സിനിമയെ ഇത്രമേൽ പ്രണയിച്ച ഒരാൾ അപൂർവ്വമായിരിക്കും. എല്ലാ അപമാനങ്ങൾക്കും അവഗണനകൾക്കുമപ്പുറം തന്റെ പ്രണയിനിക്കുവേണ്ടി ഈ മനുഷ്യൻ കഴിയുന്നത്ര ചലച്ചിത്രോത്സവങ്ങളിലും ചലചിത്ര സംബന്ധിയായ സെമിനാറുകളിലും കൂടിച്ചേരലുകളിലും പ്രത്യക്ഷപ്പെട്ടു. പൂനെയിലെ നാഷ്ണൽ ഫിലിം ഓഫ് ആർക്കെവ്സ് രൂപീകരിച്ച നാൾ മുതൽ അതിനൊപ്പം പി.കെ.നായർ എന്ന തിരുവനന്തപുരംകാരൻ ഉണ്ടായിരുന്നു. 1961 ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റിസർച്ച് അസിസ്റ്റൻറ് ആയിട്ടാണ് അദ്ദേഹം പ്രവർത്തിച്ചു തുടങ്ങിയത്. അതിനും മുമ്പ് സിനിമയോടുള്ള പ്രണയംകൊണ്ട് സംവിധായകനോ സിനിമയുടെ മറ്റേതെങ്കിലും മേഖലയിലെ വിദഗ്ദ്ധനാകാനോ പരിശ്രമിച്ചു.പക്ഷെ അത് തനിക്ക് വഴങ്ങുന്നതല്ലെന്ന് തിരിച്ചറിഞ്ഞത് കെണ്ടോ ,അതോ അതിനുമപ്പുറമുള്ള ആനന്ദവും സംതൃപ്തിയും നൽകുന്ന പഠനങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും കൂടുതൽ താല്പര്യം ജനിച്ചതുകൊണ്ടോ എന്നറിയില്ല പി.കെ നായർ സിനിമയുടെ കാവൽക്കാരനും സംരക്ഷകനുമായത്.

വിസ്മൃതിയുടെ ഇരുണ്ട തമോഗർത്തത്തിലേക്ക് എന്നേക്കുമായി അടയ്ക്കപ്പെടുമായിരുന്ന നിരവധി സിനിമകൾ, പ്രത്യേകിച്ച് നിശ്ബ്ദ സിനിമയുടെ കാലത്തെ സൃഷ്ടികൾ എവിടെ നിന്നൊക്കെയോ കണ്ടെടുത്ത് സാങ്കേതികമായ തുടച്ചു മിനുക്കലുകൾ നടത്തി ഫിലിം ആർക്കെവ്സിൽ സൂക്ഷിച്ചത് പി.കെ.നായരാണെന്ന് നമ്മൾ – സ്നേഹവും നന്ദിയുമില്ലാത്ത സ്വാർത്ഥമതികൾ –  സൗകര്യപൂർവ്വം ഒരു പക്ഷേ മറന്നേക്കാം. ദാദാ സാഹേബ് ഫാൽക്കെയുടെ രാജാഹരിച്ചന്ദ്ര കണ്ടെടുത്ത് ആർക്കെവ്സിൽ സൂക്ഷിച്ചത് പി.കെ.നായരാണ്.ഒരു പക്ഷേ ഫാൽക്കെയെ സിനിമയുടെ ചരിത്രത്തിൽ ശ്രേഷ്ഠമായ സ്ഥലത്ത് പ്രതിഷ്ഠിച്ചതും നമുക്ക് ആ സിനിമ കാണിച്ചു തന്നതും അദ്ദേഹമാണ്. നഷ്ടപ്പെട്ടുവെന്ന് എല്ലാവരും കരുതിയിരുന്ന പല സിനിമകളും കണ്ടെടുത്തത് എല്ലാവരുടെയും നായർ സാർ അഥവാ നായർ സാബാണ്. നിശ്ബ്ദസിനിമകളിൽ 9 എണ്ണം അദ്ദേഹമങ്ങനെ ഇരുട്ടിൽ നിന്ന് മാന്തിയെടുത്ത് വെളിച്ചത്തിലേക്ക് കൊണ്ടുവന്നു എന്ന് പറയാം.

PK-Nair-640x360

1943ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം ​നേടിയ  ​ചേതന്‍ ആനന്ദിന്‍റെ ‘നീച്ചാനഗര്‍ ‘ എന്ന സിനിമ ഒരു കേട്ടുകേള്‍വി മാത്രമായിരുന്നു .സത്യജിത്റായിയുടെ ക്യാമറമാനായ സുബ്രതമിത്രയാണ് കല്‍ക്കത്ത തെരുവുകളിലെ ഏതോ ആക്രിക്കടയില്‍ നിന്ന് ‘നീച്ചാനഗര്‍ ‘ എന്ന സിനിമയുടെ ഒരു പ്രിന്‍റ് ആകസ്മികമായി കണ്ടെടുക്കുന്നത്.100 രൂപക്കാണ് അദ്ദേഹം അത് വാങ്ങി പി.കെ.നായരെ ഏല്‍പിക്കുന്നത്.അങ്ങിനെയാണ് ‘നീച്ചാനഗര്‍ ‘നമ്മള്‍ കാണുന്നത്.കാന്‍ ഫിലിംഫെസ്റ്റിവലില്‍ അവാര്‍ഡ് ലഭിച്ച ഏക ഇന്ത്യന്‍ സിനിമ ഇന്നും ‘നീച്ചാനഗര്‍’ ആണ്.ഇപ്റ്റ (IPTA ) നിര്‍മ്മിച്ച ഈ സിനിമയെ എങ്ങനെയൊക്കെ മറവിയിലേക്ക് ചവിട്ടിത്താഴ്ത്താമെന്ന് പലരും പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാനിവിടെയുണ്ടെന്ന് സാക്ഷ്യപ്പെടുത്തി ആ സിനിമ ചരിത്രത്തില്‍ നിലകൊള്ളുന്നത്. ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തെ മികച്ച 100സിനിമകളുടെ കണക്കെടുപ്പില്‍ (ഔദ്യോഗികവും അനൗദ്യോഗികവുമായ പലതും ) സ്ഥലം ലഭിക്കാതെ പോയ സിനിമയാണ് ‘നീച്ചാനഗര്‍’ എന്നതും നമ്മള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം ആഘോഷിക്കുന്ന ഏതോ സര്‍ക്കാര്‍ പരിപാടി പി.കെ.നായര്‍ താമസിക്കുന്ന പൂനെയില്‍ നടന്നപ്പോഴും അദ്ദേഹത്തെ അതിലേക്ക് ക്ഷണിച്ചില്ല എന്നുള്ളത് എത്ര നന്ദിയില്ലാത്തവരാണ് അധികാരികളും അവരുടെ പരിവാരങ്ങളും എന്നത് വേദനയോടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

അദ്ദേഹത്തിന് അവഗണനകള്‍ പുത്തരിയായിരുന്നില്ല.

ലോകസിനിമയിലേയും ഇന്ത്യന്‍ സിനിമയിലേയും മികച്ച ക്ലാസിക്കുകള്‍ പൂന ആര്‍ക്കൈവ്സില്‍ എത്തിക്കുകയും ആ പ്രിന്‍റ് സംരക്ഷിക്കുകയും മറ്റൊരെണ്ണം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും ഫിലിംസൊസൈറ്റികള്‍ക്കും പ്രദര്‍ശനത്തിനായി വിട്ടുകൊടുക്കുകയും ,ആ സിനിമകളെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഇന്ത്യയില്‍ ഒരു ബദല്‍ ചലച്ചിത്രസംസ്കാരം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം തന്‍റെ പങ്കുവഹിച്ചത്.പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനങ്ങള്‍ക്കിടയില്‍ ഫിലിം ആര്‍ക്കൈവ്സിലെ സിനിമകള്‍ തുടര്‍ച്ചയായി കാണുന്നതിനും ഓരോ സിനിമകളെക്കുറിച്ചുമുള്ള രാഷ്ട്രീയ -സാംസ്കാരിക -സൗന്ദര്യശാസ്ത്രനിരീക്ഷണങ്ങള്‍ പി കെ നായരില്‍ നിന്ന് ലഭിക്കുന്നതിനും അവസരം ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പലരും പില്‍ക്കാലത്ത് സിനിമയുടെ വിവിധരംഗങ്ങളില്‍ മികവ് പ്രകടിപ്പിച്ചുകൊണ്ട് തങ്ങളുടെ സാന്നിധ്യമുറപ്പിക്കുകയും ചെയ്തപ്പോഴും അവരില്‍ പലരും അദ്ദേഹത്തെ ആദരവോടെ സ്വന്തം ഗുരുസ്ഥാനീയനായി സ്നേഹിച്ചിരുന്നത് എത്രയോ തവണ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ ചിലരെങ്കിലും ഉയരങ്ങളിൽ നിന്ന് അദ്ദേഹത്തോട് നിന്ദാപൂർവ്വം പെരുമാറുകയും അവഗണിക്കുകയും ചെയ്തതി ന്  എന്നെപ്പോലെ പലരും സാക്ഷിയായിട്ടുണ്ട്. ഇത് വേദനിപ്പിക്കുന്ന ഒരു സത്യം. എത്രയോ ചലച്ചിത്രകാരന്മാരുടെ ആദ്യകാലസിനിമകളെ അദ്ദേഹം തന്റെ ബന്ധങ്ങളുപയോഗിച്ചു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫിലിം സൊസൈറ്റികൾക്കും നിരൂപകർക്കും അക്കാദമിക് പണ്ഡിതന്മാർക്കും പരിചയപ്പെടുത്തിയിട്ടുണ്ടെന്നത് അവർ സൗകര്യപൂർവ്വം മറന്നാലും ചരിത്രം മറക്കില്ല.

ഇന്നത്തെപ്പോലെ ഡിജിറ്റൽ സാങ്കേതികവിപ്ളവത്തിന്റെ സാധ്യതകൾ ഏറെ ജനകീയവും പ്രാപ്യവുമല്ലാതിരുന്ന പഴയ കാലത്ത് ലോകത്തിന്റെ ഏത് കോണിലും നടക്കുന്ന നൂതന ചലച്ചിത്ര പരീക്ഷണങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും വേണ്ടി കഴിയുന്നത്ര സിനിമകളുടെ പ്രിന്റുകൾ ആർക്കൈവ്സിൽ എത്തിക്കാനായി അദ്ദേഹം പുലർത്തിയ ശുഷ്കാന്തിയും പ്രതിബദ്ധതയും ഒരു രാജ്യം ആദരവോടെയും നന്ദിയോടെയും ഓർമ്മിക്കേണ്ടതുണ്ട്‌. പണ്ട് നിലനിന്നിരുന്ന ഫിലിം ഇറക്കുമതി നിയമങ്ങളുടെ നൂലാമാലകൾ മറികടക്കാൻ നായര് സാർ സ്വീകരിച്ചിട്ടുള്ള കുറുക്കുവഴികളും വളഞ്ഞ വഴികളും എല്ലാ അർത്ഥത്തിലും പ്രണയിനിയെ സ്വന്തമാക്കാൻ ഒരു കാമുകൻ സ്വീകരിക്കുന്ന വഴികളെ ഒര്മ്മിപ്പിക്കും . ചില ഫിലിം ഫെസ്റ്റിവലുകളിലും ഫിലിം ആര്ക്കൈവ്സുകളിലും സഞ്ചരിച്ചു തിരിച്ചു വരുമ്പോൾ ചില പ്രിന്റുകൾ പെട്ടിയിലെ വസ്ത്രങ്ങൾക്കിടയിലും ശരീരത്തിലുമൊക്കെ ഒളിപ്പിച്ചു കടത്തിയ കഥകളൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട് . ചില ലോകപ്രശസ്ത ഹ്രസ്വ ചിത്രങ്ങളും ചില ക്ലാസിക്കുകളും അങ്ങനെ പലതവണയായി കള്ളക്കടത്തുകാരന്റെ സൂക്ഷ്മതയോടെ അദ്ദേഹം ആ ര്കൈവ്സിലേക്ക് കൊണ്ടുവന്നിട്ടുണ്ട് . അങ്ങനെയാണ് നമ്മൾ പല സിനിമകളും കണ്ടത് .zilfhlselh-1457080278

ഫിലിം സൊസൈറ്റിപ്രവര്ത്തകരും ചലച്ചിത്ര വിദ്യാർത്ഥികളും അത്തരത്തിൽ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു .അദ്ദേഹം സിനിമകൾ ശേഖരിച്ചു സൂക്ഷിക്കുക മാത്രമല്ല ചെയ്തത് . സിനിമ കേവല വിനോദോപാധി മാത്രമല്ലെന്നും , മാനവികതയെ ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യ മാറ്റത്തിനുള്ള ശക്തമായ ആയുധമാണെന്നുമുള്ള തിരിച്ചറിവാണ് അദ്ദേഹത്തെ നയിച്ചത് . നല്ല മനുഷ്യരെയും നല്ല സമൂഹത്തെയും രൂപപ്പെടുത്തുന്നതിൽ കാഴ്ചയുടെ ആരോഗ്യകരമായ സംസ്കാരത്തിന് വളരെ പ്രാധാന്യമുള്ളതുകൊണ്ട് , നല്ല സിനിമാസ്വാദനതിന്റെ പരിശീലന കളരികളും നല്ല സിനിമകളുണ്ടാവുന്നതിന്റെ ഒപ്പം വേണ്ടതുണ്ടെന്നു അദ്ദേഹം തിരിച്ചറിഞ്ഞു .അങ്ങിനെയാണ് പൂന ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ  , അദ്ദേഹത്തിന്റെയും പ്രൊഫ . സതീഷ് ബഹദൂറിന്റെയും നേതൃത്വത്തിൽ ഹ്രസ്വകാല ചലച്ചിത്ര ആസ്വാദന ക്ലാസ്സുകൾ എല്ലാവര്ഷവും നടത്താനാരംഭിച്ചത് . കൂടാതെ അതിന്റെ ചെറുപതിപ്പുകൾ ഇന്ത്യയുടെ പലഭാഗങ്ങളിലും ഫിലിംസൊസൈറ്റികളുടെ സഹകരണത്തോടെ നടത്തിയിരുന്നു .

പക്ഷെ ഈ മനുഷ്യനെ കേരളവും ഇന്ത്യയും വേണ്ടവിധത്തിൽ ആദരിച്ചില്ലെന്ന് വേദനയോടെയും കുറ്റബോധത്തോടെയും നാം ഓർമ്മിക്കേണ്ടതുണ്ട്‌. അനർഹ​രായ ​ ആളുകൾക്ക് വേണ്ടി പത്മശ്രീയും മറ്റു പത്മ ബഹുമതികളും ചരടുവലികൊണ്ടും കൈക്കൂലികൊണ്ടും വാരിക്കൊടുക്കുമ്പോഴും പി കെ നായർക്കുവേണ്ടി അങ്ങനെ ഒരു പുരസ്കാരം എത്തിയതെ ഇല്ല. സിനിമയ്ക്ക്‌ വേണ്ടി നൽകുന്ന സമഗ്ര സംഭാവനകൾ കണക്കിലെടുത്തുകൊണ്ടുള്ള ദാദാസാഹെബ് ഫാൽക്കെ പുരസ്കാരവും നായർസാറിനു ലഭിച്ചില്ല. ഒരുപക്ഷെ ഫാൽക്കേയുടെ സിനിമ കണ്ടെത്തി സൂക്ഷിച്ച അദ്ദേഹത്തിന് തന്നെയായിരിക്കണമായിരുന്നു വളരെ നേരത്തേ തന്നെ ഈ പുരസ്ക്കാരം നൽകേണ്ടിയിരുന്നത്. കേരളത്തിലെ സർക്കാർ നൽകുന്ന ജെ. സി ദാനിയേൽ പുരസ്ക്കാരവും ഇദ്ദേഹത്തിനു ലഭിക്കാതെ പോയി. കെ ആർ മോഹനൻ ചെയർമാനും ഈ ലേഖകൻ വൈസ്ചെയർമാനും ആയി ചലച്ചിത്ര അക്കാദമി പ്രവർത്തിച്ച സമയങ്ങളിൽ അദ്ദേഹത്തിന്റെ പേര് ഞങ്ങൾ തീരുമാനമെടുക്കേണ്ട കമ്മിറ്റികളുടെ മുന്നിലേയ്ക്ക് കൊണ്ടുവന്നിട്ടും എന്തൊക്കെയോ കാരണങ്ങളാൽ അത് നടക്കാതെ പോയതിന്റെ അനുഭവവും വേദനയും ഓർമ്മകളിലുണ്ട്.

മാർത്താണ്ഡവർമ്മ  എന്ന മലയാളത്തിന്റെ രണ്ടാമത്തെ സിനിമ കണ്ടെടുത്തു സൂക്ഷിച്ച മനുഷ്യനും പല കമ്മിറ്റികളിലും ഇരുന്നു തീരുമാനമെടുക്കാൻ നിയോഗിക്കപ്പെട്ടിരുന്ന ചലച്ചിത്രകാരന്മാരുടെ സിനിമകളെ ലോകത്തിനു പരിചയപെടുത്തിക്കൊടുക്കുന്നതിൽ പങ്കു വഹിച്ച ചലച്ചിത്രസ്നേഹിയും എന്ന പരിഗണന കൊണ്ടെങ്കിലും അദ്ദേഹത്തിന് ആ അവാർഡ്‌ ലഭിക്കേണ്ടതായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

കേരളത്തിലെ ഫിലിം ഫെസ്റ്റിവലുകൾക്ക് ഒരു രൂപരേഖയും അടിത്തറയും ഉണ്ടാക്കുന്നതിൽ ആദ്യകാലങ്ങളിൽ പി കെ നായർ വഹിച്ച പങ്ക് ആർക്കു മറക്കാനാവും. സിഡിറ്റിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യം നടന്ന ഐ വി ഫെസ്റ്റിന്റെ ഡയറക്ടർ പി കെ നായരായിരുന്നു. പിന്നീട് IFFK ആരംഭിക്കുമ്പോൾ അതിന്റെ ഡയറക്ടർ ആയിരുന്നു. ഫിലിം ആർക്കൈവ്സ്നെയും മറ്റു ഏജൻസികളെയും ആശ്രയിച്ചാണ് ആദ്യ ഫെസ്റ്റിവൽ നടന്നത്. ഫിലിം ഫെസ്റ്റിവലുകളിലെ നിത്യ സാന്നിധ്യമായിരുന്നു എന്നും അദ്ദേഹം. എന്റെ ഓർമ്മയിൽ അദ്ദേഹം എത്താതിരുന്ന രണ്ടു ഫെസ്റ്റിവലുകൾ കഴിഞ്ഞ വർഷത്തെ ഗോവ ഫെസ്റ്റിവലും തിരുവനന്തപുരം ഫെസ്റ്റിവലുമായിരുന്നു. സഞ്ചരിക്കാൻ കഴിയാത്തത്ര ക്ഷീണിതനായിരുന്നു അദ്ദേഹം. കുറേ വർഷങ്ങളായി അദ്ദേഹത്തെ ഫിലിം ഫെസ്റ്റിവലിൽ കാണുന്നത്, ഒന്നുകിൽ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ അല്ലെങ്കിൽ വീൽചെയറിൽ ഒരു സഹായിയ്ക്കൊപ്പം. അപ്പോഴും ഇരുട്ടിൽ ഒരു ചെറിയ ടോർച്ചും ഒരു ഡയറിയുമായി ഇരുന്ന് സിനിമകൾക്കിടയിൽ കുറിപ്പുകളെടുക്കുന്ന പി.കെ.നായരെ എല്ലാവരും അത്ഭുതത്തോടെയും ആദരവോടെയുമാണ് കണ്ടിരുന്നത്.

CcsfBylWEAQFlcY

ഏറ്റവും അവസാനമായി വേദനയോടെ ,നിരാശയോടെ, കുറ്റബോധത്തോടെ ഫിലിം സൊസൈറ്റിഫെഡറേഷൻ കേരള ഘടകത്തിന്റെ അനുഭവം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സുവർണജൂബിലി ആഘോഷിച്ച കഴിഞ്ഞ വർഷം പി.കെ നായരെ ആദരിച്ചുകൊണ്ട് സത്യജിത് റായിയുടെ പേരിൽ ഒരു അവാർഡ് നൽകണമെന്നും അതിനായി ഒരു പ്രത്യേക പരിപാടി ഒരുക്കണമെന്നും അദ്ദേഹത്തെ ക്ഷണിക്കണമെന്നും തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന് പൂനയിൽ നിന്ന് വരാൻ സൗകര്യമുള്ള സമയം തീരുമാനിച്ച് പുരസ്കാര സമർപ്പണം നടത്താനാണ് നിശ്ചയിച്ചത്.അദ്ദേഹം തന്നെ നിശ്ചയിച്ച ഓരോ തീയതിയും സ്ഥലവും അദ്ദേഹത്തിന്റെ തന്നെ അസൗകര്യവും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും കാരണം മാറ്റി വയ്ക്കേണ്ടി വന്നു. ഏറണാകുളത്തും തിരുവനന്തപുരത്തുമൊക്കെ അദ്ദേഹത്തിന്റെ സൗകര്യാർത്ഥം ഞങ്ങൾ പരിഗണിച്ചു.തിരുവനന്തപുരം ചലച്ചിത്രമേളയിൽ എന്താണെങ്കിലും എത്തുമെന്ന് അറിയിച്ചു. പരിപാടിയുടെ സ്ഥലവും തീയതിയും തീരുമാനിച്ചതിന് ശേഷം അവാർഡ് വാർത്ത അനൗൺസ് ചെയ്താൽ മതിയെന്ന് അദ്ദേഹവും കമ്മിറ്റിയും തീരുമാനിച്ചതുകൊണ്ട് ആ തീരുമാനം ആരുമറിഞ്ഞുമില്ല. അടുത്ത മാസം മുതൽ തിരുവനന്തപുരത്തേക്ക് സ്ഥിരതാമസത്തിനായി വരുന്നുവെന്നും ഒരിക്കൽ പറഞ്ഞു. ഒന്നും നടന്നില്ല. അദ്ദേഹത്തിന് ഒരിക്കലും ലഭിക്കാതെ പോയ പുരസ്കാരങ്ങൾക്കൊപ്പം ഇതും ഒരു വേദനയായി അവശേഷിക്കുന്നു. ഇപ്പോഴെനിക്ക് തോന്നുന്നു, അദ്ദേഹത്തിന്റെ ജീവിതം പുരസ്കാരങ്ങൾക്കും അവഗണനകൾക്കുമപ്പുറമായിരുന്നു സഞ്ചരിച്ചതെന്ന്. അദ്ദേഹം ഒന്നിനും ആരോടും പരാതി പറഞ്ഞില്ല. അദ്ദേഹം കൈ പിടിച്ചുയർത്തിക്കൊണ്ട് വന്ന കീഴുദ്യോഗസ്ഥൻമാരും ചലച്ചിത്രകാരന്മാരും അദ്ദേഹത്തെ മറക്കാൻ എത്ര ശ്രമിച്ചാലും ഇന്ത്യൻ ചലച്ചിത്ര ലോകം ആ മനുഷ്യനെ ആദരവോടെ സ്നേഹത്തോടെ ഓർമ്മിക്കും.

Comments

comments