ഗുജറാത്ത് ഒരു ദിശാസൂചികയാണ്; അന്നും, ഇന്നും. തീവ്ര വര്‍ഗീയതയുടെയും, സാമുദായിക ധ്രുവീകരണത്തിന്റെയും, മതാത്മക സ്വത്വബോധത്തിന്റെയും, ഒടുവില്‍ അന്ധമായ നഗരവല്‍ക്കരണത്തിന്റെയും എല്ലാ രാഷ്ട്രീയരൂപങ്ങളെയും ആലിംഗനം ചെയ്ത ഒരു ഗുജറാത്ത് ആയിരുന്നു കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ ആയി നമ്മള്‍ കണ്ടു പരിചയിച്ചത്. വംശഹത്യയിലൂടെ, ഫാസിസത്തിന് വെള്ളവും വളവും കൊടുത്ത ദേശമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട നാട്. നരേന്ദ്രമോഡിക്ക് അധികാരത്തിലേക്കുള്ള സ്റ്റേജ് റിഹേര്‍സല്‍ നടത്താന്‍ എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്തു കൊണ്ട് ഗുജറാത്തിലെ വോട്ടര്‍മാര്‍ ഹിന്ദുത്വവാദത്തിനു സ്ഥിരമായി പൊളിറ്റിക്കല്‍ ലെജിറ്റിമസി ഉണ്ടാക്കികൊടുത്തുവന്നു. അതിനുള്ള പഴിയും അവര്‍ കേള്‍ക്കേണ്ടിവന്നു. നരേന്ദ്ര മോദിയെന്ന മുഴുസമയ ആര്‍ എസ് എസ് പ്രചാരകനെ ബ്രാന്‍ഡ്‌ മോദി എന്ന ദേശിയ ബിംബമാക്കിയതും ഗുജറാത്തികള്‍ തന്നെ.

എന്നാല്‍, ഗുജറാത്ത് ഒടുവില്‍ വഴിമാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ പുറത്തു വന്ന പഞ്ചായത്- മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്, തീവ്ര ഹിന്ദുത്വതിന്റെയും ഇല്ലാത്ത വികസനത്തിന്റെയും പേരില്‍ നിരന്തരം വഞ്ചിതരാകാന്‍ ഗുജറാത്തിലെ പാവം ഗ്രാമീണന്‍ തയ്യാറല്ല എന്ന് തന്നെയാണ്. ഈ തിരഞ്ഞെടുപ്പ് ഫലം അതുകൊണ്ട്തന്നെ ഗുജറാത്തിനെയും, ഇന്ത്യയെയും സംബന്ധിച്ച സുപ്രധാന സൂചനകള്‍ നല്‍കുന്നു.

ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് വന്‍ തകർച്ചയൊന്നും ഉണ്ടാക്കിയില്ല. നഗരങ്ങളില്‍ ഒരു പരിധി വരെ അവര്‍ തങ്ങളുടെ വോട്ട് ബാങ്ക് നിലനിര്‍ത്തുകയും ചെയ്തു. എന്നാലും, മിക്കയിടങ്ങളിലും, കാര്യമായ പ്രവര്‍ത്തനമോ, പണക്കൊഴുപ്പോ, ഒന്നും കാണിക്കാതെ തന്നെ കോണ്‍ഗ്രസ്‌ നേട്ടമുണ്ടാക്കി എന്നതാണ് എടുത്തു പറയേണ്ട വസ്തുത. സൂറത്തില്‍ കോണ്‍ഗ്രസ്‌ നേരിയ ഭൂരിപക്ഷത്തിനാണ് ഭരണം കൈവിട്ടത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ബിജെപിക്ക് സംഭവിച്ച ഏറ്റവും വലിയ തകര്‍ച്ച തന്നെയാണിത്. മുപ്പത്തിയൊന്നു ജില്ലാ പഞ്ചായത്തുകളില്‍ ഇരുപത്തി മൂന്നും, 194 താലൂക്ക് പഞ്ചായത്തില്‍ 113 എണ്ണവും കോണ്‍ഗ്രസ്‌ നേടി. രണ്ടായിരത്തി പത്തില്‍, 83 % സീറ്റുകളിലും ബിജെ പി ആയിരുന്നു വിജയിച്ചിരുന്നത്. താമര വാടിയെന്നു മാത്രമല്ല, 8 ജില്ലകളില്‍, ബിജെപിക്ക് താലൂക്ക് പഞ്ചായത്തില്‍ ഒരു സീറ്റ് പോലും കിട്ടിയില്ല. ആയിരക്കക്കിനു വോട്ടുകള്‍ക്ക് പാര്‍ടി സ്ഥാനർത്ഥികള്‍ ജയിച്ചു വന്നിരുന്ന സംഘപരിവാറിന്റെ നെടുംകോട്ടകള്‍ ആയിരുന്നു ഒരുകാലത്ത് ഈ ജില്ലകള്‍ ഒക്കെ.

കേവലം താല്‍ക്കാലികം എന്നോ, പട്ടേല്‍മാരുടെ പ്രതികാരം എന്നോ പറഞ്ഞു ചുരുക്കേണ്ട ഒന്നല്ല, ബിജെപിയുടെ ഈ തളര്‍ച്ച. വ്യക്തമായ നഗര- ഗ്രാമീണ ധ്രുവീകരണം ഈ തിരഞ്ഞെടുപ്പില്‍ കൃത്യമായി പ്രതിഫലിച്ചിരുന്നു. ഗ്രാമീണ വോട്ടര്‍മാര്‍ ഒന്നടങ്കമായി കോണ്‍ഗ്രസിന്‌ വോട്ട് ചെയ്തു. വിലക്കയറ്റവും, പട്ടിണിയും, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവുംചെറുകിട കര്‍ഷകരെയും, തൊഴിലാളികളെയും സാരമായി ബാധിച്ചിരുന്നു. കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്ത് വികസനം, സത്യത്തില്‍, വെറും നഗരവല്‍ക്കരണം മാത്രമായിരുന്നു. റോഡുകള്‍ക്കും, ഫ്ലൈ ഓവറുകള്‍ക്കും വേണ്ടി വഴിയോരകച്ചവടക്കാരെയും, ചേരിനിവാസികളെയും അരികുകളിലേക്ക്‌ ആട്ടിപ്പായിച്ചു കൊണ്ടായിരുന്നു മോഡി വികസനത്തിന്റെ അപോസ്തലനായത്. അപ്പോഴും, ഗ്രാമങ്ങളില്‍ വെള്ളവും, കക്കൂസുകളും, നല്ല സ്ക്കൂളുകളും ഇല്ലാതെ, പാവം ജനങ്ങള്‍ നരകിച്ചു. അവരുടെ കഥകള്‍ ഒരിക്കലും ഫോട്ടോഷോപ്പുകളില്‍ വന്നില്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ സഹായിക്കാത്തത് കൊണ്ടാണ് വികസനം ഗ്രാമങ്ങളില്‍ എത്താത്തത് എന്നും, ദില്ലി പിടിച്ചടക്കിയാല്‍ മാത്രമേ അത് സാധിക്കൂ എന്നും മോദി നെഞ്ചില്‍ തൊട്ടു പറഞ്ഞപ്പോള്‍, പാവം ഗ്രാമീണന്‍ നരേന്ദ്ര മോദിയെ അവതാരപുരുഷനാക്കി.

പക്ഷെ, അതൊക്കെ ഫാസിസത്തിന് തിരഞ്ഞെടുപ്പില്‍ സ്വീകാര്യത കിട്ടാനുള്ള വെറും അടവുകള്‍ മാത്രമായിരുന്നു എന്ന് മനസിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. സുരേന്ദ്രനഗറിലെയും, വാപിയിലെയും, രാജ്കോട്ടിലേയും പാവം കര്‍ഷകന്റെ സങ്കടവും, വിലാപവുമാണു ഈ തിരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടത്, അല്ലാതെ അതിനെ പട്ടേല്‍ സമരത്തിന്റെ ജാതി കാര്‍ഡില്‍ ഒതുക്കുന്നത്‌, നീതികേടാണ്‌. അംബാനിക്കും, അദാനിക്കും അതുപോലുള്ള വന്‍കിട ബിസിനസ് ലോബിക്കും വേണ്ടി മാത്രം നടപ്പിലാക്കപ്പെട്ട വികസന നയത്തിന്റെ വിധിയെഴുത്ത് തന്നെയാണ് ഗുജറാത്തില്‍ കാണുന്നത്. ഒപ്പം, ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഒരുകാര്യം കൂടി മനസിലാക്കി;. വര്‍ഗീയ ഫാസിസത്തിനും, അര്‍ത്ഥമില്ലാത്ത സ്വത്വ വാദത്തിനും അവരുടെ പട്ടിണി മാറ്റാന്‍ കഴിയില്ലെന്ന പരമസത്യം. അത്കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം, നേരത്തെ പറഞ്ഞത് പോലെ നല്ലൊരു ദിശാസൂചകമാണ്. കപട ബിംബങ്ങള്‍ക്ക് അധികകാലം നിലനില്‍കാന്‍ കഴിയില്ലെന്ന പാഠം. മുസ്ലിം സമുദായം മോഡിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട്ചെയ്തത്, അല്ലെങ്കില്‍തങ്ങളുടെ ജീവിതമാര്‍ഗവും കച്ചവടവും കൂടി ഫാസിസ്റ്റ് ശക്തികള്‍ ഇല്ലാതാക്കുമെന്ന ഭയം കൊണ്ടായിരുന്നു. സെകുലര്‍ പാര്‍ടികളുടെ തളര്‍ച്ച അവര്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ലാതാക്കി. പക്ഷെ, ഈതിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ഇക്കുറി മുസ്ലിം വോട്ട് കോണ്‍ഗ്രസിന്‌ കിട്ടിയെന്നാണ്.

കോണ്‍ഗ്രസ്‌ ദീര്‍ഘ കാലത്തെ തളര്‍ച്ചയും ആലസ്യവും വിട്ടു അല്‍പ്പം പ്രവര്‍ത്തിച്ചിരുന്നു എന്നതും, ബിജെപിയുടെ പരാജയത്തിനു കാരണമായി. കാലങ്ങളായി കോണ്‍ഗ്രസില്‍ ഒരു തരത്തിലും ഉള്ള സംഘടനാ പ്രവര്‍ത്തനങ്ങളും നടക്കാറില്ല. വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് കൊടുക്കാന്‍പോലും ആളില്ലാത്ത അവസ്ഥയില്‍നിന്നും പാര്‍ടി ഏറെ മാറി. ഗ്രാമങ്ങളില്‍ വേരുകളുള്ള നേതാക്കന്മാര്‍ മുന്നോട്ടുവന്നു. അവര്‍ ജനങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടാക്കി. പലയിടത്തും, കോണ്‍ഗ്രസ്‌ സ്ഥാനർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുക പോലുമുണ്ടായി. ഈ ഉണര്‍വും വോട്ടര്‍മാരെ സ്വാധീനിച്ചു എന്നു വേണം കരുതാന്‍. അതിനൊപ്പം, പട്ടേല്‍ സമുദായം ബിജെപിയെ കൈവിട്ടു എന്നുംപറയാം.

ചുരുക്കത്തില്‍, ബീഹാറിന് ശേഷം ഗുജറാത്ത് കൂടി യാഥാർത്ഥ്യത്തിലേക്ക് ഉണരുകയാണെന്നു തോന്നുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന ഒരു മതേതര ജനാധിപത്യ മുന്നണിയാണ് ഇനി ശക്തിപ്പെടുതെണ്ടത്. മുസ്ലിം കോട്ടയായ ജുഹാപുരയില്‍ പോലും അസംബ്ലിയിലേക്ക് ബിജെപി ജയിക്കുന്ന സാഹചര്യത്തില്‍ നിന്നും മാറ്റം വരുത്താന്‍ കഴിഞ്ഞത് ചില്ലറ കാര്യമല്ല. ഒരു കാര്യം ഉറപ്പാണ്. തിരഞ്ഞെടുപ്പിലൂടെ ഫാസിസത്തെ അധികാരത്തില്‍ എത്തിച്ച രാജ്യത്ത്, ഫാസിസത്തെ നേരിടാനുള്ള ഒറ്റ വഴി അടിത്തട്ടിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നത് തന്നെയാണ്. അതും അവരുടെ അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്. ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പാര്‍ടികള്‍ അത്തരം ഒരു bottom- up പ്രവര്‍ത്തനം നടത്തേണ്ടതു അത്യാവശ്യമാണെന്ന് ഈ ചെറു വിജയങ്ങള്‍ തെളിയിക്കുന്നു.

Comments

comments