കല്ലുവിന്റെ മതില് വീണു പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും, പിന്നെ കല്ലുവിനെയും, അതിനു ശേഷം മതില് പണിത ആശാരിയെയും, മതിലിനു കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും, അയാള്‍ക്ക് കൂടുതൽ വെള്ളമൊഴിച്ചുകൊടുത്ത ഭിശ്തിയെയും, ഭിശ്തിക്ക് വലിയ മസക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും, കസായിക്ക് വലിയ ആടിനെവിറ്റ ആട്ടിടയനെയും, ഒടുവിൽ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധതെറ്റിച്ച കോത്വാലിനെയും തൂക്കിക്കൊല്ലുവാന്‍ വിധിക്കുന്നു. അവസാനം തൂക്കുകയറിന്റെ കുടുക്ക് കോത്വാലിന്റെ കഴുത്തിൽ കടക്കുന്നില്ലെന്നതിനാല്‍ കുടുക്കിണങ്ങിയ കഴുത്തുള്ള വഴിപോക്കന് ഗോവര്ദ്ധന്. 1881-ല്‍ ആധുനിക ഹിന്ദി സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഭാരതേന്ദു ഹരിശ്ചന്ദ്ര എഴുതിയ “അന്ധേര്‍ നഗരി – ചൌപ്പട് രാജാ” എന്ന പ്രഹസന നാടകത്തിന്റെ കഥയാണ് മുകളില്‍പ്പറഞ്ഞത്. ഈ നാടകത്തിലെ ഗോവര്‍ദ്ധനെ കഥാപാത്രമാക്കി മലയാളത്തില്‍ ആനന്ദ് എഴുതിയ നോവലാണ് “ഗോവര്‍ദ്ധന്റെ യാത്രകള്‍”. യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം ബാക്കി നില്ക്കുന്ന ഈ രാത്രിയില്‍ ഗോവര്ദ്ധന് മനസ്സിലേയ്ക്ക് കടന്നു വരുന്നത് യാദൃശ്ചികമല്ല. കുടുക്കിനിണങ്ങിയ കഴുത്തുള്ള ഗോവര്‍ദ്ധന്മാരെ കണ്ടെത്തി തൂക്കിക്കൊന്നുകൊണ്ട് ഭരണകൂടം ദേശീയതയുടെ ബലിക്കല്ലില്‍ ആണ്ടു നേര്‍ച്ച നടത്തുമ്പോള്‍ ഭാരതേന്ദു ഹരിശ്ചന്ദ്ര പറഞ്ഞ ചൌപട് രാജാവിന്റെ നീതി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മെ വേട്ടയാടുന്നു എന്നതിരിച്ചറിവ് ഒരു ഞെട്ടലാണ്.
ഇന്നലെ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞത് യാക്കൂബ് മേമന് നീതി ലഭിച്ചില്ല എന്നാണു. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് ശ്രദ്ധേയമായ വാദങ്ങളാണ് : “യാക്കൂബ് മേമന് എതിരേയുള്ള തെളിവുകള്‍ വളരെ ദുര്‍ബ്ബലമാണ്. ആകെയുള്ള രണ്ടു തെളിവുകളില്‍ ഒന്ന് മറ്റു പ്രതികള്‍ നല്കിയ കുറ്റസമ്മത മൊഴിയാണ്. ഇവരില്‍ പലരും ഈ മൊഴി പിന്നീട് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യന്‍ പോലീസ് എങ്ങനെയാണ് പീഡനമുറകള്‍ ഉപയോഗിച്ച് മൊഴിയെടുക്കുന്നത് എന്ന് നമ്മള് പലപ്പോഴും കണ്ടിട്ടുണ്ട്. പിന്നെയുള്ളത് യാക്കൂബ് മേമന്റെതായി റിക്കവര്‍ ചെയ്തു എന്നാരോപിച്ച് പോലീസ് സമര്‍പ്പിച്ച ചില വസ്തുക്കളും. ഈ തെളിവുശേഖരണം ഒട്ടും ശാസ്ത്രീയമായിരുന്നില്ല. ഇത് രണ്ടും ഒരാളെ വധശിക്ഷയ്ക്കു വിധിക്കാന്‍ മാത്രം ശക്തമായ തെളിവുകള്‍ അല്ല. ഇതേരീതിയില്‍ അന്യായമായി ആണ് അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നതും. സുപ്രീം കോടതി ജനകീയമാകാന്‍ ശ്രമിക്കുകയാണ്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുകള്‍ എടുക്കുന്നു എന്ന് ജനത്തിനെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഇത്തരം അനീതികള്‍ ചെയ്യുന്നത് കോടതിക്ക് ഭൂഷണമല്ല.”
മേല്‍പ്പറഞ്ഞ വാദങ്ങള്‍ ഉന്നയിച്ചത് ഒരു സുപ്രീം കോടതി മുന്‍ ജഡ്ജി തന്നെയാണ് എന്നത് അതിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. അഫ്സല് ഗുരുവിന്റെ വിധിന്യായത്തില്‍ത്തന്നെ സുപ്രീംകോടതി “ജനവികാരം മാനിക്കുന്ന” കാര്യം നേരിട്ട് പരാമര്‍ശിച്ചിട്ടുണ്ട്. ഗ്ലാഡിയേറ്റര്‍ എന്ന സിനിമയില്‍ മാക്സിമസിനോട് തന്റെ യജമാനന് പറയുന്നുണ്ട് “Win the crowd” എന്ന് . ചുറ്റും നോക്കുന്ന മാക്സിമസ് കാണുന്നത് “കൊല്ലൂ..കൊല്ലൂ “ എന്ന് ഒരേ താളത്തില്‍ ആര്‍ത്തു വിളിക്കുന്ന ജനങ്ങളെയാണ്. ഇന്ന് തീവ്രഹൈന്ദവദേശീയത അതിന്റെ മൂര്ത്തഭാവത്തില് നില്ക്കുമ്പോള് ഇന്ത്യന്‍ ജനതയും അതേ താളം ആവര്‍ത്തിക്കുകയാണ്. അര്‍ണബ് ഗോസ്വാമിയെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ അവരുടെ “സായാഹ്ന അലര്‍ച്ച”കളില്‍ ഈ താളത്തിന് ആധികാരികത കൊടുക്കുന്നു. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ സുപ്രീം കോടതി “ജനകീയ”മാകുമ്പോള്‍ നീതി എന്നത് അന്ധേര്നഗരിയുടെ നീതിയാകുന്നത് സ്വാഭാവികം.
ഇതിലെല്ലാമുപരി ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം , മേമന് പോലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു എന്നതാണ്. നേപ്പാളില്‍ വെച്ച് പോലീസിനു മുന്നില്‍ കീഴടങ്ങിയ മേമന് എല്ലാ അന്വേഷണങ്ങളോടും പൂര്‍ണ്ണമായും സഹകരിക്കുകയുണ്ടായി. എന്നിട്ടും ഇത്രയും ദുര്‍ബ്ബലമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിച്ചത് നീതിപീഠത്തിലുള്ള വിശ്വാസം നഷ്ടപ്പെടാനെ ഉപകരിക്കൂ. ഇതിനു മുന്നേ നടന്ന 900 ലധികം ആളുകള്‍ കൊല്ലപ്പെട്ട ബോംബെ കലാപവുമായി ബന്ധപ്പെട്ടു ആരെയും ശിക്ഷിച്ചില്ല എന്നതും വൈരുദ്ധ്യമാണ്. യഥാര്‍ത്ഥ കുറ്റവാളിയായ ടൈഗര്‍ മേമന് എന്ന ഇബ്രാഹിം മേമനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്ന ഭരണകൂടം തങ്ങളുടെ കഴിവുകേട് മറച്ചുവെയ്ക്കാന്‍ ഒരാളെ ബലികൊടുക്കുകയാണ്.
വധശിക്ഷ എന്നത് പരിഷ്കൃത രാജ്യങ്ങള്‍ മുഴുവന്‍ ഉപേക്ഷിച്ച ഒരു സംഗതി ആണെന്നിരിക്കെ നമ്മുടെ രാജ്യം തുടരെയുള്ള വധശിക്ഷകള്‍ നടപ്പാക്കി ഗോത്രകാലത്തേക്ക് തിരിഞ്ഞു നടക്കുകയാണ്. ഇത്തരത്തില്‍ എല്ലാ ദയാഹര്‍ജ്ജികളും നിരസ്സിക്കപ്പെടുന്ന വധശിക്ഷകളില്‍ ഭൂരിഭാഗവും ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്ക് നേരെയാണ് ഉപയോഗിക്കുന്നത് എന്നത് മറ്റൊരു യഥാര്‍ത്ഥ്യം. തീവ്രഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സര്‍ക്കാരിന് പൂര്‍ണ്ണമായും കീഴ്പ്പെട്ട ന്യായാധിപന്മാര് ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല. നിരവധി ദയാഹര്ജ്ജികള് നിഷ്കരുണം തള്ളി ദയയില്ലായ്മയുടെ പ്രതീകമായി മാറിയ നമ്മുടെ പ്രഥമ പൌരനെ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ഷിന്ഡ്ലെഴ്സ് ലിസ്റ്റ് എന്ന സിനിമയിലെ നായകന് ഓസ്കാര്‍ ഷിന്‍ഡ്ലര്‍ ഏമണ്‍ എന്ന ഒരു നാസി ഓഫീസറോട് പറയുന്ന ഒരു വാചകം മാത്രം ഓര്‍മ്മിപ്പിക്കുന്നു : “Power is when we have every justification to kill, and we don’t” (കൊല്ലാന്‍ എല്ലാ ന്യായീകരണവും ഉണ്ടായിരിക്കുമ്പോഴും നമ്മള് അത് ചെയ്യാതിരിക്കുന്നതാണ് യഥാര്‍ത്ഥ അധികാരപ്രയോഗം ).
ഈ വൈകിയ രാത്രിയില്‍ യാക്കൂബ് മേമന്റെ അവസാന അപേക്ഷ സുപ്രീം കോടതി വീണ്ടും കേള്‍ക്കുന്നു. നിയമപരമായി മേമന് കിട്ടേണ്ട പതിന്നാലു ദിവസത്തെ ആയുസ്സെങ്കിലും കൊടുക്കാന്‍ ആണ് അപേക്ഷ. കോടതിക്ക് പുറത്ത് കൊല്ലാന്‍ ആര്‍ത്തു വിളിക്കുന്ന ജനം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നു. നിങ്ങള്‍ ഉയര്‍ത്തുന്ന കൊലക്കയറിന്റെ ചിത്രങ്ങള്‍ നാളെ നിങ്ങളുടെ കഴുത്തിനിണങ്ങുന്ന കുടുക്കുകള്‍ ആയി മാറാതിരിക്കട്ടെ. കോടതി അവസാന നിമിഷം ദയ കാട്ടും എന്ന് നമുക്ക് പ്രതീക്ഷിക്കാം .
Be the first to write a comment.