നാടകം സൃഷ്ടിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയും ബഹദൂര്‍ സ്മാരക ട്രസ്ടും ചേര്‍ന്ന് “നാടകാവതരണം സംഘടിപ്പിക്കുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന്” ഇന്നിനോട് ഓര്‍മിപ്പിക്കുന്നു. ഏപ്രില്‍ 1, 2, 3 തിയതികളിൽ കൊടുങ്ങല്ലൂരില്‍ ബോയ്സ് സ്കൂൾ മൈതാനത്ത് അരങ്ങേറാനിരിക്കുന്ന ‘ഖസാക്കിന്‍റെ ഇതിഹാസം’ നാടകത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെയും ബഹദൂര്‍ സ്മാരക ട്രസ്ടിന്റെയും നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പരിപാടികള്‍ മുഴുവൻ നാടകവേദിക്കും സാംസ്കാരികലോകത്തിനും ഉണര്‍വും ഊര്‍ജവുമാകുന്നു എന്നതില്‍ സംശയമില്ല. കൊടുങ്ങല്ലൂരിലെ മുഴുവന്‍ ജനതയും അതില്‍കൂടുതലും ആളുകൾ സംഘാടനത്തിന്റെ ഭാഗമാകുകയാണ്.

പലവിധ പ്രചരണങ്ങളില്‍ ഇതിനോടകം തന്നെ ശ്രദ്ധപ്പിടിച്ചുപറ്റിയ ഗ്രാഫിറ്റി; ചരിത്രത്തിലാദ്യമായി ഗ്രാഫിറ്റി അതിന്റെ ശരിയായ അര്‍ത്ഥത്തിൽ മലയാള നാടകവേദിയിൽ പ്രചരണത്തിനായി ഉപയോഗിക്കപെടുകയാണ്; ഒരു കലരൂപത്തിനായി മറ്റൊരു കലാരൂപം. ഖസാക്കിലെ കഥാസന്ദര്‍ഭങ്ങലും കഥാപാത്രങ്ങളും ചുമരുകളിൽ പുനര്‍ജനിച്ചത് അന്താരഷ്ട്ര തലത്തില്‍ പ്രശസ്തരായ  ടി പി പ്രേംജി, സന്തോഷ്‌ ലാൽ, ആന്റോ, വി എ സാബു, ശാന്തകുമാരി, സുധി സുബ്രഹ്മണ്യന്‍, ഡാനി മുസരിസ് തുടങ്ങിയ ആര്‍ടിസ്ടുകളുടെ നേതൃത്വത്തിലാണെങ്കിലും പിന്നീട് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് പങ്കാളിത്തം എണ്ണമറ്റ ആളുകളിലേക്ക്‌ നീണ്ടുപോയി. സ്കൂള്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് ചുമരിൽ ‘നന്മ’ വരക്കുമ്പോൾ അത് കലയുടെയും പ്രതിരോധത്തിന്റെയും പുതിയമാനങ്ങള്‍ കണ്ടെത്തുകയാണ്. വരക്കാനായി ചുമരില്‍ കാന്‍വാസ് ഒരുക്കിയ ദിവസങ്ങളില്‍ പ്രമുഖര്‍ക്കൊപ്പം അപരിചിതരായ കുറെയാളുകളും വന്ന് വരച്ചിരുന്നു, തിരക്കുകളില്‍ മുങ്ങുന്ന ലോകത്തില്‍ നിന്നും കുറേപേർ; സാംസ്കാരിക പ്രതിരോധങ്ങളുടെ ഭാഗമായിക്കൊണ്ട് എന്നാൽ തങ്ങളുടെ പേരും ലോകവും അടയാളപെടുത്താന്‍ നില്‍ക്കാതെ അവര്‍ മടങ്ങി. ചുവരുകളില്‍ വെള്ളപൂശിയിട്ട് ആളുകൾ വിളിക്കുകയാണ്‌ – “ഒന്ന് വന്ന് വരച്ചിട്ടു പോകൂ”. ഫേസ്സ്ബുക്കിലും മറ്റും ചിത്രങ്ങള്‍ കണ്ട് തിരൂരിൽ നിന്നും മൂന്നു പേര്‍ അതു കാണാനായി മാത്രം കൊടുങ്ങല്ലൂരില്‍ വന്നു, മുസരിസ് വാക്കിലെ ചുമരില്‍ K G ബാബു വരച്ചിരിക്കുന്ന ചിത്ര ചിത്രീകരണം, തസ്രാക്കിലെ ഇന്നത്തെ കാലം തന്നെയാണ്.khasak, o v vijayan, ഖസാക്കിന്റെ ഇതിഹാസം, ഖസാക്ക്, ദീപൻ ശിവരാമൻ, കെ ജി ബാബു മുസരിസ് വാക്കിലും, ശ്രീരംഗപുരത്തും, ഗേള്‍സ്‌-ബോയ്സ് സ്കൂളുകള്‍ക്ക് പുറത്തും മുസരിസിന്റെ ഇടനാഴികള്‍ക്ക് പുറമേ ശ്രീനാരയണപുരത്തും, പറവൂരും, എറിയാടും, മാളയിലും, ഇരിങ്ങാലക്കുടയിലുമെല്ലാം ചുമരുകള്‍ നിറഞ്ഞിരിക്കുന്ന ‘സാമൂഹിക ജീവിതത്തിലെ സഹവര്‍ത്തിത്വത്തിന്റെയും നന്മയുടെയും’ ചിത്രീകരണങ്ങൾ കാണാനും, നാടകത്തിന്റെയും സംഘാടനത്തിന്റെയും ഭാഗമാകാനും നിരവധിപേര്‍ എത്തുന്നു. കുട്ടികളും രക്ഷിതാക്കളും വന്ന് കാണുന്നു, ഫോട്ടോകള്‍ എടുക്കുന്നു. വര്‍ഗീയധ്രുവീകരണം അതിന്റെ സ്വഭാവം വെളിവാക്കികൊണ്ടിരിക്കുന്ന കാലത്ത് ഇതെല്ലാം ശരിപക്ഷത്തിന് നല്‍കുന്ന ശക്തി ചില്ലറയല്ല. ജീവിതത്തിന്റെ മതം തിരിച്ചറിയപ്പെടുകയാണ്. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകം കൊടുങ്ങല്ലൂരില്‍ വലിയൊരു സംഭവമാകുന്നതിലുള്ള സന്തോഷത്തിലാണ് സംഘാടകർ.

കലാകാരന്റെ ബോധപൂര്‍വമായ ശ്രമം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൂടി ഓരോ കലാസൃഷ്ടിയും വ്യക്തമായ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. യോജിപ്പും വിയോജിപ്പും രണ്ടാമത്തെ കാര്യമാണ്. നാടകത്തിനകത്ത് – പുറത്ത് സംഭവിക്കേണ്ട ‘ചില സ്ഥിരം രീതിക’ളിലൂടെ കടന്നുപോയാല്‍ മാത്രമേ ഒരു നാടകം രാഷ്ട്രീയനാടകമാകുകയുള്ളൂ എന്ന നിലക്ക് ഖസാക്കിന്റെ ഇതിഹാസം നാടകം ഒരു പൂര്‍ണ രാഷ്ട്രീയനാടകമാവുകയില്ലായിരിക്കാം. എന്നാല്‍ അതിലുമുപരിയായി ഖസാക്കിന്‍റെ നാടകം ഇന്നത്തെ കാലഘട്ടത്തോട്‌ സംവദിക്കേണ്ട രാഷ്ട്രീയത്തെ കണ്ടെത്തിയിട്ടുണ്ട്.

സംവിധായകനും സീനോഗ്രാഫറുമായ ദീപൻ ശിവരാമന്റെ ‘മിസ്‌ എന്‍ സീന്‍’ കാഴ്ചക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള നിര്‍മാണം; കേരളീയ പശ്ചാത്തലത്തിലേക്ക് വരുമ്പോള്‍, ദീപന്റെ സങ്കേതങ്ങളും കേരളീയമാകുന്നു, ഗരുഡന്‍ തൂക്കവും, തെയ്യവും, ചൂട്ടും, നെയ്തുപായകളും, അനുഷ്ടാനങ്ങളുമെല്ലാം  ദീപന്റെ അസംസ്കൃതവസ്തുക്കളാകുന്നു. തെയ്യവും പടയണിയും  സര്‍പ്പക്കളങ്ങളും ആദ്യം മുതലേ ഉണ്ടായിരുന്ന നമ്മുടെ നാട്ടിൽ ഉണ്ടായിവന്ന നാടക സംസ്കാരം മുഖ്യമായും വൈദേശികമായ പ്രൊസീനിയം തിയട്ടരിനെയാണ് ആശ്രയിച്ചത്. ഏകതാനമായ കാഴ്ചാപദ്ധതി സംഭാഷണങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യം മറികടന്ന് നടന്റെ ശരീരത്തിലേക്കും, സീനോഗ്രഫിയിലേക്കും തന്നെ നമ്മൾ ശ്രദ്ധിച്ചുതുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളൂ. പ്രോസീനിയത്തിനപ്പുറത്തേക്കും സംഭാഷണ നാടകങ്ങള്‍ക്കപ്പുറത്തേക്കും കടക്കുകവഴി കാന്‍വാസ് വലുതാകുകയാണ്. അടഞ്ഞ അരങ്ങില്‍ നിന്നും തുറന്ന അരങ്ങിലേക്ക്; അതില്‍ തന്നെ രാഷ്ട്രീയമായൊരു ശരിയുണ്ട്. നാടകത്തിന് അകത്താണെങ്കില്‍ തന്നെയും തെറ്റുശരികളിൽ കബഡികളിച്ചാണ് ഓരോ കഥാപാത്രങ്ങളും ജീവിക്കുന്നത്, അതിലൂടെയാണ് രാഷ്ട്രീയം പറയുന്നത് -കുഞ്ഞാമിനയുടെ പൊതു വിദ്യാഭ്യാസവും, ബീഡി തൊഴിലാളിസമരവും, മരണങ്ങളും, ദൈവികതയുടെ മറപറ്റുന്ന നൈസാമലി കുട്ടാടന്‍ പൂശാരി മുതല്പ്പേരും, ശിവരാമന്‍നായരുടെ ‘ബൌദ്ധന്‍’ പോരുമെല്ലാം കടന്ന് വരുമ്പോള്‍ കൃത്യമായി അവയെ അടയാളപ്പെടുത്താൻ മിസെന്‍സീനിന് സാധിച്ചിട്ടുണ്ട്. കുഞ്ഞാമിന മായ്ക്കുന്ന പള്ളിയും, കത്തുന്ന അരിവാളും മാഞ്ഞു പോകാവിധം പതിഞ്ഞിരിക്കുന്നു. പിന്നോക്ക – മുന്നോക്കങ്ങളില്ലാത്ത സാമൂഹിക ജീവിതത്തിന്റെ രാഷ്ട്രീയമാണ് ഖസാക്കിന്‍റെത്.

ദീപന്‍ ശിവരാമന്‍ സംസാരിക്കുന്നു: “എഴുപതുകളിലും എണ്‍പതുകളിലും കേരളത്തിലെ വായനശാലകളും കലാസമതികളും നാട്ടുകൂട്ടങ്ങളും പന്തലിട്ടും, തോരണംകെട്ടിയും, പണം പിരിച്ചും, deepan sivaraman ദീപൻ ശിവരാമൻ കൂട്ടുനിന്നും കൊണ്ടുനടന്നിരുന്ന നമ്മുടെ ഗ്രാമീണ സാംസ്കാരികതയും അതുള്‍ക്കൊള്ളുന്ന നാടിന്റെ ബലവും തൃക്കരിപ്പൂര്‍ നമുക്ക് കാണിച്ചു തരികയാണ്. റിഹേഴ്സല്‍ കാണാൻ വന്നിരുന്ന കുട്ടികളും ചേച്ചിമാരും ചേട്ടന്മാരും പിന്നീട് നാടകത്തിലേക്കായി stage properties നിർമ്മിച്ചുതുടങ്ങി. റിഹേഴ്സല്‍ ഒരുക്കാനും സഹായിക്കാനും ആരുടേയും നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നാട് മുഴുവന്‍ വന്നുചേര്‍ന്നു. നാടകത്തിനകത്തെ നാടും വ്യതസ്തമല്ല. വേര്‍തിരിവുകളില്ലാത്ത ജീവിതത്തിന്റെ, കൂട്ടായ്മയുടെ, തസ്രാക്കിന്റെ, ഓര്‍മപ്പെടുത്തലാണ് നമ്മുടെ നാടകം. നമ്മള്‍ നഗരകേന്ദ്രീകൃത ജീവിതങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ സാമ്പത്തിക – സാമൂഹിക ഘടനകൾ മാറുമ്പോൾ ഗൃഹാതുരമായൊരു ഓര്‍മ്മപ്പെടുത്തൽ. ഖസാക്കിനകത്തെ മുസ്ലീം സമുദായം, അതിന്റെ നാനാത്വം, സര്‍വമത ജീവിതം. മുസരിസില്‍ അതിന് positive impact ഉണ്ടാക്കാന്‍ കഴിയും. അവിടെ നിറഞ്ഞിരിക്കുന്ന ചുമര്‍ചിത്രങ്ങൾ നല്‍കുന്ന പ്രചോദനം ചെറുതല്ല. മാറിയ ലോകത്തില്‍ കച്ചവടക്കാരും, സ്ഥാപിത താല്പര്യക്കാരും കൈയടക്കിയ പൊതുഇടങ്ങള്‍ നമ്മൾ തിരിച്ചുപിടിക്കുകയാണ്. കല നാടിന്റെ ചിന്താപദ്ധതിയെ ഉണർത്തുകയാണ്.”
ഖസാക്ക് ആൽബം

ഖസാക്കിന്‍റെ ഇതിഹാസം നടകമാകുമ്പോള്‍ അതിന് കൊടുങ്ങല്ലൂർ വേദിയാകുന്നതിലെ ഔചിത്യം വ്യക്തമാണ്. വേര്‍തിരുവകളില്ലാത്ത തോളോടു തോൾ ചേര്‍ന്ന് ജീവിച്ചുതീര്‍ത്ത അനേകം തലമുറകള്‍ അന്താരാഷ്ട്രഭൂപടത്തിൽ വണിക്കുകള്‍ക്ക് മുസരിസ് എന്നൊരു അടയാളം തീര്‍ത്തുകൊടുത്ത് ചരിത്രത്തിലേക്ക് മടങ്ങുമ്പോള്‍ നമ്മുടെ നാട് മറ്റൊരു സാമൂഹികപ്രകൃതിയിലായിരുന്നു. കാലങ്ങള്‍ക്കിപ്പുറം സാമൂഹികവസ്ഥയും   ലോകക്രമങ്ങളും മാറിവന്നിരിക്കുന്നു. സംഘാടകര്‍ സംസാരിക്കുകയാണ്;
“ITFOKല്‍ നാടകം കണ്ടപ്പോൾ ഞങ്ങളുടെ നാടിനെ കുറിച്ചാണ് ഓര്‍ത്തത്. ഒരു നാടും സംസ്കാരവും ഏകശിലാനിര്‍മിതമല്ല. മുസ്ലീം സമൂഹവും അങ്ങനെ തന്നെ. എന്നാല്‍ കൊടുങ്ങല്ലൂരിലെ വര്‍ഗീയകക്ഷികൾ തരംതിരിവുകളും  ഇസ്ലാമോഫോബിയയും പ്രചരിപ്പിച്ച് സന്തുലിതമായ സാമൂഹികവ്യവസ്ഥക്ക് തടസ്സം നില്‍ക്കുന്നു. അടുത്തകാലത്തായി ഇവിടെ നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും അതിന്റെ ആക്കം കൂട്ടുന്നു. ഞങ്ങള്‍ ആദ്യം തീരുമാനിച്ചത്, നാടകം കൊടുങ്ങല്ലൂരില്‍ കൊണ്ടുവരണമെന്നാണ്. നാല്പതോളം കലാകാരന്മാരടങ്ങുന്ന നാടകം കളിപ്പിക്കാന്‍ വലിയതുക വേണമെന്ന് പിന്നീട് അറിഞ്ഞപ്പോഴും പിന്മാറിയില്ല. സത്യത്തില്‍ ഞങ്ങളുടെ കൈയ്യില്‍ അത്ര കാശൊന്നും ഇല്ല. സ്റ്റേജില്‍ മാത്രം നാടകം കണ്ടു ശീലിച്ച ഞങ്ങളുടെ നാട്ടില്‍, കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയത്തിലേക്ക് cultural intervention-ന് ഇതുകൊണ്ട് സാധിക്കും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ മുന്നോട്ടുപോയി. വര്‍ഗീയതയിൽ മനം മടുത്തവരുടെ ഒരു കൂട്ടായ്മ ഉണ്ടാവുകയായിരുന്നു. പതുക്കെ പതുക്കെ അത് വലുതായി. പന്ത്രണ്ടു ലക്ഷത്തോളം മുഴുവന്‍ ചെലവ് വരുന്ന പരിപാടിയിലേക്ക് ടിക്കറ്റ് ഇനത്തിൽ പരമാവധി കണ്ടെതാനാകുന്ന തുക നാലഞ്ചുലക്ഷമാണ് എന്നിരിക്കെ ഇപ്പോൾ പലരും ഓഫീസിലും സുഹൃത്തുക്കള്‍ വഴിയും സംഭാവനകള്‍ എത്തിച്ചുകൊണ്ടിരിക്കുന്നു, നേരിട്ട് പ്രവര്‍ത്തനതിനിറങ്ങാൻ ആളുകൾ എത്തുന്നു. ഞങ്ങള്‍ തനിച്ചല്ല. ഇത് കൂട്ടായ്മയിലൂടെയുള്ള പ്രതിരോധമാണ്. ഞങ്ങളുടെ നാടുമായി രാഷ്ട്രീയമായി സംസാരിക്കുകയാണ്.”

കേരളത്തിലെ തെരുവ് നാടകങ്ങള്‍ പ്രൊപഗണ്ട നാടകങ്ങൾ എന്ന നിലക്ക് മാത്രം കാണപ്പെടുകയും, അവ തന്നെ കാലഹരണപ്പെട്ടുവെന്നുതോന്നിക്കും വിധം ഒരേ വട്ടത്തില്‍ തിരിയുകയും മറ്റ് സങ്കേതങ്ങളിലേക്ക് രാഷ്ട്രീയമാനങ്ങളെ സന്നിവേശിപ്പിക്കാൻ കഴിയാതെ വിഷമിക്കുകയും ചെയ്യുമ്പോൾ  ‘Post Dramatic’ കാലഘട്ടത്തിൽ തുരുമ്പിക്കുന്ന പ്രോസീനിയതിനപ്പുറത്ത് ഉത്തരാധുനിക ലോകത്തിനെ സ്വാധീനിക്കുന്ന തരത്തിൽ രാഷ്ട്രീയ സംവേദനം സാധ്യമാണ് എന്നു ഉദാഹരിക്കുകയാണ് ഈ നാടകം. ഇതിന് മുന്‍പ് ജനശ്രദ്ധയിലേക്ക് വന്ന പ്രോസീനിയത്തിനു പുറത്തുള്ള മറ്റൊന്ന് തുപ്പേട്ടന്റെ ‘ചക്ക’ എന്ന നാടകത്തിന് ‘തൃശൂര്‍ നാടകസംഘം’ നല്‍കിയ രംഗാവിഷ്കാരമാണ്. വര്‍ഷങ്ങളായി തങ്ങളുടെ നാടകങ്ങളിലൂടെ രാഷ്ട്രീയമായി ഇടപെട്ടുകൊണ്ടിരിക്കുന്ന കലാകാരന്മാരെയും കൂട്ടുകാരെയും കണ്ടില്ലെന്നു വച്ചുകൊണ്ട്, ഖസാക്കിന്‍റെ നാടകത്തെ ചരിത്രത്തിലെ മൈൽക്കുറ്റിയാക്കുകയല്ല. അമച്യുര്‍ നാടകവേദിയിൽ സാധാരണ കാണാത്ത നിര്‍മാണ ചിലവും, നോവലിന്റെ ഗരിമ തീര്‍ത്ത വസന്തവും ഈ നാടകത്തിന്‍റെ പിറകിലുണ്ട് എന്ന വസ്തുതയെ കാറ്റിൽ ഉപേക്ഷിക്കുകയുമല്ല. അതുപോലെ തന്നെ ഇതിനുമുന്‍പുണ്ടായ പല പ്രധാനപ്പെട്ട സൃഷ്ടികളും നിശബ്ദവിപ്ലവങ്ങളായി പൊയ്പ്പോയെന്ന് ഓര്‍മിക്കാതിരിക്കുന്നുമില്ല. എല്ലാത്തിനുമപ്പുറത്ത് ഖസാക്കിന്റെ ഇതിഹാസം എന്ന നാടകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു, അവതരണങ്ങളുടെ ടിക്കറ്റുകള്‍ ആഴ്ചകൾക്കു മുന്‍പേ തീർന്നുപോകുന്നു, നാടകം കണ്ടകാണികള്‍ ‘ഒന്നു കണ്ടു നോക്കൂ’ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. “നാടകം ഫ്രീയായി കാണേണ്ടതാണ്” എന്നു പറഞ്ഞുകൊണ്ടിരുന്ന കാണി അഞ്ഞൂറും ആയിരവും കൊടുത്ത് മുന്‍കൂട്ടി ടിക്കറ്റെടുത്ത് മാതൃകയാകുന്നു. സാധാരണ നാടകലോകത്ത് മാത്രം ചര്‍ച്ചയായി അവസാനിക്കുന്നതിന്  പകരം സോഷ്യല്‍മീഡിയയിലടക്കം എല്ലായിടത്തും സംസാരിക്കപ്പെടുന്നു. മുഴുവന്‍ നാടകവേദിക്കും രാഷ്ട്രീയസാംസ്കാരിക ലോകത്തിനും ഗുണകരമായ രീതിയിൽ ഈ ഉണര്‍വിനെ അടയാളപ്പെടുത്തേണ്ടതുണ്ട്. നാളെത്തേക്ക് ശീലമാക്കാന്‍ പലതും എടുത്ത് വക്കേണ്ടതുണ്ട്.

നാടകത്തിന്റെ  പ്രചരാണാര്‍ത്ഥം ഒ വി വിജയന്‍റെ തന്നെ ‘കടല്‍തീരത്ത്’ എന്ന കഥക്ക് നാടകക്കാരനായ പ്രതാപന്റെ നേതൃത്വത്തില്‍ നാടകാവിഷ്കാരം നല്‍കികൊണ്ട്  ‘തിയറ്റര്‍ സ്കെചെസ്’ എന്ന പേരില്‍ പലയിടത്തായി കളിച്ചുകൊണ്ടിരിക്കുന്നു. വിളംബരത്തിന്റെ അനുബന്ധമായി, ഒരു നാടകത്തിനായ് മറ്റൊരു നാടകം. ഖസാക്കിന്‍റെ ഇതിഹാസത്തിന് ശേഷം ‘മുസരിസ് നാടകോത്സവ’ത്തിനും ഈ കൂട്ടായ്മ പദ്ധതി തയ്യാറാക്കുന്നുണ്ട്. നാടകവേദിക്ക് ഇതില്‍പരം എന്താനന്ദമാണ് വേണ്ടത്!

ഇതിഹാസ കഥാപാത്രങ്ങളുടെ വരവറിയിച്ചുകൊണ്ട് കൂട്ടായ്മ സംഘടിപ്പിച്ച ഗസൽ പരിപാടി വന്‍വിജയമായിരുന്നു; അവര്‍ രണ്ടാമതൊരു അവതരണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍, പളപളാ ഉടുപ്പിട്ട്, ‘തിന്ന തീന്‍പണ്ടങ്ങള്‍ എരിക്കുന്ന’ ബീഡിയുമായി നൈസാമലി മുസരിസിലാകെ സൈക്കിളില്‍ കറങ്ങുന്നുണ്ട്. ബിറ്റ് നോട്ടിസുകളും, പോസ്റ്ററുകളുമായി കറങ്ങുന്ന ഒരു വണ്ടി, മുസരിസില്‍ നിന്നും തസ്രാക്കിലേക്ക് പോകാൻ ഒരുങ്ങി നില്‍ക്കുന്ന മറ്റൊരു വണ്ടി. സാംസ്‌കാരിക വിനിമയത്തോടൊപ്പം ഒരു കുഞ്ഞുപന തസ്രാക്കില്‍ നിന്നും കൊടുങ്ങല്ലൂരിലെത്തും, കള്ളു ചെത്താന്‍ കുനിഞ്ഞു കൊടുത്തിരുന്ന പന, ഖസാക്ക്‌ കൂട്ടായ്മയുടെ പ്രതിരോധത്തിന്റെ ചിഹ്നനമായി കൊടുങ്ങല്ലൂരില്‍ അത് എന്നുമുണ്ടാകും.

ഖസാക്ക് കൂട്ടായ്മ ചാരിതാർഥ്യത്തോടെ പങ്കുവച്ച രണ്ടു കാര്യങ്ങള്‍കൂടി കുറിക്കേണ്ടതുണ്ട്. മുസരിസിലുണ്ടായ ഉണര്‍വിന്റെ അനുഭവ സാക്ഷ്യങ്ങൾ എന്നു പറയാവുന്നവ. ഒന്ന് ഗനി എന്ന കലാകാരന്‍ തയാറാക്കുന്ന ഇൻസ്റ്റലേഷനാണ്. മറ്റൊന്ന് കാന്‍വാസിലെ രചനകൾ അവസാനിപ്പിച്ച മട്ടിലായിരുന്ന ടി പി പ്രേംജിയുടെ ഖസാക്കിന്റെ ഇതിഹാസത്തിലെ സന്ദര്‍ഭങ്ങളെ അധികരിച്ചുള്ള പെയിന്റിങ്ങുകള്‍, ഇനിയും പേരിട്ടിട്ടില്ലാത്ത സീരിയസില്‍ അഞ്ചെണ്ണം പൂര്‍ത്തിയായിരിക്കുന്നു. “ഇരിങ്ങാലക്കുടയില്‍ ചിത്രം വരയ്ക്കാൻ നിര്‍ബന്ധിച്ച് കൊണ്ടുവന്നതാണ് പ്രേംജിയെ ഇപ്പോള്‍ പ്രേംജിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് തയ്യറാകുകയാണ് ഞങ്ങൾ”- ഖസാക്ക്‌ കൂട്ടായ്മ; അവര്‍ കുറേപേരെ മിനുക്കിയെടുക്കുകയാണ്, കാവേറ്റങ്ങള്‍ക്ക് ഒരുക്കുകയാണ്! ആര്‍തർ കോനൻ ഡോയലിനെക്കാൾ വലുതായ ഷെര്‍ലക് ഹോംസ് എന്നാണ് സഹൃദയനായ ഒരു സംഘാടകന്‍ ചിരിച്ചവസാനിപ്പിച്ചത്.

നാലു മാസക്കാലം ഒരു വലിയ സംഘത്തെ നാടകത്തിന് തയ്യാറാക്കി നിര്‍ത്തുകയും പതിനഞ്ചുലക്ഷതോളം രൂപ പിരിച്ചെടുക്കുകയും ഒരു നാടിനെ മുഴുവന്‍ ഒപ്പം നിര്‍ത്തുകയും ചെയ്തുകൊണ്ട്  കാലവിസ്മൃതിയിൽ നിന്നും അരങ്ങിന്റെ ഉത്സവന്തരീക്ഷത്തെ തിരിച്ചുകൊണ്ടുവന്ന് നാടകം നിര്‍മിച്ചെടുത്ത KMK സ്മാരക കലാസമതിയുടെ സംഘാടനമികവിനെയും, ദീപന്‍ ശിവരാമാനെയും, കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയും ബഹദൂർ സ്മാരക ട്രസ്റ്റും ചേര്‍ന്ന സംഘത്തേയും, അവരുടെ നിസാര്‍ത്ഥ പ്രവര്‍ത്തനങ്ങളേയും അടയാളപ്പെടുത്തുമ്പോള്‍, പ്രതിരോധങ്ങളുടെ കാലത്ത് കൂട്ടായ്മകള്‍ക്ക് സാധിക്കാൻ ഏറെയുണ്ടെന്നും, വൈവിധ്യങ്ങളുടെ പ്രകൃതിക്ക്, ഒരു നിറവും, ഒരു രൂപവും, ഒരു വിശ്വാസവും മാത്രം മതിയെന്ന് വാശി പിടിക്കുന്നവരോടുള്ള പ്രതിരോധം വൈവിധ്യങ്ങള്‍കൊണ്ട്തന്നെ സാധ്യമാണെന്നും നമ്മൾ തിരിച്ചറിയുകകൂടിയാണ്.
dileep21

 

Comments

comments