എം എം ബഷീർ: തടസ്സപ്പെടുന്ന രാമായണപാഠങ്ങൾ – വീട്ടുമുറ്റത്തെ ഫാസിസം – നവമലയാളിക്ക് പറയാനുള്ളത്

എം എം ബഷീർ: തടസ്സപ്പെടുന്ന രാമായണപാഠങ്ങൾ – വീട്ടുമുറ്റത്തെ ഫാസിസം – നവമലയാളിക്ക് പറയാനുള്ളത്

SHARE

ലയാളം പ്രഫസറും അംഗീകരിക്കപ്പെട്ട നിരൂപകനുമായ എം എം ബഷീർ മാതൃഭൂമി ദിനപത്രത്തിൽ എഴുതിവന്ന രാമായണാസ്വാദനങ്ങൾ മുഴുമിക്കും മുൻപ് ഹനുമാൻസേനയുടെയും ഹിന്ദുത്വവാദികളുടെയും ഭീഷണികൾ കാരണം നിർത്തേണ്ടി വന്നു. രാമായണമാസത്തിൽ മാതൃഭൂമിയുടെ ആവശ്യപ്രകാരം എഴുതിയ പാഠങ്ങൾ അഞ്ചെണ്ണമെത്തിയപ്പോൾ ഹനുമാൻസേനയടക്കമുള്ള ഹിന്ദുത്വ വർഗീയ സംഘടനകളുടെ പ്രതിഷേധം കാരണം നിർത്തുകയായിരുന്നു.

കലയിലെ മതം. കലാസ്വാദനത്തിലെയും

ബഡേ ഗുലാം അലിഖാൻ ഒരു മുസ്ലിമായിരുന്നു എന്നതോർക്കുന്നത് സംഘപരിവാറുകാരുടെ അലർച്ച അദ്ദേഹത്തിന്റെ ഹരിയോമിനും മുകളിലേക്ക് ഉയർന്ന് കേൾക്കുമ്പോഴാണു. രാമായണം ഏറ്റവും മനോഹരമായി ജാനകീ ജാനേ എന്ന ഒരു പാട്ടിന്റെ രൂപത്തിലേക്ക് സംസ്കൃതത്തിൽ ചുരുക്കിയെഴുത്ത് നടത്തിയ യൂസഫലി കേച്ചേരി ഒരു മുസ്ലീമാണെന്ന് ഓർക്കാൻ നാം നിർബന്ധിതരാകുന്നതും ഇത്തരം ബഹളങ്ങൾ ഉയരുമ്പോഴാണു. ധ്വനി എന്ന ചിത്രത്തിലെ പാട്ടായതിനാൽ അതിന്റെ സംഗീതം നൗഷാദ് അലി എന്ന ഇസ്ലാംനാമധാരിയായ ഒരു ജീനിയസ്സായിരിക്കണം. ഇപ്പറയുമ്പോൾത്തന്നെ ബിസ്മില്ലാ ഖാനുൾപ്പടെ ഒരുപാടൊരുപാട് ഭജനുകൾ മനസ്സിലേക്ക് വരികയും സമയകലയിൽ മതമന്വേഷിക്കുന്നോ എന്നൊരു ചോദ്യം ചോദിച്ചുകൊണ്ട് ഇത്തിരിയല്ലാത്ത സങ്കടം കണ്ണുകളിൽ പൊടിക്കുന്നുമുണ്ട്. ഭക്തിപ്രസ്ഥാനത്തിലെ, അല്ലാ മുഴുവൻ ഹിന്ദി സാഹിത്യചരിത്രത്തിലേയും, ഏറ്റവും മികച്ച കൃതികളിലൊന്നായ, രാമന്റെ ചരിതമായ, രാമചരിതമാനസ്സ് ഗോസ്വാമി തുളസിദാസ് എഴുതാൻ നിവൃത്തിയും സംരക്ഷണവും നൽകിയത് കവിയും പണ്ഡിതനുമായ ഒരു മുഗൾ ജനറലാണു. അക്ബറിന്റെ നവരത്നങ്ങളിലൊരാളായിരുന്ന ഒരു മുസ്ലിം. അബ്ദുൾ റഹിം ഖാൻ. അതെല്ലാം എഴുതാനും പാടാനും മാത്രമല്ല ആസ്വദിക്കാനും നല്ല മനസ്സുണ്ടാകണം. അത് ഇല്ലാതെ പോകുന്ന വർഗ്ഗീയവാദികൾക്കാണു രാമായണം വ്യാഖ്യാനിക്കുന്നത്  എം എം ബഷീർ എന്ന ഒരു മുസ്ലീമാകുമ്പോൾ കല്ലുകടിക്കുന്നത്, ഭീഷണിയുടെ തോക്കുകളും കൊലക്കത്തികളും ഉയർത്തണമെന്ന് തോന്നുന്നത്. ഒരു നാടിന്റെ ആകെ സാംസ്കാരികതയുടെ കാവലാളുകൾ അതാത് മതത്തിന്റെ കോളങ്ങളിലൊതുങ്ങുന്നവരാകണം എന്ന് നിർബന്ധം പിടിക്കുന്നത്. അങ്ങനെ മനുഷ്യരെ മതിലുകൾ കെട്ടി ഇനം തിരിച്ച് വളർത്തുവാൻ അധ്വാനിക്കുന്നത്. ശബരിമലയിൽ നിന്ന് വാവരെ ഇക്കൂട്ടർ പുറത്താക്കുന്ന കാലവും ഇങ്ങനെ പോയാൽ വിദൂരമാവില്ല. എഴുത്തച്ചന്‍ രാമായണം പാടിച്ചത്‌ ഹിന്ദുവിനെയോ മുസ്ലിമിനെയോ ക്രിസ്ത്യാനിയെയോ കൊണ്ടല്ല. ഒരു കിളിയെക്കൊണ്ടാണ്. ആ ദീര്‍ഘവീക്ഷണം ഇന്ന് പാഴാവുകയാണോ? 

വാൽമീകിയുടെ രാമനും സംഘപരിവാറിന്റെ രാമനും.

തന്റെ ലേഖനങ്ങളിൽ ബഷീർ മനുഷ്യമനസ്സുകളുടെ മഹാസത്യം പറഞ്ഞും പറയാതെയും വരച്ചിടുന്ന വാൽമീകിയുടെ സാമർത്ഥ്യത്തെ പുകഴ്തുന്നു. ഒന്ന് നോക്കിയാൽ നമ്മുടെ രണ്ട് ഇതിഹാസങ്ങളിൽ മഹാഭാരതം അതിന്റെ സമഗ്രതയിൽ ഒരു ബിസിനസ് ത്രില്ലറാണു, ഒരു ഗോഡ്ഫാദർ പുസ്തകം. രാമായണം മനസ്സുകൾ തമ്മിലും മനസ്സുകൾക്കുള്ളിലും ഉള്ള ഒരു യുദ്ധവും. സദാചാരവാദിയായ രാമനെന്ന ഒരു ഭർത്താവ് എല്ലാവരിലും ഒളിഞ്ഞിരിക്കുന്നു എന്നത് വാൽമീകി സൂചിപ്പിക്കുന്നത് ഏറ്റവും മൃദുവായ ഭാഷയിലാണു ബഷീർ ചൂണ്ടിക്കാണിക്കുന്നത്. വാസ്തവത്തിൽ വാൽമീകിരാമായണത്തിൽ, മാതൃകാപുരുഷോത്തമനെന്ന് വാഴ്ത്തപ്പെടുന്ന ശ്രീരാമൻ ചിത്രീകരിക്കപ്പെടുന്നത് പല സന്ദർഭങ്ങളിലും അതിനിശിതമായ വിമർശം ക്ഷണിക്കത്തക്കവിധത്തിലാണു. കുറ്റങ്ങളും കുറവുകളും ധാരാളമായുള്ള ഒരു മനുഷ്യനാണു വാത്മീകിയുടെ ശ്രീരാമൻ എന്നോർക്കണം. പ്രേമാഭ്യർത്ഥനയുമായി വരുന്നൊരു സ്ത്രീയെ പരിഹസിച്ചു വിടുകയും പിന്നീട് അവളെ സഹോദരനാൽ അംഗവിഹീനയാക്കുവാൻ ഇടയാക്കുകയും ചെയ്യുക, ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള പോരിൽ ഒളിഞ്ഞിരുന്ന് അതിലൊരാളെ വധിക്കുക, പതിവ്രതാരത്നമായ സീതയെ രാവണന്റെ പക്കൽ നിന്ന്  വീണ്ടെടുത്തതിനു ശേഷം എന്റെ വീരസ്യപ്രകടനത്തിനു വേണ്ടി മാത്രമാണു നിന്നെ വീണ്ടെടുത്തത്, കഴിഞ്ഞുനിന്റെ ചുറ്റും എട്ടാണു ദിക്ക്, നിനക്കിനി എങ്ങോട്ട് വേണമെങ്കിലും പോകാം, അല്ലെങ്കിൽ ഈ നിൽക്കുന്ന വാനരശ്രേഷ്ഠരിൽ ആരെയെങ്കിലുമോ അല്ലെങ്കിൽ വിഭീഷണനെയോ വേൾക്കാംഎന്ന മട്ടിൽ തീ കോരിയെറിഞ്ഞ് സീതയെ ഗജേന്ദ്രഹസ്ഥഭഹതഃ വല്ലരി –  ആന പിടിച്ച വള്ളി പോലെയാക്കുകയും ചെയ്യുകരാമായണവായനയ്ക്ക് ശേഷം രാമൻ സീതയുടെ ആരെന്ന ചോദ്യത്തിനു  ഏതായാലും പ്രിയപ്പെട്ട ആരുമാകാൻ സാധ്യതയില്ല എന്ന മട്ടിൽ അല്പമാത്രമല്ലാത്ത ഫലിതം പ്രദാനം ചെയ്യാൻ കഴിവുള്ളൊരു കഥാപാത്രമാണു മാതൃകാപുരുഷോത്തമൻ എന്ന് വരും. എന്നാൽ ഏകശിലാരൂപത്തിൽ ഒരു ഹിന്ദുമതവും അതിനെ അധികരിച്ച്  ഒരു മിലിട്ടന്റ് ദേശീയതയും സൃഷ്ടിക്കാൻ കച്ചകെട്ടി ഇറങ്ങിയ പുതിയകാലത്തിന്റെ ഹൈന്ദവ ഫാസിസ്റ്റ് ശക്തികൾക്ക് രാമൻ ഒരേ സമയം ഒരു ചരിത്രസത്യവും അതേ സമയം തന്നെ തെറ്റുകൾ അരോപിക്കാൻ കഴിയാത്ത വിധത്തിലൊരു ദൈവരൂപവുമാണു. അങ്ങനെ വരുമ്പോൾ മുസ്ലിംമതക്കാരനായ ഒരാൾക്ക് രാമനെ പറ്റി എഴുതാൻ തന്നെ അവകാശമില്ലെന്നും അത്തരമൊരാൾ എഴുതുന്നതെല്ലാം മതവിരുദ്ധതയിൽ അടിസ്ഥാനപ്പെട്ടതാണെന്നും അത്തരം എഴുത്തുകൾ ഇവിടെ ഉണ്ടാകാതിരിക്കാൻ ഏതറ്റം വരെ പോകുകയും ചെയ്യുമെന്നും സംഘപരിവാർ ശക്തികൾ ആക്രോശിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, സൃഷ്ടികളും സർഗ്ഗസ്വാതന്ത്ര്യവും തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

മാതൃഭൂമി എവിടെയാണു നിൽക്കുന്നത്?

ശ്രീ ബഷീർ പറഞ്ഞത് മാതൃഭൂമി ആവശ്യപ്പെട്ടതത്രയും താൻ എഴുതിക്കൊടുത്തിരുന്നു എന്നാണു. ഏതെങ്കിലും വർഗ്ഗീയവാദികൾ ഭീഷണിപ്പെടുത്തിയാൽ എഴുത്ത് അവസാനിപ്പിക്കാൻമാത്രം ഭീരുവല്ല താനെന്നും അദ്ദേഹം ധീരമായി പ്രഖ്യാപിച്ചു. എന്നാൽ എം എം ബഷീറിനെപ്പോലെ ശ്രദ്ധേയനായ ഒരെഴുത്തുകാരന്റെ ലേഖനം നൂറിൽ താഴെ ആക്റ്റിവിസ്റ്റുകൾമാത്രമുള്ള ഹനുമാൻസേന എന്ന ഒരു അപരിഷ്കൃതസംഘത്തിന്റെ ഭീഷണിക്ക് വഴിപ്പെട്ട് ഇടയ്ക്ക് വച്ച് പ്രസിദ്ധീകരണം നിർത്തുമ്പോൾ മാതൃഭൂമിയെന്ന കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൊന്ന് എവിടെയാണു നിൽക്കുന്നത് എന്ന് ചോദിക്കേണ്ടിവരും. അത്തരമൊരു നീക്കമുണ്ടാകുമ്പോൾ അതിനെതിരെ ജാഗ്രത സൃഷ്ടിക്കാനും ജനങ്ങളെ വർഗ്ഗീയവാദത്തിനെതിരായി മതനിരപേക്ഷതയുടെ കുടക്കീഴിൽ അണിചേർക്കേണ്ടതും ആശയപ്രചാരണത്തിന്റെ  സാംസ്കാരികഭൂമികയിൽ ബൃഹത്തായ ഒരിടം കയ്യാളുന്ന ഒരു മാധ്യമസ്ഥാപനത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തമാണു. ബഷീറിനെതിരെയുള്ള ഭീഷണി വകവയ്ക്കരുതായിരുന്നു, എഴുത്ത് നിർത്തരുതായിരുന്നു എന്നതിനുമപ്പുറം എന്തുകൊണ്ട് ഹനുമാൻസേനപോലെയുള്ള സംഘപരിവാർ സംഘടനകൾ തെറ്റാകുന്നു എന്ന് വിളിച്ച് പറയാനുള്ള ബാധ്യതയും ആ പത്രത്തിനുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം പിന്മാറിക്കൊണ്ട് പ്രതിരോധത്തിന്റെ എല്ലാ സാധ്യതകളിൽ നിന്നും ഓടിയൊളിച്ച് ജനങ്ങളോടും സമൂഹത്തോടും ഉത്തരവാദിത്തമില്ലാത്ത ഒരു പത്രമാണു തങ്ങളെന്ന് മാതൃഭൂമി തെളിയിക്കുകയാണു ചെയ്തത്. അതല്ലെങ്കിൽ നിരന്തരം ആരോപിക്കപ്പെട്ടുപോരുന്ന  മാതൃഭൂമിയുടെ മൃദുഹിന്ദുത്വ- സംഘപരിവാർ അനുകൂല നിലപാട് സത്യമാണെന്നാണു ഇതുവഴി വരുന്നത്. എഡിറ്റോറിയലുകൾ കൊണ്ട്, വാർത്തകൾ കൊണ്ട്, കോളങ്ങൾ കൊണ്ട് തിന്മയെ എതിർത്ത് തോല്പിച്ച ചരിത്രമുള്ള പത്രങ്ങളുള്ള നാട്ടിലാണു മാതൃഭൂമിയുടെ ഈ നാണംകെട്ട മൗനം. ഇതാണോ യഥാർത്ഥ പത്രത്തിന്റെ ശക്തി?

സാംസ്കാരിക മലയാളം എവിടെയാണു നിൽക്കുന്നത്
?
എന്നാൽ പ്രതിരോധമെന്നത് മാതൃഭൂമിയുടെ മാത്രം ഉത്തരവാദിത്തമാണോ? ചിതറിത്തെറിച്ച പ്രതിഷേധങ്ങൾക്കപ്പുറം നാട്ടിലുണ്ടായ ഇത്തരം ഒരു ഫാസിസ്റ്റ് അതിക്രമത്തിനെതിരെ കേരളത്തിൽ സംഘടിതമായ ഒരു പ്രതിഷേധം ഉണ്ടായിട്ടില്ല എന്നത് അസ്വസ്ഥതപ്പെടുത്തേണ്ട സംഗതിയാണു. ബഷീറിനെപ്പോലെ അംഗീകരിക്കപ്പെട്ട ഒരെഴുത്തുകാരനു മാതൃഭൂമി പോലൊരു പത്രത്തിൽ സംഭവിച്ചതിനെ എറ്റെടുക്കാനും ചെറുത്തുതോല്പിക്കാനുമുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ചില വിരലനക്കങ്ങൾ ഒഴിച്ചുനിർത്തിയാൽ  പാടേ മാറിനിന്നുകൊണ്ട് മലയാളമാധ്യമലോകം അപ്പാടെ പീലാത്തോസുമാരായി. മഹാരാഷ്ട്രയിൽ ധബോൽക്കറും പൻസാരെയും കർണ്ണാടകത്തിൽ കൽബുർഗിയും വെടിയേറ്റു വീണപ്പോഴും തമിഴ്നാട്ടിൽ പെരുമാൾ മുരുഗൻ നിശബ്ദനാക്കപ്പെട്ടപ്പോഴും പ്രതിരോധത്തിന്റെ സംഘശക്തി മുഴക്കിയ കേരളത്തിൽ ഇതൊരു വാർത്ത പോലുമല്ലാതാകുന്നതിന്റെ നാണക്കേട് മുഴുവൻ കേരളത്തിന്റെ സാംസ്കാരികലോകം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. സാംസ്കാരികലോകവുമായി എന്നോ ബന്ധം വേർപെട്ടുപോയിക്കഴിഞ്ഞ ഇടതുപക്ഷം  അതിന്റെ ഫാസിസ്റ്റ് വിരുദ്ധപോരാട്ടങ്ങളിൽ ഇതെല്ലാം ഉൾച്ചേർക്കണമെന്നത് മറന്നുപോയ മട്ടാണു. മുഖ്യധാരയ്ക്ക് പുറത്ത് ശക്തിയേറിയ നിലപാടുകളുമായി ഫാസിസ്റ്റ് വിരുദ്ധപോരാട്ടങ്ങളിൽ സാന്നിധ്യമറിയിക്കുന്ന മലയാള സോഷ്യൽ മിഡിയയും കൂടി തണുത്തമട്ടിൽ പ്രതികരിച്ചപ്പോൾ  പ്രതിരോധം മരിച്ചുപോയ ഒരു നാടാവുകയാണു കേരളം. മറ്റു പ്രദേശങ്ങളിലുണ്ടാകുന്ന സദാചാരപോലീസിംഗിനും ഫാസിസ്റ്റ് അതിക്രമങ്ങൾക്കുമെതിരെ പ്രതികരിക്കുമ്പോൾ സ്വന്തം മൂക്കിനു കീഴെ നടക്കുന്ന അത്യാചാരങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന കാപട്യം എന്നൊരു ആരോപണം നമുക്ക് നേരെ വന്നാൽ അതിനു നമുക്ക് മറുപടിയുണ്ടാകില്ല. എന്നാൽ ഒറ്റയ്ക്കാണെങ്കിലും പൊരുതാനുറച്ച ആളുകളുള്ളപ്പോൾ സംഘപരിവാർ ഫാസിസത്തിന്റെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകില്ല. ധീരനായ ആ എഴുത്തുകാരൻ ഉറക്കെ പറയുന്നുണ്ട് വർഗ്ഗീയവാദികൾക്ക് എന്നെ നിശബ്ദനാക്കാൻ കഴിയില്ല”…മതമൗലികവാദം നാട്ടിൽ ശക്തിപ്പെട്ടുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എത്ര വൈകിയാലും ഇനിയെങ്കിലും അതിനു ചെവിയോർക്കേണ്ടതും അദ്ദേഹത്തിനു പിന്തുണയും ഐക്യദാർഢ്യവും  സംരക്ഷണവും പ്രഖ്യാപിക്കേണ്ടതും പുരോഗമനവാദികളുടെയാകെ കടമയാണു. അല്ലാത്തപക്ഷം പരിവാരത്തിന്റെ വാളുകളാലും തോക്കുകളാലും നഷ്ടപ്പെട്ടുപോവുക നമ്മളിൽ പലരുടേയും ശബ്ദങ്ങളും ജീവിതങ്ങളുമായിരിക്കും. എം എം ബഷീറിന്റെ തടസ്സപ്പെട്ട ലേഖനമടക്കമുള്ള രാമായണപാഠങ്ങൾ പ്രസിദ്ധീകരിക്കാൻ നവമലയാളി തയ്യാറാണു. അദ്ദേഹത്തിനു നവമലയാളിയുടെ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതോടൊപ്പം വർഗീയവാദികൾക്കെതിരായ നിലപാടുകൾ കർക്കശമാക്കാൻ ഏവരേയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

Comments

comments