സംഘപരിവാര ഭക്തനായ സുരേഷ് ഗോപിയും, നരേന്ദ്രമോഡിയുടെsureshgopi-f-5 വിശ്വസ്തയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയും മുതൽ സാംസ്‌കാരികനായകനും മുൻ നക്‌സലൈറ്റ് നേതാവുമായ സിവിക് ചന്ദ്രൻ വരെയുള്ള പ്രമുഖർ എൻ.ഡി.എയുടെ (ബി.ജെ.പിയുടെ) സ്ഥാനാർത്ഥിയായ സി.കെ. ജാനുവിനുവേണ്ടി വയനാട്ടിൽ പ്രചരണം നടത്തുമ്പോൾ, ജാനുവിന്റെ പഴയൊരു സ്‌നേഹിതനായ താങ്കളെന്തുകൊണ്ട് അവർക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചരണത്തിന് പോകുന്നില്ലെന്ന് പരിചയക്കാരിൽച്ചിലർ ചോദിക്കുന്നു. ന്യായമായ ചോദ്യം. പക്ഷെ, അതിന് എനിക്കെന്റെ ന്യായങ്ങളുണ്ട്. രാജ്യത്തെ civicchandran-v-1ഹൈന്ദവ ഫാസിസത്തിലേക്ക് നയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാരത്തിന്റെയും ബി.ജെ.പിയുടെയും കുടക്കീഴിൽ രാഷ്ട്രീയാഭയം തേടിയ ഒരാളെ പിന്തുണയ്ക്കാൻ എന്റെ ജനാധിപത്യവിശ്വാസവും രാഷ്ട്രീയബോധവും എന്നെ അനുവദിക്കുന്നില്ലെന്നതാണ് ഒറ്റ വാചകത്തിലുള്ള ഉത്തരം. പ്രശസ്തയായ ഒരു ആദിവാസി നേതാവിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനമായതിനാൽ ഇതൽപ്പം വിശദീകരിക്കേണ്ടതുണ്ട്.

ദൂരദർശൻ നിർമ്മിച്ച 'പോർട്രേയ്റ്റ് ഓഫ് സി കെ ജാനു' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണവേളയിൽ സംവിധായകൻ ഓ കെ ജോണി, ഛായാഗ്രാഹകൻ കെ ജി ജയൻ എന്നിവരൊപ്പം സി കെ ജാനു
ദൂരദർശൻ നിർമ്മിച്ച ‘പോർട്രേയ്റ്റ് ഓഫ് സി കെ ജാനു’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണവേളയിൽ സംവിധായകൻ ഓ കെ ജോണി, ഛായാഗ്രാഹകൻ കെ ജി ജയൻ എന്നിവരൊപ്പം സി കെ ജാനു

നായാടിമുതൽ നമ്പൂതിരി വരെയുള്ളവരുടെ സ്വയം പ്രഖാപിത രക്ഷകനായി അവതരിച്ച വെള്ളാപ്പള്ളി നടേശന്റെ പാത പിന്തുടർന്ന് സംഘപരിവാരത്തിന്റെ പാളയത്തിലെത്തിയ സി.കെ. ജാനുവിന്റെ ഈ ഭാഗ്യാന്വേഷണം ആദിവാസികൾക്കല്ല, കാവിരാഷ്ട്രീയത്തിനാണ് ഗുണംചെയ്യുക എന്നറിയാൻ അത്രവലിയ രാഷ്ട്രീയ പാണ്ഡിത്യവും സൈദ്ധാന്തികജ്ഞാനവുമൊന്നും ആവശ്യമില്ല. ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിക്കുന്ന സംഘപരിവാരത്തിന്റെ അക്രമാസക്തമായ വർഗ്ഗീയരാഷ്ട്രീയത്തിന് പൊതുജനസമ്മതിയുണ്ടാക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണ് ജാനുവിന്റെ ഈ തെരഞ്ഞെടുപ്പുരാഷ്ട്രീയമെന്ന വാസ്തവം തിരിച്ചറിയുന്നതുകൊണ്ടാണ് അവരുടെ നിലപാടിനെയും സ്ഥാനാർത്ഥിത്വത്തെയും അംഗീകരിക്കാത്തതെന്ന് തെളിച്ചുപറയാൻ ഞാനെന്തിന് മടിക്കണം? ആദിവാസികൾക്കുവേണ്ടിയെന്ന മട്ടിൽ സി.കെ. ജാനുവും കൂട്ടരും സ്വീകരിക്കുന്ന അവസരവാദപരവും അപായകരവുമായ നടപടികളെ അപ്പപ്പോൾ പിന്തുണക്കാത്തവരെല്ലാം ആദിവാസി വിരുദ്ധരാണെന്ന് സ്ഥാപിക്കാനാണ് സിവിക് ചന്ദ്രനെപ്പോലുള്ള മുൻ നക്‌സലൈറ്റുകൾ മുത്തങ്ങസമരത്തിന്റെ കാലത്തുതന്നെ ശ്രമിച്ചിരുന്നത്. ആദിവാസികളെ മറയാക്കി നടത്തിയ ആ തെറ്റായ സമരത്തിന്റെ പിന്നിൽ പ്രവർത്തിച്ച വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളും പ്രായോജകരുംതന്നെയാണ് ഇപ്പോൾ സംഘപരിവാരത്തിന്റെ പാളയത്തിലെത്തിയ സി.കെ.ജാനുവിനുവേണ്ടി തിരഞ്ഞെടുപ്പ് വേളയിലും രംഗത്തെത്തിയിരിക്കുന്നതെന്നത് യാദൃച്ഛികമല്ല. കേരളത്തിലെ ആദിവാസികളെല്ലാം ജാനുവിന്റെ നേതൃത്വം അംഗീകരിക്കുന്നവരാണെന്ന തെറ്റിദ്ധാരണ പരത്തിക്കൊണ്ട് ആദിവാസിപ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യുന്ന ഒരു ഗൂഢസംഘം മുത്തങ്ങ സമരക്കാലംമുതൽ കേരളത്തിൽ സജീവമാണ്. അവരാണ് ജാനുവിനെ ഇപ്പോൾ സംഘപരിവാരത്തിന്റെ പാളയത്തിലെത്തിച്ചതും. ആദിവാസികൾപോലും തങ്ങളോടൊപ്പമാണെന്ന് വരുത്തിത്തീർക്കാൻ സംഘപരിവാരത്തിന് ലഭിച്ച പ്രതീകമാണ് സി.കെ. ജാനു. ദേശീയതലത്തിൽ സംഘപരിവാരത്തിനും ബി.ജെ.പിക്കും സി.കെ. ജാനു എന്ന പ്രതീകം വലിയൊരു പ്രചരണായുധമാവും എന്നതിൽ സംശയിക്കേണ്ടതില്ല. തിരഞ്ഞെടുപ്പിൽ പരാജിതയാവുന്ന ജാനുവിനെ അവർ വലിയ പദവിയിൽ അവരോധിച്ച് കൂടെനിർത്തുമെന്നും ജാനുവെന്ന പ്രതീകത്തെ സമർത്ഥമായി ഉപയോഗിക്കുമെന്നും ആർക്കാണ് അറിയാത്തത്?

ആദിവാസികൾക്കിടയിലെ ജാതിവ്യവസ്ഥയിൽ ഏറ്റവും താഴേക്കിടയിലുള്ളവരായി മുദ്രകുത്തി അവമതിക്കപ്പെട്ടിരുന്ന അടിയസമുദായത്തിൽപ്പെട്ട ഒരാളാണ് ജാനു. വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് ജാനു ഒരു ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകയായത്. ജാനുവിനെ ഇടതുപക്ഷത്തുനിന്ന് സന്നദ്ധസംഘടനകൾ മോചിപ്പിച്ചതോടെ അവർക്കു വ്യാപകമായ അംഗീകാരവും ലഭിച്ചു. ആദിവാസിപ്രശ്‌നങ്ങൾ ഉയർത്തിക്കാണിക്കുന്നതിൽ ജാനു വഹിച്ച പങ്കും വലുതാണ്. എന്നാൽ മുത്തങ്ങസമരത്തോടെയാണ് ജാനുവും അവരുടെ സംഘടനയും ചില ജനാധിപത്യവിരുദ്ധശക്തികളുടെ പാവകളാണെന്ന വാസ്തവം മറനീക്കി പുറത്തുവന്നത്. ആ ഗൂഢാലോചനയുടെ സ്വാഭാവികപരിണാമമാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര മുന്നണി ജാനുവിന് നൽകിയ സ്ഥാനാർത്ഥിത്വം. അതിനാൽ, കേവലമായ ആദിവാസിപ്രേമത്തിന്റെയോ ജാനുവിനോടുള്ള വ്യക്തിപരമായ സ്‌നേഹാദരങ്ങളുടെയോ പേരിൽ അവരെ പിന്തുണയ്ക്കാൻ എന്നെപ്പോലൊരാൾക്ക് സാദ്ധ്യമല്ല. എന്നുമല്ല, ആദിവാസികളെ മറയാക്കി നടക്കുന്ന ഈ നാടകങ്ങളുടെ യഥാർത്ഥ രാഷ്ട്രീയദൗത്യം എന്തെന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യതയിൽനിന്ന് ഒഴിഞ്ഞുമാറാനും ഞാൻ ഉദ്ദേശിക്കുന്നില്ല. ഇതുപോലൊരു സാന്ദർഭികക്കുറിപ്പിന്റെ പരിധിക്ക് പുറത്താണ് ആ ദൗത്യമെന്നതിനാൽ അത് തൽക്കാലം മാറ്റിവെയ്ക്കുന്നു.

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്ന സി.കെ. ജാനുവാണ് സംഘപരിവാരത്തിന്റെ ഭാവി വിജയം. ഭാവിയിലേക്കുള്ള ഒരു പ്രതീകത്തിന്റെ നിർമ്മിതിയാണ് അവരിപ്പോൾ നടത്തുന്നത്. സുരേഷ്‌ഗോപിയും സിവിക് ചന്ദ്രനുമെല്ലം ചേർന്ന് സംഘപരിവാറിനുവേണ്ടി നടത്തുന്ന ഈ പ്രതീകപൂജയുടെ ആത്യന്തികഫലം കാത്തിരുന്ന് കാണുകയേ നിർവ്വാഹമുള്ളൂ. സംഘപരിവാരത്തിന്റെ സ്ഥാനാർത്ഥിയിലൂടെ ആദിവാസികളെ രക്ഷിക്കാമെന്നു കരുതുന്ന മുൻ നക്‌സലൈറ്റുകളുടെയും അരാഷ്ട്രീയനാട്യക്കാരായ പ്രതിലോമ രാഷ്ട്രീയക്കാരുടെയും കാതടപ്പിക്കുന്ന ഈ സംഘഗാനത്തിൽ എന്റെ ശബ്ദം ദയവായി സ്‌നേഹിതന്മാർ പ്രതീക്ഷിക്കരുത്. ആ ഗൂഢസംഘപരിവാരത്തിന്റെ അടുക്കളയിലല്ല എന്റെ അന്നം വേവുന്നത്.

Comments

comments