കാണ്മാനില്ല  (പേര്: ഇട്ടിനാൻ, ഒത്ത ഉയരം, തികഞ്ഞ ചരിത്രബോധം, സദസ്സിനു പാകത്തിൽ   പ്രസംഗപാടവം,  കവിളിൽ മറുകില്ല …..)
—————————————-
ചെമ്പോല നിർമ്മാണത്തിന് പഴയ ചെമ്പ് വാങ്ങാനെന്ന്  പറഞ്ഞ് ‘നാപ്പുണ്ണി കാവ്യമേള’യിൽ നിന്നും മുങ്ങിയ ഇട്ടിനാൻ എവിടെപ്പോയി?  മണ്ണാർക്കാട്ടേക്കുള്ള  അഞ്ചേ പത്തിന്റെ മയിൽവാഹനം ബസ്സിൽ ഇട്ടി കയറുന്നത് കണ്ടവരുണ്ട്. പിന്നീട് യാതൊരു വിവരവുമില്ല. പാതിരാവായിട്ടും.

അങ്ങാടിയിലെ വിലപേശൽ അടിപിടിയിൽ കലാശിച്ചോ? കോട്ടപ്പുറം പെൺവാണിഭ സ്ഥാനാർത്ഥി ലിസ്റ്റിൽ ഇട്ടിയും  കയറിപ്പറ്റിയോ? ഷെഡുംകുന്ന്  ഭൂസമര വെടിവെപ്പിൽ വെറുതെ  മരിച്ച ദുരിതാത്മാക്കളെ കശാപ്പ് മുന്നണിക്ക്‌ കൂട്ടി കൊടുത്തോ? അതല്ല്ല ഇനി, ആര്യാമ്പാവ് അന്ധ പോളിടെക്നിക്കിന്റെ വൈസ് ചാൻസലറായി നിയമനം ലഭിച്ചോ? അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ, ക്യാംപസ്  ഗേറ്റുകൾ അകത്തു നിന്നും അടച്ച് പൂട്ടി , ഇട്ടി വിദ്യാർത്ഥി വേട്ട ആരംഭിച്ചോ? ആർക്കും എന്തും സങ്കല്പിക്കാവുന്ന സാംസ്കാരിക കാലാവസ്ഥയാണ്, പൊതുവേ ക്ണാശ്ശീരിയിൽ.

പുതുപുത്തൻ കാവ്യ കാർണിവൽ മൈതാനത്ത് നിന്നും നിങ്ങളുടെ പരശ്ശതം വിളികൾ ഇട്ടിയുടെ മൊബൈലിലേക്ക്  ശരവേഗത്തിൽ…

എന്നാൽ, ഇട്ടിയുടെ മൊബൈൽ സ്വിച്ച് ഓഫ്!

നിങ്ങൾക്കേവർക്കും സുപരിചിതമായ ആ സബ്ആൾട്ടേൺ കാളർ ട്യുൺ രാഗമാലിക കേൾപ്പാനില്ല!
‘താനാരോ തിന്താരോ തന
താനാരോ തിന്നാരോ തനൈ
തിന്തിന്നാരോ തക തൈതാരേ
തിന്തിന്ന തിന്തിന്ന തിന്തിന്ന ……..’

*****************************************

ഭൂതത്താൻകോട്ടയിലെ കൂടോത്രം

ഇട്ടിനാനു പറ്റിയ അക്കിടി മറ്റൊന്നാണ്.
‘മയിൽവാഹനം’ ഭൂതത്താൻകോട്ട കയറ്റത്തിൽ ബ്രെയ്ക്ക് ഡൌണായി. ഇട്ടി ബസ്സിൽ നിന്നിറങ്ങി. പൊതുസ്ഥലത്ത് ഒരു വിൽസ്‌ കത്തിച്ചു . അതോടെ, ഒരാവശ്യവുമില്ലാതെ ചിന്താബന്ധുരനായി. ബസ് സ്റ്റോപ്പിനോട്  ചേർന്ന് ഇടതു വശത്തേക്ക് ഊളിയിട്ടിറങ്ങുന്ന ഊടുവഴിയിലേക്ക് പാളി നോക്കി. അതാ, ഭാവഗാനവടിവിൽ അല്പം ചെരിഞ്ഞ്,  ആ പഴയ ബോർഡ്:

കള്ള്
ബ്രാഞ്ച് നമ്പ്ര : 144
ഭൂതത്താൻ കോട്ട
പ്രൊപ്രൈ: സി.വേലുneerenkal-3-2

കന്നാസ്  ചെരിച്ച്, മുട്ടിപാനികളിൽ  വേലു മൂത്ത പനംകള്ള്  പാരുമ്പോൾ, പാനിയുടെ കടുംതവിട്ട്  വാവട്ടത്തിൽ ശുഭശുഭ്രമായി പതഞ്ഞു നുരയുന്ന കുമിളകൾ ഇട്ടിനാനെ ഒമർഖയ്യാം കാല്പനികതയിൽ മാടി  വിളിച്ചു.

മയിൽവാഹനം സ്റ്റാർട്ടായതോ ‘ആളു കേറാനുണ്ടോ..’ എന്ന തേരാളിയുടെ ഹോൺ വിളികളോ  കേൾക്കാതെ…

മണ്ണാർക്കാട്ടെ അസൈനാരുടെ പഴയ പാത്രക്കടയെന്ന ഗവേഷണലക്ഷ്യം പാടെ മറന്ന്….

ഭൂതത്താൻകോട്ട മുക്കൂട്ട്കവലയിൽ മൂവന്തി മുടിയഴിച്ചിടുമ്പോൾ…

ഇട്ടിനാൻ ഇടവഴിയിലേക്ക് തിരിയുന്നു.

നീറേങ്കൽ സാഹിത്യ ചരിത്രത്തിൽ ഇത്തരമൊരു ശാഖാചംക്രമണം ഞാനോ നിങ്ങളോ ലവലേശം പ്രതീക്ഷിച്ചതല്ല.
************************************************

വൈകുന്നേരത്തിന്റെ വിഷാദങ്ങളെ വെല്ലുവിളിക്കാൻ നാലഞ്ചു പേർ ഷാപ്പിലെ ബെഞ്ചുകളിൽ നിരന്നിരുപ്പുണ്ട്.
“ന്താ മൂത്താരെ… പ്പൊ ‘സൂക്ഷ്മാസൂക്ഷ്മം’ വാട്ട്സ് ആപ്പ്‌ ഗ്രൂപ്പില് ഹൈക്കുവൊന്നും പൂശാത്തേ?”

വേലു ഒരു പാനി ഡസ്കിൽ സമർപ്പിച്ച് കുശലമെറിഞ്ഞു.
“ഈ ഇലക്ഷനൊന്നു കഴിഞ്ഞോട്ടെ… ഒക്കെ ശരിയാക്കാം…” ഇട്ടി വേലുവിന് വാക്ക് നല്കി.

ക്ണാശ്ശീരിക്കാർ കെട്ടുകല്യാണം, പുളികുടി അടിയന്തരം, തണ്ണീർത്തടം  നികത്തൽ,  തലാക്ക് ചൊല്ലൽ മുതലായ സാമൂഹിക കടമകളൊക്കെ  വോട്ടെണ്ണൽ  കഴിയും വരേക്ക്  നീട്ടി വെച്ചിരിക്കുകയാണ് . ദുർവ്വാസാവിന്റെ ദിവ്യദൃഷ്ടിയായി തുറക്കുന്ന ടി.വി സ്ക്രീനുകളിൽ സർവ്വേ റിപ്പോർട്ടുകൾ  ഹിസ്റ്റൊഗ്രാമുകളും പൈ ചാർട്ടുകളും പ്രൊബബിലിറ്റി പ്ലോട്ടുകളും നിരത്തി, നീറേങ്കലിന്റെ ഭാവി പ്രവചിച്ചു കൊണ്ടേയിരിക്കുന്നു. എണ്ണിത്തിട്ടപ്പെടുത്തിയതാണ് ക്ണാശ്ശീരിയിൽ ജനായത്ത ഗുണനിലവാരം; നിരന്തര വിപ്ലവത്തിലെ നീക്കുപോക്കുകളിലും ആർക്കും വിട്ടുവീഴ്ചയില്ല.

ഒറ്റ വീർപ്പിനു പാനി മുക്കാലും കാലിയാക്കി ഇട്ടി ഒന്ന് വിടർന്നിരുന്നു. മസാല നിറച്ച്, കനലിൽ ചുട്ടെടുത്ത ആട്ടിൻകുടൽ   വേലു   ഒരു ചട്ടുകം കോരി.  ഇട്ടിക്ക് തൊട്ടുകൂട്ടാൻ സ്പെഷ്യലായിneerenkal-3-3  ഇലയിൽ  വെച്ച് നീട്ടി. വഴനയിലയുടെ മാദകപരിമളമുള്ള ചാക്കണ* മൂന്ന് സെന്റീ മീറ്റർ ഇട്ടിനാൻ   വായിലിട്ടു. നാവിൽ കുരുമുളക് രുചി ‘ഇശ്‍ശ്..ശ്.. ‘ എന്നെരിയുന്നതിനൊപ്പം,  കരിമ്പനക്കുലകളിൽ നിന്ന്  ചെത്തിയൊരുക്കി ആറ്റിക്കുറുക്കിയ കൊടുംമേടവെയിലുകളുടെ സാരാംശം ഇട്ടിയുടെ ഭാവബോധത്തിൽ പരന്നൊഴുകാൻ തുടങ്ങി. നിങ്ങൾ കൊതിയൂറും ചേലിലുള്ള പൂനിലാവെണ്മയിൽ തന്നെ.

പിന്നീട്  മാത്രമേ, ഇട്ടി പരിസര വീക്ഷണത്തിൽ താല്പര്യം പ്രകടിപ്പിച്ചതുള്ളൂ…

ക്ണാശ്ശീരിയിലെ സകല കള്ള്ഷാപ്പുകളിലും  ഇന്നേരം വരെ വന്നു പോകുന്ന,  ഇനിയും വരാനിടയുള്ള കുടിയന്മാരുടെ ഭാഗ്യനിർഭാഗ്യനെടുവീർപ്പുകൾക്ക് സാർവ്വലൌകിക പ്രതീകമായി ലോട്ടറി വാസുവേട്ടൻ… കഴിഞ്ഞയാഴ്ച മുരുകാ ടാക്കീസിന്റെ പുറകിൽ, ടിക്കറ്റ് കരിഞ്ചന്ത ഏറ്റുമുട്ടലിൽ കയ്യൊടിഞ്ഞ നീറേങ്കൽ ഗുണ്ട ജോയിച്ചൻ…. കല്ലൂഴിപ്പള്ളിയിൽ നാൽപ്പത്തൊന്നു ദിവസം ധ്യാനം കൂടി, ആൽക്കഹോളിസം മൂർച്ഛിച്ച   രണ്ട് ബോഡി ഗാർഡ്സ്.. ഹസ്സൻ മുതലാളിയുടെ ഇഷ്ടികക്കളത്തിൽ ഈയിടെ കുടിയേറിയ ഒരു ബീഹാറി പയ്യൻ… കൂടാതെ, ബെഞ്ചുകൾക്കു താഴെ ‘മ്യാവൂ ..വല്ലതും തായോ’ എന്ന് കുറുകുന്ന കണ്ടൻ പൂച്ച…അത്രയുമാണ് ഷാപ്പിലെ അന്തിയരങ്ങ്.

ജോയിച്ചൻ തന്റെ പരാജിതമായ മീശ പിരിച്ച് ബീഹാറിയെ കണ്ണുരുട്ടി നോക്കി. പയ്യനാകട്ടെ, കഴുത്തിൽ നിന്നും കെട്ടിത്തൂക്കിയ ജോയിച്ചന്റെ ഒടിഞ്ഞ വലങ്കയ്യിലും ശ്രദ്ധ വെച്ചു.
‘ഡാ…ജോയിയെ…പിരട്ടൊക്കെ ഷാപ്പിനു പുറത്ത് …നിന്നെ ആസ്പത്രീല്ക്ക് കൊണ്ടോടാൻ നിക്ക് നേരംല്ല്യാ…’ വേലു അടുപ്പിലെ കനലിളക്കി കാര്യം പറഞ്ഞു.

ജോയിച്ചൻ ഒരു പുളിങ്ങാച്ചിരിയോടെ മീശയിൽ നിന്ന് കയ്യെടുത്തു : “അയ്ന് പ്പോ ഞാനെന്തുവാ കാട്ടീത്  വേലുവേ? നിങ്ങള് ചുമ്മാ  ചൂടാവാതെ ഒരു കുപ്പി എടുത്താട്ടെ .. കാശു നാളെ കാലത്ത്…”

വേലു തെറി തുടങ്ങുന്നതിനു മുൻപ് ഇട്ടി തടുത്തു: “ആ കുപ്പി എന്റെ വക”

ചൗക്കിദാർ മഹാനടന്റെ  ഫാൻസ്‌ അസോസിയേഷൻ അഴിച്ചു വിട്ട ന്യൂ ജെൻ അടിപിടിയിലാണ് ജോയിക്കും സംഘത്തിനും ക്ഷീണം തട്ടിയത്.

“എന്നാ കാട്ടാനാ ഇട്ടിയേ? പിള്ളാര്  അനസ്തീഷ്യക്കുള്ള മരുന്ന് കുത്തി വെച്ചാ തല്ലാൻ വരുന്ന്.. .. നമ്മടെ പിച്ചാത്തിയൊന്നും ഈ കണ്ടാറോളികൾക്ക് ഏല്ക്കത്തില്ല…”

നാട്ടിൻപുറം നന്മതിന്മകളുടെ നഷ്ടരൂപകമായി ജോയിച്ചൻ നെടുവീർപ്പിട്ടു.  ക്ണാശ്ശീരി ടൈംസിന്റെ വാരാന്ത പതിപ്പിൽ ചൗക്കിദാരുടെ വനംകൊള്ളയെ പറ്റി ഫീച്ചർ കാച്ചാമെന്നു ഇട്ടി ജോയിച്ചനെ ആശ്വസിപ്പിച്ചു. കരിമ്പുഴ പ്രവാസ സാഹിത്യക്കാർ കഥയെഴുതുന്ന പൈങ്കിളി റിപ്പോർട്ടിങ്ങ് രൂപഭദ്രതയിൽ.

ഇപ്രകാരം സൗഹാർദ്ദപരമായി   പാനികളും കുപ്പികളും കപ്പുകളും സർഗ്ഗാത്മക  കൊടുക്കൽ വാങ്ങലുകളുടെ ഗസൽ കച്ചേരിയിൽ താളമിട്ട്‌, അന്തിയെ വരവേൽക്കുമ്പോൾ–

വെട്ടുപോത്തിന്റെ വേഗത്തിൽ ഒരാൾ ഷാപ്പിലേക്ക് കയറി വന്നു. വേലുവിന്റെ മൂത്ത സന്തതി കണ്ണൻകുട്ടി. ധീരപോരാളിയായ അവൻ നെഞ്ച് മുന്നോട്ട് തള്ളി മുഴുവൻ ഷാപ്പിനെയും വെല്ലുവിളിച്ചു : “ഈ പുസ്തകം ഇപ്പൊ കത്തിക്കും ഞാൻ… …ആഹാ..ഹും!..അങ്ങിനെയുണ്ടോ…”

**********************************
വാക്കുകൾ കത്തിച്ച പുകയിൽ
പത്താം തരാം പാസ്സാവാത്ത സത്പുത്രൻ പുസ്തകം കത്തിക്കുന്നതിലെ ചേതോവികാരം പിടികിട്ടാതെ വേലു പകച്ചു :

“ഡാ, പ്രാന്താ…. ഏത് പുസ്തകം? ആരിന്റെ പുസ്തകം…?”
“നോവാലാത്രേ നോവല്! …ങ്ങടെ മോള് പെരുമാങ്ങൊട്ടെ  ലൈബ്രറീന്നു എടുത്തതാ.. അതും വായിച്ച് എന്നോട് കൂട്ടം കൂടാൻ വര്ണ് …”

ഇട്ടി പുസ്തകത്തിന്റെ ചട്ട നോക്കി. ഉമ്മാച്ചു എന്ന് വലുതായും ഉറൂബ് എന്ന് ചെറുതായും വായിച്ചു.

പിന്നെ കണ്ണൻകുട്ടിയെ നോക്കി. ചരട്, തകിട്, തിലകം മുതലായ ഗോത്രചിഹ്നങ്ങൾ, സീരിയൽ കില്ലർ സൈക്കോപാത്തിന്റെ ശരീരവ്യാകരണം, കണ്ണുകളിൽ ക്ണാശ്ശീരി ജനതയുടെ അധോമണ്ഡല വർഗ്ഗസ്വഭാവത്തിന്റെ പൊതുഘടന… ഇട്ടിനാൻ  കണ്ണൻകുട്ടിയുടെ സാമുദ്രികലക്ഷണശാസ്ത്രം പെട്ടെന്ന് ഗണിച്ചു.

“പുസ്തകത്തിന്റെ പേരാണോ കണ്ണൻകുട്ട്യെയ്  നെന്റെ വികാരം വ്രണപ്പെടുത്തിയത്?”
ഇട്ടി ശാന്തനായി ചോദിച്ചു.

“പേര് മാത്രല്ലാ …ഇതിന്റെ ഒടുക്കത്തില്  അയാളെന്താ എഴുതീർക്കണേന്ന്  നോക്കിൻ….”

കണ്ണൻകുട്ടി തപ്പി പിടിച്ച് സാരാംശം വെളിപ്പെടുത്തി:
ചാപ്പുണ്ണി നായരുടെ മകൾ ചിന്നമ്മു ഉമ്മാച്ചുവിന്റെ മകൻ അബ്ദുവിന്റെ കൂടെ ചാടിപ്പോയിരിക്കുന്നു. ഈ മതനിന്ദയെ ഗ്രന്ഥകാരൻ കണക്കറ്റ് പ്രോത്സാഹിപ്പിക്കുന്നു.

കണ്ണൻകുട്ടി പേജ് മറിച്ചു. അവസാന അദ്ധ്യായത്തിൽ അരങ്ങേറുന്ന കുളക്കടവിലെ ചർച്ച വായിക്കാൻ തുടങ്ങി :
‘……ഗായത്രി ഉരുവിടുന്നതിനിടയിൽ തന്നെ ശേഷയ്യർ മറുപടി കൊടുത്തു.
“കലികാലം…! ഓം ഭുവർഭുവസ്വ.. വോട്ടും കോട്ടും വന്നു.. ഹിന്ദുവും മ്ലേച്ചനും വ്യത്യാസമില്ലാതായി… സവിതുർവരേണ്യം… നാശകാലമായി… ഭർഗോ ദേവസ്യ ധീമഹി. അമ്പലം, വാരം, ഈശ്വരസേവ.. ഇവയിലൊന്നും മനുഷ്യർക്ക്‌ ശ്രദ്ധയില്ല.. ധീയോയോ ന പ്രചോദയാത്.. എല്ലാം ഗീതയിൽ പറഞ്ഞതു പോലെത്തന്നെ..”

ഇത് കേട്ട് അടുത്ത പടവിൽ പല്ല് തേച്ചിരുന്ന ഒരു നായർ യുവാവ് വിളിച്ചു ചോദിച്ചു:
“ചിന്നമ്മു ബീബിയാവും എന്ന് ഗീതയിൽ പറഞ്ഞിട്ടുണ്ടോ, ശേഷയ്യർ?”
“പറഞ്ഞില്ല. അതുപോലെയുള്ള സംഗതികൾ വരുമെന്നു പറഞ്ഞു.”
…… “ശാതുർവർണ്യം മയാ  ദൃഷ്ടം… എന്ന് പറഞ്ഞിട്ടുണ്ടല്ലോ!”
“ഏത് ഉറുമ്പായാലും പാറ്റയായാലും ശരി..” കണ്ണൻകുട്ടി വിജ്രംഭിച്ചു: “ഇച്ചേല്ക്കാണോ അഭിപ്രായ സ്വാതന്ത്ര്യം?  ങ്ങള് പറയീൻ…..കെട്ട് പ്രായം തെകഞ്ഞ പെൺകുട്ട്യോൾക്ക് വായിക്കാൻ കൊള്ള്വോ? ന്താവും ക്ണാശ്ശീരി സംസ്കാരത്തിന്റെ ഗതി!”

“കുരുത്തം കെട്ടവനെ, അയ്ന് ഞാനും നീയും നെന്റെ പെങ്ങളും നിന്റെ ചത്ത തള്ളയും നമ്പൂര്യോ  നായരോ അല്ലല്ലോ?”

വേലുവിന്റെ പന കയറുന്ന യുക്തിബോധം ചെക്കന് കിട്ടിയിരുന്നില്ല. അംശം അധികാരിയെ അന്ധമായി ആരാധിച്ച്, മരണത്തെക്കാൾ ഭീകരമായ സർവാധിപത്യത്തിന്റെ   ബൃഹദാകാരത്തിനോട് അവൻ താദാത്മ്യം പ്രാപിച്ചിരുന്നു. ‘ഞാൻ തന്നെ ദേശം’ എന്ന ഉന്മാദവിഭ്രാന്തിയുടെ  സമവാക്യത്തിലൂടെ. തലമുറകളായി  കണ്ണൻകുട്ടിയും കൂട്ടരും സഹിച്ച അപമാനത്തെ  ക്ണാശ്ശീരി നാഷണൽ നാർസിസ്സത്തിൽ മുഖം മിനുക്കി അവൻ പരിഹരിച്ചു.

വിവേകാനന്ദ സ്വാമിയുടെ ഭ്രാന്താലയസൂക്തം കണ്ണൻകുട്ടിയോട് വ്യാഖാനിച്ചിട്ട് കാര്യമില്ലെന്ന് ഇട്ടിക്ക് തിരിച്ചറിവുണ്ട്. യൂനിഫോം, മാർച്ച്പാസ്റ്റ്, മുദ്രാവാക്യം…. അപ്രകാരം വിരേചിക്കാനുള്ളതാണ് കണ്ണൻകുട്ടിമാരുടെ അടക്കി വെച്ച ഉത്തേജനം. ക്ണാശ്ശീരി എലീറ്റിസ്റ്റിക് പാപബോധങ്ങളെ ശ്വാസനിശ്വാസങ്ങളായി വിറ്റ്  കോടികൾ തട്ടുന്ന കോർപറേറ്റ് സ്വാമിമാരുടെ കിളി ശബ്ദങ്ങൾക്കേ അവർ  കാതോർക്കൂ… നീറേങ്കൽ ക്വൊട്ടേഷൻ ബാബമാർ സ്പർദ്ധയുടെ തങ്കഭസ്മം നിറച്ച പ്രഭാഷണങ്ങൾ  തകൃതിയായി മാർക്കറ്റ്  ചെയ്തു. ആയത് 200 ml. വീതം മൂന്നു നേരം മനഃപാഠമാക്കിയ  സാഡിസ്റ്റ് വീറാണ് ഇവന്റെ സിരകളിൽ. ക്ണാശ്ശീരി ‘യുവത’ എന്ന് ഈയിടെ കോയിൻ ചെയ്ത ശൈലീവിശേഷത്തിൽ. വെട്ടുപോത്തിനോട് വേദം ചൊല്ലരുതെന്നു ഗുരുകാരണവന്മാരുടെ ആപ്തവാക്യവുമുണ്ട്. വായനശാലയിലെ പുസ്തകം രക്ഷിക്കാൻ വേറെ വഴി നോക്കാമെന്ന് ഇട്ടി കണക്കാക്കി.

“മായൻ തൂങ്ങിച്ചത്തപ്പോൾ എഴുതിയ കുറിപ്പിൽ ഉറൂബ് ഉമ്മാച്ചുവിനെ  അവസാനിപ്പിക്കണമായിരുന്നു…. ‘ഞമ്മൾ ഇസ്റ്റത്തിന് ചാവാണ്. ആരും കുറ്റക്കാരല്ല. എന്നു മായൻ’…. അങ്ങിനെയാണെങ്കിൽ അയാൾ തൂങ്ങിയ കാട്ടുവള്ളിയുടെ പിരിമുറുക്കം നോവലിനു കൂടുതൽ ഘടനാബലം  നല്കിയേനേ….”
ഇട്ടി ഒരു സൌന്ദര്യശാസ്ത്ര  പരിഹാരം മുന്നോട്ട് വെച്ചു.
“ആ..അദെന്നെ .. മൂത്താര് പറയണതാ കാര്യം …” വേലു ഒരു മുട്ടിപ്പാനി കൂടി ഇട്ടിക്കു മുന്നിൽ  വെച്ചു.

കണ്ണൻകുട്ടി അല്പം കൺഫ്യൂഷനായി.
“പക്ഷെ,… ദ് പ്പോ  അതല്ലാലോ… ചിന്നമ്മുവിനെ അയാള്  നിർബന്ധിച്ച്  മതം മാറ്റി ബീബിയാക്കിയില്ലേ?.. അതും വായിച്ചിട്ടല്ലെ  പെങ്ങള് പെണ്ണ് ന്നോട് വക്കാണത്തിനു വന്നത്?”

ടി.ടി.സിക്കാരുടെ വായനാശീലത്തിനു ഇടിവ് തട്ടിയിട്ടുണ്ടെന്നു ഇട്ടിനാൻ പ്രകോപിതനെ സമാധാനിപ്പിച്ചു. കൂടാതെ, അടുത്ത തവണ കോഴിക്കോട് പോകുമ്പോൾ ഉറൂബിനെ കണ്ട് ചിന്നമ്മുവിനെ തിരിച്ചു മതം മാറ്റണമെന്ന്  അപേക്ഷിക്കാം. ആകാശവാണിയുടെ സുപ്രഭാതം ചർച്ചക്ക് ഊമക്കത്തും അയക്കാവുന്നതാണ്. എവിടെയോ കിടക്കുന്ന ചിന്നമ്മുവിന്റെ പേരിൽ ക്ണാശ്ശീരിയിൽ കലാപമുണ്ടാക്കുന്നതെന്തിന്? മാത്രവുമല്ല, മിക്കവാറും ആദ്യം തട്ടി പോകുന്നത്  കണ്ണൻകുട്ടി ആയിരിക്കുമായിരിക്കും.

ജോയിച്ചനും ബോഡിഗാർഡ്സും അതാണ്‌ അതിന്റെ ശരിയെന്നു തല കുലുക്കി. ഉമ്മാച്ചുവിന്റെ തീം അറിയാതെ അൽപനേരം കണ്ണൻകുട്ടിയുടെ ആട്ടം കണ്ടിരുന്ന ബീഹാറി പയ്യൻ ബോറടിച്ച് സ്ഥലം വിട്ടിരുന്നു.

ലോട്ടറി വാസുവേട്ടൻ അവസാന വാക്ക് പറഞ്ഞു: “ഴാ, കണ്ഴാ.. പൊത്തകം കത്തിഷാല് നെന്റെ തന്ത വേലു തന്നെ കാസ് കെട്ടണം.. അതോഴ്ണ്ട് നീയാ ബുക്ക്‌ വേലുന്റെ കയ്യീ കൊടുക്ക്..”

തൽക്കാലം ഉമ്മാച്ചു വെച്ച് കീഴടങ്ങുമ്പോൾ കണ്ണൻ മുറുമുറുത്തു:
“ന്നാലും ഇദൊക്കെ ക്ണാശ്ശീരിയോടു കാട്ടണ  ദേശദ്രോഹാണ്, വാസ്വേട്ടാ….”

ഈഡിപ്പസ്  കോംപ്ലെക്സ്‌  ഫ്രോയ്ഡിന്റെ മനശ്ശാസ്ത്ര ഫിക്ഷനാണെന്ന് സമാധാനിച്ചാലും ക്ണാശ്ശീരിയിൽ അതൊരു  ഭൂമിശാസ്ത്ര ട്രാജഡി ആയിക്കഴിഞ്ഞു. വ്യാജമരുന്ന്  കമ്പനികൾ രഹസ്യക്കരാറുകളിലൂടെ മനോരോഗ മേഖലയിൽ കൊയ്ത്തു നടത്തുന്ന വളരെ നല്ല  നാളുകൾ.

വാക്കിന്റെ പ്രതിസന്ധി ഏകദേശം പരിഹരിച്ച്, ഇട്ടിനാൻ പാനിയുടെ മൂട്ടിലെ മട്ട് ഊറ്റി കുടിച്ചു. വഴനയിലയിൽ ബാക്കിയുള്ള ചാക്കണ, കാലിൽ ഉരുമ്മുന്ന കണ്ടൻ പൂച്ചക്ക് വെച്ച് കൊടുത്തു.

വേലു നോട്ടുകളെണ്ണി, ബാക്കിയെ കുറിച്ച് തല ചൊറിയുമ്പോൾ ഇട്ടി ധീരയുവതയെ അഭിമുഖീകരിച്ചു:
“ഞാനൊരു കഥ പറയട്ടെ….പാലക്കാട്ടുള്ള ഒരു വിജയൻ എഴുതിയതാണ്.”
“ദേശദ്രോഹിയാണോ? ..ന്നാല് ഇട്ടിചേട്ടൻ കഷ്ടപ്പെട്ട് പറയണ്ട…”
“അല്ലടാ കണ്ണാ, എണ്ണം പറഞ്ഞ ക്ണാശ്ശീരിത്വവാദി.. കഥയുടെ പേര് പൂച്ച”

അന്തിക്കള്ള് തിരിയിട്ട് തെളിയിച്ച ഓർമ്മയിൽ ഇട്ടി കഥ ആരംഭിച്ചു:
‘അലെക്സാൻഡർ ഇന്ത്യയെ ആക്രമിച്ചു. പോറസ്സിനെ പിടിച്ചു കെട്ടി. പോറസ്സിനെ അഴിച്ചു വിട്ടു… പിന്നെ പോറസ്സിന്റെ ഭാര്യയെ അഴിച്ചു വിട്ടു.
ഇത്രയുമൊക്കെ ചെയ്ത ശേഷം അലെക്സാൻഡർ ഗ്രീസിലേയ്ക്കു തിരിച്ചു യാത്രയായി.
പോകുന്ന വഴി അലെക്സാൻഡറെ  പൂച്ച പിടിച്ചു. അശോകൻ കലിംഗരാജ്യം  വെട്ടിപ്പിടിച്ചു. ശവങ്ങൾ കണ്ടു മനസ്സിളകി. ബുദ്ധമതത്തിൽ ചേർന്നു.
പാറകളിൽ ഉപദേശങ്ങൾ കൊത്തി വെച്ചു.
എന്നിട്ടും അശോകനെ പൂച്ച പിടിച്ചു.’

കണ്ണങ്കുട്ടി  അക്ഷമനായി: “വേഗം പറഞ്ഞു തീർക്കിൻ…. എനിക്കല്പം ധൃതിയുണ്ട്…”
പകൽ യോഗാക്ലാസ്സും രാത്രി തൂതപ്പുഴയിൽ മണൽ വാരലുമായിരുന്നു കണ്ണന്റെ ജീവിതായോധനമുറകൾ. ചന്തപ്പുരയിലെ തീപ്പെട്ടിക്കമ്പനിയുടെ ഗോഡൌണിൽ നിന്നും ടിപ്പർ ലോറി ഇറക്കാനുള്ള നേരമായി.

വേലു തന്ന നാണയങ്ങൾ വാങ്ങി പോക്കറ്റിലിട്ട് ഇട്ടി കഥനം അവസാനിപ്പിച്ചു:
“പൂച്ചയാകട്ടെ നമ്മെ പേടിപ്പിക്കരുതെന്നു കരുതി മധുരമായ സ്വരത്തിൽ പറയുന്നു, മ്യാവോ, മ്യാവോ!”
കള്ള് ഷാപ്പ് പൂച്ചയും  ഒരു വട്ടം ഏറ്റു പറഞ്ഞു : മ്യാവോ…..
“നിങ്ങള്ക്ക് തലയ്ക്കു പിടിച്ചു…. ഞാൻ പോട്ടെ…”

ചെക്കൻ വന്ന വേഗത്തിൽ  സ്ഥലം വിടുമ്പോൾ  വേലു പുറകിൽ  നിന്നും വിളിച്ചു പറഞ്ഞു: “അതായത് നിന്നേം എന്നേം മ്മളെ എല്ലാരെയും പൂച്ച പിടിക്കും.. ഓർത്താൽ നന്ന്, ന്തേയ്‌ മൂത്താരെ?…”
ഇട്ടി  വേലുവിന്റെ നിരൂപണം ശരി വെച്ചു. തല കുനിച്ച്….
****************************************************

ബ്ലാക്ക് ഔട്ടിനു ശേഷം പ്രത്യാശ
കല്ലടുപ്പിലെ കനലണഞ്ഞിരുന്നു. പുറത്തേക്ക് പോകാൻ മാർഗ്ഗമില്ലാത്ത  പുകപടലം ഷാപ്പിന്റെ തകര മേൽക്കൂരയിൽ തടഞ്ഞു  നിന്നു. ഒരു  പഴുത് കിട്ടിയാൽ ആ പുകച്ചുരുളുകൾക്ക് ആകാശത്ത് പാറി നടക്കാമായിരുന്നു. തടസ്സമേതുമില്ലാതെ….

എന്നാൽ കാലങ്ങളായി, ഈ പുക ഇവിടെ തന്നെ ഇപ്രകാരം  തങ്ങി കിടപ്പാണെന്ന് ഇട്ടിനാന് തോന്നി. എന്റെ,  വേലുവിന്റെ, ജോയിച്ചന്റെ, വാസുവേട്ടന്റെ,  കണ്ണൻകുട്ടിയുടെ, അന്യസംസ്ഥാന  തൊഴിലാളിയുടെ, നിങ്ങളുടെ  കാലുകളിൽ ചുറ്റിപ്പിടിച്ച്…. നൂറ്റാണ്ടുകളുടെ ഇരുട്ടിൽ   കട്ട പിടിച്ച്… അതിപ്പോൾ, ഭയാനക രൂപപരിണാമങ്ങളിൽ  കൂടുതൽ വ്യക്തമാകുന്നു എന്ന്  മാത്രം.
“ന്നാൽ, വേല്വോ….. അന്തിക്ക് യാത്രയില്ല”.  ഇട്ടി ഷാപ്പിൽ നിന്നിറങ്ങി. വേച്ച കാലടികളോടെ.

അരനൂറ്റാണ്ടിലേറെയായി സ്വാതന്ത്ര്യം ഭാവിച്ചു കിടക്കുന്ന ക്ണാശ്ശീരിയുടെ വഴികളിലൂടെ ഇട്ടിനാൻ ആടി നടന്നു. വസ്തുക്കളിലും മനുഷ്യരിലും – സർവ്വത്ര – പുക ചുറ്റിപ്പിണഞ്ഞ മായക്കാഴ്ചയിൽ… എല്ലാറ്റിന്റെയും  പശ്ചാത്തലത്തിൽ, ഷാപ്പിലെ പൂച്ചയുടെ ചിരി   മായാതെ നില്ക്കുന്നത്    കണ്ടുകൊണ്ട്‌.nerenkal-3-1അനാദിയായ ഈ പ്രപഞ്ചത്തിൽ താൻ വന്നു പെട്ട ദേശകാല കെണിയെ കുറിച്ചോർത്ത് ഇട്ടിനാൻ വ്യഥാഭരിതനായ ബാലകഥാഗായകനായി. തലയ്ക്കുള്ളിൽ  നക്ഷത്രഗോളങ്ങൾ  ചുറ്റിത്തിരിയുന്ന ഈണത്തിൽ ഇട്ടി പാടി:

“കണ്ണുമടച്ച് പാല് കുടിച്ച്
കലവുമുടച്ചൊരു കണ്ടൻ പൂച്ചേ….
മീശ വിറച്ച്, വാല് ചുഴറ്റി
മ്യാവൂ മ്യാവൂ മുരളാതെ
പൂച്ചേ പൂച്ചേ കള്ള പൂച്ചേ…
പുച്ഛച്ചിരിയാൽ നോക്കാതേ…”

ഉത്രത്തിൽ കാവിലേക്കു തിരിയുന്ന വളവിൽ എത്തിയപ്പോൾ ഇട്ടിക്ക് ഒന്ന് കിടക്കണമെന്ന് തോന്നി. നേരെ പറങ്കി മൂച്ചി കാട്ടിലേക്ക് കയറി. ചപ്പിലയിൽ മുണ്ടഴിച്ച് വിരിച്ചിട്ട്  ഇട്ടിനാൻ കിടന്നു. മൊബൈൽ സ്വിച്ച് ഓഫാക്കി.

പേടിക്കേണ്ടതില്ല. നാളെ നേരം പുലരുമ്പോഴേക്കും  ഇട്ടിയുടെ ബ്ലാക്ക് ഔട്ട്‌ വിട്ടു പൊയ്ക്കോളും. കർത്തവ്യഭംഗം വരുത്തിയതിലെ കുറ്റബോധം തീർക്കാൻ അമ്പലക്കുളത്തിൽ ഒന്ന് മുങ്ങി കുളിക്കും. ഉത്രത്തിൽ മുത്തിയുടെ നിർമ്മാല്യ ശില്പഭംഗി ആസ്വദിച്ച ശേഷം  ഇട്ടി മണ്ണാർക്കാട്ടേക്ക് പുലർച്ച ആറേ പത്തിനുള്ള എസ്. എസ് കുമാർ പിടിക്കും.

അസൈനാരുടെ കയ്യിൽ  നിന്ന് ചെമ്പ്തമലകൾ  സംഘടിപ്പിച്ച്, അവയെല്ലാം അടിച്ചു പരത്തി ഇട്ടി അടുത്ത താമ്രപത്രം  ശരിയാക്കുന്നതായിരിക്കും. കള്ള് കുടിയനാണെങ്കിലും, ഇട്ടിനാൻ  നീറേങ്കൽ കാവ്യ ചരിത്രത്തെ വഞ്ചിക്കില്ല.
——————————————
* ചാക്കണ: കള്ള്  ഷാപ്പിലെ കറിക്കുള്ള പാലക്കാടൻ പേര്.

മുൻ ലക്കങ്ങൾ ഇവിടെ വായിക്കുക:

നീറേങ്കൽ ചെപ്പേട്- ഓല ഒന്ന്

നീറേങ്കൽ ചെപ്പേട്- ഓല രണ്ട്

Comments

comments