മുഷിഞ്ഞ വീട്ടമ്മയെന്നു തോന്നി, ആദ്യം കണ്ടപ്പോൾ!

എരയാംകുടിപ്പാടത്ത്, ഓലകുത്തി വെയിലാറ്റിയ സമരപ്പന്തലിൽ മുനിഞ്ഞിരിക്കുകയായിരുന്നു അവർ. ചുളിഞ്ഞ ചുരിദാർ. കൃഷ്ണനീലം പടർന്ന കൺതടങ്ങൾ. ഉറങ്ങിയിട്ട് ദിവസങ്ങളായിരിക്കണം!

അവർ എനിക്കു നേരെ കൈനീട്ടി; ജയശ്രീട്ടീച്ചർ…

ഉലയിൽ കാച്ചിയ ഇരുമ്പിൽ സ്പർശിച്ചപോലെ ആ ഹസ്തദാനം എന്നെ പൊള്ളിച്ചുകളഞ്ഞു. സമരപ്പന്തൽ വെടിഞ്ഞ് ടീച്ചർ പറഞ്ഞു; എനിക്കൊപ്പം വരൂ, ഈ സമരം എത്രമേൽ സത്യമാണെന്നതിന്റെ രേഖകൾ തരാം..

2007-ലെ മഞ്ഞുകാലമായിരുന്നു അത്. വിശാലമായ എരയാംകുടിപ്പാടം കുറുകേ ടക്കുന്ന സമരനായികയെ ഞാൻ അനുഗമിക്കുകയാണ്… മുന്നേ ഗമിക്കുന്ന ടീച്ചറുടെ കാൽമടമ്പ് കണ്ടു. വെടിച്ചുകീറുന്നതിന്റെ മുന്നോടിയായി ചിലന്തിവല പോലെ കോറിത്തുടങ്ങിയ ഉപ്പൂറ്റി. ചേറിൽ ജനിച്ചുവളർന്നവളുടെ അടയാളം…

പാടത്തിനക്കരെ എളവൂരിൽ ടീച്ചറുടെ വീട്. അപ്രതീക്ഷിതമാംവിധം ആർഭാടം. അധികാരഭാവത്തിൽ ടീച്ചർ ചോദിക്കുന്നു; നിനക്കു ചായയും കാപ്പിയും പിടിക്കില്ലല്ലോ, ഒരു ബിയർ കഴിക്കണോ….

ഞാൻ ടീച്ചർവിളി നിർത്തി. ജയേച്ചിയെന്നായി സംബോധന. പ്രിയപ്പെട്ട ജയേച്ചീ, എനിക്കീ സമരത്തിന്റെ രേഖകൾ വേണ്ട, നിങ്ങളുടെ ജീവിതമറിഞ്ഞാൽ മതി….

ജയേച്ചിയുടെ ഓർമകളിൽ രണ്ടു ദേശങ്ങൾ തെളിയുകയാണ്…. മാറമ്പള്ളിയും ഇലഞ്ഞിയും. ആലുവയ്ക്കടുത്ത മാറമ്പള്ളി ഗ്രാമത്തിൽ 1964-ൽ ജയശ്രീ ജനിക്കുമ്പോൾ അച്ഛൻ എം.കെ. ചെല്ലപ്പൻപിള്ളയും അമ്മ ജെ. വസുമതിക്കുട്ടിയമ്മയും സർക്കാരിന്റെ ശേവുകക്കാരാണ്. അച്ഛൻ മാറമ്പള്ളി പഞ്ചായത്താപ്പീസിൽ. അമ്മ അവിടത്തന്നെയുള്ള സർക്കാർ സ്‌ക്കൂളിൽ…പാടവും പറമ്പുമായി മൂന്നേക്കർ പിതൃസ്വത്തുണ്ടായിരുന്നു. അവിടെ പുലർച്ചമുതൽ കൊത്തിയും കിളച്ചും ഒമ്പതര വരെ ചെലവഴിച്ച്, ഒരു കക്കക്കുളിയും പാസ്സാക്കി, സൈക്കിളിൽക്കയറി പഞ്ചായത്താപ്പീസിലേയ്ക്ക് അച്ഛൻ പായുന്നൊരു പാച്ചിലായിരുന്നു ജയേച്ചിയുടെ ഏറ്റവും മനോഹരമായ ബാല്യകാല സ്മൃതി…

ആഴ്ചയറുതികളിൽ അമ്മവീടായ ഇലഞ്ഞിക്കു ചെന്നാൽ മുത്തോലപുരം കവലയിലെ മുത്തച്ഛന്റെ ചായക്കടയിലും ഇതേ അനുഭൂതികൾ തന്നെയായിരുന്നു. കടയിലേയ്ക്കുള്ള പാൽ ലഭ്യതയ്ക്കായി മുത്തച്ഛൻ കൃഷ്ണൻനായർ എരുമകളെ പോറ്റിയിരുന്നു. കുഞ്ഞമ്മാവന്മാർക്കൊപ്പം ജയശ്രീ പുല്ലുതേടിപ്പോയി… എരുമകൾക്കായി കല്ലുതൊട്ടിയിൽ കഞ്ഞിയും കാടിയുമനത്തിയ രാത്രികൾ…

താവഴിയിലും തന്തവഴിയിലും കൃഷിതന്നെയായിരുന്നു ജീവിതം. രണ്ടാണും മൂന്നു പെണ്ണുമടക്കം അഞ്ചാണ് ചെല്ലപ്പൻപിള്ളയുടെ മക്കൾപ്പട. എല്ലാവർക്കും അച്ഛമ്മ വല്യമ്മച്ചിയായിരുന്നു. പാടം കാത്തുപോന്ന തലപ്പുലയൻ കൊച്ചുകാളുറുമ്പനെ അവർ അപ്പുപ്പനെന്നു വിളിച്ചു. ജാതിവ്യവസ്ഥയെ അടിച്ചതിനകത്തു കയറ്റാത്ത നവോത്ഥാനം. നിലാവ് ഉലാത്തുന്ന രാത്രികളിൽ വല്യമ്മച്ചി മുറത്തിൽ ചരൽ വാരിയിട്ട് ജയശ്രീയെ പാറ്റാൻ വിളിച്ചു; ഇങ്ങനെയാണ് മോളേ നെല്ലും പതിരും പാറ്റേണ്ടത്…

സ്‌ക്കൂൾ വിട്ടുവന്നാൽ മധുരച്ചേമ്പു പുഴുങ്ങിയതാണ് നാലുമണിപ്പലഹാരം. ഇടവിട്ട് കാച്ചിൽ ചുട്ടതും കിട്ടി… അമ്മ പഠിപ്പിച്ച സ്‌കൂളിൽ വിദ്യാരംഭം കുറിച്ച ജയശ്രീ പല സ്‌കൂളുകൾ മാറിക്കയറി പ്രീഡിഗ്രിക്കു ചെന്നുചേർന്നത് കാലടി ശ്രീശങ്കരയിലായിരുന്നു. അവിടെ ലാംഗ്വേജ് ഗ്രൂപ്പുണ്ടായിരുന്നു. അത്രയ്ക്കായിരുന്നു മലയാളത്തോടുള്ള പ്രിയം. ആലുവ യുസി കോളേജിൽ നിന്നും മലയാളം ബിരുദമെടുത്ത് ബിരുദാനന്തരത്തിന് തൃശൂർ കേരളവർമയിൽ വന്നു. അവിടെയപ്പോൾ എന്നത്തേയും പോലെ നാലും മൂന്നും ഏഴുപേരായി സിപിഐയുടെ വിദ്യാർത്ഥി വിഭാഗം ജാഥകൾ നയിക്കുന്നുണ്ടായിരുന്നു.

ജാഥ നയിക്കുന്ന പയ്യനെ നോക്കിനോക്കി അയവിറക്കുന്ന ഒരു ജന്തുവിനെപ്പോലെ ജയശ്രീ നിന്നു. മൂന്നാം നാൾ പയ്യൻ ക്ലാസ്സിൽ കയറിവന്ന് ചോദിച്ചു; ചേച്ചി കുറേ ദിവസമായി എന്നെ തുറിച്ചുനോക്കുന്നു, എന്തേലും പ്രശ്‌നമുണ്ടോ?

ജയശ്രീ ചോദിച്ചു; നീയെന്താ വിളിച്ചത്?

ചേച്ചീന്ന്..

എന്താ നിന്റെ പേര്?

അനിൽന്ന്..

ജയശ്രീ ചിരിച്ചു; ഡാ ചെക്കാ, എന്റെ അനിയന്റെ പേര് അനിലെന്നാ.. അവനെന്നെ ചെച്ചീന്നാ വിളിക്കുന്നേ…

ആത്മബന്ധങ്ങളുടെ കാലമായിരുന്നു കേരളവർമയിലേത്. ഇപ്പോഴത്തെ എംഎൽഎ വി.എസ്. സുനിൽ കുമാറിനെപ്പോലുള്ളവരായിരുന്നു ജയശ്രീയുടെ ഗ്രേറ്റ് ജൂനിയേഴ്‌സ്… വലിയ പ്രതീക്ഷകളായിരുന്നു അവർക്കൊക്കെ ജയശ്രീയെന്ന തീപ്പൊരിയെച്ചൊല്ലി… എല്ലാം കരിയിലക്കാറ്റുപോലായി.

ചങ്ങനാശ്ശേരി എൻഎസ്എസ്സിൽ നിന്നും ബിഎഡ് കഴിഞ്ഞ് മാറമ്പള്ളി നൂസ്രത്ത് ഇസ്ലാം ഹൈസ്‌ക്കൂളിൽ ജയശ്രീ അധ്യാപികയായെന്നും, നാട്ടറിവു പൊരുളുകളുടെ എഴുത്തച്ഛനായ സി.ആർ. രാജഗോപാലൻ മാഷ് അവരെ കെട്ടിക്കൊണ്ടുപോയെന്നും അനിലും സുനിലുമൊക്കെ കേട്ടിരിക്കണം. ഭൂപടത്തിൽ നിന്നും ഒരു ഗ്രാമം മാഞ്ഞുപോകുന്നപോലെ ജയശ്രീട്ടീച്ചർ പോയി.

അവിഹിതമായി വന്നുചേർന്ന ബിയർ നുണഞ്ഞിരുന്ന എന്നോട് ജയേച്ചി പറഞ്ഞു; നിന്റെ മുന്നിലിരിക്കുന്ന ഞാൻ ആ പഴയ ഞാനല്ല. ഞാനിപ്പോൾ ജീവിക്കുന്നത് എനിക്കു വേണ്ടിയുമല്ല..

ജോലിവിട്ട്, കൃഷിയുപേക്ഷിച്ച് രാജഗോപാലൻമാഷുടെ ധർമപത്‌നിയായി ചേർപ്പിലും ഊരകത്തും കണിമംഗലത്തുമൊക്കെ ജയേച്ചി ജീവിച്ച കാലങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളൊക്കെയും കരച്ചിലിൽ ചെന്നു കലങ്ങി.

സ്വരുമയില്ലാത്ത പതിനഞ്ചു വർഷങ്ങൾക്കുശേഷം, എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൾ കാവ്യയുമായി ജയശ്രീ ദാമ്പത്യം മുറിച്ചിറങ്ങി. അധ്യാപനം പുനരാരംഭിച്ചു. പത്താംതരം കഴിഞ്ഞപ്പോൾ കാവ്യ പറഞ്ഞു; എനിക്കു ശാന്തിനികേതനിൽ ചിത്രംവര പഠിക്കണം…

മാഷിനെ മനസ്സിൽ നിന്നും മായ്ച്ചിട്ടും സങ്കടങ്ങളൊതുങ്ങിയിരുന്നില്ല. തൃപ്പയാർ ഓറിയന്റൽ ഹയർ സെക്കണ്ടറി സ്‌ക്കൂളിന്റെ സ്റ്റാഫ് റൂമിൽ കരച്ചിൽ പതിവാക്കിയ ജയശ്രീയെ അനുതാപത്തോടെ നോക്കുന്ന ഒരാളുണ്ടായിരുന്നു. അതേ സ്‌കൂളിന്റെ ട്രസ്റ്റിയായ കെ.എ. അപ്പു. ഭാര്യയും മൂന്നു കുട്ടികളും കലങ്ങിപ്പിരിഞ്ഞ കണ്ണീർപ്പാടമായിരുന്നു അയാളുടെ ജീവിതം. ഒടുവിലെപ്പൊഴോ അവർ ഉഭയസമ്മതം ചെയ്തു; കുടുംബങ്ങൾ ഉപേക്ഷിച്ച നമുക്കെന്തുകൊണ്ട് ഒരുമിച്ചു ജീവിച്ചുകൂടാ..? കാവ്യയ്ക്കും അത് സന്തോഷമായിരുന്നു. അവൾ രണ്ടാനച്ഛനെ അപ്പൂസ് എന്നു വിളിച്ചു.  രക്തബന്ധത്തേക്കാൾ തീക്ഷണമായ സ്‌നേഹത്തോടെ അയാളവളെ ചേർത്തു നിർത്തി…

പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിൽ ടാഗോറിന്റെ സ്വന്തം ശാന്തിനികേതനടുത്ത് അപ്പു നാലേക്കർ ഭൂമി വാങ്ങി. കൊപ്പായ് നദിയുടെ തീരം. ഫലഭൂയിഷ്ഠം. വൈക്കോൽ മേഞ്ഞ കളപ്പുര. വർഷകാലത്ത് നെല്ല് വിതച്ചു. ഗോവിന്ദഭോഗായിരുന്നു നാടൻ വിത്ത്… ശിശിരത്തിൽ പച്ചക്കറിയും കടുകും. വീണ്ടും വേനൽ വരുമ്പോൾ നെൽക്കൃഷി… വിത്ത് ചിലപ്പോൾ പഞ്ചിറാദുനിയാവും…

ബംഗാളി ആദിവാസി വിഭാഗമായ സാന്താൾസായിരുന്നു കൃഷിപ്പണിയിൽ ജയശ്രീയുടെ ഗുരുവര്യർ. അക്കാലത്ത് തമിഴ്‌നാട്ടിൽ നിന്നെത്തിയ ചിലർ ഒരു പദ്ധതി പറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ അവർ തരും. വളർത്തി വലുതാക്കി തിരിച്ചു നല്കണം. സുഗുണ ചിക്കൻ പ്രോജക്ട് എന്നു പറയും. ആയിടെ ഏറ്റവും നല്ല കോഴി കർഷകനുള്ള അവാർഡ് ജയശ്രീട്ടീച്ചർക്കായിരുന്നു… കുഞ്ഞുതാലിയോളം ചെറുതായ ആ പതക്കം തൂക്കി കുറേനാൾ അവർ ഗമിച്ചു.

പ്ലസ് ടു റാങ്കോടെ പാസ്സായെങ്കിലും ശാന്തിനികേതൻ മോൾക്കു മടുത്തുതുടങ്ങിയിരുന്നു. വായനക്കാലത്തെ ബംഗാൾ നവോത്ഥാനത്തിൽ ആകൃഷ്ടയായി ഒരു ഉണിക്കോരൻ ചതോപാധ്യായ മനസ്സുമായി വണ്ടികയറിയ ജയശ്രീട്ടീച്ചറിലും ആ മടുപ്പ് പാരമ്യത്തിലെത്തിയിരുന്നു. അടച്ചുറപ്പുള്ള ജനവാതിലുകൾക്കു പുറത്ത് സ്റ്റീൽഗ്രില്ലിടുന്ന, കാർപോർച്ചുകൾക്ക് റോളിംഗ് ഷട്ടറുകളിടുന്ന ബംഗാളികളെ നോക്കി ടീച്ചർ ഇങ്ങനെയെഴുതി; എത്ര അടുത്താലും ഒരു അകൽച്ച ഏതു ബംഗാളിയും മനസ്സിൽ സൂക്ഷിക്കും…

സമീപദിനങ്ങളിലൊന്നിൽ ബംഗാളിലേയ്ക്കു പുറപ്പെട്ട എന്നോട് ജയേച്ചി കല്പിച്ചു; കൊൽക്കത്തയിൽ തിരിഞ്ഞുകളിക്കാതെ ഉൾനാടൻ ഗ്രാമങ്ങളിലേയ്ക്കാണ് നീ പോവേണ്ടത്…

മനുഷ്യർ പുഴുക്കളെപ്പോലെ പുളയ്ക്കുന്ന ഹൗറ. മനുഷ്യരേക്കാൾ അധികരിച്ച തെരുവുനായ്ക്കൾ… വിക്‌ടോറിയാ പാലസിന്റെ ആലക്തികതയെ നാണംകെടുത്തിക്കൊണ്ട് തലങ്ങും വിലങ്ങും മനുഷ്യരെ വഹിച്ചോടിയ സൈക്കിൾ റിക്ഷകൾ… ഞാൻ ജയേച്ചിയെ വിളിച്ചു പറഞ്ഞു; ഇവിടെയൊരു പി. കേശവദേവിന്റെ ഒഴിവുണ്ട്…

വർഷങ്ങൾക്കു മുമ്പ് ഒരു സമകാലികത്തിൽ ജയേച്ചി എഴുതി; ഉള്ളവർ വളർന്നുകൊണ്ടിരിക്കുക. ഇല്ലാത്തവൻ എന്നും ഇല്ലാത്തവൻ മാത്രം. അറിവും സമ്പത്തുമില്ലാത്ത ഭൂരിപക്ഷം വരുന്ന ഇക്കൂട്ടരാണ് സർക്കാരിനെ താങ്ങിനിർത്തുന്നത്. അല്പമെങ്കിലും വായനയും പഠിപ്പുമുള്ള പുതിയ തലമുറ അവിടെ അസാധാരണമാംവിധം അസ്വസ്ഥരാണ്. എപ്പോൾ വേണമെങ്കിലും ആളിക്കത്താൻ പാകത്തിന് അവർ പുകയുകയാണ്…

ആ പ്രവചനം യാഥാർത്ഥ്യമായി. ബംഗാൾ ആളിക്കത്തി. ചെങ്കൊടികൾ കൺമറഞ്ഞു. സഖാക്കൾ പക്ഷേ, ധാർഷ്ട്യം വെടിഞ്ഞില്ല. സിങ്കൂരിലും നന്ദിഗ്രാമിലും തലയറഞ്ഞാടിയ അതേ ധാർഷ്ട്യം നാട്ടിൽ ചേക്കതേടിയെത്തിയ ജയശ്രീട്ടീച്ചറെ കാത്തിരുന്നു.

ഒരു കാന്താരിമുളപൊട്ടുന്നു….

കാന്താരിയുടെ വിത്തായിരുന്നു ജയശ്രീ. പതിനഞ്ചുവർഷം അത് ചുട്ടുപഴുത്ത മണലിൽ അടിച്ചമർത്തപ്പെട്ടുകിടന്നു. പിന്നെ അപ്പുവേട്ടനെന്ന ചാറ്റൽമഴയിൽ തളിർത്തുപൊട്ടി. അതിനു വളമേകാൻ വന്നത് പഴയ കേരളവർമക്കാലത്തെ അനിയൻ സഖാവായിരുന്നു. പി.ആർ. അനിൽകുമാർ. അപ്പോഴേയ്ക്കും അയാൾ യൂണിവേഴ്‌സിറ്റി ലൈബ്രേറിയനെന്ന നിലയിൽ പഴുത്തു പരിപാകം വന്നിരുന്നു. ടീച്ചർ പറഞ്ഞു; അനീ, പുഴയോരത്ത് കൃഷി ചെയ്തുജീവിക്കാൻ ഇത്തിരി മണ്ണാണ് എനിക്കു വേണ്ടത്…

പാറക്കടവ് പഞ്ചായത്തിൽ എളവൂർ ദേശത്ത് അനി അത് കണ്ടെത്തി. ചാലക്കുടിപ്പുഴയുടെ എക്കലടിഞ്ഞ മൂന്നേക്കർ ഫലഭൂയിഷ്ഠത. മുന്നിൽ നീണ്ടുപടർന്ന എരയാംകുടിപ്പാടശേഖരമായിരുന്നു. അക്കരെ നേർത്ത നാടപോലെ നാട്ടുപാത കാണാം, വല്ലപ്പോഴും മിന്നിമിന്നിക്കടന്നു പോകുന്ന ഹെഡ്‌ലൈറ്റുകളുടെ മാസ്മരം…

അന്നുമിന്നും മുടിഞ്ഞ കാല്പനികയാണ് ജയേച്ചി. വടക്കോട്ടു ദർശനമായി വീടുവച്ച്, വയൽക്കാറ്റ് പാറിപ്പറത്തിയ തലമുടി തഴുകി മനോരാജ്യത്തിലെ ബാൽക്കണിയിൽ അവർ രാജ്ഞിയായി സ്വയം അവരോധിച്ചു. അധികനേരമൊന്നും വേണ്ടായിരുന്നു സങ്കല്പങ്ങൾ വീണുടയാൻ. ചുറ്റുമുള്ളത് വയൽക്കാറ്റല്ല, ഇഷ്ടികക്കളങ്ങളുടെ ചുടലകളായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞു. കാര്യമായൊന്നും ചെയ്യാനില്ല. ആഴത്തിൽ കുഴിച്ചിട്ട ഒരു കളംവാങ്ങി അവിടെ നെല്ലിറക്കാൻ തീരുമാനിച്ചു ജയേച്ചിയും അപ്പുവേട്ടനും. ഒരേക്കർ കുഴിഭൂമി. അത് നിരപ്പാക്കാൻ ജെസിബി വന്നു. അക്കരെനിന്നും അത് തടയാൻ കുറേ ചെറുപ്പക്കാരും…

പുതുപ്പണക്കാർക്ക് കുഴിച്ചു നേടാനുള്ളതല്ല എരയാംകുടിപ്പാടങ്ങളെന്ന് ആ ചെറുപ്പക്കാർ പ്രഖ്യാപിച്ചു. ജയേച്ചി സൗമ്യയായി അവരോരുത്തരേയും പരിചയപ്പെട്ടു. ഹരി, രാജേഷ്, പ്രദീഷ്, നിർമൽ, ബൈജു, റോയി, ആന്റു…

ജയേച്ചി പറഞ്ഞു; മക്കളേ, ഞാനിവിടെ കൃഷി ചെയ്തു സ്വസ്ഥമായി മരിക്കാൻ വന്നതാണ്… ഞാൻ നിങ്ങളുടെ ശത്രുവല്ല…

പഴയ തിരുകൊച്ചി അതിർത്തി പങ്കിട്ടുകിടക്കുകയാണ് എഴുന്നൂറേക്കർ വിസ്തൃതിയുള്ള എരയാംകുടി പാടശേഖരം. അതിർത്തിക്കല്ലുകളുണ്ട്. കൊതിക്കല്ലുകളെന്നു പറയും. ഇക്കരെ എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്ത്. അക്കരെ തൃശൂർ ജില്ലയിലെ അന്നമനട പഞ്ചായത്ത്. തരിശിട്ട ഈ പാടത്ത് ഇഷ്ടികക്കളം വന്നകാലത്തുതന്നെ അതിനെതിരേ ഒരു ഒറ്റയാൾപ്പട്ടാളം അവതരിച്ചിരുന്നു. തദ്ദേശവാസിയായ അഡ്വക്കറ്റ് വക്കച്ചൻ പാത്താടൻ. നീണ്ട നിയമയുദ്ധത്തിനൊടുവിൽ 1999–ൽ ഹൈക്കോടതിയിൽ നിന്നും അദ്ദേഹം ഒരു വിധി സമ്പാദിച്ചു; എരയാംകുടിപ്പാടത്ത് എന്നേയ്ക്കുമായി കളിമൺഖനനം നിരോധിച്ചുകൊണ്ട്…

വന്നവർ ചോദിച്ചു; ആ കോടതിവിധി ധിക്കരിച്ചുകൊണ്ട് ഇപ്പോളും ഇവിടെ ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കുകയാണ്. ഞങ്ങളതിനെതിരേ പോരാടുന്നു. പാർട്ടി ഞങ്ങൾക്കെതിരാണ്.. ടീച്ചർ ഞങ്ങൾക്കൊപ്പം നില്ക്കുമോ?

കൂട്ടത്തിലേറ്റവും കരളുറപ്പുള്ളവനെന്നു തോന്നിയവനെ നോക്കി ടീച്ചർ ചോദിച്ചു; നമുക്കൊരു സമരപ്പന്തൽ കെട്ടാൻ സ്ഥലം കിട്ടുമോ റോയീ…

കോവിലകത്തെ രാജേട്ടനും ഗീതേച്ചിയും സ്ഥലമനുവദിച്ചു. തരിശിട്ട 65 സെന്റ് പാടം. അവിടെയൊരു പന്തലുയർന്നു. ജയശ്രീ അവിടെ ഇരിപ്പുറപ്പിച്ചു. അധികാരസ്ഥാനങ്ങളിലേയ്ക്കു നിവേദനങ്ങൾ പോയി. 2007 നവംബർ 29-ന് ആ തരിശിലേയ്ക്കു സാറാ ജോസഫ് വിത്തെറിഞ്ഞു. കൃത്യം നൂറ്റിനാലാം നാൾ കൊയ്ത്തുൽസവത്തോടെ സമാപിക്കാനിരുന്ന ആ സമരത്തിന്റെ നാൾവഴികൾ തികച്ചും സംഭവബഹുലമായിരുന്നു.

നെൽവയൽ സംരക്ഷണത്തിനായി പ്രക്ഷോഭം നയിച്ച് വെട്ടിനിരത്തലുകാരനായി മുദ്രയടിക്കപ്പെട്ട വി.എസ്. അച്യുതാനന്ദനാണ് അന്ന് മുഖ്യമന്ത്രി. ജയശ്രീ അദ്ദേഹത്തെക്കണ്ടു. അദ്ദേഹം അന്നേരംതന്നെ ജില്ലാ കളക്ടർ ബീനയെ വിളിക്കുന്നു; താങ്കൾക്കിതുവരെ എരയാംകുടി വരെ പോകാൻ നേരം കിട്ടിയില്ലേ?

ആർ.ഡി.ഒ പി. സുരേഷ്ബാബു സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പതിമൂന്ന് നിയമലംഘനങ്ങൾ അദ്ദേഹം മേലാവിലേയ്ക്ക് റിപ്പോർട്ട് ചെയ്തു. കളക്ടർ ബീന പ്രദേശത്ത് 144 പ്രഖ്യാപിച്ച് മണ്ണെടുപ്പ് നിർത്തിച്ചു. ഖനനമാഫിയ ഹൈക്കോടതിയിൽ പോയി. പുറത്തുനിന്നും മണ്ണുകൊണ്ടുവന്ന് എരയാംകുടിപ്പാടത്ത് ഇഷ്ടികയുണ്ടാക്കുന്നതിൽ നാട്ടുകാർക്കെന്തു ചേതമെന്നാണ് അവർ ചോദിച്ചത്. മണ്ണു പുറത്തുനിന്നാണെങ്കിൽ പാടത്ത് അഞ്ചുമുതൽ അമ്പതടിവരെ ആഴമുള്ള കുഴികളെങ്ങനെ രൂപപ്പെട്ടു എന്ന് സമരസമിതി തിരിച്ചുചോദിച്ചു. സംഭരിച്ച മണ്ണ് അളന്നു തിട്ടപ്പെടുത്താനും അത് ഉപയോഗിച്ചു തീരുന്ന മുറയ്ക്ക് ഇഷ്ടികക്കളങ്ങൾ അവസാനിപ്പിക്കാനും കോടതി വിധിച്ചു. അളന്നപ്പോൾ അഞ്ഞൂറു മെട്രിക് ടൺ മാത്രം മണ്ണ് സംഭരിക്കാൻ മാത്രം അനുവദിക്കപ്പെട്ടവരുടെ കൈവശം ഇരുപത്തയ്യായിരം മെട്രിക് ടൺ വരെ സ്റ്റോക്കുണ്ടായിരുന്നു. ഖനനം നിരോധിച്ച് കോടതിയുത്തരവായി..

12 കളമുടമകൾ. എല്ലാവരും സമ്പത്തുകൊണ്ടും രാഷ്ടീയപിൻബലംകൊണ്ടും പ്രബലർ. എന്നിട്ടും അവരാരും സമരക്കാർക്കെതിരേ ഒരസഭ്യവാക്കുപോലും പറഞ്ഞില്ല. അവരുടെ സൗജന്യങ്ങൾ പറ്റി കൊഴുത്തുരുണ്ട സഖാക്കൾക്കായിരുന്നു ചൊറിച്ചിൽ. അവർ ജയശ്രീട്ടീച്ചറെ തേവിടിശ്ശിയെന്നു വിളിച്ചു. എളവൂർ മുതൽ ചെമ്പ്രവരെയുള്ള ചുമരുകളായ ചുമരുകളിലൊക്കെ പുതിയൊരു പോസ്റ്റർ പതിഞ്ഞു; എരയാംകുടിയിൽ മാവോയിസ്റ്റുകൾ നുഴഞ്ഞു കയറിയിരിക്കുന്നു, ജാഗ്രതൈ!

2008 ജനുവരി 26. റിപ്പബ്ലിക് ദിനം. വീട്ടുപണികൾ കഴിഞ്ഞ് ടീച്ചർ സമരപ്പന്തലിലിരിക്കുകയാണ്. അക്കരെ നിന്നും അപ്പുവേട്ടന്റെ ഫോൺ; ജയേ, നമ്മുടെ പുതിയ വീടിന്റെ നമ്പറെത്രയാ?

കാര്യമെന്താ അപ്പേട്ടാ…

നീ നമ്പർ പറയൂ, ഇവിടെ ചില സാറന്മാർ വന്നിരിക്കുന്നു…

ജയശ്രീ അപകടം മണത്തു. പാടത്തിറങ്ങി അക്കരേയ്ക്ക് സൂക്ഷ്മം നോക്കി. ജാതിമരങ്ങൾക്കിടയിൽ ഇടിവണ്ടികളുടെ കരിനീലം കണ്ടു. ടീച്ചർ ഉറക്കെ കരഞ്ഞു; നിർമലേ, കാറെടുക്കെടാ…

പാടം വളഞ്ഞുചുറ്റി വീട്ടിലെത്തുമ്പോൾ അവിടമാകെ ജനസമുദ്രമായിരുന്നു. പെരുമ്പാവൂർ-അങ്കമാലി സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ റെയ്ഡ്. ചെന്നിറങ്ങിയപാടെ ടീച്ചർ ചോദിച്ചു; എവിടെ സർച്ച് വാറണ്ട്?

ഒരു കാക്കി ഗർജ്ജിച്ചു; വാറണ്ടൊന്നും വേണ്ടെടീ, ഇരിക്കവിടെ…

ടെലിഫോൺ നമ്പറുകൾ കുറിച്ചുവച്ച ഡയറി മറിച്ച് സർക്കിൾ ചോദിച്ചു; കെ. അജിതയുമായി നിങ്ങൾക്കെന്താണ് ബന്ധം?

കവിളിന്റെ ഒരുപുറം നിറച്ച പൂച്ഛത്തോടെ ടീച്ചർ ചോദിച്ചു; നിങ്ങളാ ഡയറിയിലെ ആദ്യ പേരുകൾ കണ്ടില്ലേ?

വി.എസ്. അച്യുതാനന്ദൻ, എംപി. വീരേന്ദ്രകുമാർ, വി.എം. സുധീരൻ, വിഡി. സതീശൻ, ഉമ്മൻചാണ്ടി, വി.എസ്. സുനിൽകുമാർ.. പേരുകളൊക്കെ വായിച്ച് വിവശനായ സർക്കിളിനു മുന്നിൽ പുതിയൊരു തെളിവു വന്നു… ഒരു കോൺസ്റ്റബിളിന്റെ തൊപ്പി!

സർക്കിൾ ചോദിച്ചു; ഇതെവിടുന്നു കിട്ടി ടീച്ചറേ…

കിട്ടിയ കഥ ടീച്ചർ പറഞ്ഞു. മാസങ്ങൾക്കു മുമ്പ് മോളും അപ്പേട്ടനും കൂടി കാറിൽ തിരുവനന്തപുരത്തൂന്ന് മടങ്ങുകയായിരുന്നു. അരൂരിൽ വച്ച് യൂണിഫോമിലുള്ള ഒരു പൊലീസുകാരന് ലിഫ്റ്റ് കൊടുത്തു. നല്ല ഫിറ്റായിരുന്ന പുള്ളി എവിടെയോ ഇറങ്ങിപ്പോയി. വീട്ടിൽ വന്നു നോക്കുമ്പോൾ ഈ തൊപ്പിയുണ്ട് കാറിൽ…

സർക്കിൾ നിശ്ശബ്ദനായി. പുറത്ത് പുരുഷാരം ആർക്കുകയാണ്. ജയശ്രീ കയർത്തു; ഇവന്മാരെയൊക്കെ എന്റെ പറമ്പിൽ കേറ്റാൻ ആരാ അനുവദിച്ചത്?

അവരൊക്കെ സാക്ഷികളാണുപോലും. ഖനനമാഫിയയുടെ എച്ചിൽ നക്കുന്ന സഖാക്കൾ. അവർ പരിഹസിച്ചാർക്കുകയണ്. അന്നേരം വിവരമറിഞ്ഞെത്തിയ മാവിസ്റ്റ് മോഹൻദാസെന്ന കുറിയ മനുഷ്യൻ, എസ്.എം.എസ് വിക്ഷേപിണിയെന്ന് കുപ്രസിദ്ധിയാർജ്ജിച്ച തന്റെ പഴഞ്ചൻ ഫോണിൽ നിന്നും എട്ടിന്റെ പണിയാരംഭിച്ചിരുന്നു. മാവിസ്റ്റിന്റെ മെസേജ് കിട്ടിയ ചാനൽ റിപ്പോർട്ടർമാരൊക്കെ അലർട്ടായി. ചാനലുകളിലൊക്കെ വാർത്ത സ്‌ക്രോൾ ചെയ്തു തുടങ്ങി. ജയശ്രീട്ടീച്ചറെ മാവോയിസ്റ്റായി മുദ്രയടിക്കുന്നതിന് സാക്ഷിയാവാൻ കാത്തുനിന്ന സഖാക്കളെ ഊശിയാക്കിക്കൊണ്ട് സർക്കിളിന്റെ മൊബൈലിലേയ്ക്ക് മേലാവിൽ നിന്നും ഉത്തരവു വന്നു; സേർച്ച് മതിയാക്കി പെട്ടെന്നിറങ്ങിക്കോളൂ…

ഇടിവണ്ടികൾ തിരികേ പാഞ്ഞു. അരമണിക്കൂറിനുള്ളിൽ തിരികേവന്ന ഒരു ജീപ്പിൽനിന്നിറങ്ങിയ സർക്കിളേമാൻ പറഞ്ഞു; ക്ഷമിക്കണം ടീച്ചർ, ഞാനെന്റെ തൊപ്പി ഇവിടെ മറന്നുവച്ചു…

എളവൂരിലെ സഖാക്കൾ അതും പരദൂഷണമാക്കി, ആദ്യം റെയ്ഡ് ചെയ്തിട്ടും കിട്ടാത്ത തൊണ്ടിതേടി പൊലീസിതാ വീണ്ടുമെത്തിയിരിക്കുന്നു…

ദിവസങ്ങൾക്കു മുന്നേ അങ്കമാലിയിൽ പിടിയിലായ മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിയുടെ കളഞ്ഞുപോയ ലാപ്‌ടോപ് തേടിയായിരുന്നു തന്റെ വീട്ടിലെ റെയ്‌ഡെന്നും അത് സഖാക്കൾ ഓപ്പറേറ്റ് ചെയ്ത ക്രൂരനാടകമായിരുന്നെന്നും ടീച്ചർ അറിഞ്ഞത് വൈകിയായിരുന്നു. അപ്പോഴേയ്ക്കും കേരളം ടീച്ചറോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.


അന്നു സന്ധ്യയ്ക്ക് മൊബൈലിലേയ്ക്ക് ഒരു കോൾ; ഇത് വി.ആർ. കൃഷ്ണയ്യരാണ്…യഥാർത്ഥത്തിൽ കുട്ടി മാവോയിസ്റ്റാണോ?

ജയശ്രീ ഫോണിൽ വിതുമ്പി; സ്വാമീ ഞാനെങ്ങനെയാണ് അങ്ങയോട് നന്ദി പറയുക?

അപ്പോഴേയ്ക്കും ടീച്ചറെല്ലാമറിഞ്ഞിരുന്നു. റെയ്ഡ് നടക്കുന്നതറിഞ്ഞ് എം.പി. വീരേന്ദ്രകുമാർ വി.ആർ. കൃഷ്ണയ്യരെ ബന്ധപ്പെടുന്നതും കൃഷ്ണയ്യർ സ്വാമി കോടിയേരിയെ വിളിച്ച് ക്ഷുഭിതനാവുന്നതും ഇടിവണ്ടികൾ ക്ഷിപ്രം നിഷ്‌ക്രമിക്കുന്നതുമായ രഹസ്യങ്ങൾ!

അപഹസിച്ചവരൊക്കെ ഇന്നു ടീച്ചറുടെ ആരാധകരാണ്. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം കേരളത്തിൽ പ്രാബല്യത്തിലാവുന്നതിന് ഇന്ധനമായി ഭവിച്ചത് ടീച്ചറുടെ സമരമായിരുന്നു. എരയാംകുടിപ്പാടത്തു നിന്നും ഇന്ന് ഇഷ്ടികക്കളങ്ങളുടെ ചുടലഗന്ധമുയരുന്നില്ല. അവിടെ നെൽക്കൃഷി വ്യാപകമായിട്ടില്ലെങ്കിലും ടീച്ചർ വാക്കുപാലിച്ചു. തന്റെ രണ്ടേക്കർ പാടത്ത് അവർ വിതയ്ക്കുകയും കൊയ്യുകയും ചെയ്തു. അപ്പോഴേയ്ക്കും ടീച്ചറുടെ സ്വത്ത് രണ്ടേക്കർ പാടമായും അഞ്ചേക്കർ പറമ്പായും വികസിച്ചു കഴിഞ്ഞിരുന്നു. പറമ്പു നിറയെ പച്ചക്കറികളായിരുന്നു. പലതേരം ചേമ്പുകൾ. വേലികളിലൊക്കെ പടർന്ന കാച്ചിലുകൾ നൂറു ജാതിമരങ്ങൾ. നൂറു തെങ്ങുകൾ… ജൈവോല്പന്നങ്ങൾ വിറ്റഴിക്കാൻ ഒരു ഇക്കോ ഷോപ്പ്…

എരുത്തിൽ 12 പശുക്കളുണ്ട്. വെച്ചൂർ പശുവും കപിലയും കാസർഗോഡ് ഡോർഫും മലനാടൻ ഗിഡ്ഡയുമടങ്ങുന്ന എലീറ്റ് ഗ്രൂപ്പ്. നാടൻ ആടുകൾ പത്തെണ്ണം വേറെ. കൂടുകൾ നിറയെ കോഴിയും വാത്തയും താറാവും. കൊതിക്കല്ലതിരിട്ട വലിയ കുളത്തിൽ നിറയെ മത്സ്യങ്ങൾ. തൊടിനിറയെ പഴങ്ങൾ. ഞാലിപ്പൂവനും റോബസ്റ്റയും പാളയങ്കോടനും അതിലുണ്ട്. കപ്പകൾ പലതരം, റൊട്ടിക്കപ്പ അതിലേറ്റം വിശിഷ്ടം.

സ്വന്തം കൃഷിയിടത്തെ സമസ്തജനാവലികൾക്കുമായി തുറന്നിട്ട ഒരു കാർഷിക ഗ്രാമമായാണ് അപ്പേട്ടനും ജയേച്ചിയും വിഭാവനം ചെയ്തത്. അവരതിനെ ബിരാമിക അഗ്രോ വില്ലേജ് എന്നു വിളിച്ചു. ബംഗാളിഭാഷയിൽ ബിരാമിക എന്ന വാക്കിനർത്ഥം വിരമിക്കുക എന്നാണ്. കൊപ്പായ് നദിയോരത്തെ പഴയ കൃഷിയിടത്തിന് പേരു തേടിയപ്പോൾ ഖാദിബോർഡിലെ അലോക് ദാ പറഞ്ഞുകൊടുത്ത നാമം!

ബിരാമിക 2015 സെപ്റ്റംബർ 20-ന് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യപ്പെട്ടു. 250 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടു മൺവീടുകൾ ഇവിടുണ്ട്. സന്ദർശകർക്ക് താമസിക്കാം. ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. പഠിതാക്കൾക്ക് ഉപകരിക്കും. ആയിരം ചതുരശ്രയടി വിസ്തീർണത്തിൽ ഓപ്പൺ സ്റ്റേജുണ്ട്… പരിസ്ഥിതിപ്രവർത്തകർക്ക് കൂടിച്ചേരാം, സെമിനാറുകൾ നടത്താം. അയ്യഞ്ചു സെന്റു വീതമുള്ള ഒൻപത് പ്ലോട്ടുകൾ മാറ്റിയിട്ടിട്ടുണ്ട്. സമാനമനസ്‌കർക്ക് വാങ്ങാം. വീടുവയ്ക്കാം. ചുറ്റുമതിൽ കെട്ടാതെ ബിരാമികയിലെ പൊതുഭൂമിയിൽ കൃഷി ചെയ്ത് കമ്യൂണായി ജീവിക്കാം….പദ്ധതി അവതരിപ്പിച്ച ബ്രോഷറിൽ അപ്പേട്ടനും ജയേച്ചിയുമെഴുതി; ഈ ഭൂമിയിൽ എല്ലാ പോരായ്മകളോടെയും ജീവിച്ച രണ്ടുപേർക്ക് അവർക്കനുവദിക്കപ്പെട്ട സ്ഥലം ഒഴിഞ്ഞുകൊടുക്കുവാൻ സമയമാകുന്നു എന്ന ബോധ്യം, അതാണ് ബിരാമിക!

ബംഗാളിൽ നിന്നും കൂടെപ്പോന്ന സന്താളിപ്പയ്യൻ മംഗോളാണ് എല്ലാത്തിന്റെയും കൈകർത്താവ്. ഇവിടെയിപ്പോൾ അവന്റെ ഭാര്യ രാഖിയുണ്ട്. അവരുടെ കുട്ടി ശ്യാമിനെ ജയേച്ചി പാച്ചു എന്നു വിളിച്ചു. അവന്റെ അമ്മേയെന്ന വിളിയിൽ പ്രസന്നയായി ഇന്നു ജയേച്ചിയുടെ നേരം പുലരുന്നു.

പ്രിയ സുഹൃത്തുക്കളേ, കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ജയേച്ചിയുടേയും അപ്പേട്ടന്റെയും ഈ സ്‌നേഹാലയം എന്റെ പ്രിയപ്പെട്ട വഴിയമ്പലങ്ങളിലൊന്നാണ്. ഇടയ്ക്കിടെ ശാന്തി തേടിയെത്തുന്നയിടം. ലോകത്തൊരു പുതിയ കാർ അവതരിച്ചാൽ അതാദ്യം തനിക്കു സ്വന്തമാവണമെന്ന് ശാഠ്യം പിടിച്ചിരുന്ന പ്രൗഢ്രപ്രവാസിയായിരുന്ന അപ്പേട്ടൻ എരുത്തിൽ സന്തുഷ്ടനായി ചാണകം വാരുന്നതു കണ്ടിരുന്ന് ജീവിതത്തെ ഞാൻ അലസമായി പ്രണയിക്കുന്നയിടം…

ബിരാമികയിലെ കഴിഞ്ഞ രാത്രിയിൽ ഞാൻ ജയേച്ചിയോട് ചോദിച്ചു; മോളെക്കുറിച്ച് ചേച്ചിയെന്നോടൊന്നും പറഞ്ഞിട്ടില്ല ഇതുവരെ..

ജയേച്ചി പൊട്ടിക്കരഞ്ഞു. ഉറക്കറയിലെ ഫാനിൽ കെട്ടിയാടിയ മരണത്തിന്റെ ഒരൂഞ്ഞാൽ എന്റെ നെഞ്ചും തകർത്തു കളഞ്ഞു.

Comments

comments