സ്വന്തം കൃതിയെക്കുറിച്ചെഴുതേണ്ടി വരുമ്പോൾ എഴുത്തുകാർ പൊടുന്നനെ ആത്മരതിയുടെ തടങ്കലിലാവും. സ്വയം പുകഴ്ത്താനുള്ള ആഗ്രഹം അവരെ ആവേശിക്കും. ഹിതകരമായ ആത്മവിശ്വാസം ഒരു പക്ഷേ കെട്ട അഹന്തയ്ക്കു വഴിമാറും. ഒന്നിനും ആരേയും കുറ്റം പറഞ്ഞു കൂടാ. യുക്തിവിചാരത്തിനുമപ്പുറത്തുള്ള ഒരു തലത്തിൽ നിന്നുകൊണ്ടാണല്ലോ ഒരു രചന നിർവ്വഹിക്കപ്പെടുന്നത്. അപ്പോൾ അതിനെ പ്രതിരോധിക്കുന്നതിലും വലിയ യുക്തിയൊന്നും പ്രതീക്ഷിച്ചുകൂടാ. ഇക്കാരണങ്ങൾ കൊണ്ടൊക്കെ ഏതെഴുത്തുകാരനും സ്വന്തം കൃതിയെക്കുറിച്ച് അധികം എഴുതാതിരിക്കുകയാണ് അഭികാമ്യം. എന്നിരുന്നാലും ചിലപ്പോഴെങ്കിലും അത്തരം ചില ആവശ്യങ്ങലിൽ നിന്നും ഒഴിഞ്ഞുമാറാൻ നിർവ്വാഹമില്ലാതെ വരും. വിശേഷിച്ചും എം.കെ ശ്രീകുമാറിനെപ്പോലെ എന്റെ എഴുത്തിനെയും വായനയേയും വലിയ തോതിൽ സ്വാധീനിച്ചിട്ടുള്ള ഒരു സുഹൃത്തിൽ നിന്നും വരുന്ന ഒന്നാവുമ്പോൾ അതു നിരാകരിക്കുന്നത് കൃതഘ്‌നത തന്നെയാവും. അതുകൊണ്ടാണ് ഈ കുറിപ്പ്. പക്ഷേ, ഇത് സ്വന്തം രചനയെക്കുറിച്ചുള്ള ഒരു വാഴ്‌ത്തോ സ്തുതിയോ ആയിത്തീരാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പകരം, രചനയുമായി ബന്ധപ്പെട്ടു വന്ന ചില സാമാന്യനിരീക്ഷണങ്ങളെ ഒരു നോവലിസ്റ്റിന്റെ പക്ഷത്തു നിന്നും നോക്കിക്കാണുകയാണ് ലക്ഷ്യം.
അന്ധകാരനഴി 2009 മാർച്ചിലാണ് പൂർത്തിയാകുന്നത്. ആറേഴു വർഷങ്ങൾക്കു മുമ്പ് എഴുതിയ ഒരു കൃതിയുടെ രചനാമുഹൂർത്തങ്ങളെക്കുറച്ച് വീണ്ടും ആലോചിക്കുക അത്ര എളുപ്പമല്ല. മാത്രവുമല്ല, നോവലിനെക്കുറിച്ചും അതിന്റെ എഴുത്തുസാഹചര്യങ്ങളെക്കുറിച്ചും ഒട്ടൊക്കെ വിശദമാക്കുന്ന ഒരു ലേഖനം മാതൃഭൂമി ബുക്‌സിന്റെ ജോണലിനു വേണ്ടി ഞാനെഴുതുകയും ചെയ്തിരുന്നു. ആ ലേഖനം വാസ്തവത്തിൽ പുസ്തകം ഇറങ്ങുന്നതിനോടൊപ്പം തന്നെ പ്രസിദ്ധീകരിക്കാനുള്ളതായിരുന്നു. ജേണൽ പക്ഷേ, മറ്റുചില സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടാണെന്നു തോന്നുന്നു, വൈകി. അതുകൊണ്ട് പുസ്തകം വന്ന് (2011) രണ്ട് വർഷത്തിനു ശേഷമാണ് ലേഖനം വെളിച്ചം കാണുന്നത്. ലേഖനത്തിലെ ചില ഭാഗങ്ങൾ പുസ്തകത്തിന്റെ ഉൾഭാഗത്തു കൊടുത്തിരുന്നത് പിന്നീട് അനവസരത്തിൽ വായിക്കപ്പെട്ടതായി തോന്നി. വിശേഷിച്ചും നോവലിനെ വിമർശനാത്മകമായി സമീപിച്ച ചിലരുടെ ലേഖനങ്ങളിൽ അന്ധകാരനഴി എന്ന പേരു കൊടുക്കുകയും അടിയന്തരാവസ്ഥയുടെ കഥ എന്ന് തോന്നിപ്പിച്ച് അതല്ലാതെയെന്ന മട്ടിൽ എഴുതാൻ ശ്രമിക്കുകയുമൊക്കെ ചെയ്തു എന്ന കുറ്റപ്പെടുത്തലുകൾ ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട സൂചനകൾ നോവലിൽ ഉള്ളതിനേക്കാളുപരി അതിനെക്കുറിച്ച് വാരികയിൽ വന്ന പരസ്യങ്ങളിലാണ് ഉണ്ടായിരുന്നത്. എവിടേയും സംഭവിക്കാവുന്ന കാര്യങ്ങൾ എന്ന നിലയിൽ മാത്രമേ നോവലിൽ വിഷയം കൈകാര്യം ചെയ്തിരുന്നുള്ളൂ. ഒരു പ്രത്യേക കാലഘട്ടത്തെയോ അക്കാലത്തെ വ്യക്തികളെയോ കുറിച്ച് എഴുതി സ്വയം പരിമിതപ്പെടുത്തേണ്ടതില്ലല്ലോ എന്ന ദുരാഗ്രഹം തന്നെയായിരുന്നു കാരണം. കാലമോ സ്ഥലമോ പരാമർശിക്കാതെ, ഒരു പക്ഷേ കേരളചരിത്രത്തിലെ ചില സന്ദർഭങ്ങളെ ആധാരമാക്കി എഴുതപ്പെട്ട ഒരു സ്വതന്ത്രകൃതി എന്നു വിചാരിക്കാം. പി. കുഞ്ഞിരാമൻ നായരെക്കുറിച്ചുള്ള ഒരു പരാമർശം മാത്രമാണ് കാലത്തെക്കുറിച്ചുള്ള ഒരു സൂചന. അല്ലെങ്കിലും ചരിത്രനോവൽ എന്റെ കൊക്കിലൊതുങ്ങുന്ന കാര്യമല്ല.
നോവലിനെതിരായി വന്ന മറ്റൊരു പരാതി, അത് നക്‌സൽ മൂവ്‌മെന്റിനെ തെറ്റായി വ്യാഖ്യാനിച്ചു എന്നതായിരുന്നു. മുമ്പ് അത്തരം സംഘടനകളിലുണ്ടായിരുന്ന ചിലർ അങ്ങനെ എഴുതുകയുമുണ്ടായി. (ചിലർ മാത്രം എന്ന് ഊന്നിപ്പറയട്ടെ, അക്കാലത്തെ മുഖ്യധാരയിലുണ്ടായിരുന്ന കെ. വേണുവിനെപ്പോലുള്ള രാഷ്ട്രീയക്കാരും എം.സുകുമാരനെപ്പോലുള്ള വലിയ എഴുത്തുകാരും നോവലിനെ ധനാത്മകമായിത്തന്നെയാണ് കണ്ടത്. അത്ഭുതകരമായിത്തോന്നിയത് ആ മൂവ്‌മെന്റുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നിട്ടില്ലാത്ത ചില ട്രേഡ് യൂണിയൻ ചങ്ങാതിമാർക്കും ഇതേ പരാതിയുണ്ടായിരുന്നു എന്നതാണ്.) എന്റെ തോന്നൽ നോവലിൽ അത്തരം സംഘടനകളിലെ ആളുകളെ ആദർശവൽക്കരിക്കാൻ ശ്രമിച്ചില്ല എന്നതാണ്. തീവ്രരാഷ്ട്രീയ നിലപാടുകൾ പുലർത്തിയിരുന്ന കഥാപാത്രങ്ങളിലെ മിക്കവാറും പേരേയും പോസിറ്റീവായിത്തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതും മന:പൂർവ്വമല്ല. ആ കഥാപാത്രങ്ങൾ അങ്ങനെയുള്ളവരായിരുന്നു. എന്നാൽ, നായക കഥാപാത്രത്തിന്റെ സ്വഭാവത്തിൽ വ്യതിചലനങ്ങൾ സംഭവിക്കുന്നുണ്ട് എന്നതു നേരാണ്. അതിന് നോവലിൽ അതിന്റേതായ കാരണങ്ങളുണ്ട്. ആ വ്യതിയാനമാണ് കൃതിയുടെ പ്രമേയം. അങ്ങനെയല്ലെങ്കിൽപ്പിന്നെ നോവൽ ഇല്ല. തീർച്ചയായും, തങ്ങൾ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് ഗൃഹാതുരത്വം തോന്നാൻ ഏവർക്കും അവകാശമുണ്ട്. പക്ഷേ, പുറത്തു നിന്നും നോക്കുമ്പോൾ സംഭവങ്ങളെല്ലാം ആ രീതിയിൽത്തന്നെ ഒരാൾ കാണണം എന്നില്ല. അധികാരം എന്നത് ഭരണകൂടത്തിനു മാത്രമായുള്ള പാപമല്ല. ആളുകൾ വിപ്ലവഭരണകൂടങ്ങൾ പറയുംപടി പ്രവർത്തിച്ചതായി നമുക്ക് തെളിവുകളൊന്നുമില്ലല്ലോ. ബെർലിൻ മതിലിന്റെ പടിഞ്ഞാറോട്ടാണ് മനുഷ്യർ ചാടിയിരുന്നത്. തിരിച്ച് കിഴക്കോട്ട് ചാടുകയായിരുന്നു വേണ്ടത് എന്നു വിപ്ലവകാരികൾ വാദിക്കുന്നതിൽ വലിയ ആദർശമൊക്കെയുണ്ടെങ്കിലും അത് അക്കാലത്തെ, എക്കാലത്തേയും സാധാരണക്കാരായ മനുഷ്യർക്കു മനസ്സിലായിരുന്നില്ല. മുഖാമുഖം എന്ന സിനിമ വന്നപ്പോഴുള്ള ചർച്ചകളെ ഓർമ്മിപ്പിച്ചു, ഈ വിമർശനങ്ങൾ. ഇനി, ആദർശവാനല്ലാത്ത ഒരു കമ്മ്യൂണിസ്റ്റും ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ടില്ലെന്നു വരുമോ?
അടിയന്തരാവസ്ഥയെ നോവലാക്കുന്നത് വിപണി പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്നും പരാമർശിക്കപ്പെട്ടു. സത്യം പറഞ്ഞാൽ അത്തരം സൂത്രങ്ങളൊന്നും മനസ്സിലുണ്ടായിരുന്നില്ല. ഈ നോവൽ ഇറങ്ങുന്ന കാലത്ത് മലയാള നോവൽ അങ്ങനെ വിറ്റുപോകുന്ന ചരക്കൊന്നുമായിരുന്നില്ല. അതിനു ശേഷം കാര്യങ്ങൾ ഗുണപരമായി മാറിയിട്ടുണ്ട് എന്നുള്ളതു വാസ്തവം തന്നെ. എന്നാൽപ്പോലും അടിയന്തരാവസ്ഥയ്‌ക്കൊക്കെ മലയാളത്തിൽ എന്തു വിപണിമൂല്യമാണുള്ളത്? കച്ചവടക്കണ്ണുള്ള ആരെങ്കിലും അത്തരമൊരു വിഷയമെടുത്ത് പെരുമാറുമോ? (കച്ചവടം മോശമാണെന്ന അർത്ഥത്തിലല്ല.) ഏതായാലും അത്തരം തന്ത്രങ്ങളൊന്നും കാര്യമായി വിലപ്പോയിട്ടില്ല. പണി പാളിയതാവാം. അന്ധകാരനഴി ഒരുകാലത്തും ബെസ്റ്റ് സെല്ലറായിരുന്നിട്ടില്ല.
നോവൽ മാതൃഭൂമിയിൽ സീരിയലൈസ് ചെയ്യുന്ന സമയത്തുതന്നെ വന്ന ആദ്യത്തെ പരാമർശം മലയാളത്തിൽ ഇപ്പോൾ ഭൂതകാലവിഷയങ്ങളാണ് നോവലെഴുത്തുകാർ കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു. ഒരഭിമുഖത്തിൽ ഇക്കാര്യം ഉന്നയിച്ചത് ഞങ്ങളുടെ തലമുറയിലെ പ്രശസ്തനായ കഥാകൃത്തായിരുന്നു. മലയാളത്തിൽ മാത്രമല്ല, ലോകത്തെവിടെയും നോവലെഴുതപ്പെടുന്നത് ഭൂതകാലത്തെക്കുറിച്ചായിരുന്നു എന്ന് അദ്ദേഹം മറന്നു പോയതാവാം. ഭൂതകാലം ഹറാമാണെന്നു വന്നാൽപ്പിന്നെ യുദ്ധവും സമാധാനവും പോലും എഴുതപ്പെടുമായിരുന്നില്ല. മാർക്കേസ് ബോളിവറെക്കുറിച്ചെഴുതിയ ജനറൽ ഇൻ ഹിസ് ലാബിറിൻത്, യോസയുടെ നിരവധി നോവലുകൾ, പാമുക്, സരാമാഗോ തുടങ്ങി ഇവിടെ അമിതാവ് ഘോഷ് വരെയുള്ള എഴുത്തുകാർ ഭൂതകാലത്തെ ഇന്ധനമാക്കുന്നു. എന്റെ സുഹൃത്ത് നോവലെഴുതുമ്പോൾ (ഇനിയും അദ്ദേഹം അതിനു തുനിഞ്ഞിട്ടില്ല, പക്ഷേ എനിക്കു വലിയ പ്രതീക്ഷയുണ്ട്) തീർച്ചയായും വെള്ളിയാഴ്ചകളിലെ യക്ഷിയെപ്പോലെ ഭൂതകാലം അദ്ദേഹത്തേയും പിടികൂടും എന്നതിന് സംശയമൊന്നുമില്ല. സമകാലികതയാണ് നമ്മുടെ ശാപം എന്നൊരു വാക്യം എൻ എസ് മാധവൻ തന്റെ ആദ്യകാലകഥകളിലൊന്നിൽ സൂചിപ്പിക്കുന്നുണ്ട്. അതിൽ കാര്യമുണ്ട്. സമകാലിക സംഭവങ്ങളെക്കുറിച്ച് എഴുതുമ്പോൾ പെട്ടെന്ന് നിങ്ങൾക്കൊരു ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയും. അതു കലയുടെ മഹിമയല്ല, നേരേ മറിച്ച് വാർത്തകളോടുള്ള ജനത്തിന്റെ കൗതുകമാണ്. സാഹിത്യം കുറച്ചുകൂടി ദൂരം ആവശ്യപ്പെടുന്നു. അടയിരിപ്പിന്റെ ഈ അകലമില്ലാതെ പോകുമ്പോൾ കഥയും നോവലും ജേണലിസത്തോട് അടുത്തു നില്ക്കും. അതൊന്നും മോശമാണെന്ന അഭിപ്രായത്തിലല്ല ഇതു പറയുന്നത്. പക്ഷേ, ഫിക്ഷൻ വ്യത്യസ്തമായ ഒന്നാണെന്നാണ് എന്റെ തോന്നൽ.
അടുത്ത പ്രശ്‌നം അനുഭവങ്ങളുടെ അഭാവമാണ്. പ്രാഥമികമായ അനുഭവങ്ങളില്ലാത്ത ആളുകൾ എങ്ങനെയാണ് ഇതൊക്കെ എഴുതിയുണ്ടാക്കുക? ഇങ്ങനെ പറയുമ്പോൾ, തീർച്ചയായും ഒരാൾ സ്വയം അനുഭവിച്ച, പങ്കെടുത്ത കാര്യങ്ങളിൽ മാത്രമേ അയാൾ കഥയെഴുതിക്കൂടൂ എന്നു വരുന്നില്ലേ? അങ്ങനെ ആർക്കു സാധിക്കും? അങ്ങനെ എഴുതപ്പെടുന്ന രചനകളെ ആത്മകഥകൾ എന്നല്ലേ വിളിക്കേണ്ടത്? സാഹിത്യം എഴുതുന്ന ഒരാളുടെ സാധ്യത അപരലോകങ്ങൾ സൃഷ്ടിക്കാൻ കഴിയുക എന്നതാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുക എന്നതല്ലേ എഴുത്തുകാർ ചെയ്യേണ്ടത്? ഓ, ഇവരൊക്കെ ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി എന്തെഴുതാൻ! എന്ന ഒരു പരപുച്ഛപ്രവണത പൊതുവേ, മലയാളിനാട്യത്തിലുണ്ട്. ഇനി അനുഭവങ്ങളിൽ കുബേരനായ ഒരു മനുഷ്യന് അങ്ങനെ നോവലെഴുതാൻ സാധിക്കുമോ? വിദേശസാഹിത്യം വായിക്കുമ്പോൾ അത് വലിയ തെറ്റായി ഇതേ വിമർശകർക്കു തോന്നുന്നില്ല. നാട്ടിൽ ആരെങ്കിലും ചെയ്താൽ കഴിഞ്ഞു! തീവ്രവാദ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ യോസ എഴുതിയ നോവൽ ദി റിയൽ ലൈഫ് ഓഫ് അയഹാന്ദോ മായ്താ നോക്കൂ. യോസ പോലീസ് സ്‌റ്റേഷൻ ആക്രമിക്കാൻ പോയ സംഘത്തിലുണ്ടായിരുന്നില്ലെന്നത് തീർച്ചയാണ്.
പിന്നെ പുസ്തകത്തിന്റെ വലുപ്പം, എഡിറ്റിംഗ് എന്നതിനെക്കുറിച്ചായി ആരോപണം. വലുപ്പം പോകട്ടെ, അതൊക്കെ പ്രമേയത്തിന്റെ പ്രശ്‌നമല്ലേ? കേരളത്തിലെ ഏതു നോവലും പുറത്തെ നോവലുകളെ അപേക്ഷിച്ച് അത്ര വലുതൊന്നുമല്ല. തീർച്ചയായും അങ്ങനെ എഡിറ്റു ചെയ്യപ്പെടേണ്ട കൃതികൾ കാണും. അങ്ങനെ എല്ലാ രചനകളേയും ഒരുമിച്ചു കൂട്ടിക്കെട്ടരുത് എന്ന് സൂചിപ്പിക്കട്ടെ. കാര്യമായ മാറ്റങ്ങൾ വരുത്തിയാൽ, ഭാഗങ്ങൾ ഉപേക്ഷിച്ചാൽ നോവൽ തന്നെ ഇല്ലാതാവും. തീർച്ചയായും ഗവേഷണം ചെയ്തിട്ടുണ്ട്, പക്ഷേ ഒരിക്കൽപ്പോലും ഗവേഷണം ചെയ്ത, എന്നാൽ പ്രത്യക്ഷത്തിൽ കഥയുമായി ഒത്തുപോകാത്ത ഒരു കാര്യവും നോവലിൽ എഴുതിയിട്ടില്ല. അതൊരു പശ്ചാത്തലം മാത്രമാക്കി നിർത്താൻ ശ്രദ്ധിച്ചിരുന്നു. തന്നെയുമല്ല, എന്റെ കാര്യത്തിൽ നോവൽ എഴുതി ഒരു രണ്ടുവർഷമെങ്കിലും കഴിഞ്ഞിട്ടാണ് പ്രസിദ്ധീകരണം തുടങ്ങിയത്. പ്രസാധകരിൽ നിന്നോ വാരികയിൽ നിന്നോ ഒരു സമ്മർദ്ദവും ഇല്ലായിരുന്നു. രേഖീയമായൊരു ഘടനയല്ല അന്ധകാരനഴിയുടേത്. തുടർച്ചയുള്ള അധ്യായങ്ങളല്ല അതിൽ. അതുകൊണ്ടു തന്നെ സമയവും സ്ഥലവും ബന്ധപ്പെടുത്തുന്നത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. തോന്നിയതുപോലെ ആരെങ്കിലും എഡിറ്റു ചെയ്തു കുറെ ഭാഗങ്ങൾ മാറ്റിയാൽ പ്രമേയവും കഥാപാത്രങ്ങളും മാറും. എന്നാലും ഉപേക്ഷിക്കപ്പെടേണ്ട ഭാഗങ്ങൾ ഉണ്ടെങ്കിൽ അതു മനസ്സിലാക്കാൻ സാധിച്ചാൽ നന്നായിരുന്നു. മലയാളത്തിലെ പ്രസാധകർ മികച്ച എഡിറ്റർമാരെ വയ്ക്കുന്നത് നല്ലതുതന്നെയാണെന്നാണ് എന്റെ അഭിപ്രായം. നോവൽ ഇംഗ്ലീഷിലാക്കിയപ്പോൾ ഗീതാരാജൻ എന്നൊരു മികച്ച എഡിറ്ററുടെ സാന്നിദ്ധ്യം സ്‌നേഹത്തോടെ ഓർക്കുന്നു.
പിന്നെയൊരു സംഗതിയുണ്ട്. ഒരു കഥാകൃത്ത് നോവലെഴുതാൻ തീരുമാനിച്ചാൽ ഉടൻ തന്നെ കുറച്ചുപേർ പിൻവിളി വിളിക്കും. കഥയെഴുത്തുകാർ നോവലെഴുതരുത്, കവിതയെഴുതുന്നവർ നാടകമെഴുതരുത് എന്നൊക്കെയുള്ള ചില അലിഖിതനിയമങ്ങൾ ഭാഷയിൽ അടുത്തകാലം വരെ നിലവിലുണ്ടായിരുന്നു. ടി.പി രാജീവനും റഫീഖ് അഹമ്മദും ഇപ്പോൾ മനോജ് കുറൂരും അതു ഭേദിച്ചു. അല്ലെങ്കിലും അതിലൊന്നും വലിയ കാര്യമില്ല. എനിക്കു കവിതയെഴുതിയാൽ കൊള്ളാമെന്നുണ്ട്, പറ്റാഞ്ഞിട്ടാണ്. സാധിക്കുകയാണെങ്കിൽ ഒരു ചവിട്ടുനാടകം എഴുതുന്നതു പോലും തരക്കേടില്ലാത്ത പരിപാടിയാണ്. അതുകൊണ്ട് ഇപ്പോൾ പ്രശംസ കേൾക്കുന്ന പുതിയ കഥാകൃത്തുക്കളൊന്നും വഴിതെറ്റരുത്. സ്തുതികൾ നിന്ദകളായി മാറുന്ന കാലം അത്ര അകലെയൊന്നുമല്ല. ഏറ്റവും ഒടുവിൽ നിങ്ങൾക്ക് നിങ്ങളും മുന്നിലെ കടലാസ്സും (അല്ലെങ്കിൽ സ്‌ക്രീനും) മാത്രമേ ഉണ്ടാവുകയുള്ളൂ. മുമ്പ് കഥ മാത്രം എഴുതിക്കൊണ്ടിരുന്ന കാലത്ത് കഥയ്ക്കു വലുപ്പം കൂടുന്നു, ഇനി നോവലെഴുതണം എന്നു പറഞ്ഞിരുന്നതും ഇതേ ആളുകളായിരുന്നു. പിന്നീട് നോവലെഴുതിയപ്പോൾ അതിന് ചെറുകഥയുടെ ഘടനയായിരുന്നു എന്നും പറയും. നിങ്ങളുടെ ചെറുകഥകൾ ഗംഭീരമായിരുന്നു: പക്ഷേ, പക്ഷേ, നോവൽ… രണ്ടും നല്ലതല്ലെന്നു പറഞ്ഞാലും കുഴപ്പമൊന്നുമില്ല. ചെറുകഥയുടെ മന്ത് വലത്തേ കാലിലേക്കു മാറ്റി എന്നേയുള്ളൂ. മാറിവന്നപ്പോൾ കുറച്ചു വലുതായി എന്നു മാത്രം.
എന്റെ ബലമായ സംശയം പുസ്തകം വായിക്കാതെത്തന്നെ എഴുതാവുന്ന ഒരു സംഗതിയായി പലപ്പോഴും നിരൂപണം മാറുന്നുണ്ട് എന്നതാണ്. പോട്ടെ, തങ്ങളെ പ്രശംസിക്കാത്ത നിരൂപകരെക്കുറിച്ച് എല്ലാ എഴുത്തുകാരും എതിരു പറയും. നോവലിറങ്ങി കുറെ കാലമായ നിലയ്ക്ക്, ഇനി കുറച്ചു വിമർശങ്ങൾ വന്നാലും കുഴപ്പമൊന്നുമില്ല.
പക്ഷേ, തങ്ങളെ പ്രശംസിക്കാത്ത എഴുത്തുകാരെക്കുറിച്ച് നിരൂപകർ എതിരു പറയുമോ? അങ്ങനെയുമുണ്ട് ചില സംഗതികൾ. ഏതായാലും ഒരു ചെറിയ കഥ പറഞ്ഞ് അവസാനിപ്പിക്കാം. കഥയല്ല, ശരിക്കും ഉണ്ടായ സംഭവമാണ്, പേരും സ്ഥലവുമൊന്നും പറയുന്നില്ല. നമ്മുടെ ഒരു പ്രശ്‌സത നോവലിസ്റ്റ് തന്റെ നോവൽ പ്രസിദ്ധീകരിച്ച് ആറേഴുമാസം കഴിഞ്ഞപ്പോൾ ഒരു നിരൂപകനെ എന്തോ ആവശ്യത്തിന് ഫോണിൽ വിളിച്ചു:
കുറച്ചു വൈകിപ്പോയി സുഹൃത്തേ, നിരൂപകൻ ഖേദിച്ചു. കഴിഞ്ഞ ആഴ്ച വരെ ഞാൻ നിങ്ങൾ വിളിക്കും എന്നുവച്ചു കാത്തിരുന്നു.
എന്തുപറ്റി? നോവലിസ്റ്റ് തിരക്കി.
നിങ്ങളുടെ കൃതിക്കെതിരായി ഞാൻ ലേഖനം എഴുതി അയച്ചു കഴിഞ്ഞു. നിരൂപകൻ തുടർന്നു, ആറുമാസത്തിൽ കൂടുതൽ നിങ്ങളെ കാത്തിരിക്കാൻ എനിക്കു സാധിക്കുമോ?
അപ്പോൾപ്പിന്നെ…
വൈകിപ്പോയി. വാരികക്കാർ അത് കംപോസ് ചെയ്തിട്ടുണ്ടാവും. നിവൃത്തിയില്ല.
മേൽപ്പറഞ്ഞ കഥയിൽ ഒരു കഴഞ്ചുപോലും നുണയില്ലെന്ന് ഞാൻ ഏറ്റുപറയുന്നു. നിരൂപകനോടുള്ള ബഹുമാനം കൊണ്ട് പേരു വെളിപ്പെടുത്തുന്നില്ലെന്നു മാത്രം.
Be the first to write a comment.