സിനിമയെന്ന ആവിഷ്‌ക്കാരവും പ്രകാശ ആവരണവും ബാധ്യതയും; സ്‌ത്രീയെന്ന ശരീരം/പ്രകടനം/സാമീപ്യം/സൗഹൃദം/ബന്ധം/അകല്‍ച്ച/മായാപ്രതീതി; എന്നീ മുഖ്യവലയങ്ങളും, സ്‌നേഹം; മദ്യം; പുക; പ്രവാസം; ഓര്‍മ്മകള്‍; അനുഭവങ്ങള്‍; സംഗീതം; കേള്‍വികള്‍; കാഴ്‌ചകള്‍; മതം; പ്രണയം; സൗഹൃദം; കുടുംബം, വിരഹം എന്നീ ഉപവലയങ്ങളും വിവിധ അളവിലും തോതിലും ചുറ്റിവരിയുന്നതിനിടയില്‍ കുടുങ്ങിപ്പോയ മുഖ്യ ആണ്‍ കഥാപാത്രത്തെ നിര്‍മ്മിച്ചെടുക്കുകയും ഉടച്ചുകളയുകയും ചെയ്യുന്ന ലളിത/സങ്കീര്‍ണമായ ഇതിവൃത്ത/ആഖ്യാനപ്പിരിവുകളാണ് ടി വി ചന്ദ്രന്റെ പുതിയ സിനിമ മോഹവലയത്തെ പ്രസക്തമാക്കുന്നത്. ഈ നിര്‍മിതി/ഉടക്കല്‍ തന്നെയാകാം ആ സിനിമയെ രാക്ഷസാകാരം പൂണ്ട കാണിസമൂഹവും ഒളിപ്പിച്ച പൂണുനൂലുമായി ജ്ഞാനോദയപ്പെട്ട പുരസ്‌കാരദാതാക്കളും അവഗണിച്ചതിന്റെയും കാരണം.
മുതിര്‍ന്ന സിനിമാസംവിധായകനായ ജോസ് സെബാസ്റ്റ്യന്‍(ജോയ് മാത്യു) മോഹവലയം എന്നു തന്നെ ശീര്‍ഷകമുള്ള തന്റെ പൂര്‍ത്തിയാക്കിയ സിനിമയുടെ പ്രിവ്യൂ കഴിയുന്നതിന്റെ തിരശ്ശീല ദൃശ്യത്തില്‍ തെളിയുന്ന അവസാന ടൈറ്റില്‍ തന്നെയാണ് യാഥാര്‍ത്ഥ ചിത്രത്തിന്റെ ശീര്‍ഷക ടൈറ്റിലും. വിരസതയില്‍ നിന്നും വിലക്കുകളില്‍ നിന്നും ഉല്ലാസത്തിലേക്കു പണിത കിംഗ് ഫഹദ് (സഊദിക്കും ബഹറൈനുമിടയില്‍) പാലത്തിന്മേല്‍ നിന്നും കാന്താകര്‍ഷകണശേഷിയുള്ള കടലിലേക്ക് ചാടിച്ചാവുന്ന അനേകം മനുഷ്യരിലൊരാളായി ജോസ് സെബാസ്റ്റ്യനും അലിഞ്ഞില്ലാതായിട്ടുണ്ടാവും. അതുറപ്പുള്ള കാര്യവുമല്ല. ചാടാന്‍ തയ്യാറായി പാലത്തിനു ഒത്ത നടുക്ക് ചിറകുകളെന്നോണം ഇരുകൈകളും വിടര്‍ത്തിയും പിന്നെ തലയിലേക്ക് ചേര്‍ത്തു വെച്ചും, താന്‍ തന്നെ ആട്ടിയൊഴിവാക്കി വിട്ട സംവിധായകമോഹികളുടെ ഫ്രെയിമിനുള്ളില്‍ തറച്ചു നിന്നുകൊണ്ടാണ് അയാളുടെ ജീവിതം/കഥ/സിനിമ നിര്‍ത്തിവെക്കുന്നത്. അയാളുടെ അപരവ്യക്തിത്വമായ കഥാപാത്രം, നാട്ടില്‍ കുട്ടനാട്ടിലോ മറ്റോ ഉള്ള ബോട്ടുജെട്ടിക്കരികെ കായലില്‍ മരിച്ചും കമിഴ്‌ന്നും കിടക്കുന്നതിന്റെ ക്ലോസപ്പിലാണ് സിനിമ തുടങ്ങുന്നത്/അവസാനിക്കുന്നത്. ഇയാളെവിടുന്ന് വന്നതാണാവോ. ഇവിടെയൊന്നും ഇതിനു മുമ്പ് കണ്ടിട്ടില്ല. എവിടുന്നോ ഒഴുകി വന്നതായിരിക്കും. മനുഷ്യന്റെ ഒരു കാര്യം എന്നാണ് മൃതദേഹം പുറത്തെടുത്തിട്ടത് നോക്കി കാണിക്കൂട്ടം പറയുന്നത്. അഥവാ ആത്മഹത്യ ചെയ്‌തു കഴിഞ്ഞിട്ടുണ്ടെങ്കില്‍ ജോസിന്റെ ശവശരീരം പുറത്തെടുത്തിട്ടാലും ഇത്തരത്തിലുള്ള ഉപചാര-സഹതാപ വാക്കുകള്‍ തന്നെയാണ് അവിടെ തടിച്ചു കൂടുന്നവരും പറയുക. ഒരു പക്ഷെ, വിനിമയ ഭാഷ മറ്റു വല്ലതുമായിരിക്കുമെന്നു മാത്രം.
തനിക്ക് യോജിക്കാത്ത, തന്നെ ഒട്ടും മനസ്സിലാക്കാത്ത, ആള്‍ക്കൂട്ടങ്ങളുടെയും ഒറ്റയൊറ്റ ആളുകളുടെയും മധ്യത്തില്‍ പ്രതിഭാശാലിയായ ഒരു ചലച്ചിത്രകാരന്‍ തടവിലാവുകയാണ്. ഇതില്‍ ഒട്ടൊക്കെ ആത്മകഥാംശവുമുണ്ട്. പണം തയ്യാര്‍ ചെയ്യുന്നതിനാല്‍ നിര്‍മാതാക്കള്‍ മുതല്‍, കാര്യങ്ങളൊരുക്കുന്നതായി ഭാവിക്കുന്നതിനാല്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍/മാനേജര്‍/ഡിസൈനര്‍ തൊപ്പിയണിഞ്ഞു കൊണ്ട് ഓടിയടുത്തു കൂടുന്നവര്‍ വരെ തീര്‍ത്ത ചട്ടക്കൂടുകള്‍ക്കുള്ളിലും വരച്ചിട്ട വരകള്‍ക്കുള്ളിലും, മാനവികചിന്തയുടെയും ജനാധിപത്യ സംസ്‌ക്കാരത്തിന്റെയും കലാചരിത്രത്തിന്റെയും ആവിഷ്‌ക്കാരങ്ങള്‍ നിര്‍വഹിക്കാന്‍ പ്രയാസപ്പെടുന്ന ടി വി ചന്ദ്രന്‍ എന്ന, മലയാളി ഇനിയും പരിചയപ്പെട്ടിട്ടില്ലാത്ത സംവിധായകന്റെ ആസന്ന-അപരവ്യക്തിത്വം ആണ് ജോസ് സെബാസ്റ്റ്യന്‍. പല മട്ടിലും ദിക്കിലും സഞ്ചരിക്കുന്നതും നിശ്ചലമായതുമായ യാഥാര്‍ത്ഥ്യങ്ങളും പ്രതീതിയാഥാര്‍ത്ഥ്യങ്ങളും ചേര്‍ന്ന് രൂപപ്പെടുകയും ഒപ്പം ഉടഞ്ഞില്ലാതാകുകയും ചെയ്യുന്ന രൂപഘടനക്കുള്ളില്‍ നിന്ന് ആഖ്യാനത്തെയോ ഇതിവൃത്തത്തെയോ വേര്‍തിരിച്ചെടുക്കേണ്ട ബാധ്യതയില്‍ നിന്ന് കാണി വിമോചിപ്പിക്കപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനം. തുടര്‍ച്ചയും പരസ്‌പര ബന്ധവുമുണ്ടെങ്കിലും അവയില്‍ ഊന്നേണ്ടതില്ലെന്നു ചുരുക്കം.
നാലായിരം കൊല്ലം മുമ്പ്, ഉപ്പുവെള്ളം മാത്രം ലഭ്യമായ കടലുകള്‍ക്കും മരുഭൂമികള്‍ക്കുമിടയില്‍ കുടിവെള്ളം എന്ന അത്ഭുതം/മരീചിക കണ്ടെത്തിയതിന്റെ ഫലമായാണ് അറേബ്യന്‍ ഗള്‍ഫ് രാജ്യമായ ബഹറൈനില്‍ മനുഷ്യരുടെ കുടിത്താമസം ആരംഭിച്ചത്. അന്നു തൊട്ട് മരിച്ചവരെല്ലാം അവിടെ അടക്കം ചെയ്യപ്പെട്ടിട്ടുണ്ടാവും. ഹല്‍വ ഫാക്‌ടറിയിലെ മുഖ്യ പണിക്കാരനായ ബഷീര്‍ക്കാ(സിദ്ദീഖ്) പറയുന്നതു പോലെ നാലായിരം കൊല്ലം മുമ്പ് മരിച്ചവരും ഇപ്പോള്‍ മരിച്ചവരും ഒരു ടീമല്ലേ. അതെ, മരിച്ചവരുടെ ഒരു ടീമും ജീവിച്ചിരിക്കുന്നവരുടെ ഒരു ടീമും എന്നിങ്ങനെ ലോകത്തിലൂടെയും കാലത്തിലൂടെയും തലങ്ങും വിലങ്ങും സഞ്ചരിച്ചാലും രണ്ടു തരം മനുഷ്യരെയല്ലെ നമുക്ക് കണ്ടു മുട്ടാനാവൂ. (ഭൂമിയുടെ അവകാശികളില്‍ നോണും അണ്‍നോണും/അറിയപ്പെടുന്നവരും അല്ലാത്തവരും എന്നിങ്ങനെ രണ്ടു ടീമുകളാണ് ലോകത്തുള്ളത് എന്നായിരുന്നു വ്യാഖ്യാനം) എന്നിട്ടെന്തിനാണ് നാം പിന്നീടും വിഭജനങ്ങളും കുരുതികളും ദുരിതങ്ങളും വിതക്കാനായി; മതങ്ങളും ദേശ രാഷ്‌ട്രങ്ങളും അതിര്‍ത്തികളും പാസ്‌പോര്‍ടും വിസയും എല്ലാം നിര്‍മ്മിച്ചു കൂട്ടിയിരിക്കുന്നത്. പരിഷ്‌ക്കാരം എന്നത് സത്യത്തില്‍ നമുക്കിടയില്‍ സൃഷ്‌ടിച്ചെടുത്തിട്ടുള്ള ചുമരുകളും അടച്ചിട്ട ജനാലകളും തുറക്കാത്ത വാതിലുകളും അതിര്‍ത്തിവേലികളും തടവറമതിലുകളുമല്ലേ എന്ന ദാര്‍ശനിക ചോദ്യമാണ് ടി വി ചന്ദ്രന്‍ ഉയര്‍ത്തുന്നത്.
മലയാളി അനുഭവിക്കുന്ന പ്രവാസം, ലോകത്തെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും മനുഷ്യര്‍ കുരുതി കൊടുക്കപ്പെടുകയും ചെയ്യുന്ന അഭയാര്‍ത്ഥിത്വം എന്ന പൊള്ളുന്ന ചരിത്രയാഥാര്‍ത്ഥ്യത്തോട് കൂട്ടി നിര്‍ത്താവുന്നതും ചേര്‍ത്തു വെക്കാവുന്നതും ആയ ഒന്നല്ല. വേദനയും വിരഹവും പട്ടിണിയും തന്മാനഷ്‌ടവും ഒറ്റപ്പെടലും എല്ലാം രണ്ടിലുമുണ്ടെങ്കിലും, ആഭ്യന്തരകലഹങ്ങളുടെയും വംശീയ ലഹളകളുടെയും അമിതാധികാര തേര്‍വാഴ്‌ചകളുടെയും സാമ്രാജ്യത്വ യുദ്ധങ്ങളുടെയും ഫലമായി ഓടിപ്പോകുകയും ഒളിച്ചോടുകയും ചെയ്യുന്നവരല്ല കേരളീയപ്രവാസികളായി മാറുന്നത്. സിറിയയില്‍ നിന്നും ഫലസ്‌തീനില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് നിരാശ്രയരുടെ പ്രത്യക്ഷ നിയമലംഘനവും, രാഷ്‌ട്രീയ-ചരിത്രപരമായ ശരികളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ പ്രവാസം ചര്‍ച്ച ചെയ്യപ്പെടാത്തതും ഇതു കൊണ്ടു തന്നെ. പ്രണയത്തിന്റെ പുറം പൂച്ച് കാണിച്ച്; കാമുകിയുടെ ശരീരം ആസ്വദിക്കുകയും, അവളുടെ മുഴുവന്‍ സമ്പാദ്യവും തട്ടിയെടുക്കുകയും ചെയ്‌തതിനു ശേഷം അതിധനാഢ്യനായി മാറിക്കഴിഞ്ഞ് ആദിവാസി പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗിക പീഡനത്തെക്കുറിച്ച് താന്‍ ആശങ്കാകുലനാണെന്നും അതിനെക്കുറിച്ച് സിനിമയെടുക്കാന്‍ താങ്കള്‍ തയ്യാറാകണമെന്നും സംവിധായകനോട് പറയുന്ന നന്ദകുമാര്‍ മേനോന്‍ (സന്തോഷ് കീഴാറ്റൂര്‍) എന്ന നവജാതിവാല്‍ നാട്യക്കാരന്റെ മുഖത്താട്ടുന്നതിന് ജോസ് സെബാസ്റ്റ്യനെ പ്രേരിപ്പിക്കുന്നതും ഈ രാഷ്‌ട്രീയ ബോറടിയാണ്. പ്രശസ്‌തിയുണ്ടെന്നതിന്റെ പേരില്‍ ഏതാളുടെയും മുഖത്തോടൊപ്പം ഒട്ടി നിന്ന് സെല്‍ഫിയെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുന്നതിലൂടെ ജീവിത സായൂജ്യമണിയുന്നവരെയും ദൈനംദിന മലയാളികള്‍ക്കിടയിലെന്നതു പോലെ പ്രവാസികള്‍ക്കിടയിലും കാണാമെന്ന കാര്യവും സത്യമാകുന്നത് അവരുടെ രാഷ്‌ട്രീയ അസ്ഥാനങ്ങള്‍ കൊണ്ടാണ്.
പ്രിവ്യൂവിനും സ്വീകരണങ്ങള്‍ക്കുമായി ബഹറൈനിലെത്തുന്ന ജോസിനെ അനുധാവനം ചെയ്യുന്ന ഭാര്യ എലിസബത്തിന്(പാര്‍വതി) അയാളുടെ മാനസിക-ശാരീരിക ആരോഗ്യങ്ങളില്‍ ശ്രദ്ധ ഉണ്ടെങ്കിലും, മകന് അയാളുടെ രീതികള്‍ പൊരുത്തപ്പെടാനാവാത്തതിനാല്‍ അയാളോട് സാധാരണ ആശയവിനിമയം പോലുമില്ലാതെ അമേരിക്കയില്‍ അഭയം തേടുന്നു. കേരളം കണ്ട പല പ്രതിഭാശാലികളുടെയും ജീവിതത്തില്‍ അവര്‍ നേരിട്ട അനുഭവങ്ങള്‍ ഇവിടെ ഒന്നായി നീറ്റലില്‍ മുങ്ങിക്കൊണ്ട് പ്രത്യക്ഷമാവുന്നു. എന്നാല്‍, ഭാര്യയെ വിട്ട് മദ്യത്തിനു പിന്നാലെയും മദ്യത്തിനൊപ്പം പുതുതായി പരിചയപ്പെടുന്ന ബാര്‍ നടത്തിപ്പുകാരിയുടെ പിന്നാലെയും ആസക്തികളുമായി അലയാന്‍ അയാളെ ഒരു സദാചാര ചരിത്രവും ധാര്‍മിക സന്ദിഗ്‌ദ്ധതകളും തടയുന്നില്ല. നിന്റെ ശരീരത്തിനെയും മനസ്സിനെയും നിയന്ത്രിക്കാനാണെപ്പോഴും സമൂഹ നിര്‍മിതിയുടെ പേരില്‍ സദാചാര-ധാര്‍മിക നിയമങ്ങള്‍ വ്യക്തിയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും നൈസര്‍ഗികതയും സ്വതസ്സിദ്ധതയും വന്യമായ ആസക്തികളും പ്രകടിപ്പിക്കാന്‍ എനിക്കെന്നെങ്കിലും എപ്പോഴെങ്കിലും അവസരം ലഭിക്കുമോ എന്ന ചോദ്യം വ്യക്തിക്ക്/വ്യക്തികള്‍ക്ക് ഉന്നയിക്കാന്‍ പോലുമാകുന്നില്ല. ഈ പ്രതിസന്ധിയാണ് മോഹവലയത്തിലെ വിവിധ സന്ധികളിലൂടെ പ്രശ്‌നവത്‌ക്കരിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നത്.
ആരാധകരെന്നോണം അടുത്തു കൂടുന്ന ഷാനവാസ്(ഷൈന്‍ ടോം ചാക്കോ), അജിത്(സുധീഷ്), അജിത്തിന്റെ അമ്മാമനും കഥ പറച്ചിലുകാരനുമായ രാധാമോഹന്‍(രണ്‍ജി പണിക്കര്‍) എന്നിവരുടെ സിനിമാ നിര്‍വഹണ സംരംഭത്തിന് ഉപദേശം നല്‍കണമെന്ന ആവശ്യം അംഗീകരിച്ചുകൊണ്ടാണ് തന്റെ ബഹറൈന്‍ വാസം ജോസ് സെബാസ്റ്റ്യന്‍ നീട്ടുന്നത്. കുറച്ചു ദിവസം കൂടി നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കാം, ഭാര്യയുടെ ശല്യമില്ലാതെ ഇഷ്‌ടം പോലെ മദ്യപിക്കുകയും പുക വലിക്കുകയും ചെയ്യാം എന്നീ അലച്ചില്‍ സ്വാതന്ത്ര്യങ്ങള്‍ ലക്ഷ്യമിട്ടാണ്, അല്ലാതെ ഒരു താല്‌പര്യവും തോന്നിപ്പിക്കാത്ത സിനിമാ പ്രോജക്‌ടിന്റെ പേരിലല്ല അയാള്‍ അവിടെ തങ്ങാന്‍ പോകുന്നതെന്ന് ആ ഘട്ടത്തില്‍ തന്നെ എല്ലാവര്‍ക്കും വ്യക്തമാകുന്നുണ്ട്. അതിനാലാണ്, പിന്നീട് താല്‍പര്യങ്ങളില്‍ നിന്ന് താല്‍പര്യങ്ങളിലേക്കും താല്‍പര്യരാഹിത്യങ്ങളില്‍ നിന്ന് താല്‍പര്യരാഹിത്യങ്ങളിലേക്കും ആസക്തികളില്‍ നിന്ന് ആസക്തികളിലേക്കും അവസാനം നിരാശയില്‍ നിന്ന് ഉപേക്ഷകളിലേക്കും മാറി മാറി അലയുന്ന അയാളുടെ അനിവാര്യ-അനാഥത്വത്തോട് ആര്‍ക്കും സഹതാപം തോന്നാത്തത്. ഈ സഹതാപ നിരാസം, സത്യത്തില്‍ എല്ലാ പ്രവാസികളോടും മലയാളികള്‍ പുലര്‍ത്തുന്ന ഉപേക്ഷ/നിസ്സംഗത തന്നെയാണ്. കാരണം, രാഷ്‌ട്രീയ അനിവാര്യതകളില്‍ നിന്നല്ല മലയാളിയുടെ പ്രവാസങ്ങളുത്ഭവിക്കുന്നത് എന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, സാമ്രാജ്യത്വം അനിവാര്യമാക്കുന്ന രാഷ്‌ട്രീയ യാഥാര്‍ത്ഥ്യം തന്നെയാണ് മലയാളികളുടെ പ്രവാസം എന്ന തിരിച്ചറിവിലേക്ക് നടന്നടുക്കാന്‍ മാത്രം ചരിത്ര അന്വേഷണങ്ങള്‍ക്ക് അവര്‍ തയ്യാറല്ല എന്ന സത്യവും കാണാതിരിക്കേണ്ടതില്ല.
ഓരോ ചലച്ചിത്രകാരനും മറ്റേതൊരു കലാവിഷ്‌ക്കര്‍ത്താവുമെന്നതു പോലെ താന്‍ ഇടപെടുന്ന നിര്‍വഹണ മാധ്യമത്തിന്റെ ചരിത്രത്തെക്കൂടിയാണ് മാറ്റിയെഴുതുന്നത്. അതല്ലാതെയുള്ള ഏതു പ്രയോഗവും ചരിത്രവിരുദ്ധമാണെന്ന കാഴ്‌ചപ്പാട് മുന്നോട്ടുവെക്കുന്നതിനു വേണ്ടി; തന്റേതടക്കം ലോകസിനിമാപ്രേമികളുടെ ധാരണകള്‍ നിരന്തരമായി തിരുത്തിക്കുറിച്ച അസാധാരണമായ സിനിമകളുടെ ക്ലിപ്പിങ്ങുകള്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഓടി മറയുന്ന വിധത്തില്‍, അതും ആരംഭിക്കാനിരിക്കുന്ന ചലച്ചിത്രകഥാചര്‍ച്ച എന്ന ഭോഷ്‌ക്കിനു മുന്നോടിയായി രേഖപ്പെടുത്തുന്നത് തീര്‍ത്തും പ്രസക്തമായിരിക്കുന്നു. ലാ ഡോള്‍സ് വിറ്റ(ഫെല്ലിനി), ഡ്രീംസ്(കുറോസാവ), സെവന്‍ത് സീല്‍(ബര്‍ഗ്‌മാന്‍), ഗ്രേറ്റ് ഡിക്‌റ്റേറ്ററും മോഡേണ്‍ ടൈംസും(ചാപ്ലിന്‍), ഡിസ്‌ക്രീറ്റ് ചാം ഓഫ് ദ ബൂര്‍ഷ്വാസി(ബുനുവല്‍), അഗിറെ ദ റാത്ത് ഓഫ് ഗോഡ്(ഹെര്‍സോഗ്), അമ്മ അറിയാന്‍(ജോണ്‍ ഏബ്രഹാം) എന്നീ സിനിമകളുടെ അതിഹ്രസ്വ ദൃശ്യങ്ങളാണ് സിനിമയുടെ ധന്യവും മഹത്തുമായ ചരിത്രത്തെ ഝടുതിയില്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി ഘടിപ്പിച്ചു ചേര്‍ത്തിരിക്കുന്നത്. അമ്മ അറിയാനിലെ ക്ഷോഭിക്കുന്ന/വേദനിക്കുന്ന യുവത്വത്തിന്റെ നായകത്വപ്രതീതിയായി രേഖപ്പെടുത്തപ്പെട്ട ജോയ് മാത്യു തന്നെയാണ് തിരക്കുള്ള മുഖ്യധാരാ നടനെന്ന പ്രത്യക്ഷീകരണവും കടന്ന് ഈ ചിത്രത്തിലെ നായകന്‍/സംവിധായകനെ അവതരിപ്പിക്കുന്നത് എന്ന യാദൃശ്ചികമല്ലാത്ത യാഥാര്‍ത്ഥ്യത്തിലേക്കെത്തുന്നതിനുള്ള നേര്‍വഴികളാണീ ഘട്ടം.
വിനോദമാണോ സിനിമയുടെയെന്നതു പോലെ ജീവിതത്തിന്റെയും ലക്ഷ്യം എന്ന നിര്‍ണായകമായ ചോദ്യം മോഹവലയത്തില്‍ നിരന്തരം മുഴക്കപ്പെടുന്നുണ്ട്. എന്താണ് വിനോദം എന്ന ആത്യന്തികമായ അടിസ്ഥാന ചോദ്യം തന്നെയാണ് ഈ ചോദ്യത്തിലൂടെ വ്യാപിപ്പിക്കപ്പെടുന്നത്. ദൈനം ദിന ജീവിതത്തിന്റെയും നിത്യവിരസതയുടെയും തടവുകളില്‍ നിന്ന് അല്‍പവിനോദസാധ്യതകളുടെ അഭയ കേന്ദ്രങ്ങള്‍ തേടി എന്നതു പോലുള്ള ക്ലീഷേകളില്‍ തട്ടി വിനോദം എന്ന പ്രഹേളിക ഉടയുന്നതിനും മോഹവലയം സാക്ഷിയാകുന്നു. ജി അരവിന്ദനുള്ള ആദരപത്രങ്ങളെന്നോണം അനുഭവപ്പെട്ട ചില കാരിക്കേച്ചറുകളും മോഹവലയത്തെ മലയാള സിനിമാചരിത്രരേഖയിലേക്ക് ചേര്‍ത്തു വെക്കുന്നുണ്ട്. സംവിധായകന്റേതു തന്നെ ഒരു കാരിക്കേച്ചറാണ്. നിര്‍മാതാവ്, സിനിമാകുതുകികള്‍, ബാറിലെ പരസ്‌പരം തല തല്ലിപ്പൊട്ടിക്കുന്ന ചെസ് കളിക്കാര്‍, മദ്യശാലയിലെ ഒഴിപ്പുകാരികളെ പ്രണയിക്കുന്ന മലയാളികള്‍ മുതല്‍ പാക്കിസ്ഥാനികള്‍ വരെയുള്ളവര്‍, ആദിവാസി സ്‌ത്രീകളുടെ പീഡിതാവസ്ഥയില്‍ പരിതപിക്കുന്ന വേദനിക്കുന്ന കോടീശ്വരന്‍ മുതല്‍ മുസ്ലിം യുവതികളുടെ അനാഥത്വത്തില്‍ സഹതപിക്കുന്ന ചിത്രത്തിനകത്തെയും ചിത്രത്തിന്റെ തന്നെയും സംവിധായകന്‍ എന്നിങ്ങനെ നിരവധി കാരിക്കേച്ചറുകളെ നമുക്ക് നിരന്തരം കണ്ടുമുട്ടാമെന്നതാണ് മോഹവലയത്തിന്റെ ഒരു സാധ്യത. ആ അര്‍ത്ഥത്തില്‍ മോഹവലയം ഒരു മോഹ-നാല്‍ക്കവലയുമാകുന്നുണ്ട്.
ഗള്‍ഫ് പ്രവാസം അനിവാര്യമാക്കുന്ന കേരളീയ ജീവിതാവസ്ഥകളും അപ്പപ്പോഴായി ചിത്രത്തില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. അതും ഒരു ഉള്‍വലയം തന്നെ; പ്രവാസത്തെ നിര്‍ബന്ധമാക്കുന്ന അകം വലയം. നാടകക്കാരിയാവുന്നതും നാടകക്കാരനായ ഉത്തമനെ കെട്ടുന്നതും അയാള്‍ക്ക് അസൂയയും മറ്റും മൂത്ത് അസുഖമാവുന്നതും പിന്നെ അയാളെ രക്ഷിക്കാനും ഉപേക്ഷിക്കാനും സംരക്ഷിക്കാനുമായി പ്രമീള(മൈഥിലി)ക്ക് ബഹറൈനിലെത്തി മദ്യശാലകളില്‍ നൃത്തമാടിയും പിന്നെ സ്വന്തമായി മദ്യശാല നടത്തിയും സ്‌പോണ്‍സറുടെ വെപ്പാട്ടിയായി തീര്‍ന്നും മാറുന്നതിന് സമാനമായ കഥകള്‍ തന്നെയാണ് മറ്റുള്ളവര്‍ക്കുമുള്ളത്. സ്വപ്‌നം കാണുകയും കൂടുതല്‍ സ്വപ്‌നങ്ങള്‍ ഭാവന ചെയ്യുകയും അവയെ ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന പണിയാണ് സിനിമാ സംവിധായകനായ തന്റേത് എന്നഭിമാനിക്കുന്ന ജോസിനോട്, പ്രമീള പറയുന്നത് എനിക്ക് സ്വപ്‌നം കാണാന്‍ കഴിയാറില്ല. കാരണം എനിക്ക് ഉറക്കം തന്നെ കുറവാണ്. ഉള്ളത് ഡീപ്പ് ആണ്. മറ്റു സമയം മുഴുവന്‍ ഞാന്‍ ഉണര്‍ന്നിരിക്കും, ആരോടോ ഉള്ള പ്രതിഷേധം പോലെ. ജീവിതം എന്തിനാ ചിത്രീകരിക്കുന്നത്, അതങ്ങു ജീവിച്ചു തീര്‍ത്താല്‍ പോരേ എന്ന് ബഷീര്‍ ചോദിക്കുന്നതിന്റെയും പൊരുള്‍ ഇതു തന്നെ. ചലച്ചിത്രവും ജീവിതവും എന്നതു പോലെ, ചലച്ചിത്രകാരനും സാധാരണ മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തെ സുതാര്യമായും ലളിതമായും അവതരിപ്പിക്കുന്നതിലൂടെ താന്‍ നിര്‍വഹിച്ചു പോന്നതും നിര്‍വഹിക്കുന്നതുമായ ചലച്ചിത്രനിര്‍വഹണം എന്ന പ്രക്രിയയെത്തന്നെ വിമര്‍ശനവിധേയമാക്കുകയാണ് ടി വി ചന്ദ്രന്‍ ചെയ്യുന്നത്.
Be the first to write a comment.