണ്ട്.. എന്നാൽ ഈ സിനിമയിൽ വോളന്റീർ ചെയ്ത് മുന്നോട്ട് വന്ന ഒരുപാട് കുട്ടികളുണ്ട് അവർക്ക് സഹായമനസ്ഥിതിയുണ്ട്. പക്ഷേ they are not trained to. എല്ലാം പുതിയ ആളുകൾ. എന്നാൽ സൈഡ് റോളുകളിൽ പപ്പീലിയോ ബുദ്ധയിൽ ഉപയോഗിച്ചതുപോലെ എക്സ്പീരിയൻസുള്ള ആളുകൾ ചെറിയ റോളുകളിൽ അവിടവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. സെൻട്രൽ കാരക്ടറുകൾ, most of them playing themselves. പ്രൊഫെഷനലി ട്രേയിൻഡ് ആയിട്ടുള്ള ആക്ടേഴ്സ് ഇല്ല. ട്രേയ്ൻഡ് ആയിട്ടുള്ളവരും അല്ലാത്തവരും എന്ന രീതിയിൽ ഒരു മിക്സാണു. ആ സിനിമ കൈകാര്യം ചെയ്യുന്നത് എക്സ്ക്ലൂസീവ്ലി പുരുഷ സെക്ഷ്വാലിറ്റിയാണു, ആ കാരക്ടേഴ്സ് വളരെ മസ്കുലിനായിട്ടുള്ള മെയിൽ കാരക്ടേഴ്സാണു. അതിലെ ട്രാൻസ്ജെൻഡർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ട്രാൻസ്ജെൻഡറുകളായിട്ടുള്ള ആളുകൾ തന്നെയാണു. കേരളത്തിലെ LGBT ആക്ടിവിസ്റ്റുകളിൽ പ്രമുഖരായിട്ടുള്ള ഡോക്ടർ ജിജോ കുര്യാക്കോസിനെപ്പോലുള്ള ആളുകളാണു ആദിമധ്യാന്തം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഇതിന്റെ നറേഷന്റെയും റൈറ്റിംഗിന്റെയുമൊക്കെയായുള്ള discussant ആയി പങ്കെടുത്തിരുന്നത് കിഷോറിനെ പോലെയുള്ള LGBT ആക്ടിവിസ്റ്റുകളാണു. പിന്നെ ഗേയാണെന്ന് പ്രഖ്യാപിച്ച് അങ്ങനെ ഓപ്പൺ ആയി ജീവിക്കുന്ന ആളുകളുണ്ട്. പിന്നെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലൊക്കെ പങ്കെടുത്തിട്ടുള്ള തസ്ൻനിബാനുവിന്റെ ക്രിയേറ്റീവ് ഇൻപുട്ട് വളരെയധികമുണ്ട് ഇതിൽ. അതു പോലെ ഇതിലെ സെൻടർ കാരക്ടറായ ഫീമെയിൽ കാരക്ടറിനെ അവതരിപ്പിച്ചിരിക്കുന്നത് നസീറയാണു. നസീറ ജേർണലിസ്റ്റാണു, പമ്പ ബസ്സ് ഇഷ്യൂവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ആളാണു. She is..kind of playing herself or playing something very close to her life… ആ കാരക്ടർ തന്നെ ശരിക്കും is something very close to Tasni Banu’s life. അങ്ങനെ ഒരു നൂറു നൂറു ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണിത്. അവരുടെ ജീവിതങ്ങളും അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമായുള്ള പ്രോക്സിമിറ്റി. കല്ലേൻ പൊക്കുടൻ കരിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതുപോലെ. പിന്നെ ദീദി ദാമോദരനെപ്പോലെയുള്ളവർ അവരുടെ ദീർഘകാലത്തെ സമരങ്ങളുടെ എക്സ്പീരിയൻസുമായി വളരെ ഇൻപുട്ട് ഇതിന്റെ ഡിസ്കഷനുകളിൽ നൽകിയിട്ടുണ്ട്. ഷാഹിന, ഹയറുന്നീസ.. അങ്ങനെ നൂറുകൂട്ടം പെൺകുട്ടികളുടെയും ആൺകുട്ടികളുടെയുമെല്ലാം ഒരുപാട് ഇൻപുട്ടുകൾ ഇതിലേക്ക് വന്നിട്ടുണ്ട്.
മുരളി വെട്ടത്ത്: അങ്ങനെ ഒരു സിനിമ ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിരിക്കണം…
ജയൻ ചെറിയാൻ: തീർച്ചയായും. ഒന്ന് മുൻപ് പറഞ്ഞ inexperienced crew ആയതിനാൽ. മറ്റൊന്ന് നമ്മുടെ കൂടെയുണ്ടായിരുന്ന ആളുകളിൽ നിന്ന് പോലും നമ്മൾ പ്രോഗ്രസീവായി കണ്ടിരുന്ന ആളുകളിൽ നിന്ന് പോലുമുണ്ടായിട്ടുള്ള ഓപൺലി ഗേ ആയിട്ടുള്ള ആളുകളെ വെച്ച് ചെയ്യണോ, എന്ന മട്ടിലൊക്കെയുള്ള വളരെ ഹോമോഫോബിക് ആയിട്ടുള്ള പ്രതികരണങ്ങൾ. ഇങ്ങനെയൊക്കെ കഷ്ടപ്പാടുകൾ ഉണ്ടായി എങ്കിലും ആ സിനിമ വിജയകരമായി പൂർത്തീകരിച്ചു. ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണു.
മുരളി വെട്ടത്ത്: ഹോമോഫോബിക് ആയിട്ടുള്ള ഒരു നേച്ചറിനെ ചലഞ്ച് ചെയ്യാൻ ചലഞ്ച് ചെയ്യാൻ പാകത്തിലുള്ള സിനിമകൾ എടുക്കണം എന്നതിനാൽ ആ അർത്ഥത്തിൽ ജയൻ is doing a great job. കാരണം സെക്ഷ്വൽ ലിറ്ററസി വളരെ കുറവായ, ഒരു ഹെറ്റെറോ സെക്ഷ്വൽ മോണോപൊളിയിൽ നിൽക്കുന്ന ഒരു സ്ഥലമാണു കേരളം.
ജയൻ ചെറിയാൻ: അതുമാണു നമ്മൾ ശ്രമിക്കുന്നത്. ഹെറ്റെറോസെക്ഷ്വൽ ഹെജിമണിയോടൊപ്പം തന്നെ ഇവിടെ നിലനിൽക്കുന്ന ഭയങ്കരമായ സോഷ്യൽ കൺസർവേറ്റിസവുമുണ്ട്. സോഷ്യൽ മൊറാലിറ്റി എന്ന് പരയുന്ന ഒന്ന് രൂപപ്പെട്ടിട്ടുണ്ട്. അതെന്ന് പറഞ്ഞാൽ കോൺസ്റ്റിറ്റ്യൂഷണൽ മൊറാലിറ്റിയെ അതിലംഘിക്കുന്ന അതിനെ undermine ചെയ്യുന്ന ഒരു മൊറാലിറ്റിയാണു.
മുരളി വെട്ടത്ത്: അങ്ങനെയുള്ള സ്ഥലങ്ങളിൽ, സമയങ്ങളിൽ ജയന്റെ പടം intervening ആകുകയും ഡിസ്കഷനുകൾ ക്ഷണിക്കുകയും സമൂഹത്തിൽ മാറ്റങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് തോന്നുന്നു.
ജയൻ ചെറിയാൻ: ഒരു ഫിലിം മേയ്ക്കർ എന്ന നിലയ്ക്കോ ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്കോ എന്റെ സൃഷ്ടികൾ സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കണം എന്ന് ശഠിക്കാൻ പറ്റില്ല. എങ്കിൽ പോലും ഒരു ഡിസ്കഷനും ചോദ്യങ്ങളും ഞാൻ പ്രതീക്ഷിക്കുന്നു.
മുരളി വെട്ടത്ത്: എന്നത്തേയ്ക്കാവും ഇതിന്റെ റിലീസ്…
ജയൻ ചെറിയാൻ: പോസ്റ്റ്പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണു. ഞങ്ങൾക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും 2016 ജനുവരിയോടെ എല്ലാം തീർത്ത് പുറത്തു കൊണ്ടുവരാം എന്ന് കരുതുന്നു.
മുരളി വെട്ടത്ത്: മറ്റൊന്ന്.. ഈ ജൂലൈയിൽ കേരളത്തിൽ തിരുവനന്തപുരത്ത് ക്വീർ പ്രൈഡ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. കുറച്ചു വർഷങ്ങളായി നടക്കുന്ന ഒന്നാണത്. ജയനു ഈ വിഷയത്തിൽ ഒരു ഇന്റർനാഷണൽ ഡയമെൻഷൻ ഉണ്ടെന്നറിയാം. അതിനെ എങ്ങനെയാണു കാണുന്നത്…
ജയൻ ചെറിയാൻ: വളരെ പോസിറ്റീവായിട്ടാണു ഞാനതിനെ കാണുന്നത്. ഞാൻ കഴിഞ്ഞ ഡിസംബറിൽ നടന്ന ഡെൽഹി ക്വീർ പ്രൈഡിൽ പങ്കെടുത്തിരുന്നു.. കൂടാതെ 2010-ലെ തൃശൂരിൽ നടന്ന ക്വിർ പ്രൈഡിൽ ഉണ്ടായിരുന്നു.. ദീപ വാസുദേവനെപ്പോലെയുള്ള ആളുകൾ 90-കൾ മുതലേ കാനഡയിൽ നിന്ന് കേരളത്തിൽ പോയി സെറ്റിൽ ചെയ്ത് സഹയാത്രിക എന്നുപറയുന്ന ഓർഗനൈസേഷനുമായൊക്കെ ബന്ധപ്പെട്ട് അവരൊക്കെ ചെയ്ത വളരെ ഡിവോട്ടഡ് ആയിട്ടുള്ള പ്രവർത്തനങ്ങൾ. ബാംഗ്ലൂരെ സുമംഗല പോലെയുള്ള സംഘടനകൾ.. അങ്ങനെ പല വിവിധ ലെഫ്റ്റും ക്വീർ ഓർഗനൈസേഷനുകൾ അല്ലാത്ത, അവയുടെ സപ്പോർട്ടിംഗ് ഓർഗനൈസേഷനുകളും നടത്തുന്ന പ്രവർത്തനങ്ങൾ. ഇപ്പോൾ പുതിയൊരു സംഘടനയുണ്ട് ക്വീരള എന്ന പേരിൽ. അതിന്റെ ഫൗണ്ടറാണു ഡോക്ടർ ജിജോ കുര്യാക്കോസ്. പിന്നെ ശീതൾ.. ശീതൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. പിന്നെ എല്ലാ ക്വീർ പരേഡിനും മുൻപിലുണ്ടായിരുന്ന സ്വീറ്റ് മരിയ, നിർഭാഗ്യകരമായ കാര്യമായിരുന്നു അവരുടെ മരണം, പിന്നെ സഹയാത്രിക…ഇങ്ങനെ പല സംഘടനകളും സഹകരിച്ച് നടത്തുന്ന ഒരു ഫെസ്റ്റിവലാണിത്. ഈ പരേഡ് ഇത്തവണ തിരുവനന്തപുരത്ത് നടക്കുന്നു എന്നതാണു ഒരു പ്രത്യേകത. തിരുവനന്തപുരത്ത് അതിന്റെ ഓർഗനൈസേഷണൽ ഗ്രൂപ്പുകൾ ഇല്ലെങ്കിലും തൃശൂരൊക്കെയുള്ളവ, ശരത് ചേലൂരിനെപ്പോലെയുള്ളവരുമൊക്കെ സഹകരിച്ച് നടത്തുന്ന ഈ പരിപാടിയിൽ പങ്കെടുക്കണം എന്നാണു എന്റെ ആഗ്രഹം ഞാൻ മിക്കവാറും തന്നെ അവിടെ ഉണ്ടാവുകയും ചെയ്യും.. ഇത്തരം ക്വീർ ഗ്രൂപ്പുകളുടെ സാന്നിധ്യം സജീവമായി നിഅരത്തിലുണ്ടാകുകയും കൂടുതൽ കൂടുതൽ ആളുകൾ അതിനെക്കുറിച്ചു ബോധമുള്ളവരാകുകയും വേണം.
മുരളി വെട്ടത്ത്: പ്രത്യേകിച്ചും ഇക്കാലത്ത്. മോഡിഗവണ്മെന്റ് വന്നതിനു ശേഷം ഒരുതരം മാച്ചോ കൾച്ചർ കൂടി ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള വിഭാഗങ്ങളെയൊക്കെ അവഗണിച്ചോ അല്ലെങ്കിൽ കഠിനമായി ആക്രമിച്ചുകൊണ്ടോ നേരിടുന്ന ഒരു കാലമാണിത്.
ജയൻ ചെറിയാൻ: ഇതിനിടയ്ക്ക് മറ്റൊരു സംഗതിയുണ്ട്. ഘർ വാപസി എന്ന് പറയുന്ന കാര്യം. അത് പറയാതെ ഇത് പൂർണ്ണമാകില്ല. ഈ സിനിമയിലും അത് എക്സ്പ്ലോർ ചെയ്യുന്നുണ്ട്. ഘർ വാപസി എന്നത് ഹിന്ദു ധർമ്മത്തിൽ നിന്ന് ഇസ്ലാം ധർമ്മമോ ക്രിസ്ത്യൻ ധർമ്മമോ ഒക്കെ സ്വീകരിച്ചവരെ തിരിച്ചുകൊണ്ടുവരിക എന്ന് പറയുന്ന കാര്യമാണു. അതിനു മറ്റൊരു ഡയമെൻഷനുണ്ട്. മഹാരാഷ്ട്രയിലും ഗോവയിലുമൊക്കെ aversion ക്ലിനിക്കുകൾ തുറക്കുന്നുണ്ട്. ഹോമോസെക്ഷ്വാലിറ്റിയിൽ നിന്ന് ഹെറ്റെറോസെക്ഷ്വാലിറ്റിയിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാനുള്ള ഒരുതരം ഘർവാപസിയാണത്. അത് നമ്മുടെ സിനിമയിലെ ഒരു സെൻട്രൽ എലമെന്റാണു. സെൻട്രൽ കാരക്ടർ ഒരു നാഷണലിസ്റ്റായിട്ടുള്ള നാട്ടിൻപുറത്തുകാരനായ കബഡികളിക്കാരനാണു. അവന്റെ അമ്മാവൻ ഒരു നാഷണലിസ്റ്റ് പത്രപ്രവർത്തകനാണു. അയാളുടെ കാഴ്ചപ്പാടിൽ ഡീവിയന്റായിട്ടുള്ള ഒരു പെയിന്ററുടെ ക്ലച്ചസിൽ നിന്ന് മരുമകനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ അയാൾ നടത്തുകയാണു. അത്തരം ഘർവാപസി ശ്രമങ്ങൾ എന്ന് വെച്ചാൽ അവരെ ഒരു aversion ക്ലിനിക്കിൽ പ്രവേശിപ്പിക്കുക എന്നതാണു. അത്തരം ശ്രമങ്ങൾ നടക്കുന്നത് നാഷണലിസ്റ്റുകളുടെ, ജിങ്കോയിസ്റ്റുകളുടെ, ഫാസിസ്റ്റുകളുടെ ഈ ഭീകരമായ വിജയം ആഘോഷിക്കുന്ന കാലത്താണു. അപ്പോൾ അതൊരു ലാർജർ ഇന്ത്യൻ കോണ്ടെക്സ്റ്റിൽ സെക്ഷൻ 377 റീ ഇൻസ്റ്റേറ്റ് ചെയ്യുന്ന, ഹോമോസെക്ഷ്വാലിറ്റിയെ റീക്രിമിനലൈസ് ചെയ്യുന്ന ഒരു സാഹചര്യത്തിൽ അത് വളരെ പ്രധാനമാണു. നമ്മളൊക്കെ ജീവിക്കുന്നത് അനുദിനം ഫാസിസ്റ്റ് ആയിക്കൊണ്ടിരിക്കുന്ന, അനുദിനം അതോറിറ്റേറിയൻ ആയിക്കൊണ്ടിരിക്കുന്ന ഒരു സൊസൈറ്റിയിലാണു. ഈ സൊസൈറ്റിയുടെ ഷാഡോയിൽ ഗേകൾക്ക് മാത്രമല്ല, റിലിജ്യസ് മൈനോറിറ്റികൾക്ക് മാത്രമല്ല, സെക്ഷ്വൽ മൈനോറിറ്റികൾക്ക് മാത്രമല്ല, എല്ലാത്തരം മൈനോറിറ്റികളുടെയും ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. ആ ശ്രമങ്ങൾക്കെതിരെയുള്ള പ്രതിരോധങ്ങൾ എത്ര ദുർബലമായാൽകൂടി അവ സാർത്ഥകങ്ങളാണു, ഇക്കാലത്ത്. അത് നമ്മുടെ ബഹുസ്വരതയെ ഇല്ലാതാക്കാൻ, പലതായ എക്സ്പ്രഷനുകളെ ഇല്ലാതാക്കാൻ നടക്കുന്ന ഈ grand leveling-നു എതിരെ നടക്കുന്ന റെസിസ്റ്റൻസാണു.
മുരളി വെട്ടത്ത്: അതിനോട് ബന്ധപ്പെട്ടു തന്നെ.. മതങ്ങളും രാഷ്ട്രീയങ്ങളും. മതങ്ങളിൽ നിന്ന് അഡ്വാൻസ് ആയിട്ടുള്ള ഒന്നായാണു നമ്മൾ രാഷ്ട്രീയങ്ങളെ കാണുന്നത്. എന്നാൽ അവർ തമ്മിലുള്ള വിടവുകൾ കുറയുന്നു. ഇതിനു പുറത്തുള്ള, ജയനെപ്പോലെയോ എന്നെപ്പോലെയോ ഉള്ള ആളുകൾക്കുള്ള സ്പേയ്സ്കുകളും വളരെ ചുരുങ്ങി വരുന്നു.
ജയൻ ചെറിയാൻ: ഇത് ഒരേ തൂവൽ പക്ഷികളാണു. ഹിന്ദു മതമെന്ന ഒന്നില്ലെന്നും അതൊരു കൊളോണിയൽ കൺസ്ട്രക്ഷനാണെന്നും നമുക്കറിയാം. എന്നൽ ഇന്ന് ഒരു ഹിന്ദു മതമുണ്ട്. അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു കൾച്ചുറൽ ഹിന്ദുയിസവും ഒരു ഹിന്ദു ദേശീയതയും ഇന്നുണ്ട്. അത് തിരിച്ചും ഒരു മതവുമായിരിക്കുന്നു എന്ന യാഥാർഥ്യവും ഉണ്ട്. ഇന്ന് പ്രൊമിനന്റായ ആ ഹിന്ദുയിസം ഇന്ത്യയിൽ ഇപ്പോൾ ഒരു ഭൂരിപക്ഷമതമാണു. മറുഭാഗത്ത് മൈനോറിറ്റിയായ ഇസ്ലാം, ക്രിസ്റ്റ്യൻ, സിഖ് മതങ്ങളും ഇതേ ഫാസിസ്റ്റ് സ്വഭാവം കാണിച്ചുകൊണ്ടിരിക്കുകയാണു. നമ്മുടെ പ്ലൂരാലിറ്റികളെ – സെക്ഷ്വൽ പ്ലൂരാറ്റികളുടെ എക്സ്പ്രഷനെയും , റിലിജ്യസ് പ്ലൂരാറ്റികളുടെ എക്സ്പ്രഷനെയും, റിലിജ്യസ് പ്ലൂരാറ്റികളുടെ എക്സ്പ്രഷനെയും ഇവരെല്ലാം ഒരേ രീതിയിൽ ഭയപ്പെടുന്നു. പക്ഷേ ഇവരെ നേരിടുന്ന പ്രോഗ്രസ്സീവായ വോയ്സുകളെ ഒരേ പോലെയാണു അവരെല്ലാം അടിച്ചമർത്തുന്നത്. ഇവർക്കെതിരെ പറയാൻ കഴിയേണ്ട ട്രഡീഷണൽ ലെഫ്റ്റ് പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന്റെ പേരിൽ ചെസ്സ് കളിക്കുന്നു, പാർലമെന്ററി പൊളിറ്റിക്സിനു വേണ്ടി വളരെ ടാക്ട്ഫുൾ ആയിട്ടുള്ള നിലപാടുകൾ സ്വീകരിക്കുന്നു. അങ്ങനെയുള്ള ടാക്ട്ഫുൾ നിലപാടുകൾ എടുക്കുന്ന ബുദ്ധിജീവികളുമുണ്ട്. അവരും ഇത്തരം വിഷയങ്ങളിൽ മിണ്ടില്ല. ആർട്ടിസ്റ്റുകൾക്കും എഴുത്തുകാർക്കുമൊന്നും സ്വതന്ത്രമായ ആവിഷ്കാരം നടത്താൻ കഴിയുന്നില്ല. പൊളിറ്റിക്കൽ കറക്റ്റ്നസിന്റെ പേരിൽ ഒരു ആർട്ടിസ്റ്റ് സ്വയം സെൻഷർ ചെയ്യുമ്പോൾ അയാളുടെ ആർട്ടും ജീവിതവുമാണു നശിക്കുന്നത്. എല്ലാത്തിനെയും bash ചെയ്യണമെന്നല്ല ഞാൻ പറയുന്നത്. Whatever bashing is there they have the right to express and they are supposed to express. If I cannot express my mind I am not a fuckin artist. How can I call myself an artist? If there is a noise and an official narrative, official story about one thing and if there is no space for an unofficial counter hegemonic narrative about the same idea we cannot call it a democracy.. ഇതുപോലെ തന്നെ multiple ആയിട്ടുള്ള വോയിസ് നിലനിൽക്കാത്തിടത്തോളം കാലം നമ്മുട സമൂഹം ജനാധിപത്യസമൂഹമല്ലാതെയായി മാറുന്നു, ആർട്ട് ആർട്ടല്ലാതെയായി മാറുന്നു, യാന്ത്രികമായ എക്സ്പ്രഷനുകളാകുന്നു, റിലേഷൻഷിപ്പുകൾ റിലേഷൻഷിപ്പുകൾ അല്ലാതായി മാറുന്നു… kind of fascistic, kind of control and it becomes slavery… സ്വതന്ത്രമായ ആവിഷ്കാരങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
മുരളി വെട്ടത്ത്: അങ്ങനെയുള്ള സമയങ്ങളിൽ പ്രതിരോധങ്ങളും ഇങ്ങനെയുള്ള വർക്കുകളും അതിനെ കൗണ്ടർ ചെയ്യാനായി ഉണ്ടാകണം എന്ന് കരുതണം.
ജയൻ ചെറിയാൻ: കൗണ്ടർ ചെയ്യുന്നു എന്നതിൽ ഉപരി നമ്മളെ സംബന്ധിച്ച് ശരിയെന്ന് ചെയ്യുന്നത് ചെയ്യുന്നു. അത്രമാത്രം. ഇതാണു യഥാർത്ഥസത്യമെന്നോ ഇതാണു ഒരേ ഒരു വഴിയെന്നോ പറയുന്നില്ല. We are trying to do what we can do. That we will do. For me as an artist, as a visual artist, as a visual narrator I will do that and until my death I will do the same. സിനിമയെ സംബധിച്ച് അത് പണച്ചിലവുള്ളതാണു. എന്നാലും നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മൾ ചെയ്യും.
മുരളി വെട്ടത്ത്: അപ്പോൾ സംസാരിച്ചതിൽ വളരെ സന്തോഷം ജയൻ. ഗുഡ് ലക്ക് വിത്ത് ദ ഫിലിം. കൂടുതൽ പ്രശ്നങ്ങളുണ്ടാകട്ടെ.. ഹഹ
ജയൻചെറിയാൻ: ഹഹഹ… സന്തോഷം. താങ്ക് യൂ.
——————————————————————-
Editing & Transcription: സ്വാതി ജോർജ്ജ്
Be the first to write a comment.