തിന്നാന്‍ വരുന്ന ചെകുത്താന്റെ കയ്യില്‍ നിന്നാണ് സഹായം കിട്ടുന്നതെങ്കില്‍ ആദ്യം അത് വാങ്ങണമെന്നാണ് എന്റെ പക്ഷം. വാങ്ങി ഉപയോഗിച്ച്  പിന്നെ അവര്‍ തിന്നുന്നെങ്കില്‍ തിന്നട്ടെ എന്ന് രണ്ടാമതാലോചിക്കാം. ഇടപെടുക എന്നതാണ് പ്രധാനം. ബാക്കിയെല്ലാം പിന്നീടാണ്. – ബിജെപിയുമായുള്ള ബന്ധത്തെ ന്യായീകരിച്ച് സി കെ ജാനു പറഞ്ഞത്.

‘ഡോക്ടർ ഫോസ്റ്റസിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും ദുരന്തപര്യവസായിയായ ചരിത്രം.’ എന്ന പേരിൽ ഫോസ്റ്റസിന്റെ ഐതിഹ്യം അവലംബിച്ച്  ക്രിസ്റ്റഫർ മാർലോ എഴുതിയ അതിപ്രശസ്തമായ കാവ്യനാടകമുണ്ട്. “Was this the face that launched a thousand ships..” എന്നു തുടങ്ങുന്ന കാവ്യശകലം ആ കൃതിയിൽ നിന്നുള്ളതാണു.  ചെകുത്താനു സ്വന്തം ആത്മാവ് വിൽക്കുന്ന ഡോക്ടർ ഫോസ്റ്റസ് എന്ന ഒരു ജർമ്മൻ പണ്ഡിതന്റെ കഥയാണത്. നിലവിലുള്ള അറിവുകളുടെ പരിമിതികളിൽ മനം മടുത്ത അയാൾ ആഭിചാരക്രിയയകൾക്ക് പിന്നാലെ പോകുകയും തിന്മയെ ഉപാസിക്കുകയും ഇരുപത്തിനാലു വർഷക്കാലത്തേക്ക് ലൂസിഫറുമായി, ചെകുത്താനുമായി, തന്റെ ആത്മാവ് എഴുതിക്കൊടുക്കുന്ന ഒരു കരാറിൽ ഏർപ്പെടുകയും ചെയ്യുന്നു. സ്വന്തം ചോര കൊണ്ട് ആ കരാർ എഴുതിക്കഴിയുമ്പോഴേക്കും ‘Homo fuge’ –  ‘മനുഷ്യാ, പറക്കുക’- എന്നൊരു ലാറ്റിൻ ലിഖിതം ഫോസ്റ്റസിന്റെ കയ്യിൽ തെളിയുന്നു. ദൈവത്തിന്റെ നിയമത്തിന്റെ പരിമിതികളൊന്നും ചെകുത്താന്റെ സ്വാതന്ത്ര്യത്തിനില്ല. കരാർ കാലയളവിലുടനീളം പിന്നെ ചെകുത്താന്റെ കരുത്തിന്റെ ചിറകിലേറി പറക്കുന്ന ഫോസ്റ്റസ് ഒടുവിൽ പശ്ചാത്തപിച്ച് അത് അവസാനിപ്പിക്കാൻ അതിയായി ആഗ്രഹിക്കുന്നെങ്കിലും  പിന്നീടൊരിക്കലും തന്റെ ആത്മാവിനെ വീണ്ടെടുക്കുവാൻ കഴിയാത്തവണ്ണം നിത്യനരകത്തിലേക്ക് ആനയിക്കപ്പെടുന്നതോടെ ഫോസ്റ്റസിന്റെ  ജീവിതത്തിന്റെ ദുരന്തനാടകം പൂർണ്ണമാകുന്നു.

സി കെ ജാനു വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുമായി മൽസരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു എന്ന് അല്പനാളുകൾക്ക് മുൻപൊരു വാർത്ത വന്നിരുന്നു. സി കെ ജാനുവും ആദിവാസി ഗോത്ര മഹാസഭയുമായി ചേർന്ന് നിന്ന് ആദിവാസിപ്രശ്നങ്ങൾക്കു വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിലകൊണ്ട മനുഷ്യരെയും മതേതരപക്ഷത്ത് നിൽക്കുന്ന ആളുകളെയും സംബന്ധിച്ച് ആ വാർത്ത ഒരു വെള്ളിടിയായിരുന്നു. എന്നാൽ പിന്നീട് അഴിമുഖം ഓൺലൈനിൽ വന്ന അവരുടെ വിശദീകരണം കുറേയെങ്കിലും ഇത് സംബന്ധിച്ച ആശങ്കകൾ ദുരീകരിച്ചിരുന്നു. കാണണമെന്നും സംസാരിക്കണമെന്നും ആഗ്രഹമറിയിച്ച ആളുകളോട്  പൊതുപ്രവർത്തനത്തിന്റെ മര്യാദപ്രകാരം സംസാരിക്കാൻ തയ്യാറാകുക മാത്രമാണു ചെയ്തതെന്നാണു  അവർ പറഞ്ഞത്.

മുന്നണികളും പാർട്ടികളുമായി സഹകരണത്തിനില്ലെന്നും എന്നാൽ ജനകീയ സമരങ്ങൾ നയിക്കുന്ന ചില സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തപ്പോൾ മുഖ്യധാര മുന്നണികൾക്കു പുറത്ത് കേരളത്തിൽ നടക്കുന്ന നിരന്തരമായ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കാളികളായി നിൽക്കുന്ന ഒരുപാടാളുകളുടെ  പ്രതീക്ഷയെ വീണ്ടും നിലനിർത്തുന്നതിനും അത് കാരണമായി. കാരണം കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും സംസാരിക്കാൻ ഒരേപോലെ തയ്യാറാകാത്ത, എന്നാൽ നിലവിൽ ദേശീയതലത്തിൽ കൂടി ശ്രദ്ധേയമായ പല രാഷ്ട്രീയങ്ങളും ഇവിടെ സംസാരിക്കുന്നത് ഒരു ചെറുവിഭാഗമാണു. ദളിതുകളുടെയും ആദിവാസികളുടെയും അവകാശങ്ങളുടെ,  മണ്ണിന്റെ, കാടിന്റെ, ദേശീയതയുടെയടക്കമുള്ള പല രാഷ്ട്രീയങ്ങളും നിരന്തരസമരങ്ങളാലും പ്രക്ഷോഭങ്ങളാലും ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന, മുഖ്യധാരയ്ക്ക് പുറത്ത് സത്യം കൊണ്ടും അവരവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളോടുള്ള മമതയെ കടന്നുനിൽക്കുന്ന ആദർശനിഷ്ഠകൊണ്ടും അടയാളപ്പെടുത്തുന്ന ഒരു ചെറുവിഭാഗം. സി കെ ജാനുവിനെയും ഗോത്രമഹാസഭയെയും തീർച്ചയായും അതിന്റെ ഭാഗമായാണു അവരെല്ലാവരും കണ്ടിരുന്നതും. എന്നാൽ അറുത്ത് മുറിച്ച് ബിജെപിയുമായി ബന്ധമുണ്ടാകില്ല എന്ന് പറയാൻ സി കെ ജാനു തയ്യാറായിരുന്നില്ല എന്നത് വളരെ പ്രധാനമായിരുന്നു. ഇടത് വലത് മുന്നണികൾ പോലെ തന്നെയാണു ബിജെപിയും എന്നാണു അവർ പറഞ്ഞത്. ആ സാമാന്യവൽക്കരണത്തിന്റെ ഒടുവിലത്തെ പരിണതിയാണു ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പാർട്ടി രൂപീകരിച്ച് എൻ ഡി എയുടെ സ്ഥാനാർത്ഥിയായി, ഭാഗമായി സികെ ജാനു സുൽത്താൻ ബത്തേരിയിൽ മൽസരിക്കുന്നു എന്ന വാർത്ത.

രണ്ട് രീതിയിൽ കേരളത്തിന്റെ പുരോഗമനരാഷ്ട്രീയ മനഃസാക്ഷിയെ സി കെ ജാനു മുറിപ്പെടുത്തിയിരിക്കുന്നു. ഒന്ന് ബദൽസമരങ്ങളുടെ ചരിത്രത്തിൽ സ്ഥാനം നേടിയ അവർ ആരുമായും കൂട്ടുചേരാൻ തയ്യാറാണെന്നും വിലപേശാൻ തയ്യാറാണെന്നും സൂചിപ്പിച്ചതു വഴി അധികാരലക്ഷ്യങ്ങൾക്കു വേണ്ടി എന്നതിനു പകരം മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടിരുന്ന ബദൽസമരങ്ങളുടെ ഉറച്ച സംശുദ്ധിയെ സംശയത്തിന്റെ നിഴലിൽ നിർത്തുകവഴിയും അതിന്റെ കെട്ടുറപ്പിനെ ചോർത്തിക്കളയുകയും വഴി. രണ്ട് – ചെകുത്താൻ എന്ന് അവർ തന്നെ ഉപമിക്കുന്ന എൻ ഡി എയുമായി കക്ഷി ചേർന്ന് ബിജെപിയുടെ വർഗ്ഗീയരാഷ്ട്രീയത്തിനു കേരളത്തിൽ പരവതാനി വിരിക്കുക വഴിയും.

ബിജെപിയുടെ തീവ്രഹിന്ദുത്വനിലപാടും അതിന്റെ വർണ്ണാശ്രമവ്യവസ്ഥയോടുള്ള പ്രതിപത്തിയിൽ അന്തർലീനമായ ദളിത് വിരുദ്ധതയും പകൽ പോലെ വ്യക്തമാണെന്നതിനാൽ തെളിവുകൾ നിരത്തി സ്ഥാപിച്ചെടുക്കേണ്ടുന്ന ഒരു സംഗതിയല്ല. ഗോത്രസമൂഹങ്ങളുടെ അന്ത്യത്തിലേക്ക് തന്നെ നയിക്കാനാകുന്ന വിധത്തിൽ  ആചാര –ആരാധാന-വിശ്വാസ വൈവിധ്യങ്ങളെയടക്കം ഏകശിലാത്മകമായ ഒരു ബ്രാഹ്മണ്യഹിന്ദുത്വത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണതിന്റേത്.  രോഹിത് വെമുലയുടെ ആത്മഹത്യയും അതിനെ ബിജെപി – ആർ എസ്സ് എസ്സ് കൈകാര്യം ചെയ്യുന്ന രീതിയിലും, വർദ്ധിച്ചു വരുന്ന ദളിത് കൊലപാതകങ്ങളിലും, അതിനെ ഒരിക്കലും അപലപിക്കാത്ത ഹിന്ദുത്വ ഗവണ്മെന്റിന്റെ നിലപാടിലും വരെയായി അതിന്റെ പാർശ്വവൽകൃതരോടുള്ള വെറുപ്പിന്റെ രാഷ്ട്രീയം സ്പഷ്ടമാണു. അങ്ങനെയുള്ള ബിജെപിയെ അത്തരത്തിൽ നിസാരമായി ഇടതുവലതു മുന്നണികളുമായി താരതമ്യം ചെയ്ത് അവ തമ്മിലുള്ള വ്യത്യാസം ലളിതവൽക്കരിക്കുന്നതിലൂടെ അതിഭീമമായ ഒരു രാഷ്ട്രീയ, ചരിത്ര നിരാസമാണു സി കെ ജാനു നടത്തിയത്. കേരളം മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികൾ ആദിവാസികളെ വഞ്ചിച്ചു എന്നതിൽ വാസ്തവം ഒരുപാടുണ്ട്. എന്നാൽ ഇടതായിക്കോട്ടെ വലതായിക്കൊട്ടെ, ആ തെറ്റുകൾ നിലനിൽക്കുമ്പോഴും സോഷ്യലിസവും കമ്മ്യൂണിസവും തത്വശാസ്ത്രമാക്കിയ പാർട്ടികളാണു. അവയെയാണു തീവ്രഹിന്ദുദേശീയതയും വർണ്ണാശ്രമധർമ്മവും ദളിത് – ആദിവാസി – സ്ത്രീ വിരുദ്ധരാഷ്ട്രീയവും മുഖമുദ്രയായ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പേറുന്ന ബിജെപിയുമായി താരതമ്യപ്പെടുത്തുന്നത്. അങ്ങനെ ബിജെപിയുടെ രാഷ്ട്രീയത്തെ സാമാന്യവൽക്കരിക്കുകയും ലളിതവൽക്കരിക്കുകയും ചെയ്യുന്ന തരം രാഷ്ട്രീയ ചർച്ചകളിലേക്ക് കേരളത്തെ കൊണ്ടുപോകുകയും ചെയ്തിരിക്കുകയാണു സി കെ ജാനുവിന്റെ ഈ നിലപാട്. ഇതിന്റെ ബാക്കിയാണു ആദിവാസികളും ദളിതുകളും പാർശ്വവൽകൃതരും ഒരുപാട് കൂടെ ചേർന്നാൽ ബിജെപി എന്ന പാർട്ടിയുടെ നയം തന്നെ മാറിയേക്കുമെന്നും അവർ ഒരു പുരോഗമനപാർട്ടിയായി മാറും എന്ന മട്ടിൽ പോലും ഉണ്ടാകുന്ന ചർച്ചകളും. വാസ്തവത്തിൽ നിലനിൽക്കാത്ത ഒരു വാദഗതിയാണത്.

നിലവിൽ സംവരണമണ്ഡലങ്ങളിലൂടെ നാല്പത് ദളിത് എം പിമാരുള്ളതിനാൽ ഏറ്റവുമധികം ദളിത് പ്രാതിനിധ്യം  പാർലമെന്റിലുള്ള പാർട്ടിയാണു ബിജെപി. അതുകൊണ്ട് ഈ രാജ്യത്തെ ദളിത് വിഭാഗങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടായതായി കരുതാൻ കഴിയുമോ? ബിജെപി അധികാരം ഏറ്റെടുത്ത സമയത്ത് അതിൽ ഒരാളെ പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ നവംബറിൽ മാത്രമാണു രണ്ടു പേരെ ഉൾക്കൊള്ളിച്ചത് – അതും കാബിനെറ്റ് പദവിയില്ലാത്ത മിനിസ്റ്റേഴ്സ് ഓഫ് സ്റ്റേറ്റ് എന്ന പദവി മാത്രം കൊടുത്തുകൊണ്ട്. അംബേദ്കറുൾപ്പടെയുള്ള നേതാക്കൾ വിഭാവനം ചെയ്ത ഭരണഘടനയാണു ബിജെപിയുടെ ആഗ്രഹങ്ങൾക്ക് കടകവിരുദ്ധമായ നിലയിൽ ദളിത് പ്രാതിനിധ്യം ആ സംഘടനയിൽ പോലും ഉറപ്പാക്കുന്നത് എന്ന് ഇതിലൂടെ സ്പഷ്ടമാണു. അത്തരത്തിൽ ഒരു സംഘടനയുമായുള്ള ചങ്ങാത്തത്തിൽ സി കെ ജാനുവിന്റെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും മേൽക്കൈ ലഭിക്കുമെന്നും അവർ പറയും വിധം കാര്യങ്ങൾ നീങ്ങും എന്ന് വിശ്വസിക്കുന്നവർ മൂഡരുടെ സ്വർഗ്ഗത്തിലെ ചക്രവർത്തിമാരാണു. അവരുടെ കൂടെ ചേരുക എന്നതുകൊണ്ട് തങ്ങൾക്കല്ല, അവർക്കാണു പ്രയോജനമെന്നും ജാതിഹിന്ദുക്കളാൽ നയിക്കപ്പെടുന്ന ആ പാർട്ടി തങ്ങളെ സഹായിക്കുകയല്ല മറിച്ച് ഞങ്ങളുടെ കഴുത്ത് മുറിച്ച് സ്വാതന്ത്ര്യം നശിപ്പിച്ചുകളയും എന്നും കോൺഗ്രസ്സിനെക്കുറിച്ച് ഒരിക്കൽ അംബേദ്കർ അഭിപ്രായപ്പെട്ടത് ഇന്ന് എന്തുകൊണ്ടും ചേരുക ബിജെപിക്കാണു.

താമര വിരിയാൻ ഒരിക്കലും അനുവദിക്കാതിരുന്ന കേരളത്തിന്റെ മതനിരപേക്ഷ നിലപാടിനോട് പലതരത്തിൽ യുദ്ധം ചെയ്തുവരികയായിരുന്നു ബിജെപി. തങ്ങളും മറ്റുള്ളവരെപ്പോലെ തന്നെയാണെന്നും സ്വീകാര്യരാണെന്നും സ്ഥാപിക്കുന്ന രീതിയിൽ പല ജാതിസംഘടനകളെയും സമൂഹത്തിന്റെ പല തലങ്ങളിലുള്ളവരെയും കൂടെ നിർത്തുകയും സ്ഥാനാർത്ഥികളാക്കുകയും ചെയ്തുകൊണ്ട് ബിജെപി ശ്രമിച്ചുവന്നത് അതിനു തന്നെയാണു. അമിത് ഷാ നേരിട്ടെത്തി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഭാഗമായാണു വെള്ളാപ്പള്ളി ഉൾപ്പടെയുള്ളവരും പല ജാതിമതസംഘടനകളും ബിജെപിയുമായി കൈകോർത്തത്. സി കെ ജാനു എന്ന വിശ്വാസ്യതയുണ്ടായിരുന്ന ഒരു  ആദിവാസിനേതാവ് കൂടി അതിലേക്ക് വരുന്നതോടെ തങ്ങളൊരു ആദിവാസി – ദളിത് വിരുദ്ധപാർട്ടിയല്ലെന്നും ആദിവാസികളുടെ വലിയ പിന്തുണ തങ്ങൾക്കുണ്ടെന്നുമുള്ള പ്രതീതി സൃഷ്ടിക്കാൻ കേരളത്തിനു പുറത്ത് പോലും ബിജെപിക്ക് സാധിക്കുന്നതായിവരും. ബിജെപിക്ക് ഒരിക്കലുമില്ലാതിരുന്ന ഒരു പുരോഗമനമുഖം  സമ്മാനിക്കാൻ ഇത് സഹായിക്കുമെന്ന്  മാത്രമല്ല അതിലൂടെ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ബദലായി നിന്ന പുരോഗമനപക്ഷക്കാർക്ക് കൂടി തങ്ങൾ സ്വീകാര്യരാണെന്നും ബിജെപിക്ക് ഇനി മേനി നടിക്കാം.

ആദിവാസി ഗോത്രമഹാസഭ സി കെ ജാനുവിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എത്രയൊക്കെ ലോലമാണു കേരളത്തിന്റെ പുരോഗമന മതനിരപേക്ഷ ആവരണമെങ്കിലും അതിന്റെ പൊതുമനസാക്ഷി ഇതുവരെ അതിന്റെ നിയമനിർമ്മാണസഭയിൽ ഒരിക്കലും അനുവദിക്കാതിരുന്ന സാന്നിദ്ധ്യമാണു ബിജെപിയുടേത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കരാളതയെ അംബേദ്കർ രാഷ്ട്രീയവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും ഉപയോഗിച്ച് രാജ്യം അതിജീവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സന്നിഗ്ദ്ധമായ ഒരു കാലയളവിലാണു ആ പോരാട്ടത്തെ അശക്തിപ്പെടുത്തിക്കൊണ്ട് കേരളത്തിൽ ഇത്തരത്തിലൊന്ന് സംഭവിക്കുന്നത്. നാളത്തെ ചരിത്രം കേരളത്തിൽ വർഗീയതയുടെ രാഷ്ട്രീയത്തെ സ്വീകാര്യരാക്കാൻ ശ്രമിച്ച ആളുകളുടെ കണക്കെടുക്കുമ്പോൾ അതിൽ നമ്മളെ വേദനിപ്പിച്ചുകൊണ്ട്, പോരാട്ടങ്ങളുടെയും പീഡനങ്ങളുടെയും ചരിത്രമൊരുപാടുള്ള ബഹുമാന്യയായിരുന്ന ആദിവാസി നേതാവായിരുന്ന, സികെ ജാനുവിന്റെ പേരും തെളിയും എന്നതിൽ സംശയമില്ല. ചെകുത്താന്റെ കയ്യിൽ നിന്ന് സഹായം വാങ്ങി സി കെ ജാനു അതിനു പകരം കൊടുക്കുന്നത്  ഡോക്ടർ ഫോസ്റ്റസിനെപ്പോലെ സ്വന്തം ആത്മാവിനെ മാത്രമല്ല, ബദൽ സമരങ്ങളിൽ അവരുടെയൊപ്പം നിലകൊണ്ട ഒരുപാടു പേരുടെ പോരാട്ടങ്ങളെയും ഒരു ജനതയുടെയും നാടിന്റെ തന്നെയും ചരിത്രത്തെയും ഭാവിയെയുമാണു.

ഒടുവിൽ ചെകുത്താന്റെ സേവകർ എത്തിച്ചേരുന്നു. ഫോസ്റ്റസിന്റെ ഇംഗിതത്തിനു വിരുദ്ധമായി അയാളുടെ ആത്മാവിനെ അവർ നരകത്തിലേക്ക് കൊണ്ടുപോകുന്നു.

CHORUS:
“Cut is the branch that might have grown full straight,

And burned is Apollo’s laurel-bough,
That sometime grew within this learned man.”

Terminat hora diem; terminat auctor opus
– ഈ മണിക്കൂർ ദിവസത്തെ അവസാനിപ്പിച്ചിരിക്കുന്നു, എഴുത്തുകാരൻ തന്റെ ജോലിയും.

Comments

comments