പ്രോഗ്രാം ഒന്ന്
#ഇൻക്ലൂഡ്‌സ് <ഐഒസ്ട്രീം.എഛ്>
സോഴ്സ്ഫയൽ : മാത്യുവിൻപ്രകാരമുള്ള സുവിശേഷം;
// സി. ഇ.29 സിയോൻമാളിക, ജെറുസെലേം.//
{{ സിഇൻ >>
നിശ്ശബ്ദത
നിലത്തു വീഴുന്ന
സൂചിയാണ്
അതിൽ
നിന്റെ ശബ്ദം
ചിരികൊണ്ട-
ലംങ്കരിക്കപ്പെട്ട
ഇടിമുഴക്കം.
പന്ത്രണ്ട്
പുരുഷന്മാരുടെ
പന്തിയിൽ
അപ്പത്തിനും
വീഞ്ഞിനുമൊപ്പം
തൊടുത്തുവച്ച
ചുംബനമാണ് നീ..
ഇരുപത്തിനാലു
പൊടിപുരണ്ട പാദങ്ങൾ
ശുചീകരണത്തിന്റെ
ധാവനരതി…
ഓർമ്മയിൽ
മാർത്ത-മറിയമാരുടെ
കനൽക്കടിയേൽക്കാത്ത
നിന്റെ ചുംബനപ്പൊരിയാൽ
ഉദ്ധരിക്കപ്പെട്ട ലാസർ.
ഗദ്‌സമനയിൽ
ഒരുതുള്ളി
ചുവന്ന വിയർപ്പിൽ
ദീർഘചുബനത്തിന്റെ
ഒറ്റ്.
കോഴി കൂകി
വെളുപ്പിച്ച
പകലിനു്
കുരിശിന്റെ
നിറം ..
}
പ്രോഗ്രാം രണ്ട്
#ഇൻക്ലൂഡ്‌സ് <ഐഒസ്ട്രീം.എഛ്>
സോഴ്സ്ഫയൽ : ദ് ഗെ മിലിറ്റെൻസ് ( ഹിസ്റ്ററി ഓഫ് ഗെ മൂവ്‌മെന്റ് : ഡോൺ റ്റീൽ)
// സി. ഇ.1969 ജൂൺ 28-29, സ്‌റ്റോൺവോൾ സത്രം,* ഗ്രീൻവിച്ച് വില്ലേജ്, ന്യൂയോർക്ക്//
{ സിഇൻ >>
ശ്വാസം
ചെറുചൂടുള്ള
സംഗീതമാണ്
കോശങ്ങളിൽ
ഓക്‌സിജൻ കത്തുന്നു.
ഒരു കവിൾ സംഗീതം
രണ്ടുവരി മദ്യം
പിളർച്ചുണ്ടിന്റെ
ഹവിസ്സ്….
അരക്കെട്ടിൽ
സ്‌നേഹം കുത്തുന്നു
ഞരമ്പുകളാർത്തു പിടയും
‘മസ്സിൽ‘ നിറയെ
പ്രണയം.
പെട്ടെന്ന്
അധികാരത്തിന്റെ
ചുഴലി…
ചെവിക്കല്ലിനു-
പിന്നിൽ
വെടിയുണ്ടയുടെ
ചുംബനം
രക്തമൊലിക്കുന്ന
സംഗീതം….
കൂകിവെളുപ്പിക്കാൻ
കോഴിയില്ലാത്ത
പകലിലേക്ക്
സ്‌റ്റോൺവോൾ
പിളരുന്നു..
“കല്ലിൽമ്മേൽ
കല്ലു ശേഷിക്കാതെ”
സ്‌റ്റോൺവോൾ…
സീഔട്ട് <<
മാത്യു ഷെപ്പേഡ്**
വീണു ചത്ത
ഒരു കോപ്പ വീഞ്ഞ്,
“മിറക്കിൾ ബർഗ്ഗർ
വിത്ത് നോ മയൊണൈസ്,
‘ഒസ്തി‘ ഒൺ ദ് സൈഡ്”
}}
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, 2000 ഒക്ടോബർ 22.
——————————————————————————–
*സ്‌റ്റോൺവോൾ ഇൻ : ഗ്രീൻവിച്ച് വില്ലേജിൽ ക്രിസ്റ്റഫർ തെരുവിലെ സ്വവർഗ്ഗാനുരാഗികളുടെപ്രശസ്തമായ ബാർ. 1969 ജൂൺ 27ന് രാത്രി പോലീസും യാഥാസ്ഥിതികഗുണ്ടകളും ചേർന്ന് ഈബാർ ആക്രമിച്ചു. തുടർന്നുണ്ടായ കലാപം അമേരിക്കയിൽ ‘ഗെ‘ വിമോചന പ്രസ്ഥാനത്തിനുനാന്ദികുറിച്ചു.
**മത്യുഷെപ്പേഡ് :1998-ൽ യാഥാസ്ഥിതികരാൽ ചിത്രവധം ചെയ്യപ്പെട്ട ഒരു ഗെ യുവാവ്.
cover image courtsey: http://www.ivanguaderrama.com
Be the first to write a comment.