രാജ്യമൊട്ടുക്ക് രൂപപ്പെട്ടിട്ടുള്ള ഭീതിദമായ സാഹചര്യങ്ങൾ മുമ്പ് ലോകം കണ്ടിട്ടില്ലാത്ത സ്ഥിതിവിശേഷമല്ല. ചെറിയ ഭ്രാന്തൻ സംഘങ്ങൾ അധികാരിവർഗ്ഗത്തിന്റെ പരസ്യമൊ രഹസ്യമൊ ആയ പിന്തുണയോടെ സമൂഹത്തെ ഭയപ്പെടുത്തുകയും കീഴ്‌പ്പെടുത്തുകയും ചെയ്തതിന് പല ഉദാഹരണങ്ങളും ചരിത്രത്തിലുണ്ട്. വിദേശ ഇടപെടലുകൾ ഒഴിച്ചുനിർത്തി നോക്കിയാൽ, ചില മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ നടക്കുന്ന കലാപങ്ങളും അത്തരത്തിലുള്ളതാണെന്ന് കാണാം.

             ഒരു ചെറിയ വിഭാഗം ദീർഘകാലം സമൂഹത്തിൽ ആധിപത്യം നിലനിർത്തിയ  ഇന്ത്യയിലെ ഇപ്പോഴത്തെ കീഴ്‌പ്പെടുത്തൽ ശ്രമം ചരിത്രത്തിന്റെ ആവർത്തനമാണ്. എന്നാൽ അതിനെ മുമ്പ് നടന്നതിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു ഘടകമുണ്ട്. ഫ്യൂഡൽ കാലത്ത് രാജവാഴ്ചയിലാണ് നേരത്തെ സാമൂഹിക അധിനിവേശം നടന്നത്. ഇപ്പോഴത്തെ ശ്രമം നടക്കുന്നത് ആധുനിക കാലത്ത് ജനാധിപത്യ വ്യവസ്ഥയിലാണ്.

             ഇന്ത്യ ജാതിമതലിംഗഭേദമന്യെ എല്ലാവരും തുല്യരായ ഒരു ജനാധിപത്യ രാഷ്ട്രം ആയി പ്രഖ്യാപിക്കപ്പെട്ട് ആറര പതിറ്റാണ്ടിനിപ്പുറം ഇത്തരമൊരു ശ്രമം നടത്താൻ ഹിന്ദുത്വ ശക്തികൾക്ക് കഴിയുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥ അതീവ ദുർബലമായതുകൊണ്ടാണ്. നമ്മുടെ ഭരണകൂടം ബ്രിട്ടീഷുകാരുണ്ടാക്കിയ കൊളോണിയൽ സംവിധാനത്തിന്റെ തുടർച്ചയാണ്. അവരുണ്ടാക്കിയ ഭരണയന്ത്രവും, അതിന്റെ നടത്തിപ്പിനായി അവരുണ്ടാക്കിയ ബ്യൂറോക്രസിയും ജുഡിഷ്യറിയും അതിനെ നിലനിർത്താൻ അവരുണ്ടാക്കിയ പൊലീസും പട്ടാളവും എല്ലാം ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പുന:സംഘടിപ്പിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും അവ അപൂർണ്ണമായി അവശേഷിക്കുന്നു. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഏറെക്കുറെ കൃത്യമായി തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലൂടെ അധികാരം നേടുന്നവർ, ബ്രിട്ടീഷുകാർ ചെയ്തതുപോലെ, ഭരണസംവിധാനത്തെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. വ്യത്യസ്ത കക്ഷികൾക്ക് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ സ്വന്തം രാഷ്ട്രീയ-വിഭാഗീയ താല്പര്യങ്ങൾക്കു മുകളിൽ ബഹുജനതാല്പര്യങ്ങളെ പ്രതിഷ്ഠിക്കാനാവശ്യമായ ജനാധിപത്യബോധമുള്ള ഒരു കക്ഷി ഇനിയും ഉണ്ടായിട്ടില്ല.

           കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ 31 ശതമാനം വോട്ടിന്റെ ബലത്തിൽ കേന്ദ്രത്തിൽ അധികാരത്തിലേറാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്ക് ലഭിച്ചു. ഇത്രയും കുറഞ്ഞ ജനപിന്തുണയോടെ ഒരു കക്ഷിക്കും ഇതിനു മുമ്പ് കേന്ദ്രത്തിൽ  അധികാരത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ഇതരമതസ്ഥർ അന്യർ മാത്രമല്ല രാജ്യത്തിന്റെ ശത്രുക്കളുമാണെന്ന്വിശ്വസിക്കുന്ന ആർ.എസ്.എസിന്റെ രാഷ്ട്രീയ ഉപകരണമാണ് ബി.ജെ.പി. തെരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കെടുക്കുന്ന കക്ഷിയെന്ന നിലയിൽ ബി.ജെ.പിക്ക് ഭരണഘടനയെ മാനിക്കാനുള്ള ബാധ്യതയുണ്ട്. ആർ.എസ്. എസിന്  ആ ബാധ്യതയില്ല. അടുത്തിടെയാണ് അത് ആസ്ഥാ‍നമന്ദിരത്തിനു മേൽ ആദ്യമായി ദേശീയപാതാക ഉയർത്തിയത്. ആർ.എസ്.എസ് മുൻ‌കൈ എടുത്തു സ്ഥാപിച്ചതൊ അതിന്റെ അംഗങ്ങളും അനുഭാവികളും സ്വന്തനിലയിൽ സ്ഥാപിച്ചതൊ ആയ സംഘടനകളാണ് സമീപകാലത്ത് രാജ്യത്ത് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള പല അക്രമ സംഭവങ്ങൾക്കു പിന്നിലും. ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാൻ കഴിയാത്തതിനാൽ അധികാരവും അക്രമവും ഉപയോഗിച്ച് ആ മോഹം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ഹിന്ദുത്വ ശക്തികൾ.

             രണ്ട് രാഷ്ട്രങ്ങളെ സൃഷ്ടിച്ചുകൊണ്ട് ബ്രിട്ടീഷുകാർ പിൻ‌വാങ്ങിയ കാലത്ത് ഉപഭൂഖണ്ഡമൊട്ടുക്ക് വർഗ്ഗീയവികാരം ശക്തമായി അലയടിക്കുകയായിരുന്നു. ആ കാലത്താണ് നാഥുറാം ഗോഡ്സെ എന്ന ഹിന്ദുത്വവാദി മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നെന്ന് ആരോപിച്ച് ഗാന്ധിയെ വെടിവെച്ചു കൊന്നത്. ആ കാലത്താണ് ബി.ജെ.പിയുടെ ആദിരൂപമായ ജനസംഘം സ്ഥാപിതമായതും. നേരത്തെ തന്നെ രംഗത്തുണ്ടായിരുന്ന ഹിന്ദു മഹാസഭ, ജനസംഘം, സംന്യാസിമാരുണ്ടാക്കിയ രാം രാജ്യ പരിഷത്ത് എന്നിങ്ങനെ മൂന്നു കക്ഷികൾ 1951-52ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചു. മൂന്നു കക്ഷികൾക്കും കൂടി കിട്ടിയത് ആറു ശതമാനത്തിനു താഴെ വോട്ടും 489 പേരുള്ള ലോക് സഭയിലെ 10 സീറ്റും മാത്രം. വർഗ്ഗീയവികാരം കത്തി നിന്ന കാലത്തുണ്ടാക്കാൻ കഴിയാഞ്ഞ മുന്നേറ്റമാണ് ഹിന്ദുത്വം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതെങ്ങനെ സാധ്യമായി എന്ന് അന്വേഷിക്കുമ്പോൾ വർഗ്ഗീയതയെ ശക്തമായി നേരിടാനുള്ള ആർജ്ജവം ആദ്യകാലത്ത് ഭരണത്തിന് നേതൃത്വം നൽകിയ ജവഹർലാൽ നെഹ്രുവിനും അദ്ദേഹത്തിന്റെ കോൺഗ്രസ് പാർട്ടിക്കും ഉണ്ടായിരുന്നെന്ന് കണ്ടെത്താനാകും. പാർട്ടി പിളരുകയും ശക്തി ക്ഷയിക്കുകയും ചെയ്തതിന്റെ ഫലമായി വർഗ്ഗീയതയെ അഭിമുഖീകരിക്കാനുള്ള കഴിവ് അതിന് നഷ്ടമായി. ഹിന്ദുവർഗ്ഗീയതയുമായി സമരസപ്പെടാനുള്ള ശ്രമം ഇന്ദിരാ ഗാന്ധിയുടെ കാലത്ത് തുടങ്ങി. രാജീവ് ഗാന്ധി അമ്പലമുറ്റത്തു നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ബാബ്രി മസ്‌ജിദ് പൊളിക്കാൻ ആർ.എസ്.എസ് കർസേവകർ അയോധ്യയിലെത്തിയപ്പോൾ പി.വി. നരസിംഹറാവു പൂജാമുറിയിൽ കയറി കതകടച്ചു.

              ഈ ദുർബലാവസ്ഥയിലും ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന് തടസമായി കോൺഗ്രസിനെ കാണുന്നതുകൊണ്ടാണ് ബി.ജെ.പി. കോൺഗ്രസ്‌മുക്ത ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തുന്നത്. കോൺഗ്രസ് പാർട്ടിയുടെ അനുഭവത്തിൽ നിന്ന് പാഠം പഠിക്കാതെ മൃദുഹിന്ദുത്വ പാതയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ സി.പി.എമ്മും.

             ഹിന്ദുത്വചേരി ഇപ്പോൾ പ്രധാന പ്രതിബന്ധമായി കാണുന്നത് ഏതെങ്കിലും  രാഷ്ട്രീയകക്ഷിയെ അല്ല, ജനങ്ങളെ യുക്തിപൂർവ്വം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവരെയാണ്. നരേന്ദ്ര ദഭോൽക്കറുടെയും ഗോവിന്ദ് പൻസാരെയുടെയും എം.എം കൽബുർഗിയുടെയും കൊലപാതകവും കെ.എസ്. ഭഗവാൻ, നിഖിൽ വാഗ്ലെ എന്നിവർക്കെതിരായ വധഭീഷണിയും അതാണ് സൂചിപ്പിക്കുന്നത്. ഭരണകൂടം തങ്ങളുടെ കൂട്ടരുടെ കൈകളിലാണെന്നത് നിയമം കയ്യിലെടുക്കാൻ അവർക്ക് ധൈര്യം നൽകുന്നു.

              കേന്ദ്രഭരണം ആർ.എസ്.എസ്. നിയന്ത്രണത്തിലാവുകയും മതനിരപേക്ഷ കക്ഷികൾ  തെരഞ്ഞെടുപ്പു ഫലത്തെ ബാധിക്കുമെന്ന ഭയത്തിൽ ഹിന്ദുത്വത്തെ നേരിടാൻ മടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ ചുമതല പൊതുസമൂഹത്തിനുമേൽ — കൃത്യമായി പറഞ്ഞാൽ ജനാധിപത്യം, മതനിരപേക്ഷത എന്നിവ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും മേൽ — പതിക്കുന്നു.

              ഇവിടെ ചില ചരിത്ര വസ്തുതകൾ ഓർക്കേണ്ടതുണ്ട്. ബി.സി.185ൽ മൌര്യ ചക്രവർത്തി ബ്രഹദത്തനെ കൊന്ന് അധികാരം പിടിച്ചെടുത്ത പുഷ്യമിത്ര സുംഗൻ എന്ന ബ്രാഹ്മണ സേനാധിപനാണ് ആദ്യ ഹിന്ദുത്വ ഭരണാധികാരി. സുംഗവംശത്തിന്റെ കാലത്താണ് ഭൃഗു കുലത്തിൽ പെട്ട സുമതി എന്ന പണ്ഡിതൻ ബ്രാഹ്മണാധിപത്യം ഉറപ്പിക്കാൻ മനുസ്മൃതി എന്നറിയപ്പെടുന്ന ചട്ടവ്യവസ്ഥ തയ്യാറാക്കിയതെന്ന് കെ.പി. ജെയ്‌സ്വാൾ കണ്ടെത്തിയിട്ടുണ്ട്. ബുദ്ധസ്വാധീനം തുടച്ചു മാറ്റി ഹിന്ദുമതത്തിന് പ്രാമുഖ്യം നേടികൊടുത്തത് ശങ്കരാചാര്യരാണെന്ന വിശ്വാസം ശരിയാണെങ്കിൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ ഹിന്ദുത്വത്തിന് ഏതാണ്ട് പത്ത് നൂറ്റാണ്ട് വേണ്ടി വന്നു. ജാതിവ്യവസ്ഥ ശക്തിപ്പെട്ടപ്പോൾ ഭാരതീയസമൂഹം ദുർബലമായി. തുടർന്ന് വടക്കുനിന്നു കരമാർഗ്ഗം എത്തിയവരും അതിനുശേഷം പടിഞ്ഞാറു നിന്ന് കടൽമാർഗ്ഗം എത്തിയവരും ഉപഭൂഖണ്ഡത്തിൽ ആധിപത്യം സ്ഥാപിച്ചു. ഈ ചരിത്രം ആവർത്തിക്കാൻ ഇട വരരുത്.

Comments

comments