ചരിത്രത്തെ തെളിവുകള്‍ കൊണ്ടെതിര്‍ക്കാം. ശാസ്ത്രത്തെ ശാസ്ത്രീയമായെതിര്‍ക്കാം. യുക്തികള്‍ക്ക് വഴങ്ങാത്ത മിത്തുകളെ, ഐതിഹ്യങ്ങളെ, വിശ്വാസങ്ങളെ.. എന്തുകൊണ്ടെതിര്ക്കും നാം? മതത്തിനുള്ളിലെ പരിഷ്കാരങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണിത്. വിശ്വാസങ്ങളെ ശാസ്ത്രത്തിനും യുക്തിക്കും മുകളില്‍ കാണുന്ന ഒരു ഭൂരിപക്ഷമുള്ളപ്പോള്‍ പ്രത്യേകിച്ചും. ഒരു വശത്ത് മുപ്പത്തിമുക്കോടി വിശ്വാസങ്ങള്‍. മറുവശത്ത് ഒരേയൊരു ഭരണഘടന. ഭരണഘടനയ്ക്കുള്ളിലോ, ഒരു വശത്ത് ഏതു തരം വിശ്വാസങ്ങളെയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം. മറുവശത്ത് തുല്യതയ്ക്കും നീതിക്കുമുള്ള മൌലികാവകാശങ്ങള്‍. ഏതിനാണ് വില കല്‍പ്പിക്കേണ്ടത്?
രാജ്യത്തിന്റെ പരമോന്നത നീതിപീഠം ശബരിമലയില്‍ മൌലികാവകാശങ്ങള്ക്കൊപ്പമാണ്. നമ്മളും കോടതിക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. ഇത് യുക്തിയുടെ പ്രശ്നമല്ല, നീതിയുടെതാണ്. സ്ത്രീകള്‍ ഇന്നും രണ്ടാംതരം പൌരരായ ഈ നാട്ടില്‍ വിശ്വാസങ്ങള്‍ക്ക് മുകളില്‍ മൌലികാവകാശങ്ങളെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നത് ലംഘിക്കപ്പെടാന്‍ പാടില്ലാത്ത ആചാരങ്ങളുടെ പേര് പറഞ്ഞാണ്. (ആചാരനിർമ്മിതിയുടെ കാലത്ത് ചർച്ചയിലേ ഇല്ലാതിരുന്ന ട്രാൻസ് ജെൻഡേഴ്സിനു മല കയറാമോ ഇല്ലയോ, ആരു ഉത്തരം തരും?) സതി നിരോധിക്കപ്പെട്ടപ്പോഴും , വിധവകള്‍ വിവാഹിതരായപ്പോഴും, കീഴാളര്‍ ക്ഷേത്ര പ്രവേശനം നടത്തിയപ്പോഴും ഈ വിലാപം കേട്ടൂ. ആരുടെതാണീ ആചാരങ്ങള്‍? അധികാര വ്യവസ്ഥയുടെ സൃഷ്ടികള്‍. പെണ്ണുങ്ങളും ദളിതരും അടങ്ങുന്ന കീഴാള സ്വത്വങ്ങള്‍ എന്നും ഈ അധികാര വ്യവസ്ഥയ്ക്ക്, ബ്രാഹ്മണ പൌരോഹിത്യത്തിന്, പുറത്തായിരുന്നു. അവര്‍ സ്വാഭാവികമായും അവഗണിക്കപ്പെട്ടു. അവരുടെ വിശ്വാസങ്ങള്‍ അപമാനിക്കപ്പെട്ടു. ആചാരങ്ങളെ വെല്ലുവിളിക്കുന്ന ഓരോ പോരാട്ടവും നഷ്ടപ്പെട്ട അഭിമാനം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ്. അതാണ് ശബരിമല പ്രവേശനത്തിന്റെ പ്രസക്തിയും.
എല്ലാ ക്ഷേത്രങ്ങളും ആര്‍ത്തവ കാലത്ത് സ്ത്രീയെ വിലക്കുന്നു, ശബരിമല ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകളെയൊന്നാകെ വിലക്കുന്നു. ആര്‍ത്തവമുള്ള സ്ത്രീയ്ക്കേ അമ്മയാവാന്‍ കഴിയൂ. ചോര നിറയുന്ന ഗര്‍ഭപാത്രത്തെ അശുദ്ധമായി കാണുന്നവര്‍ സൃഷ്ടിയെയാണ്, സ്വന്തം നിലനില്പ്പിനെയാണ് അപമാനിക്കുന്നത്. 41 ദിവസം വ്രതം നോക്കുന്ന അയ്യപ്പന്മാര് എന്തിന് എല്ലാ കാലത്തേക്കും അശുദ്ധരായ സ്ത്രീകളുള്ള വീട്ടില്‍ തങ്ങുന്നു? അവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നു? അശുദ്ധി പെണ്ണിന്റെ ശരീരത്തിന് മാത്രമാണ് , അവളെടുക്കുന്ന ജോലികള്‍ക്കല്ല. വ്രതം നോറ്റ് മല കയറാന്‍ പെണ്ണിന് ആരോഗ്യമില്ലെന്ന് ആകുലപ്പെടുന്ന ആണുങ്ങളോട്, വീട്ടില്‍ അമ്മയ്ക്കോ പെങ്ങള്‍ക്കോ ആര്‍ത്തവമായതുകൊണ്ട് നിങ്ങളുടെ അന്നം മുടങ്ങിയിട്ടുണ്ടോ? ഏതു കാലത്തും ആണിനെക്കാള്‍ പത്തിരട്ടി ജോലി ചെയ്യുന്നുണ്ട് പെണ്ണുങ്ങള്. “ആരോഗ്യ”വാദം പൂട്ടി പെട്ടിയില്‍ വെച്ചോളൂ.
സ്ത്രീകളെ മല ചവിട്ടാന്‍ അനുവദിക്കണം എന്നതിനര്‍ഥം നാളെ മുതല്‍ എല്ലാ സ്ത്രീകളും ശബരിമല കയറണമെന്നല്ല. അതാണ് അവകാശവും തെരഞ്ഞെടുപ്പും തമ്മിലുള്ള വ്യത്യാസം. വിശ്വാസിയായ ഒരു സ്ത്രീയ്ക്ക് വിശ്വാസിയായ ഒരു പുരുഷനുള്ള എല്ലാ അവകാശവും തന്റെ ദൈവത്തെ കാണാനുണ്ട്. വിലക്ക് മാറട്ടെ. അയ്യപ്പനെ കാണാനുള്ള വഴി പെണ്ണിന് തുറന്നു കിട്ടട്ടെ. കാണണോ വേണ്ടയോ എന്ന് പെണ്ണ് തീരുമാനിക്കട്ടെ. തീണ്ടാപ്പാടകലെ നിര്‍ത്തിയ കീഴാളര്‍ ക്ഷേത്രങ്ങള്ക്കുള്ളിലെത്തിയില്ലേ. നാളെയവര്‍ ബ്രാഹ്മണര്‍ അടക്കി വാഴുന്ന ശ്രീകൊവിലുകള്ക്കുള്ളിലുമെത്തും. ആര്‍ത്തവകാലത്തെ പെണ്ണ് അശുദ്ധയല്ലാതാവും. നിയമത്തിനു മുന്നില്‍ തുല്യത ഉറപ്പാക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് നീതി നിഷേധിക്കുന്ന ആചാരങ്ങള്‍ ചോദ്യം ചെയ്യപ്പെടും. സവര്‍ണ പുരുഷ മേധാവിത്വം തകരുക തന്നെ ചെയ്യും. മിത്തിനെ മിത്തുകൊണ്ടെതിര്ത്താല് ശബരിമല ശബരിയുടെ മലയാണ്. പെണ്ണിന്റെ മലയില്‍ അയ്യപ്പനിരിക്കാമെങ്കില്‍ ആ മല ഏതു പെണ്ണിനും കയറാം..
എന്ന്
ശബരിമല ചവിട്ടിയിട്ടുള്ള , ഇനിയും പോവാന്‍ ആഗ്രഹമുള്ള , ഒരവിശ്വാസി പെണ്ണ്
Be the first to write a comment.