തവിമർശനം എല്ലാ വിമർശനത്തിന്റെയും ഉപക്രമമാണ് എന്ന് മാർക്സ് വ്യക്തമാക്കിയിട്ടുണ്ട്.  മനുഷ്യനാണ് മതത്തെ സൃഷ്ടിക്കുന്നത്. അല്ലാതെ മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. ഹെഗലിന്റെ നിയമദർശനത്തെ പ്പറ്റിയുള്ള നിരൂപണത്തിനു ഒരു സംഭാവനഎന്ന ലേഖനത്തിൽ കാൾ മാർക്സ് ഇങ്ങനെ പറയുന്നത് ആദ്യം പറഞ്ഞ കാഴ്ചപ്പാടിന്റെ വിപുലീകരണമായിട്ടാണ്. അതായത് മതം ഒരു സാമൂഹ്യനിർമ്മിതിയും അത് മനുഷ്യന്റെ  ആവശ്യനിർവഹണത്തിനു വേണ്ടി മനുഷ്യൻ തന്നെ ഉണ്ടാക്കിയ ഒരു വ്യവസ്ഥയാണെന്നുമാണ് ഈ മാർക്സിയൻ നിരീക്ഷണത്തിന്റെ കാതൽ. ഇങ്ങനെ മനുഷ്യ നിർമ്മിതമായ മതത്തിനുള്ളിൽ എങ്ങനെയാണ് ദൈവം ഉണ്ടായതെന്നും മാർക്സ് വിശദീകരിക്കുന്നു.  സ്വർഗമെന്ന കല്പനാപരമായ യാഥാർത്ഥ്യത്തിനുള്ളിൽ ഒരു അമാനുഷികജീവിയെ തേടിപ്പോയിട്ട് തന്റെ പ്രതിച്ഛായയല്ലാതെ മറ്റൊന്നും കണ്ടെത്താനാവാതെ നിരാശനായി മടങ്ങേണ്ടി വന്നമനുഷ്യന്റെ അവസ്ഥ അദ്ദേഹം വിവരിക്കുന്നു. തന്നെക്കുറിച്ചുള്ള ശരിയായ  യാഥാർത്ഥ്യം തേടുന്നതും തേടേണ്ടതുമായ സ്ഥലത്ത് തന്റെ ഒരു പ്രതീതിയെമാത്രം , ഒരു അമാനുഷികജീവിയെ മാത്രം  കണ്ടു കൊണ്ട്  ഇനിയൊരിക്കലും മനുഷ്യൻ സംതൃപ്തനായി തുടരുകയില്ല  എന്ന് തുടർന്ന് മാർക്സ് വ്യക്തമാക്കുന്നു. ദൈവത്തെ തേടിപ്പോകുന്ന  ആധുനിക യൂറോപ്യൻ മനുഷ്യൻ  തന്റെ തന്നെ ഒരു പ്രതീതിയിൽകവിഞ്ഞ മറ്റൊന്നുമല്ല ദൈവമെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് മാർക്സ് പറഞ്ഞു വെച്ചതിന്റെ അർത്ഥം. അതായത് മതം മനുഷ്യന്റെ സൃഷ്ടിയാണെങ്കിൽ ദൈവം മനുഷ്യന്റെ ഒരു പ്രതിച്ഛായമാത്രമാണ് എന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു എന്നർത്ഥം.  ഈ  കാഴ്ചസ്ഥാനത്തു നിന്നു കൊണ്ട് വേണം നാം നാരായണഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയേയും  മതവിമർശത്തേയും മത വ്യാഖ്യാനങ്ങളേയും നോക്കിക്കാണാൻ. കളവങ്കോട് ക്ഷേത്രത്തിൽ ഒരു കണ്ണാടി പ്രതിഷ്ഠിക്കുകയും അവിടെ എത്തുന്ന ഭക്തൻ കണ്ണാടിയിൽ തന്നെത്തന്നെ കാണുകയും ചെയ്യുന്നതിലൂടെ നാരായണഗുരു സൃഷ്ടിച്ചത് ഒരു ആത്മീയ ദൈവ രൂപകം ആണ്. ഇത് മാർക്സ് ദൈവത്തെ സംബന്ധിച്ച് സൃഷ്ടിച്ച അവബോധവുമായി  അത്ഭുതകരമായ സാമ്യം വഹിക്കുന്നുണ്ട്. ദൈവത്തെ അന്വേഷിച്ചു ചെല്ലുന്ന മനുഷ്യൻ അത് നീ തന്നെ(തത്ത്വമസി) എന്ന് മനസ്സിലാക്കുമ്പോൾ ഇന്ത്യൻ ആത്മീയതയുടെ ഒരു ധാര മാർക്സിസവുമായി കൂട്ടിമുട്ടുന്നത് കാണുന്നു.  നാരായണഗുരുവിന്റെ ദൈവം മനുഷ്യൻ തന്നെയാണെന്നു കാണാം. അത് തത്ത്വമസി എന്ന ആത്മീയ ആശയത്തിന്റെ പ്രതിഫലനം മാത്രമല്ലെന്നും നാരായണഗുരുവിന്റെ തന്റെ സവിശേഷമായ ആധുനികതയാണെന്നും ഇനി ബോദ്ധ്യപ്പെടും.

           തലകുത്തി നിറുത്തപ്പെട്ട ഒരു  ലോകം ഉണ്ടാക്കിയ തലതിരിഞ്ഞ ലോകബോധമാണ് മതം  എന്ന മാർക്സിയൻ മതവിമർശനത്തിന്റെ അർത്ഥമെന്താണ്? നാം ജീവിക്കുന്നത് തലതിരിഞ്ഞ ഒരു ലോകത്തിനുള്ളിൽ തലതിരിഞ്ഞ കാഴ്ചപ്പാടുകളോടെ ആണെന്നാണ്. മതം ഈ തലതിരിഞ്ഞ ലോകത്തിന്റെ വിജ്ഞാനകോശതുല്യമായ സാരസംഗ്രഹമാണ്.  എന്നുവെച്ചാൽ മതം ജീവിതത്തിലെ സമസ്തപ്രശ്നങ്ങളേയും തലതിരിഞ്ഞ മട്ടിൽ  വിശദീകരിക്കുവാൻ പ്രാപ്തമാണെന്നർത്ഥം. അതുകൊണ്ട് ജീവിതത്തിൽ എല്ലാറ്റിനുമുള്ള വിശദീകരണവും പരിഹാരവും മതം നിർദ്ദേശിക്കുന്നു. എന്നാൽ ജീവിതത്തെ മാറ്റിത്തീർക്കാൻ അതൊന്നും പര്യാപ്തമാകുന്നില്ല. പകരം അവ പരസ്പരമുള്ള പോരാട്ടങ്ങളിലൂടെ ജനജീവിതത്തെ സംഘർഷകലുഷവും നരകതുല്യവുമാക്കിത്തീർക്കുന്നു. സ്ഥാപനവൽക്കരിക്കപ്പെട്ട മതം ചൂഷണത്തെ ന്യായീകരിക്കുന്നു. അതേ സമയം അതിന്റെ മതരഹിതമായ ആത്മീയത മാനവികതയുടെ കാതലായ മൂല്യ സങ്കല്പനങ്ങളെ മുഴുവൻ താലോലിക്കുന്നു. കാരുണ്യം, ദയം, സ്നേഹം, സാഹോദര്യം, നന്മ എന്നിവയെപ്പറ്റി വാചാലമാകുന്നു. അതായത് മതപരത ഇവിടെ വെച്ച്  അടിമത്ത വ്യവസ്ഥ എന്നും  വിമോചനാത്മക മൂല്യസങ്കല്പനം എന്നും രണ്ടായി പിരിയുന്നു. മതം സ്ഥാപനവൽക്കരിക്കപ്പെടുന്നിടത്ത് അത് രണ്ടായി പിളരുന്നു എന്നർത്ഥം.

           ഇവിടെ നിന്നാണ് നമ്മൾ നാരായണഗുരുവിന്റെ  ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്  എന്ന വിവരണത്തിന്റെ അർത്ഥം തേടേണ്ടത്. ഒറ്റയടിക്ക് ഗുരു നിരാകരിക്കുന്നത്  രണ്ട് സനാതന കാഴ്ചപ്പാടുകളെ ആണ്. ജാതിഭേദം പാടില്ല  എന്നു പറയുന്നതിനു  ജാതി വിവേചനം പാടില്ല എന്നും വിവേചനമില്ലാത്ത ജാതിബോധം ആവാമെന്നും അർത്ഥമില്ലല്ലോ.   അതുകൊണ്ട് അത് ജാതിനിഷേധം തന്നെയാണ് എന്നു കാണാം. അതു പോലെ  മതദ്വേഷം പാടില്ല എന്നു പറയുന്നിടത്തും ഗുരു മതദ്വേഷം പാടില്ലെന്നേയുള്ളു മതം  ആവാം എന്നും ഉദ്ദേശിച്ചിട്ടില്ല. ഇത്  പിന്നീട് അദ്ദേഹം  1916-ൽ  ആലുവാ അദ്വൈതാശ്രമത്തിൽ നിന്ന് പുറപ്പെടുവിക്കുകയും പ്രബുദ്ധകേരളം മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ഒരു വിളംബരത്തിൽ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവൽസരങ്ങൾ കഴിഞ്ഞിരിക്കുന്നുഎന്നു തുടങ്ങുന്ന ആ വിളംബരം അസന്നിഗ്ദ്ധമായി നാം പ്രത്യേക ജാതിയിലോ മതത്തിലോ  ഉൾപ്പെടുന്നില്ലഎന്ന്  അടുത്ത ഖണ്ഡികയിൽ  വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രസ്താവനയോടു കൂടി അദ്ദേഹം ഒരു പ്രത്യേകവർഗ്ഗക്കാരുടെ  സാമൂഹിക ഗുരു പദവിൽനിന്ന്  സ്വയം പുറത്തുകടക്കുക മാത്രമല്ല ഇന്ത്യയിൽത്തന്നെ നിലവിലുള്ള ജാതി മത ചിന്തകളെ മുഴുവൻ തള്ളിക്കളയുകയുമാണ് ചെയ്യുന്നത്.  അതിനാൽ ശ്രീനാരായണനെ ഒരു ജാതി പരിഷ്കരണപ്രസ്ഥാനത്തിന്റെയോ മതനവീകരണ പ്രസ്ഥാനത്തിന്റെയോ  വക്താവായി നമുക്ക്  മുദ്രകുത്താൻ കഴിയുകയില്ല. ഇ എം എസ് പറയുന്നതു പോലെ അദ്ദേഹം ഈഴവനായ നാരായണഗുരുവോ ബ്രാഹ്മണരെ ആശ്രയിക്കാതെ സ്വന്തം കാലിന്മേൽ നിന്നുകൊണ്ടു തന്നെ ഈഴവർക്ക് ഈശ്വരാരാധന നടത്തക്കത്തക്ക ക്ഷേത്രങ്ങൾഉണ്ടാക്കിയ ആളും കണ്ണൂർ മുതൽ കൊല്ലം വരെ ഹിന്ദുമതാചാരപ്രകാരം ഈഴവശാന്തിക്കാരെസൃഷ്ടിച്ച (കേരളം മലയാളികളുടെ മാതൃഭൂമി. 2009: പു.248) ആളുമായിരുന്നില്ല. ജാതിയോ മതമോ ഇല്ലാതെ സർവർക്കും ആരാധന നടത്താവുന്ന ആത്മീയതയുടെ  പൊതു ഇടം ആണ് ഗുരു നിർമ്മിച്ചത്.   ഒരു തലതിരിഞ്ഞ ലോകബോധത്തിന്റെ ഉല്പന്നമാണ് മതജാതി ഭേദങ്ങൾ എന്നദ്ദേഹം തിരിച്ചറിയുകയും   ദൈവം എന്നത് മനുഷ്യന്റെ തന്നെ ഒരു  പ്രതീതിബോധമാണെന്നു മനസ്സിലാക്കുകയും മനുഷ്യൻ തന്നെയാണ് ദൈവം എന്ന അദ്വൈത ചിന്ത തിരിച്ചു പിടിക്കുകയും ചെയ്തു. സനാതന മതവും ബാഹ്മണ്യവും ചേർന്ന് കളങ്കപ്പെടുത്തി ജാതിമതചിന്തകളിൽ അലിയിച്ചു കളഞ്ഞ അദ്വൈതബോധം , മനുഷ്യനും  പ്രകൃതിയും ദൈവവും എല്ലാം ഒന്നു തന്നെ എന്ന സമഗ്രദർശനം മുന്നോട്ട് വെയ്ക്കുകയും ചെയ്തു.   പ്രകൃതി മനുഷ്യന്റെ അജൈവിക ശരീരമാണ്എന്ന് മാർക്സ്  പറയുമ്പോൾ അദ്ദേഹം സ്പർശിക്കുന്നത്  ആന്തരികമായ ഈ അദ്വൈതബോധത്തെ തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. മനുഷ്യനും പ്രകൃതിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ടെങ്കിലും അവ അടിസ്ഥാനപരമായി ഒരേ ശരീരം തന്നെ എന്ന് മാർക്സ് പറയുന്നു. ഇവിടെ മനുഷ്യനും ജീവജാലങ്ങളും എല്ലാം ഒരേ ശരീരമാകുന്നു. മനുഷ്യരുടെ ജീവിവർഗസ്വഭാവം എന്ന് മാർക്സ് പറയുന്നത് ഈ സ്വഭാവമാണ് മറ്റു ജീവിവർഗങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഒരേയൊരു ജീവി മനുഷ്യനാണെന്ന് മാർക്സ് കണ്ടെത്തി. നാരായണഗുരു അതിനെ അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം എന്ന് ഭാഷപ്പെടുത്തുന്നു.  ഇത് വലിയൊരു പാരിസ്ഥിതികബോധവും കൂടിയാണ്.  ഇത് നാരായണഗുരുവിൽ  എത്തുമ്പോൾ  നീയല്ലോ ദൈവമേ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിക്കുള്ള സാമഗ്രിയായതുംഎന്ന്  ദൈവദശകത്തിൽ  സമ്പൂർണ്ണ പ്രപഞ്ചദർശനമായി മാറുന്നത് കാണാം. ഇവിടെ നീഎന്നത് തത്ത്വമസ്സിയിലെയും കണ്ണാടി പ്രതിഷ്ഠയിലേയും മനുഷ്യൻ കൂടിയാകുന്നു എന്നിടത്താണ് കേവല സാമ്യം തത്ത്വശാസ്ത്രപരമായ അടുപ്പമായി മാറുന്നത്.   മാർക്സ് അവസാനിപ്പിക്കുന്നിടത്തു നിന്ന് നാരായണഗുരു  മനുഷ്യമഹത്വത്തിന്റെ മുഴുവൻ കീർത്തനങ്ങളും ഒന്നിച്ചു പാടുന്നത് ദൈവദശകത്തിൽ കാണാം. സ്രഷ്ടാവ് തന്നെ നീയാണെന്ന് ഗുരു പറഞ്ഞ സ്ഥിതിക്ക് മനുഷ്യൻ ദൈവമാണെന്നാണർത്ഥം. അപ്പോൾ ദൈവദശകം   എന്നത് മനുഷ്യദശകവും കൂടി  ആയി മാറും.  ദൈവത്തിന്റെ എല്ലാ സ്വത്വവും മനുഷ്യന്റേതു കൂടിയായി മാറും. അങ്ങനെ മനുഷ്യൻ അവന്റെ/അവളുടെ തന്നെ വിധി നിർണ്ണയിക്കുന്ന ദൈവമാകും. മനുഷ്യനാണ് മനദണ്ഡമെന്ന  പ്രോട്ടഗോറസിന്റെയും മനുഷ്യനാണ് മനുഷ്യവർഗത്തിന്റെ വേര്  എന്ന മാർക്സിന്റെയും കാഴ്ചപ്പാടുകൾ  നാരായണഗുരുവിൽ ഈ വിധത്തിൽ സംഗമിക്കുന്നത് കാണാം.  ഈ സന്ദർഭത്തിലാണ് നാം  ഒരു ജാതി മതം ഒരു ദൈവം മനുഷ്യന്  എന്ന  ദർശനത്തിന്റെ  വ്യാഖ്യാനം അന്വേഷിക്കേണ്ടത്. ഒരു ജാതി എന്നത് ഈഴവനല്ലാത്ത പോലെ ഒരു മതം എന്നത് ഹിന്ദുമതവും അല്ല എന്ന് കാണാം. കാരണം ഗുരു അതിനെ രണ്ടിനേയും സംവൽസരങ്ങൾക്കു മുൻപേ ഉപേക്ഷിച്ചു കളഞ്ഞിരുന്നല്ലോ.  ഒരു ദൈവം മുപ്പത്തിമുക്കോടി ദൈവങ്ങളിലൊന്നോ നാരായണഗുരു തന്നെയോ അല്ല.  അത് മനുഷ്യൻ തന്നെയാണ്. മനുഷ്യൻ തന്നെ ആണ് അവന്റെ/അവളുടെ (ആൺ-പെൺ) ജാതിയും മതവും (അഭിപ്രായവും)  ദൈവവും  എന്ന കാഴ്ചപ്പാടിന്റെ മൂർത്തീകരണമാണ്  മതമേതായാലും മനുഷ്യൻ നന്നായാൽ മതി  എന്ന ദർശനമായി വികസിക്കുന്നത്.  മനുഷ്യന്റെ ജാതി എന്നത് മനുഷ്യത്വം തന്നെയാണെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. ആ സ്ഥിതിക്ക് അത് കേരളാമാർക്സിസ്റ്റുകൾ കണ്ടെത്തിയതുപോലെ ഈഴവജാതിയല്ല. ജാതിനിർണ്ണയം, ജാതിലക്ഷണം എന്നീ സാമൂഹ്യവിചാര കൃതികളിൽ ഇത് ഗുരു സ്പഷ്ടമാക്കിയിട്ടുണ്ട്.

                       മനുഷ്യാണാം മനുഷ്യത്വം  ജാതിർ

                        ഗോത്വം ഗവാം യഥാഎന്ന് സംസ്കൃതത്തിലും ഇത് എഴുതി വെച്ചിട്ടുണ്ട്. എന്നാൽ ഗുരുവിന്റെ  പിൻഗാമികളെ പോലെ  കേരളത്തിലെ പല ജാതി മാർക്സിസ്റ്റുകൾക്കും ഇത് കാണാൻ കഴിഞ്ഞില്ല.

           ഇനി മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നതിലെ മതമേതായാലും വേണ്ടില്ല എന്ന മതപരതയെ സംബന്ധിച്ച ഉദാസീനതയെ ആണ് നാം പരിശോധിക്കേണ്ടത്.  ഈ ഉദാസീനതയെ ആണ് മതേതരത്വം എന്നു വിളിക്കേണ്ടിയിരുന്നത്.  വാസ്തവത്തിൽ മതം അപ്രസക്തമാണെന്നും മനുഷ്യനാവലാണ് പ്രധാനം എന്നുമുള്ള നാരായണഗുരുവിന്റെ ദർശമാണ് ഇന്ത്യൻ മതേതരത്വത്തിന്റെ കാതലായി വർത്തിക്കേണ്ടിയിരുന്നത്. പകരം മതപരമായ വീതം വെയ്പുകളെ മതേതരത്വമെന്ന് വിവക്ഷിക്കുന്ന തലതിരിഞ്ഞ കാഴ്ചപ്പാട് പിന്തുടരുകയാണ് ഇന്ത്യൻ ആധുനികത ചെയ്തത്. സ്ഥാപനവത്കരിക്കപ്പെട്ട മതത്തെ സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ് :  രാജ്യങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലുമുള്ള ശണ്ഠ ഒന്ന് മറ്റൊന്നിനെ തോല്പിക്കുമ്പോൾ അവസാനിക്കും. മതങ്ങൾ തമ്മിൽ പൊരുതിയാൽ ഒടുങ്ങാത്തതുകൊണ്ട് ഒന്നിനു മറ്റൊന്നിനെ തോല്പിക്കാൻ കഴിയില്ല. ഈ മതപ്പോരിനു അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടു കൂടി എല്ലാമതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്ത്വങ്ങളിൽ അവയ്ക്കു തമ്മിൽ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണ്.  അങ്ങനെ വെളിപ്പെട്ടുകിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതംഎന്ന് നാരായണഗുരു  അർത്ഥശങ്കയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഗുരുവിനെ ആണ് ആനയെ കണ്ട അന്ധനെ പോലെ കേവല ഹിന്ദു സന്ന്യാസിയും ഈഴവ സമുദായ പരിഷ്കർത്താവുമായി ഇ എം എസ് വായിച്ചത്.

   മാർട്ടിൽ ലൂഥറിനെ വിലയിരുത്തിയപ്പോൾ മാർക്സ്  ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: ലൂതർ ഭക്തിയുടെ ബന്ധനത്തിൽനിന്ന് പുറത്ത് ചാടിയത് തൽസ്ഥാനത്ത് വിശ്വാസത്തിന്റെ ബന്ധനത്തെ അവരോധിച്ചു കൊണ്ടാണ്. അദ്ദേഹം അധികാരത്തിലുള്ള വിശ്വാസത്തെ തകർത്തു; കാരണം അദ്ദേഹം വിശ്വാസത്തിന്റെ അധികാരം പുനഃസ്ഥാപിച്ചു. അദ്ദേഹം പുരോഹിതന്മാരെ സാധാരണക്കാരാക്കി; കാരണം, സാധാരണക്കാരെ അദ്ദേഹം പുരോഹിതന്മാരാക്കി. ബാഹ്യമായ മതനിഷ്ഠയിൽ നിന്ന് അദ്ദേഹം മനുഷ്യനെ വിമുക്തനാക്കി; കാരണം,മതനിഷ്ഠയെ അദ്ദേഹം ആന്തരിക മനുഷ്യനാക്കി. അദ്ദേഹം ശരീരത്തിന്റെ ചങ്ങലക്കെട്ടഴിച്ചു മാറ്റി; കാരണം, ഹൃദയത്തെ അദ്ദേഹം ചങ്ങലക്കിട്ടു.  പ്രൊട്ടസ്റ്റന്റുമതം പ്രശ്നത്തിനുള്ള ശരിയായ പരിഹാരമായിരുന്നില്ലെങ്കിലും  അത് ആ പ്രശ്നങ്ങൾ ശരിയായി ഉന്നയിക്കുകയെങ്കിലും ചെയ്തു. ആശയവാദപരവും മതനവീകരണപരവുമായ കാഴ്ചപ്പാടുകൾ കൊണ്ട് സമൂഹത്തെ തിരുത്താൻ കഴിഞ്ഞാലും അടിമുടി മാറ്റിത്തീർക്കാൻ കഴിയുകയില്ലെന്നാണ് മാർക്സ് കരുതുന്നത്. ഇങ്ങനെ ശരിയായി ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളിൽ നിന്നാണ് മാർക്സ് തന്നെയും  തന്റെ ചിന്തകളും പ്രയോഗങ്ങളും പടുത്തുയർത്തിയത്  എന്നു കാണാം. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്:   അന്ന് ഈ വിപ്ലവത്തിന്റെ ആരംഭം ഒരു പാതിരിയുടെ മസ്തിഷ്കത്തിൽ നിന്നായിരുന്നു എന്നതുപോലെ ഇന്ന് അതാരംഭിക്കുന്നത് ഒരു ഒരു തത്ത്വജ്ഞാനിയുടെ മസ്തിഷ്കത്തിൽ നിന്നാണ്എന്ന്.

          യൂറോപ്പിൽ ഈ തത്വജ്ഞാനികളിലൊരാൾ  കാറൽ മാർക്സ് തന്നെ ആയിരുന്നതുപോലെ കേരളത്തിൽ അത് നാരായണഗുരു ആയിരുന്നു. കാരണം ഗുരുവിനു മുൻപുള്ള നൂറ്റാണ്ടുകളിൽ ഭക്തിപ്രസ്ഥാനം ഇവിടെയും പ്രൊട്ടസ്റ്റന്റ് സഭ അവിടേയും  മുന്നോട്ട് വെച്ച  ഭക്തിവിശ്വാസ പരിഷ്കരണങ്ങളുടെ പ്രശ്നപരിഹാര ശേഷിയില്ലായ്മയിൽ നിന്നാണ് പടിഞ്ഞാറ് മാർക്സും ഇവിടെ നാരായണഗുരുവും സവിശേഷ മസ്തിഷ്കമുള്ള തത്ത്വജ്ഞാനികളായി രംഗപ്രവേശം ചെയ്തത്. എന്നാൽ നാരായണഗുരുവിൽ ഒരു തത്ത്വജ്ഞാനിയെ പോലെ തന്നെ  ഒരു സന്ന്യാസിയും ഉണ്ടായിരുന്നു.   സന്ന്യാസി പുരോഹിതനല്ല എന്നും ഓർക്കണം. ഈ  വസ്തുത മനസിലാക്കുന്നതിൽ നമ്മുടെ നാട്ടിലെ മാർക്സിസ്റ്റുകൾ പരാജയപ്പെട്ടതാണ് കേരള നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്വാഭാവിക  പിന്തുടർച്ചക്കാർ എന്ന പദവി കമ്യൂണിസ്റ്റുകാർക്ക് നഷ്ടപ്പെടുത്തിക്കളഞ്ഞത്. കാൾ മാർക്സിന്റെയും നാരായണ ഗുരുവിന്റെയും ചിന്തകൾ തമ്മിലുണ്ടായിരുന്ന ഈ അസാധാരണമായ സാമ്യതകൾ ഔദ്യോഗിക മാർക്സിസ്റ്റുകൾ കണ്ടു എന്നുപോലും  കരുതാനാവില്ല.  ഇ എം എസ് നമ്പൂതിരിപ്പാട് ഇങ്ങനെ ഈഴവനായ  നാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിയിട്ടുള്ളത് നോക്കുക:  അതേവരെ ബ്രാഹ്മണന്റെ കുത്തകയായിരുന്ന ആത്മീയ ചിന്ത ഈഴവനും ആകാമെന്നും എത്ര ഉയർന്ന ബ്രാഹ്മണനേയും പോലെ ഈഴവനും സന്ന്യാസം സ്വീകരിച്ച് ആത്മീയ ജീവിതം നയിക്കാമെന്നും ബ്രാഹ്മണനെ ആശ്രയിക്കാതെ തന്നെ സ്വന്തം കാലിന്മേൽ നിന്നുകൊണ്ടു തന്നെ  ഈഴവർക്ക് ഈശ്വരാരാധന നടത്തത്തക്ക ക്ഷേത്രങ്ങൾ ഉണ്ടാക്കാമെന്നും പ്രായോഗിക ജീവിതം മുഖേന കാണിച്ച സ്വാമിജിയിൽ നിന്നും കിട്ടിയതുപോലെ ഭയങ്കരമായ ഒരടി ഇതിനു മുൻപ് കേരളത്തിലെ ജാതിമേധാവിത്വത്തിനു കിട്ടിയിട്ടില്ല   കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തിലാണ് ഈഴവകേന്ദ്രീകൃതനായഗുരുവിനെപ്പറ്റിയുള്ള  ഈ നിരീക്ഷണം നടത്തിയിട്ടുള്ളത്. ഇതിലെ  മൗലികമായ ഒരു തെറ്റ്  ഇ എം എസ്  ശ്രീനാരായണനെ ഈഴവരുമായി  ഈ ഒറ്റഖണ്ഡികയിൽ തന്നെ പലവട്ടം കൂട്ടിക്കെട്ടി  ആവർത്തിച്ചാവർത്തിച്ച് അക്കാര്യം ഉറപ്പിച്ചെടുക്കുന്നു എന്നതാണ്.  അതായത്  നാരായണഗുരു ഒരു ഈഴവ സമുദായ പരിഷ്കർത്താവാണെന്നു വരുത്തിത്തീർക്കാനുള്ള നീക്കം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്എന്ന ക്ഷേത്രമതിലിൽ എഴുതി വെച്ച ഒരാളുടെ പിന്മുറക്കാരെക്കൊണ്ട് അദ്ദേഹം ഒരു ഈഴവക്ഷേത്ര നിർമ്മാതാവായിരുന്നു   എന്ന് വായിപ്പിക്കുന്ന ഈ യുക്തി  അപകടകരമല്ലേഅതായത് ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും , അവയുടെ മീതെ ഉയർന്നുവന്നത് സാമൂഹ്യസമത്വമെന്ന കെട്ടിടമാണ്; ആദ്ധ്യാത്മികചിന്തയുടെ വിത്താണദ്ദേഹം പാകിയതെങ്കിലും , മുളച്ചുവന്നത്  സാമൂഹ്യ രാഷ്ട്രീയാവകാശവാദമാണ്; ആർഷ സംസ്കാരത്തിന്റെ സന്ദേശമാണദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും അത് ശ്രോതാക്കളുടെ ചെവിയിൽ ചെന്നലച്ചത് സ്വാതന്ത്ര്യം , സമത്വം, സാഹോദര്യമെന്ന പാശ്ചാത്യ നവീന സന്ദേശമായിട്ടാണ്എന്ന് ഗുരുവിനെ  ഹിന്ദു സന്യാസിയും ആദ്ധ്യാത്മിക ചിന്തകനും  ആർഷഭാരത വക്താവും  ആക്കി ചുരുക്കിക്കെട്ടുക എന്ന വായനാതന്ത്രം ഇ എം എസ് ഉപയോഗിക്കുന്നു. ഗുരു ഒന്നു പറയുകയും കേരളം മറ്റൊന്നു കേൾക്കുകയും ചെയ്യുകയും പ്രതികരിക്കുകയും ചെയ്തു എന്നാണല്ലോ മേൽപ്പറഞ്ഞതിന്റെ  അർത്ഥം. എന്നാൽ ഇത് തെറ്റാണ്. അദ്ദേഹം സന്ന്യാസിയായിരുന്നു, പക്ഷേ ഹിന്ദു സന്ന്യാസിയായിരുന്നില്ല. മതമില്ലെന്ന് പറഞ്ഞ അദ്ദേഹം ഹിന്ദു ആകുന്നതെങ്ങനെ? ഇന്ത്യയിലെ ഹിന്ദു, ബുദ്ധ, ജൈന പാരമ്പര്യങ്ങളിൽ നിന്ന് തത്ത്വമുൾക്കൊണ്ട സ്വതന്ത്രമായ ഒരാധുനിക സന്ന്യാസി സമൂഹത്തിന്റെ സ്രഷ്ടാവായിരുന്നു അദ്ദേഹം. രണ്ടാമത് അദ്ദേഹം ആർഷഭാരത വക്താവും ആയിരുന്നില്ല.  ആർഷഭാരതം തന്നെ അനേക ധാരകളുള്ള ചിന്താപദ്ധതികളായിരുന്നു. അതിന്റെ യാഗ-യജ്ഞ-ഹോമാദികളിലൊന്നും അദ്ദേഹം മുഴുകിയിട്ടില്ല. ആകെ സ്വീകരിച്ചിട്ടുള്ളത് അദ്വൈതം എന്ന ഉപനിഷദ് ആശയമാണ്. മൂന്നാമത് അദ്ദേഹം ആദ്ധ്യാത്മിക ചിന്തകളിൽ മാത്രമല്ല സാമൂഹ്യചിന്തകളിലും അത്ര തന്നെ ആഴത്തിൽ മുഴുകി. എന്നു മാത്രമല്ല  ആദ്ധ്യാത്മിക-സാമൂഹ്യ സിദ്ധാന്തങ്ങൾ  ലോകത്ത് പ്രയോഗിക്കേണ്ടതാണെന്ന  മാർക്സിയൻ  പ്രാക്സിസ്  തന്നെ അദ്ദേഹം പിന്തുടർന്നു. ബ്രാഹ്മണ-ഹൈന്ദവേതര ക്ഷേത്രങ്ങൾ  നിർമ്മിക്കുന്നത് ഒരു ഘട്ടത്തിൽ നിർത്തിയിട്ട്, ബാസൽ മിഷൻ പ്രവർത്തനങ്ങളിൽ നിന്ന് കൂടി പ്രചോദമുൾക്കൊണ്ടു കൊണ്ട് ഇനി നമുക്ക് വിദ്യാലയങ്ങളും വ്യവസായ ശാലകളുമാണ് വേണ്ടത്എന്ന് കണ്ടെത്തുകയും അത് പ്രയോഗത്തിൽ വരുത്താൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതൊക്കെ അദ്ദേഹം തന്നെ പറഞ്ഞതും പ്രവർത്തിച്ചതുമാണ്.  ശിവഗിരി തീർത്ഥാടനം തന്നെ ഈ ലക്ഷ്യങ്ങളെ ആണ് ആദ്യകാലത്ത് ലക്ഷ്യം വെച്ചിരുന്നത്.  ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്എന്ന് 1888 –ൽ ഒരു മതിലിന്മേൽ എഴുതി വെച്ച സ്വാമിജി തന്നെയാണ് കേരളത്തിൽ സർവരുടേയും സാഹോദര്യവും ഭേദമില്ലായ്മയും എന്ന,   സ്വാതന്ത്ര്യം , സമത്വം, സാഹോദര്യമെന്ന ആശയവും  പ്രചരിപ്പിച്ചത്. സ്വന്തമായി ശിവപ്രതിഷ്ഠ നടത്തിയശേഷം നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്  എന്നു പ്രഖ്യാപിച്ച  പ്രഖ്യാപനമാണ് കേരളം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യപ്രഖ്യാപനം.  അതിനൊപ്പമോ  മീതെയോ വല്ലതും നില്പുണ്ടെങ്കിൽ അത്  ചാന്നാർ സ്ത്രീകൾ നടത്തിയ സമരവും അയ്യങ്കാളിയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വില്ലുവണ്ടി യാത്രയും മാത്രമാണ്.

          മതേതരത്വം എന്ന ആശയം പോലും ശ്രീനാരായണനാണ് ആദ്യമായി  ഉന്നയിച്ചതും  ആലുവാ സർവമത സമ്മേളനത്തിൽപ്രയോഗിച്ച് കാണിച്ചതും അപ്പോൾ ഗുരു പറഞ്ഞതും കേരളം കേട്ടതും ഒന്നു തന്നെയായിരുന്നു എന്നർത്ഥം. പക്ഷേ ഇ എം എസിന്റെ കാഴ്ചപ്പാടിൽ  എല്ലാം സ്വാഭാവികമായി ഉയർന്നു വരികയും മുളച്ചു പൊന്തുകയുമായിരുന്നു.  വിത്തിട്ടതും അതേ വിത്തു തന്നെ  മുളപ്പിച്ചതും ശ്രീനാരായണൻ  ആയിരുന്നു എന്ന് അംഗീകരിക്കാൻ അദ്ദേഹത്തിന്റെ ബുദ്ധിയും സാമുദായിക മുൻ വിധികളും  അദ്ദേഹത്തെ അനുവദിച്ചില്ല.

          അത്ര ആവേശകരമായ മറ്റൊരു മാതൃക ഈഴവരോ മറ്റവശസമുദായങ്ങളോ ഇതിനു മുൻപ് കണ്ടിട്ടില്ല. എന്ന് ഗുരുവിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് ഈ വിഭാഗീയവത്കരണം നടത്തുന്നത് എന്നുള്ളതാണ് ശരിക്കും കൗടില്യം. സകലജാതികൾക്കും ശാന്തിപ്പണി പഠിപ്പിക്കുകയും ശാന്തിപ്പണി ചെയ്യാൻ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തഗുരു നിർമ്മിത ക്ഷേത്രങ്ങളെ ഈഴവ ശാന്തിക്കാരുടെ ഈഴവക്ഷേത്രങ്ങളാക്കി ഈ ചരിത്രകാരൻ മാറ്റിത്തീർത്തു. (പില്ക്കാലത്ത് എസ് എൻ ഡി പിക്കാർ അവരുടെ ഇടപെടലിലൂടെ അത് യാഥാർത്ഥ്യവുമാക്കിയിട്ടുമുണ്ട്). ഒരിക്കലൊഴികെ മറ്റൊരിക്കലും നേരിട്ട്  ഏറ്റുമുട്ടാതിരുന്ന ബ്രാഹ്മണരെ  നാരായണ ഗുരു ശത്രുപക്ഷത്ത് നിർത്തി എന്ന് പറയുന്നു. ബ്രാഹ്മണർ  എന്ന പേരുപോലും അനാവശ്യമായി എവിടെയെങ്കിലും ഗുരു പറഞ്ഞിരുന്നോ എന്ന് സംശയമാണ്. ഈഴവരെ പോലും  ഒരു പ്രത്യേക വർഗ്ഗക്കാർ  എന്ന് ഒരു ഘട്ടത്തിൽ തള്ളിക്കളഞ്ഞ ശ്രീനാരായണനു ബ്രാഹ്മണരോട് ജാതിപരമായ എന്തോ വൈരമുണ്ടായിരുന്നു എന്ന് ഇ എം എസ് പറയുന്നതിനു അടിസ്ഥാനമേ ഇല്ല.  മറിച്ച് ഒരു മതേതര സാമൂഹ്യ തത്ത്വജ്ഞാനിയുടെ  റോളിൽ നിന്ന് നാരായണഗുരുവിനെ താഴേക്ക് വലിച്ചിടുകയും , ഒരു   ഈഴവ സന്ന്യാസിയും സമുദായ പരിഷ്കർത്താവുമാക്കി മാറ്റി. നാരായണ ഗുരുവിന്റെ സ്വാഭാവിക പിന്തുടർച്ചക്കാരല്ല കമ്യൂണിസ്റ്റുകാരെന്ന്  വരുത്തിത്തീർക്കുകയും ചെയ്യാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്. അങ്ങനെ വേണം കരുതാൻ. അതുകൊണ്ടാണ്   ഗുരു ആർഷഭാരത സംസ്കാരത്തിന്റെ സന്ദേശങ്ങളാണ് പ്രചരിപ്പിച്ചത്  എന്നും മഠങ്ങളും ക്ഷേത്രങ്ങളുമാണ് സ്ഥാപിച്ചതെന്നും  ആദ്ധ്യാത്മിക ചിന്തയുടെ വിത്താണ് വിതച്ചതെന്നും  ഇ എം എസ്  പറഞ്ഞു സ്ഥാപിച്ചത്. ഇതു തന്നെയാണ് ഇന്ന് കേരളത്തിൽ ആർ എസ് എസും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നുള്ളതാണ് നമ്മെ ഞെട്ടിക്കുന്ന മറ്റൊരു പരമാർത്ഥം. ഇ എം എസും ആർ എസ് എസും പറഞ്ഞത് അടിസ്ഥാനപരമായി ഒരേ കാര്യമല്ലെങ്കിലും രണ്ട് പേരും തുടങ്ങുന്നത് ഒരേ ചിന്തയിൽ നിന്നാണെന്നുള്ളത് കൗതുകകരമാണ്. 

          മറ്റൊന്നു ശ്രീനാരായണന്റെ പിന്തുർച്ചാവകാശം അദ്ദേഹംതന്നെ എന്നോ കൈയ്യൊഴിഞ്ഞുകളഞ്ഞ  എസ്. എൻ. ഡി. പിക്കാർക്ക് വിട്ടുകൊടുക്കുകയും അദ്ദേഹത്തെ ഈഴവസന്ന്യാസിയാക്കിയാക്കി ചുരുക്കിക്കളയുകയും ചെയ്തു എന്നതാണ്. പൊതു ഇടങ്ങളിൽ നിന്ന് ശ്രീനാരായണൻ ആട്ടിയോടിക്കപ്പെട്ടത് അങ്ങനെയാണ്. ഒരു സർവകലാശയോ സാമൂഹ്യ സ്ഥാപനമോ വിദ്യാകേന്ദ്രമോ സർക്കാർ അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്യുകപോലും ഉണ്ടായില്ല എന്നത് ഗുരുവിനെ ബോധപൂർവം ഈഴവവൽക്കരിച്ചതിന്റെ പ്രത്യക്ഷമായ പരിണതി കൂടിയാണ്. പാഠപുസ്തകങ്ങളിൽ അദ്ദേഹം അവഗണിക്കപ്പെട്ടു.  ഇന്ന് കേരളീയ പൊതു സമൂഹം നേരിടുന്ന നവോത്ഥാന രംഗത്തെ തിരിച്ചടികൾക്കെല്ലാം പിന്നിലുള്ള യഥാർത്ഥ ബൗദ്ധിക കാരണം ഇ എം എസ് അടക്കമുള്ള അംഗീകൃത മാർക്സിസ്റ്റ് ബുദ്ധിജീവികൾ സ്വീകരിച്ച വിഭാഗീയ നിലപാടുകൾ ആണെന്നു കാണാം. കാരണം കഴിഞ്ഞ 75 വർഷമായി അവർക്കാണല്ലോ കേരളത്തിന്റെ ബൗദ്ധിക നേതൃത്വം ഉണ്ടായിരുന്നത്.  നമ്മുടെ നവോത്ഥാനത്തെ  ഒരു ഹിന്ദുമത -ജാതി നവോത്ഥാനമാക്കി വെട്ടിച്ചുരുക്കിയ ആ ബൗദ്ധിക പാപ്പരത്തം ആണ് ഇന്നത്തെ സകല റിവൈവലിസ്റ്റ്   ഭൂതാവേശത്തിനും കാരണമെന്നു കാണാം.  യോഗ ക്ഷേമസഭയുടെയും ഉണ്ണിനമ്പൂതിരിയുടെയും യുവജനസംഘത്തിന്റെയും പ്രവർത്തകനായി രംഗത്ത് വന്ന്, പിന്നീട് കോൺഗ്രസും കമ്യൂണിസ്റ്റുമായി, തൊഴിലാളിവർഗത്തിന്റെ ദത്തുപുത്രനായി മാറിയെന്ന് സ്വയം വിലയിരുത്തുന്ന  ഇ എം എസിനെ ബ്രാഹ്മണനവോത്ഥാന നായകൻ എന്നു വിളിക്കുന്നതുപോലുള്ള അപഹാസ്യമായ ചരിത്രവത്കരണമാണ് ഇ എം എസ്  നാരായണഗുരുവിന്റെ കാര്യത്തിൽ പ്രയോഗിച്ചത്.   ഇതാണ് ഇന്നും കേരളാ മാർക്സിസ്റ്റുകളുടേയും സി പി ഐ(എം) ന്റെയും ഇടതുപക്ഷ ബുദ്ധിജീവികളുടേയും പൊതു കാഴ്ചപ്പാടായി നില നിൽക്കുന്നത്.

        മറ്റൊന്നു കൂടി ചൂണ്ടിക്കാണിച്ചു കൊണ്ട്  ഈ കുറിപ്പ് അവസാനിപ്പിക്കാം. നാരായണ ഗുരു കേരളീയ ആധുനികതയുടെ ഒരു ധാരയെ പ്രതിനിധീകരിക്കുന്ന സാമൂഹ്യ തത്ത്വചിന്തകൻ കൂടിയാണ്. മതരഹിതമായ ആത്മീയത, വിമോചന ദൈവശാസ്ത്രം  മുതലായ ലാറ്റിൻ അമേരിക്കൻ സങ്കല്പനവുമായി ഒത്തു പോകുന്ന ഒരാൾ. കേരളത്തിൽ സംഘടന കൊണ്ട് ശക്തമാകണമെന്ന മാർക്സിയൻ ആശയം പിൻപറ്റിയ ആൾകൂടിയാണ് നാരാണയഗുരു. ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവരും സോദരന്മാരായി വാഴണമെന്ന്, ഫ്രഞ്ച് വിപ്ലവത്തിന്റെ  fraternity എന്ന ആശയത്തെ ഉയർത്തിപ്പിടിച്ച ആളാണ്. റാം മോഹൻ റോയിയേക്കാൾ ഒരു പക്ഷേ ഉയർന്ന ചിന്തകൾ അവതരിപ്പിച്ച ആൾ. ആധുനിക കേരള ചിന്തയുടെ യഥാർത്ഥ സ്രോതസ്സ് എന്ന നിലയിൽ അദ്ദേഹത്തെ വിമർശനാത്മകമായിഉൾക്കൊള്ളുകയും ആ ലെഗസിയുടെ ഭാഗമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്നതിനു പകരം ലെനിനേയും സ്റ്റാലിനേയും അന്ധമായി അനുകരിക്കുക മാത്രമാണ് സാമ്പ്രദായിക മാർക്സിസ്റ്റുകൾ ചെയ്തത്. ഇന്നും അവർ പറയുന്നത് മതരഹിത ആത്മീയതയും ഭൗതികവാദവും തമ്മിൽ ചേരില്ലെന്നാണ്.

       യാന്ത്രിക ഭൗതികവാദവും വൈരുദ്ധ്യാത്മക ഭൗതികവാദവും തമ്മിൽ ഉള്ള   അടിസ്ഥാനവ്യത്യാസം തിരിച്ചറിയാൻ പോലും പറ്റാത്ത ഒരു ബൗദ്ധിക പരിമിതി കൊണ്ടും സോവിയറ്റ് ദാസ്യം കൊണ്ടും വന്ന ഒരു പിഴവാണ് ഇത്.

       മതരഹിതമായ ഒരാത്മീയത മാർക്സിസ്റ്റ് ഫിലോസഫിയിൽ അന്തർലീനമായി കിടപ്പുണ്ട്. അത് നാം തുടക്കത്തിലേ ശ്രദ്ധിച്ച കാര്യമാണ്. അന്യന്റെ ശബ്ദം സംഗീതമായി ആസ്വദിക്കാൻ കഴിയുന്ന മനുഷ്യൻ എന്ന ആത്യന്തിക മാർക്സിയൻ മാനവനെയാണ് നമ്മൾ മതരഹിതനായ ആത്മീയൻ എന്നു പറയുന്നത്. ഇന്ത്യ പോലെ ഒരു രാജ്യത്ത് ഈ മാനവികതാ സങ്കല്പനമായിരിക്കണം വിപ്ലവാശയങ്ങളുടെ കേന്ദ്രബിന്ദുവായി വർത്തിക്കേണ്ടത്. അതായിരിക്കും ഇന്ത്യൻ മാർക്സിസത്തിന്റെ കേന്ദ്രബോധമായി വികസിക്കേണ്ടത്. മറിച്ച് (മതേതര) ആത്മീയതയെ തൊടാതെ നിങ്ങൾക്ക് ഇവിടെ ഒരു വിപ്ലവവും  സാധിക്കില്ല. 80 ലേറെ വർഷത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രം തെളിയിച്ചത് അതാണ്. വർഗീയ ഫാഷിസ്റ്റ് രാഷ്ട്രീയവും പുനരുത്ഥാനവാദവും കൊടുമ്പിരി കൊള്ളുന്ന രാഷ്ട്രീയ  സാമൂഹ്യ സാഹചര്യം ഈ അനിവാര്യ  ചരിത്ര സന്ദർഭത്തെയാണ് നിർമ്മിച്ചു വെച്ചിരിക്കുന്നതും.

Comments

comments