രണത്തിന്‍റെ പൂര്‍ത്തീകരണചിഹ്നത്തോടുകൂടി മാത്രമേ ജീവിതം രൂപസൗഭഗമാര്‍ന്ന ഒരു കലാസൃഷ്ടിയായി മാറുന്നുള്ളൂ . അതുവരെ  അത് കുത്തിക്കെട്ടാതൊഴുകുന്ന അനിശ്ചിതത്വത്തിന്‍റെ നദിയാണ്. ഇന്നലെവരെ മാലാഖയായി നാം ആരാധിചിരുന്നവന്‍ നാളെ വെറുക്കപ്പെടുന്ന ചെകുത്താനായി മാറിയേക്കാം. ഇന്നലത്തെ കാട്ടാളനായിരിക്കാം ഇന്നത്തെ കവി. എന്നാല്‍ മരണത്തിന്‍റെ അന്ത്യചിഹ്നം രൂപരാഹിത്യത്തിന്റെ ഈ അവ്യവസ്ഥയില്‍ നിന്ന് ജീവിതത്തെ ഒരു കലാസൃഷ്ടിയുടെ നിത്യസൗന്ദര്യത്തിലേക്കുയര്‍ത്തുന്നു.

ഇതിലുമഴകായി ജീവിതത്തിനു തിലകം ചാര്‍ത്താന്‍ മറ്റെന്തിനാണ് കഴിയുക? എല്ലും മാംസവും തകര്‍ത്ത് നീണ്ട ഇരുമ്പാണികള്‍ മരക്കുരിശശിലേക്ക് അടിച്ചു കയറ്റി യേശുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ ഇന്ന് ലോകം മുഴുവന്‍ നെഞ്ചോട്‌ ചേര്‍ത്തു ആരാധിക്കുമായിരുന്നോ? ചെ ഗു വേര മറ്റേതൊരു കമ്മൂണിസ്റ്റു നേതാവിനെക്കാളും കെടാത്ത ചുവപ്പ് നക്ഷത്രമായി ഇന്നും യുവാക്കളുടെ രക്തത്തെ ആവേശം കൊള്ളിക്കുന്നത്‌ എന്ത് കൊണ്ടാണ്? എതുപ്രസ്ഥാനവും  രക്തസാക്ഷികളെ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ് ?

ഫാസിസ്റ്റുകള്‍ കൽബുർഗിയെ  വധിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു.അങ്ങേയറ്റം അപലപനീയമാണത്. എന്നാല്‍ കൊലപാതകികള്‍ മനസ്സിലാക്കാത്ത ഒരു സത്യമുണ്ട് .അവര്‍ കൽബുർഗിയുടെ  ജീവിതത്തെ ഒരു കലാസൃഷ്ടിയായി ഉയര്‍ത്തുകയായിരുന്നു . ഫാസിസ്റ്റുകള്‍ക്ക് നിത്യഭയം നല്‍കുന്ന ഒരു അപൂർവ്വ കലാസൃഷ്ടി. അതിനെതിരെ ഇനി അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കൽബുർഗിയുടെ രക്തസാക്ഷിത്വം അവരുടെ മത പിന്തിരിപ്പന്‍ വിശ്വാസങ്ങള്‍ക്കെതിരെ എക്കാലവും ഉയര്‍ന്നു നില്‍ക്കുന്ന നിത്യനൂതനവും ശക്തവുമായ ഒരു കലാസൃഷ്ടിയായിരിക്കും.  ഒരു ശക്തിക്കും ഇനി ആ കലസൃഷ്ടിക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ല.

കുരിശുമരണത്തില്‍ യേശു  അനുഭവിച്ച മാംസവേദന എത്ര വലുതായിരുന്നു എന്ന് നമുക്കറിയാം.  എന്നാല്‍ രക്തം മുഴുവന്‍ വാര്‍ന്നൊഴുകി പകരം വേദനയുടെ അമ്ളദ്രവം ഓരോ കോശത്തിലും നിറഞ്ഞു കത്തിയ ആസന്ന മരണവേളയില്‍ തന്‍റെ അനുയായികളാലും സ്വന്തം അമ്മയാല്‍ പോലും ഉപേക്ഷിക്കപ്പെട്ട യേശുവിന്‍റെ ഹൃദയ വേദനയാണ് ഐറിഷ് എഴുത്തുകാരനായ Colm Toibin ന്‍റെ The testament of mary എന്ന നോവല്‍ വായനയില്‍ നാം അനുഭവിക്കുന്നത്. ഒരു വശത്ത് യേശുവിനെ കുരിശിലേക്ക് നയിച്ച പുരോഹിതന്മാരുടെയും ഭരണാധികാരികളുടെയും ഗൂഡാലോചന. മറുവശത്ത്‌ യേശു ദൈവപുത്രനാണ്‌ എന്ന് തെളിയിച്ച് ആ ഉറപ്പുള്ള പാറമേല്‍ തങ്ങളുടെ പള്ളി പണിയാന്‍ ആഗ്രഹിച്ച അനുയായികളുടെ വ്യാജചരിത്രനിര്‍മ്മാണ ഗൂഢാലോചന. വിരുദ്ധ താല്‍പര്യങ്ങളാല്‍ ആണെങ്കിലും രണ്ടു കൂട്ടരും ഈ നോവലില്‍ ഒറ്റുകാരായി ചിത്രീകരിക്കപ്പെടുന്നു. അയോഗ്യരായ അനുയായികളുടെ അല്പപ്രതിഭക്കിടയില്‍ പെട്ടുപോയ മഹാപ്രതിഭയായിരുന്നു യേശു എന്ന് നോവലിസ്റ്റ്‌ യേശുവിന്‍റെ മാതാവ് മേരിയുടെ കാഴ്ചപ്പാടിലൂടെ പറയുന്നു. തന്‍റെ മകന്‍റെ ചുറ്റും കൂടിയവരാരും നോര്‍മല്‍ ആയിരുന്നില്ല എന്ന് മേരി പറയുന്നുണ്ട്. ഒരു സ്ത്രീയെ അവളുടെ കണ്ണുകളില്‍ നോക്കാന്‍ കഴിവില്ലാത്തവര്‍, തന്തയില്ലാത്തവര്‍, യേശുവിനെപ്പോലെ വെറും കുട്ടികള്‍, സ്വയം ചിരിക്കുന്നവര്‍, കുട്ടികളായിരിക്കെത്തന്നെ വാര്‍ദ്ധക്യം ബാധിച്ചവര്‍, എന്നാല്‍ യേശു അങ്ങിനെയായിരുന്നില്ല. അദ്ദേഹം ഒരു misfit ആയിരുന്നില്ല . എന്തും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവന്‍, ശാന്തനായി നിലകൊള്ളാന്‍ കഴിയുന്നവന്‍, സ്ത്രീകളെ  തുല്യരായി കാണാന്‍ കഴിവുള്ളവന്‍ , ഒരു ബുദ്ധിമുട്ടും കൂടാതെ ഏകാകിയായി കഴിയാന്‍ സാധിക്കുന്നവന്‍ , നന്ദിയുള്ളവന്‍, ദയാശീലൻ, പെരുമാറ്റശീലങ്ങളോട് കൂടിയവന്‍ സർവ്വോപരി മഹാപ്രതിഭാശാലി.

യേശുവിന്‍റെ അപാരമായ മനുഷ്യസ്നേഹത്തിലായിരുന്നില്ല അദ്ദേഹത്തിന്‍റെ അനുയായികളുടെ ശ്രദ്ധ. മറിച്ച് അദ്ദേഹം ചെയ്ത അത്ഭുത പ്രവര്‍ത്തികളില്‍ ആയിരുന്നു. അത്ഭുതങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ മഹാപുരുഷന്മാരുടെ പരമകാരുണികതയില്‍ വിശ്വാസം ഇല്ലാത്തവരാണ്. യേശുവിന്‍റെ മനുഷ്യസ്നേഹം ആയിരുന്നില്ല അദ്ദേഹത്തിന്‍റെ സംഘടിതരായ    അനുയായികള്‍ക്കാവശ്യം.  അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വം ആയിരുന്നു .അംഗീകരിക്കപ്പെട്ട ഔദ്യോഗിക ചരിത്ര സാക്ഷ്യങ്ങള്‍ക്കപ്പുറത്തെ ബദല്‍ സംഭാവ്യതയെ തേടുകയാണ് colm toibin മേരിയുടെ സാക്ഷ്യം എന്ന നോവലിലൂടെ. യേശുവിന്‍റെ ഔദ്യോഗിക സാക്ഷ്യങ്ങളില്‍ നിന്ന് വിരുദ്ധമായി, യേശുവിന്‍റെ അന്ത്യം വരെ ക്രൂശിതസ്ഥലത്ത് കാത്തുനിന്ന് തന്‍റെ മകന്‍റെ ജീവന്‍ വാര്‍ന്നുപോയ ശരീരം മടിയിലേക്ക്‌ ഏറ്റുവാങ്ങുന്ന മേരിയെ ഈ നോവലില്‍ കാണുന്നില്ല. പ്രിയപ്പെട്ട ഗുരുവിന്‍റെ ക്രൂശിത ശരീരം ഏറ്റുവാങ്ങി സംസ്കരിക്കാന്‍ അനുയായികളും നില്‍ക്കുന്നില്ല. ഭയത്താല്‍ പലായനം ചെയ്യുന്ന അനുയായികള്‍ മേരിയേയും നിര്‍ബന്ധപൂർവ്വം കൂടെ കൂട്ടുന്നു. മകന്‍റെ കുരിശുമരണത്തിനു ശേഷം കുറ്റബോധത്തോടെ ഏകാകിയായി ജീവിക്കുന്ന മേരിയുടെ വിലാപസ്മരണകളാണ് ഈ  നോവല്‍.

മേരിക്ക് അഭയവും ഭക്ഷണവും നല്‍കി യേശുവിന്‍റെ അനുയായികള്‍ അവര്‍  ആഗ്രഹിക്കുന്ന രീതിയില്‍ യേശുവിന്‍റെ  ജീവിതം ഓര്‍മിച്ചെടുക്കാന്‍ മേരിയെ ചോദ്യം ചെയ്യുന്നു . സുവിശേഷ എഴുത്തുകാരുടെ ആവശ്യപ്രകാരമുള്ള മാറ്റങ്ങള്‍ യേശുവിനെക്കുറിച്ചുള്ള സ്മരണകളില്‍ വരുത്താന്‍ മേരി തയ്യാറാവുന്നില്ല.  ദൈവപുത്രനാണെന്ന് പറഞ്ഞു  തന്‍റെ മകനെ കൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു യേശുവിനെ കുരിശു മരണത്തിലേക്ക് എത്തിച്ചത് അവരാണെന്ന് മേരിക്കറിയാം.  അതുകൊണ്ടുതന്നെ മകനെക്കുറിച്ചുള്ള സ്മരണകളെ കളങ്കപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.

2013 ലെ മാന്‍ബുക്കര്‍ പുരസ്ക്കാരത്തിന്റെ നീളന്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഈ നോവല്‍ ധീരവും മനോഹരവുമായ ഒരു കൃതിയാണ്. Colm toibin 1955ല്‍ അയര്‍ലണ്ടില്‍ ജനിച്ചു.   ബുക്കെര്‍ പുരസ്ക്കാരത്തിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട The black water light ship, The master എന്നീ രണ്ടു നോവലുകള്‍ ഉള്‍പ്പെടെ ഏഴു നോവലുകള്‍ Colm toibin എഴുതിയിട്ടുണ്ട്.

പ്രവാസവും ഒരു ഭിന്നമരണമാണ്. പ്രവാസിയുടെ മരണം അയാളുടെ മാനസിക തലത്തിലാണ് നടക്കുന്നതെന്ന് മാത്രം. താന്‍ ജനിച്ച നാടിനെക്കുറിച്ചും അവിടെ അയാള്‍ ചിലവഴിച്ച ജീവിതത്തെക്കുറിച്ചുമുള്ള ഓര്‍മകളുടെ കോശങ്ങള്‍ ആതുരഭാരമായി പ്രവാസ ജീവിതത്തെ നൊമ്പരപ്പെടുത്തും. ഭൂതകാലവും വര്‍ത്തമാനവും തമ്മില്‍ കുഴഞ്ഞുമറിഞ്ഞ ഒന്നായി മാറും.

കനേഡിയന്‍ പ്രവാസ ജീവിതത്തെ ചിത്രീകരിക്കുന്ന നിര്‍മലയുടെ പാമ്പും കോണിയുംമലയാളത്തിലെ ഒരു മികച്ച നോവലാണ്‌. വലിയൊരു തോതില്‍ പരസ്പര ബന്ധിതമായ ഒരു ഇതിവൃത്തം നോവലില്‍ വികാസം പ്രാപിച്ചവസാനിക്കുന്നില്ല. പ്രവാസ ജീവിതത്തിന്‍റെ പ്രതിനിധികളായാണ് കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.  വൈകാരികമായും വൈചാരികമായും പ്രവാസ ജീവിതത്തിന്‍റെ പ്രശ്നങ്ങള്‍ നോവലിസ്റ്റ് ആവിഷ്ക്കരിക്കുന്നു . പ്രവാസ ജീവിതത്തിനു പല അടരുകളുണ്ട്. നാടിനെക്കുറിച്ച് ഗൃഹാതുരസ്മരണകളുള്ള ഒന്നാം തലമുറയുടെ പ്രശ്നങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് അതില്ലാത്ത രണ്ടാം തലമുറയുടെ പ്രശ്നങ്ങള്‍. വിലകുറഞ്ഞ ഒരു രണ്ടാം നാണയമാണ് പ്രവാസി. നീട്ടിവെക്കപ്പെട്ട ജീവിതമാണ് അയാളുടേത്. നല്ലതൊന്നും അയാള്‍ അനുഭവിക്കുന്നില്ല. ഡോളറിന്‍റെ വിനിമയനിരക്ക് കൂട്ടിക്കിഴിച്ച്, വിലകുറഞ്ഞ വസ്തുക്കള്‍ വാങ്ങി, അയാള്‍ കൂട്ടി വെക്കുന്നതൊക്കെ കാലം മറ്റൊരു രീതിയില്‍ കവര്‍ന്നെടുക്കുന്നു. ഭൗതികനേട്ടങ്ങളുടെ കോണിപ്പടികളിലൂടെ കഷ്ടപ്പെട്ട് അയാള്‍ കയറിപ്പോകുമ്പോള്‍ മറുവായിലൂടെ  താഴോട്ടു പോരുന്നത് അയാള്‍ അറിയുന്നില്ല.   ടോള്‍സ്റ്റോയിയുടെ കഥയിലെപ്പോലെ ഓടിയോടി നേടുന്നതെല്ലാം പൊടുന്നനെ അസ്തമിചൊടുങ്ങുന്നത് ഹൃദയവേദനയോടെ അയാള്‍ അറിയേണ്ടിവരുന്നു . കാനഡയില്‍  എത്തിയ നേഴ്സുമാർക്കു പുറകെ ഭര്‍ത്താവായി എത്തുന്നവര്‍ക്ക്  ഭാര്യ ഒരു വിസ മാത്രമാണ്. സ്നേഹത്തിന്റെ ഒരു സ്പര്‍ശനത്തിനായി കൊതിച്ചു ജീവിതം അവസാനിക്കുന്ന സ്ത്രീ ജീവിതങ്ങളെ നിര്‍മല ഹൃദയ സ്പര്‍ശിയായി ചിത്രീകരിച്ചിട്ടുണ്ട്.  പ്രവാസ ജീവിതത്തിന്‍റെ സ്ത്രീമുഖത്തിനാണ് നോവലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ പ്രവാസ ജീവിതവും ഗള്‍ഫ്‌ പ്രവാസ ജീവിതവും തമ്മിലുള്ള താരതമ്യവും നോവലിസ്റ്റ് നടത്തുന്നുണ്ട്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രവാസി നേരിടുന്ന പ്രശ്നം അയാള്‍ക്ക്‌ ലഭിക്കാത്ത അന്ഗീകാരത്തിന്റെതുകൂടിയാണ്. പ്രവാസ ജീവിതത്തെ ഭംഗിയായി ആവിഷ്ക്കരിക്കുന്ന ഈ നോവലിന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടുണ്ടോ ? പ്രവാസി എഴുത്തുകാരന്‍റെ നാട്ടിലെ അസാന്നിധ്യം അയാള്‍ക്ക്‌ വേണ്ടത്ര അംഗീകാരം ലഭിക്കുന്നതിനു തടസ്സമാകുന്നില്ലേ?

മുന്നൂറാം പാഠഭേദത്തില്‍ രണ്ടു മരണ കഥകളുണ്ട്. മിനി .എം .ബി എഴുതിയ ഒരു വീട്ടു ഭാര്യ സ്വയം അടയാളപ്പെടുത്തുന്നു എന്ന കഥയും സാറാജോസഫ് എഴുതിയ കുറ്റവും ശിക്ഷയും എന്ന കഥയും. മിനിയുടെ കഥ സ്ത്രീപക്ഷ പരിഹാസമാണ്. മരണത്തിന്‍റെ ആനന്ദം സ്വപ്നത്തില്‍ അനുഭവിക്കുന്ന വീട്ടമ്മ. വീട്ടിലെ തടവ്‌ജോലികളില്‍ നിന്നുള്ള മോചനമായാണ് സ്വപ്നത്തെ അനുഭവിക്കുന്നത്.  ഇരയുടെ ദൈന്യതയില്‍ നിന്ന് ജനിക്കുന്ന ആഗ്രഹ ചിന്ത പരിഹാസത്തിന്റെ ഉടുപ്പണിഞ്ഞു സ്വപ്നമായി പ്രത്യക്ഷപ്പെട്ന്നു . എന്നാല്‍ യാഥാർത്ഥ്യം സ്വപ്നലോകത്ത് തുടരാന്‍ അവളെ അധികനേരം അനുവദിക്കുന്നില്ല. ഭര്‍ത്താവിന്‍റെ ശബ്ദം സ്വപനത്തിന്റെ സുഖലോകത്തു നിന്നും അവളെ കയ്യാമം വെച്ചു തിരികെ കൊണ്ട് വരുന്നു .സ്ത്രീ പക്ഷത്തു നിന്ന് കൊണ്ടെഴുതിയ നല്ല ചെറിയ കഥ.

സാറാജോസഫിന്റെ കഥയാകട്ടെ മരണത്തിന്‍റെ ശിക്ഷാരൂപത്തെയാണ് ആവിഷ്ക്കരിക്കുന്നത്‌. യാക്കൂബ് മേമന്‍റെ വധശിക്ഷയുമായി ഉയര്‍ന്നു വന്ന ന്യായവിചാരങ്ങളുടെ പിന്‍ബലത്തിലാണ് ഈ കഥ നിലകൊള്ളുന്നത്. ഒരച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്‍റെ ആവിഷ്ക്കരണത്തിലൂടെ വധശിക്ഷയുടെ ഹൃദയശൂന്യതയെ വായനക്കാരനില്‍ എത്തിക്കുക എന്നതാണ് ഈ കഥയുടെ തുറന്ന ലക്ഷ്യം. സാഹിത്യം എന്നത് ഒരു രാഷ്ട്രീയ വ്യാഖ്യാനത്തിന്റെ വൈകാരിക ആവിഷ്കാരമാണ് എന്ന് ഈ രണ്ടു കഥകളും ബോധ്യപ്പെടുത്തുന്നു. ഒരു മത ഭീകരവാദിക്ക്‌ ഭരണകൂടവും നിയമവ്യവസ്ഥയും നല്‍കുന്ന വധശിക്ഷ പരിഷ്കൃത മനസ്സുകളില്‍ ഏല്‍പ്പിക്കുന്ന ആഘാതനൊമ്പരങ്ങള്‍ സാറാജോസഫിന്റെ കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു . അതിന്‍റെ വൈകാരിക തീവ്രതയ്ക്ക് കാരണം അയാളുടെയും  അയാളെ സ്നേഹിക്കുന്ന കുടുംബത്തിന്‍റെയും ചിത്രവ്യക്തത നമുക്ക് ലഭ്യമാണ് എന്നതാണ്. എന്നാല്‍ വിദൂരതയിലെവിടെയോ നടക്കുന്ന ഒരു തീവ്രവാദി ആക്രമണവും അതില്‍ കൊല്ലപ്പെട്ടവരും നമുക്ക് മരണക്കണക്ക് മാത്രമായതിനാല്‍ അത് നമ്മുടെ പരിഷ്കൃത മനസ്സില്‍ ഏല്‍പ്പിക്കുന്ന ആഘാതം അത്രയൊന്നും തീവ്രമല്ല. അത് വൈകാരിക മുഹൂര്‍ത്തങ്ങളായി നോവലിലും കഥകളിലും വായിക്കുമ്പോളാകട്ടെ ഒരു കലാസൃഷ്ടി എന്ന നിലയില്‍ അത് നമ്മുടെ ഹൃദയത്തെ ദ്രവിപ്പിക്കുന്നുണ്ടെങ്കിലും ഒരു കെട്ടുകഥയുടെ അവിശ്വസനീയമായ അകല്‍ച്ച സൃഷ്ടിക്കുന്നുമുണ്ട്.

ഇറാക്കിയന്‍ ചലച്ചിത്രകാരനും എഴുത്തുകാരനുമായ Hassan Blasim ന്‍റെ  The corpse exhibition and other stories of Iraq എന്ന കഥാ സമാഹാരം ഇസ്ലാമിക മതഭീകരവാദത്തിന്‍റെ ഞെട്ടിപ്പിക്കുന്ന നരക ദൃശ്യങ്ങളാണ്. ഈ കഥകളില്‍ നിന്നുയരുന്ന മരണത്തിന്‍റെ ഗുഹാ മുഴക്കങ്ങള്‍ നമ്മുടെ ഉറക്കം ഊതിക്കെടുത്തും.  ആ രാക്ഷസീയമായ ഇരുട്ടില്‍ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഒരു തുള്ളി ജനാധിപത്യവെളിച്ചത്തിനായി നാം തൊണ്ടപൊട്ടിക്കരയുക തന്നെ ചെയ്യും . ബോംബു സ്ഫോടനങ്ങളില്‍ ചിതറിത്തെറിച്ച പ്രിയപ്പെട്ടവരുടെ ശരീരത്തുണ്ടുകളുടെ കാഴ്ചകള്‍ പോലെ  ഈ കഥകളോരോന്നും നമ്മുടെ ഹൃദയത്തെ രാക്ഷസീയമായി ചവിട്ടി മെതിക്കും. അവയോരോന്നും ചേര്‍ത്തു വെച്ച് നഷ്ട കാരുണ്യങ്ങളുടെ പൂർവ്വരൂപങ്ങൾ വീണ്ടെടുക്കാന്‍ നാം ശ്രമിക്കും.

The killers and compass എന്ന കഥയില്‍ ഒരു മതഭീകരവാദിയുടെ യഥാര്‍ത്ഥ താല്പര്യം മതവിശ്വാസ സംരക്ഷണമല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. കഥയിലെ അബു ഹാദിദു എന്ന ഭീകരവാദി പതിനാറുകാരനായ അനിയനോട് പറയുന്നു . എങ്ങിനെ ഒരു സിംഹം ആയിത്തീരാം എന്ന് ഇന്ന് ഞാന്‍ നിന്നെ പഠിപ്പിക്കാന്‍ പോവുകയാണ് . ഇന്നത്തെ ലോകത്തില്‍ നീയൊരു തെരുവ് മിടുക്കനായിത്തീരേണ്ടതുണ്ട്. നീ ഇന്ന് മരിക്കുന്നോ അതോ മുപ്പതു വര്ഷം കഴിഞ്ഞു മരിക്കുന്നോ എന്നതില്‍ ഒരു കാര്യവുമില്ല . ഇന്ന് മാത്രമാണ് പ്രധാനം.ആളുകളുടെ കണ്ണുകളില്‍ നിനക്ക് ഭയം കാണാന്‍ സാധിക്കുമോ എന്നതും. ഭയചകിതരായ ആളുകള്‍ നിനക്ക് സര്‍വ്വവും നല്‍കും. അത് ചെയ്യാന്‍ ദൈവം നിന്നെ അനുവദിക്കുന്നില്ല എന്ന് ആരെങ്കിലും നിന്നോട് പറയുകയാണെങ്കില്‍ അത് തെറ്റാണ്. ഉദാഹരണത്തിന് അവന്‍റെ ആസനത്തില്‍ ഒരു ചവിട്ടു കൊടുക്കുക . കാരണം ആ ദൈവം തീട്ടം നിറഞ്ഞതാണ് . അത് അവരുടെ ദൈവമാണ്. നിന്‍റെ ദൈവമല്ല .നീ മാത്രമാണ് നിന്‍റെ ദൈവം. ഇന്ന് നിന്‍റെ ദിവസവും . ഈ ലോകത്തില്‍ എങ്ങിനെ നിനക്ക് ദൈവമായിത്തീരാം എന്ന് പഠിക്കേണ്ടതുണ്ട് . അന്ന് ചേട്ടനോടൊപ്പം തെരുവിലൂടെ നടക്കുമ്പോള്‍ ചേട്ടന്‍ അവനു ക്രൂരതയുടെ ബാലപാഠങ്ങള്‍ ചെയ്തു കാട്ടുന്നു . ഒരു ശവശ രീരം മറവു ചെയ്യാനാണ് പതിനാറുകാരനായ അനിയനെ കൊണ്ട് പോകുന്നതെന്ന് കഥാന്ത്യത്തില്‍ മനസ്സിലാകുന്നു.

കാഫ്കയുടെ In the penal colony എന്ന കഥയുടെ സമകാലിക സഹോദരന്‍ എന്ന് സാദൃശ്യം തോന്നിപ്പിക്കുന്ന The corpse exhibition എന്ന ശീര്‍ഷക കഥയും വായനക്കാരന്‍റെ അടിവയറ്റില്‍ മൂര്‍ച്ചയേറിയ ഒരു കഠാര പോലെ ആഴ്ന്നിറങ്ങുന്ന അനുഭവമാണ് .  മതതീവ്രവാദ ഗ്രൂപ്പിലേക്കുള്ള ഒരു ചെറുപ്പക്കാരന്റെ ആദ്യപ്രവേശനം ആണ് കഥാവിഷയം.അയാള്‍ നടത്തേണ്ട കൊല ഏതു രീതിയില്‍ നടത്തുമെന്നും കൊലക്ക് ശേഷം ശവം എങ്ങിനെ പൊതുജന മധ്യത്തില്‍ പ്രദര്‍ശിപ്പിക്കും എന്നും പുതുതായി പ്രവേശനം ലഭിക്കുന്നയാള്‍ മുന്‍കൂറായി പ്രൊപോസല്‍ നല്കണം. ഈ ശവപ്രദര്‍ശനങ്ങളുടെ വിവരണ ഭീകരത നമ്മുടെ മാനവിക ബോധത്തില്‍ നരകാഗ്നിയായി വന്നു വീഴുന്നു.

മതഭീകരവാദ ഗ്രൂപ്പുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി കൂടെ പ്രവര്‍ത്തിക്കുന്നവരെയും ചുട്ടു കൊല്ലാന്‍ മടിക്കുകയില്ല എന്ന്  തെളിയിക്കുന്ന കഥയാണ് The Green Zone Rabbit.

The thousand and one knives എന്ന കഥാ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ ആയിരത്തൊന്നു രാവുകളുടെ കഥാ പാരമ്പര്യം ഹസ്സന്‍ ബ്ലാസിമിന്‍റെ എഴുത്ത് ജീനില്‍ നിറഞ്ഞു നില്‍ക്കുന്നു. സര്‍റിയലിസ്റ്റ് സ്വഭാവമുള്ളവയാണ് പല കഥകളുമെങ്കിലും ഇസ്ലാമിക തീവ്രവാദത്തിന്‍റെയും, സദ്ദാംഹുസൈന്റെ ഏകാധിപത്യ ഭരണകാലത്തിന്റെയും, അമേരിക്കന്‍ അധിനിവേശ യുദ്ധകാലത്തിന്റെയും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആണ് എല്ലാ കഥകളുടെയും അന്തര്‍ധാര.

ഹസ്സന്‍ ബ്ലാസിം 1973 ല്‍ ബാഗ്ദാദില്‍ ആണ് ജനിച്ചത്‌] . സദ്ദാംഹുസൈന്റെ ഭരണകൂടത്തിന്‍റെ നോട്ടപ്പുള്ളിയായി മാറിയ അദ്ദേഹത്തിന് 1998ല്‍ ഇറാക്കി കുര്‍ദിസ്സ്ഥാനിലേക്ക് പലായനം ചെയ്യേണ്ടിവന്നു. 2004 ല്‍ അദ്ദേഹം ഫിന്‍ലാണ്ടിലേക്ക് പലായനം ചെയ്തു. ഇപ്പോള്‍ അദ്ദേഹം അവിടെ താമസിക്കുന്നു .സമകാലികസാഹിത്യലോകത്തില്‍ ഏറ്റവും വലിയ അറബി എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് നിരവധി അന്തര്‍ദ്ദേശീയ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള സ്വാതന്ത്ര്യച്ചിറകടിയായിരിക്കണം ഓരോ പുസ്തകങ്ങളും. പുസ്തക പ്രകാശനം എന്ന പ്രയോഗത്തില്‍ ഈ വെളിച്ചത്തിന്‍റെ സാന്നിധ്യമുണ്ട്. എന്നാല്‍ തൃശ്ശൂരിലെ ഒരു സമീപകാല പുസ്തക പ്രകാശനം സ്ത്രീവിരുദ്ധമായ പിന്തിരിപ്പന്‍ മതസാന്നിധ്യം കൊണ്ട് ഇരുട്ട് പരത്താനാണ് ശ്രമിച്ചത്‌ .അരങ്ങത്തു നിന്ന് അടുക്കളയിലേക്കു പോകൂ എന്ന ആജ്ഞ അന്തരീക്ഷത്തില്‍ ചട്ടവാറായി മുഴങ്ങുകയാണോ?

സൗന്ദര്യത്തികവിന്റെ വയല്‍വരമ്പത്ത് ആസ്വാദകനായി അധികനേരം നില്‍ക്കല്ലേ എന്ന മുന്നറിയിപ്പ് നല്‍കുകയാണ് ശ്രീകുമാര്‍ കരിയാടിന്റെ ഭ്രാന്തന്റെ വയല്‍ എന്ന മനോഹരമായ കവിത(മാധ്യമം ആഴ്ചപ്പതിപ്പ് സെപ്റ്റംബര്‍ 21). വയലിന്റെ സൂക്ഷ്മസൌന്ദര്യത്തെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ടു കവി എത്ര ഭംഗിയായി വരച്ചുകാട്ടുന്നു.

 ‘സര്‍പ്പം പോലുമച്ചടക്കത്തോടല്ലോയിഴഞ്ഞു കടക്കുന്നു തവളക്കരികിലൂടൊരു വല്ലരിപോലെ എന്ന വരികള്‍ വരച്ചുത്തീര്‍ക്കുന്ന പരസ്പരാശ്രയബഹുമാനത്തിന്റെ ജനാധിപത്യഘടനയെ അംഗീകരിക്കാന്‍ തയ്യാറില്ലാത്തയാളാണ് ആ വയലിന്‍റെ ഇന്നത്തെ ഉടമ. സൗന്ദര്യലോകത്ത് സ്വാതന്ത്ര്യത്തോടെ നിര്‍ഭയം വിഹരിക്കുന്നവര്‍ സൂക്ഷിക്കുക ഹൃദയശൂന്യനായ ആ ഭ്രാന്തന്‍ ഏകാധിപതി അതിക്രമിച്ചു കടക്കുന്നവര്‍ക്ക് മരണശിക്ഷയുമായി കാവല്‍ നില്‍പ്പുണ്ട്. എന്നാല്‍ നിന്നസ്തമിക്കുന്നതിന്റെ നിസ്വാര്‍ത്ഥസുഖം മാത്രമനുഭവിക്കുന്ന ഒരാല്‍മരം തെല്ലകലത്തായി നില്‍പ്പുണ്ട്.  വന്നിരിക്കുന്നവര്‍ക്കെല്ലാം ഇത്തിരി തണല്‍ നല്‍കുന്ന ആ ശീതളച്ഛായ ഇന്നെവിടെയാണ്‌?ആ ജ്ഞാനത്തണലും ഇന്ന് അമ്പലമുറ്റത്ത് വിദ്വേഷത്തിന്റെ വടിവീശലുകള്‍ക്ക് ഭയസാക്ഷിയായി വിറങ്ങലിച്ചു നില്‍ക്കുകയല്ലേ? സൗന്ദര്യത്തികവിനു കണ്ണുപറ്റാതിരിക്കാന്‍ നാം വെക്കാറുള്ള നോക്കുകുത്തി, അതിന്‍റെ ഉടമയായ രക്ഷസീയ രൂപമായി വളര്‍ന്നു, അതിനു കാവല്‍ നില്‍ക്കുന്നു. ഈ കാവല്‍ രാക്ഷസന്‍റെ അടിയേറ്റു മരിക്കേണ്ടിവരുന്ന കലാകാരന്മാരുടെ ദുര്‍വിധിയെ ഈ കവിത ഭംഗിയായി ധ്വനിപ്പിക്കുന്നു.  നെഞ്ചൂക്കുള്ള കവിത.

വായന ഏറ്റവും സുഖകരമായ മരണമാണ്. നിങ്ങള്‍ വായനയുടെ ലഹരിയില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ മരണത്തിനു മാത്രമേ നിങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാവൂ എന്ന് ഈ മരണാനുഭൂതിയെക്കുറിച്ചു ഹെമിംഗ് വേ എഴുതിയിട്ടുണ്ട്. കള്ളില്‍ വീണു മരിക്കുന്ന ഒരു ഈച്ചയെപ്പോലെയാണ് ഒരിഷ്ടകൃതിയുടെ വായനയില്‍ ആഴ്ന്നു പോകുന്ന വായനക്കാരന്‍ . മുങ്ങിമരിക്കാന്‍ പോകുന്ന ഒരുവനെപ്പോലെ നിങ്ങള്‍ എല്ലാ അഹന്തകളും ആ പുസ്തകക്കരയില്‍ അഴിച്ചു വെക്കുന്നു . നിങ്ങളുടെ പിടിവാശികള്‍,ഉറഞ്ഞു പോയ കാഴ്ചപ്പാടുകള്‍,സൌന്ദര്യശീലങ്ങള്‍ എല്ലാം ആ ജ്ഞാനസ്നാനത്തില്‍ കഴുകി ഒഴിഞ്ഞുപോകുന്നു. ഓരോ വായനയും നിങ്ങളെ പുതുക്കിപ്പണിയുന്നു. എത്രയെത്ര ദേശങ്ങളിലേക്ക്,സംസ്കാരങ്ങളിലേക്ക്,വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് പുസ്തകങ്ങള്‍ നിങ്ങള്ക്ക് കൂട്ട് വരുന്നു. ഓരോ വായനയും ഓരോ തീര്‍ത്ഥാടനമാണ്. ചിലത് വിശുദ്ധം. ചിലത് അവിശുദ്ധം.വായനയില്‍ നിങ്ങള്‍ക്കെപ്പോഴും പുണ്യവാളനായിരിക്കാന്‍ കഴിയില്ല. നിങ്ങളുടെ പിന്‍ ചുമലുകളില്‍ ചെകുത്താന്റെ പൊള്ളുന്ന നിശ്വാസങ്ങളും നിങ്ങള്‍ അനുഭവിക്കും. അതുകൊണ്ടാണ് വായന ഒരു മരണമാണെന്ന് പറഞ്ഞത്. പലപ്പോഴും നിങ്ങള്‍ നിങ്ങളല്ലാതാകും. ആഷാമേനോന്‍ ഇതിനെ നിമഗ്നം എന്ന് വിശേഷിപ്പിക്കുന്നു(ശാന്തം മാസിക സെപ്റ്റംബര്‍ ).

ആഷാമേനോനെ ഭാഷാമേനോന്‍ എന്ന് ചിലര്‍ കളിയാക്കാറുണ്ട്. കാക്ക എന്നെഴുതുന്നതിനു പകരം അദ്ദേഹം ചിലപ്പോള്‍ വായസം എന്നെഴുതിക്കളയും. ഇത്തരം പദബാഹുല്യം ആഷാമേനോന് വായനക്കാരെ കുറച്ചിട്ടുണ്ട്. എന്നാല്‍ വാക്കുകളുടെ ലയചേര്ച്ചയില്‍ നിന്ന് എഴുത്തിന്‍റെ സംഗീതം കേള്‍പ്പിക്കാന്‍ ആഗ്രഹിക്കുന അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. ആഷാമേനോനും കെ പി അപ്പനും ഇടതും വലതും നിന്ന് എന്നെ മോഹിപ്പിച്ച എഴുത്തിന്‍റെ രണ്ടു മാലാഖമാരാണ് .അപ്പന്‍ വാക്കുകള്‍ നിറയൊഴിക്കുന്നത് പോലെയാണ് ഉപയോഗിച്ചത്. അത് രക്തരൂഷിതമായ നിരൂപണമായിരുന്നു. ആഷാമേനോന്‍ വായനയുടെ സൗപര്‍ണികാതീരത്ഥങ്ങളില്‍ തൊഴുകൈകളോടെ മുങ്ങിനിവരുന്ന ഒരു സാത്വിക നിരൂപകനാണ്. അദ്ദേഹത്തിന്‍റെ എഴുത്തില്‍ ഒരിക്കലും ഹിംസയുടെ ചോര പൊടിയാറില്ല. ആഷാമേനോന്‍ ശാന്തം മാസികയിലെ പംക്തിയില്‍ സെപ്റ്റംബര്‍ ലക്കത്തില്‍ അദ്ദേഹത്തിന്‍റെ വായനയുടെ ആത്മാനുഭവങ്ങള്‍ ആണ് എഴുതിയിരിക്കുന്നത്. വായനയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് ഒരു താരതമ്യസുഖം തീര്‍ച്ചയായും നല്‍കും. ആഷാമേനോന്റെ എഴുത്തിന്‍റെ ഇളം ലഹരി എനിക്ക് ഏറെ പ്രിയംകരമാണ് . Crime and  punishment,The davinci code,അലക്സാണ്ടര്‍ ഡ്യൂമാസിന്റെ കൌണ്ട് ഓഫ് മോണ്ടിക്രിസ്ടോ, Ayn rand എഴുതിയ the fountain head, പിന്നെ Report to greco ,the name of rose ,മലയാളത്തിലെ ഖസാക്കിന്റെ ഇതിഹാസം ,പരിണാമം എന്നീ കൃതികളില്‍ മുങ്ങി നിവര്‍ന്ന വായനാനുഭവങ്ങളെ ആഷാമേനോന്‍ പങ്കുവെക്കുന്നു.

പരനിന്ദയുടെ അഴുക്കു നിറഞ്ഞ ആനന്ദം ഞാന്‍ എഴുത്തില്‍ അനുഭവിച്ചിട്ടുണ്ട്. സണ്‍‌ഡേ ദീപികയില്‍ ഇത്തരത്തിലുള്ള ഒരു പംക്തി എഴുതിയിരുന്നപ്പോള്‍ ആയിരുന്നു അത്. മഷിനോട്ടം എന്നായിരുന്നു ആ പംക്തിയുടെ പേര്.ഒരിക്കല്‍ കെ വി അനൂപിന്‍റെ എഴുത്തിനെ പരിഹസിച്ചുകൊണ്ട്‌ ഞാന്‍ എഴുതി. അന്ന് അനൂപ്‌ രോഗിയായിരുന്നു. ഞാന്‍ എഴുത്തിനെ മാത്രമേ മുന്നില്‍ കണ്ടുള്ളൂ. അനൂപ്‌ എന്ന വ്യക്തി എന്റെ മുന്നില്‍ ഇല്ലായിരുന്നു. എന്റെ എഴുത്ത് അനൂപിനെ വേദനിപ്പിച്ചു. അനൂപിന്‍റെ മരണം എന്നില്‍ കുറ്റബോധമായി നിറയുന്നു. പരനിന്ദയുടെ എഴുത്തിന്‌ വല്ലാത്തൊരാകര്‍ഷണീയത ഉണ്ടെങ്കിലും ഞാന്‍ ആ രീതിയില്‍ നിന്ന് മാറുവാന്‍ തീരുമാനിച്ചു. എഴുതാനിരിക്കുമ്പോള്‍ അനൂപ്‌ വന്നെന്‍റെ കൈകളില്‍ പിടിക്കുന്നു.

ജീവിതം ഒരു പമ്പരമാണ്. ജന്മപരമ്പരകളുടെ ചുറ്റുചരടില്‍ നിന്ന് ആരുടെയോ ഒരു കളിപ്പാട്ടം പോലെ വന്നു പതിച്ചു കറങ്ങിത്തിരിഞ്ഞഴിഞ്ഞുവീഴുന്ന നിമിഷ ഭ്രമണം. ആസക്തിയാണതിന്റെ ഊര്‍ജം. അതിനു ഇക്കിളികൂട്ടിത്തിരിയാന്‍ പെണ്ണിന്‍റെ നാഭി വേണം. ആവേശത്തുമ്പിലൂടെ ഒരു ധവള വിസ്ഫോടനം പോലെ കുതിച്ചൊഴുകി അണഞ്ഞുതീരുമ്പോള്‍ രതി ഒന്നിനും പരിഹാരമാകുന്നില്ലെന്നു നാം വിഷാദിക്കുന്നു. ഇണയെ തിന്നുന്ന എട്ടുകാലിയെപ്പോലെ രതിക്ക് ശേഷമുള്ള ശൂന്യവിഷാദം നമ്മെ തിന്നുത്തീര്‍ക്കുന്നു. ഈ ജീവിതത്തിന്‍റെ ശൂന്യതയും,രതിയിലൂടെ അതിനെ മറികടക്കാനുള്ള വിഫല ശ്രമവും ഒടുവില്‍ മരണത്തിലേക്കുള്ള അനിവാര്യ പ്രയാണവും മോന്‍സി ജോസഫിന്റെ പമ്പരം എന്ന കവിത (ഭാഷാപോഷിണി സെപ്റ്റംബര്‍ ) വായനയുടെ രതിതുല്യ സുഖങ്ങളിലേക്ക് എന്നെ നയിച്ചു. നിലം തുടക്കാനുപയോഗിക്കുന്ന ഒരു പഴം തുണിയല്ല കവിത എന്ന് ബോധ്യപ്പെടുത്തിയ ഒരു മികച്ച കവിതയാണിത്. മോന്‍സി ജോസഫിനു നന്ദി. ആട്ടം തീരുന്ന പമ്പരത്തിന്‍റെ അവസാനമൊഴികള്‍ ഇങ്ങിനെയാണ്‌:

 

ഈശ്വരാ,ഭൂമിയില്‍ നിന്ന്
ഒരു പൂപോലും പറിക്കാന്‍ കഴിഞ്ഞില്ലല്ലോ.

Comments

comments