ലയാള ഭാവനയെ ഇന്നും അതിശയിപ്പിക്കുന്ന നോവലാണ് ഖസാക്കിന്റെ ഇതിഹാസം. 1969ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ രവിയുടെ പാപബോധജീവിതത്തതിന്റെ അടിയൊഴുക്കായും പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന്റെ ആഖ്യാനമായും കാല്പനിക ശൈലിയിലാണ് ഏറെയും വായിക്കപ്പെട്ടത്. കര്‍മബന്ധങ്ങുടെ കഥയെക്കുറിച്ചാണ് രവിയുമോര്‍ത്തത്...ഇത്  കര്‍മബന്ധങ്ങളുടെ സ്നേഹരഹിതമായ കഥയാണ് തുടങ്ങിയ നോവല്‍ പ്രയോഗങ്ങളിലൂടെ തീര്‍ത്തും ഭൗതികേതരമായ മനുഷ്യബന്ധങ്ങളുടെ കഥയാണെന്ന മട്ടിലാണ് നോവലിനെ പലരും സമീപിച്ചത്. മലമ്പുഴ ഡാമിലെ വെള്ളം കടന്നു വരുന്ന പാലക്കാടന്‍ ഗ്രാമമാണ് ഖസാക്കെന്ന സൂചനയിലാണ് നോവലാരംഭിക്കുന്നത്. ‌ ശിവരാമന്‍ നായര്‍ ജന്മിയായി വാഴുന്ന, മൊല്ലാക്ക പാരമ്പര്യവിദ്യാലയം നടത്തുന്ന, പനകേറ്റക്കാരന്‍ കുപ്പുവും അപ്പുക്കിളിയെപ്പോലുള്ള വിചിത്ര മനുഷ്യര്‍ ജീവിക്കുന്നതലയില്‍ തട്ടമിടാതെ മൈമുന നടക്കുന്ന ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്ന ഗ്രാമം. റോഡുകളില്ലാത്ത, ഒറ്റയടിപ്പാതകളുള്ള ഇടം. ഇവിടേക്കാണ് കൊളോണിയല്‍ മൂലധനത്തോടെ രവി വരുന്നത്. ഇത്തരത്തില്‍ പറഞ്ഞാല്‍ കാലാതീതമായ കഥയല്ല ഇക്കഥ. മറിച്ച് ഐക്യകേരളം രൂപംകൊള്ളുന്നതിനുമുന്നേ, 1950- 55 കാലത്തിനിടയില്‍ നടക്കുന്നതായിട്ടാണ് സൂചന. 1949 – ലാണ് മലമ്പുഴ ഡാമിന്റെ നിര്‍മാണം തുടങ്ങിയത്. 1955 ല്‍ അവസാനിച്ചു. ഡാമിന്റെ പണി നടന്നുകൊണ്ടിരുന്ന കാലത്താണ് രവി ഖസാക്കിലേക്കു വരുന്നത്.* ആധുനികതയും നവോത്ഥാനവും ഫ്യൂഡലിസത്തയും മറ്റും ഇല്ലാതാക്കി കേരളത്തിന്റെ സാമൂഹ്യഭൂപടം മാറ്റിവരച്ചുകൊണ്ടിരുന്ന കാലത്ത് അതിന്റെ അലയൊലികള്‍ സ്കൂളായി, കമ്യൂണിസമായി  മറ്റ് ആശയങ്ങളായി അരിച്ചിറങ്ങുന്ന ലോകമാണ് ഖസാക്ക്. കേരളത്തിന്റെ ഫ്യൂഡലിസവും അതിന്റെ സൃഷ്ടിയായ മരുമക്കത്തായം പോലുള്ള സാമൂഹ്യ-കുടുംബബന്ധങ്ങളും കൂടിക്കുഴ‍ഞ്ഞു നിലനില്‍ക്കുന്ന ഇടത്തേക്കാണ് ആധുനികതയുടെ അടയാളങ്ങളുമായി രവിയും സ്കൂളും വരുന്നത്. അതോടെ സാമൂഹ്യ സംഘര്‍ഷങ്ങള്‍ ആരംഭിക്കുകയായി.

ഫ്യൂഡലിസത്തിന്റെ ഒറ്റയടിപ്പാതകള്‍

          ചരുക്കിപ്പറഞ്ഞാല്‍, ആധുനികതയുടെ സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നടക്കുന്ന മാറ്റങ്ങളുടെയും കൊടുക്കല്‍ വാങ്ങലുകളുടെയും കഥയാണ് ഖസാക്കിന്റെ ഇതിഹാസം- അല്ലാതെ ഭൗതികേതരമായ മനുഷ്യബന്ധങ്ങളുടെ സ്നേഹരഹിതമായ കഥയല്ല.  ഫ്യൂഡല്‍ കാര്‍ഷികോല്പാദനവും ജാതിത്തൊഴിലുകളാലും നിത്യജീവിതം ഉന്തിത്തള്ളി നീക്കുന്ന അതിന്റെ വിശ്വാസാചരങ്ങള്‍ കെട്ടപ്പെട്ടു കിടക്കുന്ന ഈ സാമൂഹ്യ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വളരെ പതുക്കയാണ് കടന്നുവരുന്നത്. പരിമിതമായ ഉല്പാദനത്തിനകത്ത് കാര്യമായ മിച്ചമില്ലായ്മ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഖസാക്കിലെ സ്കൂളെന്ന ആധുനികത നേരിടുന്ന പ്രതിസന്ധി. ഇത്തരം പ്രതിസന്ധികളും ഖസാക്കിന്റെ കൃത്യമായ രൂപം വരച്ചു കാട്ടുന്നുണ്ട്. ഖസാക്കുകാര്‍ സഞ്ചാരികളല്ലെന്ന വാചകം അത്തരത്തിലൊന്നാണ്. കേരളത്തിന്റെ പൊതു സാമൂഹ്യഭൂപടം വിളിച്ചു പറയുന്നതും ഇത്തരത്തിലൊന്നാണ്. ജാതിവ്യവസ്ഥയും അയിത്തവും പൊതുവഴികളെ അന്യമാക്കുകയും യാത്രയുടെ ആവശ്യത്തെതന്നെ ഇല്ലാതാക്കുകയും ചെയ്ത ഒന്നായിരുന്നു. അങ്ങനെ ഏതര്‍ഥത്തില്‍ നോക്കിയാലും കേരളത്തിന്റെ ഫ്യൂഡലിസത്തിന്റെ അശംമാത്രമാണ് ഖസാക്ക്. ഇവിടെ കാര്യമായ വിലക്കുകളില്ലാതെ ലഭിക്കുന്ന ഒന്ന് ലൈംഗികതയായിരുന്നു. അതാണ് ആധുനികത വരുമ്പോള്‍ കൂടുതല്‍ സംഘര്‍ഷപ്പെടുന്നത്. ശിവരാമന്‍നായര്‍ ഏകാധ്യാപക വിദ്യാലയത്തിന് തന്റെ ഞാറ്റുപുര വിട്ടുകൊടുക്കുന്നത് ഭാര്യ നാരായണിയുടെ ലൈംഗികാഭിനിവേശങ്ങളെ ഇല്ലാതാക്കാനാണ്. പുരോഗമന ചിന്തകളുള്ള തയ്യല്‍ക്കാരന്‍ മാധവന്‍ നായരെയും വേട്ടയാടുന്നത് മരുമക്കത്തായ ലൈംഗികതയാണ്. രവിക്കു വിലക്കുകളില്ലാതെ കിട്ടുന്നതും വാറ്റുചാരായവും ലൈംഗികതയുമാണ്.

          ഖസാക്ക്, മുസ്ലീങ്ങളും ഈഴവരും കൂടുതലായിട്ടുള്ള പ്രദേശമാണ്. നായന്മാരാണ് പരമ്പരാഗത ജന്മികൾ. അവിടുത്തെ പാടത്തിപ്പോഴും ചെറുമികൾ റൗക്കയിടാതെയാണ് കൊയ്യുന്നത്. ഖസാക്കിൽ സംഭവിക്കുന്ന പരിണാമം ഈഴവനായ കേലൻ പ്രാഥമിക വിദ്യാലയം തുടങ്ങി യഥേഷ്ടം നിലവും പറമ്പും പുരയിടവും വാങ്ങി ജന്മിയാകുന്നതാണ്. ഇത് ജന്മിയായ ശിവരാമന്‍നായരില്‍ രോഷം നിറയ്ക്കുന്നു. അതായത് പരമ്പരാഗതമായ ജാതി- ഫ്യൂഡൽ ഘടന ഇളകിത്തെറിക്കുന്നിടത്ത് പരമ്പരാഗതമായ നില ഭദ്രമാക്കാൻ ഫ്യൂഡൽ ഘടന ശ്രമിക്കുന്നു. മൊല്ലാക്കയുടെ ശ്രമവും ഇതാണ്. അതുകൊണ്ടാണയാൾ സ്കൂളിനെതിരേ നിലകൊള്ളുന്നത്. നായർ- ഈഴവ- മുസ്ലീം സമുദായ സംഘർഷം പലരൂപത്തിൽ പുറത്തേക്കു വരുന്നത് ഇത്തരം പ്രക്രിയകളിലൂടെയാണെന്നതും സ്മരണീയം. ഇവിടെയാണ് അപ്പുക്കിളിയുടെ മതംമാറ്റം വലിയ പ്രശ്നമാകുന്നത്.  പലരൂപത്തിൽ ഖസാക്കിലേക്ക് ആധുനികത കടന്നുവരികയും പരമ്പരാഗത ജാതി ഘടന അതിനോടു മല്ലടിക്കുകയും ചെയ്യുന്നതാണ് ഖസാക്കിനെ മുന്നോട്ടു നയിക്കുന്ന സംഘർഷം. ഖസാക്കില്‍ തന്റെ ആധുനികതയുമായല്ല രവി ജീവിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. മറിച്ച് ആ ഫ്യൂഡല്‍ ബോധത്തില്‍ തന്നെയാണ്. അതുകൊണ്ടാണ് കോഴണശേരി സഖാക്കള്‍ ഉന്നയിച്ച ചെറുമികള്‍ മാറുമറയ്ക്കില്ലെന്ന പ്രശ്നത്തിനു മുന്നില്‍ രവിക്ക്ആധുനികമായമറുപടി നല്കാനാവാഞ്ഞത്. ആധുനികതയില്‍ നിന്നു പിന്തിരിഞ്ഞു നില്‍ക്കുന്ന ചില ശക്തികളുടെ ഭൂമിശാസ്ത്രമായി ഖസാക്കിനെ കാണാം. പുറത്തു കടക്കാന്‍ ശ്രമിക്കും തോറും അകത്തേക്കു പിടിച്ചിടുന്ന ഒരു ശക്തിയുടെ രൂപം. രവിയുടെ യാത്ര അവിടെത്തന്നെ അവസാനിച്ചത് ഒരു പക്ഷേ അതിനാലാവും.

2.

ഖസാക്കിനെ പേറിയ അരങ്ങ്

          നവോത്ഥാനത്തിന്റെ സാമൂഹ്യ ഭൂമികയിലാണ് മലയാളനാടകം ജനകീയമായ കലയായി മാറുന്നത്. ഫ്യൂഡലിസവും നവോത്ഥാനവും  കൂടിക്കുഴഞ്ഞ, നവോത്ഥാനത്തെ അഭിമുഖീകരിക്കുന്ന പ്രമേയങ്ങളാണ് നാടകത്തിന്റെ നവോത്ഥാനത്തെ സാധ്യമാക്കിയത്. അടുക്കളയില്‍ നിന്നരങ്ങത്തേക്ക്, ഋതുമതി, പാട്ടബാക്കി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളെല്ലാം ആധുനികതയെ പ്രണയിച്ചുകൊണ്ട് ഫ്യൂഡലിസത്തെ തിരസ്കരിക്കുകയായിരുന്നു. എന്നാല്‍ ഇവയെല്ലാം നാടകമായി എഴുതപ്പെട്ട കൃതികളാണുതാനും. എന്നാല്‍ ഖസാക്ക് എന്ന നോവല്‍, നവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ നിന്നു ഭിന്നമായ സാമൂഹ്യതയില്‍ നിന്ന്, നവോത്ഥാനത്തെ തന്നെ സംശയത്തോടെ കണ്ട കാലത്ത് എഴുതപ്പെട്ട കൃതിയാണ്. നവോത്ഥാന കാലത്തേതുപോലെസാമൂഹ്യമായ ലക്ഷ്യങ്ങളോ പരിവര്‍ത്തനങ്ങളോ ലക്ഷ്യംവയ്ക്കാത്ത കൃതി. ഇത്തരമൊരു കൃതിയെ നാടകമാക്കുമ്പോള്‍ തീര്‍ച്ചയായും വലിയ വെല്ലുവിളി നാടകകാരനു മുന്നില്‍ ഉയര്‍ത്തപ്പെടും. യാന്ത്രികമായ, സാമൂഹ്യപരിവര്‍ത്തനാഹ്വാനങ്ങളില്ലാത്ത, പ്രത്യക്ഷത്തില്‍ തന്നെ അതിനു വിരുദ്ധമായ ഉള്ളടക്കമുള്ള ഒരു കൃതി, അതെഴുതിയ കാലത്തു നിന്നും ഭിന്നമായ ഒരു കാലത്ത് നാടകമാക്കുമ്പോള്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും പ്രശ്നങ്ങളും സങ്കീര്‍ണമാണ്. മലയാള നോവലിന്റെ തന്നെ ഭാവുകത്വത്തെ മാറ്റിമറിച്ച ഒരു നോവല്‍ മറ്റൊരു രൂപത്തിലേക്കു മാറ്റുമ്പോള്‍ നേരിടുന്ന സമ്മര്‍ദം മറ്റൊരു ഘടകമാണ്. നോവലിന്റെ മികവ് നാടകത്തിലില്ലെങ്കില്‍ സംഭവിക്കുന്ന ആഘാതം വളരെ ശക്തമായിരിക്കും. ഇതെല്ലാം നേരിട്ടു കൊണ്ടാണ് ദീപന്‍ ശിവരാമന്‍ ഖസാക്ക് അതേ പേരില്‍ നാടകമാക്കിയിരിക്കുന്നത്. നോവലിനെ അതേപടി ആഖ്യാനത്തില്‍ പിന്തുടര്‍ന്നുകൊണ്ട്  ഖസാക്കിനെ ഭൂതകാലത്തില്‍ തന്നെ വ്യാഖ്യാനിക്കുകയാണ് നാടകം.  എന്താണ് ഖസാക്ക് എന്ന ചോദ്യം വീണ്ടും ഉന്നയിക്കുകയാണ്. അതിലൂടെ നാടകത്തിന്റെ രംഗഭാഷ എന്താണെന്ന പ്രശ്നത്തിന് ഉത്തരം കണ്ടെത്തുകയും.

          വളരെ സങ്കീര്‍ണമായ ഘടനയാണ്- സാമ്പ്രദായികമായ നിലയില്‍ നാടകത്തിനു വഴങ്ങാത്തത്- ഈ നോവലിനുള്ളത്. അതിനാല്‍ അതില്‍ നിന്ന് നാടകീയതയുള്ളൊരു കഥ മെനഞ്ഞെടുക്കുകയും അസാധ്യം. ഈ വെല്ലുവിളിയാണ് ഖസാക്ക് അനുവര്‍ത്തനത്തില്‍ ഉന്നയിക്കുന്ന പ്രശ്നം. കൂമന്‍കാവ്, വെട്ടുവഴികള്‍, മൊല്ലാക്കയുടെ സ്കൂള്‍, ഷെയ്ഖിന്റെ പള്ളി, അറബിക്കുളം, ദൈവപ്പുര, അത്താണി, അലിയാരുടെ ചായപ്പീടിക, രവിയുടെ സ്കൂള്‍, തുടങ്ങി ചിതറിയും ഇണങ്ങാതെയും നിലനില്‍ക്കുന്ന ഭൂമിശാസ്ത്രമാണ് ഖസാക്കിനുള്ളത്. സാമ്പ്രദായിക രംഗവേദിക്കു വഴങ്ങുന്ന ഒന്നേയല്ല ഈ ഭൂമിശാസ്ത്രം. പച്ചപ്പു നിറ‍ഞ്ഞ ഫ്യൂഡല്‍ ഗ്രാമത്തിന്റെ അടിസ്ഥാനം ചളിയൊക്കെ നിറ‍ഞ്ഞ മണ്ണാണ്. ഈ മണ്ണിലാണ് പലതരത്തിലുള്ള സംഘര്‍ഷങ്ങളിലൂടെ നോവല്‍ വികസിക്കുന്നത്. രവിയുടെ ജീവിത സംഘര്‍ഷങ്ങള്‍, മൊല്ലാക്കയും ആധുനിക സ്കൂളും നൈസാമലിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ജന്മിയായ ശിവരാമന്‍ നായരും ഭാര്യും തമ്മിലും പുതുജന്മിയായ കേലനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, അയഞ്ഞ സ്ത്രീ പുരുഷ ലൈംഗികതയും കുടുംബവും തമ്മിലുള്ള തെറ്റിപ്പിരിയലുകള്‍, ശോഷിച്ച ഉല്പാദന വ്യവസ്ഥയും മാറുന്ന കാലവും തമ്മിലുള്ള ഉരസലുകള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ഇസ്ലാമും ഹിന്ദുവും തമ്മിലുള്ള സൂക്ഷ്മമായ പോരാട്ടങ്ങള്‍, അപ്പുക്കിളിയെപ്പോലുള്ള മനുഷ്യരുടെ ദുരൂഹമായ ജീവിതഗാഥകള്‍ തുടങ്ങി പലതലത്തിലുള്ള കുഴഞ്ഞുമറിഞ്ഞ ഉരസലുകളിലൂടെയാണ് നോവല്‍ മുന്നോട്ടു പോകുന്നത്. ഇതിനെല്ലാം സാക്ഷികളാണ് കരിമ്പനകളും ചെതലി മലയും ഷെയ്ഖിന്റെ പള്ളിയും ദൈവപ്പുരയും ഒക്കെ. വിശ്വാസത്തിന്റെ ആഭിചാരങ്ങള്‍ കൊണ്ട് സംഘര്‍ഷങ്ങളൊക്കെ മറച്ചു പിടിക്കാനാണ് ഖസാക്കുകാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ദൈവങ്ങളെക്കൂടി പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടാണ് മനുഷ്യരുടെ ഇടപെടലുകള്‍ സംഭവിക്കുന്നത്. സൂക്ഷ്മമായ വിവരിക്കുന്ന ഇത്തരം സംഘര്‍ഷങ്ങളെ നാടകത്തിന്റെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുന്ന വെല്ലുവിളിയാണ് ഈ നാടകത്തെ ശ്രദ്ധേയമാക്കുന്നത്.

അരങ്ങിലെ ഖസാക്ക് എന്ന ആവാസ വ്യവസ്ഥ

          കൂമൻ കാവിൽ ബസു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ  നാലഞ്ചു ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. നോവലിന്റെ ഈ തുടക്കത്തെ അനുസ്മരപ്പിക്കുന്നുണ്ട് വേദിയും പരിസരവും. നാലഞ്ചു പടുകൂറ്റൻ വൃക്ഷങ്ങളുടെ നടുവിലാണ് നാടകം നടക്കുന്നത്. ഈ വൃക്ഷങ്ങളെ ചുറ്റിയാണ് കാണികളിരിക്കുന്ന ഗാലറിയും . ഇതിനിടയിലെ തറയിലെ മണ്ണിലാണ് കഥാപാത്രങ്ങൾ ജീവിക്കുന്നത്. എന്നാൽ തൃക്കരിപ്പൂരിലെ നാടക സ്ഥലത്ത് ചെന്ന കാണിക്ക് ഇത്തരമൊരു വേദി അപരിചിതമായി അനുഭവപ്പെടും. ഇത്തരത്തിലൊരു സ്ഥലത്തിനുപകരം മറ്റൊരു വേദിയിൽ വച്ചു ഇത് നടത്തിയാൽ പല പരാജയങ്ങളും വരുമെന്നുള്ളത് വ്യക്തമാണ്. നാടകവേദി എന്നുപറയുന്നതു തന്നെ ഒരാവാസവ്യവസ്ഥയുടെ ഭാഗമായിട്ടാണ് ഇവിടെ നിർവചിച്ചിരിക്കുന്നതെന്നു പറയാം. ഖസാക്ക് അത്തരത്തിലൊരു വ്യവസ്ഥയാണ്.

          അരങ്ങെന്ന സങ്കല്പത്തെ ഉലച്ചുകൊണ്ട് പടുകൂററന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന, കാണികളിരിക്കുന്ന സ്ഥലവും അരങ്ങാക്കി, ഖസാക്കാക്കുന്നു. നാലു വശത്തും കൂറ്റന്‍ വൃക്ഷങ്ങള്‍. അതിനകത്ത് കെട്ടിപ്പൊക്കിയ കാണികളുടെ ഇരിപ്പിടമുള്ള ഗാലറി മൂന്നു വശവും. വേദി ഇതിനു നടുക്കാണ്. മണ്ണു നിരത്തിയ തറയും അതിനു ചുറ്റും കഥാപാത്രങ്ങള്‍ക്കു കടന്നു വരാനുള്ള വഴികള്‍പോലെയുള്ള ഇരിമ്പും തടിയുംകൊണ്ട് നിര്‍മിച്ചകെട്ടും ഉയരത്തിലുള്ള കമാനവും അങ്ങേയറ്റത്ത് ചെറിയ വേദിപോലുള്ള  സ്ഥലവും -ഇത് മൊല്ലാക്കയുടെ വീടും പള്ളിയുമൊക്കെയാകും- അതിനുമപ്പുറത്ത് തിരശീലയുമാണ്. തിരശീല യാന്ത്രികമായി ദൃശ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്ന തുണി മാത്രമല്ല, നാടകഭാഷയെ സക്രിയമായി വാര്‍ത്തെടുക്കുന്ന ഒന്നാണ്. തിരശീല അവസാനം രവിയും പത്മയും ഇരിക്കുന്ന ഗസ്റ്റ്ഹൗസുമാണ്. അതായത് ഈ പ്രദേശം മുഴുവന്‍ ഖസാക്കാണ്.  കാണികളും ഖസാക്കുകാരാണ്. വിവാഹ സദ്യയുണ്ണുന്ന, മാധവന്‍ നായരുടെ തയ്യല്‍ പീടികയില്‍ അളവെടുക്കുന്ന, അലിയാരുടെ ചായ കുടിക്കുന്ന ഖസാക്കുകാരാണ് കാണികള്‍. കേവലമായി വിജയന്റെ നോവലിലെ രവിയെയും അപ്പുക്കിളിയെയും മൈമുനയേയും വെറുതേ കാണാന്‍ വരുന്നവരെയല്ല നാടകം പ്രതീക്ഷിക്കുന്നത് മറിച്ച് ഖസാക്കിന്റെ നാടകീയ വ്യാഖ്യാനത്തില്‍ സമര്‍പ്പിക്കാന്‍ തയാറാകുന്നവരെയാണ് എന്നതാണ് രംഗപാഠത്തിന്റെ ഓരോ അടരും വിളിച്ചു പറയുന്നത്.

          ഖസാക്കുകാര്‍ ചൂട്ടുമായി രംഗത്തു വന്നശേഷം രവി ഖസാക്കിലേക്കു വരുന്നു. അപ്പോള്‍ രവിയുടെ രോഗിയായ അച്ഛന്റെ മുഖം തിരശീലയില്‍ തെളിയുന്നു. താഴെ വേദിയുടെ ഒരു ഭാഗത്ത് വീല്‍ ചെയറില്‍ രോഗിയായ അച്ഛനെയും വഹിച്ചുകൊണ്ട് ചിറ്റമ്മ. അതിന്റെ മറ്റൊരുഭാഗത്ത് ചിറ്റമ്മയുമായുള്ള ലൈംഗികതയുടെ പാപഭാരം അനുഭവിക്കുന്ന രവി ഞെട്ടിയുണരുന്നു. ലൈംഗികത സ്വപ്നമായിട്ടാണ് ഇവിടെ ആവിഷ്കരിക്കുന്നത്. അതായത് നോവല്‍ ഭാഷയെ സവിശേഷമായ വിധത്തില്‍ നാടകീയതയിലേക്ക് കുറുക്കിയെടുക്കുകയാണ് നാടകം. ആള്‍ക്കൂട്ടത്തിലൂടെ, ഖസാക്കിനെ അവതരിപ്പിച്ചുകൊണ്ട് രവിയെ രംഗത്തുകൊണ്ടുവന്ന് രവിയുടെ വ്യക്തി പ്രതിസന്ധികളെ വെളിപ്പെടുത്തി   കഥകളെ നാടകീയമായി ചിട്ടപ്പെടുത്തുന്നു. ഇതിനിടയില്‍ പത്മയും ഒരു മിന്നലുപോലെ രംഗത്തു വന്നു പോകുന്നു. മൊല്ലാക്കയും നൈസാമലിയുമൊക്കെ നിരന്തരം കടന്നുവരുന്നു. കുപ്പുവച്ചനും മുങ്ങാങ്കോഴിയും അവരുടെ ജീവിതം ഭംഗിയായി ആടിത്തീര്‍ക്കുന്നു. ദേവപ്പുരയിലെ ദുരന്തവും ദേവതയുടെ പതനവും കാമവുമൊക്കെ മഴപോലെ പെയ്തുപെയ്തു ഇല്ലാതാകുന്നു. ദീപങ്ങളുടെയും ചലനങ്ങളുടെയും പ്രളയം. മലത്തിന്റെയും മരണത്തിന്റെയും തീരമായി വേദി മാറുന്നു. പത്മയുമായുള്ള കൂടിക്കാഴ്ചയക്കു ശേഷം ഒടുവില്‍ രവി ഖസാക്ക് വിടുന്നു. സര്‍പ്പദംശനത്തിലൂടെ നിത്യ നിദ്രയിലേക്കയാള്‍ പതിക്കുന്നു. അയാളുടെ പെട്ടി ബസുവരാനായി കാത്തിരിക്കുന്നു. അവിടേക്ക് ഖസാക്കുകാര്‍ നിരനിരയായി വരുന്നു. മെല്ലെ വെളിച്ചം കെടുന്നു. അതിലൂടെ നോവലിന്റെ കഥാഗതിയെ പിന്തുടരുമ്പോഴും നോവലിനെ ആഖ്യാനത്തില്‍ അനുകരിക്കുകയല്ല നാടകം. നാടകത്തിന്റെ രംഗഭാഷയിലേക്ക് നോവലിനെ വിവര്‍ത്തനം ചെയ്യുകയാണ്. അത് പിഴപറ്റാതെ ദീപന് നിര്‍വഹിക്കാനും കഴിയുന്നുണ്ട്.

ചൂട്ടും റാന്തലും അരങ്ങില്‍ ചെയ്തത്

          കേരളീയ ഫ്യൂഡൽ ഗ്രാമത്തിലെ ജീവിതാവസ്ഥകളെ സവിശേഷമായ ചിഹ്നങ്ങളാക്കിയാണ് നാടകം അതിന്റെ രംഗപാഠം രൂപപ്പെടുത്തുന്നത്. ചൂട്ടും റാന്തലും  മണ്ണും ചളിയും മഴ, കുട, വേരുകൾ തുടങ്ങിയ ചിഹ്നങ്ങൾ നാടകത്തിലുടന്നീളം പലരൂപത്തിൽ ആവർത്തിക്കുന്നു. കഥയെ മുന്നോട്ടു നയിക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ അടയാളങ്ങളെന്ന നിലയിൽ മാത്രമല്ല ഇവ പ്രവർത്തിക്കുന്നത്, മറിച്ച് നോവലിന്റെ പാഠത്തിൽ നിന്നു ഭിന്നമായി നാടകത്തെ സാധ്യമാക്കുന്ന രംഗഭാഷയെന്ന നിലയിൽ കൂടിയാണ്. അരങ്ങിൽ പുതിയ പൊരുളുകൾ സാധ്യമാക്കുന്ന സൂചകങ്ങളാണിവ. ചൂട്ടുകത്തിച്ച് ഖസാക്കുകാർ ഒന്നടങ്കം രംഗത്തുവരുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. ഖസാക്കിലേക്ക് രവി വരുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. രവിയാണ് നോവലിന്റെ കേന്ദ്രമെന്ന സൂചനയാണിത്. എന്നാൽ നാടകത്തിലാകട്ടെ വ്യക്തിക്കുപരി ഖസാക്ക് എന്ന വ്യവസ്ഥയാണ്. ഒരുപാടു വ്യക്തികളുടെ ജീവിതം കൂടിച്ചേരുന്ന ആവാസ വ്യവസ്ഥയാണ് ഖസാക്ക്. ഖസാക്കിലെ മനുഷ്യരുടെ സംഘർഷത്തിന്റെ ആകെത്തുകയാണ് നാടകത്തിലെ ജീവിതം. രവി അതിലെ ഒരു കണ്ണി മാത്രം. നോവലിൽ കാര്യമായി ചൂട്ടോ മറ്റോ കാണുന്നില്ല. രാത്രികളുടെ ആഖ്യാനങ്ങൾ ഏറെയുണ്ടെങ്കിലും ചൂട്ടും റാന്തലും കഥാപാത്രങ്ങളിലൂടെ ഉപയോഗിക്കുന്നതിലൂടെ കൈവരുന്നത് രംഗഭാഷയുടെ സവിശേഷ സൗന്ദര്യമായി, ചരിത്രപരമായി കേരളീയതയുടെ ഫ്യൂഡൽ സ്മരണകളിലേക്കുള്ള പാലമായും മാറുകയാണിത്. ഖസാക്കിലെ കരിമ്പനകളിൽ കാറ്റു പിടിച്ചു. ദൂരെ ദൂരെ ഈരച്ചൂട്ടുകൾ മിന്നിമിന്നിക്കടന്നുപോയി എന്നു നോവലിൽ കാണാം. അത്തരത്തിലുള്ള ഒരു കടന്നുപോകലല്ല  നാടകത്തിൽ ചൂട്ടിനുള്ളത്. അത് ഖസാക്കിന്റെ അരങ്ങിനെ രൂപപ്പെടുത്തുന്ന ഒന്നായി മാറുകയാണ്. ചൂട്ട് കേരളീയ ഫ്യൂഡല്‍ ഗ്രാമീണ ജീവിതത്തിന്റെ യാത്രയുടെ മാത്രം അടയാളമല്ല. മറിച്ച് സംബന്ധ ലൈംഗികതയുടെ കൂടി അടയാളമായി തകഴിയും മറ്റും ആവർത്തിച്ചത് ഇവിടെ ഓർക്കണം. വൈവിധ്യമാർന്ന ആ ഫ്യൂഡൽ ചരിത്രത്തിലേക്ക് കാണികളെ വേഗം വലിച്ചെറിയുകയാണ് ചൂട്ടും കത്തിച്ചുവരുന്ന ഓരോ പാത്രങ്ങളും. റാന്തലും ഇതുപോലെയാണ്. അല്പംകൂടി ആധുനികമായ ജീവിതാവസ്ഥയെ അടയാളപ്പെടുത്തുകയാണത്. റാന്തലിന്റെയും ചൂട്ടിന്റെയും പ്രകാശത്തിലൂടെ വേദിയെ മറ്റു ദീപങ്ങളില്ലാതെ പൊലിപ്പിച്ചെടുക്കുന്നതും എടുത്തു പറയേണ്ടതാണ്.

          ഗ്രാമീണത അതിന്റെ ജീവിതം കെട്ടിപ്പടുക്കുന്നത് വെറും മണ്ണിലാണ്. ഖസാക്കിലെ ജീവിതവും ചളിയിലും മണ്ണിലും ഉരുളുന്നതാണ്. വേദിയിലെ നടുക്കുള്ള മണ്ണു നിറഞ്ഞ സ്ഥലം നിരന്തരം കഥാപാത്രങ്ങൾ കിടന്നരുളുന്ന ഇടമാണ്. മുങ്ങോങ്കോഴിയുടെ കിണറും ഓത്തുപള്ളിയും നൈസാമലിയുടെ വാസസ്ഥാനവും ചായപ്പീടികയും തയ്യൽക്കടയുമൊക്കെ ഈ മണ്ണിലാണ്. നിരന്തരം ഉഴുതുമറിക്കുന്ന മണ്ണാണിത്. മിക്ക കഥാപാത്രങ്ങളും ഈ മണ്ണിൽ കിടന്നുരുളുകയും ചളിപുരളുകയും ചെയ്യുന്നവരാണ്.  വെള്ളം കോരിയൊഴിച്ച് ഈ മണ്ണ് ചളിയാവുകയും കഥാപാത്രങ്ങളെല്ലാം ചളിപറ്റുകയും ചെയ്യുന്നു. ഖസാക്കിനെ നോവലിൽ നിന്ന് അരങ്ങിലേക്കു കൊണ്ടുവരുന്ന നിർണായകമായ ചിഹ്നമാണ് ചളി നിറഞ്ഞ മണ്ണ്. ചളിപറ്റി വൃത്തികേടാകുന്നതാണ് മിക്കവരുടെയും വസ്ത്രങ്ങളെന്നത് ശ്രദ്ധേയം. നൈസാമലിയുടെയും രവിയുടെയും ചാന്തുമ്മയുടെയും വസ്ത്രങ്ങളെല്ലാം ചളിയാൽ നിറയപ്പെടുന്നു. രവിയും ചാന്തുമ്മയും തമ്മിലുള്ള ലൈംഗികത ചളിയിലാണ് നടക്കുന്നത്. അത് ഖസാക്കിന്റെ തന്നെ ആത്മാവിഷ്കാരമാണെന്നും പറയാം.  നോവലില്‍ നിരന്തരമായി വിവരിക്കുന്നത് കരിമ്പനകളെക്കുറിച്ചാണല്ലോ. നാടകത്തിൽ പനയില്ല. ചില ചലച്ചിത്രദൃശ്യങ്ങളിൽ അവയെ ഒരു രേഖാചിത്രമെന്നപോലെ കൊണ്ടുവരുന്നുണ്ട്. നോവലിന്റെ ആഖ്യാനത്തില്‍ നവമാനങ്ങള്‍ നല്‍കുന്ന കരിമ്പനയ്ക്ക നാടകത്തിന്റെ ഭാഷയില്‍ കാര്യമായ സ്ഥാനമില്ലെന്നുള്ളതാണ് വസ്തുത.

ക്ലാസിക് മാനമുള്ള അരങ്ങ്

          മഴ നോവലിലുടന്നീളം അതിന്റെ ഭാഷയെന്നപോലെ പ്രവർത്തിക്കുന്ന ഒന്നാണ്. പിന്നെ മഴ തുളിച്ചു. മഴ കനത്തു പിടിച്ചു.കാലവർഷത്തിന്റെ വെളുത്ത മഴഎന്നൊക്കെ ആവർത്തിച്ച് നോവലിന്റെ സൗന്ദര്യമായി മഴ മാറുന്നതായി കാണാം. നാടകത്തിലും മഴ  പെയ്തു തിമർക്കുന്നുണ്ട്. രവിക്കു വസൂരി പിടിച്ചസമയത്ത്. രവിയും മൈമുനയും തമ്മിലുള്ള ലൈംഗികത ഈ മഴയിലാണ്. നോവലിലേതുപോലയുള്ള ധർമമല്ല, മഴ നാടകത്തിൽ നിർവഹിക്കുന്നത്. മറിച്ച് നോവലിലെ ഖസാക്കിനെ വേദിയിലെ ഖസാക്കുമായി കോർത്തിണക്കുന്ന സവിശേഷമായ മുഹൂർത്തമായാണ് മഴ പെയ്യുന്നത്. കുട ഇത്തരത്തിലൊരു ചിഹ്നമായാണ് നാടകത്തിൽ കടന്നുവരുന്നത്. മൊല്ലാക്കയാണ് കാലൻ കുട ഉപയോഗിക്കുന്നത്. എന്നാൽ നാടകാന്ത്യം ഖസാക്കുകാരെല്ലാം കാലൻ കുടയുമായി വേദിയിലേക്കു വരുന്നു. ചൂട്ടുമായിട്ടാണ് ഖസാക്കുകാർ ആദ്യം വേദിയിൽ വന്നതെങ്കിൽ അവസാനം രവിയുടെ യാത്രയുടെ സൂചകമെന്നപോലെ യാത്രയുടെ അടയാളമായ കുടയുമായി വരുന്നു.

           രവിയുടെ ജീവിതമാണ്  നോവലിന്റെ അടിത്തറ എന്ന നായക യുക്തിയിലാണ് നോവലിന്റെ ആഖ്യാനം. ഖസാക്കിലെ മിക്ക സംഭവങ്ങളിലും രവിയും സ്കൂളും കാണാം.  സ്കൂള്‍ മിക്ക സംഭവങ്ങളുടെയും കേന്ദ്രവുമാണ്.  എന്നാല്‍ ഈ രവിയെ നാടകത്തില്‍ കാണാന്‍ കഴിയില്ല. രവിയേക്കാള്‍ പ്രാധാന്യത്തോടെ നാടകത്തില്‍ വരുന്നത് നൈസാമലിയുടെ ജീവിതമാണ്. നൈസാമലി- മൊല്ലാക്ക- കുപ്പുവച്ചന്‍ തുടങ്ങിയവരുടെ നിരന്തരമായ സാന്നിധ്യത്തിലൂടെയും സംഘര്‍ഷത്തിലൂടെയുമാണ് നാടകം വികസിക്കുന്നത്.   ഖസാക്കിന്റെ ജീവിതത്തെ വ്യാഖ്യാനിക്കാന്‍ കഴിയുന്നത് നാടകീയതയുടെ ചടുലതയും സംഘട്ടനവുമുള്ള  നൈസാമലിയുടെ ജീവിതത്തിലാണെന്നുള്ളതാണ് വസ്തുത. ഇത്തരത്തിലുള്ള ഖസാക്കിന്റെ സംഘട്ടനത്തില്‍ കുട്ടിക്കളിപോലെ വന്നു കയറുന്ന, നോവലില്‍ നിരന്തരം നമ്മെ മഥിക്കുന്ന പ്രശ്നമായി കടന്നുവരുന്ന അപ്പുക്കിളി നിസാരമായ ചില സ്കൂള്‍ രംഗങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. അപ്പുക്കിളിയുടെ മതംമാറ്റം ഹിന്ദു- മുസ്ലീം സംഘര്‍ഷമായി നോവലില്‍ പടരുന്നത് ശ്രദ്ധേയം. അതുപോലെ, മൈമുനയും ചാന്തുമ്മയും പത്മയും ആബിദയും  പരിമിതമായ സ്ത്രീലോകത്തിനകത്ത്  ചുരുങ്ങുന്നു.

          ഖസാക്കിനെ പ്രശ്നവല്കരിക്കുന്നത് വാറ്റുചാരായവുംഅയഞ്ഞലൈംഗികതയും കൂടിക്കുഴഞ്ഞ ഫ്യൂഡല്‍- മരുമക്കത്തായ ലൈംഗികതയാണ് ഖസാക്കില്‍.  മലയാള നാടകവേദിയില്‍ കാണാത്ത ലൈംഗികതയെ നോവലിലേതുപോലെ അവതരിപ്പിക്കുന്നു ഇവിടെ. ചാന്തുമ്മയുമായുള്ള ബന്ധം ചളിയില്‍ കിടന്നുള്ള ഇരുവരുടെയും സവിശേഷമായ തുഴച്ചിലായും മൈമുനയുമായുള്ളത് മഴയത്ത്  രവിയുടെ ശരീരത്തിന്റെ ചലനങ്ങളായും ആവിഷ്കരിക്കുന്നു. നീല ഞരമ്പുകള്‍ പ്രസരിക്കുന്ന  തന്റെ  ശരീരത്തെ സവിശേഷമായ ആയുധമായി ഉപയോഗിക്കുന്ന കഥാപാത്രമാണ് നോവലിലെ മൈമുനയെങ്കില്‍ നാടകത്തില്‍ മൈമുന നിഴലായി മാറുന്നു എന്നതാണ് കാണേണ്ടിവരുന്നത്.  ഇത്തരം പരിമിതികളില്‍ നിന്നല്ല ക്ലാസിക് മാനമുള്ള ഈ നാടകത്തെ നാം വായിക്കേണ്ടത്, മറിച്ച് മാറുന്ന മലയാള നാടകവേദിയുടെ മുന്നില്‍ നിന്നാണ്. സാധാരണമായ ചലച്ചിത്രഭാഷയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ ചലച്ചിത്രഭാഷയെ രംഗവേദിയിലെ ശരീരങ്ങളുമായി കൂട്ടിയിണക്കി ദീപനാളങ്ങളെയും പ്രകൃതിയെയും അതുമായി സംയോജിപ്പിച്ച് സാധ്യമാക്കുന്ന  ഈ കാഴ്ചയുടെ രാഷ്ട്രീയത്തില്‍ നിന്നാണ് മലയാള നാടകവേദിയെക്കുറിച്ച് നാം സംസാരിക്കേണ്ടത്. വര്‍ത്തമാനകാലത്തിനോട് ഒരുസന്ദേശവുംപറയാനില്ലാത്ത, നാലുമണിക്കൂറോളം നീളുന്ന  ഈ നാടകത്തെ സൂക്ഷ്മമായി കാണുകയെന്ന ധര്‍മമാണ് നാടകവേദിയുടെ ചലനാത്മകതയുടെ അടയാളം.

*ഖസാക്കിലേക്കു രവി വരുന്ന ആദ്യ ആധ്യായത്തില്‍ തന്നെ ചുമട്ടുകാരന്‍ മലമ്പുഴ അണക്കെട്ടിന്റെ നിര്‍മാണ കാര്യം പറയുന്നുണ്ട്. ഖസാക്കിലേക്കൊക്കെ വെള്ളം തിരിച്ചുവിടുമെന്ന്. ആ സമയത്ത് ഡാമിന്റെ പണി നടക്കുന്ന കാലമാണെന്ന് ഊഹിക്കാം. നോവലിന്റെ അവസാനം ഡാമിനടുത്തെ ഗസ്റ്റ് ഹൗസില്‍ രവിയും പത്മയും ഒന്നിക്കുമ്പോള്‍ പത്മ ജനാല തുറക്കുന്നത് ഡാമിലെ ജലാശയത്തിലേക്കാണ്. ഡാമിന്റെ പണി പൂര്‍ത്തിയായതിന്റെ സൂചനയായി ഇതിനെ കരുതാം. രവി ഖസാക്കില്‍ ഉണ്ടായിരുന്നത് ഒന്നര, രണ്ട് കൊല്ലമാണ്. ആ നിലയ്ക്കു നോക്കിയാല്‍ 1953- 55 കാലമാണ് നോവലിന്റെ കഥാകാലം എന്നൂഹിക്കാം. കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേക്കു വന്ന വിപുലമായ മാറ്റങ്ങളുടെ കാലമാണല്ലോ ഇത്
ചിത്രങ്ങൾ: ധനരാജ് കീഴറ

Comments

comments