ലാവണ്യവാദികൾ തൊടാൻ മടിച്ച ചിന്തയുടെ മുപ്പത്തിരണ്ട് വർഷങ്ങൾ – കലാ വിമർശം വീണ്ടും വായിക്കുമ്പോൾ – റഫീക്ക് ഇബ്രാഹിം

          നഷ്ടപ്പെട്ട ഫ്യൂഡൽ ദേശീയ, സാംസ്‌കാരിക ബോധത്തിന്റെ പുനരാവഹനശ്രമങ്ങളുടെ ഭാഗമായാണ് യൂറോപ്പിൽ ഫാസിസം ആദ്യമായി അവതരിച്ചത്. ക്ഷേത്രങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും പുനരുദ്ധാരണ യത്‌നങ്ങൾ വഴിയും ദിനംപ്രതിയെന്നോണം പെരുകികൊണ്ടിരിക്കുന്ന മത പ്രചാരണ പ്രഭാഷണങ്ങൾ, സപ്താഹം വായനകൾ എന്നിവ വഴിയും ഏറെയൊന്നും ഭിന്നമല്ലാത്ത ഒരു ഫണ്ടമെന്റെലിസത്തിന്റെ വിഷവാതകമാണ് നമുക്ക് ചുറ്റും വ്യാപിച്ചു കൊണ്ടിരിക്കുന്നത്‘.

രവീന്ദ്രൻ (കലാവിമർശനം – മാർക്‌സിസ്റ്റ് മാനദണ്ഡം 1983)

          ഒരു പുസ്തകവും കേവലമൊരു പുസ്തകമല്ല. അതുൾപ്പെട്ടു നില്ക്കുന്ന കാലത്തിന്റെ സന്ദിഗ്ധതകളും വൈരുദ്ധ്യങ്ങളും ഓരോ പുസ്തകത്തിന്റെയും അവതരണങ്ങളിൽ കാണാം. പലതും പിൽക്കാലത്ത് തെളിയുന്നവ. എക്കാലത്തേക്കും പ്രാപ്തമായ പാഠങ്ങൾ ഉത്പാദിപ്പിക്കുന്നില്ലെങ്കിലും  എഴുതപ്പെട്ടകാലവും വായിക്കപ്പെടുന്ന കാലവും തമ്മിലുള്ള ഒരേറ്റുമുട്ടൽ ഓരോ പുസ്തകവായനയിലുമുണ്ട്. ഒരു ധൈഷണികഗ്രന്ഥത്തിന്റെ മുപ്പത്തിരണ്ടു വർഷത്തെ ജീവിതം നടത്തിയ ചില ഇടപെടലുകളുണ്ട്. തിരിഞ്ഞു നോക്കുമ്പോൾ പലതും വായിച്ചെടുക്കുക സാധ്യമാണ്. ചത്ത ചിന്തയിൽ നിന്ന് സമൂർത്തമായ രാഷ്ട്രീയപ്രയോഗത്തിലേക്ക് ഒരു പുസ്തകം മാറുന്നതും അതു സാധ്യമാക്കിയ ഇടപെടലുകളിലൂടെയാണ്. 1983 ൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം 2015 ൽ വായിക്കുമ്പോൾ കടന്നുപോയ  നീണ്ട മുപ്പത് വർഷങ്ങളിൽ ആ പുസ്തകം എങ്ങനെ ഇടപെട്ടു എന്നു പരിശോധന ലളിതമല്ല. പ്രാന്തങ്ങളെയും അരികുകളെയും അഭിസംബോധന ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയ പ്രയോഗത്തെ സാധ്യമാക്കാനുള്ള ജാഗ്രതയാണ് ഒരു പുസ്തകത്തെ സമകാലികമാക്കുന്നതെങ്കിൽ, മലയാളത്തിലെ എണ്ണം പറഞ്ഞ വൈജ്ഞാനിക ഗ്രന്ഥങ്ങളിൽ പ്രഥമസ്ഥാനത്താണ് രവീന്ദ്രൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കലാവിമർശം – ഒരു മാർക്‌സിസ്റ്റ് മാനദണ്ഡം‘.

ചിന്തയുടെ വിഛേദ സ്ഥാനം

          ഭാഷയുടെ ചിന്താശേഷിയെക്കുറിച്ച്  വിശദമാക്കുമ്പോൾ എഡ്വേർഡും സാപിറും(Edward Sapir) ബെഞ്ചമിൻ ലീ വോർഫും (Bejamin Lee Whorf) മാതൃഭാഷയുടെ വ്യാകരണഘടന ചിന്തയെ  സ്വാധീനിക്കുമെന്ന് വാദിച്ചുറപ്പിക്കുന്നുണ്ട്. (ഭാഷാശാസ്ത്ര പഠനങ്ങളിൽ Sapir – Whorf hypothesis എന്നും Whorfanisam എന്നും ഈ വിശദീകരണം അറിയപ്പെടുന്നു) ഭാഷയുടെ ലിംഗ നിരപേക്ഷതക്കായി വാദിക്കുന്നവർ ആധുനിക ലോകബോധം പിതൃകേന്ദൃതമായി ഉറപ്പിക്കുന്നതിൽ ഇംഗ്ലീഷ് വഹിച്ച പങ്കിനെക്കുറിച്ച് ധാരളം വിശദമാക്കിയിട്ടുണ്ട.v (Carolyn jacobson ”Some notes on Gender – Neutral Language). ഫ്രഞ്ചിലോ ജർമ്മിനിയിലോ ചിന്തയെ ആവിഷ്‌കാരിക്കാനുള്ള തോതിനെക്കാൾ എത്രയോ താഴെയായാണ് ഇംഗ്ലീഷ് നിലക്കൊള്ളുന്നത്. മലയാളമാവട്ടെ ഭാഷാപരമായിത്തന്നെ ആഴത്തിലുള്ള ചിന്തയെ ഉൾക്കൊള്ളാൻ പാകത്തിൽ വളർന്നിട്ടില്ല എന്നും പറയാം.

          ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതലുള്ള മലയാള ചിന്താലോകത്തെ പൊതുവിൽ പരിഗണിച്ചാൽ മൂന്ന് ധാരകളെ യെങ്കിലും ഇഴപിരിച്ചെടുക്കുക സാധ്യമാണ്. എം.ഗോവിന്ദൻ നേതൃത്വം നൽകി മദിരാശി കേന്ദ്രമായി  ഉയർന്നു വന്ന ലിബറൽ ഹ്യൂമനിസ്റ്റ്  ബുദ്ധിജീവികൾ. വിശദാംശങ്ങളിൽ ഏറ്റക്കുറിച്ചിലുകൾ കാണാമെങ്കിലും സി.ജെ തോമസ്, എം.വി ദേവൻ, അയ്യപ്പപണിക്കർ, കെ.പി അപ്പൻ, നരേന്ദ്രപ്രസാദ് എന്നീ ലാവണ്യാത്മക ചിന്തകരെ  ഈ ധാരയിൽ ഉൾപ്പെടുത്താം. ഇ.എം.എസ്, കുറ്റിപ്പുഴ, കെ.ദാമോദരൻ, പി. ഗോവിന്ദപിള്ള എന്നിങ്ങനെ തുടരുന്ന മാർക്‌സിസ്റ്റ്  ധൈഷണികതയെ  മറുപുറത്ത് നിർത്തി മനസിലാക്കൽ സാധ്യമാണ്. എഴുപതുകൾ വരെ ഈ ഇരുധാരയും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളും  വാദപ്രതിവാദങ്ങളുമാണ് നമ്മുടെ ചിന്താലോകത്തെ നിർമ്മിച്ചു പോന്നത്. (അക്കാദമിക് പാണ്ഡിത്യത്തിന്റെ മറ്റൊരു ധാര കാണാമെങ്കിലും പാഠപുസ്തകത്തെ അതേപടി ആവർത്തിച്ചു പോന്ന ഇവരെ ചിന്തയിൽ ഏതെങ്കിലും തരത്തിൽ ഇടപെടൽ നടത്തിയവരായി പരിഗണിക്കുക സാധ്യമല്ല). ഇരുകൂട്ടരുടെയും ഇടപെടലുകളുടെ കേന്ദ്രസ്ഥാനം  മാർക്‌സിസമായിരുന്നു. ആദ്യത്തേതിലത് അടിയുറച്ച ശത്രുതാമനോഭാവമായിരുന്നെങ്കിൽ രണ്ടാമത്തേതിൽ വിധേയത്വത്തോളമടുത്ത പ്രതിരോധമായിരുന്നു. ലിബറൽ ഹ്യൂമനിസത്തെ എതിർത്തുതോൽപ്പിക്കാനായി യാന്ത്രിക ഭൗതികവാദത്തിന്റെ ഉയർന്ന പടവുകളിലേക്ക് മാർക്‌സിസ്റ്റുകൾ കയറിക്കയറിപ്പോയി. മാർക്‌സിസ്റ്റ് ചിന്താലോകം സാമൂഹ്യ ശാസ്ത്ര വിമർശനത്തിലൊതുങ്ങി എന്നു മാത്രമല്ല സൗന്ദര്യം എന്ന സംവർഗത്തെ പൂർണമായി കൈയൊഴിയുകയും എങ്ങനെ  എഴുതണമെന്ന്  നയരേഖകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നിടത്തുവരെ കാര്യങ്ങളെത്തി.

          ആഗോളതലത്തിൽ ഈ സമയത്ത് മാർക്‌സിസം ചിന്താപരമായി ഒരു വിഛേദത്തിനു തയ്യാറെടുക്കുകയായിരുന്നു. സോവിയറ്റ് യൂണിയൻ കേന്ദ്രമായി ഉയർന്നുവന്ന ക്ലാസിക്കൽ മാർക്‌സിസത്തിന്റെ സങ്കൽപ്പനങ്ങൾ വെല്ലുവിളിക്കപ്പെട്ടു. അടിത്തറ – മേൽപ്പുര വിചാരത്തിൽ അനിവാര്യമായ വഴിതിരിയലുണ്ടാവുകയും  ഗ്രാംഷി കൂടുതൽ കൂടുതൽ വായിക്കപ്പെടുകയുണ്ടായി. ഫ്രാങ്ക്ഫർട്ട് കേന്ദ്രമാക്കി സംസ്‌കാരത്തിന്റെ ഭൗതികതയെക്കുറിച്ച് ചർച്ചകളുയർന്നു. ഇ.പി തോംസന്റെ  ‘The Making of the English  Working Class’ പുറത്തു വന്നു. വർഗസമരത്തിലെ കേന്ദ്ര പ്രശ്‌നങ്ങളിലൊന്നായി സംസ്‌കാരം മാറി. സാമ്പത്തിക മാത്രവാദം (Economic determinism) തളളിക്കളഞ്ഞുകൊണ്ട് പടിഞ്ഞാറൻ മാർക്‌സിസ്റ്റുകൾ ഒന്നിനു പുറകെ  ഒന്നായി രംഗത്തെത്തി. പല രീതിയിൽ ആവിഷ്‌കരിക്കപ്പെട്ട  ഈ പുതിയ ചിന്തയുടെ അനുരണനങ്ങൾ മലയാളത്തിലുമെത്തി. മലയാള മാർക്‌സിസ്റ്റ് ധൈഷണികതക്കകത്ത് വിള്ളലുകൾ വീണു തുടങ്ങി. 1972 ൽ ഇടപ്പള്ളിയിൽ നടന്ന ചങ്ങമ്പുഴ അനുസ്മരണ സെമിനാറിൽ ഇ.എം.എസ് ചങ്ങമ്പുഴക്കവിതകളെക്കുറിച്ചവതരിപ്പിച്ച മാർക്‌സിസ്റ്റ്  സമീപനത്തിലുള്ള പ്രബന്ധത്തിനെതിരെ ബി.രാജീവൻ അതേ വേദിയിൽ മാർക്‌സിസ്റ്റു സമീപനത്തിൽ തന്നെ മറ്റൊരു  പ്രബന്ധമവതരിപ്പിച്ചു. സാമ്പത്തികാടിത്തറയിൽ വരുന്ന  മാറ്റങ്ങൾ എപ്രകാരമാണ് ഇടത്തരക്കാരുടെ ജീവിതത്തെ പ്രശ്‌നഭരിതമാക്കുന്നതെന്നതിലാണ് ഇ.എം.എസ് ഊന്നിയെങ്കിൽ പ്രകൃതിയും മനുഷ്യനും  തമ്മിലുള്ള ബന്ധത്തിന്റെ  ചരിത്ര പരതയിലാണ് രാജീവൻ ഊന്നിയത്. ഇരുവരും തമ്മിൽ വേദിയിൽ നടന്ന രൂക്ഷ സംവാദം മാർക്‌സിസ്റ്റ് ചിന്താലോകത്തിനകത്ത് പുതിയ ധാരക്ക് വഴിമരുന്നിടുകയായിരുന്നു

          സംസ്‌കാരം, പ്രത്യയശാസ്ത്രം, അനുഭൂതികളുടെ ചരിത്രാത്മകത എന്നിവയിലൂന്നിക്കൊണ്ട് സംഘടിക്കപ്പെട്ട ഈ ചിന്താധാരയുടെ നേതൃസ്ഥാനത്തേക്ക് ബി. രാജീവൻ, സച്ചിദാനന്ദൻ, എം.എം. സോമശേഖരൻ, ടി.കെ രാമചന്ദ്രൻ എന്നിവരുയർന്നു വന്നു. ഈ പേരുകളിൽ അനിവാര്യമായും ഉൾപ്പെടുത്തേണ്ട ഒരാളാണ് രവീന്ദ്രൻ എന്ന ചിന്തരവി. എത്ര വ്യക്തിപരവും സ്വകാര്യവുമായ അനുഭവവും കലാനുഭവമാവുന്നത് അത് സാമൂഹ്യവത്കൃതമായ അനുഭവമായി മാറുന്നത് കൊണ്ടാണെന്നായിരുന്നു ഇവരുടെ വാദം. കലാകാരന്റെ  ദന്തഗോപുരം  വിജനമല്ല ജനനിബിഡമാണെന്ന ചിന്ത ഇവരാവിഷ്‌കരിച്ചു തുടങ്ങി. ദേശാഭിമാനി സ്റ്റഡി സർക്കിൾ ആദ്യ ധാരയുടെയും ജനകീയ സാംസ്‌കാരിക വേദി രണ്ടാമത്തെ ധാരയുടെയും സംഘടനാ രൂപമായി. പി. ഗോവിന്ദപിള്ള ഇരുവർക്കുമിടയിൽ ഒരു പാലം സൃഷ്ടിക്കാനും പരസ്പരം  കൂട്ടിവെക്കാനും ശ്രമങ്ങൾ നടത്തിയെങ്കിലും തൊണ്ണൂറുകളിൽ ഇ.എം.എസിന്റെ ഭാഷാപോഷിണി പ്രബന്ധം പുറത്തുവരുന്നതുവരെ രണ്ടു കൂട്ടരും ചിന്താലോകത്ത് അകന്നു തന്നെ നിന്നു. ഭാവുകത്വപരമായി മലയാളത്തിൽ ഇക്കാലത്ത് സംഭവിച്ചു കൊണ്ടിരുന്ന ആധുനികതാവാദ(Modernism) പ്രസ്ഥാനത്തെ ഇരുകൂട്ടരും വ്യത്യസ്ത രീതിയിൽ നോക്കിക്കണ്ടു. ഈ വേർപിരിയൽ യാഥാർത്ഥത്തിൽ ഗുണം ചെയ്തത് ലിബറൽ ഹ്യൂമനിസ്റ്റ് ധാരയ്ക്കായിരുന്നു. തങ്ങൾ മുൻപോട്ട് വെക്കുന്ന ഉട്ട്യോപ്യൻ സമൂഹ സൃഷ്ടിക്ക് ഉതകുന്ന ഒന്നായി ആധുനികതാവാദത്തെ ഇവർ ചുരുക്കിക്കെട്ടി.മോഡേണിസത്തിന്റെ മുഴുവൻ സങ്കീർണതയും ഉൾകൊണ്ട് ഖസാക്കിന്റെ ഇതിഹാസംഏകാകിയായ യുവാവിന്റെ അസ്തിത്വവ്യഥയായി ലിബറൽ കാൽപ്പനികത ആധുനികതാവാദ വിമർശനത്തിൽ നിറഞ്ഞാടി. കെ.പി.അപ്പൻ ആധുനികതാവാദത്തിന്റെ വ്യാഖ്യാതാവും സുവിശേഷകാരനുമായി. മലയാളിയുടെ ഭാവുകത്വത്തെ അടിമുടി പുനർനിർണയിക്കാനും പാശ്ചാത്യപ്രബുദ്ധതയിൽ ആരംഭിച്ച ആധുനിക ലോകത്തിന്റെ അടിസ്ഥാനങ്ങളെ ഉടച്ചുവാർക്കാനും കെൽപുണ്ടായിരുന്ന ആധുനികാവാദത്തെ ഭാവുകത്വപരമായ ഒരു വിഛേദം മാത്രമാക്കി അപ്പനടക്കമുള്ളവർ അവതരിപ്പിച്ചു.

          നവമാർക്‌സിസ്റ്റ് ധാരക്ക് ദ്വിമുഖമായ ഒരിടപെടലായിരുന്നു ഈ ഘട്ടത്തിൽ നടത്തേണ്ടിയിരുന്നത്. ലിബറൽ വ്യക്തിവാദികളുടെ ലാവണ്യാത്മക സൗന്ദര്യശാസ്ത്രത്തിനെതിരെയും  മുഖ്യധാരാമാർക്‌സിസ്റ്റ് ചിന്തകരുടെ സാമ്പത്തിക മാത്രവാദനിലപാടിനെതിരെയും ഒരേ സമയം ഇവർക്ക്  ഏറ്റുമുട്ടേണ്ടി വന്നു. തങ്ങളുടെ നിലപാടിന്റെ സാധൂകരണത്തിനായി ഘടനാവാദാനന്തര ചിന്തകളെ മലയാളത്തിലാവിഷ്‌കരിക്കാൻ ഇവർ നിർബന്ധിതരായി. ഭാഷാപരമായിത്തന്നെ മലയാളം ഈ ആശയങ്ങളെ ഉൾക്കൊള്ളാൻ പ്രാപ്തമായിരുന്നില്ല. സങ്കീർണമായ  ഈ ആശയങ്ങളെ  സൈദ്ധാന്തിക ജടിലോക്തികളായി ലിബറൽ ഹ്യൂമനിസ്റ്റുകൾ പുച്ഛിച്ചു തള്ളി. (ബി.രാജീവൻ എന്ന കപട ചിന്തകൻഎന്ന കുപ്രസിദ്ധ പ്രസ്താവന 2008ലും മലയാളത്തിലുണ്ടല്ലോ.) പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഘടനാവാദാനന്തര ചിന്തകൾ  പതിയെപ്പതിയെ  മലയാളത്തിൽ  വേരു പിടിച്ചുതുടങ്ങി. ഭാഷ വളരുകയും പുതിയ വാക്കുകൾ മലയാളത്തിലെത്തുകയുമുണ്ടായി. പ്രത്യയശാസ്ത്രം, സംസ്‌കാരം, അതിനിർണയനം എന്നിവയുടെയെല്ലാം അർത്ഥം മാറി. മാർക്‌സ്  കൂടുതൽ വായിക്കപ്പെടുകയും ഓരോ വാക്കിന്റെയും മാർക്‌സിസ്റ്റ് വ്യാഖ്യാനം ചർച്ച ചെയ്യപ്പെടുകയുണ്ടായി. ഇതിൽ ചിന്തയും  പ്രയോഗവും തമ്മിലുള്ള അതിരിനെ ഇല്ലാതാകുന്ന വാക്കുകളിലൊന്നായി വിമർശം‘(Critique) ഉയർന്നു വന്നു. ഈ വാക്കിന്റെ സാർത്ഥകമായ അവതരണ സ്ഥാനങ്ങളിലൊന്നായിരുന്നു കലാവിമർശനം – മാർക്‌സിസ്റ്റ് മാനദണ്ഡം എന്ന പുസ്തകം.

വിമർശന(Critisism)- ത്തിൽ നിന്ന്  വിമർശ(Critique)-ത്തിലേക്ക്

          രവീന്ദ്രനും പി.ഗോവിന്ദപിള്ളയും തമ്മിൽ ചില സാമ്യതകൾ കാണുക സാധ്യമാണ്. മുഖ്യധാര മാർക്‌സിസ്റ്റ് ചിന്തക്കകത്ത് ഘടനാവാദാനന്തരതയോടും  ഉത്തര ചിന്താ പദ്ധതികളോടും അനുഭാവപൂർവ്വമായ ഒരു പരിഗണന പി.ജി യിൽ കാണാം. പാർട്ടിയുമായി ഇടഞ്ഞും ഇടയാതെയും തന്ത്രപൂർവ്വം പി.ജി പലപ്പോഴായി ഇത് ആവിഷ്‌കരിക്കുന്നതും കാണാം. നവമാർക്‌സിസ്റ്റുകളിലാവട്ടെ രവീന്ദ്രൻ പാർട്ടിയുമായി എപ്പോഴും അടുത്തു നിൽക്കാൻ തന്നെ ശ്രമിച്ചു. മറ്റുള്ളവരിൽ  പലരും ജനകീയ സംസ്‌കാര വേദിയിലൂടെ  നക്‌സലിസ്റ്റ് മൂവ്‌മെന്റെുമായി ചേരാൻ ശ്രമിച്ചപ്പോൾ രവീന്ദ്രൻ പാർട്ടിയുമായി എപ്പോഴും അടുത്തുതന്നെ നിന്നു. ബോധപൂർവ്വമോ അല്ലാതെയോ ഇരുവരുടെയും ഈ ദൗത്യം വിരുദ്ധലോകങ്ങളിലേക്ക് പിരിഞ്ഞു പോകുമായിരുന്ന ഇരു ചിന്തകളെയും പരസ്പരമടുപ്പിച്ചു എന്നു കാണാം. പാർട്ടി നിലപാടുകളിലെ കാർക്കശ്യം വെടിയാനും ഉത്തര ചിന്താപദ്ധതികളെ  പതിയെപ്പതിയെ അഭിസംബോധന ചെയ്യാനും തുടങ്ങി. ഇതിന്റെ മൂർത്തമായ അവതരണം ഇ.എം.എസിന്റെ  പുരോഗമന സാഹിത്യം അന്നും ഇന്നുംഎന്ന പ്രബന്ധത്തിലും അതിനോടുള്ള ഐക്യപ്പെടലായി രാജീവൻ  എഴുതിയ വഴിത്തിരിവിന്റെ രേഖഎന്ന പ്രബന്ധത്തിലും കാണാം. 1972 ൽ പരസ്പരമെതിർത്ത ഇരുവരും 1992 ൽ പരസ്പരം അംഗീകരിക്കുന്നു.  മലയാള മാർക്‌സിസ്റ്റ് ചിന്താലോകത്തിലെ  തിളക്കമുള്ള  ഒരധ്യായം  എതിർത്തതും  ഒന്നു ചേർന്നതും ഇ.എം.എസും  രാജീവനുമല്ല രണ്ട് ധാരകൾ തന്നെയാണ്. പി.ജി യും രവീന്ദ്രനും ഇരുഭാഗത്തുനിന്നും ഇതിനുള്ള ഇടപെടലുകൾ നടത്തിപ്പോന്നു. ഇരുവരുടെയും ചിന്തയുടെ  അടിസ്ഥാനം മാർക്‌സിന്റെ വിമർശം(ഇൃശശേൂൗല) എന്ന  പരികല്പ്പനയായിരുന്നു.

          മലയാളത്തിലിന്നും വിമർശനം  എന്ന അർത്ഥത്തിൽ വിമർശം ഉപയോഗിക്കാറുണ്ടെങ്കിലും വിമർശനത്തിൽ നിന്ന് എത്രയോ കാതമകലെയാണ് വിമർശം. മാർക്‌സിന്റെ മിക്ക പ്രബന്ധങ്ങളുടെയും തലക്കെട്ടിൽ വിമർശം (Critique) എന്ന പ്രയോഗം കാണാം. വ്യാഖ്യാനിക്കലല്ല മാറ്റിത്തീർക്കലാണ് വേണ്ടതെന്ന മാർക്‌സിന്റെ പ്രസ്താവനയുടെ താത്വികതലമാണ് വിമർശം. പിൽക്കാലത്ത് ഹെബർമാസ് അറിവിന്റെ മൂന്നാമത്തെ തലമായി വിമർശത്തെ അടയാളപ്പെടുത്തുന്നുണ്ട്. Information (വിവരം)  Interpretation (വ്യാഖ്യാനം), Critique (വിമർശം) എന്നിങ്ങനെയാണവ. (Critique ന് മലയാളത്തിൽ വിമൃഷ്ടി എന്നും ചിലർ പ്രയോഗിച്ചു കാണാം.) Information കേവല വിവരമാണ്. ജഡീകരിക്കപ്പെട്ടതും ശിലീഭൂതമായതുമായ അറിവിന്റെ  തലം. അറിവ് സ്വായത്തമാക്കുന്ന വ്യക്തിക്ക് യാതൊരു തരത്തിലുമുള്ള  നിർവാഹകശേഷി (Agency)യും അറിവിലില്ല. ചില സ്വയം സിദ്ധ സത്യങ്ങളെ മനസിലാക്കിവെക്കലാണവ. പൊതുബോധത്തെ ആവർത്തിക്കുന്നവ. (ആ അർത്ഥത്തിലാണ് തത്വചിന്തയുടെ നാട്ടാചാരരൂപമെന്ന് ഗ്രാംഷി പൊതുബോധത്തെ  വിളിക്കുന്നത്) വ്യാഖ്യാനത്തിലാവട്ടെ (Interpretation) അതിൽ ഏർപ്പെടുന്ന വ്യക്തിക്ക് നിർവ്വാഹകത്വം കൈവരുന്നത് കാണാം. നിലവിലുള്ള അറിവുരൂപങ്ങളെ തങ്ങളുടെ നിലപാടുകൾക്കനുസരിച്ച് യോജിപ്പിച്ച് ഒരു സന്ദർഭത്തെ വിശദമാക്കലാണ് വ്യാഖ്യാനം. ആധുനികതയുടെ ജ്ഞാനപദ്ധതികളുടെയെല്ലാം അടിസ്ഥാനം വ്യഖ്യാനാത്മക ജ്ഞാനമാണെന്ന് കാണാം. കൂടുതൽ കൂടുതൽ  ആഴത്തിൽ  ഓരോഅവസ്ഥയെയും വ്യഖ്യാനിക്കാനാണ് ആധുനികത ഉത്സാഹം  കാണിച്ചത്. വ്യഖ്യാനാത്മക ജ്ഞാനം തന്നെയാണ് വിമർശനം (Critisism)

          ആധുനികതയുടെ വിമർശന സന്ദർഭങ്ങളിലൊന്നായി രൂപപ്പെട്ട മാർകിസിസം അതിനാൽ  തന്നെ വ്യഖ്യാനത്തിനേക്കാൾ പ്രയോഗത്തിലാണ് ഊന്നിയത് (The Philosophers have Only interpreted the world. the problem is to  change it). വിമർശം (Critique)- എന്ന അറിവിന്റെ പുതിയ തലത്തെ പരികല്പ്പനപരമായി അവതരിപ്പിക്കുകയായിരുന്നു മാർക്‌സിസം. മാർക്‌സിനു മുൻപേ ഹെഗലും  കാന്റും ഇൃശശേൂൗല എന്നുപയോഗിക്കുന്നുണ്ടെങ്കിലും മാർക്‌സിലാണ് ഇതൊരു രാഷ്ട്രീയ പ്രയോഗത്തിന്റെ തലത്തിലേക്കുയരുന്നത.് വിമർശനത്തിന്റെ ഉയർന്നപടിയാണ് വിമർശം. അറിവിന്റെ (Information)-അധികാരത്തെ തുറന്നു കാട്ടൽ  വിമർശത്തിന്റെ കേന്ദ്രങ്ങളിലൊന്നാണ്.  നിലനിൽക്കുന്ന അറിവുകൾ എങ്ങനെയാണ് മുതലാളിത്തത്തിന്റെ സാധൂകരണമാകുന്നത് എന്ന് വിശദമാക്കി മറ്റൊരു ലോകത്തെ സാധ്യമാക്കുന്ന തരത്തിലേക്ക് ജ്ഞാനത്തെ വളർത്തലാണ് വിമർശം. ‘A contribution to the critique of Political Economy (1859)’എന്ന പ്രബന്ധത്തിൽ  തന്നെ ആദം സ്മിത്തിന്റെയും, ഡേവിഡ് റിക്കാർഡോയുടെയും  സമ്പദ്ശാസ്ത്ര ചിന്തകളെ മാർക്‌സ് കടന്നു പോവുന്നുണ്ട്. മുതലാളിത്തത്തിന്റെ സമ്പദ്ശാസ്ത്രത്തെ വ്യഖ്യാനിക്കുക മാത്രമല്ല മറ്റൊരു ലോകത്തിന്  സാധ്യമായ തരത്തിൽ സമ്പദ്ശാസ്ത്രത്തെ പുനർ നിർമ്മിക്കുന്നതിനും മാർക്‌സ് ഒരുങ്ങുന്നത് കാണാം. മൂലധനത്തെ  കേവല വസ്തുവായല്ല പ്രക്രിയയയാണ് (Process) മാർക്‌സ് വിശദമാക്കുന്നത്. സത്ത(Essential)-യിൽ നിന്ന് പ്രക്രിയ (Process) യിലേക്കുള്ള ജ്ഞാനത്തിന്റെ മാറ്റമാണ് വിമർശം. വിമർശത്തിൽ ഒരറിവും  കേവലമോ സത്താപരമോ മൂല്യനിരപേക്ഷമോ അല്ല. ചരിത്രപരമാണ്.

          അറിവിന്റെ മൂന്നാമത്തെ ഈ തലത്തെ മലയാളത്തിലാവിഷ്‌കരിക്കാനുള്ള രവീന്ദ്രന്റെ ശ്രമമാണ് നിള 1983 ൽ പ്രസിദ്ധീകരിച്ച കലാവിമർശം മാർക്‌സിസ്റ്റ് മാനദണ്ഡം. കലാ വിമർശത്തിൽ രവീന്ദ്രന് പുറമെ സച്ചിദാനന്ദൻ, പി ഗോവിന്ദപ്പിള്ള, ബി.രാജീവൻ, ടി.കെ രാമചന്ദ്രൻ, ആർ നന്ദകുമാർ എന്നീ ലേഖകരെല്ലാം ഏറിയും കുറഞ്ഞും വിമർശനത്തിലൂന്നുന്നത് കാണാം. അതിനാൽ നിലവിലുണ്ടായിരുന്ന വിമർശനസങ്കൽപ്പങ്ങളെല്ലാം ധിഷണാപരമായി കവച്ചുവെയ്ക്കാൻ പുസ്തകം ശ്രമിക്കുന്നുണ്ട്.

എഡിറ്റർ എന്ന രാഷ്ട്രീയ പ്രവർത്തകൻ

          മലയാളത്തിലെ മാർക്‌സിസ്റ്റ് ചിന്തയും പ്രയോഗവും സങ്കീർണ്ണവും സന്ദിഗ്ധവുമായ ഒരു സ്ഥാനത്തെ എൺപതുകളിൽ അഭിമുഖീകരിക്കുന്നുണ്ട്. ഭിന്ന ധ്രുവങ്ങളിലേക്ക് പിരിഞ്ഞുപോകാൻ സാധ്യതയുള്ള ധാരകൾ. ദൈനംദിന രാഷ്ട്രീയ രംഗത്ത്  പരസ്പരം പുലർത്തുന്ന ശത്രുത. ഈ സന്ദിഗ്ധതക്കിടയിൽ  മാർക്‌സിസ്റ്റ്‌രീതിശാസ്ത്രം അടിസ്ഥാനമാക്കി ഒരു പുസ്തകം സാധ്യമാക്കുമ്പോൾ പ്രയോഗം (Praxis) കേന്ദ്രസ്ഥാനത്തുള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ ഏതെല്ലാം കരുതലുകളെയാണ് ഉൾക്കൊള്ളേണ്ടത്. രണ്ട് പ്രശ്‌നങ്ങളെ പുസ്തകം അഭിമുഖീകരിക്കുന്നുണ്ടെന്ന് കാണാം. ഒന്ന്, മാർക്‌സിസ്റ്റ് ചിന്താലോകം ഇരു ധ്രുവങ്ങളിലേക്ക് അകലാനുള്ള സാധ്യത രണ്ട്, മാർക്‌സിസം ഒരു അക്കാദമിക് വ്യവഹാരം  മാത്രമായി ചുരുങ്ങാനുള്ള സാധ്യത. (പടിഞ്ഞാറൻ മാർക്‌സിസത്തിന് സംഭവിച്ച വിപര്യയം ഇന്ന്  നമുക്കറിവുള്ളതാണല്ലേ). ഈ രണ്ട് സാധ്യതയെയും രവീന്ദ്രൻ എന്ന് എഡിറ്റർ തൃപ്തികരമായ രീതിയിൽ അഭിസംബോധന ചെയ്യുന്നത് കാണാം ഘടനാപരമായിത്തന്നെ പുസ്തകത്തിൽ.

          അന്നു നിലവിലിരുന്ന മാർക്‌സിസ്റ്റ് വ്യവഹാരത്തിന്റെ ഭിന്നധാരകളെയെല്ലാം രവീന്ദ്രൻ ഒരു പൊതുശീർഷകത്തിലൊന്നിപ്പിക്കുന്നു. പി. ഗോവിന്ദപ്പിളള എന്ന മുഖ്യധാരാ കമ്യൂണിസ്റ്റ് നേതൃരൂപം ബി. രാജീവൻ എന്ന നക്‌സലൈറ്റ് അനുഭാവി. ടി.കെ. രാമചന്ദ്രൻ എന്ന ചിന്തകൻ, ബാലചന്ദ്രൻ ചുളളിക്കാട്, എൻ.എസ്. മാധവൻ എന്നീ സർഗാത്മക സാഹിത്യകാരന്മാർ. സച്ചിദാനന്ദൻ എന്ന അക്കാദമീഷ്യൻ. ആർ.നന്ദകുമാർ എന്ന കലാചരിത്രകാരൻ. ഈ തിരഞ്ഞെടുപ്പ് അബോധപൂർവ്വമാകാൻ തരമില്ല. താനുൾപ്പെട്ടുനിൽക്കുന്ന കാലത്തിന്റെ മുഴുവൻ സങ്കീർണതകളും ഉൾക്കൊണ്ട് മറ്റൊരു ലോകത്തിന്റെ സാധ്യതയ്ക്കായുളള ഇടപെടലാണത്. ഭാവിയെ ലക്ഷ്യംവെച്ചുളള ഒരു രാഷ്ട്രീയ പ്രവർത്തനം. നിയതാർത്ഥത്തിൽ വിമർശം. മാർക്‌സിസത്തിന്റെ ഭിന്ന വ്യവഹാരങ്ങളെ ഒന്നിച്ചണിനിരത്തി ആധുനികതാവാദ ലാവണ്യപദ്ധതിക്കെതിരെ ചരിത്രപരമായ സൗന്ദര്യചിന്തയെ സ്ഥാനപ്പെടുത്താനും തങ്ങൾക്കിടയിൽ തന്നെ നിലനിൽക്കുന്ന ഭിന്ന ആശയലോകങ്ങളെ സംവാദാത്മക തലത്തിലേക്കുയർത്താനും പുസ്തകത്തിന് കഴിഞ്ഞു. ഖസാക്കിനെക്കുറിച്ച് അതിഭൗതികതയോളമുയർന്ന നൂറുകണക്കിന് പഠനങ്ങൾ ലാവണ്യവാദികൾ പടച്ചുവിട്ട് കൊണ്ടേയിരിക്കുമ്പോഴാണ് ഖസാക്കിന്റെ സമ്പദ്‌വ്യവസ്ഥഎൻ.എസ് മാധവന്റെതായി പുസ്തകത്തിലിടം നേടുന്നത്. ഇതൊരു ചെറിയ ഇടപെടലല്ല. കെ.പി അപ്പൻ നേതൃത്വം കൊടുത്തുപോന്ന ലാവണ്യാത്മക ചിന്താപദ്ധതി ആധുനികതാവാദത്തിന്റെ വ്യാഖ്യാതാക്കളായി വിലസുന്ന ഘട്ടത്തിലാണ് ഖസാക്കിന്റെ സമ്പദ്ഘടന ചർച്ചക്കെടുക്കപ്പെടുന്നത്. ബൂർഷ്വാ അരാജകവാദമായി മുദ്രകുത്തപ്പെട്ട ആധുനികതാവാദത്തെ മാർക്‌സിസം അഭിസംബോധന ചെയ്തു തുടങ്ങുകയായിരുന്നു. അസ്തിത്വവ്യഥയും ദാർശനീകാന്വേഷണവും മാത്രമല്ല ഖസാക്കെന്നും നോവൽ സാധ്യമാക്കുന്ന ബഹുസ്വരാത്മക ലോകമുണ്ടെന്നും പിൽക്കാലത്ത് മാർക്‌സിസ്റ്റുകൾക്ക് വാദിച്ചുറപ്പിക്കാൻ കഴിഞ്ഞതിന് പിന്നിലെ ബലം തീർച്ചയായും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ലിബറൽ വ്യക്തിവാഗദത്തിന്റെയും ജീർണ കാൽപ്പനികതയുടെയും കേവലസൗന്ദര്യ ലോകത്തിലേക്കും യാന്ത്രിക ഭൗതികവാദത്തിന്റെ ഊഷര ലോകത്തേക്കും പിരിയാൻ തയ്യാറായി നിന്ന മലയാള സൗന്ദര്യ ചിന്തയെ അനുഭൂതികളുടെ  ഭൗതികതയിലേക്കാനയിക്കുകയായിരുന്നു  രവീന്ദ്രദൗത്യങ്ങളിൽ പ്രധാനം. സമകാലിക സംസ്‌കാര വിമർശനത്തെ  സാധ്യമാക്കിയ നിലപാടുതറ തീർച്ചയായും കലാവിമർശം തന്നെ യാണ്. സാഹിത്യ/കലാ വിചാരങ്ങൾ രാഷ്ട്രീയ പ്രയോഗം തന്നെയാണെന്ന് മലയാളിക്ക് ബോധ്യപ്പെട്ടു തുടങ്ങിയതും കലാവിമർശം മുതലാണ്.

          അതിവിപുലമാകാനിടയുള്ള ചർച്ചാമണ്ഡലത്തിന്റെ ആമുഖകുറിപ്പെന്ന രീതിയിലാണ് പല പ്രബന്ധങ്ങളെയും തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്ന് രവീന്ദ്രൻ മുഖവുരയിലെഴുതുന്നുണ്ട്. പുസ്തകത്തെ  സംബന്ധിച്ചും അത് യാഥാർത്ഥ്യം തന്നെ. പിൽക്കാലത്ത് അതിവിപുലമായ മാർക്‌സിസ്റ്റ് സംസ്‌കാരവിമർശത്തിന്റ ആമുഖകുറിപ്പാണ് കലാവിമർശം ഒരു മാർക്‌സിസ്റ്റ് മാനദണ്ഡം. ഫാസിസത്തിന്റെ വരവിനെക്കുറിച്ചുള്ള നിരീക്ഷണവും അക്ഷരാർത്ഥത്തിൽ ശരിയെന്ന് വർത്തമാനകാലം സാക്ഷ്യം വെക്കുന്നു ഇതൊരു ദീർഘദർശനമല്ല. വിമർശം ചിന്താപദ്ധതിയുടെ കേന്ദ്രമാകുമ്പോൾ സാധ്യമാകുന്ന ആകകാഴ്ചയാണ്. വിവിധ പ്രഭാവങ്ങളെ ഇഴ പിരിച്ചെടുക്കുമ്പോൾ ഓരോന്നും നീളുന്നതെവിടേക്കാണ് എന്ന്  തിരശീലയിലെന്നതുപോലെ  തെളിയും. ഈ തെളിച്ചമാണ് എഡിറ്റിംഗിനെ രാഷ്ട്രീയ പ്രവർത്തനമാക്കുന്നത്.

          കേരളീയ സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റുവൽക്കരണത്തിന് ഭാഷ വഹിക്കുന്ന പങ്കിനെക്കുറിച്ച് രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫാസിസ്റ്റു രാഷ്ട്രീയവും ധർമ്മോപദേശവും സംസാരിക്കുന്നത് ഒരേ ഭാഷയാണെന്നും അതേ ഭാഷതന്നെയാണ് സാഹിത്യ കലാനിരൂപണങ്ങളിലും ആവർത്തിക്കപ്പെടുന്നതെന്ന തിരിച്ചറിവ് കലാവിമർശത്തിന്റെ ആമുഖം പങ്കുവെക്കുന്നു അധീശവർഗാവബോധത്തിന്റെ ആയുധങ്ങളിലൊന്നായ വ്യവസ്ഥാപിത ഭാഷക്കെതിരായ കലാപം കൂടിയാണ് കലാവിമർശം. അപരിചിതമായ പദാവലികളുടെയും ശബ്ദാർത്ഥങ്ങളുടെയും പ്രതിബന്ധങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെങ്കിലും തന്റെ ലേഖകരുടെ ഭാഷ അധീശവർഗാവബോധത്തെ നിരസിക്കുവാൻ സന്നദ്ധമാകുന്നുവെന്ന് രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. ലാവണ്യാത്മകവും ബിംബപരവുമായ ഭാഷയിലൂടെ സൗന്ദര്യചിന്തകർ പ്ലേറ്റോണിക് ആശയവാദത്തിന്റെ വികലചിന്തകളെ വീണ്ടും മലയാളത്തിലുറപ്പിക്കുന്നതിനെതിരെയുളള പ്രതിരോധം കൂടിയാണത്. ലിബറൽ വ്യക്തിവാദവും ജീർണ കാൽപ്പനികതയും നായകത്വം വഹിക്കുന്ന മലയാളചിന്താലോകത്ത് പ്രത്യയശാസ്ത്രപരമായ ഭാഷാവബോധത്തെ ശക്തമായി പരിചയപ്പെടുത്തുകയായിരുന്നു കലാവിമർശം. ക്ഷോഭങ്ങൾക്ക് മുഴുവൻ സുവിശേഷമെഴുതി ഭരണകൂടത്തിന് പിടിച്ചെടുക്കാൻ പാകത്തിന് ലാവണ്യാത്മകമാക്കിയ ചിന്തകർക്കെതിരെയുളള വിമർശനം കൂടിയാവുന്നു കലാവിമർശം – മാർക്‌സിസ്റ്റ് മാനദണ്ഡം.

 

          ചില പേരുകളുണ്ട്; ചരിത്രത്തിലെ ഇടപെടലുകളിലൂടെ ഉറപ്പിക്കപ്പെടുന്നവ. കേസരി അതിലൊന്നാണ്. നവലോകസൃഷ്ടിക്കായി എഴുതിയെഴുതി ഉറപ്പിച്ചെടുക്കപ്പെട്ട പേര്. പേരിനെ അന്വർത്ഥമാക്കിയ മറ്റൊരു ധൈഷണിക ജീവിതം തന്നെയാണ് രവീന്ദ്രന്റേതും. കലാവിമർശം-മാർക്‌സിസ്റ്റ് മാനദണ്ഡം എന്ന വരണ്ട ശീർഷകത്തിലൂടെ രവീന്ദ്രൻ ചിന്തയെന്ന പേരിനെ ഉറപ്പിച്ചെടുക്കുകയായിരുന്നു. ചിന്തകനെന്ന് കേൾക്കുമ്പോഴേ മലയാളികൾ രവീന്ദ്രനെ ഓർക്കുന്നതും മറ്റൊന്നുംകൊണ്ടല്ല. താൻ ചേർന്നുനിൽക്കുന്ന പ്രത്യയശാസ്ത്രം അക്കാലത്ത് ആവശ്യപ്പെട്ട ദൗത്യങ്ങളിലൊന്നായിരുന്നു ആ പുസ്തകം. സ്വന്തം ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് സമൂഹത്തിൽ ആഴത്തിൽ ഇടപെടുമ്പോഴാണ് ഒരാൾ രാഷ്ട്രീയ ജീവിയാവുന്നത്. പുതിയ സാധ്യതകൾക്കായി ഇടപെടുമ്പോഴാണ് ഒരു പുസ്തകം രാഷ്ട്രീയ പുസ്തകമാവുന്നതും.

Comments

comments