കാല്പനികതയുടെ സജീവമായ സ്വാധീനം നിലനിന്നിരുന്ന കാലത്ത് ഭക്ഷണപദാർത്ഥങ്ങൾ കഴിവതും കുതിർത്ത് അതീവമൃദുലമായാണ് സ്ത്രീപുരുഷഭേദമന്യേ മലയാളികൾ ഭക്ഷിച്ചിരുന്നത്. ചട്ണിയുടെ കുളത്തിൽ വിരിഞ്ഞ വെള്ളാമ്പൽ ഇഡ്ഡലികൾ എന്ന് ചങ്ങമ്പുഴക്കാലത്ത്  തേർഡ് ഫോം പാസായ വി.കെ.എന്റെ പയ്യൻ പിന്നീട് ദില്ലിയിൽ വെച്ച് വർണ്ണിക്കുന്നത് ഓർക്കുക. വെള്ളിമേഘങ്ങളിൽ നിന്നെന്നപോലെ സുനന്ദ സാരിയഴിഞ്ഞുവരുന്നതുപോലുള്ള കാളിദാസസമാനമായ കല്പനകൾ കുഞ്ഞികൃഷ്ണനെന്നതിലുപരി പയ്യൻ ഒരു കുഞ്ഞിരാമൻ നായർ കൂടി ആയിരുന്നു എന്ന് സൂചിപ്പിക്കുന്നതാണ്. വർണനകളുടെ വർണശബളിമകളിൽ കാളിദാസനെപ്പോലെ വിഹരിക്കാനുള്ള സ്വാതന്ത്ര്യം കാണിച്ചിട്ടുള്ള കേരളീയകവിയാണ് പി.കുഞ്ഞിരാമൻ നായർ. പക്ഷേ അദ്ദേഹത്തിന്റെ ഭക്ഷണശീലങ്ങളിൽ വേണ്ടത്ര പഠനം നടന്നിട്ടില്ല. (ഇനിയും ഡോക്ടറേറ്റെടുക്കാൻ ബാക്കിയുള്ള പുതുകവികളായ കോളേജദ്ധ്യാപകരാരെങ്കിലും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും). നിത്യകാമുകിയെത്തേടിയുള്ള പി യുടെ യാത്രകളിലൊന്നും പൊറോട്ട കുതിർത്തു കഴിക്കുന്നത് പരാമർശിച്ചിട്ടില്ല എന്നത് കഴിഞ്ഞ അദ്ധ്യായത്തിൽ പരാമർശിച്ച പൊറോട്ടയുടെ പ്രചാരകാലത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന വസ്തുതയാണ്. അതല്ലെങ്കിൽ നിളാതീരത്തുകൂടിയുള്ള അലഞ്ഞുനടത്തങ്ങൾക്കൊപ്പം ചന്തമെഴും ചന്ദ്രസൂര്യരാലേ പന്തുകളിപ്പവനാരു ചാരേ..!? എന്നൊക്കെ പ്രപഞ്ചാതിശയങ്ങളെ ആകാശവിശാലതകളിൽ മേഘരൂപനായി വീക്ഷിച്ച പി, ക്ഷീരപഥത്തോട് (milky way) രൂപസാദൃശ്യമുള്ള പാലിൽ കുതിർന്ന പൊറോട്ടയെക്കുറിച്ചെങ്കിലും തീർച്ചയായും കവിതയെഴുതുമായിരുന്നു.

ആധുനികതയുടെ കടന്നുവരവിനു ശേഷമാണ് സസ്യേതരമായ ഭക്ഷണപദാർത്ഥങ്ങൾ സാംസ്കാരികമായ അംഗീകാരം നേടിയെടുത്തത്. അതിനു മുമ്പ് സിനിമയിലെ നായകന്മാർ കഴിവതും വെജിറ്റേറിയന്മാരായിരുന്നുക്യാമറ ഓണാക്കിക്കഴിഞ്ഞാൽ മദ്യപിക്കുകയോ പുകവലിക്കുകയോ പതിവില്ലായിരുന്നു. പ്രേംനസീർ പോലും വളരെ ശങ്കിച്ചാണ് സി..ഡി റോളുകൾ ചെയ്യുന്ന നേരത്ത് കുറ്റാന്വേഷണത്തിന്റെ പ്രത്യേകഘട്ടങ്ങളിൽ പുക ഊതി വിടേണ്ട ആവശ്യത്തിലേക്കായി സിഗററ്റ് കൊളുത്തിയിരുന്നത്. നായികമാരാകട്ടെ ശാലീനസുന്ദരമായ കയ്ക്കിലപ്പിടുത്തങ്ങളിൽ വളകിലുക്കങ്ങളോടെ ചോറിനോടൊപ്പം കണ്ണീർവാർത്തുകൊണ്ട് പതിവ്രതകളായി വർത്തിച്ചു. വടക്കിണിപ്പുറത്തെ ചെമ്പുകൾക്കൊപ്പം കൂട്ടിമുട്ടിക്കലമ്പുന്ന പ്രണയരംഗങ്ങളുടെ ഫ്രെയിമുകളിൽ പലപ്പോഴും അടുക്കളക്കരി പുരണ്ടു. കോണിച്ചുവടുകളിൽ ഓട്ടുഗ്ലാസുകൾ തട്ടിവീണു. കുഞ്ചാക്കോയുടെ വടക്കൻപാട്ടുസിനിമകളിലൂടെ  മരുമക്കത്തായത്തിൽ നിന്നും തെന്നിമാറാൻ തുടങ്ങിയ മലയാളസിനിമ കൂട്ടുകുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞ് മദ്രാസിലും മറ്റും ചെറിയ കുടുംബങ്ങളായി വെച്ചുണ്ട് പാർക്കാൻ തുടങ്ങിയതോടെയാണ് സസ്യേതരഭക്ഷണങ്ങളുടെ ഹോട്ടൽശീലങ്ങളൊക്കെ നിത്യവും സാധാരണവുമായിത്തുടങ്ങിയത്. മറുനാട്ടിൽ ഒരു മലയാളി എന്ന അത്യധികം വിപ്ലവകരമായ ചലച്ചിത്രത്തിൽ പ്രേംനസീർ എന്ന മുസ്ലീം ഒരു ബ്രാഹ്മണയുവാവെന്ന നാട്യത്തിൽ കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ എന്ന് അമ്മങ്കുടമേന്തി നൃത്തം ചെയ്യുകയും മദ്രാസിലെ ഒരു ബ്രാഹ്മണാൾ കാപ്പി ശാപ്പാട് ഹോട്ടലുടമയുടെ മകളുമായി പ്രണയത്തിലാവുകയും ഒടുവിൽ ഉടമസ്ഥനായ അടൂർഭാസി അസ്സൽ ബീഫ്ഫ്രൈ അച്ചായനാണെന്ന ക്ലൈമാക്സിൽ കേരളത്തിലെ ഭക്ഷണപ്രേമികളെയൊന്നടങ്കം ആഹ്ലാദഭരിതരാക്കുകയും ചെയ്തത് നിർമാല്യത്തിലെ പി.ജെ.ആന്റണിവെളിച്ചപ്പാട് വിഗ്രഹത്തിനു നേരെ കാർക്കിച്ചുതുപ്പുന്ന രംഗത്തോളം തന്നെ തികച്ചും  കേരളീയമായ ഒരു പൊതുബോദ്ധ്യത്തിന്റെ സഹിഷ്ണുതാസമ്പന്നമായ ഭൂതകാലം അടയാളപ്പെടുത്തുന്ന സംഭവമാണ്. അമ്മയെത്തല്ലിയാലും രണ്ടുണ്ടു പക്ഷം എന്ന മലയാളമാദ്ധ്യമസംസ്കാരത്തിന്റെ പരസ്യവാചകം തന്നെയാണ് സ്വന്തം അമ്മയുടെ ഘാതകനെന്ന് പുരാണങ്ങളിലെ എഫ്..ആറുകളിൽ പേരുണ്ടായിട്ടും കേരളം സൃഷ്ടിച്ചതിലുള്ള ഭൂമിശാസ്ത്രപരമായ സംഭാവനകൾ പരിഗണിച്ചുകൊണ്ട് ശ്രീ.പരശുരാമന് സാഹചര്യങ്ങളുടെ ആനുകൂല്യം നൽകിയ മാപ്പനുവദിക്കാൻ എസ്സെൻഡീപ്പിക്കാരും ബീജേപ്പിക്കാരും കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരുമൊക്കെയായ കേരളജനതയെ തയ്യാറാക്കിയ പൊതുബോദ്ധ്യത്തിന്റെ ആദിമൂലം. ഈപ്പറഞ്ഞ വർഗ്ഗവർഗ്ഗീയബഹുജനങ്ങളെല്ലാം തന്നെ ഗോവെന്നല്ല സർവ്വചരാചരചരങ്ങളുടെയും മാതാപിതാക്കളെ വെന്തു കഴിഞ്ഞാൽ സ്വാദുണ്ടോ എന്ന ഒറ്റ പരിഗണന വെച്ചുകൊണ്ട് അശേഷം കുറ്റബോധമില്ലാതെ കറിവെച്ചുകഴിക്കുന്നതിലും ബില്ലടച്ച് പാഴ്സലായി വാങ്ങിച്ചുകൊണ്ടുപോവുന്നതിലും പരശുരാമന്റെ മഴുവിന് കാര്യമായ സ്വാധീനമുണ്ടെന്നുതന്നെ വേണം കരുതാൻപരശുറാം എക്സ്പ്രസ്സിലെ കാറ്ററിംഗ് ചോറും കാളനും ഓലനും അവിയലുമായി പരിമിതപ്പെടുത്താനുള്ള ഉത്തരവൊന്നുമിറക്കാൻ  രാജേട്ട മന്ത്രിയായിരുന്ന കാലത്തുപോലും ധൈര്യപ്പെടാതിരുന്നതും ചരിത്രപരമായ കാരണങ്ങളാലാണ്.  

ആധുനികതയുടെ കടന്നുവരവാൽ സൃഷ്ടിക്കപ്പെട്ട നോൺവെജിറ്റേറിയൻ ബിംബസമൃദ്ധികൾ അപ്പപ്പോൾത്തന്നെ ഹലാലായി കൊന്ന് തോലുരിച്ചുവിൽക്കുന്ന നിരൂപകരുടെ വലിയൊരു തൊഴിൽമേഖലതന്നെ ഇടക്കാലത്ത് കേരളത്തിൽ രൂപപ്പെട്ടു. എം.മുകുന്ദന്റെ കൊടകരയിലെ ആടുകൾ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ആട്ടിറച്ചിവില്പനയിൽ ഉണ്ടായ കുത്തനെയുള്ള ഒരു ഇടിവ് ഒഴിച്ചുനിർത്തിയാൽ തൊഴുത്തുകളും അറവുശാലകളും സമാധാനപരമായി സഹവർത്തിച്ചുപോന്ന മലയാളസാഹിത്യത്തിന്റെ സമ്പദ്സമൃദ്ധമായ ഒരു കാലഘട്ടമായിരുന്നു അത്.   (പ്രശസ്ത ചരിത്രകാരനായ ശ്രീ.സജീവ് എടത്താടൻ വിശാലമനസ്കന്റെ കൊടകരപുരാണത്തിൽ ചെറുകഥ പരാമർശിക്കപ്പെട്ടതായി ശ്രദ്ധയിൽ പെടാത്തത് വായനയിലുള്ള പിഴവായിരിക്കില്ലെന്നും ആട്ടിറച്ചിലോബിയുടെ സമ്മർദ്ദത്താൽ ചെയ്ത ക്ഷന്തവ്യമായ ഒരു ഒഴിവാക്കലായിരിക്കുമെന്നും കരുതുന്നു

ചലച്ചിത്രരംഗത്തെ മാറ്റങ്ങളും സ്വാഭാവികമായ തുടർച്ചകളായിരുന്നു. വീടുവിട്ടിറങ്ങിപ്പോയ അസുരവിത്തുകളടക്കം സസ്യേതരപ്രിയരായ കാർണിവോറസ് നായികാനായകന്മാർ മലയാളസിനിമയുടെ മലരണിക്കാടുകളിൽ സ്വതന്ത്രരായി മരം ചുറ്റിയിരുന്നതിലും പുഷ്പതല്പങ്ങളിൽ കെട്ടിപ്പിടിച്ചുപ്രണയിച്ചിരുന്നതിലും അസ്വാഭാവികമായി ഒന്നും തന്നെ മലയാളികൾക്ക് തോന്നിയിരുന്നില്ല എന്നത് ചില്ലറക്കാര്യമല്ല. പരസ്പരം പനിച്ചുകൊണ്ട് പൊടിയരിക്കഞ്ഞിയും ചമ്മന്തിയും ചുട്ട പപ്പടവും  കഴിക്കുന്ന പിഞ്ഞാണപ്രണയം (പ്ലെയ്റ്റോണിക് ലവ് എന്ന് മലയാളം)മുതൽ വറുത്തരച്ച മാംസനിബദ്ധാനുരാഗം വരെ ഏതൊരു ശീലത്തിനും അനുസൃതമായ ഭാവുകത്വപരിണാമസിദ്ധാന്തം കണ്ടുപിടിക്കാൻ കെല്പുള്ള ചാൾസ് ഡാർവിൻ ബുദ്ധിയും നിലനില്പ് എന്ന ഒറ്റ വിഷയത്തിന് അനുയോജ്യമായ സ്വാംശീകരണസന്നദ്ധതയും അതിജീവനശേഷിയും (survival of the fittest അഥവാ ഫിറ്റായി അതിജീവിക്കൽ) അനേകം തവണ തെളിയിച്ചുകഴിഞ്ഞ മിടുക്കന്മാരും മിടുക്കികളുമാണ് മലയാളികൾ. പോത്തൻ എന്നൊക്കെ പേരുള്ള ഒരു നായകനടനുവേണ്ടി ചാമരം വീശിനിന്നൂ.എന്നൊക്കെ പാടാനും നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിൻ കവിൾ തുടുത്തൂ എന്നൊക്കെ ബിംബിക്കാനും സന്നദ്ധതയുള്ള മലയാളചലച്ചിത്രഗാനകാവ്യശാഖയിൽ സമീപഭാവിയിൽത്തന്നെ താഴെക്കൊടുത്തിരിക്കുന്ന വിധമൊക്കെ ഒരു പ്രണയഗാനം പുഷ്പിക്കുമെന്ന് ഭക്ഷണത്തിന്റെ രാഷ്ട്രീയം മുൻനിർത്തിക്കൊണ്ട് പ്രതീക്ഷിക്കുന്നു.

തലതുവർത്താതെ ഉലാത്തുന്നതെന്തേ
ബീഫുലർത്താൻ വന്ന ശ്രാവണചന്ദ്രികേ
മൃദുമൈദവർത്തുള തല്പങ്ങളിന്നുനീ
വിളമ്പിവെച്ചെന്നെ വിളിക്കുകില്ലേ
....വിളിക്കുകില്ലേ…”

Comments

comments