വീണ്ടും വായിച്ച ഒരു പുസ്തകത്തിന്റെ ഹാങ്ങോവറിലായിരുന്നു ഈആഴ്ച്ച – പ്രസ്സ് ഇൻ ഇൻഡ്യ. നമ്മുടെ മഞ്ഞപ്പത്രങ്ങളും ഒളിഞ്ഞുനോട്ടമാധ്യമങ്ങളും വിതറുന്ന ചപ്പും ചവറും കാണുകയേയില്ല എന്ന ഒരു തീരുമാനം സ്വയം എടുത്തു നടപ്പിലാക്കിയിട്ടുണ്ട് എന്ന കാരണത്താവളരെ സന്തോഷത്തോടെ ഇന്ത്യൻ മാധ്യമങ്ങളുടെ ചരിത്രത്തെ വായിച്ചുപോകാൻ സാധിച്ചു. മഹാമഹത്തൊന്നുമായിരുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ തന്നെയും അല്പമാത്രയല്ലാതെ സന്തോഷിപ്പിക്കുന്നവിധം സത്യസന്ധതയുടെയും ദർശനത്തിന്റെയുമെല്ലാം രാഷ്ട്രീയം കൈമുതലായിരുന്ന ചരിത്രമുണ്ടായിരുന്നു ഇന്ത്യൻ മാധ്യമലോകത്തിനു ഒരിക്കൽ. സർക്കാരിന്റെയും പരസ്യദാതാക്കളുടെയും ആഘോഷപ്പാർട്ടികൾക്കും അജണ്ടകൾക്കും പിന്നാലെ പോകാത്ത പത്രാധിപന്മാരുണ്ടായിരുന്നു, അവരുടെ പത്രാധിപനയങ്ങളുണ്ടായിരുന്നു, പത്രധർമ്മം ഉണ്ടായിരുന്നു. അതിനു പോന്ന റിപ്പോർട്ടർമാരുമുണ്ടായിരുന്നു.

അതവിടെ നിൽക്കട്ടെ. തിരുവനന്തപുരത്ത് ഈ ജൂലൈ പതിനൊന്നിനു നടന്ന LGBT റാലിയിൽ പങ്കെടുത്ത ശേഷം മാവോയിസ്റ്റുകൾ പൊന്മുടി സന്ദർശിച്ചു എന്നാണു മാധ്യമവും കേരളകൗമുദിയും ദീപികയും ഉൾപ്പടെയുള്ള ചില പത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത നൽകിയത്. മുൻപ് ചുംബനസമരത്തിലും പങ്കെടുത്ത മാവോയിസ്റ്റുകളാണു ഇവർ എന്ന പൂർവ്വചരിത്രവും ഉപോൽബലകമായി കൊടുത്തിട്ടുണ്ട്. ചുംബനസമരമാണെങ്കിലും  LGBT വിഭാഗങ്ങളുടെ മാത്രമല്ല പാർശ്വവൽകൃതരായ എല്ലാ വിഭാഗങ്ങളുടെയും അവകാശപ്രകാശനങ്ങളുടെ മഴവില്ല്ലാഘോഷമാണെങ്കിലും, തെറ്റായ മൂല്യങ്ങളിൽ അഭിരമിക്കുന്ന യാഥാസ്ഥിതികമായ സാമൂഹ്യമനസാക്ഷിയെ ഉണർത്തുന്നതിനും പൊളിച്ചുപണിയുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളും കലാപങ്ങളുമാണു. അത്തരം ഒരു കണ്ണിലൂടെ അത് കാണാനുള്ള കഴിവും ആർജ്ജവവും ഇല്ലാത്ത, പഴകിയമൂല്യങ്ങളുടെ സംരക്ഷകരാണു നമ്മുടെ പത്രങ്ങളെന്നതും അവിടെ നിൽക്കട്ടെ. പൊതുജനതാല്പര്യാർത്ഥമുള്ള വാർത്തകളും കാഴ്ചപ്പാടുകളും വിവരങ്ങളും അഭിപ്രായങ്ങളും കണിശതയോടെ, സത്യസന്ധമായി, പക്ഷപാതിത്വങ്ങളില്ലാതെ, സമചിത്തതയോടെ, സഭ്യമായി ജനങ്ങളിലേക്കെത്തിക്കുക എന്നതാണു മാധ്യമങ്ങളുടെ ധർമ്മം. ഇതിൽ ഏതെങ്കിലും പാലിക്കുന്നുണ്ടോ ഈ മാധ്യമങ്ങൾ എന്നത് ശ്രദ്ധിക്കുക. LGBT സമരത്തിൽ പങ്കെടുത്തതിനു ശേഷം പൊന്മുടിയിലേക്ക് വിനോദയാത്ര പോയ, മുൻപ് ചുംബനസമരത്തിലും, പല ബദൽ സമരങ്ങളിലും പങ്കെടുത്തിട്ടുള്ള കുറേ ആളുകളെ മാവോയിസ്റ്റുകൾ എന്ന് മുദ്ര കുത്താൻ ഈ മാധ്യമങ്ങൾക്ക് ആരാണു അവകാശം കൊടുത്തത്? അതിനുള്ള എന്ത് തെളിവാണു ഇവരുടെയോ പോലീസിന്റെയോ പക്കലുള്ളത്?

Nandini Sundar & Ors vs State Of Chattisgarh എന്ന കേസിൽ ജോസഫ് കോൺറാഡിന്റെ Heart of Darkness എന്ന പുസ്തകത്തെയും “The Dark Side of Globalization” എന്ന പുസ്തകത്തെയും മറ്റും ഉദ്ധരിച്ച് എന്തുകൊണ്ട് മാവോയിസം പോലെയുള്ള തീവ്രവാദങ്ങൾ ഉണ്ടാകുന്നു എന്നത് സുപ്രീം കോടതി ഇന്ത്യൻ നിയമചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു വിധിപ്രസ്താവത്തിലൂടെ, ഛത്തീസ്ഘഡ് സർക്കാരിനെയും അത് സ്പോൺസർ ചെയ്തിരുന്ന സായുധസംഘമായ സാൽവജൂദത്തെയും പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പറഞ്ഞിട്ടുണ്ട്. ഭരണകൂടം പിന്തുടരുന്ന അധാർമ്മികമായ സാമ്പത്തികരാഷ്ട്രീയത്തിലാണു നിശ്ചയമായും അതുമൂലം ഉയർന്നേക്കാവുന്ന പ്രതിരോധവിപ്ലവങ്ങളുടെ വേരു എന്ന് പറയുന്നതിനൊപ്പം ആ കേസുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ അഭിപ്രായവും കോടതി പ്രകടിപ്പിക്കുന്നുണ്ട്. എല്ലാവരെയും സംശയിക്കുന്ന, പൗരന്മാരുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്ന ഓരോരുത്തരെയും സംശയിക്കപ്പെടേണ്ടവരെന്നും മാവോയിസ്റ്റുകളെന്ന് മുദ്ര കുത്തുകയും ചെയ്ത് ഉരുക്കുമുഷ്ടിയോടെ ഭരിക്കാവുന്ന ഒരു സാമൂഹ്യസ്ഥിതിയാണു സർക്കാർ ലക്ഷ്യംവയ്ക്കുന്നത് എന്നത് തങ്ങൾ ഞെട്ടലോടെയാണു കാണുന്നതെന്നായിരുന്നു അത്. ഇവിടെ കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. മനുഷ്യാവകാശസമരങ്ങളിൽ പങ്കെടുക്കുന്ന ആളുകളെ  മാവോയിസ്റ്റുകളെന്ന് മുദ്ര കുത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും പൊലീസ് നടപടികളിലൂടെ സ്വൈര്യം കെടുത്തുകയും ചെയ്യുന്നത് കണ്ട് ഞെട്ടിത്തരിച്ച് നിൽക്കുന്നവരാണു മനുഷ്യാവകാശങ്ങളെക്കുറിച്ചും അവയുടെ ലംഘനങ്ങളെയും കുറിച്ച് വേവലാതിയുള്ള മനുഷ്യർ.

മുൻപ് ആലപ്പുഴയിൽനടന്ന ചുംബനസമരത്തിൽ പങ്കെടുത്തവരെ സമരം തടഞ്ഞുകൊണ്ട് (പൊലീസിനെ വെട്ടിച്ച്സമരം പക്ഷേ നടക്കുക തന്നെ ചെയ്തു) സദാചാര അക്രമികളിൽ നിന്നും രക്ഷിക്കാൻ എന്ന ന്യായം പറഞ്ഞ് പാതിരാവ് വരെ പൊലീസ് സ്റ്റേഷനിൽ ബന്ധികളാക്കിവച്ചപ്പോൾ പോലീസ് നടത്തിയ വിവരശേഖരണത്തിൽ ഇത് വരുന്ന വഴി നേരിട്ടുകണ്ടതാണു ഞാനും.നിങ്ങൾ മാവോയിസ്റ്റാണോ? നിങ്ങൾ യുക്തിവാദിയല്ലേ എന്നതരം ചോദ്യങ്ങളാണു അന്ന് പോലീസ് ചോദിച്ചത്. അത്തരം ചോദ്യങ്ങൾ ഒരു പാലംനിർമ്മിക്കുകയാണു. പോലീസും സർക്കാരും വരയ്ക്കുന്ന കള്ളികളിലേക്ക് നയിക്കാനുതകുന്ന പാലങ്ങൾ. സർവെയ്ലൻസിന്റെ പാലങ്ങൾ. അങ്ങനെ, മാവോയിസ്റ്റുകളെന്നോ അനുഭാവികളെന്നോ ഭാവിയിൽ മാവോയിസ്റ്റുകൾ ആയേക്കാവുന്നവർ എന്ന് സംശയിക്കാവുന്നവർ എന്നോ ഉള്ള പേരും പേറിയാണു അന്ന് ആ സ്റ്റേഷനിൽനിന്ന് ചുംബനസമരാനുകൂലികൾ പുറത്തേക്ക് പോയത്. യുക്തിവാദം മറ്റേത് വിശ്വാസത്തെയും പോലെ അവകാശമാണെന്നും ഒരു അണ്ടർഗ്രൗണ്ട് മാവോയിസ്റ്റും താൻ മാവോയിസ്റ്റാണെന്ന് ഒരു പൊലീസ് സ്റ്റേഷനിൽ തുറന്ന് പറയില്ലെന്നും അറിയാഞ്ഞിട്ടാവില്ല പോലീസ് ആ വഴി പിന്തുടരുന്നത്. അത് സർക്കാരിന്റെ അജണ്ടകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമാണു. ഒന്ന്- സർക്കാർ അകപ്പെടുന്ന സകല വിവാദങ്ങളിൽ നിന്നും മാധ്യമശ്രദ്ധയും ജനശ്രദ്ധയും തിരിക്കുക എന്നലക്ഷ്യത്തോടെ പടച്ചു വിടുന്ന മാവോയിസ്റ്റ് ഭീഷണിയെന്ന വാർത്ത. രണ്ട് അതോടനുബന്ധിച്ച് മാവോയിസ്റ്റ് ഭീഷണികളെ നേരിടാനുള്ള ഫണ്ടുകൾ ലഭ്യമാക്കുക. മൂന്നാമതൊരു ഗുണമുള്ളത് മുഖ്യധാരയ്ക്ക് പുറത്തേക്ക് പോയേക്കാവുന്ന എന്തുതരം രാഷ്ട്രീയാന്വേഷണങ്ങളെയും സമരസാധ്യതകളെയും മുളയിലേ നുള്ളാം എന്നതാണു. ഇതിന്റെ ഗുണം മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾക്ക് അപ്പാടെയാണു.

ശരി. അത് ഭരണകൂടവും അതിന്റെ സ്വന്തം പോലീസും. എന്നാൽ മാധ്യമങ്ങളോ? തിരുവനന്തപുരത്തെ കാര്യം എടുക്കുക. മിനിമം മൂന്ന് പത്രങ്ങളിലാണു തെളിവുകളുടെ യാതൊരു പിൻബലവുമില്ലാതെ ഒരേ തരം വാർത്ത വന്നത്. വാർത്ത വന്നതിനു പിറ്റേ ദിവസം പൊന്മുടിയിലെത്തിയവർ മാവോയിസ്റ്റുകൾ തന്നെ എന്ന തലക്കെട്ടോടെ തങ്ങൾ കഴിഞ്ഞ ദിവസം കൊടുത്ത വാർത്ത സത്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചു എന്നും വാർത്ത കൊടുത്തിരിക്കുന്നു. മൂന്ന് പത്രങ്ങളിലും വന്ന ഒരേ രീതിയിലുള്ള വാർത്തയുടെ സോഴ്സ് എന്തായിരിക്കാം? പത്രധർമ്മത്തിലുറച്ച ആദർശബദ്ധമായ പത്രറിപ്പോർട്ടിംഗ് സംബന്ധിച്ച് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട ചില മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമുണ്ട്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും അത്തരമൊന്ന് പിന്തുടരാൻ നിർദ്ദേശിക്കുന്നുണ്ട് NORMS OF JOURNALISTIC CONDUCT. അതിൽ അടിസ്ഥാനപരമായതും പ്രാഥമികമായതും ഇതാണു – സത്യം റിപ്പോർട്ട് ചെയ്യുക, കണിശതയോടെ റിപ്പോർട്ട് ചെയ്യുക.

1.i)The Press shall eschew publication of inaccurate, baseless, graceless, misleading or distorted material. All sides of the core issue or subject should be reported. Unjustified rumours and surmises should not be set forth as facts.
ഊഹാപോഹങ്ങൾ സത്യമാണെന്ന് റിപ്പോർട് ട്ചെയ്യുകയല്ല വേണ്ടത്. മേല്പറഞ്ഞ ഊഹാപോഹങ്ങൾ സത്യമാണെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ഈ പത്രങ്ങൾ റിപ്പോർട്ട് ചെയുന്നതിലൂടെ ആരോപിതരായ വ്യക്തികൾക്കുണ്ടാകുന്ന മാനസികവും സാമൂഹ്യവും നിയമപരവുമായ ബുദ്ധിമുട്ടുകൾക്ക് ആരു ഉത്തരവാദിത്തം ഏറ്റെടുക്കും? പ്രത്യേകിച്ചും മാവോയിസം എന്നത് ആളുകളെ വേട്ടയാടാനുള്ള ഒരു ചൂണ്ടുവിരലായി കണക്കാക്കപ്പെടുന്ന കാലത്ത്.
.
ഇനി പ്രസിദ്ധീകരണത്തിനു മുൻപ് എടുക്കേണ്ട കരുതലുകളെ പറ്റി പറയുന്നത് നോക്കൂ.
2.i) On receipt of a report or article of public interest and benefit containing imputations or comments against a citizen, the editor should check with due care and attention its factual accuracy apart from other authentic sources- with the person or the organisation concerned to elicit his/her or its version, comments or reaction and publish the same alongside with due correction in the report where necessary.
ഇനി പറയും വിധമുള്ള ഒന്ന് ഈ പത്രങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ കൈയ്യിലുണ്ടാകുമോ?
2.iii) A document, which forms a basis of a news report, should be preserved at least for six months.
ഈ ആരോപണങ്ങൾ മാനനഷ്ടമുണ്ടാക്കുന്നതാണെന്ന് ആരോപിതരായവരിൽ ആർക്കെങ്കിലും തോന്നിയാലോ? മാനനഷ്ടമുണ്ടാക്കാവുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് എടുക്കേണ്ട ജാഗ്രത എങ്ങനെയായിരിക്കണം എന്നുള്ള നിർദ്ദേശം കാണുക.
3.1 Newspaper should not publish anything which is manifestly defamatory or libellous against any individual/organisation unless after due care and verification, there is sufficient reason/evidence to believe that it is true and its publication will be for public good.
ആരോപണങ്ങൾ വ്യക്തികളുടെ സല്പേരിനു കളങ്കമാണെന്ന് വന്നാൽ അത് തെളിയിക്കേണ്ടതും സ്ഥാപിക്കേണ്ടതും ആ മാധ്യമങ്ങളുടെ ചുമതലയാണെന്ന് വരും.
3.vi) Where the impugned publication is manifestly injurious to the reputation of the complainant, the onus shall be on the respondent to show that it was true or to establish that it constituted fair comment made in good faith and for public good.
എതിർനടപടികളിൽ നിന്നും പ്രത്യേക പരിരക്ഷ നേടുന്നതിനായി ഗോസിപ്പെന്നോ പാരഡിയെന്നോ ഉള്ള പേരിൽ പോലും വ്യക്തികളെ കളങ്കപ്പെടുത്തുന്ന വാർത്തകൾ നൽകാൻ പാടില്ല.
ഒരു മാധ്യമം കൊടുക്കുന്ന മാനനഷ്ടപരമായ വാർത്ത അവർ കൊടുത്തു എന്ന കാരണത്താൽ മറ്റൊരു മാധ്യമം വീണ്ടും കൊടുക്കാൻ പാടില്ല.
(3.viii) Publication of defamatory news by one paper does not give licence to others to publish news/information reproducing or repeating the same. The fact of publication of similar report by another publication does not bestow the status of accuracy on the charges.
പൗരന്മാരുമായി നേരിട്ട് സംവദിക്കാം എന്ന അവർക്ക് ലഭ്യമായിരിക്കുന്ന പ്രത്യേകമായ പദവി ഉപയോഗിച്ചുകൊണ്ട്, സ്വന്തം ചുമതലകൾ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായാണു മാധ്യമങ്ങൾ അവശ്യമായും പ്രവർത്തിക്കേണ്ടത്. അല്ലാതെ ഊഹാപോഹങ്ങൾക്കും സെൻസേഷണലിസത്തിനും പ്രാമാണികതയും വിശ്വാസ്യതയും സൃഷ്ടിച്ചുകൊണ്ടല്ല.
(3.ix) It is necessary that the press realize its responsibility to the society due to the unique position enjoyed by it in being able to interact directly with the citizenry and utilize its advantageous position for the betterment of the society and the advancement of the country rather than indulging in giving credence to rumours and sensationalism.
ജനാധിപത്യവ്യവസ്ഥയിൽ സ്ഥാപിതമായിരിക്കുന്നതും പത്രങ്ങൾ അനുഭവിക്കുന്നതുമായ സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഫോർത്ത് എസ്റ്റേറ്റിനു ഉത്തരവാദിത്തങ്ങളും നൽകുന്നുണ്ട് എന്നത് മറന്ന് പോകരുത്.
.
ഇങ്ങനെ, മാന്യവും സത്യസന്ധവും പത്രധർമ്മത്തിലുറച്ചു നിൽക്കാൻ ഉതകുന്നതുമായ മാർഗ്ഗനിർദ്ദേശങ്ങളുടെ ഒന്നൊഴിയാതെയുള്ള ലംഘനങ്ങളാണു ഈ മാധ്യമങ്ങൾ അനുവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു തവണയെങ്കിലും ഈ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ചുനോക്കാനുള്ള ബാധ്യത പത്രങ്ങൾക്കും അവരുടെ ജോലിക്കാർക്കുമുണ്ട്. ഇനി ഇത് മാധ്യമങ്ങളുടെ സെൻസേഷനലിസം അല്ലെന്നിരിക്കട്ടെ. തെളിവുകളുടെ പിൻബലമില്ലാത്ത, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഒരേ വാർത്തയുടെ രൂപത്തിൽ ഒന്നിൽകൂടുതൽ മാധ്യമങ്ങളിൽ വരികയും പിന്നാലെ അവ പോലീസ് സ്ഥിരീകരിച്ചു എന്നുംവരുന്നതിൽ ഉത്കണ്ഠാകുലരാകേണ്ടതുണ്ട്. അവിടെ ഒരു വ്യാജനിർമ്മിതിയുടെ ഗൂഢാലോചനയുടെ സാധ്യത വ്യക്തമാണെന്ന് വരും. ഏതാണു ആ വാർത്തകളുടെ ഉറവിടങ്ങൾ, എന്തിനായിരിക്കും ആ വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത്? ഇപ്പറഞ്ഞ വിധമാണു കാര്യമെങ്കിൽ മനുഷ്യാവകാശപ്രവർത്തകരെ മാവോയിസ്റ്റുകൾ എന്ന് മുദ്ര കുത്താൻ ആധിപിടിച്ച് പാഞ്ഞുനടക്കുന്ന ഭരണകൂടസംവിധാനത്തിന്റെ പിണിയാളുകളും പേനയുന്തികളും ആയി മാറുകയാണു ആ മാധ്യമങ്ങൾ. തത്വത്തിലും പ്രവൃത്തിയിലും നൈതികതയുടെ എല്ലാ മൂല്യങ്ങളും കയ്യൊഴിഞ്ഞ് ജനപക്ഷത്ത് നിന്നും മാറി, ഭരണകൂടത്തിന്റെയും അത് പരത്താൻ ആഗ്രഹിക്കുന്ന ഭീതികളുടെയും വാഴ്ത്തുപാട്ടുകാരാവുകയാണു ഈ മാധ്യമങ്ങൾ. അവയുടെ കർത്തവ്യങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ഇത്തരം നിലപാടുകളിലേക്ക് പോകുന്ന മാധ്യമങ്ങൾ ഭീകരമായമൂല്യച്യുതിയാണു സമൂഹത്തിൽ സൃഷ്ടിക്കുക. അത്തരം വാർത്താനിർമ്മിതികളെ തള്ളിക്കളയാനും തിരുത്താനും അത്തരം മാധ്യമങ്ങളെ ഒറ്റപ്പെടുത്താനും ഇവ നമ്മുടെ മാധ്യമങ്ങളല്ലഎന്ന് പ്രഖ്യാപിക്കാനും ബഹിഷ്കരിക്കാനും നിയമപരമായിത്തന്നെ നേരിടാനുമുള്ള ഉത്തരവാദിത്തം എല്ലാ ജനാധിപത്യവിശ്വാസികൾക്കുമുണ്ട്. ബദൽമാധ്യമങ്ങളുടെ സാധ്യതകൾക്കായുള്ള അന്വേഷണങ്ങളിലേക്ക് ആ പ്രവർത്തനങ്ങൾ നീളുകയും വേണം. കാരണം, ബർക്ക് പറഞ്ഞത് ജനാധിപത്യത്തിനു മൂന്നാണു എസ്റ്റേറ്റുകൾ എന്നാണു. എന്നാൽ അങ്ങോട്ട് നോക്കൂ, അവിടെ റിപ്പോർട്ടേഴ്സ് ഗാലറിയിൽ ഒരു ഫോർത്ത് എസ്റ്റേറ്റ് ഇരിപ്പുണ്ട്. മറ്റു മൂന്നിനെക്കാളും വളരെ പ്രധാനമായത്. സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമപ്രവർത്തനത്തിന്റെ മരണം ജനാധിപത്യത്തിന്റെ തന്നെ മരണമാണു. ഇക്കാണുന്നവ സ്വയം വില്പനയ്ക്ക് വച്ചിരിക്കുന്ന മാധ്യമങ്ങളാണു. നമ്മുടെ നല്ല എഡിറ്റർമാരിലൊരാളായ ടി എൻ നൈനാൻ പണ്ട് പറഞ്ഞതു പോലെ, പ്രധാനമായത് വാർത്തയോടും വായനക്കാരനോടുമുള്ള ബഹുമാനമാണു, ആദരവാണു. അല്ലാത്തപക്ഷം അവർ വെറും സോപ്പുവിൽപ്പനക്കാരായി മാറും. People get into publishing because they have some regard for the news and for the reader. If they dont they might even sell soap.

Comments

comments