പകടകരമായ രീതിയിൽ തീവ്രവലതുപക്ഷശക്തികൾ അധികാരത്തിലുള്ള ബി ജെ പി സർക്കാരിന്റെ പൂർണ്ണപിന്തുണയോടെ ആർ എസ്സ് എസ്സിന്റെ കാവിവൽക്കരണപരിപാടി അതിവേഗം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു എന്നതാണു വർത്തമാനകാല യാഥാർത്ഥ്യം. ഇതിനു പരസ്പരബന്ധിതവും അതേസമയം വേറിട്ടതെന്നു തോന്നിയ്ക്കുന്നതുമായ രണ്ടു മുഖങ്ങളുണ്ട്. ഒന്ന് സാമ്പത്തികവും രണ്ട് സാംസ്കാരികവും. സാമ്പത്തികരംഗത്ത് അതിവേഗം നവഉദാരവൽക്കരണനയങ്ങൾ, നവം നവങ്ങളായ മേയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഫലിപ്പിക്കുന്നപോലെയുള്ള, രീതികളിൽ അടിച്ചേൽപ്പിച്ച് പുത്തൻ അധിനിവേശവൽക്കരണത്തിനു രാജ്യത്തെ കാഴ്ചവയ്ക്കുന്നു. അതേസമയം, ഇതിനെതിരെവളർന്നുവരുന്ന ജനകീയ ചെറുത്തുനിൽപ്പിനെ ശിഥിലമാക്കാൻ വേണ്ടി ബ്രാഹ്മണവൽക്കരണത്തിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരായ വെറുപ്പും, ജാതീയമായ വേർതിരിവുകളും ശക്തിപ്പെടുത്തുന്നു; ദളിതരും ആദിവാസികളും പിന്നോക്കവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും സ്ത്രീകളും മുൻപെന്നത്തേക്കാളും ആക്രമിക്കപ്പെടുന്നു. നിലവിലുള്ള പുരോഗമനസ്ഥാപനങ്ങൾക്കു നേരെ ആക്രമണം ശക്തമാക്കുന്നു. മൊത്തത്തിൽ പരിശോധിച്ചാൽ വളരെ ഭീഷണമായ ഭാവിയാണു രാജ്യവും ജനങ്ങളും നേരിടുന്നത്.

          ഈ അവസ്ഥയെപ്പറ്റിയുള്ള വിശദാംശങ്ങൾ ഇന്ന് വേണ്ടത്ര വെളിച്ചത്തുവരുന്നുണ്ട്. ഇതിനെതിരെ പ്രതിരോധം എങ്ങനെ ശക്തിപ്പെടുത്തും എന്നതും ചർച്ചാവിധേയമാകുന്നുണ്ട്. എങ്കിലും പുരോഗമനശക്തികൾ സാമ്പത്തികവും സാംസ്കാരികവുമായ മണ്ഡലങ്ങളിലെ കടന്നാക്രമണങ്ങൾ പരസ്പരം ബന്ധപ്പെടുത്തി അവതരിപ്പിക്കുകയും അവയ്ക്കെതിരെയുള്ള ചെറുത്തുനിൽപ്പിൽ ജനകീയ ഐക്യം എങ്ങനെ കെട്ടിപ്പടുക്കാമെന്നുമുള്ള പ്രശ്നത്തിനു കൂടുതൽ ആഴത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ ഉത്തരം കണ്ടെത്തുകയും വേണം.

          ഇതു സാധ്യമാകണമെങ്കിൽ ഒരുകാലത്ത് തീർത്തും ദുർബലമായിരുന്ന ആർ എസ്സ് എസ്സ് ഒഅരിവാർ കഴിഞ്ഞ കാൽനൂറ്റാണ്ടു കാലം കൊണ്ട് രാജ്യത്തെ പ്രമുഖരാഷ്ട്രിയ ശക്തിയായി എങ്ങനെ മാറി എന്ന് ഹ്രസ്വമായെങ്കിലും പരിശോധിക്കേണ്ടതുണ്ട്. 1947-ലെ അധികാരക്കൈമാറ്റം തൊട്ടുള്ള കാലം പരിശോധിച്ചാൽ ദീർഘകാലത്തെ ഭരണകാലത്ത് കോൺഗ്രസ് ഒരിക്കലും മതനിരപേക്ഷത വളർത്തിയില്ല മറിച്ച് എല്ലാ മതശക്തികളുടേയും പ്രത്യേകിച്ച് ഹിന്ദുമതശക്തികളെയും വളർത്തുകയായിരുന്നു. പിന്നീട് സംസ്ഥാനങ്ങളിൽ രൂപം കൊണ്ട പ്രാദേശികപാർട്ടികളും ജാതീയപാർട്ടികളും ന്യൂനപക്ഷപാർട്ടികളും എല്ലാം മതനിരപേക്ഷ ജാതിരഹിത സമൂഹം കെട്ടിപ്പടുക്കാനല്ല, മതവും ജാതിയും വോട്ടുബാങ്കുകൾക്കായി ശക്തിപ്പെടുത്തുന്നതിനാണു ശ്രമിച്ചത്. പാർലമെന്ററി വ്യാമോഹത്തിനു കീഴ്പ്പെട്ട മുഖ്യധാരാ ഇടതുപാർട്ടികളും മുസ്ലീം ലീഗുൾപ്പടെയുള്ള ന്യൂനപക്ഷവർഗ്ഗീയ പാർട്ടികളുമായി ഐക്യപ്പെട്ടു. ഇതെല്ലാം പരോക്ഷമായും പ്രത്യക്ഷമായും സഹായിച്ചത് സമൂഹത്തിന്റെ വർഗ്ഗീയവൽക്കരണത്തെയാണു. സ്വാഭാവികമായും ഇത് ഭൂരിപക്ഷവർഗ്ഗീയതയെ നിരന്തരം പോഷിപ്പിച്ചുകൊണ്ടിരുന്നു.

          സാമ്പത്തികരംഗത്ത് 1950-കളിലെ സോഷ്യലിസ്റ്റ് മുന്നേറ്റത്തെ നേരിടാൻ സാമ്രാജ്യത്വചേരി പ്രോൽസാഹിപ്പിക്കപ്പെട്ട കെയ്നീഷ്യൻ ക്ഷേമരാഷ്ടൃനയങ്ങളാണു നെഹ്രു മോഡൽ എന്ന പേരിൽ ഇവിടെയും നടപ്പിലായത്. പക്ഷേ അനുദിനം തീക്ഷ്ണമാകുന്ന സ്വന്തം പ്രതിസന്ധികളെ നേരിടാൻ 1970-കളിൽ സാമ്രാജ്യത്വചേരി തുടക്കം കുറിച്ച നവഉദാരനയങ്ങൾ 1991-ൽ കോൺഗ്രസ് ഭരണത്തിൽ ഇവിടെയും അടിച്ചേൽപ്പിച്ചു. ഇതിനെ ചെറുക്കുന്നതിനു പകരം ക്രമേണ എല്ലാ പാർട്ടികളും, എന്തിനു മുഖ്യധാരാ കമ്മ്യൂണിസ്റ്റു പാർട്ടികൾ വരെ, പല വ്യാഖ്യാനങ്ങളോടെ അതേ നയം നടപ്പിലാക്കി.

          2014-ലെ തെരഞ്ഞെട്ഉപ്പോടെ പത്തുവർഷം അധികാരത്തിലിരുന്ന കോൺഗ്രസിന്റെ അഴിമതിഗ്രസ്തവും പിന്തിരിപ്പനുമായ യു പി എ ഭരണത്തിനെതിരെ ബദൽ ശക്തിയാകാൻ കഴിയാത്ത വിധം പ്രാദേശിക- ജാതീയ ന്യൂനപക്ഷ പാർട്ടികൾ തൊട്ട് മുഖ്യധാരാ സിപിഎം നയിക്കുന്ന ഇടതുമുന്നണി വരെ അധഃപ്പതിക്കുകയും ചെയ്തു. അടിസ്ഥാനപരമായ സാമൂഹ്യമാറ്റത്തിനു നേതൃത്വം കൊടുക്കാൻ കെൽപ്പുള്ള ജനകീയ ബദൽ ശക്തികൾ ദുർബലവുമായ സാഹചര്യത്തിലാണു 30 ശതമാനം വോട്ടുനേടി ബിജെപി ഭൂരിപക്ഷം നേടി അധികാരത്തിൽ വരുന്നത്. പക്ഷേ ഈ മുഖ്യധാരാപാർട്ടികളൊക്കെ ബിജെപിക്കെതിരായി പലതും പറയുകയും ബദലാകാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ബിജെപി ഭരണം ഉയർത്തുന്ന സാമ്പത്തിക, സാംസ്കാരിക വെല്ലുവിളികൾക്ക് എതിരായ അടിസ്ഥാന നിലപാടുകൾ അവയ്ക്കില്ല. മുഖ്യധാരാ ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന ബിജെപി വിരുദ്ധ ശ്രമങ്ങളുടേയും അടിസ്ഥാനദൗർബല്യം ഇതുതന്നെയാണു. ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതെ, വൈകാരികമായി വർത്തമാനകാല ഭീഷണികൾക്കെതിരെ ചെറുത്തുനിൽപ്പിനു ശ്രമിച്ചാൽ കാര്യമായ നേട്ടങ്ങൾ കൈവരിക്കാനാവില്ല.

          ആർ എസ്സ് എസ്സ് വെല്ലുവിളിക്കതിരായി ബദൽ നവ ഉദാരനയങ്ങളെ പൂർണ്ണമായി തിരസ്കരിക്കുന്നതും, മതത്തെ രാഷ്ട്രീയത്തിൽ നിന്നും പൊതുജീവിതത്തിൽ നിന്നും അകറ്റി സ്വകാര്യവിഷയമാക്കുന്ന മതനിരപേക്ഷതയെ പിന്തുടരുന്നതും, ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിൽ ഊന്നുന്നതും, നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും സമൂഹത്തിന്റെ സമഗ്രമായ ജനാധിപത്യവൽക്കരണത്തിലും സാമ്പത്തികസമത്വത്തിലും ഉന്നുന്നതായിരിക്കണം. ഈ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യശക്തികളെ ഒരു സമരോൽസുകമുന്നണിയിൽ കൊണ്ടുവരാനാണു സിപിഎം(എം എൽ) റെഡ്സ്റ്റാറിന്റെ ശ്രമം.

          ബ്രാഹ്മണീയ ശക്തികൾ മനുസ്മൃതിയുടെ ചുവടുപിടിച്ച് ജാതീയമായ വേർതിരിവും ദളിതർക്കെതിരെ പീഡനങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ പുരോഗമന ശക്തികളെ സമന്വയിപ്പിച്ചു  രൂപീകരിച്ച ജാതി ഉന്മൂലനപ്രസ്ഥാനത്തിന്റെ സംസ്ഥാനസമ്മേളനങ്ങൾ ആർ എസ്സ് എസ്സ് പരിവാറിനെതിരെ വെല്ലുവിളി ഉയർത്തി നടന്നുകൊണ്ടിരിക്കുന്നു. ഒക്ടോബർ 31 –  നവംബർ 1  തീയതികളിൽ ഛത്തീസ്ഗഡിലെ റായ്പൂരിൽ നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിൽ പ്രസ്ഥാനം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ എടുക്കും.

വിപ്ലവ സാംസ്കാരിക സംഘടനയുടെ (RCF) നേതൃത്വത്തിൽ സാംസ്കാരിക രംഗത്തെ ഭീഷണികൾക്കെതിരെ  കാമ്പെയ്ൻ നടക്കുന്നുണ്ട് . ഡിസംബർ അവസാനവാരം കർണ്ണാടകയിലെ ഹമ്പിയിൽ നടക്കുന്ന അഞ്ചുദിവസത്തെ സാംസ്കാരിക സമ്മേളന പരിപാടികൾ പുരോഗമനശക്തികളെ അഖിലേന്ത്യാതലത്തിൽ സാംസ്കാരികചെറുത്തുനിൽപ്പിനു അണിനിരത്തും. കേരളത്തിലെ ഇതിലെ പ്രവർത്തകരുമായി ചേർന്ന് നവമലയാളി പ്രവർത്തകർ ശ്രമിച്ചാൽ നവംബറിൽ ശക്തമായ ഒരു സാംസ്കാരിക ചെറുത്തുനിൽപ്പിനു അഖിലകേരളാടിസ്ഥാനത്തിൽ ശ്രമിക്കാൻ കഴിയും.

          വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനെതിരെ, മതനിരപേക്ഷ വിദ്യാഭ്യാസം ഏവർക്കും ലഭ്യമാക്കുന്നതിനു വേണ്ടി നടക്കുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണു. ഇവയിലും റെഡ്സ്റ്റാർ സഖാക്കൾ സജീവമാണു.

 

          എല്ലാ മണ്ഡലങ്ങളിലും ചെറുത്തുനിൽപ്പുകൾ വളർത്തുകയും സംസ്ഥാന അഖിലേന്ത്യ തലങ്ങളിൽ സാമൂഹ്യമാറ്റത്തിനു വേണ്ടി പോരാടുന്ന ജനകീയബദൽ കെട്ടിപ്പെടുക്കുകയുമാണു ഇന്ന് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ശക്തികളുടെ കടമ.
————————————————————————–
സിപിഐ (എം എൽ) റെഡ് സ്റ്റാർ ദേശീയ ജനറൽ സെക്രട്ടറിയാണു ലേഖകൻ

Comments

comments