ടി.വി സക്രീനിൽ നമ്മൾ കാണുന്നത് പെണ്ണുങ്ങളുടെ ശരീരം മാത്രമാണ്. അവർ പറയുന്നതുപോലും ആരും കേൾക്കുന്നില്ല. കേട്ടിരുന്നുവെങ്കിൽ സരിതാ നായരെപ്പറ്റി നമ്മളും കോടതിയും ഒരുപോലെ സംസാരിക്കുമായിരുന്നില്ല. സരിതയുടെ വിശ്വാസ്യതയിലും ചാരിത്ര്യശുദ്ധിയിലുമാണ് നമ്മുടെ ഉൽക്കണ്ഠ. വോട്ട്‌ചെയ്ത് നമ്മൾ അധികാരക്കസേരയിലിരുത്തിയ പ്രമാണിമാരുടെ വിശ്വാസ്യതയിലും സദാചാരനിഷ്ഠയിലും നമുക്ക് തെല്ലും സംശയമില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടതിനുശേഷം അധികാരികൾക്കെതിരെ ആരെങ്കിലും കോടതിയിൽപ്പോയാൽ അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന കോടതിയുടെ പുതിയ വ്യാഖ്യാനത്തിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. പരാതിക്കാരന്റെയോ പരാതിക്കാരിയുടെയോ വിശ്വാസ്യതയെക്കുറിച്ച് കൊട്ടത്താപ്പിൽ അഭിപ്രായപ്രകടനം നടത്തുന്നതിലെ അയുക്തികതയ്ക്ക് നിയമത്തിന്റെ പിൻബലമുണ്ടോ എന്ന് നിയമപണ്ഡിതന്മാർ വിശദീകരിക്കുമായിരിക്കാം. ഈ കുറിപ്പ് മറ്റൊരു കാതലായ പ്രശ്‌നത്തിലേക്ക് വിരൽചൂണ്ടുവാനാണ്.സോളാർ കമ്മീഷൻകേരളത്തിലെ ആഭാസന്മാരായ രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളിൽ ചിലരുടെയും ലൈംഗിക – സാമ്പത്തിക താൽപര്യങ്ങൾ മുതലെടുത്ത് പണമുണ്ടാക്കാമെന്ന് കരുതി രണ്ടുംകൽപ്പിച്ച് ഒരുമ്പെട്ടിറങ്ങിയ ഭാഗ്യാന്വേഷിയായ ഒരു സ്ത്രീയാണ് സരിതാ നായർ എന്നാണ് അവരുടെതന്നെ വാക്കുകളിലൂടെ ഞാൻ മനസിലാക്കുന്നത്. വക്കീൽബുദ്ധിയിൽ, പരസ്പരവിരുദ്ധമെന്ന് പുറമേയ്ക്ക് തേന്നിയേക്കാവുന്ന ആ പ്രസ്താവനകളിലൂടെ അവർ പറയാൻ ശ്രമിക്കുന്നത്, തന്റെ താൽപര്യങ്ങൾക്ക് കൂട്ടുനിൽക്കാമെന്ന വ്യവസ്ഥയിൽ, അവരെല്ലാം തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണംചെയ്തുവെന്നാണ്. അത് ശരിയാണെങ്കിൽ, ഒരു തട്ടിപ്പുകാരിയാണെങ്കിൽക്കൂടി ആ സ്ത്രീയെ അധികാരത്തിന്റെ മറവിൽ ചൂഷണംചെയ്ത എം.എൽ.എമാരും മന്ത്രിമാരുമല്ലേ കുറ്റവാളികൾ? അവരല്ലേ വിചാരണചെയ്യപ്പെടേത്? സീസറിന്റെ ഭാര്യയുടെ കാര്യം അവിടെയിരിക്കട്ടെ. തന്നെ ചൂഷണം ചെയ്തുവെന്ന് സരിതാ നായർ ആരോപിക്കുന്ന ജനപ്രതിനിധികളെങ്കിലും സംശയാതീതരായിരിക്കേണ്ടതല്ലേ?

കബളിപ്പിക്കപ്പെട്ട ഒരു സ്ത്രീ, തൊലിക്കട്ടിയും പണവും അധികാരവും വേണ്ടതിലേറെയുള്ള പ്രമാണിമാരുണ്ടാക്കിയ ചതിക്കുഴിയിൽനിന്ന്  രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളായിരിക്കാമെങ്കിലും അവരുടെ പരസ്യപ്രകടനങ്ങളിലെല്ലാം ഒരു സ്ത്രീയുടെ നിസ്സഹായതകൂടിയുണ്ടെന്നത് നമ്മുടെ പെൺപക്ഷചിന്തകർ കാണാത്തതിൽ എനിക്ക് അത്ഭുതം തോന്നുന്നു.

നമ്മുടെ കപടസദാചാരബോധമാണ് ആ സ്ത്രീയെ കെണിയിലകപ്പെടുത്തിയ ഖദർധാരികളായ ആഭാസന്മാർക്കെതിരെ ശബ്ദിക്കുന്നതിൽനിന്ന് നമ്മെ വിലക്കുന്നത്.

നമ്മുടെ കപടസദാചാരബോധമാണ് ആ സ്ത്രീയെ കെണിയിലകപ്പെടുത്തിയ ഖദർധാരികളായ ആഭാസന്മാർക്കെതിരെ ശബ്ദിക്കുന്നതിൽനിന്ന് നമ്മെ വിലക്കുന്നത്. വിശ്വാസ്യതയില്ലാത്ത സ്ത്രീയാണെന്ന കോടതിയുടെ പരാമർശവും ഈ സദാചാരാഭാസത്തിന്റെ സൃഷ്ടിയാണ്.

സമർത്ഥയെന്ന് സ്വയം അഭിമാനിക്കുന്ന ഒരു സ്ത്രീയെ ആവശ്യം കഴിഞ്ഞപ്പോഴോ കണ്ടുപിടിക്കപ്പെട്ടപ്പോഴോ അഭിസാരികയായി മുദ്രകുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നവർ ജനപ്രതിനിധികളാണെന്നത് നിസ്സാരമായൊരു സംഗതിയാണോ? സരിത കുറ്റവാളിയാണെങ്കിൽ അവരെ ഇരയാക്കിയവരെങ്ങിനെയാണ് കുറ്റവാളികൾ അല്ലാതാവുക?
സരിത കുറ്റവാളിയാണെങ്കിൽ അവരെ ഇരയാക്കിയവരെങ്ങിനെയാണ് കുറ്റവാളികൾ അല്ലാതാവുക?

നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ ഇരകളാക്കപ്പെടുന്ന പല സാഹചര്യങ്ങളിലൊന്നാണിതെന്ന് ആരും തിരിച്ചറിയാത്തതെന്തുകൊണ്ടാണ്?

കോടതി പറയുമ്പോലെ ഇതൊരു തിരഞ്ഞെടുപ്പു രാഷ്ട്രീയപ്രശ്‌നമല്ല. ഒരു സ്ത്രീവിരുദ്ധ നിലപാടിന്റെ പ്രശ്‌നമാണ്. അതിനെ ആ മട്ടിൽ കാണാത്ത മാദ്ധ്യമങ്ങളോടും പെൺപക്ഷപ്രഭാഷകരോടും എനിക്ക് പ്രതിഷേധവും പുച്ഛവുമുണ്ട്. സരിതാ നായരൊഴികെയുള്ളവരുടെയെല്ലാം വിശ്വാസ്യതയിൽ അശേഷം സംശയം കോടതിക്കും മലയാളികൾക്കുമില്ലെന്നത് സാമാന്യം നല്ലൊരു ഫലിതവുമാണ്. സരിതയുടെയെന്നപോലെ നമ്മുടെ വിശ്വാസ്യതയും സംശയാസ്പദമാണെന്ന് പറയാതെവയ്യ.

ആ വൈരുദ്ധ്യം ( അഥവാ പാരസ്പര്യം) കണ്ടില്ലെന്ന് നടിക്കാനാവില്ല.

Comments

comments