ചുംബിക്കാനറിയാത്ത ജനതയാണു മലയാളികൾ. നമ്മുടെ സിനിമകൾ അതിനു സാക്ഷ്യം പറയും. പരസ്പരം ശരിക്കുമൊന്ന് ചുംബിക്കാത്തവർക്ക് പിറന്നതുകൊണ്ടാവണം നാമന്ന്നും ഇത്രമേൽ പാകൃതരായി തുടരുന്നത്.

വലിയ പിൻതുടർച്ചകൾ ഉണ്ടായിട്ടില്ലാത്ത ചുംബനസമരത്തിനു ഒരു വയസ്സ് പിന്നിടുന്ന വേളയിൽ നാം നമ്മുടെ ഇരുട്ടുകളെ ഈ ലോകത്തിനു മുൻപാകെ തുറന്നു വയ്ക്കുന്നത് നന്നായിരിക്കും. ചുംബിക്കാനുള്ള അവകാശത്തിനു വേണ്ടിയും സമരം നടത്തേണ്ടി വന്ന ഗതികെട്ട ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഓർമ്മയ്ക്ക്. മാറുമറയ്ക്കാനും വഴി നടക്കാനും അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്  വരനും ഇന്ന് ഇരിക്കാനുമൊക്കെ സമരം ചെയ്യേണ്ടി വന്നതുപോലെ ആത്മാഭിമാനത്തോടെ ജീവിക്കാൻ മനുഷ്യർക്ക് മനുഷ്യരോട് പടവെട്ടേണ്ടി വരുന്ന ഒരു നൂറായിരം സമരപരമ്പരകളുടെ കണ്ണിയിലെ ഏറ്റവും സുപ്രധാനമായൊരു വഴിത്തിരിവായിരുന്നു ചുംബനസമരം.  കൂട്ടമറവികളെ തിരുത്താൻ ഈ ഓർമ്മപ്പെടുത്തലും ഒരു സമരായുധമാണു. കാണപ്പെടുന്ന ഈ ലോകം ഒരു സുപ്രഭാതത്തിൽ പൊട്ടിവിരിഞ്ഞതല്ലെന്ന് എല്ലാവരും ഓർക്കേണ്ടതുണ്ട്. അതിൽ എണ്ണമറ്റ പോരാട്ടങ്ങളുടെ ജയപരാജയങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട്.

          ചുംബനം പോലെ ആനന്ദകരമായ ഒരനുഭവത്തെ എങ്ങിനെയൊക്കെയാണു നമ്മുടെ സംസ്കാരം വിലക്കി നിർത്തിയത് എന്നു നോക്കുക. ഒറ്റ നോട്ടത്തിൽ അതിനു പിന്നിലെ അധികാരത്തിന്റെ ബലതന്ത്രം കാണാതാവില്ല. കാരണം ചുംബനംവിലക്കുകളില്ലാതെ ഇവിടെയുണ്ട്. ആണുങ്ങൾ ചുംബിക്കുന്നുണ്ട്. പെണ്ണുങ്ങൾ അതേറ്റു വാങ്ങുന്നുമുണ്ട് കീഴടക്കപ്പെട്ട ജനത എന്ന പോലെ. എന്നാൽ ചുംബിക്കുന്ന പെണ്ണ് അത് നമ്മുടെ ചരിത്രത്തിനു പുതുതാണു. അതാണു ചുംബനസമരത്തെ മലയാളികളുടെ സമരചരിത്രങ്ങളുടെ പരമ്പരയിലെ ഒരു വഴിത്തിരിവാക്കി മാറ്റുന്നത്. ചുംബനസമരത്തിനെതിരായി ഒരു ജനതയെ ഒന്നടങ്കം സംഘടിപ്പിക്കാൻ നമ്മുടെ ദുരാചാര അഥവാ പുരുഷാചാര പോലീസിനു കഴിഞ്ഞതും അതുകൊണ്ട് തന്നെ.

          ചുംബനം തടയാൻ കേരളത്തിലെ തെരുവീഥികളിലറങ്ങിയ അക്രമാസക്തരായ പുരുഷാരത്തെ നോക്കുക. കഴിഞ്ഞ ഒരു വർഷത്തെ ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം ഓർമ്മയിലേക്ക് ആവാഹിച്ചാൽ ഈ പുരുഷാരം ഇന്ന് കൂടുതൽ കൂടുതൽ ഇടങ്ങളിലേക്ക് ഇരച്ചു കയറിക്കൊണ്ടിരിക്കുന്നത് കാണാം. ബലാൽക്കാരത്തിന്റെ സംസ്കാരമാണത്. പരിണാമത്തിൽ മനുഷ്യർക്കും മുൻപുമുള്ള കാലത്തിന്റെ അധികാരശക്തി പുനരാനയിക്കുന്നത് കൊണ്ടുതന്നെ ഹനുമാൻ സേനയുടെയും വാനരസേനയുടെയുമൊക്കെ കുടക്കീഴിലാണു ഈ സംഘശക്തി വളരുന്നത്തെന്നത് യാദൃശ്ചികമല്ല. പെണ്ണിന്റെ ഉണർച്ചയോളം അവർ ഭയപ്പെടുന്ന മറ്റൊന്നും ഇല്ലതന്നെ.

          അവളൊന്നുറക്കെ ഒച്ചവെച്ഛിരുന്നെങ്കിൽ ഞാൻ ഉണരുമായിരുന്നു. (എങ്കിൽ ഞാനെന്റെ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്യില്ലായിരുന്നു.) എന്നാണു നമ്മുടെ ജനപ്രിയ ചിത്രങ്ങളിലൊന്നായ ഹിറ്റ് ലർസ്ത്രീപീഡനത്തിനു നീതീകരണം ചമച്ചത്. ബലാൽസംഗക്കാരോട് എങ്ങനെ സംവദിച്ചാലാണു അത് തടയാനാവുക എന്ന് നമ്മുടെ ഭാഷാധ്യാപകർ നമ്മെ പഠിപ്പിച്ചില്ല. അവരത് ചെയ്തിരുന്നെങ്കിൽ നാല്പതോളം പേരാൽ ബലാൽസംഗം ചെയ്യപ്പെട്ട പ്രായപൂർത്തിയാകാത്ത സൂര്യനെല്ലിയിലെ പെൺകുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഉറക്കെ കരയാഞ്ഞതെന്ത് ഓടി രക്ഷപ്പെടാഞ്ഞതെന്ത്എന്ന് രാജ്യത്തെ ഉന്നത നീതിപീഠത്തിനു ചോദിക്കേണ്ടി വരില്ലായിരുന്നു. ഞാനെന്റെ ചങ്ങാതിയെ പരസ്യമായി ചുംബിച്ചപ്പോൾ എന്റെ കുട്ടികൾക്ക് പകർന്നു കൊടുത്തത് ഒരുപക്ഷെ അവർ പഠിക്കാതെ പോകുമായിരുന്ന അഅ ഭാഷയുടെ വ്യാകരണമാണു. പരസ്പര സമ്മതവും സ്നേഹവും ഉണ്ടെങ്കിൽ മാത്രമേ ചുംബനം മാധ്യമാവൂ. അല്ലാത്തതെല്ലാം ബലാൽസംഗമാണു. രണ്ട് പതിറ്റാണ്ട് ക്ലാസ് മുറിയിൽ ഞാനവർക്ക് പകർന്നുകൊടുത്ത ഭാഷാപരമായ എല്ലാ വിമർശനാത്മക ചിന്തകളെക്കാളും വലിയ പാഠം. ആ പാഠമറിഞ്ഞില്ലെങ്കിൽ അവർക്കും ഇരകളുടെ ഭാഷ മനസ്സിലാവാതെ പോകും.

          യോഗ്യതയില്ലാത്ത അധ്യാപകർ പഠിപ്പിക്കുന്നതിനെതിരെ ഞാൻ സമരം ചെയ്തിട്ടുണ്ട്. പരാതി കൊടുത്തിട്ടുണ്ട്. ഒരു നടപടിയും ഇന്നുവരെ ഉണ്ടായിട്ടില്ല. എന്നാൽ ചുംബനസമരത്തിൽ പങ്കെടുത്ത് സ്വന്തം പങ്കാളിയെ ചുംബിച്ചതിനു കുട്ടികളെ വഴിപിഴപ്പിച്ചു എന്നതിനു കാരണം കാണിക്കാൻ എനിക്ക് തൽസമയം ഇണ്ടാസ് അടിച്ചുകിട്ടി.

          ക്ലാസ് മുറികളിൽ കുട്ടികളെ ആണും പെണ്ണുമായി തരം തിരിച്ച്  വേർപിരിച്ചിരുത്തുന്ന സംസ്കാരമാണു ഇന്നും നമ്മുടേത്. എന്നാൽ സ്വവർഗ്ഗസ്നേഹികളെ നാം അംഗീകരിക്കുകയുമില്ല. യൗവ്വനത്തിനുമേൽ നൂറ്റാണ്ടുകളുടെ ഭാരമാണു ഇത് കയറ്റി വയ്ക്കുന്നത്. സംസ്കാരത്തിന്റെ പേരിൽ നടക്കുന്ന ദുരാചാരങ്ങളുടെ ഈ അമിതഭാരത്തിൽ നുറുങ്ങി ശ്വാസം മുട്ടിയ നമ്മുടെ പുതിയ യൗവ്വനമാണു ചുംബിക്കാനുള്ള അവകാശത്തിനായി സ്വയം പൊട്ടിത്തെറിച്ച് കേരളത്തിലെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. മുതിർന്ന തലമുറയാകട്ടെ ഈ സമരത്തെ അപഹസിക്കുന്ന, നിസ്സംഗ മനോഭാവം കൈക്കൊണ്ട് കൈകഴുകി മാറി നിൽക്കുകയും ദുരാചാരഗുണ്ടകൾ കുട്ടികൾക്കെതിരെ ആക്രമണഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തിലാണു ഒരു സ്ത്രീ എന്ന നിലക്കും കുട്ടികളുടെ പോരാട്ടത്തിൽ അനുഭാവമുള്ള ഒരു സ്ത്രീ എന്ന നിലയ്ക്കും ഞാൻ ആ സമരത്തിൽ അണി ചേർന്നത്. സമരം അടിച്ചമർത്താനെത്തിയ ഹനുമാൻസേനയും പോലീസ് സേനയും ഒരേ സ്വരത്തിൽ ആക്രോശിച്ചത് തെരുവ് ചുംബിക്കാനുള്ളതല്ല! എന്നായിരുന്നു.

          പിന്നെ ഈ തെരുവുകൾ എന്തിനുള്ളതാണു? ഇവിടെ ദിനംപ്രതി നടക്കുന്ന ബലാൽസംഗങ്ങളുടെ കണക്കുകൾ അതിനുള്ള മറുപടി പറയും.

 

          വർഷം ഒന്ന് പിന്നിടുമ്പോൾ ഈ പോരാട്ടം അത്ര ചെറുതായിരുന്നില്ല എന്നു ഞാൻ തിരിച്ചറിയുന്നു. മുഴുവൻ മനുഷ്യർക്കും പരസ്പരസമ്മതത്തോടെ സ്നേഹത്തോടെ ചുംബിക്കാൻ കഴിയുന്ന കാലം വരെയും ഭൂമിയിൽ ലിംഗസമത്വം ഒരു കിനാവ് മാത്രമാവും. അതുവരെയും നമ്മുടെ യൗവ്വനങ്ങൾക്ക് വെറുതേ ഇരിക്കാനാവില്ല. അവർ പോരാടിക്കൊണ്ടേ ഇരിക്കും. ഭൂമിയിലെ ജീവിതകാലത്ത് മനുഷ്യരെ കല്ലാക്കിമാറ്റുന്ന സകലസംസ്കാരങ്ങൾക്കുമെതിരെ ഇതല്ലാതെ മറ്റു പോംവഴികളില്ല.

Comments

comments