രാജ്യത്തിന്റെ
പല കോണുകളിലായി
ചിതറിക്കിടക്കുന്നവരിൽ ചിലർ
ഒരു രാത്രിയിൽ
ഒരേ ദുസ്വപ്നം കണ്ട് ഞെട്ടിയുണർന്നു
ഉന്നതങ്ങളിൽ കനക്കുന്ന ഭീതിദമൗനം
ഉരുണ്ടുകൂടിയിറങ്ങി
ദേശത്തെയാകെ മൂടിയതായിരുന്നു
തുടക്കം…

പിന്നീട്…
പാഴ്നിലങ്ങളിൽ നുരച്ചിരുന്ന
പരാന്നജീവികളിൽ
തേറ്റയും വാലും കിളിർക്കുന്നുവെന്നും
അവറ്റ മദോന്മത്തരായി ഓരിയിട്ടുകൊണ്ട്
നരവേട്ടയ്ക്കായിറങ്ങുന്നുവെന്നും…

ആവേളയിൽ,
ചെറുപുഴുപ്പറ്റങ്ങളുടെ
നാവിൻതുമ്പ് രണ്ടായിപ്പിളർന്ന്
വിഷമിറ്റിത്തുടങ്ങിയെന്നും…
തുടർന്ന്,
കയ്യ് – കാൽ കൂട്ടിക്കെട്ടിയ മനുഷ്യരെ
അറവുശാലയിലേക്കെറിയുന്നുവെന്നും
അവിടെനിന്നും
നാൽക്കാലികളിറങ്ങിവന്ന്
ഇരുകാലിന്മേലുയർന്ന്
കിരീടം ചൂടി നൃത്തം ചെയ്യുന്നുവെന്നും.

തുടർക്കാഴ്ചയിൽ…
ചിത്രശാലകളിലും ഗ്രന്ഥപ്പുരകളിലും
സംഗീതസഭകളിലും
ചത്തമനുഷ്യർ നിരന്നിരിക്കുന്നുവെന്നും
മുഖമില്ലാത്ത ചിലർ
വേദിയിലിരുന്ന്
അവരെ വിനോദിപ്പിക്കുന്നുവെന്നും…

ഭയന്നുറക്കെ
വിളിക്കാനും പറയാനും തുടങ്ങവേ,
ആരോ
വിദ്വേഷാഗ്നിയിലെറിഞ്ഞ്
വികലമായ്ത്തീർത്ത വാക്കുകൾ
കപാലചിഹ്നം പേറുന്ന
കനൽക്കോപ്പകളായി മാറുന്നുവെന്നും

ഓടിക്കിതച്ചൊളിക്കാൻ തുടങ്ങവേ
പുലിവരുന്നെന്ന് പരുവപ്പെടുത്തി
ഒപ്പം നടത്തിയ രക്ഷകൻ
താനേ പുലിയായ് മാറി
നേരേ മുന്നിലായ് ചാടിവീഴുന്നുവെന്നുമൊക്കെ
ചില വെളിപാടുകൾ,
അവസാനിക്കില്ലെന്ന് തോന്നിയ ആ രാത്രിയിൽ,
അവർക്ക്
പുലർന്നുകൊണ്ടേയിരുന്നു…

തമ്മിലറിയാത്ത അവർക്ക്
പൊതുവായി ഒന്നേയുണ്ടായിരുന്നുള്ളൂ
വായുവിൽ പടരുന്ന രക്തക്കറ
സ്ഥലകാലങ്ങൾക്കപ്പുറവും നിന്ന്, അവർക്ക്
മണത്തറിയാനാകുമായിരുന്നു.

അപ്പോഴും
സ്വർണ്ണംമേഞ്ഞ കൊട്ടാരം തുറന്നുതരാമെന്ന്
വാഗ്ദാനം ചെയ്ത്
ആകാശമാർഗ്ഗേ അപ്രത്യക്ഷനായ തമ്പുരാന്റെ
മെതിയടിപ്പൂക്കൾ സ്വപ്നം കണ്ടുകൊണ്ട്
ഇനിയും കുറേപേർ
സുഖനിദ്രയിലായിരുന്നു.

Comments

comments