അമേരിക്കയും ക്യൂബയും – നോം ചോംസ്കി

അമേരിക്കയും ക്യൂബയും – നോം ചോംസ്കി

SHARE
noam chomsky david barzamian നോം ചോംസ്കി

1997 ഫെബ്രുവരിയിൽ ഡേവിഡ് ബഴ്സാമിയനുമായി നടത്തിയ ഒരു അഭിമുഖ പരമ്പരയിൽ നോം ചോസ്കി ‘പ്രചാരവേലയും പൊതുമനസ്സിന്റെ നിയന്ത്രണവും’ എന്ന വിഷയത്തിൽ സംസരിച്ചിരുന്നു. ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത് അതിൽ ക്യൂബയെപ്പറ്റിയുള്ളതാണു. മുഖ്യധാരാ മാധ്യമങ്ങളും സർക്കാരും അമേരിക്കക്കാരോട് പറഞ്ഞിട്ടുള്ളതും അവരിൽ നിന്ന് പൊതുവേ മറച്ചുവച്ചിട്ടുമുള്ള കാര്യങ്ങളാണു ക്യൂബയെക്കുറിച്ചുള്ള അമേരിക്കൻ പൊതുമനസ്സിന്റെ  ചിന്തകളെ നിയന്ത്രിച്ചുപോരുന്നത്. ക്യൂബയുമായുള്ള വിദേശകാര്യബന്ധത്തിൽ അമേരിക്ക പുതിയ സാധ്യതകൾ അന്വേഷിക്കുന്നുവെന്ന് സൂചനകൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വീണ്ടും പ്രസക്തമാണു ചോംസ്കി പതിവിലും തീവ്രമായ പരിഹാസത്താൽ അമേരിക്കൻ വിദേശകാര്യനയത്തെ തുറന്നുകാണിക്കുന്ന ഈ അഭിമുഖം.
അഭിമുഖം ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ബർസാമിയൻ: ലോകത്തെ മിക്ക രാജ്യങ്ങളും നല്ലരീതിയിലുള്ള ഉഭയകക്ഷിബന്ധമാണു ക്യൂബയുമായി നിലനിർത്തുന്നത്. യു എസ് മാത്രമെന്താണു അവരോട് ഇത്ര ശത്രുത സൂക്ഷിക്കുന്നത്? എന്താണു അമേരിക്കൻ നയത്തിനു പിന്നിൽ?
ചോംസ്കി: വിവാദത്തിനു വലിയ സാധ്യതയൊന്നുമില്ലാത്ത സത്യങ്ങളൊക്കെ പ്രസിദ്ധീകരിക്കാനുംമാത്രം പ്രതിബദ്ധത നമ്മുടെ പത്രങ്ങൾക്കൊക്കെയുണ്ടായിരുന്നെങ്കിൽ അവയുടെയൊക്കെ മുൻപേജിൽ തന്നെ വരുമായിരുന്ന ചില കാര്യങ്ങളുണ്ട്. അവ അല്പം പോലും വിവാദമാകേണ്ട കാര്യങ്ങളൊന്നുമല്ല. എന്നാലും അതൊരു ചരിത്രത്തിന്റെ ഭാഗമാണു, അതിനാൽ ശകലം താല്പര്യം തോന്നിയേക്കും.

ക്യൂബയായിരുന്നു യു എസ്സിന്റെ ആദ്യത്തെ വിദേശകാര്യപ്രശ്നവും പ്രതിസന്ധിയുമൊക്കെ. പുതിയ കാര്യമല്ല, 1820-കൾ മുതൽ. അർദ്ധഗോളം മുഴുവൻ പിടിക്കാനുള്ള പദ്ധതിയുമായി നടന്ന അന്നത്തെ നല്ല പിള്ളകൾ, തോമസ് ജെഫേഴ്സണെപ്പോലെയുള്ളവർ, ക്യൂബയാണു അടുത്ത ലക്ഷ്യം എന്നുറപ്പിച്ചിരുന്നു. സ്പാനിഷുകാരുടെ കൈയ്യിൽ നിന്നാണു ഞങ്ങൾ കട്ടെടുത്തത് എന്ന ന്യായം പറഞ്ഞ് അവർ ഫ്ലോറിഡ കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു. വാസ്തവത്തിൽ അതിന്റെ ശരിക്കുമുള്ള ഉടമകളായിരുന്ന തദ്ദേശീയരുടെ കൈയ്യിൽ നിന്നുമാണേ. അടുത്ത നോട്ടം വടക്കോട്ടായിരുന്നെങ്കിലും ഒരു കണ്ണ് ക്യൂബയുടെ മുകളിലുമുണ്ടായിരുന്നു, ക്യൂബ അവർ വലിയ വിലകല്പിച്ച ഒരു പരിപാടിയായിരുന്നു..

പക്ഷെ ഒരു പ്രശ്നം – ബ്രിട്ടീഷ് കപ്പല്പട.  60-കളിലെ സോവിയറ്റ് സൈനികഭീഷണി പോലൊന്നായിരുന്നു അതും. അന്നത്തെ വൻശക്തിയായിരുന്നു ബ്രിട്ടൻ എന്നതിനാൽ അവരോട് വലിയ രീതിയിലുള്ള വെറുപ്പും.  ഒരു രാജ്യമെന്ന നിലയ്ക്ക് അതിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനുള്ള യു എസ്സിന്റെ ശ്രമങ്ങളെല്ലാം ബ്രിട്ടൻ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നിരുന്നു. ഫ്രീ ട്രേഡ് അഗ്രിമന്റ് വഴി കാനഡയെ ഒടുക്കം സ്വന്തമാക്കുന്നതിനു മുൻപ്, 1775 മുതൽ ആ പ്രദേശം കൈക്കലാക്കാനുള്ള യു എസ് ശ്രമങ്ങൾക്കെല്ലാം ബ്രിട്ടൻ വിലങ്ങുതടിയായിരുന്നു. ഇതിന്റെയൊക്കെയിടയ്ക്കാണു വലിയ വിലയുള്ള പ്രദേശമായി കരുതിയിരുന്ന ക്യൂബയും അവരങ്ങനെ തടസ്സപ്പെടുത്തിക്കൊണ്ട് നിന്നത്. ക്ഷമയോടെ കാത്തിരുന്നേക്കാം എന്നായിരുന്നു ജോൺ ക്യുൻസി ആഡംസിന്റെ നിർദ്ദേശം. പതിയെപ്പതിയെ നമ്മൾ ശക്തരാകുകയും ബ്രിട്ടൻ ക്ഷീണിക്കുകയും ചെയ്തുകൊണ്ടിരിക്കെ, രാഷ്ട്രീയ ഗുരുത്വാകർഷണ നിയമമനുസരിച്ച് പാകം ചെന്ന ഒരു പഴമാകുന്ന ക്യൂബ നമ്മുടെ കയ്യിൽ വന്ന് വീഴും, അന്നതങ്ങ് സ്വന്തമാക്കിക്കളഞ്ഞേക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ഊഹം.

ആ നൂറ്റാണ്ടിന്റെ അവസാനത്തോടെ അത് തന്നെ സംഭവിച്ചു. ബ്രിട്ടൻ കളിയിൽനിന്നു പുറത്തായി. യു എസ് കൂടുതൽ ശക്തരാകുകയായിരുന്നു. സ്പാനിഷ് അമേരിക്കൻ യുദ്ധത്തിന്റെ, ആ പേരു ഒരു അസംബന്ധമാണു, സമയത്ത് സ്പെയിനിൽനിന്ന് മോചിപ്പിക്കാനാണെന്നും പറഞ്ഞ് യു എസ് ക്യൂബയിൽ ഇടപെട്ടു. ഞാൻ പറയുന്നത് വിശ്വസിക്കണ്ട, നിങ്ങളൊന്ന് സൂക്ഷിച്ച് നോക്കണം. ക്യൂബയെ  സ്പെയിനിൽ നിന്നുള്ള മോചിപ്പിക്കാനായായിരുന്നു ആ ഇടപെടൽ എന്നു പറയുമ്പോൾ അത് യഥാർത്ഥത്തിൽ വിമോചനമായിരുന്നോ? അല്ല. സ്പെയിനിനു പകരം അമേരിക്ക വന്നു. ക്യൂബയുടെ താല്പര്യങ്ങളൊക്കെ ലംഘിക്കുന്ന നിയമങ്ങളുമായി അമേരിക്കൻ അഗ്രോ ബിസിനസ്സ് രംഗത്തെത്തി, അതൊരു അമേരിക്കൻ പ്ലാന്റേഷനായി മാറി.

സ്വാതന്ത്ര്യത്തിനായി ക്യൂബ നടത്തിയ ശ്രമങ്ങളൊക്കെ ഒരു തമാശമട്ടിൽ അവരങ്ങ് അടിച്ചമർത്തിക്കളഞ്ഞു. ഉദാഹരണത്തിനു നമ്മുടെ ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ്. ഇനി മേലിൽ അവരുടെ സ്വന്തം കാര്യങ്ങളിലൊന്നും നമ്മൾ ഇടപെടില്ല എന്ന രീതിയിൽ അയൽക്കാരോട് വലിയ ഉദാരമായ നയമായിരുന്നു. 1934 ഒന്ന് ശ്രദ്ധിച്ചേക്കണം. ആ വർഷം ക്യൂബയൊരു വലിയ ബുദ്ധിമോശം കാണിച്ചു. സ്വതന്ത്രചിന്താഗതിക്കാരനും മിതവാദക്കാരനുമായിരുന്ന ഒരു സോഷ്യൽ ഡെമോക്രാറ്റിനെ അവരു പ്രസിഡന്റായി തെരഞ്ഞെടുത്തുകളഞ്ഞു. അയ്യയ്യൊ ! അതൊക്കെ ലേശം കടന്നകൈയ്യല്ലേ ! പുറത്താക്കിക്കളഞ്ഞേക്കാം. അങ്ങനെ 1959 വരെ അതങ്ങ് തുടർന്നു.

1959 -ൽ കാസ്ട്രോ വന്നു. ക്യൂബയെ നമ്മുടെ രീതിക്കനുസരിച്ച്  നിർത്താൻ പറ്റുമോ എന്നൊരു ചോദ്യമിട്ട് യുഎസ് അല്പസമയം കളിച്ചു. പുതിയ ഒരു നയപ്രശ്നമായിരുന്നില്ല – 1820-കൾ മുതൽ അങ്ങനെ ആയിരുന്നു എന്നതോർക്കണം. കാസ്ട്രോയ്ക്ക്  ഈ പാന്റ് ചെറുതാണെന്ന് ഒന്ന് രണ്ട് മാസത്തിനകം അമേരിക്കയങ്ങ് തീരുമാനിച്ചുകളഞ്ഞു. എന്നുവെച്ചാൽ റഷ്യക്കാർ രംഗത്തില്ല, കാസ്ട്രോയാണെങ്കിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണു – കമ്മ്യൂണിസ്റ്റ് പാർട്ടികരെയും അയാൾ ജയിലിലിടുന്നുണ്ട്, അപ്പോൾപ്പിന്നെ റഷ്യ വരാനൊട്ട് സാധ്യതയുമില്ല. 59 അവസാനത്തോടെ ഫ്ലോറിഡയിലെ മിലിട്ടറി ബേസിൽ നിന്ന് ക്യൂബയിൽ ബോംബിടാൻ തുടങ്ങി. സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പറഞ്ഞത് അവർക്ക് അതേക്കുറിച്ച് അറിവില്ലായെന്നാണു. ഓക്കേ, ശരി. എന്നാൽപ്പിന്നെ യുഎസ്സിൽ ബോംബ് കൊണ്ടുവന്നിട്ടിട്ട്  ഞങ്ങൾ അറിഞ്ഞിട്ടല്ല എന്ന് ക്യൂബയും പറഞ്ഞാലോ? പക്ഷേ അത് സംഭവിച്ചു കേട്ടോ.

1960-ൽ ഐസൻഹോവർ ഗവണ്മെന്റ് ഒരു ഔപചാരിക തീരുമാനമെടുത്തു. അന്ന് രഹസ്യമായിട്ടായിരുന്നു, പക്ഷേ ഇന്ന് അത് ഡീക്ലാസ്സിഫൈ ചെയ്ത് രേഖകൾ പുറത്തുവിട്ടിട്ടുണ്ട്. ക്യൂബൻ സർക്കാരിനെ മറിച്ചിട്ട് ക്യൂബ പിടിച്ചേക്കാം എന്നായിരുന്നു ഔപചാരികമായി തീരുമാനിച്ചത്. മാർച്ച് 1960. ഓർക്കുക – ശീതയുദ്ധമില്ല. റഷ്യക്കാരില്ല. കമ്മ്യൂണിസ്റ്റുകളില്ല. ആകെയുള്ളത് സ്വതന്ത്ര ക്യൂബ. അന്നുമുതൽ ഇന്നു വരെ ക്യൂബ അതിജീവിച്ചത് ഏറ്റവും വലിയ അന്താരാഷ്ട്ര ഭീകരപ്രവർത്തനങ്ങളെയും സാമ്പത്തികമായി ശ്വാസം മുട്ടിച്ചുകൊല്ലാനുള്ള ശ്രമങ്ങളെയുമാണു – ഒരന്തവുമില്ലാതെ. അതത്ര നിസ്സാരമൊന്നുമല്ല. ഒരു ചെറിയ ഉദാഹരണം പറയാം. ഇത് പറഞ്ഞയാളെ വിശ്വസിക്കേണ്ടിവരും – റെയ്മണ്ട് ഗ്രിഫിത്ത്. വളരെ യാഥാസ്ഥിതികനും ബഹുമാന്യനായ ചരിത്രകാരനും സി ഐ എ ഇന്റലിജൻസ് സംവിധാനത്തിന്റെ ഭാഗവും. ക്യൂബൻ മിസ്സൈൽ ക്രൈസിസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു പുസ്തകമുണ്ട് – Reflections on the Missile Crisis –   പാതി അതിനകത്ത് നിന്നും പാതി ചരിത്രകാരനായിട്ടുമാണു അതെഴുതിയിട്ടുള്ളത്. മിസൈൽ ക്രൈസിസ് ഏറ്റവും രൂക്ഷമായതൊക്കെ പറയുന്ന ഭാഗത്ത് പറയുന്ന ഒരു കാര്യമുണ്ട്. പ്രതിസന്ധി തത്വത്തിൽ കുറഞ്ഞ് വന്ന സമയം, പക്ഷേ മിസ്സൈലുകളൊക്കെ അപ്പോഴും അവിടുണ്ട്, ക്യൂബയെ തകർത്ത് കളയാൻ കെന്നഡി പറഞ്ഞുവിട്ട മംഗൂസ് ഭീകരന്മാരുടെ ടീമും. കെന്നഡി ഉത്തരവിട്ടിട്ടാണോ എന്നത് വ്യക്തമല്ല, ചിലപ്പോൾ സ്വന്തം നിലയ്ക്ക് ചെയ്തതായിരിക്കാം, പക്ഷേ അതിലൊരാൾ ക്യൂബയിലെ ഒരു പെട്രോക്കെമിക്കൽ പ്ലാന്റ് ചുമ്മാ ബോംബിട്ട് തകർത്തുകളഞ്ഞു. ഗ്രിഫിത്ത് പറയുന്നതനുസരിച്ച് മരിച്ചത് നാനൂറു പേരാണു. ക്യൂബ  യുസ്സിലെ ഒരു ഫാക്ടറിക്ക് ബോംബിട്ട്  നാനൂറു പേർ മരിച്ചിരുന്നെങ്കിലോ? പത്രങ്ങളിലൊക്കെ വരുമായിരുന്നിരിക്കാമല്ലേ? നമ്മളവിടെ അണുബോംബിട്ടേനെ. ഇതാണു നമ്മൾ.

ഭീകരപ്രവർത്തനത്തിന്റെ വളരെ നീണ്ട ചരിത്രത്തിലെ ചെറിയൊരു സൂചനാക്കുറിപ്പ് മാത്രമാണിത്. ഇത് സംഭവിച്ചത് മിസൈൽ ക്രൈസിസിന്റെ പാരമ്യത്തിലാണു. മിസ്സൈൽ ബട്ടണിൽ വിരലുകളും വെച്ച് ക്യൂബ ഇരുന്നിരുന്ന കാലത്ത്. എന്തൊക്കെയാണു അവരോട് ചെയ്തത് എന്നത് ഒന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ ശ്രമിക്കൂ. ഞാൻ പറയാം. ആരും മറിച്ച് നോക്കാനോ പരിശോധിക്കാനോ ഒന്നും മെനക്കെടാൻ സാധ്യതയില്ലാത്ത പുസ്തകങ്ങളിൽ ഒരു ഇരുപതുപ്രാവശ്യമെങ്കിലും ഞാനതൊക്കെ പറഞ്ഞിട്ടുണ്ട്. ചെറിയ കാര്യമാണു. വിളകളും കന്നുകാലികൾക്കുമെല്ലാം വിഷമടിക്കുന്നത് മുതൽ മീൻപിടുത്തബോട്ടുകൾ വെടിവെച്ചിടുന്നതും ഹോട്ടലുകൾ തകർക്കുന്നതും വിമാനങ്ങൾ ബോംബ് വെച്ച് തകർക്കുന്നതും വരെയുള്ള കാര്യങ്ങൾ. ഇതിന്റെയെല്ലാമിടയ്ക്കാണു സാമ്പത്തികമായിട്ട് ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സ്ഥിരമായ ശ്രമവും.

ഒത്തിരിനാൾ ആളുകളുടെ ധാരണ അമേരിക്ക ക്യൂബയോട് ഇങ്ങനെ ചെയ്തുകൊണ്ടിരുന്നതൊക്കെ റഷ്യ കാരണമായിരുന്നെന്നാണു. കാരണം ഈ ക്യൂബയെന്ന് പറയുന്നത് നമ്മളെ കഴുത്തുഞെരിച്ച് കൊല്ലാൻ നോക്കുന്ന റഷ്യയെന്ന് പറയുന്ന ഭൂതത്തിന്റെ ഒരു കയ്യോ കാലോ മറ്റോ ആണല്ലോ. ബൗദ്ധികമായ സ്വാതന്ത്ര്യം നിലനിൽക്കുന്നൊരു നാട്ടിലായിരുന്നെങ്കിൽ എല്ലാവരും ഇത് കേട്ട് പൊട്ടിച്ചിരിച്ചേനെ. ഒരിക്കൽ 1960-കളുടെ തുടക്കത്തിൽ കെന്നെഡി ക്യൂബയ്ക്കെതിരെയുള്ള ഒരു ആക്ഷനൊപ്പം മെക്സിക്കൻ അംബാസഡറെയും ചേർക്കാൻ ശ്രമിച്ചിരുന്നു. ചേരാനൊക്കെ സത്യത്തിൽ താല്പര്യമുണ്ട്, പക്ഷേ ക്യൂബ ഒരു ഭീഷണിയാണെന്ന് താൻ മെക്സിക്കോയിൽ ചെന്ന് പറഞ്ഞാൽ നാല്പത് മില്യൺ മെക്സിക്കോക്കാരും ചിരിച്ച് ചത്തുപോകുമെന്നാണു അംബാസഡർ പറഞ്ഞത്. ആ പറഞ്ഞത് വാസ്തവവുമാണു.

ക്യൂബയെ റഷ്യ ആയുധവൽക്കരിച്ചിരുന്നെങ്കിൽ പോലും ക്യൂബ ഒരു ഭീഷണിയായിരുന്നുവെന്ന ആശയത്തിനു  പകരം നിൽക്കാൻ പറ്റുന്നൊരു മണ്ടത്തരം എനിക്കറിയില്ല. എന്നാലും നോക്കാം. ശീതയുദ്ധത്തിനു മുൻപ് റഷ്യ കൊച്ചുരാജ്യമായ ഡെന്മാർക്കിന്റെ മേൽ ഭയങ്കരമായ ഭീകരാക്രമണങ്ങളും സാമ്പത്തിക ഉപരോധങ്ങളും നടത്തിയിരുന്നുവെന്ന് വയ്ക്കുക. ഡെന്മാർക്ക് ഒരു ഭീഷണിയാണെന്നു റഷ്യ പറഞ്ഞുവെന്നും അതുകൊണ്ട് ആ പറഞ്ഞവിധമൊക്കെ റഷ്യ അവരോട് ചെയ്തിരുന്നുവെന്നും നമുക്ക് സങ്കൽപ്പിച്ചുനോക്കാം. അങ്ങനെയാണെങ്കിൽ ഡെന്മാർക്ക് റഷ്യയെ സംബന്ധിച്ച് ക്യൂബ അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞിരുന്നതിന്റെ പല മടങ്ങ് വലിയ ഭീഷണിയായിരുന്നു. കാരണം ഡെന്മാർക്ക് ഒരു വികസിത വ്യവസായരാജ്യമാണു. ശത്രുപക്ഷത്തുള്ള ഒരു സൈനികസഖ്യത്തിന്റെ ഭാഗവും നല്ല രീതിയിൽ ആയുധവൽക്കരിക്കപ്പെട്ടതുമാണു. അവർ ഭീഷണിയാണെന്ന് റഷ്യ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് പൊട്ടിച്ചിരിക്കാനൊന്നും വകുപ്പില്ല. ചിരി വരുന്നെങ്കിൽ അത് ഭ്രാന്തായിട്ടാണു. പക്ഷേ ക്യൂബ ഭീഷണിയാണെന്ന് എപ്പോഴും ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നാലും നമ്മൾ അത് സമതിക്കും. പറഞ്ഞിട്ട് കാര്യമില്ല, നമ്മളിങ്ങനെയാണു. അത്തരത്തിലാണു നമ്മളെ പഠിപ്പിച്ചുവച്ചിരിക്കുന്നത്.

ക്യൂബ ഒരു റഷ്യൻഭീഷണിയായിരുന്നുവെന്നു പറയുമ്പോൾ പ്രത്യേകം ഓർക്കേണ്ടത് മുൻപ് പറഞ്ഞ 1960 മാർച്ചിലെ ക്യൂബൻ ഗവണ്മെന്റിനെ മറിച്ചിടാനെടുത്ത ഔദ്യോഗികതീരുമാനമാണു – അന്ന് റഷ്യക്കാർ രംഗത്തേയില്ല. റഷ്യ, യു എസ് എസ് ആർ, ഉണ്ടായിരുന്ന കാലത്തോളം ഇങ്ങനെ റഷ്യൻഭീഷണിയെന്ന കാരണം പറഞ്ഞുകൊണ്ടിരിന്നു. റഷ്യ ഇല്ലാതായപ്പോൾ എന്താണു സംഭവിച്ചത്? നവംബർ 1989. ബർലിൻ മതിൽ വീഴുന്നു. പിന്നെ റഷ്യ ഇല്ല. ക്യൂബയ്ക്കെന്ത് സംഭവിച്ചു? ആർതർ ഷ്ലീസിംഗർ കഴിഞ്ഞ മുപ്പതുവർഷത്തെ ചരിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നതൊക്കെ സത്യമാണെങ്കിൽ ആ സമയത്തോടെ ക്യൂബയെ നമ്മൾ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കേണ്ടതായിരുന്നു; ക്യൂബയിലേക്ക് റഷ്യയുടെ വള്ളികളൊന്നും നീണ്ടുകിടക്കുന്നില്ല. എന്നാലത് സംഭവിച്ചോ? ഇല്ല. നമ്മൾ കുരുക്ക് കൂടുതൽ മുറുക്കി. റഷ്യ ഒരു ഭീഷണിയായതുകൊണ്ടല്ല, നമ്മൾ ജനാധിപത്യത്തെ അത്രയ്ക്കങ്ങ് സ്നേഹിക്കുന്നു എന്നതുകൊണ്ടാണു. നമ്മുടെ ആ സ്നേഹം കാണാൻ ലോകം മുഴുവൻ നമ്മൾ ചെയ്യുന്ന പരിപാടികൾ വെറുതേയൊന്ന് നോക്കിയാൽ മതി. പഠിപ്പും വിവരവുമുള്ള നമ്മുടെ ആളുകൾ അണുവിട മാറിയിട്ടില്ല. നമ്മുടെ ജനധിപത്യമെന്ന പ്രണയത്തിനു റഷ്യ ഭീഷണിയാണെന്നതിൽ തന്നെയാണു അവരൊക്കെ ഇപ്പോഴും. ശരിക്കും മികച്ച നേട്ടമല്ലേ അത്. ഒരു റ്റോട്ടലിറ്റേറിയൻ രാഷ്ട്രത്തിനു ഇതിലും മികച്ച എന്തെങ്കിലും നേടാൻ പറ്റുമോ?

അപ്പോൾ പറഞ്ഞുവന്നത്, ദാ ഇപ്പോൾ വരെ നമുക്ക് ജനാധിപത്യത്തോട് ഭയങ്കര പ്രണയമാണു. പിന്നെ ഒരു ചോദ്യമേയുള്ളൂ. എന്താണു ജനാധിപത്യം നേടിയെടുക്കാൻ ഏറ്റവും നല്ല വഴി? ഹെംസ് ബർട്ടൺ (Helms-Burton) ആക്ട് വഴിയോ, കനേഡിയൻ പ്രധാനമന്ത്രി അങ്ങോട്ട് പോകുന്നതിലൂടെയോ? വളരെ ഗൗരവതരമായ കാര്യം എന്ന നിലയ്ക്കാണു ഇതൊക്കെ ചർച്ച ചെയ്യപ്പെടുന്നത്. അതാണു രസകരം. വാസ്തവത്തിൽ ഇതൊക്കെ കേട്ട് നാല്പത് മില്യൺ മെക്സിക്കോക്കാർ മത്രമല്ല ചിരിച്ച് മരിച്ചുപോവേണ്ടത്. പക്ഷേ ഇങ്ങനെയാണു. അത്ര കാര്യമായിട്ടെന്ന പോലെയാണു ചർച്ച ചെയ്യുന്നത്. എന്നാലങ്ങനെയാണോ? അല്ല. 1820-ൽ ക്യൂബ എവിടെ നിൽക്കുകയായിരുന്നോ അങ്ങോട്ടേക്ക് തിരിച്ചുപോകാൻ അവർ തയ്യാറാണോ എന്നതാണു നമ്മളുടെ, അമേരിക്കയുടെ, ചോദ്യം. എന്നാൽ നാം ക്യൂബയെ സ്വീകരിക്കും. അങ്ങനെ വന്നാൽ ഏറ്റവും വലിയ കൊലപാതകി ആ രാജ്യത്തെ നയിക്കാനെത്തിയാപോലും നമ്മളതിനെ ജനാധിപത്യമെന്ന് വിളിക്കും. മെക്സിക്കോയെ നമ്മൾ ജനാധിപത്യമെന്ന് വിളിക്കുന്നത് പോലെ. കൊളംബിയയെ നമ്മുടെ ചുറ്റുമുള്ള ഏറ്റവും മികച്ച ജനാധിപത്യമെന്ന് വിളിക്കുന്നതുപോലെ. 1985-ൽ പ്രവർത്തിക്കാൻ അനുവാദം ലഭിച്ച ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിപോലുമില്ലേ അവിടെ, അപ്പോൾപിന്നെ അത് ജനാധിപത്യം തന്നെ. അന്ന് മുതൽ ഏകദേശം 3000 ആക്ടിവിസ്ടുകളെ കൊന്നിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനാർത്ഥികളെയും മേയർമാരെയുമുൾപ്പടെ. മിക്കവാറും അതൊക്കെ ചെയ്തത് സുരക്ഷാസേനകളും പാരാമിലിട്ടറിയുമാണു. എന്നാലെന്താ, അത് മികച്ച ജനാധിപത്യമാണു. നമ്മൾക്ക് ജനാധിപത്യത്തോട് അത്ര അഗാധമായ പ്രണയമാണെന്നതിനാൽ അതൊക്കെ വളരെ നല്ല കാര്യം എന്ന് നമ്മളങ്ങ് തീരുമാനിക്കുന്നു. അപ്പോൾ ക്യൂബ അത്തരത്തിലൊരു ജനാധിപത്യമാകാൻ തീരുമാനിച്ചാൽ നമ്മളത് അംഗീകരിക്കും – നമ്മുടെ ഉത്തരവുകളൊക്കെ അനുസരിച്ച് പോകും വരെ

ഇതൊക്കെ കേട്ടാൽ ചിരിച്ച് മരിച്ചുപോകുന്ന ഒരു നൂറു മില്യൺ അമേരിക്കക്കാർ ഉണ്ടായിരുന്നിരിക്കണമായിരുന്നു. അത്തരത്തിൽ ഇല്ല എന്നത് നമ്മളെ ഇങ്ങനെ പഠിച്ച് പരിശീലിപ്പിച്ച് വച്ചിരിക്കുന്ന വ്യവസ്ഥയുടെ ശക്തിയാണു. കൂടുതൽ മികച്ച വിദ്യാഭ്യാസമുള്ളവർക്കിടയിൽ അത് കൂടുതൽ ശക്തമാണു. അവർക്കൊന്നും ഈ സംഭവങ്ങളെക്കുറിച്ച് പിടിപാടില്ലെങ്കിൽ ഇതൊന്നും അറിയേണ്ട എന്ന് മനപ്പൂർവ്വം തീരുമാനിച്ചിട്ടുതന്നെയാണു. ചുറ്റും വെറുതേ നോക്കിയാൽ കാണാൻ കഴിയുന്ന കാര്യങ്ങളാണു. അതുപോലും  അറിയാതിരിക്കണമെങ്കിൽ അത്രയ്ക്ക് അധ്വാനിക്കേണ്ടതായിട്ടുണ്ട്.
—–
അമേരിക്കയിൽ ജേർണലിസ്റ്റും റേഡിയോ ബ്രോഡ്കാസ്റ്ററും Alternative Radio http://www.alternativeradio.org/ യുടെ സ്ഥാപകനുമാണു ഡേവിഡ് ബർസാമിയൻ. നോം ചോംസ്കിയുമായുള്ള അദ്ദേഹത്തിന്റെ അഭിമുഖപരമ്പര വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പരിഭാഷ: സ്വാതി ജോർജ്ജ്.
Published with consent from David Barsamian, Alternative Radio.
Coordinated by Navamalayali Editor Americas, Jake Joseph

Comments

comments