വാടിയ തെരുവുകള്‍ 
കാല്ച്ചുവട്ടിലൂടെ 
ഒഴുകിയ 
ഒരു വൈകുന്നേരം 
നഗ്നരായ രണ്ടു കാപ്പിരി
പ്രണയികളെയാണ് 
ആകാശം വരച്ചിട്ടത്. 
കെട്ടു പിണഞ്ഞ 
കറുത്തു ചുരുണ്ട മുടിയിഴകള്‍ 
ഉടുപ്പുകളില്ലാത്ത 
ശരീരങ്ങളില്‍ ഇഴഞ്ഞഴിഞ്ഞു.

ഏതോ ചില്ലകളില്‍ 
നിന്നൂര്‍ന്നു പറന്നൊരു കാറ്റ് 
തണുത്ത രണ്ടു ചിറകുകള്‍ 
കുന്നിന്‍ ചെരുവിലെ 
രണ്ടുപേരില്‍ തുന്നി വെക്കുന്നു.
ഒരേ വന്‍കരയിലെ രണ്ടു ദേശക്കാരായ
ജനതയുടെ വിശക്കുന്ന
പ്രതീകങ്ങളായിരുന്നവര്‍.
 

അവന്‍ .
ചിത്രകാരനായ ചെറുപ്പക്കാരന്‍ 
കൽക്കരി പാടങ്ങളിലെ 
വെയിലുകളെ വരച്ച് 
അടിമകളെ ചിരിപ്പിച്ചവന്‍
പൊള്ളിയടര്‍ന്ന വയലുകളില്‍ 
ജമന്തി വിത്തുകള്‍ വിതറി 
വസന്തങ്ങളെ നട്ടെടുത്ത 
ദേശാടനക്കാരനായ പ്രാചീന നഗരവാസി.
പട്ടിണിയുടെ അരക്കെട്ട് വരച്ചതിനു 
ജനത്തെ വിട്ടു ഓടിപോകാന്‍ 
മാലഖമാരാല്‍ കല്പ്പിക്കപെട്ടവന്‍.
 

അവള്‍ ,
ഓർമ്മകളുടെ ഖനി തൊഴിലാളി 
കുഴിച്ചെടുത്ത വേദനകള്‍ 
പുകയില കൊണ്ട് 
കണ്ണുപുകച്ചിരിക്കുന്നവള്‍ 
സ്വന്തം മണം തേടി
വീട് പണിത 
ഓരോ മുറിയിലും കടന്നുചെല്ലുന്ന
പര്യവേഷക.
ഉടലില്‍ മാത്രം ഉരസി പോകുന്ന
പൂക്കളുടെ ബാക്കിയായ
മുള്ളുകള്‍ തറച്ച ഉള്ളുള്ളവള്‍
അരക്കൂടില്‍ വളര്‍ന്ന
തേനീച്ച കൂട്ടില്‍
ഇനിയും കടന്നുവരാത്ത 
ഒരുറുമ്പിനെ കാത്തിരിക്കുന്നവള്‍.

 

അവര്‍ രണ്ടുപേരും

കാപ്പിരിരൂപങ്ങളെ
ആകാശത്ത് നിന്നും അഴിച്ചെടുക്കുന്നു
മേഘങ്ങള്‍ നിലാവിലേക്ക്
നേര്‍ത്തുപോകുന്ന നിമിഷത്തില്‍ 
കണ്ണുകളില്‍ തിരഞ്ഞു മുങ്ങുന്നു.
 

അവളുടെ ചുണ്ടുകളില്‍

അവനൊരു ചിത്രംവരയ്ക്കുന്നു.
അവളുടെ പെരുവിരല്‍ ഭൂമിയെ
തൂവലിനെപോലെ ഉയര്‍ത്തുന്നു.
അവനൊരു മുയല്‍കൂടാവുന്നു.

ഉടലുകളോട് കണ്ണിന്റെ 
കൊളുത്തുകള്‍ സംസാരിക്കുന്ന
ദേശത്ത് നിന്നും വിലാപ യാത്ര ചെയ്തവള്‍
ദേശങ്ങളുടെ പാട്ടുകള്‍ പാടുന്ന
നാടോടി ചെറുപ്പക്കാരന് 
തന്റെ തേനീച്ചക്കൂട് കാണിക്കുന്നു
കപ്പല്‍ കൊള്ളക്കാരന്റെ വിരുതില്‍ 
അവന്റെ വസന്തങ്ങളില്‍ മധുരം നിറയുന്നു.

 

നാല്‍പ്പത്തി രണ്ടാം വയസ്സിലും 
അവളുടെ മുലഞെട്ടുകള്‍
ഏറ്റവും മൃദുവാകുകയും 
അവന്റെ മുഖത്തു പുരാതന ചിത്രങ്ങള്‍
വരച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

Comments

comments