നല്ല സിനിമയെ പാടെ തഴഞ്ഞ ദേശീയ അവാർഡ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ സനൽകുമാർ ശശിധരൻ സംസാരിക്കുന്നു. അഭിമുഖം തയ്യാറാക്കിയത് നവമലയാളി ഓപ്പൺ ഫോറം അസോസിയേറ്റ് എഡിറ്റർ ശ്രീജിത എസ്.

ശ്രീജിത: ഇത്തവണത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തെപ്പറ്റി പൊതുവില്‍ എന്താണ് പറയാനുള്ളത്… പ്രത്യേകിച്ചും മികച്ച ചിത്രത്തെപ്പറ്റി …
സനൽകുമാർ ശശിധരൻ: പ്രതീക്ഷിക്കുന്ന കാര്യങ്ങളല്ല നടക്കുന്നത്. പൂനെ FTII- ലെ നിയമനം മുതലായവ നമ്മള്‍ കണ്ടതാണ്. അതാണ് ഈ സര്‍ക്കാരിന്‍റെ കലയേയും സംസ്കാരത്തേയും കുറിച്ചുള്ള കാഴ്ചപ്പാട്. അങ്ങനെയൊരു സര്‍ക്കാരിൽ നിന്നും ഇത്തരത്തിലൊരു നടപടിയേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അതു കൊണ്ടു തന്നെ എനിക്കതില്‍ അത്ഭുതമില്ല.

അവാര്‍ഡ് നിര്‍ണ്ണയത്തിൽ രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ട് എന്നു കരുതുന്നുണ്ടോ ?
തീര്‍ച്ചയായും അങ്ങനെ കരുതുന്നു. പക്ഷേ അത് പലരും പറയുന്നതു പോലെ മികച്ച ചിത്രം തിരഞ്ഞെടുത്ത ശേഷം പിന്നീട് അതു തിരുത്തിയെഴുതുകയല്ല. മറിച്ച് , അവാര്‍ഡ് നിര്‍ണ്ണയ ജൂറി കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകളോടു കൂടിത്തന്നെയാവും ചിത്രങ്ങളെ അവാര്‍ഡുകള്‍ക്ക് പരിഗണിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുക.

‘ഒഴിവുദിവസത്തെ കളി’ പോലെ ഒരു മികച്ച ചിത്രം അവസാന നിമിഷം ഒഴിവാക്കപ്പെട്ടത് എന്തു കൊണ്ടാവാം?
ഇത് ഞാന്‍ നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നു. ‘ഒഴിവുദിവസത്തെ കളി’ സംവദിക്കുന്ന രാഷ്ട്രീയം തന്നെയാണതിനു കാരണമായി ഞാന്‍ കരുതുന്നുത്. അത്തരമൊരു ചിത്രത്തിന് ഒരു പ്രത്യേക പരാമര്‍ശമെങ്കിലും ലഭിച്ചിരുന്നെങ്കിൽ അത് കൂടുതലാളുകൾ കാണുകയും അതിലെ രാഷ്ട്രീയം കൂടുതലാളുകളില്‍ എത്തുകയും ചെയ്യുമായിരുന്നു. ഇത്തരത്തിലൊരു ജൂറിയോ ഭരണസംവിധാനമോ അതിഷ്ടപ്പെടുന്നില്ല എന്നതും കാരണമാവാം.

മികച്ച മലയാളചിത്രം തിരഞ്ഞെടുക്കപ്പെട്ടതില്‍ അപാകതയുണ്ടെന്നു കരുതുന്നുണ്ടോ?
ഒരു പ്രത്യേകസിനിമയെപ്പറ്റി നല്ലതെന്നോ മോശമെന്നോ അഭിപ്രായം പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല.പക്ഷേ ഒരുദാഹരണം പറഞ്ഞാല്‍ , ഇത്തവണത്തെ മികച്ച പഞ്ചാബി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പോയ Chauthi koot എന്ന സിനിമയാണ്. മികച്ച സിനിമ എന്ന കാറ്റഗറിയിലേക്ക് മത്സരിക്കേണ്ട ഒരു ചിത്രത്തെ മികച്ച റീജ്യണല്‍ ചിത്രത്തിനുള്ള അവാര്‍ഡ് കൊടുത്ത് ഇകഴ്ത്തുകയും ഒരുവിധ യോഗ്യതയുമില്ലാത്ത ഒരു ചിത്രത്തിന് ദേശീയ അവാര്‍ഡ് നല്‍കുകയും ചെയ്തതിൽ നിന്ന് ജൂറിയുടെ ‘മെലോഡ്രാമാറ്റിക്’ സമീപനം വ്യക്തമാവുന്നുണ്ട്.

രാഷ്ട്രീയത്തിലുപരിയായി, കലാമൂല്യമുള്ള ചിത്രങ്ങള്‍ എന്ന പഴയ സമവാക്യം മാറി പകരം കൊമേര്‍ഷ്യൽ വിജയം നേടിയ ബിഗ് ബജറ്റ് ചിത്രങ്ങളെ അവാര്‍ഡിനു പരിഗണിക്കുക എന്നൊരു പുതിയ രീതി  കണ്ടുവരുന്നതായി തോന്നുന്നുണ്ടോ?
അതിലും രാഷ്ട്രീയം തന്നെയാണുള്ളത്. ബിഗ്ബജറ്റ് ചിത്രങ്ങളിലുള്ള കുത്തക താത്പര്യങ്ങളെ സംരക്ഷിക്കുക എന്നതാണ് അതിനു പിന്നിലെ രാഷ്ട്രീയം.

രാഷ്ട്രീയസാമ്പത്തിക ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നാണോ?
രാഷ്ട്രീയസാമ്പത്തിക ഇടപെടലുകള്‍ എന്നത് പരസ്പരപൂരകങ്ങളാണ്. ഭരണസംവിധാനം തന്നെ ഇപ്പോള്‍ വിരലിലെണ്ണാവുന്ന കോര്‍പറേറ്റുകളുടെ കയ്യിലാണെന്ന് നമുക്കറിയാം. അവരുടെ രാഷ്ട്രീയ ആശയങ്ങളും അതിലടങ്ങുന്ന കുത്തകതാത്പര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

മികച്ച സിനിമാസൗഹൃദ സംസ്ഥാനം എന്നത് ഈ വര്‍ഷം പുതിയതായി ഉള്‍പ്പെടുത്തിയ ഒരു കാറ്റഗറിയാണല്ലോ.അതിനെപ്പറ്റി എന്താണ് പറയാനുള്ളത്?
മികച്ചസിനിമാസൗഹൃദ സംസ്ഥാനം എന്ന പുരസ്കാരം ഏര്‍പ്പെടുത്തുകയും അത് ഗുജറാത്തിനു ലഭിക്കുകയും ചെയ്തത് വലിയ തമാശയായിട്ടാണ് തോന്നുന്നത്.ഇതൊക്കെ വളരേ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ നടപ്പാക്കുന്ന കാര്യങ്ങളാണ്. നമ്മള്‍ തന്നെ തിരഞ്ഞെടുത്ത ഒരു ഭരണത്തിന്‍റെ കീഴില്‍ ഇതുപോലുള്ള കാര്യങ്ങളെ പ്രതിരോധിക്കാന്‍ അവയെ തുറന്നു കാട്ടുക എന്നതേയുള്ളൂ മാര്‍ഗ്ഗം.

ചില പ്രത്യേകരാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കുക വഴി സിനിമയും സാഹിത്യവുമൊക്കെ ഇന്ന രീതിയിലാവണം അല്ലെങ്കില്‍ ഇത്തരം പ്രമേയങ്ങളുടെ ചട്ടക്കൂടിലൊതുങ്ങണം  എന്നൊരു മെസേജ് കൊടുക്കുകയാണെന്ന് കരുതാമോ?
അതെ. അവാര്‍ഡ് പ്രതീക്ഷിച്ച് സിനിമയെടുക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇനി ഇത്തരം സിനിമകളെടുക്കരുത് എന്ന മെസേജാണ് അവാര്‍ഡ് പ്രഖ്യാപനം.

വ്യക്തിപരമായി താങ്കളതിനെ എങ്ങനെ കാണുന്നു?
ഇത്തരമൊരു ജൂറിയില്‍നിന്നും അല്ലെങ്കിൽ ഇത്തരത്തിലൊരു ഭരണസംവിധാനത്തിൽ നിന്നും അവാര്‍ഡ് കിട്ടാത്തതാണ് നല്ലതെന്ന് കരുതുന്നവര്‍ക്ക് ഇത് ഇനിയും ഇത്തരത്തിലുള്ള സിനിമകളെടുക്കാനുള്ള പ്രചോദനമാണ്.

ഞാന്‍ സിനിമയെടുക്കുന്നത് നാഷണല്‍ അവാര്‍ഡിനോ സ്റ്റേറ്റ് അവാര്‍ഡിനോ വേണ്ടിയല്ല. ചിലവു കൂടിയ സിനിമയെടുത്ത് വലിയ സാമ്പത്തികബാധ്യത വരുത്തി വെക്കുമ്പോള്‍ അവാര്‍ഡ് ആഗ്രഹിക്കുകയും അത് കിട്ടിയില്ലെങ്കില്‍ നിരാശയുമുണ്ടാവും. ചിലവു കുറഞ്ഞ ഒരു ചിത്രമെടുത്തതിനാല്‍ ആ സിനിമ നല്‍കുന്ന സംതൃപ്തി തന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലുത്.

പൊതുവില്‍ മലയാളസിനിമയ്ക്ക് അവാര്‍ഡ് നിര്‍ണ്ണയത്തിൽ അര്‍ഹിച്ച പ്രാധാന്യം കിട്ടി എന്നു തോന്നുന്നുണ്ടോ?
മലയാളസിനിമയെ മാത്രമല്ല ,എല്ലാ പ്രാദേശികമായ ഘടകങ്ങളെയും തഴഞ്ഞിരിക്കുകയാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഏതു തരത്തിലുള്ള പ്രമേയങ്ങള്‍ക്കാണ്, ഏതു തരത്തില്‍ അവതരിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ഭരണഘടനയില്‍ പ്രാദേശികചലച്ചിത്ര അവാര്‍ഡുകൾ കൊടുക്കണം എന്നില്ലായിരുന്നെങ്കില്‍ അങ്ങനെയൊരു പരിഗണന പോലും ഉണ്ടാവുമായിരുന്നില്ല. ഭരണസംവിധാനങ്ങളുടെ പൊതുവായ ആശയത്തിനകത്തുള്ള സിനിമകള്‍ക്കു മാത്രമാണ് ഈ അവാര്‍ഡുകള്‍ എന്നു തന്നെ പറയാം.

ഇത്തവണത്തെ അവാര്‍ഡ് ജൂറിയെപ്പറ്റി ?
വ്യക്തിപരമായി എനിക്കാരെപ്പറ്റിയും പറയാനില്ല.രാഷ്ട്രീയമില്ലാതിരിക്കുന്നവര്‍  പോലും  ഇന്നത്തെ ഭരണസംവിധാനത്തിനു പ്രിയപ്പെട്ടവരാണ്. കൃത്യമായ രാഷ്ട്രീയമുള്ളവരേക്കാള്‍ അരാഷ്ട്രീയവാദികളെയാണ് അവര്‍ക്കാവശ്യം.

അവാര്‍ഡിനു വേണ്ടിയല്ല ഞാന്‍ സിനിമയെടുക്കുന്നതെന്നു പറയുന്ന സംവിധായകർ കുറവാണ്. പൊതുവില്‍ ഇത്തരത്തിലുള്ള അവാര്‍ഡ് പ്രഖ്യാപനങ്ങൾ പുതിയ ആളുകള്‍ക്ക് നിരാശയുണ്ടാക്കുന്നതാണോ?
ഒരുതരത്തില്‍ അതും നല്ലതാണ്.നല്ല സിനിമകളെടുക്കുകയും അത് പരിഗണിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിച്ചു സിനിമ ചെയ്യുന്നവർ അതു നിര്‍ത്തി മറ്റു വഴികള്‍ തേടട്ടെ….!

Comments

comments