സിദ്ധാർത്ഥ് ശിവയുടെ ഐൻ (2015)എന്ന ചലചിത്രം അക്രമാസക്തമായ രാഷ്ട്രീയ കൊലപാതകത്തിനെതിരെ ശബ്ദമുയർത്തുന്നു. കഴിഞ്ഞവർഷത്തെ പ്രാദേശികചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമയ്ക്കായിരുന്നു. മലബാർമേഖലയെ പശ്ചാത്തലമാക്കി നിർമിക്കപ്പെട്ട ഈ സിനിമ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് എന്തിനുവേണ്ടി എന്ന വളരെ നിഷ്‌കളങ്കമായ ചോദ്യമാണ് ഉന്നയിക്കുന്നത്. ഇതോടൊപ്പം എരുമ, പോത്ത് വധം, ഇറച്ചിവിൽപ്പന എന്നിവയെ സംബന്ധിച്ച ചില ആലോചനകളെയും സിനിമ ആവിഷ്‌ക്കരിക്കുന്നുണ്ട്. സിനിമ ചർച്ച ചെയ്യുന്ന  വിഷയങ്ങൾ മനുഷ്യനൻമയെ ലക്ഷ്യമാക്കിയിട്ടുള്ളതാണെന്ന കാര്യത്തിൽ യാതൊരുതർക്കവുമില്ല. രാഷ്ട്രിയ കൊലപാതകങ്ങൾ എതിർക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ ഒരു പ്രത്യേക ഭൂപരിസരത്തെ കേന്ദ്രമാക്കി സ്ഥിരം വാർപ്പുമാത്യകകൾ സ്യഷ്ടിക്കുന്നത് സമാന്തരസിനിമകൾക്ക് ഭൂഷണമല്ല. ഇത്തരം വാർപ്പു മാത്യകകളെയാണ് സമാന്തര സിനിമകൾ പ്രശ്‌നവത്കരിക്കേണ്ടത്. അതോടൊപ്പം ഐൻ സിനിമയിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയത്തെ പരിശോധിക്കേണ്ടതും ആവശ്യം തന്നെയാണ്.

മലബാർ മേഖല ജനപ്രിയ സിനിമകളിൽ മുസ്ലിം-ജാതി സമൂഹത്തിന്റെയും അവരുടെ മാംസാഹാരത്തിന്റെയും ദ്യശ്യങ്ങളാൽ സമ്പന്നമാണ്. കിളിച്ചുണ്ടൻമാമ്പഴം, ലോഹം, ഉസ്താദ്‌ഹോട്ടൽ, തട്ടത്തിൻമറയത്ത് എന്നീ നിരവധി സിനിമകളിൽ  ഇതു ദ്യശ്യവത്കരിക്കപ്പെടുന്നുണ്ട്. മലബാർ മേഖലയെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്ഥലമായിചിത്രീകരിക്കപ്പെടുന്ന ഈ പ്രവണത ജനാധിപത്യ വിരുദ്ധമാണ്. അതുമുന്നോട്ടുവയ്ക്കുന്ന ആശയവും അപകടകരമാണ്. കൂടാതെ രാഷ്ട്രീയ അക്രമണങ്ങളും നിരപരാധികൾ വധിക്കപ്പെടുന്ന ഭൂപടമായി മലബാർ പലപ്പോഴും സ്ഥാനപ്പെടുന്നതും വിമർശിക്കേണ്ടതാണ്. ഈ സിനിമ മുസ്ലീം പൗരൻമാർക്ക് സമൂഹത്തോടുണ്ടാകുന്ന മാനവികതാബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലിം പൗരൻമാർക്ക് തന്റെ രാജ്യത്തോടും മനുഷ്യനോടും ബന്ധമുണ്ടെന്ന് തെളിയിക്കേണ്ട സാഹചര്യത്തെകൂടിയാണിത് സൂചിപ്പിക്കുന്നത്. കൊണ്ടോട്ടി തേഞ്ഞിപ്പാലം – എളമ്പുലാശ്ശേരി പരിസരക്കാരനായ മാനു പല വേലകളും ചെയ്ത്  ജീവിക്കുന്നവനാണു. പോത്ത്, എരുമ എന്നിവയെ വെട്ടുന്ന ജോലിയിൽ ഒപ്പം കൂടി പണമൊന്നുമില്ലെങ്കിലും മാംസം മാത്രം കൂലിവാങ്ങുന്ന ഒരുവൻ. മനുഷ്യൻ മനുഷ്യന്റെ തലയറക്കുന്ന വീഡിയോ ദ്യശ്യം കണ്ട് അതിൽ രസം പൂണ്ട് വീഡിയോയുള്ള മൊബൈൽ അന്വേഷിച്ചു വാങ്ങാൻ പോയവൻ. ഇങ്ങനെയുളള മാനുവിന്റെ സ്വഭാവം മൃഗഹത്യയിൽ നിന്ന് പിൻവാങ്ങുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. സമാന്തരമായി അക്രമരാഷ്ട്രീയത്തോടുള്ള   മാനുവിന്റെ പ്രതിഷേധം കൂടിയാണീ രംഗം.

സിനിമയുടെ ആദ്യഭാഗം അടൂർ ഗോപാലക്യഷ്ണന്റെ കൊടിയേറ്റവുമായി സാമ്യം പുലർത്തുന്നു. കൊടിയേറ്റത്തിലെ നായകനായ ക്യഷ്ണൻകുട്ടി ഇതു പോലെ പല ജോലികൾ ചെയ്ത്, ഉത്തരവാദിത്വബോധമില്ലാതെ ഉത്സവങ്ങൾ കണ്ട് കറങ്ങിനടക്കുന്നവനാണ്. വിവാഹം കഴിച്ചിട്ടും യഥാത്ഥ പൗരനാകാത്ത പൗരധർമ്മം ചെയ്യാത്ത ക്യഷ്ണൻകുട്ടിയെ ആധുനിക കുടുംബ സംവിധാനത്തിന്റെ പൗരനാകുന്നതോടെയാണ് ഈ സിനിമ അവസാനിക്കുന്നത്. ഈ പൗരധർമത്തിൽ സാമൂഹ്യചുറ്റുപാടുകളിൽ നിന്നുള്ള അയാളുടെ പ്രവർത്തനത്തെ കൈയ്യൊഴിക്കപ്പെടുന്നതായും സിനിമ ചിത്രീകരിക്കുന്നുണ്ട്. എന്നാൽ ഐൻ സിനിമയിൽ മുസ്ലീം നായകനായ മാനു സാമൂഹ്യമായ ഒരു വിപത്തിനെതിരെ സാക്ഷിപറയാൻ തയ്യാറാകുന്നിടത്താണ് സിനിമ അവസാനിക്കുന്നതെന്ന് പറയാം. മുസ്ലീം പൗരന് സാമൂഹ്യമായ പ്രതിബദ്ധത വന്നു തുടങ്ങിയിട്ടുണ്ടെന്ന് ഈ സിനിമ പറയുന്നു. എന്തുകൊണ്ടാണ് മാനു തന്റെ നാട്ടിൽ നിന്ന് ഭീരുവായി, ഒളിച്ചോടി കർണാടകയിലേക്ക് പോകുന്നത്? പദ്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയുടെ സാമ്യമാണ് രണ്ടാം പകുതിമുതൽ കാണുന്നത്. ആ സിനിമയിൽ രാമന്റെ ഒളിച്ചോടൽ എന്നാൽ വ്യക്തിപരമാണ്; അതായത് ഒരാളെ അറിയാതെ, കൈപിഴകൊണ്ട് മരണത്തിലേക്ക് കൊണ്ടുപോയി. എന്നാൽ ഇവിടെ മാനു തന്റെ ഗ്രാമത്തിൽ നിന്ന് ഒളിച്ചോടിയത് രാത്രിയിൽ ഒരുകൂട്ടം ദുഷ്ടൻമാർ ഒരാളെ വെട്ടികൊല്ലുന്നത് കണ്ടതിനാലാണ്. ഇത്തരത്തിൽ നോക്കുമ്പോൾ രാഷ്ട്രീയ കൊലപാതകങ്ങൾ മൂലം പൗരൻമാർക്ക് സ്വസ്ഥമായി ജീവിക്കുവാൻ പറ്റാത്തയിടമായി മലബാർ മേഖല മാറിയിരിക്കുന്നു വെന്നു പറയാം. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം മതവർഗീയതയും കലാപങ്ങളും വഴി കൊല്ലപ്പെടുന്ന ജനങ്ങളുടെ കഥകൾ ഈ സിനിമ ചർച്ചചെയ്യുന്നേയില്ലെന്നാണ്. മതാക്രമണങ്ങൾ ഇവിടെ സൗകര്യ പൂർവം നിശബ്ദമാകുകയും രക്ഷപ്പെടുകയും ചെയ്യുന്നു. മതവിമർശനത്തിനു മുതിരാതെ സിനിമ സേഫ്‌സോണിൽ നിലയുറപ്പിക്കുന്നു.

മാനു ചെന്നെത്തുന്ന കർണാടകയിൽ അവിടെയുള്ളാരു മുസ്ലീം കടയുടമയുമായി ചങ്ങാത്തത്തിലാകുന്നു. സംവിധായകൻ ഇവിടെയും ബോധപൂർവം മുസ്ലീം സ്വത്വങ്ങളെത്തന്നെയാണ് മാനുവിന്റെ സഹചാരികളായി കണ്ടെത്തുന്നത്. മുസ്ലീമിനു മറ്റൊരു മതക്കാരും സഹായത്തിനില്ലാത്തതാണോ അതോ അവർ മറ്റാരുമായി സൗഹ്യദത്തിലാകാത്തതാണോ എന്നസംശയവും കടന്നുവരാം. മലയാള സിനിമയിലെ മതേതരത്വ – ജനാധിപത്യ ഇടങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൂചനകളാണ് യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള സ്വത്വ സ്ഥലങ്ങൾ ചിത്രികരിക്കുന്നതു വഴി തിരിച്ചറിയേണ്ടത്. ഇവിടെ മതപരമായ സൗഹ്യദങ്ങളുടെ തീവ്രതയാണ് കാണുന്നത്. പിന്നീട് അവരുടെ കൂടെ താമസിക്കുന്ന മാനു അവിടത്തെ കൊലചെയ്യപ്പെട്ടുപോയ മകന്റെ ഭാര്യയായ സൈരാഭാനുവുമായി സൗഹ്യദത്തിലാകുന്നു. അവർ തന്റെ ഭർത്താവിന്റെ മരണത്തെകുറിച്ചുള്ള ചില ഓർമകൾ പങ്കുവെയ്ക്കുന്നു. ഒരാളെ കൊലപ്പെടുത്തിയാൽ പ്രത്യയശാസ്ത്രങ്ങൾ മരിക്കുമോയെന്ന ചോദ്യമുന്നയിക്കുന്നു. രാഷ്ട്രീയ കൊലപാതകം ഓരോ കുടുംബത്തിനും ദു:ഖങ്ങൾ മാത്രമെ ഉണ്ടാക്കുന്നുള്ളുവെന്നാണ് സൈരാഭാനുവിന്റെ പറച്ചിലിലൂടെ തിരിച്ചറിയേണ്ടതാണ്. സൈരാഭാനുവിന്റെ നിർബന്ധമാണ് അല്ലെങ്കിൽ ചോദ്യങ്ങളാണ് മാനുവിനെ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ പ്രേരിപ്പിക്കുന്നത്.

കൊലപാതകത്തിനു പിന്നിലെ യഥാർത്ഥ പ്രതികളെയല്ലാ പോലീസ് പിടികൂടിയിരിക്കുന്നതെന്നും പ്രതികൾ ഇപ്പോൾ സ്വതന്ത്രരായി  ജീവിക്കുന്നുണ്ടെന്നും  മാനു മനസ്സിലാക്കുന്നു. താൻ നേരിൽ കണ്ട ആ കൊലപാതകത്തെകുറിച്ച് പോലീസിനോടു പറയാൻ അയാൾ നാട്ടിലേക്കു ചെല്ലുന്നു. എന്നാൽ പോലീസുകാരൻ ഇതൊരാളോടും പറയരുത് എന്ന് ഭീക്ഷണിപ്പെടുത്തി പറഞ്ഞയക്കുന്നു. ഒരു ചാനൽ റിപ്പോർട്ടർ മാനുവിനെ ഇവിടംവച്ചു കാണുന്നു. മാനുവിന്റെ വെളിപ്പെടുത്തലുകൾ അവർക്ക് എക്‌സ്‌ക്ലൂസീവ് ന്യൂസാകുന്നു. മാനുവിന്റെ വീട്ടിനടുത്തുവച്ച് രാഷ്ട്രീയക്കാരിൽ നിന്ന് മർദ്ദനം ഏൽക്കുന്നു. സത്യം തുറന്നു പറയാൻ പോലും സാധ്യമല്ലാത്തവിധം അക്രമ രാഷ്ട്രീയത്തിന്റെ അണികൾ ഓരോയിടത്തും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈ രംഗങ്ങൾ വ്യക്തമാക്കുന്നു. ചാനലുകാർക്ക് മന്ത്രിപുത്രന്റെ രതിവേഴ്ചയുമായി ബന്ധപ്പെട്ട് പുതിയൊരു വാർത്ത കിട്ടുമ്പോൾ അവരതിനു പിന്നാലെ പോകുന്നു. മാധ്യമ മേഖലപോലും മനുഷ്യവകാശ പ്രശ്‌നങ്ങൾക്കല്ലാ പ്രാധാന്യം കൊടുക്കുന്നത്, മറിച്ച് ഇത്തരം സോഫ്റ്റ്‌പോൺ വാർത്തകൾക്കെന്നാണ് സിനിമ പറയുന്നത്. കേരളീയ സമൂഹത്തിന് അമർത്തിപിടിച്ച  വികാരങ്ങളുടെ വിടവ്‌നികത്താനുള്ള വാർത്തകളാണ് വേണ്ടതെന്ന സൂചനയാണ് ചാനലുകാരുടെ  ഈ തീരുമാനത്തിലൂടെ തിരിചറിയേണ്ടത്.

 

പിറ്റേന്ന് വെട്ടുവാനായി കെട്ടിയിട്ടിരിക്കുന്ന മ്യഗത്തെ കെട്ടഴിച്ചു വിടുന്നയിടത്ത് സിനിമ തീരുകയാണ്. മാനു ആകാശത്ത് നോക്കുന്നതോടെ ചന്ദ്രന് കൂടുതൽ സൗന്ദര്യമുള്ളതായും മലക്കുകളെ കാണുന്നതായും  സിനിമ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. കൂടുതൽ നന്മയുള്ള മനുഷ്യനായി മാനു മാറുന്നയിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ മാംസ ഭക്ഷണത്തെ ഹിംസയുടെ പ്രതീകമെന്ന നിലയിൽ വിലയിരുത്തുന്ന ദ്യശ്യങ്ങൾ കടന്നുവരുന്നത് ഇക്കാല്ലത്ത് അത്ര നിഷ്‌കളങ്കമല്ലായെന്നാണ് മനസിലാക്കേണ്ടത്. ഹിന്ദു മത സംഘടനകളായ സംഘ്പരിവാറും ഭാരതീയ സംസ്‌കൃതി രക്ഷക് തുടങ്ങിയവയൊക്കെ പറഞ്ഞുപരത്തുന്നത് മാംസ ഭക്ഷണം കഴിക്കുന്നവരിൽ അക്രമസ്വഭാവം കൂടുതലായി  കാണാമെന്നും അവർ ഇന്ത്യയുടെ സംസ്‌കാരിക മൂല്യബോധത്തിൽ നിന്ന് വ്യതിചലിക്കുന്നവരുമാണെന്നാണ്. മാംസഭക്ഷണം പാശ്ചാത്യസംസ്‌കൃതിയുടെ ഭാഗമാണെന്നും ഭാരതീയ സംസ്‌കൃതിക്ക് നിരക്കുന്നതല്ലായെന്നും പറയുന്നുണ്ട്. ഈ സിനിമ അറിഞ്ഞോ അറിയാതെയോ സസ്യാഹാരവാദത്തിന്റെ രാഷ്ട്രീയം പോറുന്നുണ്ടോയെന്നും സംശയിക്കാവുന്നതാണ്. മാംസഭക്ഷണത്തെ വർഗീയ – രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുവാനുള്ളശ്രമമാണ് സമകാലിക ഇന്ത്യയിൽ നടന്നുവരുന്നത്. മിക്ക സംസ്ഥാനങ്ങളും ഗോവധ നിരോധനത്തിലേക്ക് കടന്നിരിക്കുന്നു. അതിനാൽ സവർണ്ണ ഹൈന്ദവ രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾക്കനുസരിച്ച് മുസ്ലീം സ്വത്വത്തെ പുതുക്കി നിർമിക്കുവാനുള്ള ശ്രമവുമായി സിദ്ധാർത്ഥ് ശിവയുടെ ഐൻ മാറുന്നുണ്ടെന്ന് ആരോപിക്കാവുന്നതാണ്.

Comments

comments