നിർദിഷ്ട അറബി സർവ്വകലാശാലയുമായി ബന്ധപ്പെട്ടുയരുന്ന എല്ലാ വിവാദങ്ങളിലും അപര സ്ഥാനം വഹിച്ചുകൊണ്ട് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുണ്ട്. കൗതുകകരമായ രണ്ടു തരം വാദങ്ങളാണ് പൊതുവിൽ സംസ്കൃത സർവ്വകലാശാലയുമായി ബന്ധിപ്പിച്ചുയരുന്നത്. അതിലൊന്ന് കേരളത്തിൽ കേവലം 4% ആളുകൾ മാത്രം ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്ന സംസ്കൃതത്തിന് ഒരു സർവ്വകലാശാലയുണ്ട് എന്നിരിക്കെ, 16-17 % കേരളീയർ നിത്യജീവിധായോധനത്തിനായി ബന്ധപ്പെടുന്ന അറബി ഭാഷക്ക് എന്ത് കൊണ്ട് സർവ്വകലാശാല ഉണ്ടായിക്കൂടാ എന്നതാണെങ്കിൽ രണ്ടാമത്തേത് സ്ഥാപന ലക്ഷ്യവുമായി ഒരു തരത്തിലും നീതി പുലർത്താൻ കഴിയാത്ത സംസ്കൃത സർവകലാശാല ഒരുദാഹരണമായി മുൻപിൽ നിൽക്കെ മറ്റൊരു സർവ്വകലാശാല നമുക്കെന്തിനാണ് എന്നതാണ്. ആദ്യ വാദം മുസ്ലിം സംഘടനകളിൽ നിന്നും രാഷ്ട്രീയ ഇസ് ലാമിൽ നിന്നുമാണുയരുന്നതെങ്കിൽ രണ്ടാം വാദം താരതമ്യേന മതേതര ജനാധിപത്യവാദികളിൽ നിന്നാണ്.

അവർക്കുണ്ട് അതിനാൽ ഞങ്ങൾക്കും വേണമെന്ന സിവിൽ സൊസൈറ്റിക്കകത്തെ പങ്ക് വെക്കലുകളെക്കുറിച്ച് മാത്രം ആശങ്കപ്പെടുന്ന, വർഗീയ ധ്രുവീകരണ ചായ്വുള്ള ആദ്യ വാദം തുടക്കത്തിലേ തള്ളിക്കളയേണ്ടതുണ്ട്.സംസ്കൃത സർവ്വകലാശാലയുടെ ഉദേശലക്ഷ്യവുമായി ബന്ധപ്പെട്ടുയരുന്ന രണ്ടാം വാദം അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു.

          1994 ലാണ് കാലടി സർവ്വകലാശാല സ്ഥാപിതമായത്. ഇത്തരമൊരാശയം ഉയർന്നു വന്ന ഘട്ടത്തിൽ കേരളത്തിലത് വൻ വിവാദത്തിന് വഴി മരുന്നിട്ടിരുന്നു.ഇ.എം.എസ് അടക്കമുള്ളവർ സംസ്കൃതത്തിന് സർവ്വകലാശാല എന്ന ആശയം എതിർക്കുകയാണുണ്ടായത്. ഇത്തരത്തിൽ എതിർക്കപ്പെടാൻ തക്കതായ കാരണങ്ങൾ രാമചന്ദ്രൻ നായരടക്കമുള്ളവർ അന്ന് മുൻപോട്ട് വെച്ച സങ്കൽപ്പങ്ങളിലുണ്ടായിരുന്നു താനും.ലളിതമായി പാഞ്ഞാൽ വേദപOനത്തിനും, ബ്രാഹ്മണീകരിക്കപ്പെട്ട സംസ്കൃത ജ്ഞാനസമ്പാദനത്തിനും അത് വരെ നില നിന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കുറെക്കൂടി മെച്ചപ്പെട്ട ഒന്ന് എന്നതായിരുന്നു സംസ്കൃത സർവ്വകലാശാല എന്ന ആശയം. വ്യക്തമായും ഇവിടുത്തെ രാഷ്ട്രീയ ഹിന്ദുത്വ ത്തിന്റെ ബൗദ്ധിക കേന്ദ്രമാവാനുള്ള എല്ലാ സാധ്യതകളും നില നിന്നിരുന്നു. അതിനനുയോജ്യമായ തരത്തിലായിരുന്നു കോഴ്സുകൾ ഡിസൈൻ ചെയ്തിരുന്നത്. പരമ്പരാഗതമായ സംസ്കൃതപഠനവിഷയ വിഭജനങ്ങളിൽ നിന്ന് ഒരടി പോലും മുൻപോട്ട് നീങ്ങാത്ത ഒന്ന്.

                പക്ഷെ  സംഭവിച്ചതെന്താണ്..? സർവ്വകലാശാല സ്ഥാപിതമായിക്കഴിഞ്ഞതിന് ശേഷം കേരളത്തിലെ മതേതര പൊതു സമൂഹം സർവ്വകലാശാലക്കകത്തും പുറത്തുമായി നടത്തിയ ഒരിടപെടലുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് തുടർന്ന് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ കെ.എൻ.പണിക്കരെ പോലെ ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്ര ചിന്തകരിലൊരാളെ വൈസ് ചാൻസിലറായി സ്ഥാനമേറ്റെടുപ്പിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭീഷണമായ വളർച്ച എന്നും പ്രതിരോധിച്ചു പോന്നിട്ടുള്ള കെ.എൻ.പണിക്കർ സർവ്വകലാശാല അടിമുടി പൊളിച്ചു പണിയുകയാണുണ്ടായത്. CBCS എന്ന താരതമ്യേന ശാസ്ത്രീയമായ വാല്യൂ വേഷൻ സിസ്റ്റം കേരളത്തിലാദ്യം നടപ്പാക്കുന്നത്, കൾച്ചറൽ സ്റ്റഡീസ് എന്ന പഠനശാഖക്ക് ആരംഭം കുറിക്കുന്നത്, അന്തർ വൈജ്ഞാ നിക ഗവേഷണ പദ്ധതികളിലേക്ക് മാറുന്നത് ഒക്കെ അക്കാലത്തായിരുന്നു. വളരെ പെട്ടൊന്നൊന്നും സംഘപരിവാറിന് കേന്ദ്രീകരിക്കാൻ പറ്റാത്ത തരത്തിൽ സർവ്വകലാശാലയുടെ അടിക്കല്ല് തന്നെ മാറ്റി കെ.എൻ.പണിക്കർ.

            ഇന്ന് കേരളത്തിന്റെ ഇടതു പക്ഷത്തിന്റെ ബൗദ്ധിക കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനത്താണ് കാലടി സർവ്വകലാശാല. മാർക്സിസത്തിനകത്തു നടക്കുന്ന മിക്ക സംവാദങ്ങളുടെയും പ്രഭവകേന്ദ്രം പലപ്പോഴും ഇവിടെയാണ്. സംസ്കൃതം സാഹിത്യം, വ്യാകരണം, വേദാന്തം, ന്യായം എന്നീ നാല് സ്പെഷലൈസേഷനുകളിലാണ് സംസ്കൃത ഗവേഷണങ്ങൾ നടക്കുന്നത്. മുകളിൽ പറഞ്ഞത് പോലുള്ള ഒരു അക്കാദമിക് അന്തരീക്ഷത്തിൽ എത്തരം ഗവേഷണങ്ങളാണ് നടക്കുക എന്ന് അനുമാനിക്കാമല്ലോ. ഇന്ത്യൻ ചിന്തക്കകത്തുള്ള ഭൗതിക ധാരകളെ കേന്ദ്രീകരിച്ചുള്ള ഗവേഷണ പ്രവർത്തനങ്ങൾ വികസിപ്പിക്കാനും അത് വഴി ഹിന്ദുത്വ ത്തിന്റെ സാംസ്കാരിക അധിനിവേശത്തിനെതിരെ കൗണ്ടർ ഹെജിമണിക്കായ ഒരു ജ്ഞാനത്തെ ഉയർത്തിക്കൊണ്ടുവരാനും സർവ്വകലാശാലക്ക് കഴിഞ്ഞിട്ടുണ്ട്.20 വർഷക്കാലത്തെ ചരിത്ര ജീവിതം കൊണ്ട് സംസ്കൃത പ0നത്തിലും ജ്ഞാനോത്പാദനത്തിലും ചെറുതല്ലാത്ത മാറ്റങ്ങൾ കൊണ്ട് വരാൻ സർവ്വകലാശാലയ്ക്കായിട്ടുണ്ട്.

                 എങ്കിലും, ഒരു സർവ്വകലാശാല എന്ന രീതിയിൽ സംസ്കൃതത്തെ എപ്പിസ്റ്റമോളജിക്കലി ഏതെങ്കിലും തരത്തിൽ പരിവർത്തിപ്പിക്കാൻ സർവ്വകലാശാലക്ക് കഴിഞ്ഞില്ല എന്നത് വലിയ പരിമിതിയാണ്. മുകളിൽ പറഞ്ഞ വേദാന്താദി കാര്യങ്ങളായ വിഷയ വിഭജനം തന്നെയെടുക്കാം. നിശ്ചയമായും സംസ്കൃത ചിന്തയെ സംബന്ധിച്ച് ഈ വിഷയങ്ങൾ പ്രധാനമാണ്. പക്ഷെ ഇന്ത്യൻ ജനജീവിതത്തിൽ സംസ്കൃതം ഇടപെട്ടത് വേദാന്തവും വ്യാകരണവും വഴിയാണോ. നിശ്ചയമായും അല്ല. അതിവിടുത്തെ ഭൗതിക വിജ്ഞാനം വഴിയാണ്. ആശാരിമാരും, വേലൻമാരും, കൽപ്പണിക്കാരും ഉപയോഗിച്ചിരുന്ന സംസ്ക്യത വിജ്ഞാനം, ആധുനികമായ ഒരു ജ്ഞാന ശാസ്ത്രത്തിനകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട, ബ്രാഹ്മണ വൽക്കരിക്കപ്പെട്ട സംസ്കൃത ജ്ഞാനത്തിൽ നിന്നും പിന്തള്ളപ്പെട്ട ഈ അറിവിനെ പുറത്ത് കൊണ്ട് വരാനോ, ഇടപെടാനോ സംസ്കൃത സർവ്വകലാശാലക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ അത്തരം ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് മാറ്റി നിർത്തിയാൽ.

              ഇതെന്ത് കൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തിൽ അറബി സർവ്വകലാശാലയെക്കുറിച്ച് ഇന്നുയരുന്ന വിവാദങ്ങളെ ചേർത്തുവെക്കാൻ കഴിയും.സംസ്കൃത സർവ്വകലാശാല എന്ന സങ്കൽപ്പമുയർന്ന ബാബരി മസ്ജിദാനന്തര കാലഘട്ടത്തിൽ കേരളത്തില്‍ഇതുമായി ബന്ധപെട്ട് രണ്ട് അഭിപ്രായങ്ങൾ മാത്രമായിരുന്നു ഉയര്‍ന്നിരുന്നത്. പ്രോ ഹിന്ദു – വലതുപക്ഷ സംഘടനകൾ സർവ്വകലാശാലക്കനുകൂലമായും, ഇടതുപക്ഷ മതനിരപേക്ഷ സമൂഹം സർവ്വകലാശാലയെ എതിർത്തും. ഇതിനിടയിൽ അനിവാര്യമായും സംഭവിക്കേണ്ടിയിരുന്ന വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണത്തെയും, വിമർശനാത്മക ജ്ഞാനത്തെയും, ഭൗതിക വിജ്ഞാനത്തിന്റെ വീണ്ടെടുപ്പിനേയും കുറിച്ചുള്ള ചർച്ചകൾ ഉയർന്നില്ല. ഇന്ന് അറബി സർവ്വകലാശാലയെക്കുറിച്ചുയരുന്ന വാദങ്ങളും രണ്ടെണ്ണം മാത്രമാണ്. ഇതിനിടയിൽ അറബി സർവ്വകലാശാല എന്ന സങ്കൽപ്പത്തേയും അതുയർത്തേണ്ട എതിർപരിപ്രേക്ഷ്യത്തെയും ചർച്ചക്കെടുക്കാൻ കഴിയാതെ പോവുന്നു.

അറബി സർവ്വകലാശാല പിന്തുണക്കപ്പെടേണ്ടതുണ്ട്

SKSSF, SSF തുടങ്ങി കാക്കത്തൊള്ളായിരം മുസ്ലിം സംഘടനകൾ അറബി സർവ്വകലാശാലക്കായി പ്രക്ഷോഭരംഗത്തേക്കിറങ്ങാൻ പോവുകയാണ്. സംസ്കൃതത്തിന് സർവ്വകലാശാലയുണ്ട് അത് കൊണ്ട് ഞങ്ങൾക്കുമെന്ന് വാദിക്കുന്ന ഇവർ വാസ്തവത്തിൽ തങ്ങൾ എതിർക്കാൻ ശ്രമിക്കുന്ന വാദത്തെ അകമേ പേറുകയാണ്. ഭാഷക്ക് മതമില്ല എന്നാണല്ലേ സയ്യിദ് മുനവ്വറലി തങ്ങൾ മാതൃഭൂമിയിലെഴുതിയത്. അത് വസ്തുതയുമാണ്.ഒരു ഭാഷക്ക് ഒരു മതം കൽപിച്ചു കൊടുക്കുന്നത് മിതമായി പറഞ്ഞാൽ മര്യാദകേടാണ്. മതത്തിന് ഭാഷയുണ്ട്. പക്ഷേ ഭാഷക്ക് മതനിരപേക്ഷമായ ഒരു ചരിത്ര ജീവിതമുണ്ട്. വേദഭാഷയും ദൈവിക ഭാഷയുമൊക്കെ മതാത്മക സങ്കൽപ്പങ്ങൾ മാത്രമാണ്. ഏറ്റവും അടിസ്ഥാന വർഗത്തിന്റെ ഉപയോഗത്തിലൂടെയാണ് ഭാഷ വളർന്നതും പരിണമിച്ചതും. ഒരു ഭാഷയും ഒരു മതത്തിന്റെയും സ്വന്തമല്ല. സംസ്കൃതം vs അറബി ഫോർമുല എന്താണോ നമ്മൾ ഭയപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ വളർച്ചക്ക് മാത്രമാണ് സഹായകരമാവുക.

പ്രോ മുസ്ലിം സംഘടനകൾ സർവ്വകലാശാല ക്കായി മുന്നോട്ട് വെക്കുന്ന മറ്റൊരാവശ്യം അതിനെക്കാൾ കൗതുകകരമാണ്. അത് ഗൾഫിലേക്ക് ജോലി സംബന്ധമായി പോകുന്നവർക്ക് ഭാഷാ പഠനത്തിന് ഈ സർവ്വകലാശാല സഹായകരമാവും എന്നതാണ്. അക്കാദമിക് വ്യവഹാരം എന്താവണം എന്തായിരിക്കണം എന്ന് യാതൊരു പിടിയുമില്ലാത്ത കേന്ദ്രങ്ങളാണ് ഇത്തരം അബദ്ധവാദങ്ങളുന്നയിക്കുന്നത്. ഭാഷ പഠിക്കാനുള്ള ഒരു സ്ഥാപനമല്ല, ആയിരിക്കരുത് സർവ്വകലാശാല. അതിന് ഒരു സ്പോക്കൺ അറബിക് ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങിയാൽ മാത്രം മതി. MA അറബിക് പഠിക്കാൻ ഇന്നുള്ള സ്ഥാപനങ്ങൾ തന്നെ ധാരാളവുമാണ്.പിന്നെ എന്ത് കൊണ്ട് അറബി സർവ്വകലാശാല പിന്താങ്ങണം. അവിടെയാണ് മൂന്നാമതൊരു വീക്ഷണത്തിന്റെ പ്രസക്തിയുള്ളത്.

നിയോലിബറൽ കാലഘട്ടത്തിലെ ഉന്നത വിദ്യാഭ്യാസം

എന്താണ് നിയോലിബറൽ മൂലധനം ഉന്നത വിദ്യാഭ്യാസത്തിൽ നടത്തുന്ന ഇടപെടലുകൾ. ലളിതമായി പറഞ്ഞാൽ കച്ചവടവത്കരണമാണ്. ദരിദ്രനെയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരെയും ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പുറത്താക്കുക എന്നത് നിയോലിബറലിസത്തിന്റെ പ്രത്യക്ഷ യുക്തിയാണ്. വാജ്പേയി സർക്കാരിന്റെ കാലത്ത് കുമരമംഗലം ബിർളയും മുകേഷ് അംബാനിയും ചേർന്ന് തയ്യാറാക്കിയ ഉന്നത വിദ്യാഭ്യാസ റിപ്പോർട്ടിൽ ഊന്നുന്ന ഒരു കാര്യമുണ്ട്. അത് ഗവൺമെന്റിന്റെ വിദ്യാഭ്യാസ ഇടപെടൽ പ്രാഥമിക വിദ്യാഭ്യാസത്തിൽ മാത്രമായി നിജപ്പെടുത്തണമെന്നും ഉന്നത വിദ്യാഭ്യാസം സ്വകാര്യ സംരഭകരെ ഏൽപ്പിക്കണമെന്നതുമാണ്. വിദ്യാഭ്യാസത്തെ സ്റ്റേറ്റിന്റെ കടമ എന്നതിൽ നിന്ന് മാറ്റി വ്യവസായമാക്കുക എന്ന ലളിത യുക്തി. ഇതിനോട് ചേർത്ത് തന്നെ വായിക്കേണ്ടതാണ്, തുടരെത്തുടരെ ഉയരുന്ന സംവരണ വിരുദ്ധ മുദ്രാവാക്യങ്ങൾ. മെറിറ്റ് മാത്രം നടപ്പിലാക്കുക എന്നത് ഏറ്റവും ലളിതമായി പറഞ്ഞാൽ ചാതുർവർണ്യം നടപ്പിലാക്കുക എന്നത് മാത്രമാണ്.

      പ്രത്യക്ഷത്തിൽ തെളിയാത്ത ഒരു പക്ഷേ കുറച്ചു കൂടി അപകടകരമായ മറ്റൊന്നു കൂടിയുണ്ട്. അത് മാനവിക – ഭാഷാ വിഷയങ്ങൾ പതുക്കെ പതുക്കെ ഇല്ലാതാവുന്നു എന്നതാണ്. ഇതത്ര ലളിതമല്ല. ഒരു സമൂഹത്തിൽ ആഴത്തിൽ ഇടപെട്ട് വിമർശനാവബോധം വളർത്തി സമൂഹത്തെ മുൻപോട്ട് ചലിക്കാൻ കെൽപ്പുള്ള ജ്ഞാന മേഖല അന്യവത്കരിക്കപ്പെടുകയും, ടെക്നോളജിയും മാനേജീരിയൽ പ0നവും ഉന്നത വിദ്യാഭ്യാസ മാവുകയും ചെയ്യുന്നു. വിമർശനാവബോധമില്ലാത്ത ബൗദ്ധികമായി പാപ്പരായ ഒരു ജനതയെ വാർത്തെടുക്കുക എന്ന വലിയ ലക്ഷ്യം. പ്രത്യക്ഷ സമരത്തിലൂടെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുന്ന ഒന്നല്ല ഇത്, വിദ്യാഭ്യാസത്തെക്കുറിച്ചുളള അവബോധം പതുക്കെ നമുക്കുള്ളിൽ ഇത്തരത്തിലുറപ്പിക്കാൻ നിയോലിബറലിസത്തിന് കഴിഞ്ഞിട്ടുണ്ട്.

ദേശീയ പ്രസ്ഥാനം ഉയർത്തിക്കൊണ്ടു വന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ച്ചകളാണ് നഷ്ട്ടപ്പെടുന്നത്. പാശ്ചാത്യാധുനികതയുടെ രേഖീയ പുരോഗതി യുക്തി മുൻപോട്ട് വെച്ച വിദ്യാഭ്യാസം = തൊഴിൽ എന്ന സമവാക്യം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനകത്ത് തന്നെ എതിർക്കപ്പെട്ടിട്ടുണ്ട്. പണി പഠിക്കലാണ് വിദ്യാഭ്യാസമെന്ന മഹാത്മാവിന്റെ ആശയം അബദ്ധമാണെന്ന് ടാഗോർ എഴുതുന്നുണ്ട്.യൂറോപ്യൻ മോഡേണിറ്റിയുടെ ഇന്ത്യൻ പ്രതിപുരുഷനായി നാം കാണുന്ന നെഹ്റു പോലും ഐ.ഐ.ടി കൾ സ്ഥാപിക്കുമ്പോൾ ചരിത്രം, തത്വചിന്ത എന്നീ രണ്ട് ഡിപാർട്മെന്റുകൾ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണെന്ന നിബന്ധന വെക്കുന്നുണ്ട്.

ഈയൊരു ധാരയുടെ സമ്പൂർണ നിഷ്കാസനമാണ് കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. ജഡീകരിക്കപ്പെട്ടതും ശിലീ ഭൂതവുമായ അറിവിനെ ഒരു ഗൈഡിലെന്ന പോലെ അടുക്കി വെക്കലായി വിദ്യാഭ്യാസം. വിവര രതി(Information fetishism) യോ വിവര വിനോദമോ(Infotainment) ആയി മാത്രം അത് പുറത്ത് വരലായി.അതിനപ്പുറം കൈവന്ന വിവരങ്ങളെ ചേർത്തു നിർത്തി, ഒരു നിലപാടിൽ (രാഷ്ട്രീയം) ഉറച്ചു നിന്ന് ഒരവസ്ഥയെ വ്യാഖ്യാനിക്കുക എന്ന അറിവിന്റെ രണ്ടാമത്തെ തലം കൈമോശം വന്നു. വിദ്യാഭ്യാസ പ്രക്രിയ അതിൽ തന്നെ അരാഷ്ട്രീയമായി എന്ന് ചുരുക്കം. അറിവിനെക്കുറിച്ചുള്ള അറിവിലേക്കോ, അത് വഴി ഭാവിയിലേക്കുള്ള സാമൂഹ്യ പുനർനിർമ്മിതിക്കോ സാധ്യമാകാത്ത തരത്തിൽ അറിവ് കേവല വിവരങ്ങളായി സൂക്ഷിച്ചു വെപ്പിക്കുക എന്നതാണ് നിയോലിബറലിസത്തിന്റെ അപകടകരമായ ഇടപെടൽ.

ഇത്തരമൊരു രാഷ്ട്രീയ ഘട്ടത്തിലാണ് പൊതുമേഖലയില്‍ മാനവിക വിഷയങ്ങള്‍ക്കായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലോന്നിനായി ആവശ്യമുയരുന്നത്.

യൂറോകേന്ദ്രിത ആധുനികതയും വിജ്ഞാനത്തിന്റെ കോളനിവത്കരണവും

യൂറോപ്പ് കേന്ദ്രമായി ഉയർന്നു വന്ന ഒരാധുനികതയും അത് സാധ്യമാക്കിയ വിഷയ വിഭജനങ്ങളുമാണ് നമ്മുടെ വിജ്ഞാനത്തിന്റെ അടിത്തറ. Discipline എന്ന വാക്കിൽ തന്നെ ഈ മെരുക്കൽ കാണാം. അത് ഒരേ സമയം വിഷയവുമാണ് അച്ചടക്കവുമാണ്. യാഥാർത്ഥ്യത്തെ ചില ഏകകങ്ങൾ വെച്ച് ക്രമപ്പെടുത്തിയാണ് വിഷയം നിർമ്മിക്കുന്നത്. യാഥാർത്ഥ്യം വിഷയാധിഷ്ഠിതമല്ല. വിഷയങ്ങൾ കലങ്ങി നിൽക്കുന്ന ഒരിടമാണ്  യാഥാർത്ഥ്യം.ഈ ക്രമപ്പെടുത്തലിൽ പലതും ഉൾപ്പെടും പലതും പുറത്ത് പോകും. ഉൾപ്പെടുത്തപ്പെടുന്നതിന് പുറകിൽ വ്യക്തമായ ഒരധികാര രാഷ്ട്രീയം പ്രവർത്തിക്കുന്നുണ്ട്. ഒരുദാഹരണം മാത്രം. Anthropology എന്ന വിഷയമെടുക്കാം. യൂറോപ്യൻ ജ്ഞാന ശാസ്ത്രം ഇന്തോ-ആഫ്രിക്കൻ – ലാറ്റിനമേരിക്കൻ ജനതയെ പഠിക്കാനും, വിശദമാക്കാനും രൂപം കൊടുത്ത ഡിസിപ്ലിനാണ് നരവംശശാസ്ത്രം. അതായത് തങ്ങൾക്ക് പുറത്തുള്ള ലോകത്തെ (other) പഠിക്കാൻ രൂപം നൽകിയ ഡിസിപ്ലിൻ. യൂറോപ്പ് സ്വയം പഠിച്ചത് Sociology ഉപയോഗിച്ചാണ്. തങ്ങൾ സമൂഹമാവുകയും അപരം നരവംശ മാവുകയും ചെയ്യുന്നു. അറിവ് അധികാരമാവുന്നെന്ന് ചുരുക്കം, അറിവുള്ളവൻ അധികാരിയാവുന്നു എന്നതല്ല. അറിവ് തന്നെ അധികാരമായി പ്രവർത്തിക്കും.

ഘടനാ വാദാനന്തര ചിന്ത പ്രാമുഖ്യമേറിയ ഘട്ടത്തിൽ അന്തർ വൈജ്ഞാനികത എന്ന ആശയം ഉയർന്നു വന്നത് ഈ സത്താവൽക്കരണത്തിനെതിരെയാണ്. യൂറോപ്യൻ ആധുനികത സൃഷ്ടിച്ചെടുത്ത ജ്ഞാന ശാസ്ത്രത്തെയും ഡിസിപ്ലിനുകളെയും സങ്കൽപ്പനങ്ങളെയും അത് വിമർശനാത്മകമായി നോക്കിക്കാണാൻ പ്രേരിപ്പിച്ചു. പ്രബുദ്ധത (Enlightenment) എന്ന ആശയവും തുടർന്നുള്ള നവോത്ഥാന സങ്കൽപ്പങ്ങളും വലിയ രീതിയിൽ വെല്ലുവിളിക്കെപ്പെട്ടു. എന്താണ് നവോത്ഥാനം..? ലളിതമായി പറഞ്ഞാൽ ഗ്രീക്കോ റോമൻ സംസ്കാരത്തിൽ രൂപപ്പെട്ട് പുഷ്ടി പ്രാപിച്ചതും ചരിത്രത്തിലെ ഇരുണ്ട യുഗം എന്നറിയപ്പെടുന്ന വലിയ ഘട്ടത്തിൽ വിസ്മൃതിയിലാണ്ടതും പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്പ് കണ്ടെടുത്ത് വികസിപ്പിച്ചതുമായ ഒന്നാണ് നവോത്ഥാനം.നവോത്ഥാനമാണ് ആധുനികതയുടെ തുടക്ക സന്ദർഭം. ഇങ്ങനെ യൂറോപ്പിൽ രൂപപ്പെട്ട് യൂറോപ്പിൽ വളർന്ന് യൂറോപ്പ് തന്നെ പിൽക്കാലത്ത് കണ്ടെടുത്ത ജ്ഞാന വിനിമയങ്ങൾ. ഇതിനു പുറത്തുള്ള മുഖ്യധാരയിൽ സ്ഥാനം കൊടുക്കാതിരിക്കാൻ നിവൃത്തിയില്ലാത്ത വിജ്ഞാനങ്ങളെ അപരങ്ങളുടെ വിജ്ഞാനമായി ആധുനികത അവതരിപ്പിച്ചു. ഹെഗലും റാങ്കേയും ചരിത്രത്തിന്റെ പിതാവും അവർക്ക് മുൻപേ താരതമ്യേന ആധുനികമായി ചരിത്രമെഴുതിയ ഇബ്നു ഖൽദൂൻ ഇസ്ലാമിക് ചരിത്രകാരനുമായി. ഹെഗലിനെ ക്രിസ്ത്യൻ ഹിസേറ്റാറിയനായല്ല, ലോക ചരിത്രത്തിന്റെ പിതാവായാണ് ആധുനികത അവതരിപ്പിച്ചത്.

ഇന്ത്യ ആത്മീയതയുടെ നാടാവുന്നത് അങ്ങനെയാണ്. ഗണിതം, ചരിത്രം, ആയുർവേദം, തച്ചുശാസ്ത്രം, ലൈംഗിക വിജ്ഞാനം തുടങ്ങിയ തദ്ദേശ ഭൗതിക വിജ്ഞാനമെല്ലാം വിസ്‌മൃതിയിലാണ്ടു. ഇന്ത്യയിൽ പോലും വരാതെ മാക്സ് മുളളർ ഓക്സ്ഫോഡിലിരുന്ന് ഇന്ത്യയെക്കുറിച്ചെഴുതി. India what can teach us .പുരാണങ്ങളുടെയും കെട്ടുകഥകളുടെയും ഇരുളടഞ്ഞ ലോകം പേറുന്ന ഇന്ത്യക്കാരെ പുരോഗമിപ്പിക്കാൻ വെള്ളക്കാർ നാട്ടിലെത്തി. സിവിലൈസിംഗ് മെഷീൻ എന്നവരാ ദൗത്യത്തെ സ്വയം വിളിച്ചു. വൈറ്റ് മാൻസ് ബർഡനെന്ന് ഊറ്റം കൊണ്ടു. ആധുനിക ജ്ഞാനത്തിന്റെ ചരിത്രം ഒരു വലിയ അധിനിവേശത്തിന്റെയും കൊള്ളയുടേയും കൂടിയാണ്.(വിശദ വിവരങ്ങൾക്ക് പി.ഗോവിന്ദപിള്ളയുടെ വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം നോക്കുക).

ഈ കെട്ടുകഥകളാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതി പിന്നിട്ടപ്പോൾ ചോദ്യം ചെയ്ത് തുടങ്ങിയത്.അതിലേറ്റവും പ്രധാനമാണ് മാർട്ടിൻ ബർണലിന്റെ Black Athena എന്ന പുസ്തകം. ബർണൽ നവോത്ഥാനം എന്ന സങ്കൽപ്പത്തെ പൊളിച്ചുപണിയുകയാണ്.ഗ്രീസിൽ രൂപപ്പെട്ടു എന്ന് നാം കരുതുന്ന തത്വചിന്തയുടെയും വൈജ്ഞാനികതയുടെയും പ്രഭവകേന്ദ്രം ഗ്രീസല്ല ഈജിപ്താണെന്നും വിജ്ഞാനത്തിനൊരു ദേവതയുണ്ടെങ്കിൽ അത് വെളുത്തല്ല കറുത്താണിരിക്കുക എന്നുമാണ് ധാരാളം ഡേയ്റ്റ വെച്ച് ബർണൽ വാദിച്ചുറപ്പിക്കുന്നത്.ഈജിപ്തിൽ നിന്ന് ഈ വിജ്ഞാനമാണ് ഗ്രീക്കോ റോമൻ സാമ്രാജ്യത്തിലേക്ക് കൈമാറിക്കിട്ടിയത്.ഇരുണ്ട യുഗമെന്ന് പാശ്ചാത്യ ചരിത്രം പേരിട്ടു വിളിച്ച 11-14 നൂറ്റാണ്ടിൽ ഈ വിജ്ഞാനം കൈകാര്യം ചെയ്തത് അറബികളാണ്.11 -14 നൂറ്റാണ്ടുകളിൽ ഗ്രീക്ക് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നത് അറബികൾക്ക് മാത്രമായിരുന്നു എന്ന് വസ്തുതകൾ നിരത്തി ബർണൽ തെളിയിക്കുന്നുണ്ട്. ഇരുണ്ട യുഗത്തിൽ അറബികൾ ഗ്രീക്ക് വിജ്ഞാനത്തെയും ചൈനീസ് പേർഷ്യൻ വിജ്ഞാനത്തെയും കൂട്ടിക്കലർത്തി ലോകമെമ്പാടും – ഇന്ത്യയിലടക്കം – വിനിമയം ചെയ്യുന്നുണ്ട്. കുരിശുയുദ്ധങ്ങളുടെ വലിയ ചരിത്രമുള്ള യൂറോപ്പിന് തങ്ങൾ അറബികളിൽ നിന്ന് വിജ്ഞാനസമ്പാദനം നടത്തിയത് മറച്ചു വെക്കേണ്ടിയിരുന്നു. ചരിത്രത്തിലാഘട്ടം ഇരുണ്ട യുഗമായി മാറിയതങ്ങനെയാണ്. ബർണൽ ഉയർത്തുന്ന ഈ എതിർവിചാരത്തിന്റെ മൗലികത ഇതാണ്…. ” പങ്കുവെപ്പുകളിലൂടെ വളർന്നതാണ് വിജ്ഞാനം.അതേതെങ്കിലും ഒറ്റ ജനതയുടെ പൈതൃകസ്വത്തല്ല “… ഈ പങ്ക് വെപ്പുകളെ മറച്ചുവെച്ചു കൊണ്ടേ യൂറോപ്പിന് കോളനിവത്കരണം സാധ്യമാകുമായിരുന്നുള്ളൂ. ഇതിനെഴുതപ്പെട്ട ചരിത്രമാണ് ലോക ചരിത്രം.. ഇത്ര നാളും നാം പഠിച്ചു കൊണ്ടിരുന്ന WorldHistory. അറിവിൽ ഇൻഹെറന്റായി കോളനിവത്കരണമുണ്ടെന്നർത്ഥം.

ഇന്ത്യൻ ജ്ഞാന ശാസ്ത്രം ആധുനികമായപ്പോഴാവട്ടെ യൂറോപ്യൻ ആധുനികതയാൽ മെരുക്കപ്പെട്ട വിജ്ഞാനം സവർണ ബ്രാഹ്മണിക്കലായ ഒരു ഫ്രെയ്മിനുള്ളിലാണ് സ്വരൂപിക്കപ്പെട്ടത്.കാരണം യൂറോപ്യൻ ആധുനികത മുൻപോട്ട് വെച്ച പുരോഗതി സങ്കൽപത്തോട് കൂടുതൽ ചേർന്നു നിൽക്കാൻ കഴിയുക വൈദികതക്കായിരുന്നു. യജ്ഞയാഗ പാരമ്പര്യങ്ങൾ ഇന്ത്യൻ ട്രെഡീഷനാവുന്നത് അങ്ങനെയാണ്. ഇതിനു പുറത്തുള്ള ഭൗതിക വിജ്ഞാനം പൂർണമായി വിസ്മൃതിയിലാണ്ടു. നമ്മുടെ ഗണിതം, ജ്യോതിഷം, ആയുർവേദം തുടങ്ങി ഭൗതിക ജ്ഞാനങ്ങളെല്ലാം മറച്ചുവെക്കപ്പെടുകയും പതിയെ കൈമോശം വരികയുമാണുണ്ടായത്. അധികാരവും ബ്രാഹ്മണ്യമായിരുന്നു. വർത്തമാനം ഭൂതത്തിൽ മുഖം നോക്കുന്നതാണ് ചരിത്രമെന്ന് റോമിലാ ഥാപ്പർ പറയുന്നുണ്ട്. നമുക്ക് കൊള്ളാവുന്ന ( യൂറോപ്യൻമാർ കൊള്ളാവുന്നത് അർത്ഥം നിശ്ചയിച്ചിട്ടുണ്ട്) ട്രെഡിഷൻ വേണമായിരുന്നു.അങ്ങനെ കഥകളി കേരളീയമായി. മുക്കാൽ പങ്ക് കേരളീയരും ഏതെങ്കിലും തരത്തിൽ ഇടപെട്ട കപ്പയും ചാളയും കേരളീയ മാവില്ല. സാംസ്കാരിക മൂല്യം ഈ രണ്ടാമത് പറഞ്ഞ വസ്തുവിനില്ല.

വാസ്തവത്തിൽ സംഭവിച്ചത് പാരമ്പര്യമെന്നത് പൈതൃകമെന്നത് സവർണ ബ്രാഹ്മണിക്കലായി. ഇന്ത്യൻ നവോത്ഥാനത്തിൽ സവർണമായ പ്രത്യയശാസ്ത്രം ഉള്ളടങ്ങിയിരുന്നു. അതാവാനാണ് ഭൂരിപക്ഷം വരുന്ന അധഃസ്ഥിതരോടും പണിയാളരോടും നവോത്ഥാനമാവശ്യപ്പെട്ടത്. വൈജ്ഞാനികത ബ്രാഹ്മണ്യ ത്തിന്റെ പൈതൃക സ്വത്തായി.പരസ്പര വിനിമയങ്ങളുടെ പങ്കുവെപ്പുകളുടെ വലിയ ചരിത്രം വിസ്മൃതിയിലാണ്ടു. ഇവിടെയാണ് ഏറ്റവും പ്രധാനമായ രാഷ്ട്രീയം. അതായത് യൂറോപ്യൻ ആധുനികത വൈജ്ഞാനിക പൈതൃകം സ്വന്തമാക്കി എപ്രകാരം കോളനിവത്കരണത്തിനുപയോഗിച്ചോ, സമാനമായി വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഈ സാംസ്കാരിക മേൽക്കോയ്മയുടെ(culturel Hegemony) മുകളിലാണ് സംഘപരിവാർ ഹിന്ദുത്വ രാഷ്ട്രീയം കെട്ടിയുയർത്തിയത്. അത് കൊണ്ടാണ് എത്ര മതേതര വാദിക്കും ഗീത ഉദ്ധരിക്കാൻ മടിയില്ലാതിരിക്കുന്നത്. തേച്ചുമിനുക്കപ്പെട്ട ഭൂതകാല ധാരണകളിലാണ് ഹിന്ദുത്വ ത്തിന്റെ പ്രത്യയശാസ്ത്രമുറങ്ങുന്നത്. സംഘപരിവാർ ശക്തികൾ അധികാരമേൽക്കുമ്പോൾ കൈവരുന്ന ഒരു അധിക മൂല്യ (Additional value) മല്ല അത്. നമ്മുടെ വിജ്ഞാനത്തിൽ നമ്മുടെ ലോകബോധത്തിൽ നമ്മുടെ കലയിൽ നമ്മുടെ ഭാഷയിൽ തുടങ്ങി എല്ലാ സൂക്ഷ്മ സ്ഥാനങ്ങളിലും നിലീനമാണത്.

ഈ അധികാരത്തിനെതിരായ ഒരു കൗണ്ടർ ഹെജിമണിക്കായ ജ്ഞാനത്തെ പുറത്ത് കൊണ്ട് വരാൻ സാധ്യമായ രണ്ട് വഴി ഒന്ന്, അറബികൾ വഴി കൈമാറിക്കിട്ടിയ വിജ്ഞാനത്തെയും അതിന്റെ തദ്ദേശീയമായ വിനിമയങ്ങളെയും പുറത്ത് കൊണ്ടുവരിക എന്നതാണ്. രണ്ടാമത്തേത് താരതമ്യേന ദ്രാവിഡമെന്ന് വിളിക്കാവുന്ന തമിഴകവുമായുള്ള വിനിമയങ്ങളെ പുറത്ത് കൊണ്ടുവരിക എന്നതാണ്. പൂർണമായല്ലെങ്കിലും ഈ രണ്ടാം ഭാഗം നമ്മുടെ സർവ്വകലാശാലകളിൽ ഇന്ന് നടക്കുന്നുണ്ട് .താരതമ്യേന അപ്രസക്തമായ അറബ് സംസ്കാരവുമായും വിജ്ഞാനവുമായും എത്തരത്തിലുള്ള വിനിമയങ്ങളാണ് നടന്നിട്ടുള്ളതെന്ന് പുറത്തെത്തിക്കാൻ അറബ് സർവ്വകലാശാല സഹായകരമാണ്. അത്തരത്തിലുള്ള ഒരു സങ്കൽപ്പനം ഉയർത്തപ്പെടണമെന്ന് മാത്രം. ഈ വഴി പരിപൂർണമായി കൊട്ടിയടക്കുകയും യെസ് / നോ എന്ന രണ്ടു ത്തരങ്ങളിൽ മാത്രമായി നാമിതതൊതുക്കുകയുമാണിന്ന്.

പൈതൃകത്തിലെ അത്തരമൊരു വിനിമയങ്ങളെ പുറത്ത് കൊണ്ടുവരുന്നതിലൂടെ ബ്രാഹ്മണിക് ജ്ഞാന വ്യവസ്ഥയാണ് ആക്രമിക്കപ്പെടാൻ പോവുന്നത്.മണിപ്രവാളം പാരമ്പര്യമാവുകയും അറബി മലയാളം അതാവാതിരിക്കുകയും ചെയ്യുന്നത് മേൽപ്പറഞ്ഞ ജ്ഞാനാധികാരം മൂലമാണ്. കേരളീയ വൈദ്യശാസ്ത്രം, തച്ചുശാസ്ത്രം, ഗണിതം, ഭാഷ തുടങ്ങി മുഴുവൻ മേഖലകളിലും വിനിമയം ചെയ്യപ്പെട്ടിടുണ്ട് അറബ് ജ്ഞാനം. കുറച്ചെങ്കിലും പുറത്ത് വന്നിട്ടുള്ളത് ഭാഷയെ കേന്ദ്രീകരിച്ചു മാത്രമാണ്. മണിപ്രവാള സാഹിത്യത്തെ ദ്വിതീയ ഉപാദാനമാക്കി കേരള ചരിത്രത്തിൽ പേപ്പറെഴുതാം എന്നാൽ മുഹിയിദൻ മാല സ്വീകാര്യമല്ല എന്ന സ്ഥിതി നിലവിലുണ്ട്. മറക്കപ്പെടുന്നത് മറഞ്ഞു പോകുന്നത് മുൻപേ പറഞ്ഞ പങ്ക് വെപ്പുകളുടെ വിനിമയങ്ങളുടെ വലിയ ചരിത്രമാണ്. ഈ ചരിത്രത്തെ അത് വഴി രൂപപ്പെട്ട വിജ്ഞാനത്തെ പുറത്ത് കൊണ്ടുവരികയും അതുവഴി ബ്രാഹ്മണിക് ജ്ഞാന വ്യവസ്ഥയെ പുനർനിർമ്മിക്കാൻ കഴിയും. കഴിയണം…

എൻ.ബി: Islamic History എന്ന വിഷയം യൂറോപ്പ് ഇസ്ലാമിനെ അപരവത്കരിച്ചതിന്റെ വിഷയമാണ്. അത് തങ്ങളുടെയെന്തോ ഉത്കൃഷ്ടതയുടെ ദൃഷ്ടാന്തമാണെന്ന് തെറ്റിദ്ധരിച്ച് സകലമാന അറബിക് കോളജിലും ഇസ്ലാമിക് ഹിസ്റ്ററി പഠിപ്പിക്കുന്നത് കാണാം. കൊളോണിയലിസം അങ്ങനെ പെട്ടൊന്നൊന്നും വിട്ട് പോവാൻ സാധ്യതയില്ല. മുകളിൽ പറഞ്ഞ രീതിയാലൊന്നും സാധ്യമായില്ലെങ്കിലും ഇസ്ലാമിക് ഹിസ്റ്ററി എന്ന ഡിപാർട്മെന്റെങ്കിലും ഒഴിവാക്കാനുള്ള അക്കാദമിക് പ്രതിരോധം ഉയർന്നിരുന്നെങ്കിൽ..

Comments

comments