മൂന്നാറിലെ തൊഴിലാളികള്‍ സമരത്തിലാണ്. സമരത്തിന്റെ മുന്‍നിരയില്‍ സ്ത്രീകളാണ്. സമരം ഒരാഴ്ച പിന്നിടുമ്പോള്‍ ഒരു തൊഴില്‍ സമരം എന്ന ലാഘവത്തോടെയാണ് മാധ്യമങ്ങളും പൊതു സമൂഹവും ഇതിനെ കാണുന്നത്. മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് തൊഴില്‍ സമരം മാത്രമല്ല. കണ്ണന്‍ദേവന്‍ മലനിരകളില്‍ ഒന്നരനൂറ്റാണ്ടായി അധിവസിക്കുന്ന തമിഴ് ജനതയുടെ അതിജീവന സമരം കൂടിയാണ്. തുച്ഛമായ കൂലിക്ക് തലമുറകളായി പണിയെടുക്കുന്നവരാണ് ഈ തമിഴ് ജനത. ഭൂരിപക്ഷവും സി.പി.ഐ നേതൃത്വംകൊടുക്കുന്ന എ.ഐ.ടി.യു.സി തൊഴിലാളികള്‍. സി.ഐ.ടി.യു ആണ് മറ്റൊരു പ്രബല യൂണിയന്‍. തൊഴിലാളികള്‍ ഇപ്പോള്‍ പണിമുടക്കി തെരുവിലിറങ്ങിയത് ഈ യൂണിയനുകളുടെ നേതൃത്വത്തിലല്ല. സ്വയം ഇറങ്ങിപ്പോയതാണ്. കാരണം തൊഴിലാളി യൂണിയനുകളില്‍ അവര്‍ക്ക് വിശ്വാസമില്ല. ആദ്യം ബ്രിട്ടീഷ് മുതലാളിയും പിന്നീട് ടാറ്റയും അടിമകളാക്കി വെച്ച തൊഴില്‍ തലമുറയാണിത്. പിന്നീട് ടാറ്റ തൊഴിലാളികളുടെ സൊസൈറ്റി രൂപീകരിച്ച് തൊഴിലാളികളെ മുഴുവന്‍ കൈവിട്ടു. സാ്‌കേതികമായി ഈ തൊഴിലാളികളുടെ കാര്യത്തില്‍ ടാറ്റക്ക് ഉത്തരവാദിത്തമില്ല. ടാറ്റയുടെ ഭൂമിയില്‍ താമസിച്ച്, അവരുടെ ഭൂമിയില്‍ പണിയെടുക്കുന്നവര്‍ മാത്രം. തൊഴിലുടമ സൊസൈറ്റിയാണ്. അവര്‍ ചെയ്യുന്ന അധ്വാനത്തിന്റെ ഫലം ടാറ്റക്കും. തൊഴിലാളികളുടെ മുന്‍കയ്യില്‍ സൊസൈറ്റി എന്ന ആശയത്തെ വെള്ളം തൊടാതെ വിഴുങ്ങിയതും ടാറ്റക്ക് അനുകൂലമായി കരാറുകളില്‍ ഏര്‍പ്പെട്ടതും തൊഴിലാളിയൂണിയനുകള്‍ക്ക് ഭരണച്ചുമതലയുള്ള സൊസൈറ്റിയാണ്. ഫലത്തില്‍ മുതലാളി അദൃശ്യനാണ്. ഈ അദൃശ്യ മുതലാളിക്കുവേണ്ടി കാലാകാലങ്ങളായി തൊഴിലാളികളുടെ അധ്വാനവും ജീവിതവും പിഴിഞ്ഞെടുക്കുക എന്നതിലപ്പുറം അവരെ സംരക്ഷിക്കുന്നതിനോ, പുനരധിവസിപ്പിക്കുന്നതിനോ മെച്ചപ്പെട്ട ജീവിത സാഹചര്യം സൃഷ്ടിക്കുന്നതിനോ തൊഴിലാളിയൂണിയനുകള്‍ ശ്രമിച്ചിട്ടേയില്ല. തൊഴിലാളികളുടെ വരിസംഖ്യ വാങ്ങി മുതലാളിക്കുവേണ്ടി പ്രവര്‍ത്തിച്ച് തടിച്ചുകൊഴുത്ത ഒരു തൊഴിലാളി വിരുദ്ധ പ്രസ്ഥാനമായിരുന്നു മൂന്നാറിലെ തോട്ടം തൊഴിലാളി യൂണിയനുകള്‍. സിപിഐയാണ് ഒന്നാം പ്രതി. സിപിഎമ്മും. തൊഴിലാളികളുടെ ജീവിതം ഇത്രയേറെ ദുരിതപൂര്‍ണമാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇരുപാര്‍ട്ടികള്‍ക്കും ഒഴിയാനാവില്ല. നിരക്ഷരരും നിരാലംബരുമായ ഈ കീഴാള ജനതയെ പതിറ്റാണ്ടുകള്‍ നയിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. അതുകൊണ്ടുകൂടിയാണ് എം.എംല്‍ എ രാജേന്ദ്രനെ തൊഴിലാളി സ്ത്രീകള്‍ എറിഞ്ഞോടിച്ചത്. 

തേയിലമലക്കാടുകളിലെ ജീവിതം 

ശരണ്യ. 49 വയസ്. മുപ്പത് വര്‍ഷമായി തോട്ടം തൊഴിലാളിയാണ്. തിരച്ചിറപ്പള്ളിയാണ് ജന്‍മേേദശം. 18 വയസ്സില്‍ വിവാഹം കഴിച്ച് മൂന്നാര്‍ മലനിരകളിലെത്തിയതാണ്. ഞായറും തിങ്കളും നോക്കാതെ പണിയെടുക്കുന്നു. ‘220 രൂപയാണ് ഒരുദിവസത്തെ കൂലി.രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് ജോലിസമയം. മാസ ശമ്പളമാണ്. ഞായറാഴ്ച ജോലി ചെയ്താല്‍ കൂലി അന്നുതന്നെ കിട്ടും. ചെറുചെറു വീട്ടാവശ്യങ്ങള്‍ അങ്ങനെയാണ് കഴിക്കുക. ഇനി പത്ത് കൊല്ലം കൂടിയുണ്ട്, 59വയതില്‍ പെന്‍ഷന്‍…തൊഴില്‍ വിട്ടിറങ്ങേണ്ട കാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ശരണ്യ വീണ്ടും കൊളുന്തു നുള്ളാന്‍ പച്ചിലക്കാടുകളില്‍ ലയിച്ചു. 
നിരയിട്ട ലയങ്ങള്‍ക്ക് മുന്നിലെ ചെമ്മണ്‍ പാതയിലൂടെ നടന്നു. ലയങ്ങളിലെ മനുഷ്യരെ കാണാനാണെന്നു പറഞ്ഞപ്പോള്‍. മല്ലിക വീട്ടിലേക്ക് ഷണിച്ചു. വാങ്കോ സേട്ടാ….ഉള്ളെ വാങ്കോ…പച്ചയും മഞ്ഞകലര്‍ന്ന വെളുപ്പും നിറം പൂശിയ ലയത്തിലെ ആദ്യ വീടായിരുന്നു മല്ലികയുടേത്. വീടെന്നാല്‍ ഒറ്റമുറിയാണ്. ആ മുറിക്കപ്പുറം ഒരു ചെറു ചായ്പ്പ്. അതാണ് അടുക്കള. മുറിയില്‍ ഒരു വീടുമുഴുവന്‍ ആവാഹിച്ചുവച്ചിരിക്കുന്നു. ടിവിയും ഫ്രിഡ്ജും തയ്യല്‍ മെഷീനും കട്ടിലും മേശയും കസേരകളും കമ്പിളിവസ്ത്രങ്ങളും….പിന്നെ കഷ്ടിച്ച് നില്‍ക്കാനുള്ള ഇടമേയുള്ളു. ഭിത്തിയെന്നാല്‍ ഭൂതകാലത്തിന്റെ ചുമര്‍ ചിത്രങ്ങളാണ്. കുട്ടികളുടെ, മുതിര്‍ന്നവരുടെ പിരിഞ്ഞുപോയവരുടെ…തലമുറകളുടെ ചുമരെഴുത്തുകള്‍. 
1870 കളിലാണ് കണ്ണന്‍ദേവന്‍ വനഭൂമി ബ്രിട്ടീഷുകാര്‍ തോട്ടങ്ങളാക്കി മാറ്റിമറിക്കുന്നത്. അതിനായി ഒരുപാട് മനുഷ്യാധ്വാനം ആവശ്യമായിരുന്നു. അന്ന് മദ്രാസ് ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ തോട്ടം പണിക്കുവേണ്ടി തമിഴ് മക്കളെ കൂട്ടത്തോടെ മലകയറ്റി. കുതിരപ്പന്തിപോലെ നിരനിരയായി ലയങ്ങള്‍ കെട്ടി കുടിപാര്‍പ്പിച്ചു. കാട് വെട്ടിത്തെളിച്ച് തോട്ടങ്ങള്‍ നിര്‍മ്മിച്ചു. ഫക്ടറികള്‍ വന്നു. മൂന്നാര്‍ നാടായും നഗരമായും വളര്‍ന്നു. ഇടവേളകളില്ലാതെ ഒഴുകിപ്പോയ കാലത്തിലൂടെതലമുറകള്‍ കൊഴിഞ്ഞുതീര്‍ന്നു. മല്ലിക ഈ മണ്ണില്‍, തേയിക്കാടുകള്‍ക്കുള്ളില്‍, ഈ ഒറ്റമുറി വീട്ടില്‍ ജനിച്ചുവളര്‍ന്ന നാലാം തലമുറയാണ്. ഒന്നരനൂറ്റാണ്ടിന്റെ ജീവചരിത്രത്തിലെ ഇങ്ങേയറ്റം. 

 മല്ലികയുടെ ഭര്‍ത്താവ് മുരുകന്‍ ചൊക്കനാട് ടീ ഫാക്ടറിയിലെ തൊഴിലാളിയാണ്. മക്കള്‍ രണ്ട്‌പേരും പഠിക്കുന്നു. മല്ലികയും ഭര്‍ത്താവും പെന്‍ഷന്‍ പറ്റുന്നതോടെ അവര്‍ ജനിച്ചുജീവിച്ച വീട് അവര്‍ക്ക് അന്യമാവും. അല്ലങ്കില്‍ മക്കളില്‍ ആരെങ്കിലും തോട്ടത്തില്‍ തൊഴിലാളികളാവണം. നൂറ്റാണ്ടുകളായി നീളുന്ന തൊഴില്‍ ചങ്ങലയാണത്. 
മല്ലികയോടും മുരുകനോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മുറ്റത്ത് അന്തോണി അമ്മയെ കണ്ടു. അറുപത് വയസ് കഴിഞ്ഞു. പത്ത് പതിമൂന്ന് വയസ്സുള്ളപ്പോള്‍ അമ്മയോടൊപ്പം തേയിക്കൊളുന്തു നുള്ളാന്‍ തോട്ടത്തിലേക്കിറങ്ങിയതാണ്. ഇപ്പോള്‍ മാസം 1000 രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ട്. മകന്‍ തോട്ടം തൊഴിലാളിയായതിനാല്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍ വീണ്ടും ജീവിതം നീട്ടിക്കിട്ടി. പണി ഇല്ലാതായാല്‍,തോട്ടത്തില്‍ പണിയെടുക്കാന്‍ ഒരനന്തര തലമുറ ഇല്ലാതായാല്‍ ജനിച്ചുവളര്‍ന്ന മണ്ണില്‍ നിന്ന് അവരെങ്ങോട്ട് പോകും…? 
നീണ്ടുനീണ്ടു കിടക്കുന്ന ലയങ്ങള്‍ക്ക് നടുവിലൂടെ നടന്നാല്‍ ഇത്തിരിമുറ്റത്ത് കോറിയിട്ട അരിപ്പൊടിക്കോലങ്ങള്‍. ചുമരുകളില്‍ വരഞ്ഞിട്ട ദ്രാവിഡ ദൈവങ്ങള്‍. ഓരോ ഗ്രാമത്തിലുമുണ്ട് കോവിലും പള്ളിയും. ഇങ്കെ എല്ലാം തിരുവിഴ താന്‍….പൊങ്കല്‍, ഓണം, ക്രിസ്മസ്…അങ്ങനെ ജീവിതത്തിന്റെ ചെറുനേരങ്ങളെ അവര്‍ ആഘോഷഭരിതമാക്കുന്നു. ചൊക്കനാട് എല്‍. പി. സ്‌കൂള്‍ മുറ്റത്തുകൂടി തിരിച്ചിറങ്ങുമ്പോള്‍ കുട്ടികളുടെ തമിഴ് കലമ്പങ്ങള്‍. ചുറ്റും തമിഴ് പേച്ചുകള്‍. ഇടയിലെവിടെനിന്നോ ഒരു മലയാളം പാട്ട്. ആ പാട്ടിന്റെ ഉറവ തേടി കുന്നുകയറി. പൂവിട്ട് പൂവിട്ട് പൂവിട്ട് നില്‍ക്കുന്നു, പൂത്തിരുവാതിര രാത്രി….പി.സുശീലയുടെ ശബ്ദം. ഒരു നീളന്‍ ലയത്തിന്റെ ഏറ്റവും അറ്റത്ത് വാതില്‍പടിയില്‍ കൂനിഞ്ഞിരുന്ന് ഒരാള്‍ പാട്ടിന് ചെവിചേര്‍ത്തിരിക്കുന്നു. 
വെള്ളത്താല്‍ ചുറ്റപ്പെട്ട വൈപ്പിന്‍കരയില്‍ നിന്ന് അമ്പതുകളുടെ ആദ്യത്തില്‍ മലകയറിയതാണ് ജോസഫ്. ടീ ഫാക്ടറിയില്‍ കാര്‍പ്പന്റര്‍ പണിക്ക് വന്നതാണ്. പത്തൊമ്പതാമത്തെ വയസ്സില്‍. ഇവിടുന്നു തന്നെ കല്യാണം കഴിച്ചു. തിരുനല്‍വേലിക്കാരി ഫിലോമിന. അന്നുമുതല്‍ ഇവിടെയാണ് താമസം. എനിക്കിപ്പോ 81 വയസ്സായി. ഭാര്യമരിച്ചിട്ട് പതിനഞ്ച് വര്‍ഷമായി. എനിക്കും പോണം. അവരുടെ അടുത്ത് തന്നെ…അതാണിനി….വൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ചോദിച്ചു. വൈപ്പിന്‍ കരയിലേക്ക് പോകണമെന്ന് തോന്നുന്നില്ലേ? ‘ഇല്ലവീടെന്ന ആ ഒറ്റ മുറിയിലേക്ക് നോക്കി പറഞ്ഞു. ഇവിടെയാ ജീവിക്കാന്‍ തുടങ്ങീത്. ഞങ്ങക്ക് അഞ്ച് മക്കളുണ്ട്…പെണ്‍മക്കള്‍, അവരും ഇവിടെയാ…ഭാര്യേ അടക്കീത് ഇവിടുത്തെ പള്ളീലാ….ഞാനെങ്ങോട്ട് പോകാനാ….ഇതാണെന്റെ വീട്… 

വീട് ഒരു മുറി മാത്രമല്ല. 
അതിനും ജീവനുണ്ട്. അത് ജീവിതം തന്നെയാണ്. 

ചരിത്രത്തിലില്ലാത്ത ജനത
തമിഴ്‌തൊഴിലാളി ജനതയുടെ കുടിയേറ്റവും ചേരുന്നതാണ് ഹൈറേഞ്ചിന്റെ കുടിയേറ്റചരിത്രം. അഥവാ പില്‍ക്കാല കാര്‍ഷിക കുടിയേറ്റത്തേക്കാള്‍ സമരോജ്വലമായിരുന്നു തമിഴ്‌വരവിന്റെ രാഷ്ട്രീയം. അത് ബ്രിട്ടീഷ് കാര്‍ഷിക അധിനിവേശ ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. പതിനെട്ടാം ശതകത്തിന്റെ അന്ത്യത്തില്‍ ഹൈറേഞ്ചിലെത്തിയ ഇംഗ്ലീഷുകാര്‍ വന്‍കിടനാണ്യവിള തോട്ടങ്ങള്‍ക്കായി പശ്ചിമഘട്ട ജൈവഭൂമി വെട്ടിവെളുപ്പിക്കുന്നു. ഇതിന് വലിയ മനുഷ്യാധ്വാനം ആവശ്യമായിരുന്നു. അക്കാലം മദ്രാസ് ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരാണ്. തമിഴ് ഗ്രാമങ്ങളില്‍നിന്ന് തോട്ടം പണിക്കായി ജനതയെ മലമുകളിലേക്ക് ആട്ടിത്തെളിച്ചു. ആസാമിലെയും ശ്രീലങ്കയിലെയും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെ അടിമകളാക്കി കൊണ്ടുപോയതിന് സമാനമായിരുന്നു ഈ തമിഴ് വരവ്. തോട്ടമുടമകള്‍ നിര്‍മ്മിച്ചുനല്‍കിയ ലയങ്ങളില്‍ (താല്‍ക്കാലിക വാസസ്ഥലങ്ങളില്‍) അവരെ കൂട്ടമായി പാര്‍പ്പിച്ച് പണിയെടുപ്പിച്ചാണ് വന്‍കിട തോട്ടങ്ങള്‍ നിര്‍മ്മിച്ചത്. പീരുമേട്ടിലെയും ദേവികുളം താലൂക്കിലെ മൂന്നാര്‍ മലനിരകളിലെയും തമിഴ് ജനത ഇവരുടെ പിന്‍മുറക്കാരാണ്. 1877 മുതല്‍ 1964വരെ പൂര്‍ണമായും 1983വരെ ഭാഗികമായും വൈദേശികാധിപത്യത്തിന്‍ കീഴിലായിരുന്നു കണ്ണന്‍ദേവന്‍ മലനിരകള്‍. 1983ല്‍ വിദേശ കമ്പനികള്‍ പൂര്‍ണമായും പിന്‍വാങ്ങി. കണ്ണന്‍ദേവന്‍ കുന്നുകള്‍ ടാറ്റയുടെ അധീനതയിലായി. ഒന്നിലധികം പ്രജാത്വവും പൗരത്വവും ഒരേസമയം വഹിക്കേണ്ടിവന്ന ജനത. അധിനിവേശത്തിന്റെയും മുതലാളിത്തത്തിന്റെയും ഇരകളായി കഴിയേണ്ടിവന്ന ജനത. കാര്‍ഷിക മുതലാളിത്തത്തിന്റെയും ദേശീയ ഭരണകൂടത്തിന്റെയും ഉഭയപൗരത്വത്തിന്റെ സംഘര്‍ഷങ്ങള്‍. എന്നിട്ടും ചരിത്രത്തിന്റെ വരമൊഴികളില്‍ തമിഴ്ജീവിതാനുഭവങ്ങള്‍ വേണ്ടവിധം രേഖപ്പെട്ടില്ല. കാര്‍ഷികചരിത്രമെന്നാല്‍ വന്‍കിടതോട്ടങ്ങളുടെയും തോട്ടമുടമകളുടെയും കമ്പനികളുടെയും ചരിത്രമായിരുന്നു. കാര്‍ഷിക ഭൂപ്രദേശത്തിന്റെ നിര്‍മ്മാണത്തിലും തുടര്‍ച്ചയിലും വലിയപങ്കുവഹിച്ച തൊഴിലാളികളുടെ ഓര്‍മ്മകള്‍ക്ക് ചരിത്രത്തില്‍ ഇടം കിട്ടിയില്ല. ഹൈറേഞ്ചിലെ തമിഴ്‌തൊഴിലാളി കുടിയേറ്റവും അതിജീവനത്തിന്റെ വര്‍ത്തമാനവും വിപുലമായ അന്വേഷണം ആവശ്യപ്പെടുന്ന മേഖലയാണ്. ഇന്നും ലയങ്ങളില്‍ പുലരുന്ന നൂറ്റാണ്ടുകള്‍ പിന്നിട്ട തമിഴ് ജീവിതത്തെ നാം തിരിഞ്ഞു നോക്കിയിട്ടില്ല. 
അതുകൊണ്ടുതന്നെ, ബോണസിനും കൂലിക്കൂടുതലിനും വേണ്ടിമാത്രം നടക്കുന്ന സമരമല്ല ഇന്നു നടക്കുന്നത്. ഒരുജനത അവരുടെ സാന്നിധ്യം രേഖപ്പെടുത്തുകയാണ്. അവഗണിക്കാനാവാത്ത സമരസാന്നിധ്യം. 

Comments

comments