സാമൂഹികമായി ആരാണ് മനുഷ്യന്‍? ഏക നിര്‍വചനത്തില്‍ ഒതുങ്ങുന്ന ഒരു മനുഷ്യ സങ്കല്പ്പമുണ്ടോ ? മനുഷ്യര്‍ക്കുള്ളില്‍ ജാതി, മത, ലിംഗ വ്യത്യാസങ്ങളില്ലേ? മനുഷ്യാണാം മനുഷ്യത്വം എന്ന് ശ്രീ നാരായണ ഗുരു. മനുഷ്യന്‍റെ ജാതി മനുഷ്യത്വമത്രേ. തിരിച്ചു പറഞ്ഞാല്‍ മനുഷ്യത്വമാണ് മനുഷ്യരാവാനുള്ള യോഗ്യത. അനേകം ധാരകളുള്ള മതത്തില്‍ നിന്ന് ഏകശിലാത്മകമായൊരു മതത്തെ കൃത്രിമമായി സൃഷ്ടിക്കുക, ആ മതരൂപം ഉപയോഗിച്ച് ഒരു അപര മതത്തെ ( single antagonistic other) സൃഷ്ടിക്കുക, അപരത്വം ഉപയോഗിച്ച് മനുഷ്യരെ ഭിന്നിപ്പിക്കുക, ജനാധിപത്യ മൂല്യങ്ങളെ നിഷേധിക്കുക, സ്ത്രീകളെയും ഭിന്ന ലിംഗങ്ങളെയും അടിച്ചമര്‍ത്തുക, ഇവയൊക്കെ ചെയ്യുന്നവര്‍ മനുഷ്യത്വം എന്ന ഗുണം ഇല്ലാത്തവരാണ്. ഇവയൊക്കെ ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാസിസ്ടുകള്‍ക്കെതിരെ നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കാന്‍ മനുഷ്യരായി വരൂ എന്ന ആഹ്വാനത്തിനര്‍ഥം ജാതി മത ലിംഗ സ്വത്വങ്ങളുടെ നിരാസമല്ല, മറിച്ച്, അവ സൃഷ്ടിക്കുന്ന അതിരുകള്‍ക്കപ്പുറം മനുഷ്യത്വം എന്ന പൊതു ഗുണം ഉള്ളവരായി ഫാസിസത്തെ നേരിടാന്‍ ഒരുമിക്കുക എന്നതാണ്. സണ്ണി എം കപിക്കാടും രേഖാ രാജും സീ കെ ജാനുവും വി പി സുഹ്റയും മനുഷ്യരാവുമ്പോഴും അവരുടെ ദളിത്‌ ആദിവാസി മുസ്ലീം സ്വത്വങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്നില്ല. മനുഷ്യ സംഗമത്തില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നതും തങ്ങളുടെ സ്വത്വങ്ങളെത്തന്നെയാവും.

വിമര്‍ശനം ഉയരുന്നത് ഒഴിവാക്കപ്പെട്ട ചില പേരുകളെക്കുറിച്ചാണ്. ഇസ്ലാമിസ്റ്റുകളെ പരസ്യമായി തള്ളിപ്പറഞ്ഞ മുസ്ലീം ലീഗിനെ പോപ്പുലർ ഫ്രണ്ടിനും ജമാ അത്തെ ഇസ്ലാമിക്കുമൊപ്പം പ്രതിഷ്ഠിച്ചതിന് ലീഗ് കന്തസാമിക്ക് മാപ്പ് കൊടുക്കട്ടെ. ചോദ്യം മുസ്ലീം സംഘടനകളുടെ പ്രാതിനിധ്യത്തെക്കുറിച്ചാണെങ്കില്‍ ജമാ അത്തിനെക്കാളും എസ് ഡി പി ഐ യെക്കാളും ജനപങ്കാളിത്തമുള്ള മുസ്ലീം സംഘടനകളുടെ പേരുകള്‍ എന്തേ കടന്നുവരുന്നില്ല? മുസ്ലീം സ്വത്വത്തിന്റെ മൊത്തക്കച്ചവടക്കാരായി സ്വയം അവതരിപ്പിക്കുന്നവരുടെ പേരുകള്‍ മാത്രം ഉയര്‍ന്നു കേള്‍ക്കുന്നതില്‍ തന്നെ പ്രശ്നമുണ്ട്. ഇനിയീ കേള്‍ക്കുന്ന പേരുകളെക്കുറിച്ച്, മതേതരത്വം എന്ന ആശയത്തെ നിഷേധിക്കുന്ന, ഒരു തെറി വാക്ക് പോലെ തള്ളുന്ന, മത രാഷ്ട്രത്തിനു വേണ്ടി വാദിക്കുന്ന, ലിംഗ നീതി നിഷേധിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇവയ്ക്കൊക്കെയും പൊതുവായുള്ളത്. എന്താണ് ഇവരും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം? അധികാരം. Hindutva – Political Power = Islamists. ഈ വ്യത്യാസം കൊണ്ടുതന്നെ ഹിന്ദുത്വ ഫാസിസം കൂടുതല്‍ എതിര്‍ക്കപ്പെടെണ്ടിയിരിക്കുന്നു. ഒരു മതത്തിന്‍റെ വര്‍ഗീയതയെ മറ്റൊരു മതത്തിന്‍റെ വര്‍ഗീയത എതിര്‍ക്കുക സ്വാഭാവികം. അതുകൊണ്ടവരെ സ്വീകരിച്ചാനയിക്കുന്നത് വിഡ്ഢിത്തം. ഇനിയതല്ല, ഫാസിസ്റ്റ് പ്രവണതകള്‍ കാട്ടിയാലും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആയതുകൊണ്ട് വേദി നല്കണമെന്നാണെങ്കില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന സാംസ്കാരിക സംഘടനയെയും ക്ഷണിക്കേണ്ടി വരും. ചുംബന സമരത്തിനെതിരെ ഹനുമാന്‍ സേനക്കൊപ്പം നടന്ന് പോത്തുകളെ തെളിച്ച എസ്.ഡീ.പീ.ഐ ഫാസിസത്തിനെതിരെ സംഗമിക്കുന്നതിനോളം മനുഷ്യത്വ വിരുദ്ധമായെന്തുണ്ട്?

സംഘാടകരായ 40 കൂട്ടങ്ങളില്‍ കേരളമുസ്ലിം മഹിള ആന്ദോളനും നിസയുമുണ്ട്. മുസ്ലീം സമുദായത്തിനകത്തുനിന്ന്‍, വിശ്വാസികളായ മുസ്ലീം സ്ത്രീകള്‍ നയിക്കുന്ന സംഘടനകളാണിവ. അയിത്തം മുസ്ലീമിനോടല്ല എന്ന് വ്യക്തം. ഒഴിവാക്കപ്പെട്ടത് മതമല്ല, വര്‍ഗീയതയാണ്. ഇസ്ലാമിസ്റ്റുകള്‍ = മുസ്ലീം എന്ന സമവാക്യം ബോധപൂര്‍വമായി സൃഷ്ടിക്കാന്‍ ശ്രമിച്ച് സംഗമത്തെ ഇസ്ലാമോഫോബിക് ആക്കി മുദ്ര കുത്തുമ്പോള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെക്കൂടിയാണ്. മനുഷ്യരാവുക എന്നത് അശ്ലീലമാവുമ്പോള്‍ മത വാദികള്‍ മാത്രം ആവണമെന്നും ആ സ്വത്വത്തില്‍ നിന്നും ഒരിക്കലും പുറത്തു കടക്കരുതെന്നുമാണ് അര്‍ഥം. ഏത് ജാതിക്കുള്ളില്‍ ജനിച്ചോ അതായി തന്നെ ജീവിച്ച് മരിക്കണം എന്നാക്രോശിക്കുന്ന ബ്രാഹ്മണിക്കല്‍ വാദവുമായി സാമ്യം തോന്നുന്നെകില്‍ സ്വാഭാവികം മാത്രം. മനുഷ്യര്‍ക്ക് അയിത്തം കല്‍പ്പിക്കുന്ന ശ്രമത്തില്‍ സജീവ പങ്കാളികളാവുന്ന മുസ്ലീം സ്വത്വ വാദികളും മാവോയിസ്റ്റുകളും ഫലത്തില്‍ സഹായിക്കുന്നത് ഹിന്ദുത്വരാഷ്ട്രീയത്തെയാണു. മനുഷ്യ സംഗമം സംഘടിപ്പിക്കുന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുമല്ല. ഒരു കൂട്ടം മാത്രമാണ്. ഫാസിസത്തിനെതിരെ പ്രതികരിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ആ കൂട്ടത്തിനാവുന്നില്ലെങ്കില്‍ പുറത്തു നില്‍ക്കുന്നവര്‍ സ്വന്തം നിലയില്‍ പുതിയ കൂട്ടങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തട്ടെ. അപ്പോഴും മനുഷ്യ സംഗമത്തെ നിഷേധിക്കാന്‍ നമുക്ക് കഴിയില്ല. ശീതളിനെ പോലെ ഒരു ട്രാന്‍സ് ജെണ്ടര്‍ മുന്‍നിരയില്‍ നില്‍ക്കുന്ന, ദളിത്‌ ആദിവാസി നേതാക്കളുടെ സജീവ സാന്നിധ്യമുള്ള ഒരു വേദിയാണത്. പ്രത്യശാസ്ത്രപരമായി നിരവധി ഭിന്നിപ്പുകളുണ്ടെങ്കിലും ജനാധിപത്യത്തിലും തുല്യതയിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങള്‍ പൊതു ശത്രുവിനെതിരായി ഒന്നിക്കുകയാണ്. ഫാസിസത്തിനെതിരെ കൌണ്ടര്‍ ഹെജിമണി സൃഷ്ടിക്കാനുള്ള ഒന്നാംതരമൊരു ചുവടുവയ്പ്പ്.

Comments

comments