വര്‍, ഫാസിസ്റ്റുകൾ, ഉറക്കെ പറയുന്നവ കേട്ട് യുക്തിയില്ലാത്തവര്‍ എന്ന് കരുതുന്നുവെങ്കില്‍ നാമാണ് വിഡ്ഢികള്‍. ചരിത്രത്തിലേക്ക് നോക്കൂ, പൊതുബോധത്തെ കൃത്യമായി അളന്നും പഠിച്ചും യുക്തിഭദ്രമായി മെനഞ്ഞ തന്ത്രങ്ങളാണ് ഹിന്ദുത്വ ഫാസിസത്തെ അധികാരത്തില്‍ എത്തിച്ചത്. ദളിതരും സ്ത്രീകളും അടക്കമുള്ള സ്വത്വങ്ങളെ അവര്‍ ഉപയോഗിക്കുന്നതു പോലെ ആരും ഉപയോഗിക്കുന്നില്ല. ശ്രേണിയിലെ ഓരോ കണ്ണിയെക്കൊണ്ടും അജണ്ടകള്‍ നടപ്പാക്കിയ ശേഷം ഒറ്റപ്പെട്ട സംഭവങ്ങളായി വ്യാഖ്യാനിക്കുന്ന അവരുടെ കൌശലം നോക്കൂ. ആസൂത്രിതമായ മൌനത്തിന്‍റെ രാഷ്ട്രീയം പഠിക്കേണ്ടിയിരിക്കുന്നു നാം. ഭരണകൂടത്തിന്‍റെ, പ്രധാനമന്ത്രിയുടെ,  ഭീതിദമായ മൌനത്തെ അവഗണിക്കുന്നിടത്ത് ഫാസിസം ഇന്ത്യൻ ജനതയ്ക്കുള്ളിൽ നടത്തുന്ന നിശബ്ദമായ അധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ നാം പരാജയപ്പെടുകയാണ്.

ഏതു പ്രത്യയശാസ്ത്രത്തെയും തലച്ചോറിലെത്തിക്കാൻ വിദ്യാഭ്യാസത്തോളം മികച്ച ഉപകരണങ്ങളില്ല. എഴുതപ്പെട്ട ചരിത്രമാണ് എഴുതപ്പെടാന്‍ പോവുന്ന ഭാവിയെ രൂപപ്പെടുത്തുന്നത്. INDIAN COUNCIL FOR HISTORICAL RESEARCH ചെയര്‍മാനായി സുദര്‍ശന റാവു നിയമിക്കപ്പെട്ടത് മിത്തിനെ ചരിത്രമാക്കിയും ചരിത്രത്തെ മിത്താക്കിയും അപനിര്‍മിക്കാനും പുനര്‍നിര്‍മിക്കാനുമാണ്. മതത്തിന്‍റെ യുക്തികള്‍ക്ക് ആധുനികതയുടെ കാലം  മുതല്‍ വെല്ലുവിളി ഉയര്‍ത്തിയ ശാസ്ത്രത്തെയും വേദവല്‍ക്കരിച്ചു കഴിഞ്ഞു  ഇന്ത്യന്‍ ഫാസിസം. പക്ഷെ, എഴുതപ്പെട്ട ചരിത്രത്തെയും നിലനില്‍ക്കുന്ന ഭാവുകത്വങ്ങളെയും പൊളിക്കുന്ന സര്‍വകലാശാല  ജീവിതങ്ങള്‍ ഇനിയും ഫാസിസത്തിന് അടിയറവു പറഞ്ഞിട്ടില്ല. തീവ്ര ദേശീയതയോട്, അവകാശ നിഷേധങ്ങളോട്, അപരത്വ നിര്‍മാണങ്ങളോട്, സ്ത്രീ വിരുദ്ധതയോട്, വിലങ്ങിടപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യങ്ങളോട്, യുക്തി നിരാസത്തോട്, രാഷ്ട്രീയത്തില്‍ ഒളിച്ചുകടത്തപ്പെടുന്ന മതത്തോട്, മതത്തില്‍ ഒളിച്ചുകടത്തപ്പെടുന്ന രാഷ്ട്രീയത്തോട്, സ്റ്റേറ്റ് സംരക്ഷണയില്‍ തഴച്ചുവളരുന്ന മുതലാളിത്തത്തോട്, അടിച്ചമര്‍ത്തപ്പെടുന്ന തൊഴിലാളി വര്‍ഗത്തോട്, കൊല ചെയ്യപ്പെടുന്ന കലയോട്, ചുരുക്കത്തില്‍ ഫാസിസത്തിന്‍റെ എല്ലാ മുഖങ്ങളോടും ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് വിദ്യാര്‍ഥി സമൂഹം. ഓരോ ചോദ്യവും ഒരാള്‍ക്കൂട്ടത്തെ നിര്‍മിക്കുന്നു. സംഘടിക്കുന്ന യുവത്വം ഭരണകൂടത്തെ ഭയപ്പെടുത്തുന്നു. വിലക്കുകള്‍ വീഴപ്പെടുന്നു. നിരോധനങ്ങളിലൂടെ, പോലീസിങ്ങിലൂടെ ഒച്ചകള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് ഞങ്ങള്‍. ഈ അതിജീവന സമരങ്ങളാണ് ഇന്ന് ഫാസിസത്തോട് വലിയ ചെറുത്തുനില്‍പ്പുകള്‍ നടത്തുന്നത്.

വിദ്യാര്‍ഥികളുടെ സ്വതന്ത്ര ചിന്തയെ അടിച്ചമര്‍ത്താനുള്ള ആദ്യപടിയായാണ് വേദയുക്തിയില്‍ ജീവിക്കുന്ന മനുവാദികളെ സര്‍വകലാശാലകളുടെ തലപ്പത്ത് നിയമിച്ചത്. JNU -വിന്‍റെ വൈസ് ചാന്‍സിലറായി  സുബ്രഹ്മണ്യന്‍ സ്വാമിയെ നിര്‍ദേശിക്കുന്നത് വരെ എത്തിനില്‍ക്കുന്നു ഹിന്ദുത്വ നിയമനങ്ങള്‍. വിദ്യാർഥി വിരുദ്ധ  നടപടികളില്‍ പരസ്പരം മത്സരിക്കുന്ന ഈ വൈസ് ചാൻസലർ തലകള്‍ക്കടിയില്‍ പഠനം സമരഭരിതമായപ്പോഴാണ് ആദ്യത്തെ നിരോധന വാര്‍ത്ത എത്തുന്നത്, മദ്രാസ്‌ IIT അംബേദ്‌കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ കേന്ദ്ര മനുഷ്യവിഭവശേഷി വകുപ്പ് (MHRD) നേരിട്ടിടപെട്ട് നിരോധിക്കുന്നു.  MINISTRY OF HUMAN RESOURCE DEVELOPMENT സ്മൃതി ഇറാനിക്ക് കീഴില്‍ MINISTRY OF HINDUTVA RESOURCE DEVELOPMENTആയി രൂപാന്തരപ്പെട്ടത്തിന്റെ ആദ്യ ദൃഷ്ടാന്തം. മൃദു ഹിന്ദുത്വവും സംവരണ വിരുദ്ധതയും വളര്‍ത്തിയെടുക്കുന്ന IIT പോലെയൊരു സ്ഥാപനത്തില്‍ നിന്ന് അംബേദ്‌കറിനെയും പെരിയാറിനെയും മുന്നില്‍ നിര്‍ത്തി

രാഷ്ട്രീയം ചര്‍ച്ച ചെയ്ത ഒരു കൂട്ടം വിദ്യാര്‍ഥികൾ ഫാസിസത്തെ ആലോസരപ്പെടുത്തുകതന്നെ ചെയ്തു. നിരോധനത്തിനെതിരെ ഇന്ത്യ മുഴുവനുള്ള കാമ്പസുകള്‍ പ്രതികരിച്ചു. പിന്തുണയുമായി നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അംബേദ്‌കർ പെരിയാർ സ്റ്റഡി സര്‍ക്കിളുകൾ രൂപീകരിക്കപ്പെട്ടു. പ്രതിഷേധങ്ങള്‍ ഫലം കണ്ടു. നിരോധനം പിന്‍വലിക്കപ്പെട്ടു. ഫാസിസ്റ്റ് ഇന്ത്യയില്‍ വിദ്യാർഥി ഐക്യത്തിന്‍റെ ആദ്യ വിജയം. ആ വിജയത്തില്‍ ഹിന്ദുത്വയുടെ അടിത്തറ പൊളിക്കാൻ കെല്‍പ്പുള്ള രണ്ടു വിപ്ലവ ചിന്തകർ കടന്നുവന്നത് ചരിത്രത്തിന്‍റെ പ്രതിഷേധമാവാം.

When struggle becomes an end in itself

2015 ജൂൺ  11 ഫാസിസ്റ്റ് വിരുദ്ധ സമര ചരിത്രത്തിൽ ഒഴിവാക്കാൻ കഴിയാത്ത തീയതിയാണ്.

ഐതിഹാസികമായ FTII പ്രക്ഷോഭം ആരംഭിച്ച ദിവസം. 500-ൽ താഴെ വിദ്യാര്‍ഥികൾ മാത്രമുള്ള, രാഷ്ട്രീയ സംഘടനകള്‍ പോലുമില്ലാത്ത ഒരു കാമ്പസ്, ചെയര്‍മാന്‍റെ യോഗ്യത എന്ന വിഷയത്തില്‍ നിന്നു വളര്‍ന്ന്‍ ഹിന്ദുത്വ ഫാസിസത്തിന്‍റെ എല്ലാ സാംസ്കാരിക അജണ്ടകളെയും അഡ്രസ്സ് ചെയ്യുന്ന പ്രതീകാത്മക സമരമായി വളര്‍ന്നത് ചരിത്രം. അകത്തും പുറത്തുമുള്ള വിദ്യാര്‍ഥികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍, മോദി ഭരണകൂടത്തിന്‍റെ നിസ്സംഗതയെ നിരന്തരം പ്രതിസ്ഥാനത്തു നിര്‍ത്തുന്നതില്‍, പ്രതികരിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും ധൈര്യം നല്‍കുന്നതില്‍ FTII പ്രക്ഷോഭം വഹിച്ച പങ്ക് അനിഷേധ്യമാണ്. ഫാസിസത്തിന്‍റെ കാലത്ത് ലക്‌ഷ്യം നേടുക എന്നതിനപ്പുറം സമരം ചെയ്യുക എന്നതും വിജയമാണെന്ന് പഠിപ്പിച്ചു FTII വിദ്യാർഥികൾ.

UGC ഒളിച്ചു കടത്തുന്ന ഫാസിസം

ജാദവ്പൂരും പ്രസിഡന്‍സിയും പോണ്ടിച്ചേരിയും ഭരണകൂടത്തെ പഠിപ്പിച്ച പാഠമുണ്ട്, നേരിട്ടുള്ള പോലീസ് അതിക്രമങ്ങള്‍ വിദ്യാര്‍ഥികളുടെ വീര്യം കൂട്ടുകയല്ലാതെ തെല്ലും കുറയ്ക്കുന്നില്ല. സ്വയം നിര്‍ണയാധികാരമുള്ള  സര്‍വകലാശാലകളുടെ സ്വാതന്ത്ര്യത്തെ നിശ്ശബ്ദമായി ഇല്ലാതാക്കുവാന്‍ മോദി ഭരണകൂടം കണ്ടെത്തിയ ആയുധമാണ് UGC ( UNIVERSITY GRANTS COMMISSION). 2015 ഏപ്രില്‍ മാസം പുറത്തിറങ്ങിയ UGC മാര്‍ഗനിര്‍ദേശങ്ങള്‍ അക്കാദമിക രംഗത്തെ ഫാസിസത്തെക്കുറിച്ച് പഠിക്കാന്‍ മികച്ച കൈപ്പുസ്തകമാണ്! തലക്കെട്ടില്‍ തന്നെ “സുരക്ഷ” യുണ്ട്. ഇന്നു വരെ ഭരണകൂടം നടത്തിയ എല്ലാ തരം അടിച്ചമര്‍ത്തലുകളും സുരക്ഷയുടെ പേരിലായിരുന്നല്ലോ. സര്‍വകലാശാലകൾ നിലവിൽ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ സ്ഥലമല്ലാത്തതിനാല്‍ UGC മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങൾ :

*കൂടുതലുയരത്തില്‍ പുതിയ ഹോസ്റ്റല്‍ മതിലുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍ക്ക് വൈദ്യുതിവൽക്കരിച്ച മതിലുകളാണ് ഉത്തമം, CCTV കാമറകൾ നിര്‍ബന്ധം, അകത്തേക്കും പുറത്തേക്കും പോവുന്ന വിദ്യാര്‍ഥികളുടെ ബാഗുകൾ പരിശോധിക്കുന്നതിനായി മെറ്റൽ ഡിറ്റക്റ്ററുകൾ.
*ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം. ക്ലാസ് റൂമുകളില്‍ മാത്രമല്ല, ഹോസ്റ്റലുകളിലും. “such mechanism helps to keep an eye on  a student’s movement”  എന്ന് നാണമേതുമില്ലാതെ എഴുതുന്നു UGC.
*കാമ്പസിനുള്ളില്‍ 24 മണിക്കൂറും ID കാര്‍ഡ് കഴുത്തില്‍ തൂങ്ങിക്കിടക്കണം.
*“students counseling system” അധ്യാപകരും രക്ഷാകര്‍ത്താക്കളും ഹോസ്റ്റല്‍ വാര്‍ഡനും അടങ്ങിയ കമ്മിറ്റി നിരന്തരം വിദ്യാര്‍ഥിയെ നിരീക്ഷിച്ച് കൌണ്‍സിൽ ചെയ്യുന്നു. “surveillance” എന്ന ഒറ്റ വാക്കിനെ എത്ര വിദഗ്ധമായാണ് UGC അപകടരഹിതമാക്കുന്നത്.

ഏറ്റവും വിഷമുള്ള നിര്‍ദേശം “ഓരോ കാംപസിനുള്ളിലും ഒരു പോലീസ് സ്റ്റേഷന്‍” എന്നതാണ്. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി വിലക്കപ്പെടുന്ന പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍, തെരഞ്ഞെടുപ്പുകള്‍. ഭാവി ഭയപ്പെടുത്തുന്നു. അതിനുമപ്പുറം പോലീസ് സാമീപ്യത്തിനു സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നുണ്ട്; ഭയം. ആണ്‍ പെൺ സൌഹൃദ കൂട്ടങ്ങളും, രാത്രി നടത്തങ്ങളും പോലും റോന്തു ചുറ്റുന്ന ഒരു പോലീസ് വാഹനത്തിന്‍റെ മോറൽ പോലീസിംഗിനു ഇരയാക്കപ്പെടും. കാഴ്ചയിലൂടെ, സമീപ്യത്തിലൂടെ, നിശബ്ദമായി സംവേദനം  ചെയ്യപ്പെടുന്ന ഭയത്തിലൂടെ, നേരിട്ടുള്ള യാതൊരു ബലപ്രയോഗവും കൂടാതെ തന്നെ അച്ചടക്കത്തിന്റെ ചൂളയ്ക്കുള്ളില്‍ വേവിച്ചെടുക്കപ്പെട്ട ഇഷ്ടികകളാക്കി വിദ്യാര്‍ഥിസമൂഹത്തെ ആകെ മാറ്റുവാൻ  കെല്‍പ്പുണ്ട് കാംപസിനുള്ളിൽ  സ്ഥാപിക്കപ്പെടുന്ന പോലീസ് സ്റ്റേഷന്. ഇത് മരണമാണ് എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. UGC യുടെ ഈ നിര്‍ദേശത്തിനെതിരെ ഏറ്റവും വലിയ മുന്നേറ്റം നടക്കുന്ന ഒരു ഇടം ഹൈദരാബാദ് സെന്‍ട്രൽ യൂണിവേഴ്സിറ്റിയാണ്. 928 വിദ്യാര്‍ഥികൾ ഒന്നിച്ചുകൂടി ഒപ്പുവെച്ച പ്രതിഷേധക്കുറിപ്പ് സ്മൃതി ഇറാനിക്കടുത്തെത്തിയിട്ടുണ്ട്, മറുപടി നിശബ്ദതയാണ്.

UGC മാര്‍ഗനിര്‍ദേശങ്ങളിലെ കടുത്ത സ്ത്രീ വിരുദ്ധതയെ ചോദ്യം ചെയ്തുകൊണ്ട് ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഒരു ദേശീയ മുന്നേറ്റം രൂപം കൊണ്ടിരിക്കുന്നു; “PinjraTod : Break the Hostel Locks”.  മതിലുകള്‍ക്കുള്ളില്‍

തളച്ചിടാന്‍ ചെറു ഫാസിസങ്ങളെയും അനുവദിക്കാത്ത തരത്തില്‍ ഇന്ത്യ മുഴുവനുള്ള കാമ്പസ് LADIES ഹോസ്റ്റലുകളിലേക്ക് ഈ മുന്നേറ്റത്തെ വളര്‍ത്താന്‍ ശ്രമിക്കുകയാണ് വിദ്യാര്‍ഥികള്‍. ഏകീകരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ലാതിരുന്നിട്ടും ഇന്ത്യ മുഴുവൻ വിദ്യാര്‍ഥികള്‍ UGC മാര്‍ഗനിര്‍ദേശങ്ങൾക്കെതിരെ സമരം ചെയ്യുന്നു. show cause നോട്ടീസുകളായും പുറത്താക്കല്‍ ഭീഷണികളായും അഡ്മിനിസ്ട്രേഷൻ നിശ്ശബ്ദമാക്കാന്‍ ശ്രമിച്ചിട്ടും EFLU -വും (ENGLISH AND FOREIGN LANGUAGES UNIVERSITY) MANUU –വും (MAULANA AZAD NATIONAL URDU UNIVERSITY) അടക്കമുള്ള സര്‍വകലാശാലകൾ സധൈര്യം സമരങ്ങള്‍ തുടരുന്നു. സമാധാനപരമായും ജനാധിപത്യപരമായും നടത്തുന്ന സമരങ്ങള്‍. പ്രതിഷേധങ്ങളുടെ സമ്മര്‍ദം കാരണം നിര്‍ദേശങ്ങളിൽ ഒന്നു പോലും ഒരു സര്‍വകലാശാലയും നടപ്പാക്കിയിട്ടില്ല. ഫാസിസത്തെ പ്രതിരോധത്തിലാക്കാന്‍ ഹിംസയുടെ പ്രയോഗം വേണമെന്നില്ല എന്ന ബോധ്യം സൃഷ്ടിക്കുന്നുണ്ട് ഈ സമരങ്ങൾ.

ചരിത്രത്തില്‍ ഒരിടത്തും ഫാസിസം മുതലാളിത്തത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഗ്ലോബല്‍ ഫിനാന്‍സ് കാപ്പിറ്റലിന് ലെവല്‍ പ്ലെയിംഗ് ഗ്രൌണ്ട് സൃഷ്ടിക്കാൻ പൊതുമേഖലയില്‍ നിന്നും കൂടുതല്‍ കൂടുതല്‍ പിന്നോട്ട് മാറുകയാണ് മോദി സര്‍ക്കാര്‍. കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസത്തിന്‍റെ പുതിയ ഇരയാണ്

 നോൺ NET ഫെല്ലോഷിപ്പുകള്‍. NET (National Eligibility Test) ഇല്ലാതെ എൻട്രന്‍സ് പരീക്ഷയിലൂടെ  ഗവേഷണത്തിലെക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാസം തോറും ലഭിച്ചിരുന്ന തുകയാണ് ഒരൊറ്റ സര്‍ക്കുലറിലൂടെ UGC നിഷേധിച്ചത്. ഇത് ബാധിക്കുന്നതാവട്ടെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ദളിത്‌, പെണ്‍ ഗവേഷകരെയും. ഗവേഷകരുടെ എണ്ണം കുറയും തോറും ഫാസിസത്തിനെതിരെയുള്ള അക്കാദമിക് പ്രതിരോധങ്ങള്‍ കൂടിയാണ് കുറയുന്നത്. വിദ്യാഭ്യാസം സംഘപരിവാറിന്റെ ഭിക്ഷയോ ഔദാര്യമോ അല്ല, ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ്. അവകാശ സംരക്ഷണത്തിനായി വിദ്യാര്‍ഥി സമൂഹം സംഘടിക്കപ്പെട്ടു കഴിഞ്ഞു. ഡല്‍ഹിയില്‍ ആരംഭിച്ച #OCCUPY UGC കൊല്‍ക്കത്തയിലെക്കും ഹൈദരാബാദിലേക്കും പടരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന ഓരോ വിദ്യാര്‍ഥിക്കും പകരം നൂറു വിദ്യാര്‍ഥികൾ  തെരുവിലിറങ്ങുന്നു.

കാലം ഇരുണ്ടതാണ്. അപകടകാരിയായ ഒരു പ്രത്യയശാസ്ത്രമാണ് കേവല ഭൂരിപക്ഷത്തിന്‍റെ അധിക അധികാരത്തോടെ രാജ്യം ഭരിക്കുന്നത്. കഴിയുന്നത്ര കാലം അവഗണിച്ച്, ക്ഷമ പരീക്ഷിച്ച്, ഒടുവില്‍ ശുഭാപ്തി വിശ്വാസം നശിപ്പിച്ച് ഓരോ സമരത്തെയും ഇഞ്ചിഞ്ചായി കൊലചെയ്യുക എന്നതാണ് അവരുടെ നയം. വിജയിക്കുമെന്ന്‍ ഉറപ്പില്ലെങ്കിലും ശരികള്‍ക്ക് വേണ്ടി നിലകൊള്ളാൻ തീരുമാനിക്കുന്ന ഓരോ സമരവും ഫാസിസ്റ്റ് ഇന്ത്യയില്‍ വിജയിച്ച സമരങ്ങളാണ്. പൂനെ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് മുതൽ  ഹൈദരാബാദിലെ മൌലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയും ഇംഗ്ലീഷ് ആന്‍ഡ്‌ ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റിയും വരെ. അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭക്ഷണത്തിനോടും വസ്ത്രത്തിനോടും അതിരുകളോടും ‘അരുത്’ എന്ന് പറയാന്‍ ധൈര്യമുള്ള വിദ്യാര്‍ഥി സമൂഹങ്ങള്‍. പക്ഷെ എത്ര കാലം ഈ അതിജീവന സമരങ്ങള്‍ക്ക് ആവേശം ചോര്‍ന്നുപോവാതെ തുടരാനാവും എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

അക്കാഡമികസിന് പുറത്തേക്ക് സംഘപരിവാര്‍ തീവ്രവാദികള്‍ക്കെതിരെ, ഹിന്ദുത്വ ഫാസിസത്തിനെതിരെ ഐക്യമുന്നണികള്‍ ഉണ്ടാവേണ്ടതുണ്ട്. ദളിതരും മുസ്ളീങ്ങളും സ്ത്രീകളും അടങ്ങുന്ന സ്വത്വങ്ങളും ഇടത്പക്ഷവും ഒന്നിച്ചു നിന്നുള്ള പ്രതിരോധം. മാസങ്ങള്‍ക്ക് മുന്‍പ് കാഞ്ച ഐലയ്യ HCU കാമ്പസില്‍ നിന്ന്‍ “ഫാസിസത്തിനെതിരെ ഒരു കയ്യില്‍ അംബേദ്‌കറിനെയും മറു കയ്യില്‍ മാര്‍ക്സിനെയും കരുതേണ്ടതുണ്ട്” എന്നു പറഞ്ഞത് തെരഞ്ഞെടുപ്പിൽ SFI – DALIT STUDENTS UNION – TRIBAL STUDENTS FORUM മുന്നണിയിലൂടെ ഇവിടെ യഥാര്‍ത്ഥമായിരിക്കുന്നു. ഇന്ത്യയൊട്ടാകെയുള്ള കാമ്പസുകളില്‍ ഇത്തരം ശക്തമായ കൂട്ടായ്മകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. പൊതുശത്രുവിനെതിരെ പോരാടാന്‍ ഒരു national platform സൃഷ്ടിക്കപ്പെടട്ടെ. അതുവരെ നിരന്തരം എഴുതിയും പറഞ്ഞും സമരം ചെയ്തും കാമ്പസുകൾ പിടിച്ചുനില്‍ക്കട്ടെ.

IF YOU DO NOT RESPECT OUR EXISTENCE, EXPECT RESISTANCE!
ഞങ്ങളുടെ നിലനിൽപ്പിനെ നിങ്ങൾ മാനിക്കുന്നില്ലായെങ്കിൽ പ്രതിരോധങ്ങൾ പ്രതീക്ഷിച്ചുകൊള്ളുക!
ഫാസിസ്റ്റ് ഇന്ത്യയോട്, പ്രതികരിക്കുന്ന യുവത്വം ഉച്ചത്തില്‍ വിളിച്ചു പറയുന്നു. കുഴിച്ചിടുംതോറും മുളച്ചുപൊന്തുന്ന വിത്തുകള്‍..
——————————————-
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണു ലേഖിക.

Comments

comments