ശരീരം കറുപ്പിച്ച്  സ്വയം രാഷ്ട്രീയമായ ഒരു കലാരൂപമാകാൻ ശ്രമിച്ച, കലാകകക്ഷി എന്ന അർട്ട്- ആക്ടിവിസം ഗ്രൂപ്പിലെ കലാകാരിയുടെ പേരു  പി എസ് ജയ എന്നാണെന്ന് കൃത്യമായി വായിച്ചത് അവർക്കെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നത്  കണ്ടപ്പോഴാണു. എന്റെ വ്യവഹാരങ്ങളുടെ ലോകമല്ല അവരുടെ കലാപ്രകടനത്തിന്റെ  സ്ഥലരാശി എന്നതിനാലായിരിക്കും മുൻപ് ശ്രദ്ധിക്കാഞ്ഞത്. അപ്പറഞ്ഞത്  പകുതി തമാശും പകുതി കാര്യവും. കാര്യമായ രണ്ടാം പകുതി പങ്കുവയ്ക്കുന്നത് പൊളിറ്റിക്കൽ ആർട്ട് എന്ന പ്രതിഷേധരൂപങ്ങൾ  ആരെയാണെന്തിനെയാണു ലക്ഷ്യം വയ്ക്കുന്നതെന്ന തിരിച്ചറിവുകൊണ്ടാണു. കലാപ്രവർത്തനവും അതിന്റെ സൃഷ്ടാവും ഒന്ന് തന്നെയായിത്തീരുന്ന തീവ്രത കലയുടെ മാധ്യമമായി സ്വന്തം ശരീരത്തെത്തന്നെ തെരഞ്ഞെടുത്തതിലൂടെ അവർ സൃഷ്ടിക്കുന്നുണ്ട്.

ഏതൊരു കലാസൃഷ്ടിയും ചെയ്യാതെ/ നടക്കാതെ പോയ ഒരു കുറ്റകൃത്യമാണു – “Every work of art is an uncommitted crime”- എന്ന് സാമൂഹ്യവിമർശകനും തത്വചിന്തകനുമായ തിയഡോർ അഡോർണോ നിരീക്ഷിക്കുന്നു.

തിയഡോർ അഡോണോ
തിയഡോർ അഡോണോ

സമൂഹത്തിന്റെ പൊതുവായ മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്ന ഒന്നിനെയാണു ക്രൈം എന്ന് വിശേഷിപ്പിക്കുക എന്ന്  ആധുനിക സാമൂഹ്യശാസ്ത്രത്തിലെ അഗ്രഗാമിയായ എമിലി ദർഖെയിം. കളക്റ്റീവ് സെന്റിമെന്റ്സ് എന്നത് നല്ലതോ ചീത്തയോ (പുരോഗമനപരം X പിന്തിരപ്പൻ) ആകാം. ചീത്തതിനെയാണു മുറിവേല്പിക്കുന്നതെങ്കിൽ ആ അപരാധം/ ക്രൈം നല്ലതാണെന്നു വരുമെന്നും അത് കലയുടെ ധർമ്മമാണെന്നുമാണു ദർഖെയിം ഫലത്തിൽ പറഞ്ഞുവയ്ക്കുന്നത്. അഡോർണോ ആവർത്തിക്കുന്നതും അത് തന്നെ. ഒരു അനീതി നടന്ന നഗരം  അന്ന് രാത്രിയ്ക്കകം ചാമ്പലാകണമെന്ന് ബ്രെഹ്റ്റ് രൂക്ഷമാകുന്നിടത്തോളം തന്നെയാണു കലയെ മഹാപരാധം അഥവാ ക്രൈം എന്ന് പറയുന്നതിലൂടെ ദർഖെയിമും എത്തുന്നത്.

താദാത്മ്യം പാലിക്കലിന്റെ  റൊമാന്റിക്  വർക്ക് ഓഫ് ആർട്ടുകൾ അവയുടെ ലോലമായ ഭാവുകത്വശീലങ്ങൾ കൊണ്ട് ചിലപ്പോൾ , എല്ലായ്പ്പോഴുമല്ലെങ്കിലും, സമൂഹത്തിനെതിരെയുള്ള ഒരു അപരാധം/ കുറ്റം എന്ന വിവക്ഷയിൽ നിന്ന് രക്ഷപ്പെട്ടേക്കാം. എന്നാൽ തീർച്ചയായും പ്രൊപ്പഗാൻഡാ സ്വഭാവവും ലക്ഷ്യവുമുള്ള പൊളിറ്റിക്കൽ ആർട്ടിനെ സംബന്ധിച്ച് അതങ്ങനെയല്ല. സമൂഹത്തിന്റെ പൊതുബോധത്തിനു, അതിന്റെ ഭൂരിപക്ഷ ആശയമേധാവിത്തം ഉണ്ടാക്കിവച്ചിരിക്കുന്ന സമാധാനബോധത്തിനു നേരെയുള്ള ഒരു കടന്നുകയറ്റവും മുറിപ്പെടുത്തലുമാണു പൊളിറ്റിക്കൽ ആർട്ട്. Art is not just for art’s purpose, it is for the purpose of life എന്ന് പറയുന്ന കലയുടെ രാഷ്ട്രീയം. ആധുനികകലയിൽ ബോധപൂർവ്വം ഉൾച്ചേർക്കുന്ന രാഷ്ട്രീയലക്ഷ്യങ്ങൾ കലയുടെ സ്വാഭാവികതയെ ചോർത്തുന്നുവോയെന്നും മറ്റുമുള്ള അനവധി സംഘർഷങ്ങളിലൂടെയാണു ഒരു ആർട്ടിസ്റ്റ് കടന്നുപോകുക. ആധുനിക കാലത്തെ സോഷ്യൽ ആക്ടിവിസത്തിന്റെയും അതിന്റെ ഭാഗമായി നിൽക്കുന്ന കലയുടെയും ശ്രദ്ധക്ഷണിക്കലുകളാണു ഇത്തരം പ്രകടനങ്ങൾ. വിവേചനം എന്ന, ഇവിടെയില്ല എന്ന്  നിങ്ങൾ ഭാവിക്കുന്ന ഒരു സംഗതി ഇവിടെ രൂക്ഷമായി തന്നെ നിലനിൽക്കുന്നു എന്ന് മുഖമടച്ച് നടത്തുന്ന ഒരു പ്രഖ്യാപനമാണു ശരീരത്തെ ചെറുതല്ലാത്ത നിലയിൽ പീഡിപ്പിച്ചുകൊണ്ടും സ്വന്തം സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളും ചെറുതല്ലാത്ത രീതിയിൽ അത്തരമൊരു  കലാപ്രകടനത്തിനു ബലികഴിച്ചും ഒരു കലാകരി നടത്തുന്ന –deviant- ഇടപെടൽ. തുറിച്ചുനോട്ടങ്ങൾ തുറിച്ചുനോട്ടങ്ങൾ തന്നെയാണു. അതേറ്റുവാങ്ങിക്കൊണ്ട് ആയിരക്കണക്കിനു കണ്ണുകൾക്കിടയിലൂടെ  ദിവസേന കിലോമീറ്ററുകൾ ഒറ്റയ്ക്ക് നടന്ന നൂറ്റിയിരുപത്തിയഞ്ച് ദിവസങ്ങളിലും എന്തിനാണിതെന്ന പുരികവളച്ചിലുകൾ നോട്ടക്കാർക്ക് സമ്മാനിക്കുന്ന  ഒരു കലാമാധ്യമമായി സ്വശരീരത്തെ പകർത്തുന്നതിലെ അർപ്പണബോധവും കലാപ്രവർത്തനവും നിസാരമല്ല. ഏതൊരു കലാപ്രവർത്തനവും ഒരു പ്രകടനമാണു. പ്രേക്ഷകരെ ലക്ഷ്യം വയ്ക്കുന്നത്. അതിനപ്പുറം അത് കരിയർ വളർത്താനുള്ള ഞൊടുക്ക് വിദ്യകളാണെന്ന് പറയുന്നതിനെ തള്ളിക്കളയാതെ നിവൃത്തിയില്ല.

എന്തിലും രണ്ട് പക്ഷമെന്ന നിലയ്ക്ക് വാദിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നിങ്ങളുടെ ശരികൾ സംബന്ധിച്ച് അവർ ചെയ്തത് തെറ്റെന്നും പറയാം. എന്നാൽ ‘വെളുത്തിരിക്കുന്ന ഒരുത്തി  കറുപ്പ് ചായമടിച്ച് നടക്കുന്നതു കാണുകയുണ്ടായി’ എന്ന തരത്തിലുള്ള പുച്ഛവും ജയ എന്ന കലാകാരിയുടേത് ആത്മാർത്ഥ ഇല്ലാത്ത കെട്ടുകാഴ്ചയാണെന്ന്, അവരുടെ പ്രവൃത്തി ‘ഐക്യദാർഢ്യത്തിന്റെ ചായം പൂശിയ ചെമ്പാണെന്നും’ ഹോളിവുഡ് കമ്പോളസിനിമയുടെ ‘വൈറ്റ് വാഷിംഗിനെ’ സന്ദർഭം തെറ്റിച്ച് ഓർത്തെടുത്തുകൊണ്ട് ഒരു പ്രതിഷേധകലാപ്രകടനത്തോട് തെറ്റായിത്തന്നെ ഉപമിക്കുന്ന തരത്തിൽ ഒരു കലാപ്രവർത്തനത്തിന്റെ മനസ്സ് കാണാതെ പോകുന്നത്  അതിതീവ്രമായി സ്വത്വകോളങ്ങളിൽ സ്വയം പിടിച്ചിടുന്നതുകൊണ്ടാണു. അല്ലെങ്കിൽ പ്രതിഷേധകലയുടെ ലക്ഷ്യവും മാർഗ്ഗവും അറിയാത്തതിനാൽ. ഒരു കലാപ്രവർത്തകയുടെ/ പ്രവർത്തകന്റെ സത്യസന്ധതയുടെ മാർക്കിടാൻ നമ്മളെടുക്കുന്ന മാനദണ്ഡം എന്തായിരിക്കാം? ചായമടിച്ച് കറുപ്പാകുന്നു എന്നതിനാൽ മാത്രമാണു അത്  deviant ആയ ഒരു കലാപ്രവർത്തനവും അതുകൊണ്ട് ആളുകളെ അലോസരപ്പെടുത്തുകയോ ആളുകളെ ശ്രദ്ധിപ്പിക്കുകയോ ചെയ്യുന്ന ഒരു അപരാധകലാരൂപവും ആകുന്നത്. ഒരു കലാരൂപം ഒരു പുതിയ അറിവിന്റെയോ അതിനു ശേഷം ചിന്തയുടെയോ അതിനു ശേഷം ഒരു പ്രവൃത്തിയുടെയോ പ്രില്യൂഡാണു, മുൻകഥയാണു. അതാണു കലയുടെ ശക്തി.

ഇനി കറുപ്പ് എന്ന നിറത്തെപ്പറ്റി. കറുപ്പിനു നിലവിലെ പൊതുവ്യവഹാരത്തിൽ കൽപ്പിക്കപ്പെട്ട ചില അർത്ഥങ്ങളുണ്ട്. ഒരു നിശ്ചിതപ്രായം വരെയെങ്കിലും പലഘട്ടങ്ങളിലും  അത് കറുത്തനിറക്കാരനായ എന്നെ സംബന്ധിച്ച് ഞാൻ വളർന്ന പ്രദേശത്തിന്റെ, കേരളത്തിന്റെ, ജാതീയമായ വിവേചനത്തിന്റെ നിറമാണെന്ന ഓർമ്മപ്പെടുത്തൽ തന്നെയായിരുന്നു. ആ നിറത്തെ അങ്ങനെ തന്നെ കാണുന്ന ഒരു ഭൂരിപക്ഷം പൊതുസമൂഹത്തോട് അതിനു മനസ്സിലാകുന്ന വ്യാകരണമുപയോഗിച്ച് കലഹിക്കുകയാണു പ്രൊപ്പഗാൻഡ സ്വഭാവമുള്ള, പൊതുനിരത്തിലേക്കിറങ്ങി ബസിലും ട്രെയിനിലും നടപ്പാതയിലുമായി പൊതുജീവിതത്തോട് സംസാരിക്കുന്ന ഈ പൊളിറ്റിക്കൽ കലാരൂപവും.

വെളുത്തവൾ കറുപ്പുനിറമണിയുന്നത് ശരിയല്ല, അത് ആത്മാർത്ഥതയില്ലാത്ത  ഏറ്റെടുക്കലാണു, രക്ഷകർതൃത്വം ചമയലാണു, കറുപ്പിനെ പ്രതിനിധാനം ചെയ്യാൻ കറുത്തവർ തന്നെ മതി എന്നിങ്ങനെയുള്ള വാദങ്ങൾ സ്വത്വവാദത്തിൽ നിന്നുയരുന്നതാണു. സ്വാഭാവികമായ രീതിയിൽ സ്വത്വവാദത്തിന്റെ ലക്ഷ്യമോ അന്ത്യമോ സ്വത്വങ്ങളുടെ ആത്യന്തികമായ സംരക്ഷണമായിരിക്കേണ്ടതല്ല. കമ്മ്യൂണിസത്തിന്റെ ലക്ഷ്യം അത് ഇല്ലാതാകുന്ന ഒരു കാലമാണെന്ന് പറയുന്നത് പോലെ. ഒരു വിഭാഗത്തിനു വേണ്ടി സംസാരിക്കാനും ഐക്യദാർഢ്യപ്പെടാനും പ്രവർത്തിക്കാനും ആ വിഭാഗത്തിലുള്ളവർക്ക് മാത്രമേ കഴിയൂ, അവകാശമുള്ളൂ എന്ന് പറഞ്ഞാൽ മനുഷ്യൻ എന്ന നിലയ്ക്ക് മറ്റൊരു സ്വത്വവുമായി സിമ്പതൈസ് ചെയ്യാനോ എമ്പതൈസ് ചെയ്യാനോ മറ്റൊരാൾക്ക് വേണ്ടി വേദനിക്കുവാനോ മനുഷ്യരുടെ അവസ്ഥകൾ മാറ്റിത്തീർക്കുന്നതിനായി ഒത്തൊരുമിക്കാനോ അവകാശമില്ല എന്നു പറഞ്ഞുവയ്ക്കലാണു. ഒരു സ്വത്വത്തിനുള്ളിലുള്ള ആളുകൾക്ക് പരസ്പരം സിമ്പതൈസ് ചെയ്യാനും താദാത്മ്യപ്പെടാനും ഒരുമിച്ച് നിൽക്കാനും അവകാശമുണ്ടെങ്കിൽ അത് സ്വത്വത്തിനു പുറത്തും മനുഷ്യവർഗ്ഗത്തിനു പുറത്തേക്കും പുല്ലിലേക്കും പുഴുവിലേക്കും വരെ നീളാവുന്ന പ്രാപഞ്ചികമായ സ്നേഹത്തിന്റെ ഒരു പകർന്നാട്ടമാണു. മറ്റൊരാളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനുള്ള ഒരാളുടെ ഇച്ഛയെയും ആത്മാർത്ഥതയെയും ചോദ്യം ചെയ്യുന്ന തീവ്രമായ സ്വത്വവാദയുക്തികൾ കൊണ്ടുതന്നെ ഒരു സ്വത്വത്തിന്റെ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കുന്ന  അതേ സ്വത്വത്തിലെ  ഒരു വ്യക്തിയുടെ ആത്മാർത്ഥതയെയും ചോദ്യം ചെയ്യാവുന്നതേയുള്ളൂ. ജന്മസിദ്ധമായ പ്രതിനിധാനാവകാശം ഏത് വിധേനയാണു ഒരു സ്വത്വത്തിന്റെ പ്രശ്നങ്ങളെ പ്രതിനിധാനം ചെയ്യുന്നതിലെയും ചോദ്യം ചെയ്യുന്നതിലുമുള്ള ആത്മാർത്ഥയ്ക്ക് തെളിവാകുന്നത്? ഇനി സ്വത്വപോരാട്ടത്തിലൂടെ പാർശ്വവൽകൃതമായ അവസ്ഥകളിൽനിന്ന് സ്പഷ്ടമായും മുന്നോട്ട് വരുന്ന ആളുകളെയായാലോ? അവർ അധികാരവ്യവസ്ഥയാലും വർഗ്ഗത്താലും കോ ഓപ്റ്റ് ചെയ്യപ്പെടുന്നത് പതിവാണു. അവരെ എവിടെ നിർത്താം? അവരുടെ ഐക്യദാർഢ്യങ്ങൾക്ക് ആത്മാർത്ഥതയുടെ അളവുകോലുകൾ നിശ്ചയിക്കുന്നതെങ്ങനെ? സ്വത്വവാദം ഒരു കെണിയാണു. ജാതി, മതം, ഭാഷ, ദേശം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരസ്പരവൈരുദ്ധ്യങ്ങളുടെ കണ്ടെടുപ്പാണു അതിന്റെ തീവ്രത.

1959- ൽ ജോൺ ഹൊവാർഡ് ഗ്രിഫിൻ എന്ന വെള്ളക്കാരനായ ജേർണലിസ്റ്റ് – ആക്ടിവിസ്റ്റ് കറുത്ത വർഗ്ഗക്കാരെന്ന നിലയിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാക്കാനും ഭാഗമായി അമേരിക്കയിലെ ന്യൂ ഓർലീൻസിലൂടെയും മിസിസിപ്പിയിലൂടെയും ഒരു കറുത്തവർഗ്ഗക്കാരനായി ആൾമാറാട്ടം നടത്തി യാത്ര ചെയ്തിരുന്നു. പിന്നീട് ‘ബ്ലാക്ക് ലൈക്ക് മീ’ എന്ന പേരിൽ ആ അനുഭവങ്ങൾ പ്രസിദ്ധമായൊരു പുസ്തകമാകുകയും ചെയ്തു. രഹസ്യമായി നടത്തിയ ഗ്രിഫിന്റെ യാത്രകൾ സമൂഹത്തോട് അവയെപ്പറ്റി പറയാനായി നടത്തിയ അന്വേഷണാത്മക പത്രവർത്തനവും പരസ്യമായി നടത്തിയെ ജയയുടെ യാത്രകൾ സമൂഹത്തിന്റെ ശ്രദ്ധക്ഷണിക്കൽ ലക്ഷ്യം വയ്ക്കുന്ന കലാപ്രവർത്തനവുമാണു. തന്റെ പ്രതിഷേധത്തെ എങ്ങനെയാണു ജനം നോക്കിക്കണ്ടത് എന്ന ജയയുടെ അനുഭവങ്ങൾ പുസ്തകമാകുമ്പോൾ അത് തുറന്നിടുന്നത് മറ്റൊരു അനുഭവലോകമാണു.

പരിമിതികളുണ്ടാകാമെങ്കിലും സമത്വം സംബന്ധിച്ചുള്ള എല്ലാ പോരാട്ടവും എല്ലാവരുടേതുമാണെന്നും അങ്ങനെയാണു സാമൂഹ്യക്രമം  മാറുകയെന്നും  അവ തത്വശാസ്ത്രപരമായ യുദ്ധങ്ങൾ മാത്രമല്ല അതിലും വലുതായി സ്വാഭാവികമായിത്തന്നെ തത്വശാസ്ത്രപരമായി വളരുന്ന പ്രായോഗികലോകത്തെ യുദ്ധമാണെന്നും  ഞാൻ കരുതുന്നു. ജന്മമോ നിറമോ ആരെയെങ്കിലും ഒരു വിഭാഗത്തിന്റെ അവകാശപ്പോരാട്ടങ്ങളുടെ ഏകമിശിഹാകൾ ആക്കുന്നില്ലെന്നും. അതിനാൽ, പൊതുസാമൂഹികക്രമത്തെയും അതിന്റെ സ്വഭാവത്തെയും, Norms-നെ, മുറിവേല്പിക്കാൻ എത്തുന്ന ജയയ്ക്കും മറ്റേതൊരാൾക്കും അത് മനുഷ്യനാണെങ്കിലും പ്രോമിത്യൂസാണെങ്കിലും എന്റെ (സുന്ദരനും കറുത്തവനുമായ എന്റെ )  ഐക്യദാർഢ്യം, സ്വാഗതം.

Comments

comments