മൂഹത്തിൽ സ്ത്രീ അടയാളപ്പെടുത്തപ്പെടുന്നത് എങ്ങിനെ എന്നതിന്റെ ആവിഷ്‌ക്കാരങ്ങളാണ് സിതാര എസിന്റെ കഥകൾ. ഓരോ പെണ്ണും നേരിടുന്ന വൈയക്തികവും സാമൂഹ്യപരവുമായ പ്രതിസന്ധികൾ വിഭിന്നങ്ങളാണ്. ഇത്തരം പ്രതിസന്ധികൾതന്നെയാണ് അവളെ കരുത്തയാക്കുന്നതും, സ്വത്വാന്വേഷണത്തിന് പ്രാപ്തയാക്കുന്നതും. ഭിന്നമുഖങ്ങളുള്ളതും അസ്തിത്വാന്വേഷണത്തിന് പ്രചോദകവും ആകുന്നു, അനുഭവങ്ങളെ അവയുടെ പ്രാഥമികമായ ഭൂമികയിൽവെച്ച് കണ്ടെടുക്കുകയാണ് സിതാര.

നൃത്തശാലഎന്ന കഥയിൽ അബ്ബാസ് എന്ന നർത്തകന്റെ ചുവടുകൾക്കൊത്ത് നൃത്തം ചെയ്യേണ്ടവരാണ് മദീഹയും റുമാനയും. അയാൾ തയ്പ്പിച്ചുകൊടുക്കുന്ന ഇറക്കം കുറഞ്ഞതും ഇറുകിയതുമായ ഉടുപ്പുകൾക്കുള്ളിൽ ഒതുക്കപ്പെടുകയാണവർ. അയാളുടെ താളത്തിനും ചാട്ട വീശലിനുമനുസരിച്ച് അവർ നൃത്തമാടുന്നു. ജീവിതസുരക്ഷിതത്വത്തിന് വേണ്ടി സ്വാതന്ത്ര്യത്തെ സ്വമേധയാ ബലികഴിക്കുമ്പോഴും അവരാഗ്രഹിക്കുന്ന അഭയമോ സുരക്ഷിതത്വമോ അവർക്ക് ലഭിക്കുന്നില്ല. കൂടുതൽ ചെറുപ്പക്കാരികളായ നർത്തകികൾക്കുവേണ്ടി ഏതു നിമിഷവും അരങ്ങൊഴിയേണ്ടി വരുമെന്ന് അവർക്കറിയാം. ഈ നൃത്തച്ചുവടുകളുടെ അസത്യത്തെ തിരിച്ചറിയുന്ന മദീഹ, അതിനെതിരെ പ്രതികരിക്കുന്നു, ക്രമം തെറ്റിക്കുന്നു. ഏറ്റവും സ്വാഭാവികമായ ചലനങ്ങളോടെ അവൾ തന്റെ ചലനങ്ങളേയും താളങ്ങളേയും പുനർവിന്യസിക്കുമ്പോൾ നൃത്തസംവിധായകന് അത് ക്രമഭംഗമായി മാറുന്നു. ഇതുവരെ എന്റെ നർത്തകിമാർ ഞാൻ പറയുന്നതിനപ്പുറം ചുവടുകൾ വെച്ചിട്ടില്ലഎന്ന് ദേഷ്യത്താൽ വിറക്കുന്ന അബ്ബാസ്, കാലകാലങ്ങളായി സ്ത്രീകളുടെ മേൽ അധികാരം അടിച്ചേൽപ്പിക്കുന്ന പുരുഷമേധാവിത്വസമൂഹത്തിന്റെ പ്രതിനിധിയാണ്.

കമ്പോളാധിഷ്ഠിതമായ മനോഭാവങ്ങൾ സ്ത്രീയെ കേവലശരീരമായി കാണുന്നു. സമൂഹത്തിന് പുതിയ ഉല്പന്നങ്ങളാണ് ആവശ്യം. ഈ ആവശ്യങ്ങൾക്കനുസരിച്ച് കാലപ്പഴക്കം വന്ന തന്റെ നർത്തകരെ ഒഴിവാക്കി ചെറുപ്പക്കാരെ കൊണ്ടുവരുമ്പോൾ സ്ത്രീശരീരത്തെ വിപണനമൂല്യമുള്ള ചരക്കുകളായി മാത്രം കാണുകയാണ്. ഇത്തരം ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ സ്ത്രീക്ക് അവളുടെ സ്വാഭാവികമായ ആഗ്രഹങ്ങളേയും കാമനകളേയും അവഗണിക്കേണ്ടിവരുന്നു. പുരുഷൻ തീർത്ത കളത്തിനുള്ളിൽ അവർ കല്പ്പിക്കുന്ന താളത്തിനനുസരിച്ച്, അവൻ ചാർത്തുന്ന വേഷങ്ങൾക്കനുസരിച്ച് ആടിത്തീർക്കേണ്ട സ്ത്രീജീവിതത്തിന്റെ നൈരാശ്യവും അരക്ഷിതാവസ്ഥയും ഈ കഥ പങ്കുവയ്ക്കുന്നു.

അതോടൊപ്പം ഈ ബന്ധനങ്ങൾക്കുള്ളിൽ അവളെ അധികകാലം തളച്ചിടാൻ സാധ്യമല്ല എന്ന നിലപാടും ഈ കഥ വെളിപ്പെടുത്തുന്നുമുണ്ട്. മനസ്സിൽ നിന്നും ഒഴുകിയിറങ്ങുന്ന, ജീവനുള്ള, തുടിക്കുന്ന ഒന്നിന് വേണ്ടി കളം ഉപേക്ഷിക്കുന്ന സ്ത്രീ തന്റെ അസ്തിത്വത്തെ തിരിച്ചറിയുകയാണ്. കളങ്ങൾക്കുള്ളിലെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക്, കൂട്ടായ്മയുടെ പ്രതിരോധത്തേക്കാൾ തീഷ്ണതയേറുന്ന ജീവിതസന്ദർഭങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇവയുടെ പരിവർത്തനശേഷിയും വിപുലമായിരിക്കും. വിധേയയും, അടിമയും, തൊഴിലാളിയുമായ സ്ത്രീയുടെ ഉയിർത്തെഴുന്നേൽപ്പ്! അത് സ്വാഭാവികതയോടെ പകർത്താൻ ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്.

അപരിചിതഎന്ന കഥ പണക്കാരനായ അലി ഒബാമയുടെ രണ്ടു ഭാര്യമാരുടെ കണ്ടുമുട്ടലിന്റെ കഥയാണ്. പരസ്പരം കാണാനാവാത്ത വിധം അടുത്തടുത്തു മൂന്നു ബംഗ്ലാവുകൾ പണിത് അതിൽ തന്റെ മൂന്നു ഭാര്യമാരേയും കുടിയിരുത്തിയിരിക്കുകയാണ് അലി. ഒന്നാം ഭാര്യയായ സായിദയെയും മൂന്നാം ഭാര്യയായ ഫാത്തിമയും ഒരിക്കൽ കണ്ടുമുട്ടുന്നു. കുടുംബത്തിനകത്തെ അസമമായ സ്ത്രീപുരുഷബന്ധങ്ങളാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. ഇരുപത്തൊന്ന് വർഷം തന്നോടൊപ്പം കഴിഞ്ഞ് തന്റെ ഒമ്പത് മക്കളെ പ്രസവിച്ച ആദ്യഭാര്യയോട് പുതിയ വിവാഹം കഴിക്കാൻ അയാൾ പറയുന്ന ന്യായം അവൾക്ക് കുട്ടികളുടെ കാര്യത്തിൽ മാത്രമേ ശ്രദ്ധയുള്ളൂ എന്നാണ്.

വിവാഹകമ്പോളത്തിൽ പുരുഷൻ എത്ര പ്രായമായവനാണെങ്കിലും സ്വീകാര്യനാണ്. പുരുഷന്റെ താല്പര്യസംരക്ഷത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവർ മാത്രമാണ് സ്ത്രീകൾ എന്ന കാഴ്ചപ്പാടാണ് കാലാകാലങ്ങളായി സമൂഹം വെച്ചു പുലർത്തുന്നത്. പുരുഷന്റെ സാമൂഹ്യപദവിയും സാമ്പത്തികാധികാരവും അവ നേടിയെടുക്കാൻ കഴിയാത്ത സ്ത്രീ വർഗ്ഗത്തെ സ്വന്തം കാൽക്കീഴിൽ അമർത്തിവെയ്ക്കാൻ പുരുഷനെ ശക്തരാക്കുന്നു.

പത്തിരുപത്തഞ്ചു വർഷത്തെ ഉപയോഗത്തിനുശേഷം  അയാൾക്കെന്റെ ശരീരം മടുത്തിരിക്കുന്നു. അന്യഗന്ധങ്ങളുടെ വിഴുപ്പു മണക്കുന്ന അയാളുടെ ശരീരം എനിക്കുംഎന്ന് സായിദ പറയുമ്പോൾ ബന്ധങ്ങളുടെ ഊന്നലുകളിലുള്ള വൈരുദ്ധ്യം കൂടിയാണ് പ്രകടമാകുന്നത്. ആവർത്തന വിരസതയാണ് അലിയെ ഭാര്യയിൽ നിന്ന്  അകറ്റുന്നതെങ്കിൽ, അയാളിൽ കാണപ്പെടുന്ന പുതുഗന്ധങ്ങളും താൽപര്യങ്ങളുമാണ് സായിദയെ മടുപ്പിക്കുന്നത്. പ്രണയമെന്നത് പുരുഷന് ശരീരകേന്ദ്രിതമാണ്. ശരീരത്തിന്റെ വശ്യഭംഗികളും പുതുമകളും ഗൂഢഭാവങ്ങളും അയാളെ അതിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കും. സ്ത്രീയ്ക്കാകട്ടെ പരിചയം നൽകുന്ന സുരക്ഷിതത്വത്തിൽ ഒതുങ്ങിയിരിക്കാനാണ് താൽപര്യം. ഭർത്താവിനെ സംബന്ധിച്ചിടത്തോളം താൻ കാലഹരണപ്പെട്ട ഒരു ശരീരം മാത്രമാണെന്ന തിരിച്ചറിവ് അവളിലുണ്ടാക്കുന്ന ഞെട്ടലും വെറുപ്പും ശേഷംവരുന്ന നിസ്സംഗതയുമെല്ലാം ഈ കഥ പങ്കുവയ്ക്കുന്നു.

പുരുഷമേധാവിത്വപരമായ ഇതേ അവഗണനയും അടിച്ചമർത്തലും തന്നെയാണ് പലപ്പോഴും ഭരണകൂടവും സ്ത്രീകളോടു പുലർത്തുന്നത്. തെരുവിൽ അപകടത്തിൽപ്പെട്ടു കിടക്കുന്ന കുട്ടിയെ രക്ഷിക്കാൻ ശിരോവസ്ത്രമിടാതെ ഓടിവന്ന ഫാത്തിമയെ പോലീസുകാർ മർദ്ദിക്കുന്നതും ഇത്തരം വ്യവസ്ഥാപിത നിലപാടുകളുടെ സമൂഹസാക്ഷ്യങ്ങളാണ്. ചുമരിൽ ഘടിപ്പിച്ച ഭീമൻ കണ്ണാടിയിൽ നോക്കുന്ന ഫാത്തിമ കാണുന്നത് അവളെയല്ല. മറ്റേതോ ഒരു സ്ത്രീയെയാണ്. ആ സ്ത്രീ അവളുടെ യുക്തിയ്ക്കും സ്വപ്നങ്ങൾക്കും പുറത്തുള്ള ഒരു സാമൂഹ്യപ്രതിബിംബം മാത്രമാണ്. സ്വന്തം സ്വത്വമെന്തെന്ന് അന്വേഷിക്കുന്ന അവൾക്ക് അത് കണ്ടെത്താനുമാവുന്നില്ല. സ്വകാര്യമായി ഒളിപ്പിച്ചുവെച്ച കണ്ണാടി പ്രതിബിംബങ്ങളൊന്നും പതിയാത്തവിധം ശൂന്യമായി മാറിയിരിക്കുന്നു. പുരുഷന്റെ നിഴലായി ജീവിക്കാൻ നിർബ്ബന്ധിക്കപ്പെടുന്ന സ്ത്രീജീവിതത്തിന്റെ ഒന്നുമില്ലായ്മതന്നെയാണ് ആ കണ്ണാടി വെളിപ്പെടുത്തുന്നത്.

സൂര്യമുഖിയിലെ ചുന്നിയും ഉപജീവനത്തിലെ അനുപമയും സമൂഹത്തിന്റെ സ്ത്രീവിരുദ്ധമനോഭാവങ്ങൾക്കെതിരെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരാണ്. സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട ഒരു തൊഴിലിടത്തിൽ സ്വമേധയാ പ്രവേശിക്കുകയും അവിടെ ഉറച്ചുനിന്നുകൊണ്ട് ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവളാണ് ചുന്നി. കാമുകന്റെ ഒഴിഞ്ഞുമാറ്റം അവളെ ഉലയ്ക്കുന്നുണ്ടെങ്കിലും, ജീവിതതാളം തിരിച്ചുപിടിക്കാൻ അവൾ സ്വയം ശക്തിയാർജ്ജിക്കുന്നുണ്ട്. തുറിച്ചുനോട്ടങ്ങൾക്കെതിരെ, കൂസലില്ലാതെ പ്രതികരിക്കാനറിയുന്നവളാണ് അനുപമയും തന്റെ സ്വകാര്യതകളിൽ തലയിടുന്നവരെ ബോധപൂർവ്വം ഒഴിവാക്കിക്കൊണ്ട് ഇത്തരം ബാലിശമായ ഒളിഞ്ഞുനോട്ടങ്ങൾക്കു സമാധാനം പറയാനുള്ളതല്ല തന്റെ സമയം എന്നവൾ തീരുമാനിക്കുന്നു. തീരുമാനങ്ങളും അഭിപ്രായങ്ങളും പുരുഷന്മാർക്കുമാത്രം പ്രാപ്യമാവുന്ന ഒരു സാമൂഹികനീതിയെ അവഗണിച്ചുകൊണ്ടാണ് ചുന്നിയും അനുപമയും സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്നത്.

വിവാഹം ഒരു സ്ത്രീയിൽ ചെലുത്തുന്ന നിയന്ത്രണങ്ങൾ. ശാരീരികമായും മാനസികമായും ബൗദ്ധികമായും അവളിൽ നടപ്പാക്കുന്ന ആധിപത്യങ്ങൾ. ഇതാണ് കോമാളിവേഷങ്ങൾഎന്ന കഥയിൽ സിതാര ആവിഷ്‌ക്കരിക്കുന്നത്. വിദ്യഭ്യാസവും അതുമൂലം കൈവരുന്ന സാമൂഹ്യപദവിയും വൈവാഹികജീവിതത്തിനുവേണ്ടി ഉപേക്ഷിക്കാൻ നിർബന്ധിതയാവുന്ന രേണുക ആണ് ഇതിലെ കഥാനായിക. ഗൃഹത്തിനുള്ളിൽ തളച്ചിടപ്പെടുന്നവർക്ക് സമൂഹം പ്രതീക്ഷിക്കുന്ന തരത്തിൽ ഗൃഹേശ്വരികളാൽ ഒരിക്കലും കഴിയുകയില്ല. നഷ്ടപ്പെടുത്തിയത് അവനവനെത്തന്നെയാണെന്ന ബോധം അവരെ നിരാലംബരും വിഷാദികളും ആക്കി മാറ്റുന്നു. ഞാൻ ശരിക്കും കല്യാണം കഴിക്കേണ്ടിയിരുന്നില്ലഎന്ന് രേണുക ചിന്തിക്കുന്നത് ഗൃഹത്തിനകവും പുറവും ഒരുപോലെ നിഷേധിക്കപ്പെടുമ്പോഴാണ്. ഞാൻ പരീക്ഷേല് ജയിച്ചിരുന്നുവെങ്കില് ആരും എന്നെ കല്യാണം കഴിപ്പിക്കുമായിരുന്നില്ല. ഉവ്വോ?എന്നു ചോദിക്കുന്ന മാധവിക്കുട്ടിയുടെ ശിക്ഷ എന്ന ചെറുകഥയിലെ പതിനഞ്ചുകാരി നേരിടുന്ന പ്രതിസന്ധികളുടെ യാതനാപൂർണ്ണമായ തുടർച്ചയാണ് രേണുകയുടെ ജീവിതം. വർണ്ണപ്പുകകളുടെയും കാറ്റിൽപ്പാറുന്ന ദുപ്പട്ടകളുടെയും ലോകത്തേക്ക് പാറുന്ന മനസ്സിനെ സ്വയം ശാസിച്ചടക്കി, കിടപ്പുമുറിയിൽ ഒതുങ്ങുന്ന രേണുക, ഇന്നല്ലെങ്കിൽ നാളെ താളം തെറ്റാവുന്ന മനസ്സിന്റെയും ദാമ്പത്യത്തിന്റെയും ഇരുൾനിഴലിലാണ്.

പുരുഷാധിപത്യത്തെ അരക്കിട്ട് ഉറപ്പിക്കുന്ന ഒരു സ്ഥാപനമായി വിവാഹം മാറുമ്പോൾ, സ്ത്രീയുടെ സമ്പൂർണ്ണമായ സമർപ്പണം ആശ്രിതത്വം, വിധേയത്വം എന്നിവ കൂടി ആവശ്യപ്പെടുന്നു. സ്ത്രീയുടെ വ്യക്തിത്വസ്ഥാപനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന ദാമ്പത്യജീവിതത്തോടുള്ള വിയോജിപ്പുകൾ ഈ കഥ വ്യക്തമാക്കുന്നു.

ഇടംഎന്ന കഥ ഭാര്യയുടെ മരണശേഷം അവളെക്കുറിച്ച് ചിന്തിക്കുന്ന ഭർത്താവിന്റെ ഓർമ്മകളെയാണ് ആവിഷ്‌ക്കരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ അടയാളപ്പെടുത്താതെ പോകുന്ന സ്ത്രീയുടെ സേവനങ്ങൾ, മരണശേഷം നഷ്ടങ്ങളായി പുരുഷനെ വേട്ടയാടുന്നു. ഒപ്പമുണ്ടായിരുന്ന നിമിഷങ്ങളിൽ ഔദാര്യമായിപ്പോലും അവരോട് സ്‌നേഹമോ പരിഗണനയോ പ്രകടിപ്പിക്കാതിരുന്നതിനെച്ചൊല്ലി അയാൾ സ്വയം ശപിക്കുന്നു. അദ്ധ്വാനഭരിതമായ ഗാർഹികജീവിതത്തിൽ എരിഞ്ഞടങ്ങുന്ന നിശ്ശബ്ദജീവിതങ്ങളുടെ ഏറ്റവും നല്ല ബിംബമാണ് പേരുപോലും സൂചിപ്പിക്കപ്പെടാത്ത ഈ കഥയിലെ ഭാര്യ. കുടുംബവ്യവസ്ഥയുടെ സുസ്ഥിരമായ നിലനില്പ്പിനുവേണ്ടി സ്വയം സമർപ്പിക്കപ്പെടേണ്ടവരാണ് സ്ത്രീകൾ. അവർ ചെയ്യുന്ന പ്രവൃത്തികളെ അവരുടെ കർത്തവ്യനിർവ്വഹണമായി മാത്രം ലാഘവത്തോടെ കാണുന്നവർ, അത് അംഗീകരിക്കുക, അവർ തുടർന്നുവന്നിരുന്ന സേവനങ്ങൾ ഇല്ലാതാകുമ്പോൾ മാത്രമാണ്. കുടുംബത്തിനു വേണ്ടി ആത്മസമർപ്പണം ചെയ്യാനാണ് സ്ത്രീയോട് സമൂഹം എന്നും ആവശ്യപ്പെടുന്നത്. കുടുംബത്തിനകത്ത് സ്ത്രീ സുരക്ഷിതയാണെന്ന് പ്രഖ്യാപിക്കുമ്പോഴും, അവൾ അതിനകത്തു എത്രമാത്രം ഏകാകിയും തിരസ്‌കൃതയുമാണെന്ന് തിരിച്ചറിവ് ഈ കഥ ഉണർത്തുന്നുണ്ട്.

ചരക്ക്എന്ന കഥ, സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സുഹാന എന്ന സാമൂഹ്യപ്രവർത്തക വീടിനകത്തും പുറത്തും നേരിടുന്ന വെല്ലുവിളികളെ പകർത്തുന്നു. ഓരോ വിവാഹിതയുടെ ഉള്ളിലും മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഫെമിനിസ്റ്റ് ഉണ്ടാകും.എന്ന കുറ്റബോധത്തോടെ, വീട്ടുജോലികളിൽ മുഴുമ്പോഴും സാമൂഹ്യമായ തന്റെ നിലപാടുകളേയും പ്രവർത്തനങ്ങളേയും മുന്നോട്ടുകൊണ്ടുപോകാൻ അവൾക്കാകുന്നുണ്ട്. സ്വാമിനാഥന്റെ കരണത്ത് സുഹാന കൊടുക്കുന്ന അടി, യഥാർത്ഥത്തിൽ സ്ത്രീശരീരത്തിന്റെ ഉപഭോഗസാധ്യതകളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സമൂഹത്തിന് മൊത്തം ഏൽക്കുന്ന പ്രഹരമാണ്. ഒരു പതിനൊന്നു വയസ്സുകാരിയെപ്പോലും ചരക്കേഎന്നു വിളിക്കാൻ മടിക്കാത്ത പുരുഷന്റെ ലൈംഗികാസക്തികളെ നേരിടാൻ വാദമുഖങ്ങൾക്കപ്പുറത്ത് തീവ്രമായ പ്രതികരണവും വേണ്ടിവരും. സ്ത്രീയുടെ സാമൂഹ്യബോധവും അവൾ വ്യാപരിക്കുന്ന ഇടങ്ങളും വർദ്ധിക്കുന്നത്, പരമ്പരാഗത ആൺ കേന്ദ്രിത മനോഭാവം പുലർത്തുന്നവരെ അസ്വസ്ഥരാക്കുന്നു. ഏതുവിധേനയും അവളുടെ ചലനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ അവർ ബോധപൂർവ്വം നടത്തുന്നു. ഒരു വ്യക്തിയ്ക്കു കഴിയാവുന്നത്ര വാശിയോടെ അവൾ ഇതിനെ മറികടക്കാൻ ശ്രമിക്കുന്നു. ഇവിടെ വളരെ സ്വാഭാവികമായി ഒരു പെൺകൂട്ടായ്മ രൂപപ്പെടുന്നത് കഥകാകൃത്ത് വരച്ചുകാട്ടുന്നു.

സ്ത്രീകളുടെ ശരീരത്തിലും അവരുടെ സ്വത്വത്തിലും അധീശത്വം പുലർത്താൻ ശ്രമിക്കുന്ന പുരുഷന്മാർക്കെതിരെയുള്ള പ്രതിരോധം ആണ് കവയിത്രിയും കൃഷിക്കാരിയുംഎന്ന കഥ. സ്‌കൂൾവിട്ട് വരുന്ന വഴി പീഢിപ്പിക്കുവാൻ ശ്രമിക്കുന്നവരെ കായികമായി നേരിട്ട് നിലം പരിശാക്കാൻ ഫാത്തിമക്കും ട്രീസക്കും സാധിക്കുന്നു. ഭാവിയുടെ ഇരുണ്ട മുഖങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും സ്വപ്നങ്ങളും സങ്കല്പങ്ങളും വിട്ടുകൊടുക്കാൻ അവർ തയ്യാറല്ല. കവിതകളെ വെറുക്കുന്ന ഇക്കാക്കയെപോലുള്ള ഒരാൾ തന്റെ ജീവിതത്തിലേക്ക് കടന്നുവരും എന്ന യാഥാർത്ഥ്യത്തിന് സമാന്തരമായി കവിതയെ സ്‌നേഹിക്കുന്ന ഒരാൾക്കൊപ്പം താൻ കുടുംബത്തെ ഉപേക്ഷിച്ച് ഇറങ്ങിപ്പോകും എന്നും ചിന്തിക്കാൻ ഫാത്തിമയ്ക്കാകുന്നുണ്ട്. ട്രീസയാകട്ടേ, താൻ നട്ടുവളർത്താൻ പോകുന്ന ഓർക്കിഡുകളും, ആന്തൂറിയവും സ്വപ്നം കാണുന്നവളാണ്. സമാന്തരജീവിതം നൽകുന്ന വർണ്ണപ്പകിട്ടിലാണ് അവർ അവരുടെ ജീവിതം കെട്ടിപ്പൊക്കുന്നത്. സ്വപ്നത്തിൽ അഭിരമിക്കുമ്പോഴും യാഥാർത്ഥ്യലോകത്തിന്റെ ക്രൂരതകൾ അവരെ അലട്ടുന്നു. ഈ യാഥാർത്ഥ്യത്തെ പ്രായോഗികമായി നേരിടുമ്പോഴാണ് സ്ത്രീയുടെ അതിജീവനകൗശലം വ്യക്തമാകുന്നത്. സ്വശരീരത്തിലും സ്വജീവിത്തിലുമുള്ള അധികാരത്തെ തിരിച്ചുപിടിക്കുന്ന പെൺകുട്ടികളാണ് ഫാത്തിമയും, ട്രീസയും. പ്രസന്നവും ഊർജ്ജസ്വലവുമായ സ്‌ത്രൈണതയ്ക്ക് സ്ത്രീവിരുദ്ധമായ അധികാരത്തിനുമേൽ കൈവരിക്കാനാവുന്ന വിജയമാണ് ഈ കഥയുടെ കാതൽ.

 

സ്ത്രീയുടെ അധീശത്വത്തെ സ്ഥാപിക്കാനോ, പുരുഷാധികാരത്തെ അംഗീകരിക്കാനോ അല്ല സ്വാതന്ത്രവും സമത്വാധിഷ്ഠിതവുമായ സ്ത്രീപുരുഷബന്ധത്തെ വിഭാവനം ചെയ്യാനാണ് സിതാരയുടെ കഥകൾ പ്രേരിപ്പിക്കുന്നത്. ഇതവർ സാധിക്കുന്നത് കാലങ്ങളായി പുരുഷാധിപത്യവ്യവസ്ഥയുടെ ഉള്ളിൽ ശ്വാസംമുട്ടി പിടയുന്ന സ്ത്രീജിവിതത്തിന്റെ ആവിഷ്‌ക്കാരങ്ങളിലൂടെ മാത്രമല്ല, ഈ വ്യവസ്ഥിതിയെ നിരസിച്ചുകൊണ്ട് സ്വസ്വാതന്ത്ര്യം കണ്ടെത്തുന്ന സ്‌ത്രൈണതയുടെ ആഘോഷങ്ങളെ, പകർത്തിക്കൊണ്ടുകൂടിയാണ്. നിലവിലുള്ള അധികാരബന്ധങ്ങളിൽ നിന്നും വിടുതൽ നേടി കൂടുതൽ ആത്മോത്കർഷം നേടാനുള്ള സ്ത്രീയുടെ ശ്രമങ്ങളെ ബോധപൂർവ്വം പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് സിതാര തന്റെ നിലപാടുകളെ വിശദമാക്കുന്നത്.
—————————–
തൃശ്ശൂർ ശ്രീ. കേരളവർമ്മ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറാണു ലേഖിക

Comments

comments