തോട്ടം ഒരു കോളനിയാണ്. അഭയാർത്ഥികളുടെ കോളനി. ഇന്ത്യയിലെ തോട്ടങ്ങള്‍ കോളനിവാഴ്ചയുടെ അടയാളങ്ങളാണ്. അതിന്നും മാറിയിട്ടില്ല. സിനിമകളില്‍ കാണുന്ന പോലെ തൊപ്പിയും ട്രൌസറുമിട്ട ഉടമകളും കങ്കാണിമാരും വാഴുന്ന അടിമകളുടെ ഈ കോളനിയില്‍ നീതിയുടെ ഒരു കൊളുന്തു പോലും മുളപ്പിക്കാൻ സ്വാതന്ത്ര്യാനന്തരം ട്രേഡ് യൂണിയനുകള്‍ ആത്മാർത്ഥമായഒരുശ്രമവും നടത്തിയിട്ടില്ല. ഇടുക്കിയിലും വയനാട്ടിലും മൈസൂരിലും ഹിമാചല്‍ പ്രദേശിലും ആസാമിലും കാശ്മീരിലും കണ്ട തോട്ടങ്ങളിലോക്കെ തൊഴിലാളികള്‍ കുതിരലായങ്ങളിൽ ജീവിക്കുകയാണ്. ഇന്നും.
എന്നും പ്രബുദ്ധമെന്നു കരുതപ്പെട്ടു പോന്ന കേരളം ട്രേഡ് യൂണിയനിസത്തിന്റെ കോട്ടയായിരുന്നപ്പോഴും, ന്യായമായ തൊഴിലവകാശങ്ങള്‍ക്ക് വേണ്ടി, അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ സമരങ്ങൾ നടന്നപ്പോഴും തോട്ടം മേഖല ചൂഷണത്തിൽ വിറുങ്ങലിച്ചു കിടന്നു. അനീതിയുടെ ആ കന്നിമണ്ണിലേക്കാണ് മൂന്നാറിലെ സ്ത്രീതൊഴിലാളികള്‍ കഴിഞ്ഞ ദിവസം പൊട്ടിത്തെറിക്കുന്നസ്വപ്നങ്ങളുടെ വിത്തെറിഞ്ഞത്. സ്ത്രീകള്‍ എന്ന് എടുത്തു പറയുന്നത് എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകളും കുട്ടികളുമാണ് ചൂഷണത്തിന്റെ ആദ്യയിരയാവുന്നത് എന്നതിനാലാണ്. മൂന്നാറിൽ പ്രതിഷേധത്തിന്റെ നാമ്പുകൾ ഉയരാതിരിക്കാന്‍ സ്ത്രീ തൊഴിലാളികളെ ആണ് എന്നും റിക്രൂട്ട്ചെയ്തു പോന്നത് എന്നും കാണേണ്ടതുണ്ട്. ഇല്ലാത്തവരുടെ കോളനിയിലേക്ക് ഉള്ളവര്‍ നോക്കുമ്പോൾ പരിഹരിക്കാനാവാത്ത ഒട്ടേറെ സങ്കീര്‍ണ്ണപ്രശ്നങ്ങൾ ഉള്ളതായി തോന്നും. തൊഴിൽ, കൂലി, പാര്‍പ്പിടം, പ്രാഥമിക ആരോഗ്യം എന്നആവശ്യങ്ങള് പരിഹരിക്കാനാവാത്തവിധം ഉള്‍പ്പിരിവുകൾ ഉള്ളതായി തോന്നുന്നത് അതൊക്കെ ഉള്ളവര്‍ക്കാണ്. അവിടെയാണ് മൂന്നാര്‍ സമരത്തിന്റെ പ്രസക്തി. അരാഷ്ട്രീയമായിത്തീര്ന്നു തടാകം പോലെ നിശ്ചലമായികിടക്കുന്ന കേരളീയ സമൂഹത്തിലേക്കു അവരെറിഞ്ഞ പ്രക്ഷുബ്തയുടെ വലിയ കല്ലുകള്‍ ഓളങ്ങളുണ്ടാക്കി. നാം അക്ഷരാര്‍ത്ഥത്തിൽ ഞെട്ടി. ഭരണകൂടം മാത്രമല്ല സംഘടിത രാഷ്ട്രീയ പാർട്ടികളൊക്കെ വിറങ്ങലിച്ചു. തൊഴിലാളികള്‍ ആവശ്യപ്പെട്ട ബോണസ്സ് നല്‍കാനും മറ്റാവശ്യങ്ങൾ പരിഗണിക്കാമെന്ന് വാക്ക് നല്‍കാനും (ഒരു തരത്തിലെങ്കിലും) നാം നിര്‍ബന്ധിതരായി. അവിടെ അവസാനിക്കുകയാണോ എല്ലാ പ്രത്യാശകളും? വാഗ്ദാനങ്ങള്‍ പതിവ് പോലെ അട്ടിമറിക്കപ്പെടുകയാണോ? അതും പതിവ് പോലെ ഒരു കുതന്ത്രമായിരുന്നോ?
ആണെന്ന് കരുതണം. ഒരു തോട്ടം കങ്കാണിയെപ്പോലെ സംസാരിക്കുന്ന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ തന്നെ ഏറ്റവും വലിയ തെളിവ്. തൊഴിലാളികളെ അവരുടെ യതാര്‍ത്ഥ അവകാശങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളും കുറ്റവാളികളാണ്. മൂന്നാര്‍ കെ എച്ച് ഡി പി ഒരു സാധാരണ തോട്ടമല്ല . അവിടെ നിയമപ്രകാരം തൊഴിലാളികള്‍ തന്നെ ഉടമകളുമാണ്. അവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഓഹരി ഉള്ളത്. താഴെ കൊടുക്കുന്ന ചിത്രം അത് വ്യക്തമാക്കും . യഥാര്‍ത്ഥത്തില്‍ കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന്‍സ് കമ്പനിയില്‍ നടക്കുന്നത് ബോണസിനു വേണ്ടിയുള്ള സമരമല്ല. ഡിവിഡന്റിനു വേണ്ടിയുള്ള സമരമാണ്. അത് തൊഴിലാളി സമരമല്ല. ഓഹരി ഉടമകളുടെ സമരമാണ്. ഇപ്പോഴും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ഏറ്റവും സമ്പന്നരാവേണ്ട, എന്നാല്‍ ദരിദ്രരായ കമ്പനിയുടമകള്‍ നടത്തുന്ന സമരം.
അവര്‍ ആവശ്യപ്പെടുന്ന ഡിവിഡന്റ് 10 ശതമാനത്തില്‍ നിന്ന് 20 ശതമാനം ആക്കണമെന്നാണ്. അത്യാര്‍ത്തി എന്നു തോന്നിയേക്കാം. കഴിഞ്ഞയാഴ്ച കമ്പനി ജനറല്‍ബോഡിയില്‍ അവതരിപ്പിച്ച കണക്ക് അനുസരിച്ച് നികുതിയെല്ലാം കഴിഞ്ഞ് അറ്റലാഭം 5.02 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇത് 15.55 കോടി രൂപയായിരുന്നു. നികുതി കഴിഞ്ഞുള്ള അറ്റലാഭത്തില്‍ 10 കോടിയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇതില്‍ നിന്ന് 10 ശതമാനം ഡിവിഡന്റ് കൊടുക്കും എന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് ഒരു രൂപ. 5000 ഓഹരി കൈവശമുള്ള തൊഴിലാളിക്ക് 5000 കിട്ടും. അത് 10,000 എങ്കിലും ആകണം എന്ന ആവശ്യം മുന്നോട്ടു വയ്ക്കുമ്പോള്‍ കമ്പനിയുടെ കണക്ക് കിഴിഞ്ഞ് പരിശോധിക്കണം.
കമ്പനിക്കുള്ള ആകെ ഓഹരി 1,39,41,085. 1.39 കോടി രൂപയാണ് ഇപ്പോള്‍ ഡിവിഡന്റ് ആയി നല്‍കുന്നത്. അത്20 ശതമാനം നല്കിയാല് ചെലവ് 2.8 കോടി കൂടി. 5.02 കോടിയിലെ നീക്കിയിരിപ്പില്‍ 1.39 കോടി രൂപയുടെ കൂടി അധിക ചെലവ്. 28.52 ശതമാനം ഓഹരിപങ്കാളിത്തമുള്ള ടാറ്റാ ഗ്ളോബല്‍ ബിവറേജസിനും കൂടി ചേര്ന്ന്കിട്ടുന്ന ലാഭവിഹിതത്തിന്റെ കണക്കാണിത്. ഇനി ഈ കമ്പനിക്ക് നീക്കിയിരിപ്പ് ഇത്രമാത്രമേയുള്ളോ എന്ന ചോദ്യം. അതിന്റെ ഉത്തരം 75.28 കോടി രൂപയെന്നാണ്. മുന്‍വര്‍ഷങ്ങളിലെ നീക്കിയിരിപ്പുകള്‍ കൂടി ചേര്‍ന്ന തുക. കഴിഞ്ഞവര്‍ഷം ഇത് 74.02 കോടി മാത്രം. 1.39 കോടി കൂടി ചെലവഴിച്ചാലും ഒന്നും സംഭവിക്കില്ല എന്നു ചുരുക്കും. 28 ശതമാനം ഓഹരി കയ്യാളുന്ന ടാറ്റാ ബിവറജസിന് 35 ലക്ഷം കൂടി കൂടുതല്‍ കിട്ടി എന്നു വച്ച് ഒന്നും ആകില്ല. എന്നാല്‍ അയ്യായിരം ഓഹരി ഉള്ള തൊഴിലാളിക്ക് വര്‍ഷം അയ്യായിരം രൂപ കൂടി കിട്ടിയാല്‍ അതു സ്വര്‍ഗമാണ്. ആ അയ്യായിരം രൂപയ്ക്ക് അവര്‍ മകളുടെ വിവാഹം നടത്തുകയും മൂന്നും നാലും ദമ്പതികള്‍ താമസിക്കുന്ന ഒറ്റമുറി ലായത്തിലേക്ക് ബാക്കി പണംകൊണ്ട് ഒരു പായയും തലയിണയും കൂടി വാങ്ങിയിടുകയും ചെയ്യും. അവിടെ ജീവിതത്തിന് അത്ര വിലയേ ഉള്ളു.
ഇനി കമ്പനിയുടെ ലാഭം കുറഞ്ഞത് എങ്ങനെയെന്ന് ആ കണക്കില്‍ പറയുന്നുണ്ട്. ലേലത്തില്‍ വില കുറഞ്ഞു എന്ന്. രാജ്യാന്തര വില കുറഞ്ഞതുകൊണ്ടാണെന്നും പറയുന്നു. ഉത്പാദനം 2.3 കോടി കിലോയില്‍ നിന്ന് 2.4 കോടി കിലോയായി കൂടി. വില കുറഞ്ഞതുകൊണ്ട് തുകയിലെ ലാഭം കുറഞ്ഞു എന്ന് മാത്രം. തൊഴിലാളികള്‍ എല്ലുമുറിയെ പണിയെടുത്തിട്ടുണ്ട് എന്ന് അര്‍ത്ഥം. മാത്രമല്ല ചെന്നൈ ലേലകേന്ദ്രത്തില്‍ ഏറ്റവും ഉയര്‍ന്ന വില കിട്ടുന്നതും കണ്ണന്‍ദേവന്റെ തേയിലയ്ക്കാണ്. ഇനി ടാറ്റാ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡ് എന്ന 28.63 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയുടെ കഴിഞ്ഞവര്‍ഷത്തെ കണക്കു കൂടി നോക്കുക. ഈ പറയുന്ന രാജ്യാന്തര തകര്‍ച്ചയെല്ലാം കഴിഞ്ഞിട്ടും അവര്‍ക്കു ലാഭം 259 കോടി രൂപയുണ്ട്.
കണക്കുകള്‍ കളവു പറയുന്നില്ല . അത് മറച്ചു വെച്ച് കമ്പനിയും അവരുടെ പിണിയാളുകളുമാണ് നുണ പറയുന്നത്. തൊഴിലാളിക്ക് അഥവാ തൊഴിലിന്റെ ബലത്തില്‍ ഉടമകള്‍ ആയവര്‍ക്ക് അഞ്ഞൂറ് രൂപ കൂലികൊടുത്താല്‍ തോട്ടം പൂട്ടും എന്ന് മന്ത്രി ഷിബു ആരോടാണു പറയുന്നത്? ആരെയാണ് വഞ്ചിക്കുന്നത്? രാഷ്ട്രീയക്കാരെ തൊഴിലാളികള്‍ ചെരുപ്പെറിഞ്ഞതെന്തിനു എന്ന ചോദ്യത്തിനുത്തരം ഇതില്‍ നിന്ന് കിട്ടും.
വന്‍കിട തോട്ടക്കാര്‍ക്കും പഞ്ച നക്ഷത്ര റിസോര്‍ട്ട് ഉടമകള്‍ക്കും അവിഹിതമായി ഭൂമിയും മറ്റെല്ലാ സൗകര്യങ്ങളും നല്കുന്ന സര്‍ക്കാര്‍ തൊഴിലാളിക്ക് പാര്ക്കാനുതകുന്ന ഒരിടം എന്ന ആശയത്തെ എതിര്‍ക്കുന്നത് ആ ഭൂമി വന്‍കിടക്കാര്‍ തട്ടിയെടുക്കും എന്ന ഫലിതം പറഞ്ഞാണ് എന്നോര്‍ക്കണം. സര്‍ക്കാര്‍ ചെയ്യുന്നത് മറ്റെന്താണ്? ഗ്ലോബല്‍ മുതലാളിത്തത്തിന്റെ ഇക്കാലത്ത് മൈഗ്രേഷന്‍ ലേബര്‍ ആണ് രീതി. സ്ഥിരം തൊഴിലാളികള്‍ ഇല്ല. അവര്‍ കൂടു മാറി കൂടുകളിലേക്ക് സദാ ആട്ടിത്തെളിക്കപ്പെടുകയാണ്. അതുകൊണ്ട് അവര്‍ക്ക് പാര്‍പ്പിടം നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് മുതലാളി രക്ഷപ്പെടുന്നു. അതിനെതിരായി ഒരു വന്‍ പൊട്ടിത്തെറി ലോകത്താകെ ഉരുണ്ടുകൂടുന്നുണ്ട്. ആവാസ വ്യവസ്ഥയില്‍ നിന്ന് ആട്ടിപ്പായിക്കപ്പെടുന്ന ആഗോള അഭയാര്‍ത്ഥികള്‍ അതിന്റെ ഭാഗമായി തീരുന്നതോടെ സ്ഥിതി വിസ്ഫോടനാത്മകം ആവുകയാണ് .
പക്ഷെ മൂന്നാറിലെ ചിത്രം വേറെയാണ്. അവിടുത്തെ തൊഴിലാളികളെ തമിഴ് തൊഴിലാളികള്‍ എന്ന് വിളിക്കുന്നതില്‍ തന്നെയുണ്ട് അപാകത. ശരിയാണ് , നൂറ്റാണ്ടു മുന്‍പ് തമിഴ് തൊഴിലാളികള്‍ ഇവിടേക്ക് കൊണ്ടുവരപ്പെട്ടു. പക്ഷെ ഇന്നുള്ളവര്‍ മൂന്നു തലമുറ പിന്നിട്ടവരാണു, ഇവിടെ ജനിച്ചു ഇവിടെ വളര്‍ന്നു ഇവിടെ അടിമകളായി ജീവിക്കുന്നവരാണ്. ഇതാണവരുടെ ഭൂമിക. ഇവിടെയൊരു തരി മണ്ണ് ജീവിക്കാനും ആറടി മണ്ണ് മരിക്കാനും അവര്‍ക്ക് അവകാശപ്പെട്ടതല്ലേ? ദുരിതക്കടലില്‍ കൊടുംതണുപ്പില്‍ ക്യാന്‍വാസ് / പ്ലൈവൂഡ് മേല്‍ക്കൂരയ്ക്കു കീഴില്‍ എട്ടും പത്തും പേര് നരകിക്കുന്ന കാഴ്ച മറയ്ക്കാന്‍ ഒരു റിസോര്‍ട്ട് ബംഗ്ലാവിനും ആവില്ല. വിനോദ സഞ്ചാരത്തിനായി പഞ്ച നക്ഷത്ര കാറുകളില്‍ എത്തുന്നവര്‍ എത്ര കണ്ണടച്ചാലും ഈ ദൃശ്യം അവരെ വേട്ടയാടും. തൊഴിലാളിക്ക് ഭൂമി നല്കിയാല് അത് റിസോര്‍ട്ട് സ്രാവുകള്‍ കയ്യടക്കും എന്ന് പറയുന്നവര്‍ ഓര്‍ക്കേണ്ടത് അതില്‍ നിന്ന് നിയമസംരക്ഷണം നല്കാന് ഒരു പരിഷ്കൃത സമൂഹത്തിനു ബാധ്യതയുണ്ട് എന്നതാണ്. ഇന്നവര്‍ മണ്ണിന്റെ മക്കളാണ്. അവര്‍ക്ക് അവകാശങ്ങള്‍ കൊടുത്തേ തീരൂ. അവര്‍ സര്‍ക്കാരിനും സമൂഹത്തിനും നികുതിയിനത്തില്‍ വൻ വരുമാനം ഉണ്ടാക്കി കൊടുക്കുന്നവരുമാണ്. ഇനി വരുന്നൊരു തലമുറയ്ക്ക് വേണ്ടി എന്ത് ചെയ്യാനാവും എന്നത് മറ്റൊരു വിഷയമാണ്. ആഴത്തില്‍ ചര്‍ച്ചകള്‍ നടത്തി ആസൂത്രണം ചെയ്യേണ്ട വിഷയം. അതെസമയം തന്നെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവില്‍ തൊഴിലാളികൾക്ക് കൂടി ടാറ്റ അവകാശം നല്കിയ കമ്പനിഘടന മാറ്റിയപ്പോള്‍ കോളനി എന്ന അവസ്ഥയിൽ നിന്ന് മൂന്നാർ കണ്ണൻ ദേവനിലെ സ്ഥിതി മാറി. കടലാസ്സില്‍. അത് മണ്ണില്‍ അനുവദിച്ചു കിട്ടാനുള്ള, തൊഴിലാളികളുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാനുള്ള, പ്രക്ഷോഭത്തിന്റെ ആദ്യപടിയായിരിക്കട്ടെ നാം കഴിഞ്ഞ നാളുകളില്‍ കണ്ടത്.
(കടപ്പാട് ; പി അനൂപ് പി )
Be the first to write a comment.