ണ്ടുപേർ ഉമ്മവയ്ക്കുമ്പോൾ 
ലോകം മാറുന്നുണ്ടോന്നു നോക്കാനൊന്നും അവർക്കു നേരമുണ്ടാവില്ല

എന്നാരും പറഞ്ഞിട്ടില്ല എന്നുണ്ടോ?

ലോകത്തിനാണെങ്കിൽ  

(കേരളത്തിലെങ്കിലും) 

ആരെങ്കിലും ഉമ്മവയ്ക്കുന്നുണ്ടോന്നു നോക്കാനേ നേരമുള്ളൂ.

കോഴിക്കോട് നഗരത്തിൽ ഡൗണ്‍ടൗണ്‍ എന്നു പേരുള്ള റസ്റ്റോറന്റ് യുവമോർച്ചക്കാർ അടിച്ചു തകർത്തിട്ട് ഈ ഒക്ടോബർ 23-ന് ഒരു വർഷം തികഞ്ഞു. 2014 നവംബർ 2-നു കൊച്ചിയിൽ നടന്ന കിസ് ഓഫ് ലവിനും നവംബർ 8-നു ഡൽഹിയിലെ ആർ എസ് എസ് ആസ്ഥാനത്തു നടന്ന കിസ് ഓഫ് ലവിനും കോഴിക്കോട്ടു വച്ചു നടന്ന കിസ് ഇൻ ദ സ്ട്രീറ്റിനും പിന്നീട് ആലപ്പുഴയിലും തിരുവനന്തപുരത്തും ഒക്കെ നടന്ന ഉമ്മ / കെട്ടിപ്പിടിക്കൽ സമരങ്ങൾക്കും ഒരു വയസ്സു തികയുന്ന സമയത്ത് ഈ സംഭവങ്ങളൊക്കെ ഓർത്തെടുക്കുമ്പോൾ കേരളത്തിലെ മനുഷ്യരെ ഉമ്മ വയ്ക്കുന്നവരും ഉമ്മ വയ്ക്കാത്തവരുമായി രണ്ടായി പകുക്കാൻ ശ്രമിക്കുന്ന ആ ഒരു ലൈനിൽ എനിക്കു താല്പര്യമില്ലെന്നു പറഞ്ഞുകൊണ്ടുതന്നെ എനിക്കു തുടങ്ങണം. പിന്നെ ആ ഡൗണ്‍ടൗൺ സംഭവം തൊട്ടിങ്ങോട്ടുണ്ടായ പല സംഭവങ്ങളും ഒന്നുകൂടി കാണണം, പല പ്രതികരണങ്ങളും ഒന്നുകൂടി വായിക്കണം. കുറച്ചു മാറിനിന്നു ചിരിക്കണം. ഉണ്ടായ സങ്കടങ്ങൾ ഇല്ലാതാവുകയാണോ അതോ കൂടിവരികയാണോ എന്നു നോക്കണം. തലക്കെട്ടിൽ സൂചിപ്പിച്ചതുപോലെ സമുദായങ്ങളുമായി ബന്ധപ്പെട്ട് പലരും ഉന്നയിച്ച പല ചോദ്യങ്ങളും ഒന്നുകൂടി ചോദിക്കണം. ശ്രീ. കെ കെ ബാബുരാജ് ഉന്നയിച്ച ചില വിമർശനങ്ങളെ — കേരളാകോണ്ടെക്സ്റ്റിൽ മോറൽ പൊലീസിങ്ങ് പോലുള്ള പദപ്രയോഗങ്ങൾ എത്രത്തോളം മുസ്ലിം വിരുദ്ധമാകുന്നു എന്ന തരം നിരീക്ഷണങ്ങളെയും ദലിത് സ്ത്രീകൾ ഈ വിഷയത്തിൽ എന്തു നിലപാടെടുക്കണം എന്നിങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങളെയും — മനസ്സിലാക്കാൻ ശ്രമിക്കുകയും അതിനോടൊക്കെ എന്റേതായ രീതിയിൽ പ്രതികരിക്കുകയും വേണം. ചുംബനസമര വ്യവഹാരങ്ങളിൽ സദാചാരത്തകര്‍ച്ചയും കുടുംബ വിരുദ്ധതയും ആരോപിക്കുന്നതിന്റെ രാഷ്ട്രീയം അന്വേഷിക്കണം. എളുപ്പമല്ല, എന്നാലും ഞാൻ ശ്രമിക്കണം.

ഫെയ്സ്ബുക്കിലെ ആദ്യ പ്രതികരണങ്ങൾ

“(ഐസിസിൻറെ ക്രൂരതകളിൽ നിന്നും) നമ്മൾ അകലെയാണല്ലോ, ഇത്തരം കാടത്തം ഇങ്ങോട്ട് വരാൻ സാധ്യതയില്ലല്ലോ എന്നൊരാശ്വാസം മനസ്സിലെവിടെയോ ഉണ്ടായിരുന്നു” എന്നും ആ ആശ്വാസം ഇപ്പോൾ തകർന്നു എന്നും ഈ ഗുണ്ടകൾ ഐസിസിന്റെ ഇന്ത്യൻ പതിപ്പാണ്‌” എന്നുമൊക്കെ ഇടതു / പുരോഗമന / സെക്കുലർ കേരളത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വരുന്നു. മിക്കവാറും എല്ലാ പോസ്റ്റുകളും ആ സംഭവത്തെ ഒരു സദാചാര പോലീസിംഗ്വിഷയമായി മാത്രം കാണുന്നത്.

മംഗലാപുരത്ത് യുവതീയുവാക്കൾക്കു നേരെ പിന്നാലെപ്പിന്നാലെ ആക്രമണങ്ങൾ നടന്നുകൊണ്ടിരുന്നതായി വാർത്തകൾ വന്നപ്പോൾ നമ്മൾ ഇങ്ങു കേരളത്തിലാണല്ലോ, ഇത്തരം ആൾക്കൂട്ട ഭീകരത ഇവിടെയാണല്ലോ ആദ്യം ഉണ്ടാവേണ്ടിയിരുന്നത് എന്നായിരുന്നു തോന്നിയത്. മഞ്ചേരിയിലെയും (ഡി വൈ എഫ് ഐ vs രാജ്മോഹൻ ഉണ്ണിത്താൻ, 2009) കൊടിയത്തൂരിലെയും (ഷാഹിദ് ബാവ കൊലപാതകം, 2011) കൊയിലാണ്ടിയിലെയും (സദാചാരഇടപെടലുകാരുടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ ബാബുവിന്റെ ആത്മഹത്യ, 2012) ഒക്കെ സംഭവങ്ങൾ അറിയാവുന്നതുകൊണ്ട്‌ പേടിച്ചുതന്നെയാണ് കേരളത്തിൽ ജീവിച്ചുകൊണ്ടിരുന്നതും. അതുകൊണ്ട്‌ കോഴിക്കോട്ടെ ഹോട്ടലിലെ വാർത്ത കേട്ട് കുട്ടിമാമാ ഞാൻ ഞെട്ടിയില്ല മാമാ. ഐസിസ് എന്നും താലിബാൻ എന്നുമൊക്കെ കേട്ട് ചിരിച്ചുപോയി മാമാ.” എന്നു ഞാനെഴുതി.

രാജ് മോഹൻ ഉണ്ണിത്താനെ തടഞ്ഞു ചാനലുകാരെ വിളിച്ചു സദാചാരം ഒലിപ്പിച്ചവരിൽ നിന്നും, കോഴിക്കോട് ഹോട്ടലടിച്ചു പൊളിക്കുന്ന സദാചാരികളിലേക്കുള്ള ദൂരം എത്രയാണ്?” എന്ന് അജയ് കുമാറും ചോദിച്ചു.

സദാചാര പോലീസിംഗിനപ്പുറത്ത്

അടുത്ത ഒരു ദിവസത്തിനുള്ളിൽത്തന്നെ കേവലമൊരു സദാചാര പോലീസിംഗിന്റെ വിഷയമല്ല യുവമോർച്ചയുടെ ആക്രമണം എന്നതു ചർച്ച ചെയ്യപ്പെട്ടു. “കോഴിക്കോട് സംഭവം സദാചാര പോലീസിംഗിന്റെ മാത്രമാണ് എന്ന് കരുതുന്നത് അറിവില്ലായ്മയോ കണ്ണടയ്ക്കലോ ആണ്, സംഘികൾ ഇതിനു മുൻപും വ്യാപാര സ്ഥാപനങ്ങൾ ആക്രമിച്ചിട്ടുണ്ട്. അവർ വെറുക്കുന്ന എന്തെങ്കിലും ഐഡന്റിറ്റി കൂടി ആ സ്ഥാപനങ്ങൾക്ക് ഉണ്ടാവും എന്നതാണ് സത്യം .. സംഘികൾ അഞ്ചു കൊല്ലം കർണ്ണാടക ഭരിച്ചിട്ടു ലാൽ ബാഗ് ഒന്നും അവർ പൂട്ടിച്ചില്ലല്ലോ ..!” എന്നു ഷബാസി. “ആരോപിക്കപ്പെട്ട ലൈംഗീക ഇടപഴകലുകൾനടന്നത് ഒരു ഹിന്ദുവിന്റെ സ്ഥാപനത്തിലാണെങ്കിൽ അതിനെ നീതീകരിക്കാനും അവർക്കറിയാം. എന്നാൽ ഒരു മുസ്ലീമിന്റെ സ്ഥാപനത്തിൽ ആകുമ്പോൾ അത് അക്ഷന്തവ്യമായ കുറ്റകൃത്യം ആകുന്നു. അവർക്ക് അതിനോട് സന്ധി ചെയ്യാൻ ആവില്ല. അതുകൊണ്ട് തന്നെയാണ് കുളിക്കടവിൽ ഒളിഞ്ഞു നോക്കുന്നതും ഉടുതുണി മോഷ്ടിച്ച് മരക്കൊമ്പിൽ തൂക്കുന്നതും വെറും ലീലകളായി മാത്രം കാണാൻ കഴിയുന്നവർക്ക് മുഹമ്മദിന്റെ വിവാഹവും സ്വർഗത്തിലെ നഗ്നസുന്ദരിമാരും ആഭാസമായി തോന്നുന്നത്” എന്നു പ്രദീപ്‌ പി ജിയും.

അതോടൊപ്പം തന്നെ, ജയ്ഹിന്ദ് ടി വി കാണിച്ച ദൃശ്യങ്ങൾ കൃത്രിമമാണെന്നും ആരോപണമുയർന്നു. “The news that said to have “provoked” the attack was not incidental and was a complete lie” എന്നാണ് അഫ്താബ് ഇല്ലത്ത് പറഞ്ഞത്.

ജയ്ഹിന്ദ് ഇങ്ങനെയൊരു സ്കൂപ്പ്ചെയ്തതും അവരുടെ ദൃശ്യങ്ങൾ പുറത്തുവന്ന് ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ സദാചാരവിരുദ്ധതആരോപിച്ച് യുവമോർച്ച പ്രവർത്തകർ സംഘടിതമായി വന്നു റസ്റ്റോറന്റ് ആക്രമിച്ചതും ഒന്നും അത്ര യാദൃച്ഛികമായി സംഭവിച്ചതാവാൻ തരമില്ലെന്നും മതവിദ്വേഷവും നല്ലൊരു പ്ലാനും ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കാം എന്നും ഡോ. ഔസ്വാഫ് അഹ്സൻ ദലിത് ക്യാമറയ്ക്കു നൽകിയ ഒരു വീഡിയോ സംഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

ഫെയ്സ്ബുക്ക് ഉമ്മകളും ഹിജാബും 

കൊച്ചിയിലെ കിസ് ഓഫ് ലവ്പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത് ഫെയ്സ്ബുക്കിൽ ഉമ്മവയ്ക്കുന്ന ഫോട്ടോകൾ പങ്കിട്ടുകൊണ്ട് പലരും പ്രകടിപ്പിച്ച ഡൌണ്‍ടൌണ്‍ ഐക്യദാർഢ്യം തന്നെയായിരുന്നു എന്നു തോന്നുന്നു. അതിനിടയിൽ ഹിജാബ് ധരിച്ച സ്വന്തം ഭാര്യയെ പരസ്യമായി ഉമ്മ വച്ച് തന്റെ ലിബറൽ മൂല്യ ബോധം പ്രകടിപ്പിച്ച ഒരു യുവാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ” വൈരുദ്ധ്യത്തെപ്പറ്റി രവി പടന്നക്കാട് എന്നയാൾ ഒരു ഗൂഗിൾ പ്ലസ് പോസ്റ്റും എഴുതി. സ്വന്തം ഭാര്യയെ താൻ തീരുമാനിക്കുന്ന വേഷം ഉടുപ്പിച്ചുമാത്രം ശീലമുള്ളതുകൊണ്ടായിരിക്കും അയാളെപ്പോലെ ഉള്ളവർക്ക് ഈ വേഷവും ഉമ്മയുമൊക്കെ കണ്ട് സഹിക്കാൻ പറ്റാത്തത്, ഇതിലൊക്കെ എന്തോ അദ്ഭുതം തോന്നുന്നത്.

സമരത്തിലെത്തുമ്പോൾ

കൊച്ചിയിലെ കിസ് ഓഫ് ലവ്പ്രഖ്യാപിച്ച ഉടൻ തന്നെ സദാചാര പൊലീസിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ പരസ്പരം ചുംബിച്ചും ആലിംഗനം ചെയ്തും പ്രണയ സായാഹ്നം സംഘടിപ്പിക്കുന്നത് കേരളീയ സംസ്കാരത്തിന് യോജിച്ചതല്ലഎന്നും പരസ്യ ചുംബനം പരിപാടി തടയണംഎന്നും വനിതാ ലീഗിന്റെ സംസ്ഥാന പ്രസിഡന്‍റ് ഖമറുന്നിസ അന്‍വറും ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദും തങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതിനോട് ഉത്തരകാലത്തിലെ ശ്രീ. ജോണ്‍സണ്‍ ജോസഫ് ഇങ്ങനെ പ്രതികരിച്ചു : “ഈ കേരളീയ സംസ്ക്കാരം എന്നുവച്ചാ എന്താ അത് ഇന്ത്യന്‍ അല്ലേ! ചുംബനത്തെ സെക്സ് മാത്രമായി കാണുന്നതാണോ ഈ സംസ്ക്കാരം! പൗരനു ചുംബിക്കാനോ ചുംബിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം നിയമം അനുവദിക്കുന്നു. പരസ്യമായി പ്രഖ്യാപിച്ച് ആര്‍ക്കും ശല്യമില്ലാതെ പരസ്പര സമ്മതപ്രകാരം ചുംബിക്കും എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ തകര്‍ന്നു തരിപ്പണം ആകുന്നതാണ് ഈ കേരള (മോഡല്‍) സംസ്കാരമെങ്കില്‍ അതങ്ങു തകര്‍ന്നു പോട്ടെന്ന്!” (പ്രസക്തമെന്നു തോന്നിയതുകൊണ്ട് ഉദ്ധരിച്ചു എന്നേയുള്ളൂ. അദ്ദേഹത്തിന്റെ നിലപാടുകൾ എന്നും ഇങ്ങനെയാണെന്നോ എന്നും ഇങ്ങനെയാകണം എന്നോ കരുതുന്നില്ല).

വൈഖരി ആര്യാട്ട് ഈ സമരത്തിനെതിരെ ഫെയ്സ്ബുക്കിൽ ഉയർന്ന പല ചോദ്യങ്ങൾക്കും ഒരുമിച്ചു മറുപടി പറഞ്ഞുകൊണ്ടൊരു FAQ പോസ്റ്റ്‌ എഴുതി :
ആളുകളുടെ ആധികള്‍ ഭയങ്കരം തന്നെ!!
1. //
നിന്റെയൊക്കെ അമ്മ/പെങ്ങള്‍ ചുംബിച്ചാല്‍// അതെന്താ, അമ്മയ്ക്കും പെങ്ങള്‍ക്കും ഒന്നും ഉമ്മവയ്ക്കാന്‍ പാടില്ലേ? എല്ലാവരും ഉമ്മവയ്ക്കുന്നത് വല്ലവന്റേം പെങ്ങളെ തന്നെ ആണല്ലോ. അപ്പൊ ഇല്ലാത്ത കുരു പൊട്ടല്എന്തോന്ന് ഇപ്പൊ? അമ്മയും പെങ്ങളും ഒന്നും എന്താ വ്യക്തികള്‍ അല്ലേ?
2. //
ഈ “ഹോമോസാപിയന്‍സിന്റെ” അടുത്ത ആവശ്യത്തിനും നമ്മൾ കാഴ്ചക്കാരായി നില്ക്കേണ്ടി വരില്ലേ// അശോ! എന്തൊരു ടെന്‍ഷന്‍!! പറയുന്നത് കേട്ടാല്‍ തോന്നും ഇവരുടെയൊക്കെ നാട്ടില്‍ ഹോമോസാപിയന്‍സ് പരിപാടി വെക്കുമ്പോ ആളുകളെ കാഴ്ചയ്ക്ക് ക്ഷണിക്കാറുണ്ട്‌ എന്ന്. അതോ നിങ്ങടെ നാട്ടില്‍ ഈ പരിപാടി ഒന്നും ഇല്ലേ? ധ്യാനിച്ചാണോ കുഞ്ഞുങ്ങളെ ഒണ്ടാക്കുന്നത്?
3. //
ഈ സമരം ആഭാസമല്ലേ. നമ്മുടെ സംസ്കാരം…….!!! // എന്തോന്നാണ് സര്‍ ആഭാസം? ഉമ്മ കൊടുക്കുന്നതാണോ ആഭാസം? സംസ്കാരത്തെ പറ്റി വിസ്തരിക്കാത്തതാ നല്ലത്. കണ്മുന്നില്‍ ഒരു പെണ്ണിനെ റേപ് ചെയ്യുന്നതോ, ഉപദ്രവിക്കുന്നതോ കണ്ടാല്‍ വഴിമാറി പോകുന്നവനൊക്കെയാണ് പരസ്പര സമ്മതത്തോടെ രണ്ടുവ്യക്തികള്‍ സ്നേഹം പങ്കു വയ്ക്കുന്നത് കാണുമ്പോള്‍ ഇത്രേം വെഷമം. വല്ലാത്ത ചംസ്കാരം തന്നെ!! 
പരസ്പര സമ്മതത്തോടെ രണ്ടുപേര്‍ ഉമ്മ വച്ചാല്‍ പൊലിയുന്ന സംസ്കാരം ആണെങ്കില്‍ അതങ്ങ് പൊളിഞ്ഞു പോവട്ടെ ഭായ്. എന്തായാലും റേപ് അല്ലല്ലോ. യാതൊരു മുന്‍പരിചയവുമില്ലാത്ത, വീട്ടില്‍ ചായ കുടിക്കാന്‍ വരുന്നവന്റെ കൂടെ കിടക്കാന്‍ വീട്ടുകാരും നാട്ടുകാരും കൂടി ആശീര്‍വദിച്ച് പറഞ്ഞയക്കുന്ന ചംസ്കാരത്തെക്കാളും എന്തുകൊണ്ടും ഭേദമാ ഇഷ്ടമുള്ളവരെ ഉമ്മ വയ്ക്കുന്നത്:”

ചുംബന സമരത്തിന് അനുമതി നിഷേധിക്കലും പ്രചാരണ പരിപാടിക്കിടെ സമര അനുകൂലികളെ യൂത്ത് കോണ്‍ഗ്രസ്സുകാർ അടിക്കലും ചുംബന സമരത്തെ അനുകൂലിച്ച് എം ബി രാജേഷ്‌ എം പിയും വി ടി ബൽറാമും ഒക്കെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ ഇടലും ഒക്കെയുണ്ടായി ആ നവംബർ രണ്ടിനു മുമ്പായുള്ള ദിവസങ്ങളിൽ. “ഏതൊരു സമര രീതിയോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകും. എന്നാല്‍ ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരില്‍ ആര്‍ക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ല. എതിര്‍പ്പുള്ളവര്‍ക്ക് അത് വച്ചുപുലര്‍ത്താം. എന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ല. ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിക്കാനാവില്ല” എന്നായിരുന്നു രാജേഷിന്റെ വാക്കുകൾ. ഇന്ത്യൻ / ഹിന്ദു ഭീകരതയെപ്പറ്റി പറയാനും താലിബാൻഎന്നുപയോഗിക്കുമ്പോൾ ഇത്തരം ഭീകരതയൊന്നും നമ്മുടെ ഇവിടെ ഇല്ലാതിരുന്ന കാര്യങ്ങളാണ്, വേറേതോ രാജ്യത്തെ മുസ്ലീം ഭീകര സംഘടനകൾകണ്ടുപിടിച്ചതാണ് എന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്‌. അതിൽ ഒരു രാഷ്ട്രീയം ഉണ്ടെന്നും ആ രാഷ്ട്രീയത്തിൽ ഒരു പ്രശ്നമുണ്ടെന്നും ഞാൻ കരുതുന്നു. ബൽറാമിന്റേതാകട്ടെ പ്രധാനമായും സ്വന്തം പാർട്ടി പ്രവർത്തകരെ ഉദ്ദേശിച്ചുള്ള പോസ്റ്റായിരുന്നു. അദ്ദേഹം ഹൈന്ദവ ഭീകരതയെ തൊടാതെ സദാചാരവാദികളെന്നും സദാചാരഗുണ്ടകളെന്നും മാത്രം പറഞ്ഞു സേഫായി. 

വിയോജിപ്പുകള്‍ / വിമർശനങ്ങൾ / സന്ദേഹങ്ങൾ 

ഏതാണ്ട് അതേ സമയത്തുതന്നെ യുവമോർച്ചയുടെ ഫാസിസത്തെ എതിർക്കുന്ന ചിലർ തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ സമരത്തോട് പല തരത്തിലുള്ള വിയോജിപ്പുകളും ഉന്നയിച്ചു തുടങ്ങി. കുഞ്ഞില മാസിലാമണി ഹെൻറി തന്റെ ഗൂഗിൾ പ്ലസ് പോസ്റ്റിൽ ഇങ്ങനെ എഴുതി :

ഉമ്മ വയ്ക്കല്‍ സമരത്തോട് എനിക്കുള്ള വിയോജിപ്പുകള്‍ ഇത്തരത്തിലാണ്. പ്രശ്നത്തെ നേരിടാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. ഇവിടെ രണ്ട് പ്രശ്നങ്ങളാണ് നടന്നിട്ടുള്ളത്. സ്വകാര്യതയിലേയ്ക്കുള്ള ഒളിഞ്ഞുനോട്ടം കം സദാചാര പോലീസിങ്ങ്, മതവിദ്വേഷം. ഇതില്‍ അവസാനത്തേതിനെതിരെ നടന്നുകാണുന്ന സമരങ്ങള്‍ ഓണ്‍ലൈനിലാണ്. ഒരു വീഡിയോയും പിന്നെ പലരുടെയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സന്ദേശങ്ങളും.

ആദ്യത്തെ രണ്ട് പ്രശ്നങ്ങള്‍ക്കും എതിരാണ് ഉമ്മവയ്ക്കല്‍ സമരം എന്നു വ്യക്തം. ഇവിടെ ആദ്യത്തെ പ്രശ്നം ഇതിനു പ്രകോപിപ്പിച്ച സംഭവത്തിലെ മതവിദ്വേഷത്തെ സമരം അഭിസംബോധന ചെയ്യുന്നില്ല എന്നുള്ളതാണ്. പ്രശ്നത്തിന്റെ ഒരു വശത്തെ മാത്രം അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ പാടില്ലേ? ആവാം. പക്ഷെ നിശ്ശബ്ദത കേവലം നിശ്ശബ്ദതയല്ല, അത് യോജിപ്പ് തന്നെയാണ് ഒരു രാഷ്ട്രീയ പരിസരത്തില്‍.

രണ്ടാമതായി സദാചാരപ്പോലീസിങ്ങ് ബാധിക്കുന്നത് ഉമ്മവയ്ക്കലിനെ മാത്രമല്ല. ഒളിഞ്ഞുനോട്ടം ലൈംഗികതയിലേയ്ക്കും രതിയിലേയ്ക്കും ആണ്. അത് വളരെ അരോചകവും വ്യക്തിസ്വാതന്ത്ര്യത്തിന് എതിരുമാണ്. അസാന്മാര്‍ഗ്ഗികം എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങള്‍ എന്ത്, അതിനു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെ എന്ന് ആലോചിക്കുമ്പോള്‍ സ്നേഹചുംബനം (കിസ്സ് ഓഫ് ലവ്) എന്ന് പറയുന്ന സംഗതി സമരമാര്‍ഗ്ഗമാകുന്നതില്‍ പ്രത്യേകിച്ച് അര്‍ത്ഥം കാണുന്നില്ല. സംഘിസത്തില്‍ സ്നേഹമല്ല വിഷയം എന്നത് വ്യക്തമാണ്. സ്നേഹം എന്നതുതന്നെ ഒരു അബ്സ്ട്രാക്റ്റ് സങ്കല്‍പമായി നിലകൊള്ളുകയല്ലാതെ രാഷ്ട്രീയപരമായി അഭിസംബോധന ചെയ്ത്സംസാരിക്കാവുന്ന ഒന്നല്ല. രണ്ട് വ്യക്തികള്‍ തമ്മില്‍ സ്നേഹിക്കുമ്പോള്‍ ചെയ്യുന്നതിനെ എതിര്‍ക്കുന്നതല്ല പ്രശ്നം. രണ്ട് വ്യക്തികള്‍, തമ്മില്‍ സ്നേഹിക്കുന്നവരോ അല്ലാത്തവരോ ആകട്ടെ, അവര്‍ക്കിടയിലേയ്ക്ക് അധികാരവും അക്രമവുമായി മതഭ്രാന്തിന്നടിമകള്‍ കടന്നുവരുന്നു എന്നുള്ളതാണ്. ഫാഷിസമാണ്.

മൂന്നാമതായി മോറല്‍ പൊലീസിങ്ങിനെ എന്നല്ല, ഏതൊരു കാര്യത്തെയും എതിര്‍ക്കുമ്പോള്‍ ആ എതിര്‍പ്പ് തോന്നുന്ന എല്ലാവര്‍ക്കും ഒരുപോലെ പ്രതികരിക്കാന്‍ കഴിയുന്ന സ്പേസാകണം അതിനെതിരെയുള്ള സമരം എന്ന് ഞാന്‍ കരുതുന്നു. ഇവിടെ പരസ്യമായി ഉമ്മ വെച്ചുകൊണ്ടാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. സദാചാരപ്പോലീസിങ്ങിനെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും പരസ്യമായി ഉമ്മ വയ്ക്കാന്‍ കഴിഞ്ഞെന്നിരിക്കില്ല. അതുകൊണ്ട് അത്തരത്തിലുള്ളവര്‍ക്കുള്ള സ്പേസ് സമരം ഒരുക്കുന്നില്ല.

പിന്നെ സംഭവം നടക്കുന്നത് കേരളത്തിലായതുകൊണ്ട് പരസ്യ ഉമ്മകള്‍ എന്ന സങ്കല്‍പത്തിന്റെ ഇക്കിളി രസങ്ങള്‍ ഇതിന്റെ പേരില്‍ തകൃതിയായി നടക്കുന്നു എന്നതില്‍ സംശയമില്ല. അങ്ങനെ നോക്കുമ്പോള്‍ സമരം സമരകാരണത്തെത്തന്നെ മറ്റൊരു രീതിയില്‍ നടക്കാനനുവദിക്കുന്നു. ഈ ഒളിഞ്ഞുനോട്ട, കപട ലിബറല്‍ യോജിപ്പ് അദൃശ്യവും സംഘിയല്ലാസംഘികള്‍ വകയുമാണ് എന്നതുകൊണ്ട് അത് അത്രമേല്‍ അപകടകാരിയുമാണ്.

ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല, ഉമ്മകളിലൂടെ സ്നേഹം കൈമാറുന്നുമില്ല. എന്നാല്‍ ഡൌണ്‍ ടൌണ്‍ റെസ്റ്ററെന്റില്‍ സംഭവിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും തികഞ്ഞ ഫാഷിസമാണെന്നും മുസ്ലിം വിരുദ്ധതയാണെന്നും ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് കൊച്ചിയിലെ സമരത്തില്‍ സ്ഥാനമില്ല.” 

ഇതിനോട് ഞാൻ പറഞ്ഞത് ഇങ്ങനെ : “ഈ പറഞ്ഞ മിക്കവാറും കാര്യങ്ങളോടെല്ലാം യോജിപ്പ്. ഡൌണ്‍ടൌണ്‍ സംഭവത്തിനെതിരെയുള്ള ശക്തമായ ഒരു പ്രതിഷേധമായി ഞാനിതിനെ കാണുന്നില്ല, കുഞ്ഞില പറഞ്ഞതുപോലെ അതിലെ പല വിഷയങ്ങളും പറയാതെ വിടുന്ന ഒരു സമരമാണ് ഇത് എന്നു തോന്നുന്നതുകൊണ്ട്. സദാചാരപ്പോലീസിങ്ങിനെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും സ്പേസുള്ള ഒരു സമരമായും ഞാനിതിനെ കാണുന്നില്ല. സദാചാരപ്പോലീസിങ്ങിനെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും പരസ്യമായി ഉമ്മ വയ്ക്കാന്‍ കഴിഞ്ഞെന്നിരിക്കില്ല എന്നു കുഞ്ഞില പറഞ്ഞതു ശരിയാണ്. എന്നാൽ പൊതു ഇടങ്ങളിൽ വച്ച് കെട്ടിപ്പിടിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ എന്തോ മഹാപരാധമാണെന്നു കരുതുന്ന കേരളത്തിൽ അതൊന്നും പ്രശ്നമുള്ള കാര്യങ്ങളായി ഞങ്ങൾ കരുതുന്നില്ല എന്നൊരു വിഭാഗം ജനങ്ങൾ പറയുമ്പോൾ, ആ അവകാശത്തിനുവേണ്ടി സമരം ചെയ്യുമ്പോൾ, ഞാൻ അതിന്റെ കൂടെ നിൽക്കുന്നു. പൊതുസ്ഥലത്തുവച്ച് ഉമ്മ വച്ചാലോ കെട്ടിപ്പിടിച്ചാലോ ഇല്ലാതാവുന്ന ഒരു സംസ്കാരം ഞാൻ വേണ്ടെന്നുവയ്ക്കും. അത്രമാത്രം.”

പിൻതിരിഞ്ഞു നോക്കുമ്പോൾ, ‘രണ്ടുതരം മനുഷ്യരേയുള്ളൂ — ചുംബിക്കുന്നവരും ചുംബിക്കാത്തവരുംഎന്ന നിലയിലുള്ള ചുംബനസമര വായനകൾ കാണുമ്പോൾ, കുഞ്ഞിലയുടെ ഈ പോസ്റ്റ്‌ അത്തരമൊരു വിഭജനത്തിന്റെ പ്രശ്നത്തെ, അതിന്റെ ഗൌരവത്തെ, അന്നേ തിരിച്ചറിഞ്ഞിരുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു. ആ പോസ്റ്റ്‌ (ആ ഗൂഗിൾ ഐ ഡി യോടൊപ്പം) പിന്നീട് ഇല്ലാതായി, എന്നാൽ ആ വരികൾ quote ചെയ്യപ്പെട്ട നിലയിൽ ഫെയ്സ്ബുക്കിൽ ഇപ്പോഴും കാണാം.

അതിനടുത്ത ദിവസം ശ്രീ. അജിത്‌ കുമാർ എ എസ് ഉമ്മസമരത്തെ പിന്തുണച്ചുകൊണ്ടും അതോടൊപ്പം അദ്ദേഹത്തിന്റെ ചില സന്ദേഹങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. “ഒരു independent ആയ ഒരു സമരം എന്നാ നിലയിൽ.ഇതിനു പ്രാധാന്യമുണ്ട്. എന്നാൽ ഡൌണ്‍ ടൌണ്‍ റസ്റ്ററന്റ് പ്രശ്നത്തെ സദാചാര പ്രശ്നമായി ചുരുക്കാൻ ഈ സമരം ഉപയോഗപ്പെടരുത്. അതിന്റെ ഭാഗമായി ഉയർത്തപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണം” എന്നദ്ദേഹം അഭിപ്രായപ്പെട്ടു. “ആദിവാസി സമരമാണ് ഇതിനേക്കാൾ പ്രധാനം” എന്ന വാദത്തോട് യോജിക്കുന്നില്ല എന്നും “ഓരോ സമരത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഈ വാദം ഒരു ഇടതു രാഷ്ട്രീയ ബോധമാണ്. വർഗ്ഗ സമരമാണ് മുഖ്യം എന്ന് പറയുന്ന വാദം പോലെയാനത്. വ്യത്യസ്ത സമുദായങ്ങളുടെ വ്യത്യസ്ത രംഗങ്ങളിലേയും അധികാരം നീതി എന്നിവയ്ക്ക് പ്രാധാന്യമുണ്ട്” എന്നും പറഞ്ഞു. അതേസമയം “സാർവലൌകികമായ ഒരു സദാചാരം ബോധം ഇല്ല. കിസ്സ്‌ ഓഫ് ലവ് എന്ന പരിപാടിയിലൂടെ എല്ലാ സമുദായങ്ങൾക്കും എല്ലാ പ്രദേശങ്ങൾക്കും എല്ലാ സംസ്കാരങ്ങൾക്കും ബാധകമായ ഒരു സദാചാര സങ്കല്പം ഉണ്ടെന്നു സ്ഥാപിക്കാൻ ശ്രമിച്ചാൽ അത് വ്യത്യസ്തതകളെ നിഷേധിക്കൽ ആണ്” എന്നും “ആധുനികതയിലേക്ക് നയിക്കുക എന്ന ഒരു യുക്തി അറിയാതെയെങ്കിലും പലരും ഈ സമരവുമായി ബന്ധപെട്ടു മുന്നോട്ടു വെക്കുണ്ടോ എന്ന് സംശയം. അതായത് ഇവിടെ ആൾക്കാർ ആധുനികരായിട്ടില്ല എന്ന ഒരു അധീശ ബോധം ഉണ്ടോ ചിലപ്പോഴെങ്കിലും? എന്നാൽ കീഴാളമായ പല സമുദായങ്ങൾക്കിടയിലും അത്ര കടുത്ത സദാചാര നിബന്ധനങ്ങളില്ല. എല്ലാ സമുദായങ്ങളിലും ഒരു പോലെ കർക്കശമല്ല സദാചാരം‘” എന്നും അദ്ദേഹം നിരീക്ഷിച്ചു. “പ്രണയം, ലൈംഗികത എന്ന് പറയുന്നവയൊക്കെത്തന്നെ സൌന്ദര്യ സങ്കല്പ്പങ്ങളെക്കുറിച്ചുള്ള സാമാന്യ ബോധത്തിൽ കിടന്നു കറങ്ങുന്നയാണ്. ഈ സൌന്ദര്യ സങ്കൽപ്പങ്ങളിൽ പെടാത്ത എത്ര പേര് ചുംബിക്കപ്പെടും?” എന്ന ചോദ്യവും ചോദിച്ചു. “എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയതല്ല . അഡ്രെസ്സ് ചെയ്യണമെന്നെ പറഞ്ഞുള്ളൂ. ഉമ്മ സമരത്തെ പിന്തുണയ്ക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ് ആ പോസ്റ്റ്‌ അവസാനിച്ചത്‌. (ഫെയ്സ്ബുക്ക്, നവംബർ 1). അതെല്ലാം പ്രസക്തമായ ചോദ്യങ്ങളായിരുന്നു എന്നുതന്നെ ഞാൻ കരുതുന്നു.

സാർവലൌകികമായ ഒരു സദാചാര സങ്കല്പം ഉണ്ടോ? എല്ലാവരിൽ നിന്നും എല്ലാ സമുദായത്തിൽ നിന്നും എല്ലാ സംഘടനയിൽ നിന്നും ഒരു ഏകതാനമായ ഒരു സദാചാര ബോധം ആവശ്യപ്പെടാൻ കഴിയുമോ ? അങ്ങനെ നിർബന്ധിക്കാൻ കഴിയുമോ?” എന്നൊരു ചോദ്യം മറ്റൊരു പോസ്റ്റിൽ കമന്റായി അദ്ദേഹം ഉന്നയിച്ചു. അതിനു മറുപടി പറയാൻ ശ്രമിച്ചുകൊണ്ട്‌ ഞാൻ ഇങ്ങനെ എഴുതി : “സാർവലൌകികമായ ഒരു സദാചാര സങ്കല്പം ഇല്ല എന്നാണെനിക്കു തോന്നുന്നത്. എല്ലാവരിൽ നിന്നും എല്ലാ സമുദായത്തിൽ നിന്നും എല്ലാ സംഘടനയിൽ നിന്നും ഒരു ഏകതാനമായ ഒരു സദാചാര ബോധം ഞാൻ ആവശ്യപ്പെടുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. ഉദാഹരണത്തിന് ഡൽഹിയിൽ ജീവിക്കുന്നതുപോലെയോ മറ്റുള്ളവരുമായി ഇടപെടുന്നതുപോലെയോ അല്ല ഞാൻ കേരളത്തിൽ ചെയ്യുന്നത്, അവിടെ പ്രതീക്ഷിക്കുന്ന രീതിയിലല്ല കേരളത്തിൽ പ്രതീക്ഷിക്കുന്നത്.

കേരളത്തിൽത്തന്നെ എല്ലാവരിൽ നിന്നും എല്ലാ സമുദായങ്ങളിൽ നിന്നും ഒരേ തരത്തിലുള്ള അനുഭവങ്ങളോ പ്രതീക്ഷകളോ അല്ല ഉള്ളത്. സമുദായങ്ങളിൽത്തന്നെ ക്ലാസും പ്രധാനമാണ്. എൻ ഐ ടിയിലെ വിദ്യാർത്ഥികളുടെ കാര്യം നോക്കിയാൽ കൂടുതൽ മോഡേണ്‍ ആയി (ജീൻസ് പോലെയുള്ള) വസ്ത്രം ധരിക്കുന്നത് കൂടുതലും മുസ്ലീം, ക്രിസ്ത്യൻ പെണ്‍കുട്ടികളാണ്. അതേതരം ക്ലാസിലെ ഹിന്ദുപേരുള്ള കുട്ടികൾ കൂടുതൽ conservative ആണ്.

മുസ്ലീം സമുദായത്തിനെപ്പറ്റി പറഞ്ഞാൽ, ആണ്‍ പുരോഹിത വർഗ്ഗത്തിന്റെ ആജ്ഞകൾ അനുസരിച്ചു ശീലിച്ച ഒരു സമുദായം എന്ന രീതിയിൽ പലപ്പോഴും (ഒരു സമുദായം എന്ന നിലയിൽ) conservative ആയി തോന്നിക്കുന്ന വിഭാഗമാണ്‌. അതേസമയം ഒരാളുടെ സദാചാരം എന്നത് അയാൾ തീരുമാനിക്കേണ്ട കാര്യമാണെന്നും സമൂഹത്തിന് ഇടപെടാനുള്ള ഒന്നല്ലെന്നും പറയുന്ന വിശ്വാസമാണ് ഇസ്ലാം എന്നാണെന്റെ മനസ്സിലാക്കൽ, അതുകൊണ്ട് സദാചാര പോലീസിങ്ങിനെതിരെയുള്ള ശക്തമായ ഇടപെടലുകൾ മുസ്ലീങ്ങളിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.

കൊച്ചിയിലെ ഉമ്മസമരത്തിനുശേഷം ചുംബന സമരവും പൊതുവിടവും ചില ആശങ്കകളുംഎന്ന പേരിൽ സാബ്ലൂ തോമസ്‌ ഡൂൾ ന്യൂസിൽ ഒരു ലേഖനമെഴുതി. “..ജനാധിപത്യവല്കരണത്തിനായുള്ള സമരങ്ങളുടെ ഇത്തരം ഒരു ചരിത്ര പശ്ചാത്തലത്തില്‍ വേണം ചുംബനസമരത്തെ വായിക്കാന്‍. ഈ സമരവും മുന്നോട്ടുവെക്കുന്നത് പൊതുവിടത്തെക്കുറിച്ചുള്ള ചില ആകുലതകളാണ്. പൊതുവിടത്തില്‍ മുതിര്‍ന്ന രണ്ടു പൗരന്മാര്‍ തമ്മിലുള്ള ഉഭയ കക്ഷി സമ്മതപ്രകാരമുള്ള സ്‌നേഹ പ്രകടനങ്ങളെ പൊതുസമൂഹത്തിനോ ഭരണകൂടത്തിനോ റെഗുലേറ്റ് ചെയ്യാന്‍ അധികാരമുണ്ടോ എന്നതാണ് ചോദ്യം. ഈ ചോദ്യം ഉയര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഈ സമരത്തിന്റെ വിജയം. എന്നാല്‍ ഈ സമരം എല്ലാ വിഭാഗങ്ങളെയും അഡ്രെസ്സ് ചെയ്യുന്നുണ്ടോ എന്ന ഒരു സംശയവുമുണ്ട്..”, സാബ്ലൂ പറഞ്ഞു. 

കോഴിക്കോട്ടെ തെരുവിലെ ഉമ്മ പ്രഖ്യാപിച്ച സമയത്ത് ഞാൻ ഇങ്ങനെ പറഞ്ഞു — “എന്തായാലും അടുത്തമാസം ഏഴിന് കോഴിക്കോട്ടുവച്ചു നടക്കുന്ന മലബാർ കിസ്സ്‌ ഇൻ ദ സ്ട്രീറ്റിന് ഞാനും വരും. (അല്ല, പോത്തുകളെയും തെളിച്ചുകൊണ്ടല്ല. ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്). അതിനു വരാത്തവരെല്ലാം സദാചാര ഗുണ്ടകളോ പോലീസുകാരോ ആണെന്നു ഞാൻ കരുതുന്നില്ല. ഗുണ്ടത്തരത്തെ നേരിടാൻ ഒരൊറ്റ മാർഗ്ഗമല്ലല്ലോ ഉള്ളത്.”  

മുസ്ലീം വായനകൾ / നിലപാടുകൾ 
ജന്മം കൊണ്ടു മുസ്ലീമായ പലരും ഉമ്മസമരത്തിലുണ്ടായിരുന്നെങ്കിലും വിശ്വാസവുമായി ബന്ധപ്പെടുത്തിയുള്ള വായനകൾ അധികമൊന്നും വന്നിരുന്നില്ല. മേൽസൂചിപ്പിച്ച എന്റെ പോസ്റ്റിൽ കമന്റ് ചെയ്തുകൊണ്ട് സോളിഡാരിറ്റി നേതാവു കൂടിയായിരുന്ന മീഡിയാ വണ്ണിലെ എസ് എ അജിംസ് എണ്ണമിട്ടുകൊണ്ട് ഇങ്ങനെ തന്റെ നിലപാട് വ്യക്തമാക്കി :
“1. ചുംബനസമരം നടത്താനുള്ള അതിന്റെ സംഘാടകരുടെ സ്വാതന്ത്യത്തെ ഞാന്‍ മാനിക്കുന്നു. 
 2.  സമരത്തിന്റെ സദാചാര പൊലീസ്‌ വിരുദ്ധതയെ പിന്തുണക്കുന്നു
 3. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഏക ഉറവിടം പാശ്ചാത്യന്‍ ലിബറല്‍ വാദമാണെന്ന വാദത്തെതള്ളിക്കളയുന്നു
 4. മതം വ്യക്തിസ്വാതന്ത്ര്യത്തിന്‌ എതിരാണെന്ന മുന്‍വിധിയെ തള്ളിക്കളയുന്നു
 5. സദാചാരം ലിബറല്‍ വാദം പോലെ തികച്ചും വ്യക്തിനിഷ്‌ഠമായ ഒന്നാണെന്നും രണ്ടും സമൂഹത്തിന്‌ മേലുള്ള അക്രമമാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ അത്‌ പിന്തുടരുന്നവരാണെന്നും കരുതുന്നു.”
അതോടൊപ്പം തന്നെ, കേരളത്തില്‍ രണ്ട്‌ തരം രാഷ്ട്രീയമേയുള്ളൂ, ഒന്ന്‌ മാര്‍ക്‌സിസ്‌റ്റ്‌ രാഷ്ട്രീയം, രണ്ടാമത്തേത്‌, മാര്‍ക്‌സിസ്‌റ്റ്‌ വിരുദ്ധ രാഷ്ട്രീയം” എന്ന ഇ.എം.എസിന്റെ (കു)പ്രസിദ്ധ പ്രസ്‌താവനയെ ഓർമ്മിച്ചുകൊണ്ട് ചുംബനസമരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമെന്ന ദ്വന്ദം രൂപപ്പെടുകയും 
മൂന്നാമതൊരു നിലപാടിന്‌ പ്രസക്തിയില്ലാതാവുകയും ചെയ്യുന്നത്‌ ഒരു തരത്തില്‍ ഫാഷിസ്‌റ്റ്‌ കാലാവസ്ഥയാണ്‌ രൂപപ്പെടുത്തുന്നത്‌” എന്നും അതേ കമന്റിൽ അജിംസ് നിരീക്ഷിച്ചു.

ഡൂൾ ന്യൂസ് പ്രസിദ്ധീകരിച്ച ചുംബനസമരവും മുസ്‌ലീം സംഘടനകളുംഎന്ന ലേഖനത്തിൽ നാസിറുദ്ദീന്‍ ചേന്ദമംഗലൂരും ഈ വിഷയത്തെ ഒരു മുസ്ലീം വിശ്വാസ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു കാണാൻ ശ്രമിച്ചു.

ചില ദലിത് / കീഴാള സ്ത്രീ നിലപാടുകൾ 

ഉമ്മസമരം പ്രഖ്യാപിച്ച സമയത്ത് ആ സമരരീതിക്കെതിരെ എതിർപ്പുകൾ ഉയർന്നപ്പോൾ രേഖാ രാജ് ഇങ്ങനെ പ്രതികരിച്ചു : “സമരം ചെയ്യുന്നവരാണ് അതിന്റെ രീതി തീരുമാനിക്കുന്നത്. അതിന്റെ മേലെ സദാചാര കമ്മറ്റികള്‍ക്ക് വേഷം ഒന്നുമില്ല. വിമര്‍ശിക്കാന്‍ ഉപകരണങ്ങള്‍ കൈയ്യിലുള്ളവര്‍ അത് ഉപയോഗിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിക്കട്ടെ.. ഹിംസയില്ലാത്ത ഏതു തരം പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഞാന്‍ അനുകൂലമാണ്. (എന്നുവച്ച് സാമൂഹ്യ സമരങ്ങളില്‍ ഹിംസ ഉണ്ടാകില്ല എന്ന കാല്പനികതയൊന്നും എനിക്കില്ല താനും) അത് വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണേല്‍ അഭിമാനത്തോടെ പിന്തുണയ്ക്കും.. എന്ത് വില കൊടുത്തും പ്രബല ബോധങ്ങളെ നീതികരിക്കാന്‍ നടക്കുന്നവരോട് എനിക്ക് ഉള്ള പ്രതിഷേധവും രേഖപ്പെടുത്തുന്നു .അവകാശങ്ങള്‍ക്ക് / അവകാശ ബോധത്തിന് അതിരുകളില്ല .. അതിരുകള്‍ ഉണ്ടാകാന്‍ പാടില്ല ആ ബോധം ഹിംസയല്ലാത്തിടത്തോളം!!.. പിന്നെ ഈ കുത്തഴിഞ്ഞ ലൈംഗികത ന്ന് വെച്ചാല്‍ എന്തോന്നാ ഉവ്വേ… കുത്തഴിച്ചാലല്ലേ ലൈംഗികത?!”

താരതമ്യേന സാംസ്കാരിക ഭാരം കൂടിയ ഒരു കറുത്ത ശരീരം ചുമക്കേണ്ടി വരുന്ന ഒരു സ്ത്രീ എന്ന നിലയിലും ഒരു ദലിത് ഫെമിനിസ്റ്റ് എന്ന ദൈനംദിന പരീക്ഷണ രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയിലും ഉള്ള തന്റെ അനുഭവങ്ങളും സമരത്തോടുള്ള തന്റെ നിലപാടും രേഖാ രാജ് അതിനുശേഷം ഒരു ഫെയ്സ്ബുക്ക് നോട്ടിൽ പങ്കുവച്ചു. “ആ രാഷ്ട്രീയ ഐക്യപ്പെടലിന്റെ ഉപാധികള്‍ എന്തൊക്കെയാണ് എന്നത് മറ്റൊരു  നിര്‍ണ്ണായകമായ ചോദ്യമാണ്. ഇത് വളരെ വഴുക്കല്‍ നിറഞ്ഞ ഒരു ഇടം ആണ് എന്ന് ഞാന്‍ കരുതുന്നു. ഒരു ദുഷ്കരമായ പ്രവൃത്തി. പലപ്പോഴും രാഷ്ട്രീയ ഐക്യദാര്‍ഢ്യം/പിന്തുണ എന്നത് സാന്ദർഭികവും (contextual) സംവാദത്തിനും വിമര്‍ശനത്തിനും ഇടമുള്ളതും ആകണം. വിയോജിക്കാനും തങ്ങളുടെ നിലപാടുകള്‍ മുന്‍പോട്ടു വെയ്ക്കുവാനും തങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിലപേശലിനു നമുക്കിടം (ദലിത് എന്നോ ദലിത് സ്ത്രീ എന്നോ മറ്റെന്തെങ്കിലും എന്നോ വായിക്കൂ) നല്‍കുന്നതും ആയിരിക്കണം..” എന്നും “പുരുഷാധിപത്യത്തിനെതിരെയുള്ള, ബ്രഹ്മണിക മൂല്യങ്ങള്‍ക്കെതിരെയുള്ള, ഏതൊരു സമര രീതിയും ഞാന്‍ പിന്തുണയ്ക്കും. ആ സമരം എന്‍റെ മുൻഗണന ആവണം എന്നില്ല – ചിലപ്പോള്‍ രാഷ്ട്രീയ കാര്യങ്ങളാലും ചിലപ്പോള്‍ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പിനാലും. ചുംബന സമരം വിമര്‍ശനാതീതമാണ് എന്ന് ഞാന്‍ കരുതുന്നില്ല. ചുംബന സമരത്തിന്‍റെ സംഘാടകരും പങ്കാളികളും നേരിട്ട ആക്രമണം തന്നെ അതിന്റെ വിപ്ലവകരമായ ഉള്ളടക്കത്തിന് തെളിവാണ്. പക്ഷെ ചുംബനം എന്നതിനെ ഒരു രാഷ്ട്രീയമോ അല്ലാതെയോ ഉള്ള പ്രവൃത്തിയായി പരിഗണിച്ചാല്‍ ആര്‍ക്കൊക്കെ ചുംബനത്തിനു അര്‍ഹതയുണ്ട്, ഏതൊക്കെ ശരീരമാണ് കാമനയുണര്‍ത്തുന്നതായി നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നും എന്തുകൊണ്ട് എല്ലാ സ്ത്രീകള്‍ക്കും ഇത്തരം ഒരു സമരം മുന്‍ഗണന അല്ല എന്നൊക്കെ ഉള്ള ചോദ്യങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്” എന്നും ആ കുറിപ്പിൽ അവർ സൂചിപ്പിച്ചു.

ചുംബന സമരത്തിന് ഒരു മധ്യ വര്‍ഗ്ഗ സ്വഭാവം ഉണ്ടെന്നത് വ്യക്തമാണ്. ദലിത് ബൌദ്ധികതയ്ക്കും ഈ നിരീക്ഷണം കുറെയൊക്കെ ബാധകവും ആണ്. പക്ഷെ അംബേദ്‌കര്‍ നിരീക്ഷിച്ചത് പോലെ എന്‍ഡോഗമി നിര്‍ബന്ധിതമായി തുടരുന്നതിലൂടെ സ്ത്രീയുടെ ശരീരത്തെ നിയന്ത്രിച്ചു കൊണ്ടാണ് ജാതി വ്യവസ്ഥ നില നിര്‍ത്തിയിരിക്കുന്നത് എന്നത് കൊണ്ട് തന്നെ സ്ത്രീ ശരീരത്തെ വിടുതല്‍ ചെയ്യുന്ന ഏതൊരു സമര/ രാഷ്ട്രീയത്തോടും ഞാന്‍ ചേര്‍ന്ന് നില്‍ക്കും. അത് സമരം ചെയ്യുന്നവളുടെ സമ്പൂര്‍ണ്ണ തിരഞ്ഞെടുപ്പാണ് എങ്കില്‍. ഒരു പെണ്‍കുട്ടിയുടെ ആരുടേയും ഉമ്മ വേണ്ട എന്ന നിലപാടിനെയും ഞാന്‍ ഇതേ ആവേശത്തോടെ  പിന്തുണയ്ക്കും.”

ആ കുറിപ്പിൽ കോഴിക്കോടിനെപ്പറ്റി അവർ നടത്തുന്ന നിരീക്ഷണങ്ങൾക്ക് ഒരു മുൻ‌കൂർ ജാമ്യം എന്ന നിലയിൽ “കോഴിക്കോടിനെ പ്രശ്നപ്രദേശമായി നിര്‍മ്മിക്കുന്നു എന്നൊക്കെ വിമര്‍ശനം  ഉണ്ടാകും.. ഉണ്ടാകണം” എന്നവർ പറയുന്നുണ്ട്. അതിനോടുള്ള മറുപടിയായി ഞാൻ എഴുതി : “കോഴിക്കോടിനെ പ്രശ്നപ്രദേശമായി നിര്‍മ്മിക്കുന്നു എന്ന ഒരപകടം രേഖയുടെ നോട്ടിൽ ഉണ്ടെന്നത് നോട്ടിൽത്തന്നെ പറയുന്നുണ്ട്. പിന്നീടു വരുന്ന “പ്രസ്തുത ഹോട്ടല്‍ ആക്രമിക്കപ്പെട്ട ദിവസം സുഹൃത്ത്ക്കളുടെ ഉള്‍പ്പെടെയുള്ള ഫേസ്ബുക്ക്‌ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ എനിക്ക് അത്ഭുതം തോന്നി .അവര്‍ ഏതു കേരളത്തെ കുറിച്ചാണോ പറയുന്നത്. മൊത്തത്തില്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് കേരളത്തില്‍ ചില സ്ഥലങ്ങള്‍ ജാതി വംശ അതീതമായി ആളുകളുടെ കസ്റ്റമര്‍/ ഉപഭോക്താവ് എന്ന നിലയെ ബഹുമാനിച്ചു കൊണ്ട് നിലനില്‍ക്കുന്നു എന്നാണ്” എന്ന ഭാഗം ആ നിർമ്മിതിയിൽ ഒതുങ്ങാത്ത ഒരു കോഴിക്കോടിനെ സൂചിപ്പിക്കുന്നുമുണ്ട്. മേൽപ്പറഞ്ഞ നിർമ്മിതിയിലെ രാഷ്ട്രീയത്തിനെ എതിർക്കുമ്പോൾത്തന്നെ വിമർശനാത്മകമായി ഞാനുൾപ്പെടുന്ന കോഴിക്കോടിനെ നോക്കാൻ ശ്രമിക്കുന്നു. കുറിപ്പിനു നന്ദി.”

കുഞ്ഞില ഉത്തരകാലത്തിൽ ഒരു ലേഖനമെഴുതി. ഇത്തവണ കിസ് ഓഫ് ലവ്എന്ന പേരിനെയൊഴികെ ഉമ്മസമരത്തെ ഏതാണ്ടു മുഴുവനായിത്തന്നെ പിന്തുണച്ചുകൊണ്ട്. “സ്‌നേഹിക്കുന്നവര്‍ തമ്മിലുള്ള ഉമ്മകളല്ല ഇത്. ഉമ്മ വെയ്ക്കാന്‍ അതിന്റെ ആവശ്യവുമില്ല. സ്‌നേഹത്തിലൂടെ വെറുപ്പിനെ കീഴടക്കുന്നു എന്ന കാല്‍പ്പനികതയില്‍ കുരുക്കേണ്ട ഒന്നല്ല ഈ സമരം. അതിന്റെ പ്ലാക്കാര്‍ഡുകളിലും പോസ്റ്ററുകളിലും ചുണ്ടുകളല്ല വേണ്ടത്. കാരണം ഉമ്മ ഉമ്മ മാത്രമല്ല. ഇന്ന് അതൊരായുധമാണ്. സദാചാരവാദികളെ കണക്കിന് മുറിവേല്‍പ്പിക്കാന്‍ ശക്തിയുള്ള ഒന്ന്. ഒന്നാലോചിച്ചുനോക്കൂ. ഒരാളേയും വേദനിപ്പിക്കാതെ, കുത്താതെ, കൊല്ലാതെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. ആ വൃണങ്ങള്‍ക്ക് വേദനയല്ല, ഉണങ്ങാന്‍ കൂട്ടാക്കാത്ത പഴമയുടെ ദുര്‍ഗന്ധമാണ്. ഒട്ടും സ്‌നേഹമില്ലാതെ, ചുണ്ടോട് ചുണ്ട് ചേര്‍ത്തുകൊണ്ടുതന്നെ, സമാനമായ ആശയങ്ങള്‍ കോര്‍ത്തുവെച്ച് കൊണ്ടുതന്നെ, ഉച്ചനീചത്വങ്ങളില്ലാത്ത മനുഷ്യര്‍ പ്രതിഷേധിക്കട്ടെ. തെരുവുകളില്‍ ഒളിക്യാമറകളുമായി, കാമം പരതുന്നവര്‍, പാവാടയുടെ നീളക്കുറവ് മൂലം സിനിമാ ഹാളുകളില്‍ പ്രവേശനം നിഷേധിക്കുന്നവര്‍, നിന്റെ അമ്മയെയും പെങ്ങളെയും ഉമ്മ വെയ്ക്കാന്‍ തെരുവിലേക്കിറക്കുമോ എന്ന് ആക്രോശിക്കുന്നവര്‍ എല്ലാം ആ നിമിഷം ഒന്നു പകച്ചുനിന്ന്, പിന്നെ സംസ്‌കാരത്തെച്ചൊല്ലി വിലപിച്ച്, പിന്നെ നിശ്ശബ്ദരായി, മരണപ്പെടട്ടെ.‘”

ഡിസംബർ 4-നു കോഴിക്കോട്ടുവച്ചു നടന്ന ചുംബനം-അധികാരം-പൊതുവിടം എന്ന സെമിനാറിൽ കവി സതി അങ്കമാലി ദലിത് സ്ത്രീകളുടെ പ്രയോരിറ്റിഅല്ല ചുംബനസമരം എന്ന വാദത്തിൽ കഴമ്പില്ല എന്നും മറ്റുള്ളവർ ദലിത് സ്ത്രീകൾക്കുവേണ്ടി പ്രയോരിറ്റികൾ സെറ്റുചെയ്യുന്നതിൽ പ്രശ്നമുണ്ടെന്നും ഓരോരുത്തരുടെയും പ്രയോരിറ്റി അവരവരാണ് തീരുമാനിക്കേണ്ടത് എന്നും അഭിപ്രായപ്പെട്ടു. ഭൂമി ഉണ്ടായതിനുശേഷം ഉമ്മവയ്ക്കാം എന്നൊന്നും കരുതുന്നതിൽ കാര്യമില്ല എന്നും ഉമ്മ വയ്ക്കാൻ തോന്നുന്ന ദലിത് സ്ത്രീകൾ ഭൂമി പാട്ടത്തിനെടുത്തിട്ടായാലും ഉമ്മവയ്ക്കണം എന്നും അവർ കൂട്ടിച്ചേർത്തു. 

അതിനുശേഷം കോട്ടയത്തുവച്ച് ഇതേ വിഷയത്തിൽ നടന്ന ഒരു സെമിനാറിൽ ദലിത് സ്ത്രീകളെ പ്രതിനിധാനം ചെയ്ത് രേഖാ രാജ്, സതി അങ്കമാലി, കവി ധന്യ എം ഡി, ഗവേഷകയും അധ്യാപികയുമായ പ്രവീണ താളി എന്നിവർ പങ്കെടുത്തു. ദിലീപ് രാജ്, രേഷ്മാ ഭരദ്വാജ്, ഓ പി രവീന്ദ്രൻ, മാധ്യമ പ്രവർത്തക ഷാഹിന കെ കെ, ഏകലവ്യൻ ബോധി, ഡോ. എ കെ ജയശ്രീ, ജസീല സി വി, കിസ് ഓഫ് ലവ് സംഘാടകരിൽ ഒരാളായ ഷഫീക്ക് എച്ച് എന്നിവരും ആ സെമിനാറിന്റെ ഭാഗമായിരുന്നു.

സാവരിയിൽ 2015 ജൂലായിൽ പ്രസിദ്ധീകരിച്ചുവന്ന ‘Bodies that do not belong’ എന്ന ലേഖനത്തിൽ മുംബയിൽ ഗവേഷണവിദ്യാർത്ഥിയായ മീനു (തൂലികാനാമം) ഹൈദരാബാദ് സർവ്വകലാശാലാ കാമ്പസിലെ കിസ് ഓഫ് ലവ് സമയത്ത് മീഡിയയുടെ കണ്ണുകൾ സമരത്തിൽ സജീവ പങ്കാളികളായിരുന്ന ഇരുണ്ട നിറമുള്ള സ്ത്രീകളെ ഒഴിവാക്കി വെളുത്ത ശരീരങ്ങളെ തേടിപ്പോയ കാര്യം പറയുന്നുണ്ട്.

ബാബുരാജിന്റെ വിമർശനങ്ങൾ
ദലിത് ചിന്തകനായ ശ്രീ. കെ കെ ബാബുരാജിന്റെ ഈ വിഷയത്തിലെ ആദ്യത്തെ പ്രതികരണം വന്നത് ഒരു ഫെയ്സ്ബുക്ക് സ്റ്റാറ്റസ് ആയിട്ടാണ്. “പ്രത്യേകമായ പിന്തുണയോ എതിർപ്പോ ആവശ്യമില്ലാത്ത ഫ്യൂഡൽ സമര രീതിയാണ് ചുംബനസമരമെന്നത് . വളരെ വളരെ ന്യൂനപക്ഷമായ ഒരു വിഭാഗത്തെ എകീകരിക്കുമ്പോൾ അതിവിപുലമായ അളവിൽ ബഹുജനങ്ങളെയും സാധാരണക്കാരെയും അകറ്റി മാറ്റുന്നു എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത . സാമൂഹ്യ ജ്ഞാനത്തിൽ കഴിഞ്ഞ അൻപതു വർഷമായി ഉണ്ടായ തകിടം മറിയലുകളെ ഒന്നും മനസ്സിലാക്കാതെ ചിന്താപരമായി മരവിപ്പ് അനുഭവിക്കുന്ന S F I ക്കാർ / നക്സലൈറ്റുകൾ, സവർണ്ണ ഫെമിനിസ്റ്റുകൾ എന്നിവർക്കാണ് ഈ സമരം ഒരു പ്രഹേളികയായി അനുഭവപ്പെടുന്നത് എന്നതു യാദ്രിശ്ചികമല്ല. ഇസ്ലാമിന്റെ പുതു കർതൃത്വത്തോടുള്ള ഭയം മാത്രമാണ് ഇത്തരം സമരങ്ങള ആഘോഷിക്കാൻ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം. ഇന്ത്യയിലെ നാഗരിക സവർണ്ണരുടെ കൗതുക ബോധത്തിൽ നിന്നും ഉത്ഭവിച്ച ഇത്തരം സമരങ്ങളെ പിന്തുണച്ചാൽ ഇടതു പക്ഷം ഒരു ബഹുജന പ്രസ്ഥാനമല്ലാതാകാൻ വലിയ താമസമുണ്ടാകില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.

സുദേഷ് എം രഘു അതിന്റെ താഴെ ഇങ്ങനെ ഒരു കമന്റ് എഴുതി : “ചില സന്ദേഹങ്ങളുന്നയിച്ചോട്ടേ?ഇടതുപക്ഷം ബഹുജനപ്രസ്ഥാനമല്ലാതാകുന്നതില്‍ സങ്കടമുണ്ടോ ബാബുരാജിന്? ഇടതുപക്ഷം ഈ സമരത്തെ എങ്ങനെ പിന്തുണച്ചുവെന്നാണു പറയുന്നത്? സമരത്തെ ആരെങ്കിലും തടയാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ലഎന്നു (രാജേഷ് )പ്രസ്താവിച്ചിട്ട് , വെറുതെ കൈയുംകെട്ടി നോക്കി നിന്നതോ? ഇടതുപക്ഷം, പൊതുബോധത്തിനൊപ്പമേ നില്‍ക്കൂ. അതുകൊണ്ടാണ് അത് ഹിന്ദുത്വത്തോട് മിക്കവാറും ചേര്‍ന്നുപോകുന്നത്. ഈ സമരത്തെ എതിര്‍ക്കയോ അനുകൂലിക്കയോ ചെയ്യാതെ അഴകൊഴമ്പന്‍ നിലാപാടെടുത്തു മാറിനിന്നത്. മറിച്ച് മുസ്ലിം വിരുദ്ധമായ പൊതുബോധത്തിനെതിരെയല്ലേ ബാബുരാജും മറ്റും നിലകൊള്ളുന്നത്? അത്തരമൊരു നിലപാട് ഇന്നത്തെ നിലയ്ക്ക് “അതിവിപുലമായ അളവിൽ ബഹുജനങ്ങളെയും സാധാരണക്കാരെയും അകറ്റി മാറ്റു”കയല്ലേ ചെയ്യുന്നത്? അതുകൊണ്ട് ബാബുരാജും മറ്റും നിലപാട് മാറ്റുമോ?”

“‘പ്രത്യേകമായ പിന്തുണയോ എതിർപ്പോ ആവശ്യമില്ലാത്ത ഫ്യൂഡൽ സമര രീതിയാണ് ചുംബനസമരമെന്നത്എന്നു തുടങ്ങുന്ന ബാബുരാജ് ഇത്തരം സമരങ്ങളെ പിന്തുണച്ചാൽ ഇടതുപക്ഷം ഒരു ബഹുജന പ്രസ്ഥാനമല്ലാതാകാൻ വലിയ താമസമുണ്ടാകില്ലഎന്നു പറയുമ്പോൾ ഈ സമരത്തെ / സമരങ്ങളെ എതിർക്കുക തന്നെയാണ് ഒരുവിധത്തിൽ ചെയ്യുന്നത്. അല്ലായിരുന്നെങ്കിൽ പിന്തുണ ആവശ്യമില്ല എന്നു തോന്നുന്നെങ്കിൽ നിങ്ങൾ പിന്തുണയ്ക്കാതിരുന്നാൽ മതിയല്ലോ, ഇടതുപക്ഷത്തിന്റെ പിന്തുണയെക്കുറിച്ച് ഇത്രത്തോളം വേവലാതിപ്പെടാൻ മാത്രം പ്രതിലോമകരമായ എന്താണ് ഈ സമരത്തിൽ ഉള്ളത്? ഇടതുപക്ഷത്തിന്റെ ജാതീയവും ലിംഗപരവും സദാചാരപരവും ഒക്കെയായ എത്രയോ നിലപാടുകളെ വിമർശിക്കുന്നതു മനസ്സിലാക്കാം, ഇടതുപക്ഷം ഒരു ബഹുജന പ്രസ്ഥാനമല്ലാതാകും എന്നതിനെക്കുറിച്ച്, അതുകൊണ്ടുമാത്രം, ഇത്രയേറെ സങ്കടപ്പെടേണ്ട കാര്യമെന്താണ്?” എന്നു ഞാനും എഴുതി.

ഷഫീക്ക് എച്ച് ചോദിച്ചു, ബഹുജനങ്ങളെന്നും‘ ‘സാധാരണക്കാരെന്നുംഉള്ള പദപ്രയോഗങ്ങള്‍ ചുംബന സമരത്തില്‍ മാത്രം ഇത്ര ഹിംസാത്മകമായി പ്രയോഗിച്ചുകാണുമ്പോള്‍ സത്യത്തില്‍ തമാശയാണ് തോന്നുന്നത്. ഇതേ ബഹുജനങ്ങളും സാധാരണക്കാരും ദളിത്-ആദിവാസി-മുസ്ലീം സമൂഹങ്ങളുടെ സമരങ്ങളോട് അകലം പാലിക്കുന്നില്ലല്ലോ അല്ലേ!!!

അങ്ങനെ അകലം പാലിക്കുന്നുവെന്ന് താങ്കളെപോലുള്ള ദളിത് ദാര്‍ശനികര്‍ പരാതി പറഞ്ഞിരുന്നു എന്നാണോര്‍മ്മ. അങ്ങനെയാണെങ്കില്‍ ഈ സമൂഹങ്ങളുടെ സമരങ്ങളെയും നമുക്ക് ഫ്യൂഡല്‍ സമരരീതിയുടെ തൊഴുത്തില്‍ കെട്ടാനാവുമോ? അതിന്റെ മാനദണ്ഡം അങ്ങനെയാണോ?”

എന്റെ സ്റ്റാറ്റസിനു താഴെ ഒരു കമന്റായി ഡൽഹിയിൽ ഗവേഷണവിദ്യാർത്ഥിയായ ദീപ്തി ശ്രീറാം ഇങ്ങനെ എഴുതി :

സുദീപ്, ഇപ്പോൾ നാട്ടിലാണു ഞാൻ. കുടുംബത്തിൽ. ഇവിടെ വീട്ടിൽ ഉള്ളവർ ചുംബനസമരം എന്നു കേൾക്കുമ്പോൾ മുഖം ചുളിക്കുന്നു. വീട്ടിൽ ജന്മഭൂമി പത്രത്തിലുള്ള മുഖപ്രസംഗത്തെ കയ്യടിച്ചു പാസാക്കുന്നു. ഡൽഹി, ജെ എൻ യു, അൾട്രാ മോഡേണ്‍ എന്നീ കുറ്റങ്ങൾ എനിക്കുണ്ടായതുകൊണ്ട് മറ്റാരെയും അങ്ങോട്ടു വിടണ്ട എന്ന രീതിയിലുള്ള ചർച്ചകർ. ഒരു താഴ്ന്ന സമുദായത്തിന്റെ ഭാഗമായ, ഹിന്ദുത്വബോധമുള്ള, കുടുംബമാണ് എന്റേത്. അവിടെ പണം വന്നാലും വിദ്യാഭ്യാസം വന്നാലും അതുകടന്നു ജെൻഡറിനെക്കുറിച്ചാരും ആലോചിക്കില്ല. ഒരു സമരം ഇങ്ങനെ ആയി അങ്ങനെ ആയി എന്നൊക്കെ പറയുമ്പോൾ ഒരു തരത്തിലുള്ള മെയിൽ അക്കാദമിക് പ്രിവിലിജ് ആണ്. ഈ യേശുദാസിനെ പിടിച്ചു subaltern secular ആക്കിയ ലോജിക് പോലെ ആണിത്. സവർണ്ണ ഫെമിനിസ്റ്റുകളെക്കാൽ കൂടുതൽ oppressed ആവുന്നത് താഴ്ന്ന ജാതിയിലുള്ള ഫെമിനിസ്റ്റുകളാണ്. മറ്റൊന്നും കൊണ്ടല്ല. ഞങ്ങൾക്കുവേണ്ടി സംസാരിക്കാനുള്ള ഏജൻസി ആരുതരും? Downtown cafeയുടെ സമുദായം angle മറന്നു എന്നതു വാസ്തവമാണ്. പക്ഷേ ambiguous SFIയും ഫാസിസത്തിനുവേണ്ടി പൊരുതിയ എസ് ഡി പി ഐയും ജെൻഡർ എന്നു പറയുമ്പോൾ തിരിഞ്ഞുനിൽക്കും. അതു condemn ചെയ്തേ പറ്റൂ. ഫാസിസത്തിനെതിരെ പൊരുതേണ്ട രീതികൾ നമ്മൾ ആണുങ്ങൾക്കേ അറിയുള്ളൂ‘, Caste oppressionനും ഞങ്ങൾക്കേ അറിയൂ‘. Savarna feminism and the feminism that deals in detailing anguish and wrongs of the world must be resisted. That said, this logic of deciding for us makes me so angry. The protest was clearly a necessary break to our times. But we still love to sit in our intellectual chairs and criticize without a critique.”

ഡൽഹിയിൽത്തന്നെയുള്ള മറ്റൊരു വിദ്യാർത്ഥിയായ അഞ്ജു അതിനോട് കൂട്ടിച്ചേർത്തു : “Deepti’s comment is very true in my personal experience as well….Not many seem to be interested in how women from non-upper caste backgrounds may approach this political movement.” 

ചുംബനസമരം അസന്നിഹിതമാക്കുന്നത് – ബാബുരാജിന്റെ മാധ്യമം ലേഖനം 

വൈകാതെത്തന്നെ ചുംബനസമരം അസന്നിഹിതമാക്കുന്നത്എന്ന പേരില്‍ മാധ്യമത്തിൽ കെ കെ ബാബുരാജ് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചു വന്നു. (ഈ ലേഖനം പിന്നീട് ഉത്തരകാലത്തിൽ പുന:പ്രസിദ്ധീകരിച്ചു)

ലേഖനത്തോടു പ്രതികരിച്ചുകൊണ്ട് ഞാൻ ഇങ്ങനെ ഒരു സ്റ്റാറ്റസ് ഇട്ടു : 

“‘ചുംബനസമരം അസന്നിഹിതമാക്കുന്നത്എന്ന പേരില്‍ മാധ്യമത്തിൽ കെ കെ ബാബുരാജ് എഴുതിയ ലേഖനം വായിച്ചു. ബാബുരാജ് പറയുന്നു : “മതം മാത്രമാണോ സദാചാരം പുലര്‍ത്താന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന സ്ഥാപനം? മതത്തിനുശേഷമുണ്ടായ യുക്തിചിന്തയുടെ വ്യാപനത്തിലൂടെയും തത്ത്വജ്‍ഞാനത്തിന്റെ വികാസപരിണാമങ്ങളിലൂടെയും കടന്നുവന്നിട്ടുള്ള സങ്കീര്‍ണമായ വ്യവഹാരമണ്ഡലമാണു സദാചാരം എന്നത്. മാര്‍ക്സിസം, ഗാന്ധിസം, അംബേഡ്കറിസം മുതലായ എല്ലാ ഇസങ്ങളിലും സദാചാരത്തിനുള്ള സ്ഥാനം അതീവ പ്രാധാന്യമുള്ളതാണ്. ഓരോരുത്തരും വ്യത്യസ്തമായ സദാചാര കല്പനകളാല്‍ ബന്ധിതരാണെന്നതാണു വസ്തുത. ഈ യാഥാര്‍ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ട് സദാചാര പൊലീസിങ് എന്ന അമൂര്‍ത്തമായ പദം ഉപയോഗിക്കുമ്പോള്‍, അത് അപരര്‍ക്ക് എതിരാവുന്നതു സ്വാഭാവികമാണ്.”

എന്റെ സംശയം, ഇതൊക്കെ പലതവണ നമ്മൾ പറഞ്ഞ കാര്യങ്ങളല്ലേ? അപ്പോൾ മതത്തിനെതിരായ ഒരു സമരം അല്ലെങ്കിൽ അപരര്‍ക്ക് എതിരായ സമരം അല്ലാതെ ഇതിനെ മാറ്റേണ്ടത് ബാബുരാജും കൂടിയല്ലേ?

മറ്റൊരു വാദം ഇങ്ങനെ : “പലരും ആഗ്രഹിക്കുന്നതുപോലെ എളുപ്പത്തില്‍ മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയാന്‍ മുസ്ലിംകള്‍ക്ക് കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം.” —> “അങ്ങേ അറ്റം മുസ്ലീം വിരുദ്ധം ആയ ഒരു വാദഗതി ആണീ രക്ഷകന്‍ അടിച്ച് വിടുന്നത്” എന്ന് സലിൽ ജി കെ ഒരു കമന്റായി (വി കെ) ആദർശിന്റെ പോസ്റ്റിനു താഴെ എഴുതിക്കണ്ടു. സലിലിനോട് യോജിക്കുന്നു. അതിനെക്കാളേറെ, മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയണം എന്ന വിചാരം കൊണ്ടല്ല ഞാൻ ചുംബനസമരത്തെ പിന്തുണയ്ക്കുന്നത് എന്നും പറയട്ടെ. മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയാത്തവർക്കിടയിലും ചുംബന/ കെട്ടിപ്പിടിത്ത സമരങ്ങൾ കേരളത്തിൽ പ്രസക്തമാണ് എന്നു ഞാൻ കരുതുന്നു.”

താഹിർ ജമാലുമായൊരു സംഭാഷണം 
ഹൈദരാബാദിൽ ഗവേഷണ വിദ്യാർത്ഥിയായ താഹിർ ജമാൽ കെ എം എന്റെ പ്രസ്തുത സ്റ്റാറ്റസിൽ ഇങ്ങനെ കമന്റ് ചെയ്തു : “അപരര്‍ക്കെതിരെയുള്ള ഹിംസാത്മക (അല്ലെങ്കില്‍ കൂടുതല്‍ അപരവത്കരണം) അടങ്ങിയിട്ടുള്ള സമരത്തില്‍ അപര പങ്കാളിത്തം ഉണ്ടാകുന്നതോടെ അതിലെ ഹിംസാത്മകത ഇല്ലാതാകുമെന്നാണോ “അപ്പോൾ മതത്തിനെതിരായ ഒരു സമരം അല്ലെങ്കിൽ അപരര്‍ക്ക് എതിരായ സമരം അല്ലാതെ ഇതിനെ മാറ്റേണ്ടത് ബാബുരാജും കൂടിയല്ലേ?” എന്ന് പറഞ്ഞതിലൂടെ ഉദേശിച്ചത് ?”

എന്റെ മറുപടി : “അപരര്‍ക്കെതിരെയുള്ള ഹിംസാത്മക സമരം ആയേ ചുംബന സമരത്തിന് കേരളത്തിൽ അരങ്ങേറാൻ കഴിയൂ എന്നു ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.”

താഹിർ ജമാൽ കെ എം : “അപ്പൊ നിലവില്‍ അതില്‍ അടങ്ങിയിട്ടുള്ള ഹിംസാത്മകത കുടഞ്ഞു കളയേണ്ട ബാധ്യത അപരര്‍ക്കാണ് എന്നാണോ?”

സുദീപ് : “അല്ല. ചുംബനസമരംഅല്ലെങ്കിൽ ചുംബനസമരം നടത്തുന്നവർഎന്നത് ഒരു homogenous entity ആയി കാണുമ്പോഴാണ് നിലവില്‍ അതില്‍ അടങ്ങിയിട്ടുള്ള ഹിംസാത്മകതഎന്ന വാദം പ്രസക്തമാവുന്നുള്ളൂ എന്നാണു ഞാൻ കരുതുന്നത്. ഈ സമരത്തെ പിന്തുണയ്ക്കുന്നവരിൽ ചെറുതല്ലാത്ത ഒരു വിഭാഗം ആൾക്കാർ ആ ഹിംസയെ മനസ്സിലാക്കുകയും അതിനെ തള്ളിക്കളയുകയും ചെയ്യുന്നുണ്ട്. അതു മനസ്സിലാക്കാതെയോ അതിനെ അംഗീകരിക്കാതെയോ അതിൽ ഒന്നടങ്കം ഹിംസ ആരോപിച്ചു മാറിനില്ക്കുന്നതും അതിനെ എതിർക്കുന്നതും വലിയ കാര്യമില്ലാത്ത കാര്യമാണെന്ന് എനിക്കു തോന്നുന്നു, അത്രമാത്രം.”

രേഖാ രാജിന്റെ കമന്റ് 
കെ കെ ബാബുരാജ് പറഞ്ഞ കാര്യങ്ങളോട് വിയോജിക്കുന്നു. ജനപിന്തുണ എന്നത് ഒരു സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ നിർണ്ണയിക്കുന്നതാണ് എന്ന് തോന്നുന്നില്ല. പിന്നെ സവര്‍ണ്ണ ഫെമിനിസ്റ്റ് അജണ്ടയാണ് ചുംബന സമരം എന്നതിനെക്കാളും അവര്‍ ആ സമരത്തില്‍ കൂടുതല്‍ ദൃശ്യപ്പെട്ടു എന്നാണ് പറയേണ്ടത് എന്ന് തോന്നുന്നു. പക്ഷെ പങ്കാളിത്തത്തില്‍ ഏതാണ്ട് എല്ലാ വിധ ഫെമിനിസ്റ്റ് ധാരകളും ഉണ്ടായിരുന്നു. വിവധ ലൊക്കേഷനില്‍ നിന്നുമുള്ള സ്ത്രീകള്‍, പുരുഷന്മാര്‍, ഇതര ലിംഗവസ്ഥയില്‍ ഉള്ളവര്‍ ഒക്കെ ഉണ്ടായിരുന്നു. ചുംബന സമരം ആത്യന്തികമായി ആണധികാരത്തെ സദാചാര മൂല്യങ്ങളെ വെല്ലു വിളിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ, മറ്റനേകം കാരണങ്ങളാലും പിന്തുണയ്ക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു” എന്നു രേഖാ രാജും എന്റെ ആ പോസ്റ്റിനു താഴെ കമന്റായി എഴുതി. 

സ്വത്വവാദം സഹിക്കാത്ത കൂട്ടർ 
ബാബുരാജിന്റെ ലേഖനത്തിനെതിരെ വന്ന പ്രതികരണങ്ങളിൽ നല്ലൊരു പങ്ക് സ്വത്വവാദം സഹിക്കാൻ പറ്റാത്ത ഇടതു / പുരോഗമന വാദികളുടെ വകയായിരുന്നു. സ്വത്വവാദത്തെയും പോസ്റ്റ്‌ മോഡേണിസ്റ്റുകളെയും ഉത്തരകാലത്തിന്റെ രാഷ്ട്രീയത്തെയും ഒക്കെ അടച്ചു പരിഹസിച്ചുകൊണ്ട് ഇതാ മറ്റൊരു സ്വത്വവാദ തമാശഎന്ന നിലയിലാണ് അവർ ഇതിനെ അവതരിപ്പിച്ചത്. ദലിത് സ്വത്വവാദത്തിന്റെ കാലിഡോസ്കോപ്പിലൂടെ മാത്രമേ ബാബുരാജിന് എന്തും കാണാൻ സാധിക്കുന്നുള്ളൂ എന്നതുതന്നെ ഐഡന്റിറ്റി പൊളിറ്റിക്സിന്റെ പരിഹാസ്യതയാണ് വെളിവാക്കുന്നത്എന്ന് ഡെനി ലാൽ എന്ന യുക്തിവാദി വി കെ ആദർശിന്റെ പോസ്റ്റിനു താഴെ ഒരു കമന്റിൽ പറഞ്ഞു. “മാർക്സിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ കാലിഡോസ്കോപ്പിലൂടെമാത്രം ഒരാൾ വിമർശനം നടത്തുന്നു എന്നതുകൊണ്ടു മാർക്സിസം പരിഹാസ്യമാവുമോ” എന്നുഞാൻ തിരിച്ചു ചോദിച്ചു. 

സ്വത്വവാദവും ദലിത് രാഷ്ട്രീയവും മുസ്ലീം രാഷ്ട്രീയവും ഒന്നും അംഗീകരിച്ചു കൊടുക്കാൻ തീരെ തയ്യാറല്ലാത്ത, അത്തരം രാഷ്ട്രീയങ്ങൾ ഉന്നയിക്കുന്ന എല്ലാ പ്രശ്നങ്ങളും സമഗ്രമായിഇല്ലാതാക്കാൻ ഇടതുപക്ഷത്തിനും അവരുടെ രാഷ്ട്രീയത്തിനും കഴിയും എന്നു കരുതുന്ന, അത്തരം ആളുകളുടെ പ്രതികരണങ്ങളിലേക്കു വിശദമായി ഞാൻ പോവുന്നില്ല. അവർക്കൊക്കെ പ്രശ്നമുണ്ടാക്കുന്ന എന്തോ ഒന്ന് ബാബുരാജിനെപ്പോലുള്ളവരിൽ ഉള്ളത് പോസിറ്റീവ് ആയിട്ടാണു ഞാൻ കാണുന്നത്.

ഫെയ്സ്ബുക്കിലെ തുടർ സംവാദങ്ങൾ
ഞാനടക്കമുള്ള ചിലരുടെ വിമർശനങ്ങളെ പേരെടുത്തുതന്നെ സൂചിപ്പിച്ചുകൊണ്ട് വിമർശനങ്ങൾക്ക് പൊതുവിൽ ഒരു മറുപടിയായി ബാബുരാജ് ഏഴു പോയിന്റുകളുള്ള ഒരു നീണ്ട വിശദീകരണ സ്റ്റാറ്റസ് ഇട്ടു. “മുസ്ലീം പ്രശ്നങ്ങള്‍ ജനാധിപത്യവിഷയമായി ഉന്നയിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അത് ഏതെങ്കിലും സംഘടനയ്ക്ക് വേണ്ടിയുള്ള ഇടപെടലായി തെറ്റിദ്ധരിക്കരുത്. എന്നാല്‍ ഒരു സംഘടനയുടേയും പേരു പോലും പറയില്ല, മുസ്ളീം സംഘടനകളുടെ വേദികളില്‍ ചെല്ലുന്നത് അവരെ ഉപദേശിച്ചു നന്നാക്കിക്കളായാനായിരിക്കണം എന്ന ഉന്നത കുലജാതരുടെ പാരമ്പര്യ വഴിയല്ല എന്റേത്” എന്നദ്ദേഹം വിശദീകരിച്ചു. എന്നാൽ ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും അതിൽ മറുപടി പറയാൻ ശ്രമിച്ചതായി കണ്ടില്ല.

ആ പോസ്റ്റ്‌, വിശേഷിച്ച് അതിലെ തലച്ചോറ് ഉപയോഗിക്കാന്‍ ഇന്നും മടിക്കുന്ന ദലിത് അവര്‍ണ്ണ സ്ത്രീകളോടുകൂടിയാണ് ഇത് പറയുന്നത്എന്ന വരികൾ, പലരെയും പ്രകോപിപ്പിക്കുകയുണ്ടായി. 
രേഖാ രാജ് ഇങ്ങനെ എഴുതി : “ദലിത് സ്ത്രീകള്‍ സംസാരിച്ചു തുടങ്ങിയപ്പോഴൊക്കെ അത് സമുദായത്തിന്റെ കെട്ടുറപ്പിനെ നശിപ്പിക്കും എന്നൊരു ആശങ്കയാണ് ആദ്യം ഉയര്‍ന്നു കേള്‍ക്കുക. പിന്നീട് സവര്‍ണ്ണ സ്ത്രീകളെ അനുകരിക്കുക അവരോടു ബൌദ്ധിക വിധേയത്വം പുലര്‍ത്തുക എന്നൊക്കെയായിരുന്നു കേട്ട വാദങ്ങള്‍. സ്വാതന്ത്ര്യം എന്നാല്‍ ഒരു മേല്‍ജാതി കാര്യം എന്നായിരുന്നു മറ്റൊരു സൈദ്ധാന്തിക വല്‍ക്കരണം. തങ്ങളുടെ രാഷ്ട്രീയ വിശകലങ്ങളുടെയും പദ്ധതികളുടെയും ഭാഗമായി പ്രബല ഫെമിനിസ്റ്റ് ധാരകള്‍ക്ക് എതിരെ ദലിത് സ്ത്രീകള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ സമുദായത്തിലെ അച്ഛന്മാര്‍ക്കും ആങ്ങളമാര്‍ക്കും കുറച്ചു ആശ്വാസമായിത്തുടങ്ങി….

കെ കെ ബാബുരാജിന്റെ ഒരു ഫേസ്ബുക്ക്‌ സ്റ്റാറ്റസ് ആണ് ഈ കുറിപ്പിന്റെ പ്രകോപനം. വ്യക്തിപരമായ അകല്‍ച്ചയില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളത് കൊണ്ട് ധൈര്യമായി എഴുതാമല്ലോ ..!
ഏതാണ്ട് പത്തോളം പോയന്റുകള്‍ അണിനിരത്തുന്ന ആ കുറിപ്പില്‍ പേരില്ലാതെയുള്ള വിമര്‍ശനം ദലിത് സ്ത്രീകള്‍ക്ക് മാത്രം! സല്‍മാനും ഗീഥയ്ക്കും ഒക്കെ പേരും ഐഡന്റിറ്റിയും ഉണ്ടാകുമ്പോള്‍ കെ കെ ബാബുരാജ് പരത്തി അടിക്കുന്ന ദലിത് സ്ത്രീകള്‍ക്ക് പേരില്ല! കൊള്ളാം! ഇതിന്‍റെ പേരല്ലെ അദൃശ്യവല്‍ക്കരണം‘? തുടച്ചുനീക്കല്‍ ? സമുദായത്തിലെ പെണ്ണിടപെടലുകളെ നിശബ്ദവല്‍ക്കരിച്ചു അവര്‍ക്ക് വ്യക്തിത്വം/ ഉണ്മ തന്നെ നിഷേധിക്കുന്നതില്‍ കവിഞ്ഞു ആണ്‍കോയ്മ വേറെ എന്താണ്? ഇനി ആരൊക്കെയാണ് ഈ ദലിത് സ്ത്രീകള്‍? പ്രവീണ താലി, സതി അംഗമാലി, സുനിത, ധന്യ എം ഡി പിന്നെ ഈ എഴുതുന്ന ആളും ഉള്‍പ്പടെ എഴുത്തുകാര്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകരെന്ന നിലയിലും തങ്ങളുടെ ഇടം പൊരുതി നേടിയെടുത്തവരെക്കുറിച്ചാണ് ഈ തലച്ചോറ് ഉപയോഗിക്കാത്തവര്‍ എന്ന പരാമര്‍ശം ..ഇതില്‍ ഉള്ള ഹിംസയ്ക്ക് ഉത്തരം കിട്ടിയേ മതിയാകൂ..”

പ്രവീണാ താളി ബാബുരാജിന്റെ പോസ്റ്റിൽത്തന്നെ കമന്റ് ചെയ്തു : “സാറിനോടുള്ള എല്ലാ ബഹുമാനവും സൂക്ഷിച്ചുകൊണ്ട് ചോദിക്കട്ടെ, എന്താണ് ഈ വാചകം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടതാണ്. അറിഞ്ഞോ അറിയാതെയോ ഈ ചോദ്യം എന്തുകൊണ്ടാണ് സവര്‍ണ സ്ത്രീകളില്‍ ആരോപിക്കപ്പെടാതെ പോകുന്നത്. തലച്ചോര്‍ ഉപയോഗിക്കുക, ബൌദ്ധിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ കര്യങ്ങള്‍ക്കുള്ള മാനദണ്ഡവും ഏകകവും എന്താണ്? എന്താണതിന്റെ രീതിശാസ്ത്രം? അതിനു പുരുഷാധിപത്യപരവും തികച്ചും സവര്‍ണബോധാധ്യങ്ങളില്‍ അധിഷ്ടിതമായ പിന്തുടർച്ചകള്‍ ഇല്ലേ? കാരണം “സ്കോട്ട് വുഡ്സ്‌ ” പറഞ്ഞതുപോലെ അധീശത്വ ബോധങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് നമ്മുടെ അബോധത്തിലാണ് എന്നത് താങ്കളുടെ ഈ പ്രസ്താവന എന്നെ ഓര്‍മ്മിപ്പിക്കുന്നു. തലച്ചോര്‍ ഉപയോഗിക്കാന്‍ മടിക്കുന്ന/മടിയില്ലാത്ത ദളിത്‌ -കീഴാള സ്ത്രീകള്‍ എങ്ങനെ categorize ചെയ്യപ്പെടുന്നത്. കാരണം ഇത്തരം ബോധ്യങ്ങള്‍ രൂപപ്പെടുന്നത് തന്നെ ഒരു വിരുദ്ധതയില്‍ നിന്നും ഐഡിയല്‍ സ്ത്രീ ബുദ്ധിജീവി നിര്‍മിതികളില്‍ നിന്നുമല്ലേ ? യഥാര്‍ത്ഥത്തില്‍ വിമര്‍ശനാത്മകമക്കേണ്ടത് ഇത്തരം ഹെജിമോനിക്‌ സങ്കല്പനങ്ങളെയല്ലേ അതിനു പകരം രക്ഷകർതൃ ബോധ്യതിലൂന്നിയ ഇത്തരം കല്പിക്കലുകളില്‍ എവിടയാണ് സംവാദങ്ങള്‍ക്കുള്ള സാധ്യത. മറ്റൊരു പ്രധാന സംഗതി ദളിത്‌ സ്ത്രീകളെ ചിത്രീകരിക്കാന്‍ ഇപ്പോഴും പ്രയോഗിക്കപ്പെടുന്ന രണ്ടു പ്രധാന സൂചകങ്ങള്‍ ആണ് ബുദ്ധിയും പരിശുദ്ധിയും. പൊതുവേ പ്രോഗ്രെസ്സിവ് എന്ന് കരുതപ്പെടുന്ന സബാള്‍ടന്‍ രാഷ്ട്രീയത്തിലും പ്രബലമായി കാണുന്ന ഇത്തരം ബോധ്യങ്ങളോടാണ് ദളിത്‌ സ്ത്രീകളുടെ നിരന്തര കലഹം. ഇത്തരം ചോദ്യങ്ങളോടും പ്രസ്താവനകളോടും സംഘർഷപ്പെട്ടുകൊണ്ടിരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും അബോധത്തിലൂന്നിയ വംശീയത തന്നെയല്ലേ?”

സതി അങ്കമാലി ഇങ്ങനെ പ്രതികരിച്ചു : 

“‘സമകാലിക വിമര്‍ശനത്തിന്റെ ഗതിമാറ്റത്തില്‍ കാലിടറിപ്പോയ ഒരു പണ്ഡിതന്റെ ഭാഷണംഎന്ന നിലയില്‍ ബാബുരാജിന്റെ സവര്‍ണ്ണ വിമര്‍ശനങ്ങളോടുള്ള പ്രതികരണത്തെ (മറ്റൊരു ജീവിതം സാധ്യമാണ്, കെ കെ ബാബുരാജ്‌) സ്വീകരിക്കുമ്പോഴും ബാബുരാജിന് പ്രതികരണം എഴുതുന്നത്‌ വര്‍ത്തമാനകാലത്തെ സൂക്ഷ്മവും വിശാലവും ആയ ഉൾക്കാഴ്ചകളെ അഭിസംബോധന ചെയ്യാനും വിമര്‍ശിക്കാനും അംഗീകരിക്കാനും തലച്ചോറ് ഉപയോഗിക്കാന്‍ പെണ്ണുങ്ങള്‍ ഉണ്ടെന്ന സര്ട്ടിഫിക്കട്റ്റ് വാങ്ങാനല്ല, മറിച്ചു സവര്‍ണ്ണ യുക്തിയുടെ കൊടി അടയാളമായ തലച്ചോര്‍ പ്രയോഗം ദലിത് എഴുത്തധികാരത്തിന്റെ മഷിക്കറുപ്പിലേയ്ക്ക് എങ്ങിനെ പടര്‍ന്നു കയറി എന്ന് ചോദിക്കാനാണ്. അന്ന് – ഇന്നും, മുന്‍ രാഷ്ട്ര പതി കെ ആര്‍ നാരായണന്‍ മുതല്‍ ഇങ്ങു കോട്ടന്‍ഹില്‍ സ്കൂളിലെ ഊര്‍മിള ടീച്ചര്‍ വരെ ഉള്ളവരുടെ കാര്യത്തില്‍ നമ്മള്‍ കണ്ടതാണ് efficient അല്ല smart അല്ല suit അല്ല എന്നൊക്കെ.. വാക്കുകള്‍ക്ക് മാറ്റം ഉണ്ടാകാം. മുൻവിധികള്‍ക്ക് ഇല്ല. ഇതിന് പിന്നിലെ ചേതോവികാരം മനസിലാവാന്‍ സാമാന്യബുദ്ധി മതി, യഥാവിധം കുറ്റി ബീഡീം കട്ടന്‍ ചായേം ജൂബയും ബുള്‍ഗാനും വേണമെന്നില്ല. ഇത്തരം സ്ഥാവര ജംഗമങ്ങള്‍ എല്ലാവിധ അധികാരത്തോടും വെച്ച് കൊണ്ടിരിക്കുന്ന ദലിത് ഇതര സമുദായങ്ങളോടും, ബുദ്ധിജീവിതം സ്വന്തമായുള ദലിത് എഴുത്തുകാരോടും ഒന്നേ പറയാനുള്ളൂ. ഒരു ജനതയുടെ നിലനില്‍പ്പും അതിജീവനവും പോലെ തന്നെ പ്രധാനമാണ് അതിലെ വ്യത്യസ്തതയുടെ ഉള്ളടക്കങ്ങളും. ആരും തങ്ങളുടെ യെജമാനന്മാര്‍ അല്ല എന്ന് പ്രഖ്യാപിച് സ്വയം മുന്നേറുന്ന സമ്പൂര്‍ണ്ണമായ ഇളകി മറിച്ചിലില്‍ സ്വാതന്ത്ര്യവാഞ്ഛയും , ജനാധിപത്യ ദര്‍ശനവും ഒക്കെ ആയി ദലിത് പെണ്ണുങ്ങള്‍ സമുദായത്തിന് ഉള്ളിലും പുറത്തും ഒരു പുതിയ സമന്വയത്തിനായി പരിവര്‍ത്തനപ്പെടുകയാണ്. ഇവിടെ പരിഭ്രാന്തിപ്പെടുകയല്ല വേണ്ടത്. അനുഗമിക്കാം, ഒപ്പം നടക്കാം പക്ഷെ നയിക്കാം എന്ന് കരുതരുത് ! കാരണം ആണധികാരത്തിന്റെ നടപ്പ് വഴികളില്‍ ഉപേക്ഷിച്ചു വെച്ച പോതിച്ചോറല്ല ഞങ്ങള്‍. തലച്ചോറില്‍ പച്ചമരങ്ങള്‍ കത്തിച്ചു വാക്കുകള്‍ക്കു തീ പിടിപ്പിച്ചത്
ഒരുമിക്കാമെന്നോ 
ചിതറിക്കാമെന്നോ 
കരുതിയല്ല
ചിരിക്കാന്‍, ചിന്തിക്കാന്‍ 
കലഹിക്കാന്‍, കൈ കോര്‍ക്കാന്‍ 
ആര് ? ആര് ? ആരുടെ വൃത്തങ്ങള്‍? 
ഞങ്ങളെ തടഞ്ഞു വെയ്ക്കും?”

കേരളത്തിലെ ഇടതുപക്ഷ പൊതുബോധത്തിനുള്ളിൽ ഉൾപ്പെടുന്ന അവർണ്ണ -ദളിത്‌ സ്ത്രീകളോടാണ് ഞാൻ ചിന്തിക്കാൻ പറഞ്ഞത്” എന്നു ബാബുരാജ് ആ വരികളെ വിശദീകരിച്ചു. അപ്പോഴും അത് വളരെയധികം പ്രശ്നമുള്ള ഒന്നായിട്ടാണ് എനിക്കനുഭവപ്പെട്ടത്‌.

വീണ്ടും വിശദീകരിച്ചുകൊണ്ട് ബാബുരാജ് മറ്റൊരു ഫെയ്സ്ബുക്ക് കുറിപ്പെഴുതി. ആ വാദപ്രതിവാദങ്ങൾ അങ്ങനെ ഓണ്‍ലൈൻ ആയും ഓഫ് ലൈൻ ആയും പല വഴിയ്ക്കു തുടർന്നു. ബാബുരാജിനെതിരെ ഉയർന്നുവന്ന വിമർശനങ്ങളിലെ രക്ഷാകർതൃത്വപരാമർശങ്ങളുടെ സാംഗത്യം ചോദ്യം ചെയ്തുകൊണ്ട് അജിത്‌ കുമാർ എ എസ് ഒരു സ്റ്റാറ്റസ് ഇട്ടു, അവിടെ ഞാൻ “സംപൂർണ്ണവിപ്ലവം നയിക്കാൻ സ്വയം നേതൃത്വം ഏറ്റെടുത്ത കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങ”ളുടെ ബാക്കി കുറച്ചു ബാബുരാജിലുള്ളത് പൊങ്ങിവരികയാണെന്നേ തോന്നുന്നുള്ളൂ” എന്നൊരു കമന്റ് എഴുതി. “മുസ്ലീംകൾക്കുവേണ്ടിസംസാരിക്കുന്ന ബാബുരാജിന്റെ ശബ്ദം ‘voice of the voiceless’ ആവാൻ ശ്രമിക്കുന്ന, അങ്ങനെ ശ്രമിച്ചിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ ഓർമ്മിപ്പിക്കുന്നു” എന്നു ഷാൻ മുഹമ്മദുമായി അവിടെ നടന്ന സംവാദത്തിൽ ഞാൻ വിശദീകരിച്ചു.

ചുംബനസമരത്തെ എതിർക്കുന്നവരെല്ലാം ഒരേ ഗ്രൂപ്പാണെന്നു കരുതുന്ന, അല്ലെങ്കിൽ അങ്ങനെ വാദിക്കുന്ന, ചിലരുണ്ട്. ബാബുരാജിന്റെ ലേഖനത്തെ എതിർക്കുന്നവരെല്ലാം ഒരേ ഗ്രൂപ്പാണെന്നു കരുതുന്ന, അല്ലെങ്കിൽ അങ്ങനെ വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന, വേറെ ചിലരുമുണ്ട്‌” എന്നുകൂടി ഞാനൊരു പോസ്റ്റിട്ടു. വ്യക്തിബന്ധങ്ങളെപ്പോലും ബാധിക്കുന്ന നിലയിലേക്കു പോയിത്തുടങ്ങിയതുകൊണ്ട് ബാബുരാജും മറ്റുള്ളവരും പരസ്യമായ വാദപ്രദിവാദങ്ങൾ പതിയെ അവസാനിപ്പിച്ചു.

കോടിയേരി-പിണറായി പ്രസ്താവനകളും മാർക്സിസ്റ്റ്‌ സ്വയം വിമർശവും 
ഭാര്യയും ഭര്‍ത്താവും മുറിയില്‍ വച്ച് കാണിക്കുന്നത് തെരുവില്‍ വച്ച് കാണിക്കരുത്, പൊതുജനങ്ങള്‍ക്ക് അത് ഇഷ്ടമാവുകയില്ല” എന്നു ഡിസംബറിൽ കോഴിക്കോട്ടെ കിസ് ഇൻ ദ സ്ട്രീറ്റിനു ശേഷം ശ്രീ. പിണറായി വിജയൻ അഭിപ്രായപ്പെട്ടപ്പോൾ “പിണറായി വിജയനില്‍ നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നത് ഖേദകരമാണ്. ഈ വാക്കുകളിലൂടെ ഫലത്തില്‍ അദ്ദേഹം അറിയാതെയെങ്കിലും ഹൈന്ദവ ഫാസിസ്റ്റുകളുടെയും മുസ്ലിം സദാചാരവാദികളുടെയും വക്കീലായി മാറുകയായിരുന്നു എന്നതാണ് സത്യം” എന്നാണു ശ്രീ. സുവീഷ് ഏങ്ങണ്ടിയൂർ ഫെയ്സ്ബുക്കിൽ ഇതിനോടു പ്രതികരിച്ചത്. പിണറായി വിജയന് ഒരു ചുംബനംഎന്നായിരുന്നു ആ ഫോട്ടോ പോസ്റ്റിന്റെ ക്യാപ്ഷൻ. അങ്ങനെയൊരു സദാചാര തിട്ടൂരം കേരളത്തിലെ പ്രമുഖ ഇടതുപക്ഷ പാർട്ടിയുടെ ഏറ്റവും വലിയൊരു നേതാവിൽ നിന്നു വരുമ്പോഴും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളും (വിശേഷിച്ചു സി പി എം) അവരുടെ യുവജന / വിദ്യാർത്ഥി / വനിതാ പോഷക സംഘടനകളും സംഘടിതമായി നടത്തിവന്നിട്ടുള്ള സദാചാര പോലീസിങ്ങിനെ ചർച്ചയ്ക്കെടുക്കുന്നത് ഹൈന്ദവ ഫാസിസ്റ്റുകളുടെയോ മുസ്ലിം സദാചാരവാദികളുടെയോ സദാചാര പോലീസിങ്ങിനെപ്പറ്റി പറയുന്നത്ര സുഖമുള്ള കാര്യമല്ല എന്നതുകൊണ്ടാവാം മിക്ക പ്രതികരണങ്ങളും ഇത്തരത്തിലുള്ള ഒരു മൃദുവായ തലോടലിൽ ഒതുങ്ങിയത്. 

നിൽപ്പുസമരവും ചുംബനസമരവുമൊക്കെ അരാഷ്ട്രീയ സമരങ്ങളാണ്എന്ന ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും എന്തൊക്കെയാണ് രാഷ്ട്രീയം എന്നു ഞങ്ങൾ പറഞ്ഞുതരാംഎന്ന വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ബോധ്യത്തിൽ നിന്നു വരുന്ന ഒന്നായിരുന്നു.

ഇടതുപക്ഷ സദാചാരമൂല്യം എന്നപേരില്‍ പഠിച്ച ശീലങ്ങളെയും ആണധികാരത്തിന്റെ വഴക്കങ്ങളെയും ഞങ്ങളില്‍നിന്നും പറിച്ചെറിയാന്‍ ഞങ്ങളോടുതന്നെ ചെയ്യുന്ന സമരം” എന്ന് മാർക്സിയൻ ഡെമോക്രസിഎന്ന പേരിലുള്ള ഒരു പേജ് ചുംബന സമരം : ഞങ്ങള്‍ ഞങ്ങള്‍ക്കെതിരെ തന്നെ നടത്തുന്ന സമരം… We Are Struggling Ourselves!!!’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഒരു ഫെയ്സ്ബുക്ക് കുറിപ്പിൽ കണ്ടു. അതായിരുന്നു ഈ സമരവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു (ഒരേയൊരു?) മാർക്സിസ്റ്റ്‌ സ്വയം വിമർശം. സദാചാര പോലീസ് എന്നാൽ ഒരു വലതുപക്ഷസംഗതിയാണെന്നും കേരളത്തിൽ ഇടതു കുടുംബങ്ങളില്ല വലതു കുടുംബങ്ങളേ ഉള്ളൂ എന്നുമൊക്കെ പറഞ്ഞ് ഈ വിഷയത്തെ ഒരു വലതുപക്ഷപ്രശ്നം മാത്രമാക്കി ചിത്രീകരിക്കുകയായിരുന്നു ശ്രീചിത്രനെപ്പോലുള്ളവർ ചെയ്തത് എന്നോർക്കുക. മുഖ്യധാരാ മാർക്സിസ്റ്റുകൾ ആരും തന്നെ ഇടതുപക്ഷ സദാചാരമൂല്യം എന്നപേരില്‍ പഠിച്ച ശീലങ്ങളെവിമർശനാത്മകമായി സമീപിച്ചതായി കണ്ടിരുന്നില്ല.

ചുംബനസമര വ്യവഹാരങ്ങളിൽ സദാചാരത്തകര്‍ച്ചയും കുടുംബ വിരുദ്ധതയും ആരോപിക്കുമ്പോൾ 

പരസ്പര സമ്മതത്തോടെയുള്ള ചുംബനവും ലൈംഗികാതിക്രമവും തമ്മിൽ തിരിച്ചറിയാത്ത ആരോ എഴുതിയത് എന്നു തോന്നിക്കുന്ന ഒരു ലേഖനം 2014 ഡിസംബറിൽ മാധ്യമം പത്രത്തിൽ പ്രത്യക്ഷപ്പെട്ടു. ചുംബിലാബിന്റെ മക്കള്‍ കാണാതെ പോവുന്നത്എന്നായിരുന്നു ലേഖനത്തിന്റെ പേര്. “ഇവര്‍ വീറോടെ വാദിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും നൂറു ശതമാനവും അനുവദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന പാശ്ചാത്യസമൂഹങ്ങളില്‍ എന്ത് സംഭവിക്കുന്നുവെന്ന് കണ്ണുതുറന്നു കാണണം. അമേരിക്കന്‍ സര്‍വകലാശാലകളില്‍ അതിഭീകരമായി വര്‍ധിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ വൈറ്റ് ഹൗസിനെപ്പോലും അസ്വസ്ഥമാക്കുന്നു എന്ന വാര്‍ത്ത ഈ ഡിസംബര്‍ രണ്ടിനാണ് നമ്മുടെ മാധ്യമങ്ങളില്‍ വന്നത്. ആദ്യവര്‍ഷ വിദ്യാര്‍ഥിനികളെ എങ്ങനെ ലക്ഷ്യമിടാമെന്നും പിടിക്കപ്പെടാതെ ലൈംഗികാതിക്രമം നടത്താവുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നും വ്യക്തമാക്കുന്ന ഇ-മെയില്‍ സന്ദേശങ്ങളാണത്രെ യൂനിവേഴ്സിറ്റികളില്‍ വ്യാപകമായി പ്രചരിക്കുന്നത്..” എന്നൊക്കെ പോയി ഉമ്മവയ്ക്കൽ പരസ്യമായി ചെയ്യുമ്പോള്‍ അതു വിനാശകരമായ സദാചാരത്തകര്‍ച്ചക്ക് വഴിയൊരുക്കുന്നുഎന്നു തെളിയിക്കാനുള്ള ആ ലേഖനത്തിലെ വാദങ്ങൾ.

ഉമ്മസമരത്തിന്റെയടക്കമുള്ള പല സമീപകാല വ്യവഹാരങ്ങളും ഘടനാപരമായി കുടുംബം ജനാധിപത്യവിരുദ്ധമാണെന്നുവാദിക്കുന്നതായി ആരോപിച്ചുകൊണ്ട്‌ ഈ വ്യവഹാരങ്ങളുടെ മേൽ കടന്നാക്രമണം നടത്തുന്ന ഡോ. ഒ കെ സന്തോഷിന്റെ ഒരു ലേഖനം കുടുംബ വിരുദ്ധതയോ പുത്തന്‍ കുടിയിറക്കുകളോ?’ എന്ന പേരില്‍ ഉത്തരകാലത്തില്‍ ഈ വർഷം മെയിൽ പ്രസിദ്ധീകരിച്ചുവന്നു. ആ ലേഖനം വായിച്ചപ്പോഴുണ്ടായ എന്റെ ചില സംശയങ്ങള്‍ കുടുംബസ്‌നേഹമോ വേറെ എന്തെങ്കിലുമോ? ചില സംശയങ്ങള്‍എന്ന പേരിൽ അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചു. ആ സംശയങ്ങൾക്ക് ഇതുവരെ ആരും മറുപടി തന്നിട്ടില്ല.

സമൂഹം ഇങ്ങനെ ആരോഗ്യകരമായി നിലനിൽക്കാനുള്ള ഒരു പ്രധാനപ്പെട്ട ഉപാധിയാണ് പവിത്രത എന്നത്. ചുംബനസമരം അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നത് ഈ പവിത്രതയെയാണ്” എന്നും “അങ്ങനെ എല്ലാ പവിത്രതകളും ഇല്ലാതായിക്കഴിഞ്ഞാൽ യഥാർത്ഥത്തിൽ സംഭവിക്കുക ബന്ധങ്ങൾ തന്നെ ഇല്ലാതിരിക്കുക എന്നതാണ്. ഇത് ടോട്ടൽ ആധുനിക സെക്കുലർ കൾച്ചറിന്റെ തന്നെ ഒരു പ്രശ്നമാണ്” എന്നും ചുംബനസമരത്തിന്റെ വർത്തമാനം എന്ന പേരിൽ ഡൌണ്‍ ടൌണ്‍ സംഭവത്തിന് ഒരു വർഷം തികയുന്ന സമയത്ത് 2015 ഒക്ടോബർ അവസാനം മീഡിയാവണ്‍ ചാനൽ സംപ്രേഷണം ചെയ്ത ട്രൂത്ത്‌ ഇൻസൈഡ് പരിപാടിയിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ശ്രീ.മുഹമ്മദ്‌ വേളം പറയുന്നു. ചെങ്ങറ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 2008 മാർച്ചിൽ തിരുവനന്തപുരത്തുവച്ചു നടന്ന നൈറ്റ് വിജിൽ പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകളും പുരുഷന്മാരും അവിടെവച്ചു കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുക വഴി ആ സ്ഥലത്തെ അശുദ്ധമാക്കി എന്നവകാശപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പിറ്റേ ദിവസം ചാണകവെള്ളവും ചൂലുമായെത്തി ആ സ്ഥലത്തു ശുദ്ധി വരുത്തിയിരുന്നു. കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുമ്പോൾ ഇല്ലാതാവുന്ന ആ ശുദ്ധിയെ ഒരു ജാതിശുദ്ധിഅല്ലെങ്കിൽ ബ്രാഹ്മണശുദ്ധി ആയാണു ഞാൻ മനസ്സിലാക്കുന്നത്, കീഴ്ജാതിക്കാർ തീണ്ടിയാലും ഇല്ലാതാവുന്ന ഒന്നാണ് ആ ശുദ്ധി. ആ ശുദ്ധിവാദത്തോട് അപകടകരമാം വിധം അടുത്തുനില്ക്കുന്ന ഒന്നായിട്ടാണ് ശ്രീ. മുഹമ്മദ്‌ വേളത്തിന്റെ പവിത്രതാവാദം എനിക്കനുഭവപ്പെട്ടത്‌.


മോറൽ പോലീസിംഗിനെതിരെ പറയുന്നതു മുസ്ലീം വിരുദ്ധമോ?
കേരളാ കോണ്ടെക്സ്റ്റിൽ മോറൽ പൊലീസിങ്ങ് പോലുള്ള പദപ്രയോഗങ്ങൾ എത്രത്തോളം മുസ്ലിം വിരുദ്ധമാകുന്നുഎന്ന രീതിയിലുള്ള ബാബുരാജിന്റെ നിരീക്ഷണം ഈയിടെ ഫറൂക്ക് കോളേജിലുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും ഉദ്ധരിച്ചുകേട്ടു. അത്തരം നിരീക്ഷണങ്ങളോട് എനിക്കു വിയോജിപ്പുണ്ട്. മറ്റുള്ളവരെ ബാധിക്കാത്ത തരത്തിലുള്ള ആണ്‍ / പെണ്‍ ഇടപെടലുകളിൽ സമൂഹത്തിന്റെ മോറൽ പൊലീസിങ്ങ്വേണ്ടതാണ് / നല്ലതാണ് തുടങ്ങിയ (ചില മുസ്ലിങ്ങളും ചില ഹിന്ദുക്കളും ചില കമ്മ്യൂണിസ്റ്റ് നേതാക്കളും ഒക്കെ കൊണ്ടുനടക്കുന്ന) വാദങ്ങളെ ഫലത്തിൽ ന്യായീകരിക്കുന്നു ഈ മുസ്ലിം വിരുദ്ധതാവാദം എന്നാണെനിക്കു തോന്നുന്നത്. ഇതൊരു മുസ്ലീം വിഷയമല്ലാതാക്കി മാറ്റി ഈ പ്രശ്നത്തെ നേരിടുന്നതിനു പകരം പൊതുബോധംപിൻപറ്റി ഇതൊരു മുസ്ലീം വിഷയമാക്കിത്തന്നെ നിലനിർത്തുന്ന ഒരുതരം വാദമാണത് എന്നും.

ഘർ വാപ്പസിയും ഉമ്മസമരവും തമ്മിൽ 
“..
ഇത്തരം വീടവസ്ഥയെയും നാടവസ്ഥയെയും വിമർശിക്കുന്നതും പുരുഷന്റെയും സ്ത്രീയുടെയും കള്ളസദാചാരത്തെ ചോദ്യം ചെയ്യുന്നതുമായ പുതുവിമർശനങ്ങൾ ചെവിക്കൊള്ളേണ്ടതുതന്നെയാണ്. ഒന്നു ചുംബിച്ചാൽ തകർന്നുപോവുന്ന ചീട്ടുകൊട്ടാരമോ സദാചാര ബോധനിർമ്മിതികൾ? സദാചാരം കനിഞ്ഞുനൽകുന്ന പുരുഷകോയ്മയെ ചോദ്യം ചെയ്യാൻ പുരുഷനെത്തന്നെ വലിച്ചെറിയുന്ന സ്ത്രീമാത്രരോഗമല്ല ഇത്തരം സമരങ്ങളിൽ കാണാൻ കഴിഞ്ഞത്. അവിടെ രണ്ടുപേരും (സ്ത്രീയും പുരുഷനും) ഉണ്ടായിരുന്നു.. സദാചാരത്തെയും ഭരണകൂട ജന്മിത്വത്തെയും ആയുധം കൊണ്ടല്ല ചുംബനം കൊണ്ടാണവർ നേരിട്ടത്..” (പ്രദീപ്‌ കുളങ്ങര, ‘വികാരങ്ങൾക്കു മേൽ മതങ്ങളെ പണിയുന്നവർ‘) 

ഘർ വാപ്പസി എന്ന പ്രക്രിയയുടെ ഭാഗമായി വീട് എന്നത് ഇടമാണ്. ദേശം, രാഷ്ട്രം, സ്ഥലം, പൊതു ഇടം എന്നിങ്ങനെ വ്യാഖ്യാനങ്ങളുണ്ട്‌. ഇത്തരമൊരു ഇടത്തിലാണ് മത, രാഷ്ട്രീയ സദാചാര ഗുണ്ടകളുടെ അതിക്രമങ്ങൾക്കെതിരെ ചുംബനത്തെ സമരായുധമായി രൂപപ്പെടുത്തുന്നത്..” (ഏകലവ്യൻ ബോധി, ‘ഘർ വാപ്പസി : മുഖം മിനുക്കിയെത്തിയ ഹിഡൻ അജണ്ട‘)

ഘർ വാപ്പസിയുടെ ഒരു ദലിത് ക്രിസ്ത്യൻ വിമർശനമായി ശ്രീ. ജോസ് പീറ്റർ എഡിറ്റ്‌ ചെയ്ത് തിരുവല്ല ഡൈനാമിക് ആക്ഷൻ 2015- പ്രസിദ്ധീകരിച്ച ഘർ വാപ്പസി: വീടെന്ന മതിൽഎന്ന പുസ്തകത്തിലെരണ്ടു ലേഖനങ്ങളിൽ മേൽപ്പറഞ്ഞ വിധത്തിൽ ഉമ്മസമരത്തെപ്പറ്റി സൂചനകളുണ്ട്. വീട് എന്ന ഇടത്തെത്തന്നെ ഇന്ത്യൻ സാഹചര്യത്തിൽ ഒരു ദലിത് വിമർശനത്തിനു വിധേയമാക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു ഈ പരാമർശങ്ങൾ.

ഒരത്യാഗ്രഹം
ഉമ്മവയ്ക്കാനുള്ള / കെട്ടിപ്പിടിക്കാനുള്ള സ്വാതന്ത്ര്യം സമൂഹത്തിൽ എല്ലാവർക്കും നിഷേധിക്കപ്പെടുന്നത് ഒരുപോലെയല്ല. ദലിതരും മുസ്ലീങ്ങളും കീഴാളരും കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുമ്പോൾ സമുദായപരമായി കേരളത്തിൽ ഏതു തരത്തിൽ അതു സ്വീകരിക്കപ്പെടുന്നു എന്നും ഏതെല്ലാം തരത്തിലുള്ള തടസ്സങ്ങൾ നേരിടുന്നു എന്നും എങ്ങനെ അതിനെയൊക്കെ മറികടക്കാം എന്നുമുള്ള വിഷയങ്ങളിൽ ചില സ്റ്റീരിയോ ടൈപ്പുകൾ കൊണ്ടാടുന്നതിനപ്പുറം ആരും ഗൌരവമുള്ളൊരു പഠനത്തിനു ശ്രമിച്ചിട്ടുള്ളതായി കണ്ടിട്ടില്ല. അങ്ങനെയുള്ള പഠനങ്ങൾ നടക്കണം എന്നാഗ്രഹമുണ്ട്, ഈയൊരു ലേഖനം അതിനു പ്രചോദനമായേക്കാം എന്നൊരു പ്രത്യാശയുമുണ്ട്.

 

[നീണ്ടുപോയി എന്നറിയാം. എന്നാൽ ഇത്രയെങ്കിലും പറയാതെ ഉമ്മസമരത്തെപ്പറ്റി പറയുക എനിക്കസാദ്ധ്യമാണ്. സോഷ്യൽ മീഡിയയിൽ നിന്ന് ഈ ലേഖനത്തിൽ ഉദ്ധരിച്ചിട്ടുള്ള കാര്യങ്ങളെല്ലാം പബ്ലിക് പോസ്റ്റുകളോ പബ്ലിക് പോസ്റ്റിലെ കമന്റുകളോ ആയി പ്രസിദ്ധീകരിക്കപ്പെട്ട കാര്യങ്ങളാണ്. -ലേഖകൻ]

Comments

comments