രാഷ്ട്രീയം എന്നത് വിശകലനങ്ങളുടെ കലയാണ്‌. പല സർഗാത്മക വ്യാപാരങ്ങളിൽ നിന്നും മുഖ്യപ്രശ്നങ്ങളെ വേൽതിരിച്ച് എടുക്കുന്ന കല. നല്ല രാഷ്ട്രീയ നേതാക്കൾ ആണെങ്കിൽ അവർ പ്രശ്നങ്ങൾ മാത്രമല്ല, അതിനുള്ള പരിഹാരങ്ങളും കണ്ടെത്തും. അവർ മഹത്തുക്കളായി ചരിത്രത്തിൽ സ്ഥാപിക്കപ്പെടുകയും ചെയ്യും. പക്ഷേ, ഒരു പ്രശ്നവും ശാശ്വതം അല്ലാത്തതുപോലെ ഒരു പരിഹാരവും ശാശ്വതമല്ലല്ലോ. എങ്കിലും സാവധാനത്തിൽ ആ നേതാക്കളും ചരിത്രത്തിന്‍റെ ഭാഗമായി മാറും. ചിലർക്ക് ദേവീ ദേവന്മാർ ആയി സ്ഥാനക്കയറ്റം കിട്ടും. ചിലർ കാക്ക കാഷ്ടിക്കുന്ന കൽപ്രതിമകളായി നടുറോട്ടിൽ നില്‍ക്കും. മുൻ മന്ത്രിമാർക്കോ എം.എൽ .എ മാർക്കോ ആ ഭാഗ്യം പോലും ലഭിക്കണമെന്നില്ല. അവരിൽ പലരും നിഷ്കരുണം വിസ്മരിക്കപ്പെടും.

എന്നിട്ടും എം.എൽ .എ ആകാനാണ് ഇപ്പോൾ ഇടി മുഴുവൻ. അച്ഛൻ മരിച്ചിട്ടും തിരിഞ്ഞുനോക്കാതിരുന്ന സിനിമാക്കാരൻ, അമ്മ മരിച്ചിട്ടും തിരിഞ്ഞുനോക്കാതിരുന്ന കവി, അവരുടെ പിന്നാലെയെല്ലാം രാഷ്ട്രീയ നേതാക്കളുണ്ട്. അവരൊക്കെ മത്സരിക്കുമോ എന്ന്‍ എനിക്ക് അറിയില്ല. എം.എൽ .എ ആകാനാണ് ഇപ്പോഴുള്ള ഇടി മുഴുവൻ സ്വന്തം പ്രതിഭ തെളിയിക്കാൻ കഴിവുള്ള രംഗം ഉപേക്ഷിച്ച് അവർ മത്സരിക്കാൻ ഇറങ്ങിയാലും ഞാൻ അത്ഭുതപ്പെടുകയുമില്ല. എങ്കിലും നിയമ സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുന്നchembai ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ച് എനിക്ക് ആലോചിക്കാനേ വയ്യ. ചെമ്പൈയുടെ കാലമൊക്ക കഴിഞ്ഞു പോയില്ലേ എന്നു ചോദിച്ചാൽ അതു ശരിയുമാണ്. പക്ഷേ, ഇപ്പോഴും തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിൽ ഏറ്റവും കൂടുതൽ അംഗീകാരമുള്ളത് സിനിമാ സംഗീത സംവിധായകൻ എം.കെ.അർജ്ജുനൻ മാസ്റ്റർക്കാണ്. ആളൊരു ശുദ്ധമനുഷ്യൻ. ഉപകാരി. വെറുതെ നിന്നാലും ആളുകൾ കാലിൽ തൊട്ടു നമസ്കരിക്കും. പക്ഷേ, മത്സരിക്കാൻ m k arjunanആരെങ്കിലും അദ്ദേഹത്തെ നിർബന്ധിക്കുമോ? ഇല്ല. നിർബന്ധിച്ചാൽ അദ്ദേഹം മത്സരിക്കുകയും ഇല്ല. മത്സരിച്ചാൽ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി അവഗണിച്ചും നാട്ടുകാർ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിക്കുമെന്ന കാര്യം ഉറപ്പ്. എങ്കിലും അതു തന്‍റെ കർമ്മ രംഗം അല്ല എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

അപ്പോൾ, സ്വന്തം കർമ്മരംഗത്തെക്കുറിച്ച് വലിയ പിടിപാടൊന്നും ഇല്ലാത്ത കലാകാരന്മാർ ആയിരിക്കുമോ മത്സരിക്കുന്നത്? മറ്റുള്ളവരെ മത്സരിക്കാൻ പിരിമൂപ്പിക്കുമെന്നല്ലാതെ മമ്മൂട്ടിയും മോഹൻലാലും മത്സരിക്കാൻ ഇറങ്ങുന്നത് കാണാറില്ലല്ലോ!

അതൊക്കെ പോട്ടെ. അവർക്ക് ജീവിക്കാൻ എന്തെങ്കിലും തൊഴിൽ അറിയാമല്ലോ. പക്ഷേ, രാഷ്ട്രീയ തൊഴിലാളികളുടെ കാര്യമാണ് കഷ്ടം. അവരിൽ പലർക്കും ഇതല്ലാതെ മറ്റൊരു തൊഴിലും അറിയില്ല. പലരുടേയും കയ്യിൽ ആകെ ഉള്ളത് ഒരു നിയമ ബിരുദം മാത്രമാണ്. പക്ഷേ, അവർ മോശം വക്കീൽ ആണെന്ന് ഞാൻ പറയില്ല. അവർ കോടതിയിൽ പോയതായി എന്തെങ്കിലും രേഖ ഉണ്ടെങ്കിൽ മാത്രമല്ലേ, അങ്ങനെ പറയാൻ പറ്റൂ!

പക്ഷേ, അവരുടേയും യഥാർത്ഥ പ്രശ്നം തൊഴിലില്ലായ്മയാണ്. മുതിർന്നവർ മാറണമെന്ന് മുതിരാത്തവർ! മുതിർന്നവർ ഒട്ടു മാറുകയുമില്ല. തങ്ങൾ നിയമസഭയിൽ ഓടു പൊളിച്ചു കയറിയതല്ലെന്നാണ് അവരുടെ വാദം. അതു ശരിയുമാണ്.

പിന്നെന്താണ് ഒരു പരിഹാരം?

എത്ര തവണ വേണമെങ്കിലും എം.എൽ .എ ആകാം. പക്ഷേ, മൂന്നു തവണ മാത്രമേ ആനുകൂല്യങ്ങളും പെൻഷനും നല്‍കൂ എന്നു നിയമം ഭേദഗതി ചെയ്താലോ? അപ്പോൾ തിരക്കു കുറയുമോ? കാറും പത്രാസും പെൻഷനും കിട്ടില്ലെന്ന് വന്നാൽ അച്യുതാനന്ദൻ പോലും മത്സരത്തിൽ നിന്നു പിന്മാറും. അദ്ദേഹം ഒരു അഴിമതിക്കാരനൊന്നും അല്ലല്ലോ.

ഇനിയാണ് എല്ലാ പാർട്ടികളിലും ഉള്ള യുവതുർക്കികളുടെ പ്രശ്നം. പഴയ തലമുറ നേതാക്കളെപ്പോലെ അവർ കഷ്ടപ്പെടാൻ തയ്യാറല്ല. ചുളിയാത്ത വേഷവും കൃത്രിമ ചിരിയുമാണ് ആകെ കൈവശമുള്ളത്. ലോക്കൽ ചാനലുകൾ ഉൾപ്പെടെയുള്ള ചാനലുകളിലാണ് അവരുടെ നിതാന്ത ഭജന. ആരു പ്രസാദിക്കാനാണ്! ഇനി റിമോട്ട് ഇല്ലാത്ത ടെലിവിഷൻ വന്നാലേ അവർ രക്ഷപ്പെടൂ!

ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് എല്ലുറപ്പു നേടിയ നേതാക്കൾ ഏതു പ്രതിസന്ധിയിലും വിജയിക്കും. അവർ നേതാക്കളുടെ പെട്ടിചുമട്ടുകാരായാലും വേണ്ടില്ല, സാധാരണക്കാർക്ക് വേണ്ടി ഈ വേനലിലും ഇറങ്ങി പ്രവർത്തിക്കുന്നവർ ആയിരിക്കണം. എന്‍റെ വീടിരിക്കുന്ന വാർഡിൽ, കൊച്ചിൻ കോർപറേഷൻ കൌൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട ഗീതയുടെ കാര്യം കേൾക്കുക. ആ പെൺകുട്ടിയുടെ അച്ഛൻ പരേതനായ പ്രഭാകരൻ ചേട്ടൻ. എന്‍റെ കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് പോലീസ് മർദ്ദനമേറ്റ് അദ്ദേഹത്തിന്‍റെ നടു തകർന്നതാണ്. നാട്ടുകാർ അതുകൊണ്ട്, അദ്ദേഹത്തെ രഹസ്യമായി ഞെളിയൻ പ്രഭാകരൻ എന്നു വിളിച്ചു. മഹാത്മാ ഗാന്ധി കൈവിഷം കൊടുത്തതുപോലെ ആ കുടുംബം എക്കാലവും കോൺഗ്രസ്സ് ആണ്. മകൾ ഗീതയും അങ്ങനെ തന്നെ. പക്ഷേ, ഇത്തവണ കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി ഗീതക്ക് സീറ്റ് കൊടുത്തില്ല. അല്ല, ഇതിനുമുമ്പും കോൺഗ്രസ് പാർട്ടി ആ കോൺഗ്രസ് കുടുംബത്തിൽ ഒരാൾക്കും സീറ്റ് നല്‍കിയിട്ടില്ല. കാരണം വളരെ ലളിതം. അവർ കണിയാൻ സമുദായം ആണ്. ആ സമുദായത്തിന് ഇവിടെ അമ്പത് വോട്ടു പോലുമില്ല! അതുകൊണ്ട് കോൺഗ്രസ്സുകാർ ഇവിടത്തെ പ്രബല സമുദായം ആയ ലത്തീൻ കത്തോലിക്കാ സമുദായത്തിൽ നിന്ന്‍ സ്ഥാനാർഥിയെ കണ്ടെത്തി. മാർക്സിസ്റ്റ്‌കാരും വെറുതെ ഇരുന്നില്ല. അവർ വാർഡിൽ, ലത്തീൻ സമുദായത്തേക്കാൾ കൂടുതൾ വോട്ടുള്ള ഈഴവ സമുദായത്തിൽ നിന്ന്‍ സ്ഥാനാർഥിയെ കണ്ടെത്തി! പക്ഷേ, തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഗീതയെ നാട്ടുകാർ വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചു! കോൺഗ്രസും മാർക്സിസ്റ്റും ബി.ജെ.പി.യും ഈ വാർഡിൽ ഷെഡിൽ കയറി. ജാതിയും മതവുമല്ല നാട്ടുകാർക്ക് വേണ്ടത് നല്ല സ്ഥാനാർത്ഥികളെ നമ്മൾ ഫേസ് ബുക്കില്‍ വായിക്കുന്ന അത്രയും വർഗീയത നാട്ടിൽ നിലനിൽക്കുന്നില്ലെന്നും നല്ല സ്ഥാനാർത്ഥിയെ കിട്ടിയാൽ ആളുകൾ ജാതിയും മതവും മാറ്റിവെച്ച് വോട്ടു ചെയ്യുമെന്നും എനിക്ക് മനസിലായി.

ഭാഷ, ജാതി, മതം തുടങ്ങിയ തലവേദനകൾ പണ്ടുകാലം മുതൽക്ക് നമുക്കുണ്ട്. അതിന്  ഉപരിയായൊരു ബഹുസ്വര സമൂഹത്തെ രൂപപ്പെടുത്തേണ്ടത് ആവശ്യവും ആണ്. പക്ഷേ, അതു മാത്രമല്ല ഇന്നത്തെ പ്രശ്നം. ദേശീയതയും ആഗോളവത്കരണ സാമ്പത്തിക അജണ്ടകളും എങ്ങനെ സമരസപ്പെടുത്താം എന്നതാണ് ഇന്നത്തെ പ്രശ്നം. ദേശീയതയെ മുറുകെ പിടിച്ച് ബഹുരാഷ്ട്ര കുത്തകകളുടെ പിന്നാലെ പായുന്ന നരേന്ദ്ര മോഡിയും, കാറ്റാടി മരങ്ങളോടു യുദ്ധം ചെയ്യുന്ന ഡോൺ ക്വിക്സോട്ടിനെ പോലെ ഒരേ സമയം ദേശീയതയ്ക്കെതിരെയും ആഗോള സാമ്പത്തികyechury ഭീമന്മാർക്കുമെതിരെ അനുയായികളില്ലാതെ പോരാടുന്ന സീതാറാം യെച്ചൂരിയും ഇക്കാലത്തെ നല്ല ഫലിതങ്ങൾ മാത്രമാണ്. ചിഹ്നം പോലെ തന്നെ ആ പശുവും കിടാവും കാര്യങ്ങൾ നേരെയാക്കുമെന്നു പ്രതീക്ഷിക്കാൻ ന്യായം കാണുന്നുമില്ല. ഒരമ്മയും മകനും കൂടി ചരിത്രം രൂപപ്പെടുത്തിയ കഥ ഞാൻ എങ്ങും വായിച്ചിട്ടുമില്ല.

എല്ലാ വഴിവിളക്കുകളും അണയുമ്പോഴും നമുക്ക് നേർ വഴി കാണിക്കുന്ന വഴിവിളക്കുകൾ എവിടെയെങ്കിലും ഉണ്ടാകും. അതു കാണാൻ നമുക്ക് കഴിയണമെന്ന് മാത്രം. കപ്പൽച്ചേതം സംഭവിച്ച കപ്പലിന്‍റെ അവശിഷ്ടങ്ങളിൽ കഴിയുന്നവർക്കും വഴികാണിക്കാൻ എന്തെങ്കിലും ഒരു വെളിച്ചം പ്രത്യക്ഷപ്പെടാതിരിക്കില്ലല്ലോ.

Comments

comments