ആർട്ടിസ്റ്റ് മാധവമേനോൻ ഗാലറിയില്‍ നടന്ന സുനില്‍ വല്ലാര്‍പാടത്തിന്റെ മത്സ്യങ്ങളെ ക്കുറിച്ചുള്ള പെയിന്റിങ്ങുകളുടെ പ്രദര്‍ശനം കണ്ടപ്പോള്‍
ആർട്ടിസ്റ്റ് മാധവമേനോൻ ഗാലറി
ഇപ്പോൾ മത്സ്യങ്ങളുടെ
ഒരു പ്രദർശനശാലയാണ്.
വ്യത്യസ്ത വർണ്ണവും വലിപ്പവും
രൂപവുമുള്ള ഒരു പാട് മത്സ്യങ്ങളുള്ള
ആർട്ടിസ്റ്റ് മാധവമേനോൻ ഗാലറി
ഇപ്പോൾ ഭീമാകാരമായ
ഒരു അക്വേറിയമാണ്.
പെട്ടന്നാണ് ഫ്രെയിമുകൾ തകർത്ത്
എല്ലാ മത്സ്യങ്ങളും പുറത്ത് ചാടിയത്
എന്നിട്ടവ ഹർഷങ്ങൾ വെപ്രാളങ്ങൾ,
തിമിർപ്പുകൾ, പ്രകാശങ്ങൾ
എന്നിവയുടെ ജല നിബിഡതയിൽ നീന്തിക്കളിക്കാൻ തുടങ്ങി.
ഒരു സ്വർണ്ണമത്സ്യം
അതിന്റെ നക്ഷത്ര വാലിളക്കി
ജലമായി മാറിയ ശൂന്യതകളിൽ
തപസ്സനുഷ്ഠിച്ചു.
ആർട്ടിസ്റ്റ് മാധവമേനോൻ ഗാലറി
ഇപ്പോൾ ഒരു പ്രണയ ശാലയാണ്
സുനിൽ വല്ലാർപാടത്തിന്റെ
എല്ലാ മീനുകളും ഇപ്പോൾ പ്രണയഗാനങ്ങൾ ആലപിക്കുന്നു.
ഒരു നൃത്തശാലയിലെന്ന പോലെ ചുവടുകൾ വയ്ക്കുന്നു.
നക്ഷത്രങ്ങളുടെ ചെകിളപ്പൂക്കൾ
കൊരുത്തെടുത്ത മാല കൊണ്ട്
ഒരു നീല മത്സ്യം
കടും കറുപ്പാർന്ന ഒരു മീനിന്റെ കഴുത്തിൽ വരണമാല്യം ചാർത്തി
ന്യൂജെനില്‍ പെട്ട
പേരറിയാ മത്സ്യങ്ങള്‍
തന്റെ പഴയ തലമുറയിലെ
ചാള,ഐല,മുള്ളന്‍
വെളൂരി തുടങ്ങിയ
പരമ്പരാഗത മത്സ്യങ്ങളുടെ
ഫോസിലുകള്‍ തിരഞ്ഞു.
ചില മത്സ്യങ്ങള്‍
പുറത്തിറങ്ങി
കടലിലേയ്ക്കുള്ള വഴി ചോദിച്ചു
മറ്റു ചില മത്സ്യങ്ങള്‍
പുഴയിലേയ്ക്കും ,തോടുകളിലേയ്ക്കും
വഴി ചോദിച്ചു
പുഴ തോട് എന്നീ പദങ്ങളുടെ
അര്‍ത്ഥം അറിയാത്ത ആളുകള്‍
കുളം എന്ന് ഞങ്ങള്‍ കേട്ടിട്ടേ
ഇല്ലെന്നു പറഞ്ഞു
കഴിഞ്ഞ ജന്മത്തില് എട്ടയായിരുന്ന
ഒരു മീന്‍ തന്റെ ഭീമാകാരം
വീണ്ടെടുക്കാന്‍ ശ്രമിച്ചു
ആര്‍ട്ടിസ്റ്റ് മാധവമേനോന് ഗ്യാലറിയിലേയ്ക്ക്
തിരിച്ചു പോകാന്‍ വഴിയറിയാതെ
കുറേ മീനുകള്‍ ടാറിട്ട റോഡില്‍
വെന്തു പൊള്ളി
ഒരു മത്സ്യം മാത്രം
കരയുന്ന നക്ഷത്രം പോലെ
ഫ്രെയ്മില് നിന്നും വേര്‍പെടാനാവാതെ
ആകാശത്തിനും കടലിനും മദ്ധ്യേയായി
പിടഞ്ഞു കൊണ്ടിരുന്നു
Cover Image : Painting by Sunil Vallarpadam
Be the first to write a comment.