രോ കാലഘട്ടത്തിനുമുണ്ടാവും പരിചിതവും വ്യാപകവും പ്രിയങ്കരവുമായ ചില പദാവലികളും പ്രബലമായ ആശയസംഹിതകളും. ലോകം ഒരു ഗ്രാമമായി ചുരുങ്ങുന്നുഎന്നത് ആഗോളീകരണകാലത്തെ ഒരു പ്രിയപ്പെട്ട പരമാർശമാണ്.  വേണ്ടിടത്തും വേണ്ടാത്തിടത്തും ഇതു കടന്നുവരുന്നു.  അർത്ഥമെന്തെന്ന് തിരിച്ചറിയാൻപോലും കഴിയാതെ അനവസരങ്ങളിൽ ഈ ആശയത്തെ പലരും ഊന്നുവടിയാക്കുന്നു.  ആധുനിക സാങ്കേതികവിദ്യ വഴി ആശയവിനിമയം അതിന്റെ പൂർണതയിൽ അത്യന്തം സുഗമമായിത്തീരുന്നു എന്നു മാത്രമാണ് ഈ പറയുന്നതിന് ആകെയുള്ള വിവക്ഷം.  ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രചാരം, മനുഷ്യജീവിതസാഹചര്യങ്ങളിൻമേൽ കമ്പ്യൂട്ടർ പുലർത്തുന്ന സ്വാധീനം, സമകാലികജീവിതം ലോകത്താകമാനം ഈ സാങ്കേതികവിദ്യകളോട് അനുവർത്തിക്കുന്ന വിധേയത്വംഎന്നീ യാഥാർത്ഥ്യങ്ങളാണ് ലോകം ഒരു ഗ്രാമമായി ചുരുങ്ങുന്നുഎന്നും മറ്റുമുള്ള സാമാന്യ യുക്തികളിൽ പ്രതിഫലിക്കുന്നത്.

ഇതിവിടെ എടുത്തുപറയുന്നതിന് ഒരു കാരണമുണ്ട്.  കാലഘട്ടത്തിന്റെ പ്രബലമായ ആശയസംഹിത (dominant ideology) നമ്മുടെ ആശയങ്ങളെയും പ്രവൃത്തികളെയും തീരുമാനങ്ങളെയും അഗാധമായി സ്വാധീനിക്കുകയും നിർണായകമായി നിയന്ത്രിക്കുകയും ചെയ്യും.  ഓരോ വ്യക്തിയും വിദ്യാഭ്യാസത്തെപ്പറ്റി, തൊഴിലിനെപ്പറ്റി, ഭാവിയെപ്പറ്റി, ജീവിതശൈലിയെപ്പറ്റി നടത്തുന്ന തെരഞ്ഞടുപ്പുകളെ ഈ മേൽക്കോയ്മയുള്ള ആശയങ്ങൾ സദാ നിയന്ത്രിച്ചുകൊണ്ടേയിരിക്കും.  പലപ്പോഴും അവയുടെ സ്വാധീനത്തെക്കുറിച്ച് നാം ബോധവാന്മാരായിരിക്കുക തന്നെയില്ല.

ഇതൊക്കെ മാതൃഭാഷയുമായി ബന്ധപ്പെടുത്തിയുള്ള വിചാരങ്ങളിൽ എങ്ങനെ കടന്നുവരുന്നു? ഒരു കുഞ്ഞിന്റെ പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്ന ഘട്ടം മുതൽ രക്ഷിതാക്കളുടെ ആശയങ്ങളും മനോഭാവങ്ങളും തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്.  രക്ഷിതാക്കളുടെ ആശയലോകത്തെ നിയന്ത്രിക്കുന്നതാകട്ടെ മേൽസൂചിപ്പിച്ച കാലഘട്ടത്തിന്റെ പ്രബലമായ ആശയങ്ങളും.  ആധുനികസാങ്കേതിക വിദ്യകൾ വളർന്ന് വികസിച്ചതു കൂടുതലായും അമേരിക്കയിലാകയാൽ കമ്പ്യൂട്ടറിനും ഇന്റർനെറ്റിനും ആ ഭാഷയോടുള്ള ഇണക്കം ഏറും.  അതിനർത്ഥം മറ്റ് ഭാഷകൾ കമ്പ്യൂട്ടറിന് വഴങ്ങുകയില്ലെന്നല്ല. വാസ്തവത്തിൽ ടെക്‌നോളജിക് ഭാഷയില്ല. ഉപയോക്താകൾ അതിനെ എങ്ങനെ തങ്ങളുടെ ആവശ്യത്തിനായി വഴക്കിയെടുക്കുന്നു എന്നതാണ് പ്രധാനം. കമ്പ്യൂട്ടറിന്റെ ആദ്യ പ്രയോക്താക്കൾ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവരായതുകാരണം ടെക്‌നോളജി വ്യാപകമാവുകയും കൂടുതൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാവുകയും ചെയ്തപ്പോൾ ഇംഗ്ലീഷ് ഭാഷയും ആ പ്രചാര തരംഗത്തിനോടൊപ്പം വ്യാപകമായി. പുതിയൊരു സാങ്കേതിക കൊളോണിയലിസം എന്നൊക്കെ (നിർബന്ധമാണെങ്കിൽ) വിശേഷിപ്പിക്കാം. (എന്നാൽ രാഷ്ട്രീയമായ കൊളോണിയലിസത്തിൽ നിന്ന് വ്യത്യസ്തമായ ഈ സാങ്കേതിക അധീശത്വത്തെ ചെറുക്കാൻ രക്തച്ചൊരിച്ചലിന്റെ ആവശ്യമില്ല. ധിഷണമാത്രം മതി.) ചൈനയും ഫ്രാൻസും ജപ്പാനും ജർമ്മനിയുമൊക്കെ സാങ്കേതിക വിജ്ഞാനീയത്തിലൂടെയുള്ള ഇംഗ്ലീഷ് ഭാഷാധിപത്യത്തെ ഇച്ഛാശക്തികൊണ്ടു ആത്മാഭിമാനം കൊണ്ടും വിജയകരമായി പ്രതിരോധിച്ചു. അങ്ങനെ ആ രാജ്യങ്ങളിലെ വിദ്യാസമ്പന്നർക്ക് പുതിയ സാങ്കേതികവിദ്യ അവരുടെ ഭാഷയിൽതന്നെ അഭിഗമ്യമായി തീർന്നു.

സ്‌കൂൾ – കോളേജ് വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷ് ഭാഷയുടെ അധീശത്വം ഇനിയും അവസാനിച്ചിട്ടില്ലാത്ത ഇന്ത്യയിൽ കമ്പ്യൂട്ടറിന്റെ ഭാഷ ഇപ്പോഴും ഇംഗ്ലീഷ് മാത്രമാകുന്നു.  പ്രാദേശികഭാഷാ കമ്പ്യൂട്ടിംഗ് വലിയൊരു പ്രസ്ഥാനമായി തഴയ്ക്കുന്നുണ്ടെങ്കിലും വിദ്യാഭ്യസത്തിന്റെ മുഖ്യധാരയിൽ ഇംഗ്ലീഷിന്റെ സർവാധിപത്യത്തെ വെല്ലുവിളിക്കാൻ ആർക്കും കരുത്തില്ല.  ഈ അവസ്ഥയാണ് പ്രീപ്രൈമറി മേഖല മുതലുള്ള ഇംഗ്ലീഷ് വിധേയത്വമായി പരിണമിക്കുന്നത്. അങ്ങനെ, മാതൃഭാഷ തുടക്കം മുതൽ ഒരനാവശ്യമോ അലങ്കാരമോ ആയിത്തീരുന്നു.

പ്രൈമറിതലത്തിൽ മാതൃഭാഷ പഠിക്കാതെപോകുന്ന (നിർഭാഗ്യവാനായ) ഒരു വിദ്യാർത്ഥിക്ക് വന്നുഭവിക്കുന്ന നഷ്ടം അളന്ന് തിട്ടപ്പെടുത്താനാവില്ല.  താൽകാലികമായ ഇംഗ്ലീഷ് ഭാഷാമികവ് കണ്ട് കുട്ടിയുടെ വിദ്യാഭ്യാസം വളരെ മികച്ചതാണെന്ന നിഗമനത്തിൽ രക്ഷിതാക്കളും അധ്യാപകരും എത്തിച്ചേരുന്നു.  വാസ്തവത്തിൽ അന്യഭാഷയിൽ പ്രാഥമികവിദ്യാഭ്യാസം നടത്തുന്ന കുഞ്ഞുങ്ങളിൽ വസ്തുബോധവും ലോകബോധവും സന്തുലിതമായ അവസ്ഥയിൽ വികസിക്കുകയില്ല.  അത് പക്ഷേ നമുക്ക് ബോധ്യപ്പെടുക, കുട്ടി വളർന്ന്, രക്ഷിതാക്കളുടെ സംരക്ഷണവലയത്തിനപ്പുറം പോയി സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ തുടങ്ങുമ്പോഴാണ്.  അപ്പോഴേയ്ക്കും വളരെ വൈകിയിട്ടുണ്ടാകും.  ആശയാവിഷ്‌കാരത്തിലുള്ള കൃതിമത്വം, പരിതസ്ഥിതികളോടുള്ള യാന്ത്രികമായ ബന്ധം, മനുഷ്യരുമായി ഗാഢമായി ബന്ധപ്പെടുന്നതിനുള്ള വൈകാരികമായ പ്രതിബന്ധങ്ങൾ, തൽഫലമായുണ്ടാകുന്ന അക്രമവാസനകൾ, സ്വാർത്ഥപൂരിതമായ പെരുമാറ്റം, അലിവില്ലായ്മ ഇവയൊക്കെ പുതിയ യുവത്വത്തിന്റെ ജീവിതങ്ങളിൽ പ്രകാശം കെടുത്തിക്കളയുന്നില്ലെന്ന് പറയാനാവില്ല. ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന വിവാഹമോചന പ്രവണത, അരക്ഷിതത്വബോധം, ഡിപ്രഷൻ, എന്നിവയൊക്കെ ഈ മനഃശാസ്ത്രത്തിൽ അന്വയിക്കാം.  സാമൂഹികജീവിയെന്ന നിലയ്ക്കുള്ള പൊരുത്തപ്പെടൽ ശ്രമകരമാവുന്ന ഓരോ ചെറുപ്പക്കാരന്റെയും സ്‌കൂൾ വിദ്യാഭ്യാസചരിത്രം ശാസ്ത്രീയമായി പഠിക്കപ്പെടേണ്ടതാണ്.  മാതൃഭാഷയിലൂടെ ഹൃദയത്തിൽ ഊറിയിറങ്ങേണ്ട അലിവിന്റെയും അനുതാപത്തിന്റെയും പാഠങ്ങൾ നഷ്ടപ്പെട്ടവരായിരിക്കും ഇവരിൽ പലരും.  തങ്ങൾ ജീവിക്കുന്ന സമൂഹവും പ്രകൃതിയും പിന്തുണ നൽകുന്ന ബന്ധുകളാണെന്ന അറിവ് നിഷേധിക്കപ്പെട്ടവരായിരിക്കും ഇവർ.  ന്യൂജെൻ സിനിമകളിലെ തലതിരിഞ്ഞ യുക്തികളുടെയും അരാജകത്വത്തിന്റെയും വേരുകളും ഇവിടെ തിരയണം.

പക്ഷേ താല്കാലികമായ കണക്കുക്കൂട്ടലുകളുടെ തടവിലായിപ്പോയ നമ്മൾ യാന്ത്രികമായി, നിലവിലിരിക്കുന്ന ഫാഷന് അനുപൂരകമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം മാത്രം കുട്ടികൾക്ക് വിധിക്കുന്നു.  കേരളത്തിന് പുറത്ത് ജീവിക്കുന്നവർക്ക് പ്രായോഗികമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും.  എന്നാൽ കേരളത്തിനുള്ളിൽതന്നെ ജീവിക്കുന്നവർ ഇംഗ്ലീഷിനോട് പുലർത്തുന്ന വിധേയത്വം അപായകരമാണെന്ന് പറയാതെവയ്യ.  ഇപ്പോൾ കേരളസർക്കാർ പാസാക്കിയ ഭാഷാനിയമത്തിൽ സംസ്ഥാനത്തിനുള്ളിലെ എല്ലാ സ്‌കൂളുകളിലും മലയാളം ഒരു വിഷയമായി പഠിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.  ആ വ്യവസ്ഥ പരാജയപ്പെടുത്തുന്നത് ഏതുവിധമായിരിക്കണമെന്ന ഗവേഷണങ്ങളും ആരംഭിച്ചിട്ടുണ്ടാവണം പലേടത്തും.

മാതൃഭാഷാവിദ്യാഭ്യാസം ഇംഗ്ലീഷോ മറ്റ് ഭാഷകളോ പഠിക്കുന്നതിന് തടസ്സമല്ലെന്ന് മാത്രമല്ല, സഹായകമാണ് താനും.  മാതൃഭാഷയിലൂടെ ആർജിക്കുന്ന അറിവ് ഒരു കുട്ടിക്ക് നൽകുന്ന ആത്മധൈര്യം, കടംവാങ്ങിയ ഭാഷയിലൂടെ ഒരിക്കലും കൈവരികയില്ല.  ലോകം ശ്രദ്ധിക്കുന്ന ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ള വിശ്വപ്രസിദ്ധരായ ശാസ്ത്രജ്ഞരും മറ്റ് മേഖലഖളിലെ വിദഗ്ദ്ധരും അന്യഭാഷയിൽ അറിവ് നേടിയവരല്ല എന്ന സത്യം നാം മറന്നുപോകുന്നു.  സ്വന്തം ഭാഷയിൽ വിദ്യാഭ്യാസം നടത്തുന്ന ജർമനിയിലും ഫ്രാൻസിലും ജപ്പാനിലും സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലും സാധ്യമായ വൈജ്ഞാനിക വിസ്മയങ്ങൾ തീർക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്കും കഴിയുമായിരുന്നു.  അറിവ് അനുഭവമാക്കാൻ സാധിച്ചിരുന്നെങ്കിൽ!

അവിടെയാണ് ഇംഗ്ലീഷ് മീഡിയമെന്ന വില്ലൻ രംഗപ്രവേശം ചെയ്യുന്നത്.  രോഗശമനത്തിന് ഉപകരിക്കുമെന്നും, ആരോഗ്യം നന്നാകുമെന്നും കരുതി അപായകരമായ മരുന്ന് കൊടുക്കുന്ന അൽപബുദ്ധിയായ ഡോക്ടറെപ്പോലെയാണ് പല മലയാളി മാതാപിതാക്കളും സ്‌കൂൾ വിദ്യാഭ്യാസകച്ചവടക്കാരും.

വേഷത്തിലും അഭിരുചികളിലും മനോഭാവത്തിലും സാങ്കേതിക സൗകര്യങ്ങളിലുമെല്ലാം ലോകം അതിന്റെ വ്യത്യസ്തതകൾ വിസ്മരിച്ച് ഏതാണ്ട് സമാനമായിതീരുകയാണ്.  വൈവിദ്ധ്യരാഹിത്യം എന്ന ആപത്ത് തുറിച്ചുനോക്കുന്നുണ്ട്. ജൈവവൈവിദ്ധ്യം പ്രകൃതിയ്ക്ക് എത്രകണ്ട് പ്രധാനപ്പെട്ടതാണോ, അത്രതന്നെ വിലപ്പെട്ടതാണ് മാനവരാശിക്ക് സാംസ്‌കാരികവൈവിദ്ധ്യം.  സമാനതയെ ഉപാസിക്കുന്ന ആഗോളവത്കരണകാലം സാംസ്‌കാരിക വൈവിധ്യത്തെയും സാംസ്‌കാരികത്തനിമയേയും സംരക്ഷിക്കാൻ ആവശ്യപ്പെടുന്നുണ്ട്.  അവനവനായി നിലനിൽക്കണമെങ്കിൽ സ്വന്തം സംസ്‌കാരം നിലനിർത്തണം.  സംസ്‌കാരത്തിന്റെ ഏറ്റവും മികച്ച ആവിഷ്‌കാരവും അനന്യത നിലനിറുത്തുന്ന ഘടകവും ഭാഷ തന്നെയാകുന്നു.  ഭാഷ മരിക്കുമ്പോൾ അതോടൊപ്പം നൂറ്റാണ്ടുകൾ തോറ്റിയെടുത്ത അറിവുകളും വിശ്വാസങ്ങളും മൂല്യങ്ങളും അപ്രത്യക്ഷമാകുന്നു.  ഭാഷ നഷ്ടപ്പെടുന്ന ജനതയെ ഭാഷാ അനാഥരെന്നാണ് വിളിക്കേണ്ടത്.  ഭാഷയില്ലാത്തവന് തനതായ സംസ്‌കാരവുമില്ല.  സമ്പന്നമായ മാതൃഭാഷ ഉണ്ടായിട്ട് അതിന്റെ മൂല്യം മനസ്സിലാക്കാതെ അത് നഷ്ടപ്പെടുത്തിക്കളയുന്നവരെ അല്പബുദ്ധികളെന്നേ വിളിക്കാനാവൂ.  മലയാളത്തിലെ ഒരു കവിതാശകലംപോലും ചൊല്ലാനറിയാത്തവരായി നമ്മുടെ കുഞ്ഞുങ്ങൾ വളരുന്നത്കണ്ട് നാം ലജ്ജിക്കേണ്ട കാലമായി.  തമിഴ്‌നാട്ടിലെ ഏതൊരു കുഞ്ഞും തിരുക്കുറലിലെ ഒരു ഈരടിയെങ്കിലും മനഃപ്പാഠമാക്കും.  സുബ്രഹ്മണ്യഭാരതിയുടെ ഒരു പാട്ടെങ്കിലും പാടും.  ബംഗാളിലെ ഏതൊരു കുട്ടിയും ടാഗോറിന്റെ ഏതാനും ഗീതങ്ങൾ ആലപിക്കും.  മലയാളിക്കുട്ടിക്ക് ആരെയും അറിഞ്ഞുകൂടാ.  എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരും കുമാരനാശാനും അപരിചിതരാണവർക്ക്.  തലമുറകളെ സാംസ്‌കാരികമായി ശോഷിപ്പിക്കുന്ന കാഴ്ചശക്തി നഷ്ടപ്പെട്ട വിദ്യാഭ്യാസവും മനോഭാവവും മാറ്റാതിരിക്കുന്നത് വാസ്തവത്തിൽ ബാലാവകാശ ധ്വംസനമാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല.

ഗൾഫ് നാടുകളിൽ ജീവിക്കുന്ന മലയാളികൾ ഇന്ന് മാതൃഭാഷയോട് കാണിക്കുന്ന പ്രതിപത്തി ആവേശകരമാണ്.  അത് കേരളത്തിൽ ഒരു പുതിയ ചിന്താവിപ്ലവത്തിന് തുടക്കം കുറിക്കുമെങ്കിൽ അതൊരു സാംസ്‌കാരിക മുന്നേറ്റം തന്നെയായിരിക്കും.

ആദ്യമായി വേണ്ടത് അർത്ഥരഹിതമായ മുൻവിധികളിൽ നിന്നുള്ള മോചനമാണ്.  ചില പരമാർത്ഥങ്ങൾ തിരിച്ചറിയലാണ്. മാതൃഭാഷയിലുള്ള പ്രൈമറി വിദ്യാഭ്യാസം ഒരു കുട്ടിയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു എന്ന പരമാർത്ഥം.  മാതൃഭാഷയിലുള്ള സ്‌കൂൾ വിദ്യാഭ്യാസം ഓരോ വിഷയത്തിലെ അടിസ്ഥാനാശയങ്ങളെ കുട്ടിയുടെ അനുഭവസീമയിൽ പ്രതിഷ്ഠിക്കുന്നു എന്ന സത്യം.  ഉന്നതവിദ്യാഭ്യാസത്തിലുള്ള മികവ് പ്രാഥമിക വിദ്യാഭ്യാസം സൃഷ്ടിച്ച അടിത്തറയുടെ ശക്തിയെ ആശ്രയിച്ചിരിക്കും എന്ന തത്വം.

ഇനിയും തിരിച്ചറിയേണ്ടതുണ്ട്: മാതൃഭാഷയിലൂടെ അറിവ് ആർജിക്കുന്ന കുട്ടി ബൗദ്ധികമായി കൂടുതൽ മൗലികതയും സാഹസികതയും പ്രകടിപ്പിക്കും എന്ന വസ്തുത.  മാതൃഭാഷയിൽ പ്രൈമറി വിദ്യാഭ്യാസം നേടുന്നതുകൊണ്ട് ഇംഗ്ലീഷ് പഠിക്കുന്നതിന് യാതൊരു തടസ്സവുമില്ലഗുണമുണ്ട് താനും എന്ന തിരിച്ചറിവ്.  മാതൃഭാഷ നഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് ആഗോളീകൃതമാവുന്ന ലോകത്ത് വേരുകൾ കണ്ടെത്താനാവുകയില്ല എന്ന യാഥാർത്ഥ്യം.  മാതൃഭാഷയും സാഹിത്യവും പരിചിതമാക്കുന്ന വൈകാരിക സാമൂഹ്യജീവിതം നഷ്ടമാവുന്ന കുട്ടികൾക്ക് പരിമിതികൾ ഏറെയുണ്ട് എന്ന സത്യം.  പ്രൈമറി ക്ലാസ്സിലെ ഇംഗ്ലീഷ് പഠനത്തിലൂടെ അപ്രാപ്യമായിത്തീരുന്ന ചില പ്രാഥമികമായ അറിവുകൾ എന്നും വിടവുകളായി അവശേഷിക്കും എന്ന സംഗതി. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾ മണിമണിയായിഇംഗ്ലീഷിൽ സംസാരിക്കുന്നുവെന്നത്‌കൊണ്ട് മാത്രം വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തി അളക്കരുത് എന്ന തത്വം.

 

വിദ്യാഭ്യാസമുള്ള ഒരു തലമുറയ്ക്ക് മാതൃഭാഷ അന്യമാവുമ്പോൾ, അതിനെക്കാൾ അകൽച്ച പുലർത്തുന്ന അനന്തരതലമുറയെക്കൂടിയാണ് നാം സൃഷ്ടിക്കുന്നത് എന്ന ഞെട്ടിക്കുന്ന സത്യവും മറന്നുകൂടാ.

Comments

comments