ചോദ്യം പി.എസ്.സി. പരീക്ഷയ്ക്കാണ് ചോദിക്കുന്നതെങ്കിൽ നാഥുറാം വിനായക് ഗോഡ്‌സേഎന്ന ഉത്തരത്തിന് മുഴുവൻ മാർക്കും ലഭിക്കും. പക്ഷെ, അതുന്നയിക്കുന്നത് ഭാരതത്തിന്റെ സമകാല രാഷ്ട്രീയാവസ്ഥയിലാണെങ്കിൽ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ പോരാ. എന്നു പറഞ്ഞാൽ നിയമപരമായ ഒരു മാനം മാത്രമല്ല, ആ ചോദ്യത്തിനുള്ളത്, എന്നർത്ഥം.

          ഏതാനും മാസങ്ങൾക്കുമുമ്പ് ആ ചോദ്യത്തിനുത്തരമായി ആർ. എസ്. എസ്എന്ന് മലയാളത്തിലെ പ്രശസ്ത നിരൂപകനും ചിന്തകനുമായ ബി. രാജീവൻ പറയുകയുണ്ടായി. ഒരു പക്ഷെ ഈ ഉത്തരം  ആദ്യമായി പറഞ്ഞത് ബി. രാജീവൻ അല്ല.  പ്രശസ്തരായ പലരും, ജവഹർലാൽ നെഹ്‌റു മുതൽ   മൊറാർജി ദേശായ് വരെ ആ ഉത്തരം പല സന്ദർഭങ്ങളിലായി പറയുകയുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ആർ. എസ്. എസ്. അത് നിഷേധിച്ചിട്ടുമുണ്ട്. ബി. രാജീവനെതിരെ വക്കീൽ നോട്ടീസ് അയച്ചാണ് ആർ.എസ്.എസ്  ഈ ഉത്തരത്തെ നേരിട്ടത്. അതിന് അദ്ദേഹം നിയമപരമായി മറുപടി നൽകുകയുണ്ടായോ എന്നറിയില്ല. എന്നാൽ തന്റെ ഉത്തരത്തെ സാധൂകരിക്കുന്ന ഒരു ലേഖനം തുടർന്നെഴുതി അദ്ദേഹം തന്റെ വാദത്തിൽ ഉറച്ചു നിന്നു. അതിനെ ആർ.എസ്.എസ് നേരിട്ടോ എന്നും അറിയില്ല.

1948 ജനുവരി 30 ന് ശേഷം പലകോണുകളിൽ നിന്നും ഈ ഉത്തരം ഉയിർക്കുകയുണ്ടായി. ആർ.എസ്.എസ്. ഇതിനെ നിഷേധിച്ചത്, ഗാന്ധിവധം അന്വേഷിച്ച ജസ്റ്റിസ് കപൂർ കമ്മീഷൻ, ആർ.എസ്.എസിനെതിരെ തെളിവുകളില്ല എന്ന് പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ്. അതുപോലെ നാഥുറാം ഗോഡ്‌സേ കോടതിയിൽ മറ്റാർക്കും ഇതിൽ ഉത്തരവാദിത്തമില്ല എന്ന് മൊഴിഞ്ഞതും അവർ എടുത്തുകാട്ടുന്നു. സർദാർ പട്ടേലിന്റെ ഒരു കത്തും  തെളിവായി അവർ ഉദ്ധരിക്കാറുണ്ട്. ബാബ്‌റി മസ്ജിദ് തകർത്ത കാലത്ത് “വിശ്വാസത്തിന്റെ കാര്യത്തിൽ കോടതി എന്തു ചെയ്യാനാണ് ?” എന്നു ചോദിച്ച കക്ഷികൾ തന്നെ ഗാന്ധി വധത്തിൽ ജുഡീഷ്യറിയെ മുറുകെപ്പിടിക്കുന്നത് നമുക്ക് കണ്ടില്ലെന്നു നടിക്കാം. കാരണം ഇന്ത്യയിലെ പ്രമുഖരാഷ്ട്രീയകക്ഷികളെല്ലാം തന്നെ ജുഡീഷ്യറിയോടും അന്വേഷണകമ്മീഷനുകളോടും ഇത്തരം ഇരട്ടത്താപ്പാണ് പിൻതുടർന്നിട്ടുള്ളത്. ഇനിയും അങ്ങനെത്തന്നെ തുടരുകയും ചെയ്യും. രാഷ്ട്രീയമെന്നത് അധികാരത്തിന്റെ കാതലിൽ തേച്ചുപിടിപ്പിച്ച ധാർമ്മികതയുടെ നേരിയ ചായം മാത്രമായി മാറിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

എങ്കിലും സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിരോധിക്കപ്പെട്ട സംഘടന ആർ.എസ്.എസ് ആണെന്ന കാര്യത്തിൽ തർക്കമില്ല. അതും ഗാന്ധി വധത്തിന്റെ പേരിൽ. ആ വധം കഴിഞ്ഞ് കൃത്യം ഒരു ദിവസം കഴിഞ്ഞപ്പോൾ, അതായത് 1948 ഫെബ്രുവരി 2-ആം തിയ്യതി ആർ.എസ്.എസ് നിരോധിക്കപ്പെട്ടു. അതുസംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തമായി പറയുന്ന കാര്യം നമ്മുടെ രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വെറുപ്പിന്റേയും ഹിംസയുടേയും ശക്തികൾ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനും രാഷ്ട്രത്തിന്റെ നാമധേയത്തിൽ കരി പുരട്ടുന്നതിനും ശ്രമിച്ചുകൊണ്ടിരിക്കുന്നുഎന്നാണ്.  …………….സംഘത്തിന്റെ (ആർ.എസ്.എസ് – ലേഖകൻ) എതിർക്കപ്പെടേണ്ടതും ഹാനികരവുമായ പ്രവർത്തനങ്ങൾ ഒരിളവുമില്ലാതെ തുടർന്നുകൊണ്ടിരിക്കുകയാണെന്നും സംഘം സ്‌പോൺസർ ചെയ്യുകയും സംഘപ്രവർത്തനങ്ങളാൽ പ്രചോദിപ്പിക്കപ്പെടുകയും ചെയ്യുന്ന ഹിംസാത്മകരീതി അനേകം ഇരകളെ ഉണ്ടാക്കുകയാണെന്നും അതിൽ ഏറ്റവും അവസാനത്തേതും പ്രാമുഖ്യമേറിയതുമായ ഇര ഗാന്ധിജി തന്നെയാണെന്നും” ആ നിരോധന ഉത്തരവ് വ്യക്തമായിപ്പറയുന്നുണ്ട്.

എന്തിന്, ആർ.എസ്.എസുകാർ  സ്വന്തം നേതാവായി കൊണ്ടാടുന്ന ഭാരതത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ തന്നെ ഇക്കാര്യത്തിൽ സംഘത്തിനെതിരെ തെളിവു നൽകിയിട്ടുണ്ട്. അതും സംഘനേതാവിന് നൽകിയ ഒരു കത്തിൽ. നിരോധനം പിൻവലിക്കണമൊവശ്യപ്പെട്ട് അന്നത്തെ സംഘത്തലവനായ  ‘ഗുരുജിഗോൾവാൾക്കർ, പട്ടേലിന് എഴുതുകയുണ്ടായി. 1948 സെപ്തംബർ 11 എന്ന തിയ്യതി വെച്ച് പട്ടേൽ എഴുതിയ മറുപടിയിൽ ഇങ്ങനെ പറയുന്നു –  അവരുടെ (സംഘടിത ഹിന്ദുക്കളുടെ – ലേഖകൻ) പ്രഭാഷണങ്ങളെല്ലാം വർഗ്ഗീയതയാൽ വിഷലിപ്തമായിരുന്നു. വർഗ്ഗീയ വിഷം വമിപ്പിക്കുകയും ഹിന്ദുക്കളെ സ്വയം സംരക്ഷണത്തിനായി സംഘടിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത് തികച്ചും അനാവശ്യമായ പ്രവൃത്തിയായിരുന്നു. ഈ വിഷവ്യാപനത്തിന്റെ അന്തിമഫലം ഗാന്ധിജിയുടെ വിലപ്പെട്ടജീവൻ രാജ്യത്തിന് നഷ്ടമായി എന്നതാണ് ……… ആർ.എസ്.എസുകാർ ഗാന്ധി വധത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും മധുരപലഹാരവിതരണം നടത്തുകയും ചെയ്തത് എതിർ ശക്തികളെ കൂടുതൽ തീവ്രതയുള്ളവരാക്കി. അതിനാൽ ആർ.എസ്.എസിനെതിരെ നടപടിയെടുക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ ഒന്നായിത്തീർന്നു.

ഗാന്ധി വധത്തിൽ ആർ.എസ്.എസിന്റെ പങ്ക് വെളിപ്പെടുത്തുന്ന ഇത്തരം ചരിത്രരേഖകളുടേയും സംഭവവികാസങ്ങളുടേയും വിലപ്പെട്ട സമാഹരണമാണ് ടീസ്റ്റ സെത്തൽവാദ് എഡിറ്റ് ചെയ്ത് തൂലികബുക്‌സ് പ്രസിദ്ധീകരിച്ച ബിയോണ്ട് ഡൗട്ട്” (സംശയങ്ങൾക്കതീതം) എന്ന പുസ്തകം. ഹിന്ദുത്വ ശക്തികളാണ് സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ തീവ്രവാദസംഘടന എന്ന് അടിവരയിടുന്ന അനേകം ചരിത്രരേഖകൾ ഇതിലുണ്ട്. വെറും വാദമുഖങ്ങൾ കൊണ്ടല്ലാതെ, ശക്തമായ തെളിവുകൾ കൊണ്ട് ആർ.എസ്.എസിന്റെ മുഖപടം പിച്ചിച്ചീന്തുന്ന ഒരു പുസ്തകമാണിത്.

ഗാന്ധിവധത്തിന്റെ തെളിവുകളെ എന്നേയ്ക്കുമായി കുഴിച്ചുമൂടാൻ സംഘപരിവാരം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഈ പുസ്തകം പുറത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. മോദി സർക്കാർ അധികാരമേറ്റതിനുശേഷം, ഒമ്പതു ദിവസത്തിനും മുപ്പത്തൊമ്പതു ദിവസത്തിനുമിടയിൽ, അതായത് 2014 ജൂൺ 5 നും ജൂലൈ 7നു മിടക്ക്, ആഭ്യന്തര വകുപ്പ് 11,000 പഴയ ഫയലുകൾ നശിപ്പിക്കുകയുണ്ടായി. പുരുഷോത്തം അഗർവാളിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ചരിത്രകാരന്മാരും മറ്റുള്ളവരും ചേർന്ന് വിവരാവകാശനിയമം ഉപയോഗിച്ച് നശിപ്പിക്കപ്പെട്ടഫയലുകളുടെ വിശദവിവരങ്ങൾ ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിക്കുകയുണ്ടായില്ല.  പാർലമെന്റിൽ ഈ പ്രശ്‌നം പൊന്തി വന്നപ്പോൾ ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് നൽകിയ മറുപടി ഗാന്ധിയെ കുറിച്ചും ലാൽ ബഹദൂർ ശാസ്ത്രിയെക്കുറിച്ചും മൗണ്ട് ബാറ്റണെക്കുറിച്ചുമുള്ള ഫയലുകൾക്ക് യാതൊരു കേടുപാടുകളും  സംഭവിച്ചിട്ടില്ല’ എന്നായിരുന്നെങ്കിലും നശിപ്പിക്കപ്പെട്ട ഫയലുകൾ ഏതെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഒരുത്തരവും നാളിതുവരെ ലഭിച്ചിട്ടില്ല എന്ന് ആമുഖത്തിൽ ടീസ്റ്റ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഗാന്ധിയൻ കൃതികൾ റീ എഡിറ്റ് ചെയ്യാൻ നടത്തിയ ശ്രമങ്ങളേയും അവർ പരാമർശിക്കുന്നു. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലുമായി ചിതറിക്കിടക്കുന്ന ഗാന്ധിയുടെ എഴുത്തുകളെ സമാഹരിക്കാനുള്ള ശ്രമം 1956 മുതൽ ആരംഭിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലും ഗുജറാത്തിയിലുമായി സമാഹൃതകൃതികൾ പ്രകാശനം ചെയ്യാനുള്ള പദ്ധതിയായിരുന്നു അത്. സബർമതി ആശ്രമത്തിന്റെ ഇപ്പോഴത്തെ ഡയറക്ടറായ ത്രിദീപ് സുഹൃദ് 2004ൽ ദി എക്കണോമിക്‌ ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലിയിൽ തെളിവുസഹിതം എഴുതിയ ലേഖനമാണ് വാജ്‌പേയ് സർക്കാറിന്റെ ഗൂഢാലോചനാ ശ്രമത്തെ തുറന്നുകാട്ടിയത്. ഗാന്ധി, സുഹൃത്തുക്കൾക്കും തൊഴിൽ വിദഗ്ദ്ധർക്കും ലോകനേതാക്കൾക്കും എഴുതിയ ഒരു പിടി കത്തുകൾ ഇതിന്റെ ഫലമായി ഒഴിവാക്കപ്പെട്ടു.

2014 മെയ് മാസത്തിൽ രണ്ടാം എൻ.ഡി.എ ഗവൺമെന്റ് അധികാരമേറ്റെടുത്ത ഉടനെ  ആഗോള ഹിന്ദു ഫൗണ്ടേഷൻ (Global Hindu Foundation) മാനവശേഷി വികസന മന്ത്രാലയത്തിന് വിചിത്രമായ ഒരാവശ്യം ഉന്നയിച്ച് എഴുതുകയുണ്ടായി. അവർ ആവശ്യപ്പെട്ട കാര്യം നാഥുറാം ഗോഡ്‌സേയെ വില്ലനിൽ നിന്നും  ദേശീയ നായകനായി’ മാറ്റി പ്രതിഷ്ഠിക്കുന്ന നടപടികൾ സ്വീകരിക്കണം എന്നായിരുന്നു. സ്‌കൂൾ പാഠപുസ്തകങ്ങളിൽ അത്തരമൊരു ശ്രമം നടത്തണം എന്നവർ ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിന് പോരാടിയ വ്യക്തിയാണ്’ ഗോഡ്‌സേ എന്ന് ആ കത്ത് ചൂണ്ടിക്കാട്ടുന്നു. 2014 ഡിസംബർ 11-ന് ബി.ജെ.പി എം.പിയായ സാക്ഷി മഹാരാജ് ഗോഡ് സേയെ  രാജ്യസ്‌നേഹിയായി വിശേഷിപ്പിച്ചത് രാജ്യസഭയിൽ കോളിളക്കമുണ്ടാക്കി. ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് പ്രദീപ് ദാൽവി രചിച്ച മറാത്തി നാടകം മീ നാഥുറാം ഗോഡ്‌സേ ബോൽ ത്തായേ (ഞാൻ നാഥുനാറം ഗോഡ്‌സേ സംസാരിക്കുന്നു) മഹാരാഷ്ട്രയിൽ നിരോധിച്ചെങ്കിലും ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തിൽ യഥേഷ്ടം അരങ്ങേറുകയുണ്ടായി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ഒരു കക്ഷിയാണ്  ബി.ജെ.പി.യും സംഘപരിവാരവും എന്ന് ഒരാളും പറയില്ല. എം.എഫ് ഹുസൈനേയും ഏ.കെ. രാമാനുജനേയും പെരുമാൾ മുരുകനേയും വെൻഡി ഡോണിഗറേയും മറ്റ് നിരവധിപേരെയും നിരോധിപ്പിക്കാൻ മുൻകൈയ്യെടുത്ത പ്രസ്ഥാനം  ഗാന്ധിവധത്തിന് തൂക്കിലേറ്റപ്പെട്ട വ്യക്തിയെ വെള്ള പൂശുന്ന നാടകത്തിന് അനുമതി നൽകിയതെന്തിന്?

ഗാന്ധിവധത്തിന്റെ വസ്തുതകളെ മറച്ചുപിടിക്കാനും സംഘപരിവാരം തുടർച്ചയായി നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളെ വെളിവാക്കാനും ഈ പുസ്തകം സമർത്ഥമായി ശ്രമിക്കുന്നുണ്ട്. ഗാന്ധിവധത്തെക്കുറിച്ച് ഗീബൽസിയൻ പ്രചരണമാണ് ആ നാളുകൾ തൊട്ട് സംഘപരിവാരം നടത്തുന്നത്. ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദി ഗാന്ധിയാണെന്നുള്ള വികാരവും പാകിസ്ഥാന് കൊടുക്കേണ്ടിയിരിക്കുന്ന  55 കോടി രൂപ ഉടൻ കൊടുക്കുന്നതിനായി ഗാന്ധിജി തുടങ്ങി വെച്ച നിരാഹാരസത്യാഗ്രഹവുമാണ് അദ്ദേഹത്തിന്റെ വധത്തിന്റെ കാരണമെന്ന് അവർ പറഞ്ഞുകൊണ്ടിരിക്കുന്നു. 1994-ൽ  ഫ്രണ്ട് ലൈന്  അനുവദിച്ച ഇന്റർവ്യൂവിൽ  ഗാന്ധിവധത്തിലെ  പ്രതിയായിരുന്ന ഗോപാൽ ഗോഡ്‌സെ  ചൂണ്ടിക്കാട്ടുന്നതും  ഇക്കാരണങ്ങൾ തന്നെ. ഇതിൽ കഴമ്പില്ല എന്ന്  ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നു. കാരണം 1948 ജനുവരി 30-ന് മുമ്പ് ഗാന്ധിജിക്കെതിരെ 5 വധശ്രമങ്ങൾ നടക്കുകയുണ്ടായി. ഇതിൽ മിക്കതിലും നാഥുറാം ഗോഡ്സേ ഉൾപ്പെട്ടിരുന്നു.

1. 1934 ജൂൺ 25-ന് പൂനയിലെ കോർപ്പറേഷൻ  ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തുന്നതിനായി ഗാന്ധി എത്തിച്ചേർന്നപ്പോഴാണ്  ആദ്യവധശ്രമം നടന്നത്. ഗാന്ധിജി സഞ്ചരിച്ചിരുന്ന കാറെന്നു കരുതി കൊലയാളി സംഘം ബോംബെറിഞ്ഞത് മറ്റൊരു കാറിനെ ആയിപ്പോയി. നിരവധിപേർക്ക് പരിക്കേറ്റ ഈ ശ്രമം നടത്തിയത് ഗോഡ്‌സേ – ആപ്‌തേ സംഘമാണെന്ന് പല ചരിത്രകാരന്മാരും  കരുതുന്നു.

2.  1944 ജൂലൈയിൽ മലേറിയാ ബാധിതനായ ഗാന്ധി പൂനെയ്ക്കടുത്തുള്ള പാഞ്ച്ഗനിയിൽ താമസിച്ചുവരുമ്പോഴാണ് രണ്ടാമത്തെ വധശ്രമം അരങ്ങേറിയത്. പ്രാർത്ഥനാസമ്മേളനത്തിൽ ഗാന്ധിക്കരികിലേക്ക് ആയുധധാരിയായ ഗോഡ്‌സേ ഇരമ്പിക്കയറി. മണിശങ്കർ പുരോഹിതും ബില്ലാരേ ഗുരുജിയും ചേർന്ന് ഗോഡ്‌സേയെ നടഞ്ഞു. കഠാര കണ്ടെടുത്തു.

3.  മൂന്നാമത്തെ വധശ്രമം നടന്നത് 1947 സെപ്തംബറിലാണ്. മുഹമ്മദാലി ജിന്നയുമായി ചർച്ചകൾ നടത്തുന്നതിനായി ഗാന്ധി ബോബെയിലെത്തി. ഗാന്ധിജി താമസിച്ചിരുന്ന സേവാഗ്രാം ആശ്രമം ഗോഡ്‌സേയും എൽ.ജി. തട്ടേയും മറ്റുള്ളവരും ചേർന്ന് ഉപരോധിക്കുകയുണ്ടായി. പോലീസ് ഇടപെടുകയും ഗോഡ്‌സേയിൽ നിന്ന് ആയുധം കണ്ടെടുക്കുകയും ചെയ്തു.

4.  1948 ജൂണിലാണ് നാലാം വധശ്രമം നടന്നത്. ഗാന്ധിജി സഞ്ചരിച്ചിരുന്ന തീവണ്ടി അട്ടിമറിക്കാനാണ് ശ്രമിച്ചത്.

5.  1948 ജനുവരി ഇരുപത്തിയഞ്ചിന് അഞ്ചാമത്തെ വധശ്രമം നടന്നു. ന്യൂഡൽഹിയിലെ പ്രാർത്ഥനാ സമ്മേളനത്തിലേക്ക് ഗോഡ്‌സേയും മദൻലാൽ പഹ്‌വേയും മറ്റുള്ളവരും കയറിച്ചെന്നു. മദൻലാൽ പഹ്‌വ ബോംബെറിഞ്ഞെങ്കിലും അത് ലക്ഷ്യം കണ്ടില്ല. പഹ്‌വ പിടിയിലായെങ്കിലും  ഗോഡ്‌സേ രക്ഷപ്പെട്ടു.

          ആറാമത്തെ ശ്രമം നടന്നത് 1948 ജനുവരി 30-നായിരുന്നു. അതിലവർ വിജയിച്ചു.

1934-ലെ ആദ്യശ്രമം നടക്കുമ്പോൾ പാകിസ്ഥാനോ വിഭജനമോ ചിത്രത്തിലുണ്ടായിരുന്നില്ല. അതിനാൽ ഗാന്ധി വധിക്കപ്പെട്ടത് ആർ.എസ്.എസ് പ്രചരിപ്പിക്കുന്ന കാരണങ്ങൾ കൊണ്ടാണെന്ന വാദം ഇതോടെ പൊളിയുന്നു. മാത്രമല്ല ഗാന്ധി തന്റെ ജീവിതത്തിലെ അവസാന നിരാഹാരം നടത്തിയത് പാകിസ്ഥാന് 55 കോടി രൂപ കൊടുക്കുന്നതിനല്ലായിരുന്നു. ഡൽഹിയിലെ ഹിന്ദു – മുസ്ലിം ലഹള അവസാനിപ്പിക്കാനായിരുന്നു. തീർച്ചയായും പാകിസ്ഥാന് 55 കോടി രൂപ കരാർപ്രകാരം കൊടുക്കണമെന്ന കാര്യത്തിൽ ഗാന്ധി അനുകൂലമായ തീരുമാനമെടുത്തെങ്കിലും അതിനുവേണ്ടിയായിരുന്നില്ല നിരാഹാസത്യഗ്രഹം എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ടീസ്റ്റ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല വിഭജനത്തിന് എതിരായി നിലകൊണ്ട ഏക രാഷ്ട്രീയ വ്യക്തിത്വം ഗാന്ധിയുടേതായിരുന്നു എന്നതിന് തെളിവുകളുണ്ട്. വിഭജനം ഒഴിവാക്കാൻ ഗാന്ധി തയ്യാറാക്കിയ ഒമ്പതിന പദ്ധതിയിൽ, ഒരു സമാന്തര സർക്കാർ  നിർദ്ദേശിക്കാൻ ജിന്നയോട് ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, സ്വന്തം കാബിനറ്റിൽ ജിന്നക്ക് ഇഷ്ടമുള്ളവരെ, അവർ മുസ്ലീങ്ങളോ ഇതര മതക്കാരോ ആകട്ടെ, ഉൾപ്പെടുത്താനുള്ള അവകാശം ഒമ്പതിന പരിപാടിയിൽ പറയുന്നുണ്ട്. അതോടെ ഗാന്ധി വധത്തിന് നിദാനമായി ആർ.എസ്.എസ്. ചൂണ്ടിക്കാണിച്ച കാര്യങ്ങളിൽ കഴമ്പില്ല എന്ന് തെളിയുന്നു.

ബാലഗംഗാധര തിലകനിൽ നിന്നും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ ഗാന്ധി ഏറ്റെടുക്കുന്നതോടെയാണ് ആർ.എസ്.എസുകാർ ഗാന്ധിവിരോധികളായിത്തീരുന്നത്.  ബ്രിട്ടീഷുകാരെ ആട്ടിയോടിച്ചാൽ ബ്രാഹ്മണാധികാരം കലർപ്പില്ലാതെ സ്ഥാപിക്കാൻ കഴിയുമെന്നായിരുന്നു മറാത്താ ബ്രാഹ്മണരിൽ ഒരു വിഭാഗം ചിന്തിച്ചിരുന്നത്. എന്നാൽ ഗാന്ധി ഇടപെട്ടതോടെ സ്വാതന്ത്ര്യസമരം ജനകീയമായി. അതോടെ ബ്രാഹ്മണിക ഇന്ത്യ എന്ന സങ്കൽപ്പം അവർക്ക് പുറത്തു പറയാൻ പറ്റില്ലെന്നായി. ഇതായിരുന്നു സംഘപരിവാറും ഗാന്ധിയും തമ്മിലുള്ള പ്രശ്‌നത്തിന്റെ കാതൽ.

രസകരമെന്ന് വിശേഷിപ്പിക്കാമെങ്കിൽ, മറ്റൊരു കാര്യം ബ്രാഹ്മണിക ശക്തികൾ വിഭജനത്തെ അനുകൂലിച്ചിരുന്നു എന്നതാണ്. വീരസവർക്കർ പലവട്ടം വിഭജനത്തെ അംഗീകരിച്ച് സംസാരിച്ചതിന്റെ വിശദാംശങ്ങൾ ഈ പുസ്തകത്തിലുണ്ട്. പാക്കിസ്ഥാനിലേക്ക് മുഴുവൻ മുസ്ലീങ്ങളേയും പറഞ്ഞയക്കാമെന്നും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റണമെന്നും അവർ കരുതിയതുകൊണ്ടാണ് വിഭജനത്തെ അവർ അനുകൂലിച്ചത്. ഗാന്ധിയല്ല സംഘപരിവാരാണ് യഥാർത്ഥത്തിൽ വിഭജനത്തിനനുകൂലമായി നിന്നത് എന്നതിനു ധാരാളം തെളിവുകളുണ്ട്. അതിനാൽ വധത്തെ ചൊല്ലി സംഘപരിവാർ ഉയർത്തുന്ന വാദങ്ങൾക്ക് ചരിത്രപരമായി  നിലനിൽപ്പില്ല എന്ന് വീണ്ടും തെളിയുന്നു.

ഗാന്ധി വധിയ്ക്കപ്പെടുന്നത് കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ്. ജവഹർലാൽ നെഹ്‌റുവും സർദ്ദാർ പട്ടേലും തമ്മിലുള്ള വിടവ് വർദ്ധിക്കുകയും അത് ഗാന്ധിയെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു.  വധിക്കപ്പെട്ട അന്ന് ഗാന്ധി പട്ടേലിനോട് ആ വിഷയം സംസാരിക്കുന്നുണ്ട്. പട്ടേലിനോട് രാജിവെയ്ക്കാനാണ് ഗാന്ധിജി ആവശ്യപ്പെട്ടത്. പ്രാർത്ഥനക്ക് ശേഷം രാത്രി 7 മണിക്ക് ജവഹർലാലുമായുള്ള സന്ദർശനത്തിന് തയ്യാറെടുത്തപ്പോഴാണ് ഗാന്ധി വധിക്കപ്പെട്ടത്. ഗാന്ധി വധിക്കപ്പെടുമെന്ന് ഒരു വലിയ അഭ്യൂഹം മഹാരാഷ്ട്രവൃത്തങ്ങളിൽ പ്രചരിച്ചിരുന്നു. ഇതറിഞ്ഞ മൊറാർജി ദേശായി പട്ടേലിനെ നേരിട്ട് കണ്ട് ഇക്കാര്യം ധരിപ്പിച്ചിരുന്നു. എന്നിട്ടും ഗാന്ധിയുടെ സുരക്ഷാകാര്യത്തിൽ എന്തുകൊണ്ടാണ് ഗവണ്മെന്റ് ശുഷ്‌കാന്തി കാണിക്കാഞ്ഞത് എന്ന ചോദ്യം  ഈ അസവരത്തിൽ ഉയർന്നുവരാം.  അത് ഒരു പ്രസക്തമായ ചോദ്യമാണ്. പാർലമെന്റിൽ പട്ടേലിനെ കുറ്റപ്പെടുത്തി  ജയപ്രകാശ് നാരായണൻ ഗാന്ധിവധത്തെ പരാമർശിച്ചത് അതുകൊണ്ടാണ്.

ഈ പുസ്തകത്തിന്റെ മലയാള തർജ്ജമ ഈ അവസരത്തിൽ പ്രസക്തമാണ്. സഹൃദയരിൽ ചിലർ അത് ഏറ്റെടുത്ത് നടപ്പാക്കുമെന്ന് വിശ്വസിക്കുന്നു.
——————–
പി.എൻ. ഗോപീകൃഷ്ണൻ

ബ്രാഞ്ച് മാനേജർ
കെ.എസ്.എഫ്.ഇ. ലിമിറ്റഡ്
ശ്രീകൃഷ്ണപുരം ബ്രാഞ്ച്
പുനത്തിൽ ത്രീ സ്റ്റാർ കോംപ്ലക്‌സ്
ചന്തപ്പുര, ശ്രീകൃഷ്ണപുരം 679513
ഫോ : 9447375573

Comments

comments