ഈ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി എന്തു നിലപാട് സ്വീകരിക്കണമെന്നതു സംബന്ധിച്ച് ഒരു വിശദീകരണമാണിത്. മാനിഫെസ്റ്റോ, സ്ഥാനാർത്ഥി നിർണയം, ഫണ്ടു് ശേഖരണം തുടങ്ങിയവ സംബന്ധിച്ചു് വ്യക്തമായ ധാരണകൾ പാർട്ടിക്കുണ്ടു്.  ഒരു നിയമസഭാതെരെഞ്ഞെടുപ്പിൽ മൽസരിക്കുന്നുവെങ്കിൽ അതിനു മുമ്പു് ഒരുവർഷത്തേയെങ്കിലും മുന്നൊരുക്കങ്ങൾ നടത്തണം. ഓരോ വാർഡിലും (അഥവാ ബൂത്തിലും) പത്തു് സജീവ വളന്റിയർമാർ ഉണ്ടെന്നു് ഉറപ്പാക്കണം. മാനിഫെസ്റ്റോ, സ്ഥാനാർഥി നിർണയം മുതലായവയിൽ നിർണായക തീരുമാനം എടുക്കേണ്ടതു്  താഴെത്തട്ടിൽ നിന്നായതിനാൽ ഈ നിബന്ധനയിൽ ഇളവില്ല. മാനിഫെസ്റ്റോ തയ്യറാക്കപ്പെടുന്നതു് വാർഡ് സഭ/ ഗ്രാമസഭ കളിൽ നിന്നുമാണു്. ഒന്നും രണ്ടും  വട്ടം  ചർച്ചകൾ ഇതിനായി നടക്കണം. ഈ ഗ്രാമസഭാ തീരുമാനങ്ങൾ മണ്ഡലം തലത്തിൽ ക്രോഡീകരിച്ചു് മണ്ഡലം തല മാനിഫെസ്റ്റോ രൂപപ്പെടുത്തണം. ദില്ലിയിൽ 70 മണ്ഡലങ്ങളിൽ 70 മാനിഫെസ്റ്റോകൾ ഉണ്ടായിരുന്നു എന്നറിയുക. ഇതു് വെറും ഒരു അനുഷ്ഠാനമായല്ലാ കാണേണ്ടതു്. ഇതിനേയാണു് നാം സ്വരാജ് എന്നു പറയുന്നതു്.

മറ്റു രാഷ്ട്രീയ കക്ഷികളുടെ മാനിഫെസ്റ്റോകളിൽ സ്മാർടു് സിറ്റിയും മറ്റു വൻകിട പദ്ധതികളും ഏറ്റവും മുന്നിൽ വരുമ്പോൾ ആം അദ്മി പാർട്ടിയുടെ മുൻഗണനാ പദ്ധതികളായി വന്നതു്  എല്ലാ വീടുകൾക്കും പ്രതിമാസം 20000 ലിറ്റർ വെള്ളം, 400 യൂണിറ്റിനു താഴെയുള്ള ഉപഭോക്താക്കൾക്കു് പകുതിവിലക്കു വൈദ്യുതി, സർക്കാർ സ്കൂളുകളിൽ കൂടുതൽ ക്ലാസ് മുറികൾ, കൂടുതൽ സർക്കാർ സ്കൂളുകൾ, 500 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ചേരികളിൽ 1000 എസി ക്ലിനിക്കുകൾ മുതലായവയാണു. മന്ത്രിമാർക്കു് വളരേ കുറച്ചു് മാത്രം പഴ്സണൽ സ്റ്റാഫ്, പകരം എം എൽ എ മാർ തന്നെ മന്ത്രിയുടെ സ്റ്റാഫ് ആയി പ്രവർത്തിക്കൽ, മന്ത്രിമാർക്കു് കൊടിയും ഫ്ലാഷ് ലൈറ്റും വേണ്ടെന്നു വക്കൽ മുതലായവയും താഴേ നിന്നും വന്ന നിർദ്ദേശങ്ങൾ ആണു്. ഇത്തരത്തിലുള്ള ഒരു മാനിഫെസ്റ്റോ വന്നതു് അവിടത്തെ വൻ വിജയത്തിനുള്ള ഒരു പ്രധാന കാരണമാണു്. തെരെഞ്ഞെടുപ്പു് പ്രഖ്യാപിക്കുന്നതിനും മാസങ്ങൾക്കു മുമ്പുതന്നെ മാനിഫെസ്റ്റൊ ജങ്ങൾക്കിടയിൽ വ്യാകമായി പ്രചരിപ്പിക്കപ്പെടണം. മറ്റു കക്ഷികൾക്കു് മാനിഫെസ്റ്റൊ വെറും അലങ്കാരം മാത്രമാണു്. എന്നാൽ ആം ആദ്മി പാർട്ടിക്കു് അതു ജനങ്ങൾക്കു നൽകുന്ന വാഗ്ദാനമാണു്. അതു നടപ്പിലാക്കാൻ നമുക്കു കഴിയുമെന്നു് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെങ്കിൽ നാം അധികാരത്തിന്റെ അടുത്തെങ്കിലും എത്തുമെന്നു് ജനങ്ങൾക്കു്, ഏറ്റവും കുറഞ്ഞതു് നമുക്കെങ്കിലും വിശ്വാസമുണ്ടാകണമല്ലോ.

മാനിഫെസ്റ്റോയുടെ  നടത്തിപ്പു് സംബന്ധിച്ചു് ജനങ്ങൾക്കുള്ള സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ പാർട്ടിയും വളന്റിയർമാരും ബാധ്യസ്ഥരാണു്. ദില്ലിയിൽ അധികാരമേറ്റ സർക്കാർ തങ്ങളുടെ മാനിഫെസ്റ്റോയിലെ ഇനങ്ങൾ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 70 വാഗ്ദാനങ്ങളിൽ 17 എണ്ണം ഒരു വർഷത്തിനകം  പൂർത്തീകരിച്ചു കഴിഞ്ഞു. 38 എണ്ണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

രണ്ടാമത്തെ വിഷയം സ്ഥാനാർഥി നിർണയം സംബന്ധിച്ചാണു്. ഒരു വർഷം മുമ്പെങ്കിലും സ്ഥാനാർഥിയെ കണ്ടെത്തി പ്രചരണം ആരംഭിക്കണം. സ്ഥാനാർഥിയെ കണ്ടെത്തുന്നതും താഴെത്തട്ടിൽ നിന്നുമാണു്. അവിടെ നിന്നും വരുന്ന നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം ജനങ്ങളിൽ നിന്നും സർവ്വേ നടത്തിയാണു് തീരുമാനമെടുക്കുന്നതു്. ഇങ്ങനെ വരുന്ന സ്ഥാനാർഥി ഒരു വർഷമെങ്കിലും മണ്ഡലത്തിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. 2017-ൽ നടക്കുന്ന പഞ്ചാബിലെ നിയമസഭാ തെരെഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ വലിയൊരു പങ്കും ഇതിനകം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു എന്നും അറിയണം. തെരെഞ്ഞെടുപ്പു് പ്രഖ്യാപിച്ചശേഷം സ്ഥാനാർഥിയെ നിശ്ചയിക്കുന്നതും മാനിഫെസ്റ്റൊ ഉണ്ടാക്കുന്നതും മറ്റു പാർട്ടികളുടെ രീതിയാണു്. നമുടേതല്ല.

അഴിമതിക്കെതിരായി രൂപം കൊണ്ട പ്രസ്ഥാനമാണല്ലോ ആം ആദ്മി പാർട്ടി. തെരെഞ്ഞെടുപ്പിൽ വൻതോതിൽ പണം ഇറക്കി മൽസരിക്കുന്നതു് പാർട്ടി നയങ്ങൾക്കെതിരാണു്. പാർട്ടിക്കു പണം പിരിക്കുന്നതിനു് വളരെ വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടു്. ഏറ്റവും സുതാര്യമായ രീതിയിലായിരിക്കണം പണം പിരിക്കുന്നതു്. പിരിക്കുന്ന ഏതു ചെറിയ തുകയും ദേശീയ സമിതിയുടെ അറിവോടെ ആയിരിക്കണം. അതു് വെബ് സൈറ്റിൽ തൽസമയം പ്രസിദ്ധീകരിക്കണം.അവരുടെ രശീതി എസ് എം എസ് വഴി പണം നൽകുന്ന വ്യക്തിക്കു കിട്ടണം. ഇത്തരത്തിലല്ലാതെയുള്ള പണപ്പിരിവു് പാർട്ടി നയങ്ങൾക്കെതിരാണു്. മറ്റുള്ളവരുടെ ധനശക്തിക്കു പകരം വളന്റിയർ ശേഷിയിലൂടെ ഇത്തരം അഴിമതിക്കാരുടെ പണക്കൊഴുപ്പിനെ നേരിടുക എന്നതാണു` പാർട്ടിയുടെ നയം. അതിനു തക്ക വളന്റിയർ ശക്തിയില്ലാതെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതു് നമ്മളേയും അഴിമതിയിലേക്കു നയിക്കാൻ സാദ്ധ്യതയുണ്ടു്. ഇതൊഴിവാക്കാൻ ശക്തമായ അടിത്തറ ഇല്ലാത്തിടത്തു് മൽസരിക്കുന്നില്ലെന്നു്  തീരുമാനിക്കണം.

ഇക്കഴിഞ്ഞ നിരവധി സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ (മഹാരാഷ്ട്ര, ഝാർഖണ്ഡു്, ഹരിയാന, കാഷ്മീർ, ഏറ്റവുമൊടുവിൽ ബീഹാർ) ഒന്നിലും പാർട്ടി മൽസരിക്കാതിരുന്നതും ഇതു കൊണ്ടാണു്. കേരളത്തോടൊപ്പം തെരെഞ്ഞെടുപ്പു് നടക്കുന്ന തമിഴ്നാടു്, പോണ്ടിച്ചേരി, പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പുകളിലും പാർട്ടി മൽസരിക്കുന്നില്ല. ഈ സാഹചര്യത്തിൽ കേരളാ നിയമസഭയിലേക്കും മൽസരിക്കാൻ നമുക്കു കഴിയില്ല. മാനിഫെസ്റ്റോ ഇല്ലാ, സ്ഥാനാർഥി നിർണയം നടത്തിയിട്ടില്ല. മൽസരിക്കാൻ വേണ്ട വളന്റിയർ ശേഷിയുമായിട്ടില്ല. കേരളത്തിൽ പാർട്ടി ലക്ഷ്യമാക്കേണ്ടതു്  2019-ലെ ലോകസഭാ തെരെഞ്ഞെടുപ്പാണെന്നു് ദേശീയ രാഷ്ട്രീയകാര്യ സമിതി നിർദ്ദേശിച്ചു.

പാർട്ടിക്കു് മറ്റൊരു കക്ഷിയുമായും സഖ്യം ഉണ്ടാക്കാനുമാകില്ല. കാരണം വ്യക്തം. അവരുടെ പഴയതും പുതിയതുമായ അഴിമതികളെ ന്യായീകരിക്കേണ്ടി വരും. നാം കേവലം ഒരു പുതിയ നല്ല പാർട്ടി ആയല്ല ജനങ്ങൾക്കു മുന്നിൽ ചെല്ലുന്നതു്. മറിച്ചു് ഒരു പുതിയ രാഷ്ട്രീയമാണു് മുന്നോട്ടു വക്കുന്നതു്. മറ്റാരുമായി ചേർന്നാലും അതിൽ ഉറച്ചു നിൽക്കാനാനാകില്ല. വളരെ സവിശേഷമായ ഒരു സാഹചര്യത്തിൽ, ദില്ലി സർക്കാരിനു് നിരന്തരം തലവേദന സൃഷ്ടിച്ച്കൊണ്ടിരിക്കുന്ന കേന്ദ്രത്തിലെ ബി ജെ പിക്കും മോഡിക്കും ഒരു തിരിച്ചടി നൽകാൻ മാത്രമാണു്  ബീഹാറിൽ നിതിഷ് കുമാർ നേതൃത്വം നൽകുന്ന മുന്നണിയെ പിന്തുണക്കാൻ തീരുമാനിച്ചതു്. എന്നിട്ടും അവിടെ വച്ചു നീട്ടിയ സീറ്റുകൾ വേണ്ടെന്നു വച്ചതു് പാർട്ടിയുടെ നയമാണു് കാണിക്കുന്നതു്. തെരെഞ്ഞെടുപ്പിൽ ഒരു സീറ്റിനു വേണ്ടി നേട്ടോട്ടമോടുന്ന രാഷ്ട്രീയക്കാരെ മാത്രം കണ്ടു പരിചയമുള്ള നമുക്കു്  ഇതു് അത്ഭുതമായി തോന്നിയേക്കാം. പക്ഷേ ഇതാണു് ആം ആദ്മി പാർട്ടി മുന്നോട്ടു വക്കുന്ന രാഷ്ട്രീയ നയം.

കേരളത്തിന്റെ രാഷ്ട്രീയ ശീലം ഇതല്ല. തെരെഞ്ഞെടുപ്പിൽ മാത്രമാണു് ഇവിടെ രാഷ്ട്രീയ പ്രവർത്തനം. മറ്റു കാലങ്ങളിൽ ഒന്നും ചെയ്യാനില്ല, അനുഷ്ഠാന പ്രവർത്തനങ്ങൾ മാത്രം. എന്നൽ ആം ആദ്മി വളന്റിയർമാർക്കു് എന്നും രാഷ്ട്രീയ പ്രവർത്തനമാണു്. ദില്ലിയിലും പഞ്ചാബിലും പോയാൽ ഇതു മനസ്സിലാക്കാം. ദില്ലിയിലെ ഉദ്യോഗസ്ഥരിൽ വലിയൊരു പങ്കും മുമ്പുണ്ടായിരുന്നവരാണു്. അവരുടെ ശീലം മറ്റുക എന്നതു് എളുപ്പമല്ലായിരുന്നു. യാതോരു വിധ പദവികളും പാർട്ടിയിൽ ഇല്ലാത്ത നൂറു കണക്കിനു് വളന്റിയർമാർ- യാതൊരു വിധ പ്രതിഫലങ്ങളുമില്ലാതെ സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ സഹായിക്കുകയുമാണവർ ചെയ്യുന്നതു്. പ്രത്യേകിച്ചും മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന പരാതിപരിഹാര സെല്ലിൽ ഇവരുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണു്. വാർഡ് സഭകളും മൊഹല്ലു സഭകളും ചേർന്നു് ജനകീയമായ തീരുമാനങ്ങളെടുക്കുന്നതിലും ഇവർക്കു് പങ്കുണ്ടു്.

ഒരു പതിറ്റാണ്ടിലേറെക്കാലം പരിവർത്തൻ എന്ന സാമൂഹ്യ സംഘടനയിലൂടെയും പിന്നീടു് രണ്ടിലേറെ വർഷം ഇന്ത്യ എഗെൻസ്റ്റ് കറപ്ഷൻ വഴിയും പ്രവർത്തിച്ചു് രൂപപ്പെടുത്തിയ വളന്റിയർ സംവിധാനമാണു് ദില്ലിയിൽ പാർട്ടിയുടെ ശക്തി. കേരളത്തിൽ ഇതിന്റെ ആദ്യഭാഗം നടന്നിട്ടില്ല. അതാണു് വളന്റിയർമാർ ഇവിടെ ഇനി ചെയ്യേണ്ടതു്. അതിനു് രണ്ടു വർഷക്കാലത്തെ സമയം വേണം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണു്  2019-ലെ ലോകസഭാ തെരെഞ്ഞെടുപ്പാണു് നാം ലക്ഷ്യം വക്കേണ്ടതെന്നു് ദേശീയ സമിതി അഭിപ്രായപ്പെട്ടതു്. ഇതു ശരിയാണെന്നു്  സംസ്ഥാന ടീമിനു ബോധ്യപ്പെടുകയും ചെയ്തു.

ഇനി നമ്മൾ ചെയ്യേണ്ടതു്:
ഇന്നു് കേരളം ഭരിക്കുന്ന മുന്നണിയുടെ അഴിമതികളും കെടു കാര്യസ്ഥതയും നാം ജനങ്ങൾക്കു മുന്നിൽ വിശദീകരിക്കണം. പ്രതിപക്ഷം അതു് മുഴുവൻ പറയില്ല. കാരണം അതിൽ പലതിനോടും അവർക്കും യോജിപ്പാണുള്ളതു്. അഴിമതിയിലെ ഈ സർവ്വകക്ഷി സമവായം തുറന്നു കാട്ടൻ നമുക്കു് ഒട്ടനവധി ഉദാഹരണങ്ങൾ ഉണ്ടു്. കഴിഞ്ഞ 60 വർഷത്തെ മാറി മാറിയുള്ള ഭരണത്തിൽ പരസ്പരം നൂറു കണക്കിനു് അഴിമതി ആരോപണങ്ങൾ ഇവർ ഉന്നയിച്ചിട്ടുണ്ടു്. പക്ഷെ ഇന്നു വരെ അഴിമതിക്കു് നാമമാത്രമായെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുള്ളതു് ഒരൊറ്റ നേതാവു് – ആർ. ബാലകൃഷ്ണപിള്ള മാത്രം. മറ്റെല്ലാവരും രക്ഷപ്പെടുന്നതെന്തുകൊണ്ടു്? മെത്രാൻ കായലും ആറന്മുള വിമാനത്താവളവും ആയിരക്കണക്കിനു് നിയമ വിരുദ്ധ പാറമടകളും ബി ഒ.ടി ടോൾ റോഡുകളും ലക്ഷങ്ങളെ കുടിയൊഴിക്കുന്ന അതിവേഗ റെയിലും  കുന്നുകളിടിക്കലും പാടങ്ങൾ നികത്തലും റിയൽ എസ്റ്റേറ്റ് മാഫിയാകളും മറ്റും ഇരുമുന്നണികൾക്കും പ്രിയപ്പെട്ട വികസനങ്ങളാണു്. നമ്മുടെ വികസന നയങ്ങൾ നാം ദില്ലിയിലേതു പോലെ ഇവിടേയും താഴെ തട്ടിൽ നിന്നും രൂപപ്പെടുത്തും. 75 ശതമാനം പേർക്കും കേരളത്തിൽ ശുദ്ധമായ കുടിവെള്ളം കിട്ടുന്നില്ല. വായു പോലും മലിനമാണു് പലപ്പോഴും. ഭക്ഷണത്തിന്റെ നല്ലൊരു പങ്കും വിഷമയമാണു്. പൊതു ആരോഗ്യ രംഗം ആകെ തകർന്നിരിക്കുന്നു. ചികിൽസാ ചിലവു് മിക്ക കുടുംബങ്ങൾക്കും താങ്ങാൻ കഴിയാതായിരിക്കുന്നു. വൻകിട സ്വകാര്യ ആശുപത്രികൾ പലതും  ബ്ലേഡ് കമ്പനികളായിരിക്കുന്നു. യാതോരു വിധ ഇടപെടലുകളും സർക്കാരുകൾ ചെയ്യുന്നില്ല. വിദ്യാഭ്യാസ രംഗവും തകർന്നടിഞ്ഞിർക്കുന്നു. പൊതു വിദ്യാഭ്യാസം തകർക്കാനും സ്വാശ്രയ കോഴ സ്ഥാപനങ്ങളെ പ്രോൽസാഹിപ്പിക്കനും ഇരു മുന്നണികളും മൽസരിക്കുന്നു. ഏറെ സമരങ്ങളും വെടിവപ്പും വരെ നടന്ന പരിയാരം സഹകരണ മെഡിക്കൽ കോളെജ് നല്ല ഉദാഹരണം. അതിനെ സ്വാശ്രയ കോളെജാക്കുന്നതിനെ എതിർത്തു് രക്തസാക്ഷികളായവരുടെ പാർട്ടി തന്നെ ഇപ്പോൾ അതു് കോഴക്കോളേജ് ആയി നടത്തുന്നു. ഓരോ പ്രദേശത്തും ഇത്തരം നിരവധി ഉദാഹരണങ്ങൾ നമുക്കു് ചൂണ്ടിക്കാട്ടാനാകും. ഇതെല്ലാമായിരിക്കും നമ്മുടെ പ്രചരണായുധങ്ങൾ. ഓരോ വീട്ടിലും നാമെത്തണം. ഇക്കാര്യങ്ങൾ സംസാരിക്കണം. തെരെഞ്ഞെടുപ്പു് കഴിഞ്ഞു് ആരു ഭരണത്തിൽ വന്നാലും  ഒരു ജനാധിപത്യ പ്രതിപക്ഷമെന്ന നിലയിൽ നാമുണ്ടാകുമെന്ന ഉറപ്പു് അവർക്കു നൽകാൻ നമുക്കു കഴിയണം.

ഏതുവിധ വർഗീയതക്കും പാർട്ടി എതിരാണു്. അവർ ഒരിക്കലും കേരളത്തിൽ വേരുറപ്പിക്കില്ലെന്നു് ഉറപ്പാക്കും വിധം പ്രവർത്തിക്കും. അഴിമതിക്കാർക്കും ക്രിമിനലുകൾക്കുമെതിരെ ശക്തമായ പ്രചരണം നടത്തും. അഴിമതിയില്ലത്ത ഒരു കേരളം വരാൻ ആദ്മി പാർട്ടി അധികാരത്തിൽ വരണമെന്നു് ജനങ്ങൾ പറയുന്നിടത്തു മാത്രമേ പാർട്ടിക്കു് തെരെഞ്ഞെടുപ്പിൽ നിൽക്കാൻ അർഹതയുണ്ടാകൂ.

Comments

comments