ടീസ്റ്റ സെതൽവാദിനെതിരായ ഭരണകൂട നടപടികൾ സാധ്യമാക്കേണ്ട വലിയ ഒരു ക്ഷോഭമുണ്ടായിരുന്നു. ഓരോ അഞ്ചു വർഷം കൂടുമ്പോഴും ജനാധിപത്യത്തിന്റെ മഹിമയിൽ പുളകം കൊള്ളുന്ന ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൽ, എതിർ സ്വരങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന ഭരണകൂടത്തിനെതിരായ രോഷമുയരാത്തത് ഭയമുളവാക്കുന്നത് തന്നെയാണ്. നിയോലിബറൽ – ഹിന്ദുത്വ സഖ്യം നിർമ്മിച്ചെടുക്കുന്ന, കോർപ്പറേറ്റ് വൽക്കരിക്കപ്പെട്ട ഉള്ളു പൊള്ളയായ ജനാധിപത്യ സംവിധാനമാണ് നമുടേതെന്നതിന് ടീസ്റ്റ സെതൽവാദിനെക്കാൾ വലിയ തെളിവെന്തിന്. പറഞ്ഞു പഴകിയതാണെങ്കിലും നിങ്ങളുടെ വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുന്നിടത്ത് ജനാധിപത്യം ഇല്ലാതാവുന്നുവെന്ന പഴയ മുദ്രാവാക്യം വീണ്ടും വീണ്ടും ഏറ്റുചൊല്ലേണ്ട ഘട്ടം തന്നെയാണിത്. സർവ്വാധികാരിയായ ഒരു ഏക നേതാവിന്റെ അമിതാധികാര പ്രവണതയെ അത്രമേൽ സ്വാഭാവികമായി നാം സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. നോക്കൂ, അടിയന്തരാവസ്ഥയുടെ ഒരു നേർത്ത മണം ചുറ്റും വ്യാപിക്കുന്നില്ലേ?

വാസ്തവത്തിൽ ടീ സ്റ്റാക്കെ തിരായ പകപോക്കലുകളുടെ ( പൂർണാർത്ഥത്തിൽ പകപോക്കൽ തന്നെ) ചരിത്രം ഗുജറാത്ത് വംശഹത്യയിൽ നിന്നാരംഭിക്കുന്നുണ്ട്. കലാപത്തിൽ ഇരകളാക്കപ്പെട്ടവരുടെ പക്ഷത്ത് നിന്നുള്ള അവരുടെ നിയമ പോരാട്ടങ്ങളാണ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി ടീസ്റ്റയെ മാറ്റുന്നത്.നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണ തലത്തിൽ വംശഹത്യക്കായി നടന്ന ഗൂഢാലോചനകളെ പലതും പുറത്ത് കൊണ്ടുവരാൻ ടീസ്റ്റ യുടെ നിയമയുദ്ധങ്ങൾക്ക് കഴിഞ്ഞിരുന്നു. അന്നു മുതലേ ബി.ജെ.പിയുടേയും നരേന്ദ്ര മോഡിയുടെയും കണ്ണിലെ കരടായി അവർ മാറിയിട്ടുണ്ട്. മോഡി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റതിനെത്തുടർന്നുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ ടീസ്റ്റക്കെതിരായ നീക്കം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്. അവർ തന്നെ പറയുന്നു: “We believe the reason for the resoubled attempts to humilite me,to constrain my movement lie in the slow advance of the Zakira Jafri case” സാക്കിയ ജാഫ്രി കേസിൽകുറ്റാരോപിതരായ 60 പ്രമുഖർക്കെതിരായ ഒരിക്കലടച്ചു പൂട്ടിയ കുറ്റപത്രം ജൂലൈ 27 ന് വീണ്ടും പരിഗണിക്കാനിരിക്കവെയാണ്പുതിയ സംഭവ വികാസങ്ങൾ എന്നത് ടീസ്റ്റക്കെതിരായ നടപടികളുടെ ഗൗരവം കൂട്ടുന്നു.

ടീസ്റ്റക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരായ CBI നടപടികൾക്ക് പിന്നിലുള്ള വികാരം കേന്ദ്ര സർക്കാരിന്റെ നിശബ്ദരാക്കൽ തന്ത്രമാണ്. FRCA ആക്ട് പ്രകാരം അഭ്യന്തര മന്ത്രാലയത്തിൽ നിന്നും അനുമതി നേടാതെ വിദേശ ഫണ്ടുകൾ സ്വീകരിച്ചു എന്നതാണ് ടീസ്റ്റക്കെതിരായ കുറ്റകൃത്യമായി CBI വൃത്തങ്ങൾ അറിയിക്കുന്നത്. ഇതൊരു ദ്വിമുഖ തന്ത്രമാണ്. മോഡി കേന്ദ്ര ഭരണം ഏറ്റെടുത്തതിനു ശേഷം നടപ്പിലാക്കുന്ന മുഴുവൻ നയങ്ങളുടെയും രാഷ്ട്രീയം പരിശോധിച്ചാൽ ഇത് വ്യക്തമാവും താനും.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉയർത്തിയ വംശവിദ്വേഷ പ്രകടനങ്ങൾ മോഡി ഇന്ന് വലുതായി പങ്കു പറ്റുന്നില്ല. അതീവ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നിയോലിബറൽ നയങ്ങളെ നടപ്പിലാക്കുന്നതിലാണ് മോഡി വാപൃതനാവുന്നത്.നരേന്ദ്ര മോഡിയോ കേന്ദ്ര സർക്കാരിലെ മറ്റുന്നതരോ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ പൊതുവിൽ നടത്തുന്നേയില്ല. ഈ പണി മനോഹരമായി മുൻപോട്ട് കൊണ്ടു പോവുന്നത് സംഘ പരിവാർ സംഘടനകളാണ്. ബി.ജെ.പി യിലൂടെ സ്ഥൈര്യവും വികസനവും സംഗമിക്കുന്ന നേതൃബിംബമായി നരേന്ദ്ര മോഡി ഉയർത്തി കാണിക്കപ്പെടുകയും, അധികം വ്യത്യസ്തമല്ലാത്ത കോൺസെൻട്രേഷൻ ക്യാമ്പുകൾ സംഘപരിവാർ സമാന്തരമായി സൃഷ്ടിക്കുകയും ചെയ്യുന്നു. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഓരോ ഓർമ്മപ്പെടുത്തലും മോഡിയെ അസ്വസ്ഥനാക്കുന്നുണ്ട്. ഈ അസ്വസ്ഥതയുടെ അവസാന പ്രകാശനമാണ് CBI യിലൂടെ ടീസ്റ്റ ക്കെതിരെ ഉയരുന്ന ഭീഷണികൾ.

രാജ്യദ്രോഹത്തിന്റെ സീൽ കുത്തലിലാണ് ഫാഷിസം എക്കാലത്തും വിജയിച്ചിട്ടുള്ളത്. ടീസ്റ്റ ക്കെതിരായി ചുമത്തപ്പെട്ട കേസിലും രാജ്യദ്രോഹത്തിന്റെ മിന്നലാട്ടങ്ങൾ കാണാം. ജനങ്ങളിൽ ചിന്താക്കുഴപ്പം സൃഷ്ടിക്കലാണ് CBI ഇതിലൂടെ സാധ്യമാക്കുന്നത്. ” അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്വീകരിക്കപ്പെട്ട വിദേശ ഫണ്ട് ” ഉയർത്തുന്ന വലിയൊരു സന്ദിഗ്ധതയുണ്ട്. നിശ്ചയമായും ദേശവിരുദ്ധ ഗൂഢാലോചനയിലേക്ക് വളരെപ്പെട്ടെന്നിതിനെ ചേർത്തുവെക്കലും സാധ്യമാവും. ദേശവിരുദ്ധരായി മാറിയാൽ ആരെയും എവിടെ വെച്ചും നിശബ്ദരാക്കാൻ ഭരണരകൂടത്തിനു നാം പണ്ടെന്നോ അനുമതി നൽകിയിട്ടുമുണ്ട്. CBI യുമായി പൂർണമായി സഹകരിക്കാൻ താൻ തയ്യാറാണെന്ന് കത്ത് നൽകിയിട്ടും, ഒരേ സമയം നാലിടങ്ങളിൽ റെയ്ഡ് നടത്തി ടീസ്റ്റ ക്കെതിരായ ആരോപണങ്ങളെ വസ്തുതകളാക്കി ഉറപ്പിക്കുകയാണ് CBI ചെയ്യുന്നത്. ചരടുകൾ എങ്ങോട്ടാണ് നീളുന്നതെന്ന് വ്യക്തം.

പകൽ വെട്ടം തുടരുമ്പോഴും ഇന്ദിര രാത്രിയെന്ന് വിളിച്ചപ്പോൾ അർദ്ധരാത്രിയെന്ന് ഏറ്റുചൊല്ലുകയാണ് ഇന്ത്യൻ മാധ്യമങ്ങൾ ചെയ്തത്.സമാനമാണ് പുതിയ പരിതോവസ്ഥകളും. CBI ഉയർത്തുന്ന നിയമ നടപടികളിലെ മോഡിയൻ രാഷ്ട്രീയത്തെ ചർച്ചക്കെടുക്കാൻ തയ്യാറാവാത്ത മാധ്യമങ്ങൾ ടീസ്റ്റ ക്കെതിരായ ആരോപണങ്ങളെ പതിയെ ഉറപ്പിച്ചെടുക്കുക തന്നെയാണ്. ഗുജറാത്ത് വംശഹത്യ മോഡിയുടെ ഏകഛത്രാധിപത്യത്തിനുള്ള ഭീഷണിയായി ഇന്നും നിലനിൽക്കുന്നുണ്ട്. ഗുജറാത്ത് സക്കാരിനെതിരായ നിയമയുദ്ധങ്ങളെ എങ്ങനെയും നിശബ്ദമാക്കാൻ മോഡി ശ്രമിച്ചു കൊണ്ടേയിരിക്കും. നിയോലിബറൽ വികസന മഞ്ഞളിപ്പിൽ മാധ്യമങ്ങൾ പഴുതടക്കുകയും ചെയ്യും. ടീസ്റ്റക്കെതിരായ CBI നടപടികളിൽ നാം പുലർത്തുന്ന നിശബ്ദത ഒരുദാഹരണം മാത്രമാണ്. എതിർശബ്ദങ്ങളെ തന്ത്ര പൂർവ്വം ഇല്ലായ്മ ചെയ്യാൻ മോഡിക്ക് നമ്മൾ നൽകുന്ന സമ്മതപത്രത്തിനുള്ള ഉദാഹരണം.

Comments

comments