അമലിന്റെ വ്യസന സമുച്ചയത്തെക്കുറിച്ച് ……

“എനിക്കെല്ലാവരുമുണ്ട്. ഭർത്താവ്, അനേകം ബന്ധുക്കൾ, നൂറുകണക്കിന് സുഹൃത്തുക്കൾ, ഒരു പഞ്ചായത്ത് നിറയെ പരിചയക്കാർ. പക്ഷേ എനിക്കാരുമില്ല. അവൾ പല്ലുകടിച്ച് മനസിനോടെന്നവണ്ണം പറഞ്ഞു.ഈ ലോകം ഒറ്റപ്പെടുത്തുന്നത് സ്ത്രീകളെയാണല്ലോ” (വ്യസന സമുച്ചയം പുറം 123)

നാലു ദിവസങ്ങൾ, ഒന്നിൽ നിന്ന് അനേകം വ്യവഹാരങ്ങളിലേക്കു പടർന്നു പന്തലിക്കുന്ന, വ്യത്യസ്താഭിരുചികളുടെ, വീക്ഷണങ്ങളുടെ സങ്കലനത്തിലൂടെയുണ്ടാവുന്ന ധർമ്മസങ്കടങ്ങളുടെ ഒരു ബൃഹദ് സമുച്ചയമാണ് അമലിന്റെ വ്യസന സമുച്ചയമെന്ന നോവൽ. പുതുകാലത്തിന്റെ സാംസ്കാരിക താല്പര്യങ്ങളും പ്രതിഷ്ഠിതമായ സംസ്കാര ചിഹ്നങ്ങളും സാമ്പത്തികാസന്തുലനത്തിന്റെ സംഘർഷങ്ങളും ലൈംഗിക സൂചകങ്ങളും സാമൂഹികാവസ്ഥകളുടെ സൃഷ്ടിയായ ദുരന്തങ്ങളെക്കുറിച്ചുള്ള സൂചനകളും ഇടകലരുന്ന വ്യസനങ്ങളുടെ മാത്രം സമുച്ചയം. വരേണ്യമായ ഉപരിവർഗ്ഗ ജീവിതത്തിന്റെ അരികുകളിലേക്ക് മാറ്റി നിർത്തപ്പെട്ടവർ,  പൊതുമണ്ഡലത്തിലില്ലാത്തവർ അവരുടെ സാമൂഹികവും വൈകാരികവുമായ അരക്ഷിതത്വത്തിലാണ് ഈ സമുച്ചയത്തിന്റെ അടിത്തറ പടുത്തിരിക്കുന്നത്. കാല്പനികതയിൽ നിന്ന് വിമുക്തമായ, ദൃശ്യ ബിംബങ്ങളാൽ സമൃദ്ധമായ ‘ തമാശ നനവു ‘ള്ള ആഖ്യാനം, പുതിയകാലത്തിന്റെ മൂല്യ സങ്കല്പങ്ങൾ ,രാഷ്ട്രീയ ബോധം, പുരുഷ വ്യവഹാരങ്ങളുടെ ഏകാധിപത്യം തുടങ്ങി പ്രസക്തമായ അനേകം തലങ്ങളിലേക്കു വ്യാപിക്കുന്നു. ക്രൗര്യമാർന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ ഇരകളാവുന്ന മനുഷ്യരുടെ നിലനിൽപ്പിനായുള്ള നിരന്തരാഭ്യാസമാണ് ജീവിതമെന്ന പ്രയോഗിക ജീവിത ദർശനം മുന്നോട്ടു വെയ്ക്കുന്നതോടൊപ്പം പുതിയൊരു സമ്പദ് സങ്കല്പവും സ്യഷ്ടിക്കുന്നു ഈ രചന. സാമൂഹിക ശ്രേണിയിലെ വൈരുദ്ധ്യങ്ങൾ പകർത്തുന്നതിനുള്ള പശ്ചാത്തലമാവുന്നത് മലയാള സാഹിത്യത്തിൽ താരതമ്യേന നൂതനമായ സൈബർ വ്യവഹാരങ്ങളും .

വില്യം ഗിബ്സൺ പരിചയപ്പെടുത്തിയ cyber punk നോവലുകളുടെ മലയാളത്തിലെ തുടർച്ചയാണ്‌ വ്യസന സമുച്ചയം. മധുപാലിന്റെ ഫെയ്സ് ബുക്ക്, രാഹുലിന്റെ ഒരു ഫേസ് ബുക്ക് പ്രണയകഥ, പ്രവീൺ ചന്ദ്രന്റെ അപൂർണതയുടെ പുസ്തകം, കെ.വി പ്രവീണിന്റെ ഡിജാൻ ലീ, തുടങ്ങി എണ്ണത്തിൽ പരിമിതമെങ്കിലും ഏതാനും സൈബർ നോവലുകൾ  മലയാളത്തിലുണ്ട്. സാങ്കേതിക വിദ്യയെ എതിർക്കുകയോ അനുകൂലിക്കുകയോ അല്ല  cyberpunk സാഹിത്യം. വിവര സാങ്കേതിക വിദ്യയുടെ വ്യാപനം, സൈബർ സംസ്കാരം, സൈബർ ഇടങ്ങളും കാലവും മനുഷ്യജീവിതത്തിലുണ്ടാക്കുന്ന നവ സംഘർഷങ്ങൾ എന്നിവയാണ് ഈ സാഹിത്യധാര കൈകാര്യം ചെയ്യുന്നത്. 13241216_1616008145381849_5569543305984232782_n
ശരീരം, സ്ഥലകാലങ്ങൾ ഇവ സൃഷ്ടിക്കുന്ന യുക്തിഭദ്രമായ യാഥാർത്ഥ്യബോധത്തിന്റെ സ്ഥാനത്ത് കമ്പ്യൂട്ടർ നിർമ്മിതമായ അതിപൂരിതപാഠങ്ങളി (Hypertext) ലൂടെ പ്രതീതി യാഥാർത്ഥ്യം _virtual Reality _ സ്ഥാപിതമാവുന്നു. സൈബർ സാങ്കേതികതയെ, അതിന്റെ സാമൂഹികതയെ തികച്ചും സാധാരണമായൊരു കേരളീയ ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങളാക്കി മാറ്റാൻ കഴിയുന്നിടത്താണ് വ്യസന സമുച്ചയം ശ്രദ്ധേയമാവുന്നത്. രാംജിത്ത് ,ജംഷാദ് എന്ന രണ്ടു ചെറുപ്പക്കാർ നടത്തുന്ന ഓൺലൈൻ തട്ടിപ്പുകൾ, പോലീസ് കേസ്, അറസ്റ്റ്, കോടതി, ജയിൽ തുടങ്ങി നീളുന്ന മുഖ്യ കഥാതന്തുവിനോട് ഗാഡമിഴുകിച്ചേരുന്നു, ഈ അറസ്റ്റ് അവരുടെ നിർദ്ധന കുടുംബ ത്തിലുണ്ടാക്കുന്ന വിഹ്വലതകളും വേവലാതികളും. മകനു വേണ്ടി, സഹോദരനു വേണ്ടി ഉരുകിത്തീരുന്ന അംബികയും രജിതയും. അവരുടെ നിസഹായത, ഭഗ്ന പ്രതീക്ഷകൾ, രാഷ്ട്രീയവും ലൈംഗികവുമായ സ്വാർത്ഥങ്ങൾക്കു വേണ്ടി മാത്രം അവർക്കു നേരെ നീളുന്ന സഹായങ്ങൾ, നാട്ടിൻ പുറത്തിന്റെ ക്രൂരമായ മമതാ രാഹിത്യം, തുടങ്ങി നിരവധി ഘടകങ്ങളാണ് നോവലിന്റെ പ്രമേയത്തെ രൂപപ്പെടുത്തുന്നത്. രാംജിത്തിന്റെയും ജംഷാദിന്റെയും ‘കാഞ്ഞ’ബുദ്ധി ഫെയ്സ് ബുക്കിനെപ്പറ്റിയോ ഇന്റർനെറ്റിനെപ്പറ്റിയോ യാതൊരു പരിജ്ഞാനവുമില്ലാത്ത അംബികയെയും രജിതയെയും അടിമുടി ഉലയ്ക്കുന്നു. 500 ലേറെ ഓൺലൈൻ കാമുകിമാരുള്ള, നിരവധി വ്യാജ പ്രൊഫൈലുകളുള്ള അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പു സംഘങ്ങളുമായി ബന്ധമുള്ള അതിബുദ്ധിമാൻമാരും സാങ്കേതിക വിദഗ്ധരുമായ ഈ ചെറുപ്പക്കാരും നെറ്റിനെ ഭീതിയോടെ നോക്കിക്കാണുന്ന സാങ്കേതിക വിദ്യയുടെ  ഇടപെടലുകളിൽ നിന്ന് എപ്പോഴും ഒഴിഞ്ഞു നിൽക്കുന്ന രജിതയും അംബികയും അവരെപ്പോലുള്ളവരും നോവലിൽ അഭിമുഖീകരിച്ചു നിൽക്കുന്നു. അവർക്കിടയിൽ സ്വന്തം രാഷ്ട്രീയ ലാഭത്തിനു വേണ്ടിയും ലൈംഗിക സാമ്പത്തിക മോഹങ്ങൾക്കു വേണ്ടിയും സാങ്കേതിക വിദ്യയെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു വേണ്ടത്ര തിരിച്ചറിവില്ലാതെ ഉപയോഗപ്പെടുത്തുന്ന റൊസാരിയോ, മുരളി തുടങ്ങിയവരുണ്ട്. പ്രണയത്തിന്റെ ചതിക്കുഴികളിൽ virtual Reality യുടെ അയഥാർത്ഥ സ്വഭാവമറിഞ്ഞിട്ടും വീണു പോവുന്ന എം.സി.എക്കാരി പെൺകുട്ടിയും അവളെപ്പോലെ 100 കണക്കിനു പെൺകുട്ടികളുമുണ്ട്.

 കെട്ടുകാഴ്ചകളുടെ വർത്തമാനകാലത്ത് പരസ്യങ്ങളും ഉപഭോഗതൃഷ്ണയും അഭിരമിപ്പിക്കുമ്പോൾ മനുഷ്യ ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും അവയുടെ പഴയ അർത്ഥം നഷ്ടപ്പെടുക സ്വാഭാവികമാണ്. പ്രണയവും രതിയും പോലും ധനസമ്പാദനത്തിനുള്ള ക്രയവിക്രയവസ്തുക്കളായി മാറുന്നു. സാങ്കേതിക വിദ്യ പുതുതലമുറയുടെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്തുന്നതിൽ കുറച്ചൊന്നുമല്ല സ്വാധീനം ചെലുത്തുന്നത്. ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള സവിശേഷമായ അന്യവൽക്കരണമാണ് സൈബർ സംസ്കാരത്തിന്റെ പാർശ്വഫലം. ആധുനികതയുടെ കാലത്തുണ്ടായിരുന്ന അന്യവൽക്കരണത്തിൽ നിന്നു തീർത്തും ഭിന്നം. മിഥ്യകളോടും നിറപ്പകിട്ടാർന്ന കൃത്രിമ ദൃശ്യ ലോകങ്ങളോടുമുള്ള ആസക്തി, സമകാല സമൂഹ ഘടനയോടുള്ള കടുത്ത വിയോജിപ്പ്, അതിനെ വെല്ലുവിളിക്കാൻ വശ്യമായ കൃത്രിമ ഭൗതിക പരിസ്ഥിതി – സൃഷ്ടിക്കൽ. vyasanasamuchayam (1)അതാണ് യഥാർത്ഥമെന്ന പ്രതീതി സ്വയവും മറ്റുള്ളവരിലും ജനിപ്പിക്കൽ തുടങ്ങിയവയെല്ലാം ഈ അന്യവൽക്കരണത്തിന്റെ സ്വഭാവമാണ്. “പണമാണ് ഈ ലോകത്ത് ഏറ്റവും മുഖ്യമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പണമുള്ളവനു മാത്രമേ മെച്ചപ്പെട്ട കുടുംബമുള്ളൂ. സുഖ സൗകര്യങ്ങളുള്ളൂ. അധികാരവും ബഹുമാനവുമുളളൂ. ചികിൽസയുള്ളൂ. നീതിയും ഭാവിയും എന്തുമുള്ളൂ…. പണമുള്ളവർക്കേ നല്ല വിദ്യാഭ്യാസവും നല്ല ജോലിയും കിട്ടൂ ” ( പുറം: 201)ഈ നിഗമനത്തിൽ രാംജിത് എത്തിച്ചേരുന്നത് തന്റെ ദരിദ്രകുടുംബത്തിന്റെ രണ്ടു തലമുറകൾ മുതലുളള ജീവിതത്തെയും നാട്ടിലെ രണ്ടു പണച്ചാക്കുകളുടെ രണ്ടു തലമുറ ജീവിതത്തെയും നിശിതമായി നിരീക്ഷിച്ചും പഠിച്ചുമാണ്. പണം സർവ്വ പ്രധാനമാവുമ്പോൾ ഏതു മാർഗ്ഗേനയും അതു സമ്പാദിക്കേണ്ടത് അനിവാര്യതയാവുന്നു. യൗവ്വനം ജീവിതത്തിലൊരിക്കലേയുള്ളൂ’ ആ സമയത്ത് സർവ്വ സുഖാനുഭവങ്ങളും അതിതീവ്രതയോടെ അനുഭവിക്കണമെന്നാണവരുടെ നിശ്ചയം. അതിനു വേണ്ടി എന്തു വഞ്ചനകൾക്കും തയ്യാറാവുന്നു. അമ്മയോടോ പെങ്ങളോടോ എഫ്.ബി.കാമുകിമാരോടോ യാതൊരു മമതയും ഉത്തരവാദിത്വവും അവർക്കില്ല

ഭോഗപരതയും പണം സമ്പാദിക്കലും മുഖ്യ ലക്ഷ്യമായിക്കാണുന്ന ഈ പുതുതലമുറ യഥാർത്ഥ സ്വത്വത്തെ മറച്ച് വ്യാജമായതു സൃഷ്ടിക്കുന്നു. പ്രണയത്തെ ഉല്പന്നമായി കാണുകയും അതിന് സമൂഹത്തിലുള്ള വിനിമയമൂല്യം ഉപയോഗപ്പെടുത്തുകയുമാണവർ. ബൗദ്ധികമായ അധ്വാനത്തിലൂടെ പുതിയ പുതിയ ഉപഭോഗ സാധ്യതകൾ കണ്ടെത്തുന്ന രാംജിത്തിന്റെ ബുദ്ധിശക്തി അന്വേഷണോദ്യാഗസ്ഥരെ അത്ഭുതപ്പടുത്തുന്നുണ്ട്. ഇവനെ പഠിപ്പിക്കാത്തതെന്തെന്നും സയ്ന്റിസാവേണ്ടവനായിരുന്നു എന്നുമൊക്കെ അംബിക യോടവർ പറയുന്നുമുണ്ട്. ബുദ്ധിരാക്ഷസൻമാരായതുകൊണ്ട് സാധാരണ പ്രതികളോടു പെരുമാറുന്ന രീതിയിലല്ല പോലീസ് അവരെ കൈകാര്യം ചെയ്യുന്നത്.  നവ സാങ്കേതിക വിദ്യയെ ഭീതിയോടെ അകന്നു മാറി വീക്ഷിക്കുന്ന പോലീസുകാരെ വിസ്മയിപ്പിക്കുന്നു ഈ ചെറുപ്പക്കാർക്ക് ആ മേഖലയിലുള്ള അനായാസതയും വൈദഗ്ദ്ധ്യവും.

പ്രതീതി യാഥാർത്ഥ്യം സൃഷ്ടിക്കുന്ന അമൂർത്തമായ, മായികമായ പ്രതീതി വസ്തുനിഷ്ഠവും യഥാർത്ഥവുമായി മനസിലാക്കപ്പെടുകയാണ് മറുവശത്ത്. അന്യോന്യ മറിയാത്തവർ തമ്മിലുള്ള പ്രതീതിപരമായ അടുപ്പം. കാഴ്ചയിലൂടെ, കേൾവിയിലൂടെ ,സ്പർശത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന യഥാതഥാ നുഭൂതികൾ അപ്രസക്തമാവുന്നു. യഥാർത്ഥ സ്ഥല സ്വത്വങ്ങൾ ഇല്ലാത്ത, ദൂരവും അതിരുകളും ഇല്ലാത്ത ആഗോള ഗ്രാമത്തിലെ പ്രജകളാണ് ഓൺലൈനിൽ എല്ലാവരും. ഹൃദയശൂന്യമായ പ്രതീതിപരമായ അടുപ്പം. ഇതു മനസിലാക്കാത്ത പരാതിക്കാരി പെൺകുട്ടി തന്റെ എഫ്.ബി കാമുകനെതിരെ പരാതി കൊടുക്കാൻ നിർബന്ധിതയാവുന്നത് അച്ഛന്റെ ഭീഷണി കൊണ്ടാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണവൾ അതിനു തയ്യാറാവുന്നതും. വ്യാജ എഫ്.ബി അക്കൗണ്ടിലെ വ്യാജ ഡോക്ടർക്ക് കാര്യമായ സമ്മർദ്ദങ്ങളില്ലാതെ തന്നെ അവളിൽ മാനസികാധിപത്യം സ്ഥാപിക്കാൻ കഴിയുന്നു. അയാൾക്കു വേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധയാവുന്നു അവൾ. പ്രതീതി ലോകത്തിലെ അയാളുടെ അസ്തിത്വത്തെക്കുറിച്ച് ഒരു സംശയവുമില്ലാതെയാണ് ആ എം.സി.എക്കാരി അയാളെ ആരാധിക്കുന്നതും സ്നേഹിക്കുന്നതും. തന്റെ Dell ലാപ്ടോപ്പ് അവൾക്ക് ജീവവായുവും പരമാത്മാവും ആണ്. “എന്റെ സിനിമകൾ ,എന്റെ സംഗീതം, എന്റെ സൗഹൃദം .. എന്റെ ചിരി, എന്റെ നിലനില്പ്….” (പുറം: 69) അവളെപ്പോലെ തന്നെ വിദ്യാസമ്പന്നരാണ് രാംജിതിന്റെ അഞ്ഞൂറോളം കാമുകിമാർ. പണവും അഭിമാനവും നഷ്ടപ്പെട്ടിട്ടും ക്രൂരമായി കബളിപ്പിക്കപ്പെട്ടിട്ടും അവരിൽ പരാതി കൊടുക്കാൻ തയ്യാറാവുന്നതു വളരെക്കുറച്ചു പേർ മാത്രം.

vyasanasamuchayam

ശാസ്ത്രീയമായ അപ്രത്യക്ഷമാകലിന്റെ സൗന്ദര്യ ശാസ്ത്രമാണ് വെർച്വൽ റിയാലിറ്റി യെന്നു വാൾട്ടർ ബഞ്ചമിനെപ്പോലുള്ളവർ പറയുന്നത് ഈയർത്ഥത്തിലാണ്. അയഥാർത്ഥമായതിനെ പൊലിപ്പിച്ചുകാട്ടുക മാത്രമല്ല, സൈബർ സ്പേസ് യാഥാർത്ഥ്യത്തെ മറച്ചു വെയ്ക്കുക കൂടി ചെയ്യുന്നു. അതി യാഥാർത്ഥ്യവും യാഥാർത്ഥ്യവും വേർതിരിച്ചറിയാനാവാത്ത വിധം സമീകരിക്കപ്പെടുകയാണ്. യാഥാർത്ഥ്യം അതിന്റെ ഭൗതിക സ്ഥലികളോടുകൂടി മാഞ്ഞു പോവുന്നു. തൽസ്ഥാനത്ത് അജൈവമായ, കൃത്രിമവും മൂല്യ രഹിതവുമായ പ്രതീതി യാഥാർത്ഥ്യം പ്രതിഷ്ഠിക്കപ്പെടുന്നു. അവിടെ വഞ്ചനകളും ചൂക്ഷണങ്ങളും എളുപ്പം. സൈബർ തട്ടിപ്പുകളെല്ലാം അരങ്ങേറുന്നത് ഈ ഹൃദയശൂന്യമായ വെർച്ച്വൽ സിറ്റിയിലാണ്. വിനിമയ സാങ്കേതിക വിദ്യയുടെ യുദ്ധങ്ങളും കീഴടക്കലുകളും ബൗദ്ധികമായതുകൊണ്ട് തന്നെ ശരീരം, സ്വത്വം, കർത്തൃത്വം എന്നിവ അട്ടിമറിക്കപ്പെടുന്നു. ഭോജ്പുരി നടന്റെ അതിസുന്ദര മുഖവും ശരീരവും കാണിച്ച് തന്നെ വശീകരിച്ച ഡോക്ടർ ഈ നരിന്തു ചെക്കനായിരുന്നോ എന്നു എം.സി.എക്കാരി അത്ഭുതം കൂറുന്നുണ്ട്. എല്ലായ്പ്പോഴും ശാരീരികമായി ദുർബലരായ രാംജിത്തിനെയും ജംഷാദിനെയും ചൂണ്ടിക്കാട്ടി ഈ പയ്യൻമാരാണോ ഇത്രയും വലിയ തട്ടിപ്പു നടത്തിയതെന്ന് എല്ലാവരും സംശയിക്കുന്നുമുണ്ട്. പരസ്പര സംവേദനത്തിന്റെ അനന്തവിഹായസ്സായ പ്രതീതി സ്ഥലത്തിൽ ശരീരം അദൃശ്യവും അപ്രധാനവുമാണ്. ചിഹ്ന രൂപത്തിലുള്ള അശരീരികളാണ് അവിടെ പ്രസക്തമാവുന്നത്.

വേരുകളോ മമതയോ ഇല്ലാതെ പ്രതീതി സ്ഥലത്തിലും പ്രതീതി കാലത്തിലും ജീവിക്കുന്ന ദയാരഹിതരായപുതു തലമുറ. അതേ കാലത്തു തന്നെയാണ്, ആഗോള സംസ്കൃതിയെ അകന്നു നിന്ന് ഭയത്തോടെ നോക്കിക്കാണുന്ന ഭൂരിപക്ഷ ജനതയും നിൽക്കുന്നത്. അത്യന്ത വിരുദ്ധമായ രണ്ടു മനോഭാവങ്ങളെ / ജീവിത വീക്ഷണങ്ങളെ കലാത്മകമായി ചേർത്തുവെയ്ക്കുകയാണ്‌ വ്യസന സമുച്ചയം. സാങ്കേതിക വിദഗ്ദ്ധർ സൃഷ്ടിക്കുന്ന മായിക ദൃശ്യങ്ങളാൽ വശീകരിക്കപ്പെടുന്ന സാധാരണ ജനം, നിഷ്ക്രിയരായി അടുത്തതെന്തായിരിക്കുമെന്ന് ആകാംക്ഷപ്പെടുക മാത്രം ചെയ്യുന്നു. രാം ജിതിന്റെയും ജംഷാദിന്റെയും അറസ്റ്റിനു ശേഷം കുട്ടിക്കൃഷ്ണന്റെ ചായക്കടയിൽ നടക്കുന്ന ചർച്ച ഇത്തരത്തിലുള്ളതാണ്.

” ഫെയ്സ് ബുക്ക് എന്നു പറഞ്ഞാലൊരു തരം ബാങ്കാണ്. ഫെയ്സ് ബാങ്ക് ‘അതിൽ ലക്ഷക്കണക്കിനാളുകൾക്ക് അക്കൗണ്ടുണ്ട്. കോടി ക്കണക്കിനു നിക്ഷേപമുള്ള ബാങ്കാണീ ഫെയ്സ് ബാങ്ക്. ” ( പുറം: 108)

ഈ ഫെയ്സ് ബാങ്കിൽ കമ്പ്യൂട്ടർ വഴി കയറി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ഭീകരരായാണ് നാട്ടിൽ പുറം രാംജിതിനെയും ജo ഷാദിനെയും കാണുന്നത്. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളിലൂടെയുള്ള അരാഷ്ട്രീയവൽക്കരണം പുതു തലമുറയെയും നാട്ടിൻ പുറത്തെയും ഒരേ പോലെ ഗ്രസിക്കുന്നു. ചായക്കടയിലെ സംഭാഷണങ്ങൾ സമകാല ചെറുപ്പക്കാരുടെ വസ്ത്രധാരണം, സംസാരം, ആഹാരം, സദാചാരം തുടങ്ങിയവയെല്ലാം നിശിതമായി വിമർശിച്ചു കൊണ്ട് മുന്നേറുന്നതിനിടയിൽ വർഗ്ഗീയതയിലേക്കും വഴുതി വീഴുന്നുണ്ട്. അതിനിടയിൽ ചായക്കടയിൽ വന്ന വാർപ്പു പണിക്കാർ കുട്ടിക്കൃഷ്ണന്റെ ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ അപ് ലോഡുചെയ്ത നിമിഷം തന്നെ അമേരിക്കയിലുള്ള ദിവാകരൻ അത് ലൈക്ക് ചെയ്യുകയും ഗൃഹാതുരതയുടെ സ്പർശമുള്ള കമന്റ് എഴുതുകയും ചെയ്യുന്നു. ആഗോള ഗ്രാമത്തിലെ, വെർച്ച്വൽ സിറ്റിയുടെ ഭാഗമായതിൽ കുട്ടിക്കൃഷ്ണൻ അനൽപ്പമായ ആത്മനിർവൃതിയാണ് അനുഭവിക്കുന്നത്.

” അമേരിക്കയിലിരുന്ന് ആ ദിവാകരൻ തന്റെ കടയോർക്കുന്നു എന്ന നനുത്ത ചിന്ത ചില്ലു ഗ്ലാസിലെന്നോണം അയാളുടെ കണ്ണുകളിൽ പറ്റി നിന്നു. അയാൾ കരഞ്ഞു. തന്റെ പാവം ചായക്കടയുംഈ മഹാ ലോകത്തിന്റെ ഭാഗമാണെന്നയാൾക്ക് അപ്പോൾ ആദ്യമായി തോന്നി….. മറ്റൊരു രാജ്യത്തിരുന്നൊരാൾ എന്നെയും എന്റെ ചായയെയും ഓർക്കുന്നു .” (പുറം: 112)

ഭാരം ചുമക്കുന്നവരും പരിത്യക്തരുമായ പീഡിതരുടെ പ്രതിനിധികളാണ് അംബികയും രജിതയും. വിവര സാങ്കേതിക വിദ്യ അവരെ കൂടുതൽ പ്രാന്തവൽക്കരിക്കുന്നു. രണ്ടു പേരും ഇന്റർനെറ്റിനെ അറപ്പോടും പേടിയോടും കൂടിയാണ് വീക്ഷിക്കുന്നത്. കുടുംബം പുലർത്തേണ്ട മകൻ പണിക്കു പോവാതെ കമ്പ്യൂട്ടറിനു മുൻപിൽ ചടഞ്ഞിരിക്കുന്നതാണ് അംബികയെ ചൊടിപ്പിക്കുന്നതെങ്കിൽ, കമ്പ്യൂട്ടറിൽ രാം ജിതും ജംഷാദും ആസ്വദിക്കുന്ന രതി ദൃശ്യങ്ങളാണ് രജിതയെ വെറുപ്പിക്കുന്നത്. രാം ജിതിന്റെ കൂർമ്മ ബുദ്ധിയുടെ പ്രത്യാഘാതങ്ങളും പ്രഹരങ്ങളും പക്ഷേ ഏറ്റുവാങ്ങേണ്ടി വരുന്നതും നിസഹായരായ ഈ സ്ത്രീകളാണ്. പോലീസ് സ്റ്റേഷനിൽ മകനെ കണ്ടു വരുന്ന അംബികക്ക് അവന്റെ മുറിയിലെ കമ്പ്യൂട്ടർ കാണുമ്പോൾ ആശ്രിതനെ നിമിഷ നേരം കൊണ്ട് ഡോക്ടറും എഞ്ചിനീയറുമൊക്കെ ആക്കി മാറ്റാൻ കഴിവുള്ള വേതാള വിഗ്രഹ മാണതെന്നു തോന്നിപ്പോവുന്നു. അത്ഭുത സിദ്ധികളുള്ള ആ വിഗ്രഹം തന്നെ പച്ചയ്ക്കു കത്തിക്കുമെന്നാണവൾ ഭയപ്പെടുന്നത്. മാധ്യമങ്ങളും പോലീസ്, കോടതി പോലുള്ള അധികാര കേന്ദ്രങ്ങളും ലിംഗവിവേചനവും പുരുഷ വ്യവഹാരങ്ങളുടെ ഏകാധിപത്യവുമെല്ലാം സ്ത്രീകളെ ശ്വാസം മുട്ടിക്കുന്നു. മകന് നല്ല വിദ്യാഭ്യാസം കൊടുക്കാനാവാത്ത  രീതിയിൽ ദരിദ്രമായ തന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ചോർത്ത് അംബിക കൂടുതൽ വേദനിക്കുന്നുണ്ട്. സമൂഹത്തിലെ അസന്തുലിതമായ സമ്പദ് വിതരണത്തിന്റെ അപാകതകളാണു തന്റെ മകനെ ക്രിമിനലാക്കിയതെന്ന് പല സന്ദർഭങ്ങളിലും അവർ തിരിച്ചറിയുന്നുവെങ്കിലും ആ അറിവ് അവരുടെ ജീവിത സാഹചര്യങ്ങളെ ഒട്ടും നവീകരിക്കുന്നില്ല. വ്യവസ്ഥിതിയുടെ ഇരയായി നിസഹായതയോടെ നിരന്തരം അപഹസിക്കപ്പെടുന്നവളായി മാറുന്നു അംബിക. ദുസഹമായ ജീവിത പരിതസ്ഥിതികളിൽ മനം മടുക്കുന്ന രജിത ഒളിച്ചോടി പോവാൻ പോലും സ്വാതന്ത്ര്യമില്ലാതെ വീർപ്പുമുട്ടുന്ന സ്വന്തം പെൺജീവിതത്തെക്കുറിച്ച് എല്ലായ്പ്പോഴും ചിന്തിക്കുന്നു. സുന്ദരിയായ ഭാര്യയും സമ്പത്തും അധികാരവുമുള്ള റൊസാരിയോയുടെ കാമവാഞ്ഛ അവളെ ഒരേ സമയം പേടിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാംജിത്തിന്റെ കേസ് സംബന്ധമായ കാര്യങ്ങൾക്ക് റൊസാരിയോവിന്റെ സഹായം അവൾക്ക് നിരസിക്കാനാവുന്നുമില്ല. 13346798_1616008075381856_6274146879355335655_nകോടതിയിലും പോലീസ് സ്റ്റേഷനിലുമൊക്കെ കാത്തുകെട്ടിക്കിടക്കുമ്പോൾ അവൾ സ്വയം വിലയിരുത്തുന്നു

” ഞങ്ങളാണ് ന്യൂ ജനറേഷൻ അസ്വസ്ഥതയുടെ രാജ്ഞി മാർ. മനുഷ്യരെന്താണിങ്ങനെ? സ്വർണ്ണമുണ്ടെങ്കിൽ അതിലൂടെ .. സംഗീതമുണ്ടെങ്കിൽ അതിലുടെ ഫേയ്സ്ബുക്കുണ്ടെങ്കിൽ അതിലൂടെ കുറ്റകൃത്യത്തിലേർപ്പെടും: ” ( പുറം 161)

കടുത്ത ഭീഷണിയിലും നിയന്ത്രണത്തിലും വളർത്തിയ പരാതിക്കാരി എംസിഎ പെൺകുട്ടിയും പുരുഷ വ്യവഹാരങ്ങളിലെ സ്വേച്ഛാധിപത്യത്തിന്റെയും അധികാരത്തിന്റെയും  ഇരയാണ്. ഫേസ്ബുക്ക് പ്രണയകഥയിലെ ദുരന്തനായികയായതിനു ശേഷം നിഷ്ഠുര നായ അച്ഛന്റെ പീഡനം അവൾ നിരന്തര മേൽക്കേണ്ടി വരുന്നു. തികഞ്ഞ ബിസിനസുകാരനായ അയാളെ സംബന്ധിച്ച് പെൺമക്കളെ വളർത്തുന്നതു തന്നെ നഷ്ടക്കച്ചവടമാണ്. നല്ലൊരു തുക ചെലവാക്കി വളർത്തിവിവാഹപ്പരുവത്തിലാക്കിയ ശേഷം ഏതെങ്കിലുമൊരുത്തന് പണവും പണ്ടവും നിലവും വാഹനവും എല്ലാം വായ്ക്കരിയിട്ട് കൊടുക്കണം.

” ഒരു നല്ല പെൺകുട്ടിയെ അടിമയായി കിട്ടുമ്പോ ആൺവീട്ടുകാർ ഇങ്ങോട്ടല്ലേ ‘സത്യത്തിൽ പണം നൽകേണ്ടത്? അടിമകൾക്ക് പണം കൊടുത്ത ചരിത്ര മേ ലോകത്തിലുള്ളൂ. ഇത് തിരിച്ച്. .വിവാഹത്തിൽ മാത്രമേ ഈ അനാചാരങ്ങൾ നടക്കു” (പു: 207)

ബന്ധങ്ങളെ പണം കൊണ്ടുമാത്രമളക്കുന്ന ഒരു രൂപ താഴെ വീണാൽപ്പോലും നെഞ്ചു പിടയുന്ന ആ സ്വേച്ഛാധികാരിയായ പുരുഷൻ ഭാര്യയെയും മകളെയും ഒരു പോലെ അവമതിക്കുന്നു, ശാരീരികമായി ആക്രമിക്കുന്നു.  സ്ത്രീകളുടെ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നിഷ്ഫലമാവുകയും അവർ കൂടുതൽക്കൂടുതൽ അരക്ഷിതരാവുകയും ചെയ്യുന്ന സമൂഹ ഘടനയാണ് സമകാല ലോകത്തിന്റേതെന്ന് ഈ സ്ത്രീകളുടെ ജീവിതം കാണിച്ചു തരുന്നു.

 പൊതുമണ്ഡലത്തിന്റെ വരേണ്യ സ്വഭാവങ്ങളുടെ മൂർത്തരൂപമാണ് പഞ്ചായത്ത് മെമ്പർ റൊസാരിയോ. കപടമായ രാഷ്ട്രീയ മൂല്യ സങ്കല്പങ്ങളെയും അടിച്ചമർത്തേണ്ടി വരുന്ന ലൈംഗികാഭിലാ ക്ഷങ്ങളെയും പ്രതിനിധീകരിക്കുന്നുഅയാൾ. സ്വയം പണം മുടക്കി സ്വന്തം ഫ്ലക്സ് അടിച്ച് നാടുനീളെ കെട്ടിച്ച് അതു കണ്ടഭിരമിക്കുന്നവനാണ് അയാളിലെ രാഷ്ട്രീയക്കാരൻ. അംബിക തന്റെ രാഷ്ട്രീയാനുഭാവി അല്ലെന്നറിഞ്ഞിട്ടും അവരെ സഹായിക്കുന്നതും രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചിട്ടാണ്. അഞ്ചു മിനുട്ട് മാംസം രുചിക്കുന്നതിന് വേണ്ടി ജീവിതകാലം മുഴുവൻ പരസ്പര ചേർച്ചയില്ലാത്തവർ ഒന്നിച്ചു കഴിയുന്ന ദാമ്പത്യത്തിന്റെ വൈരസ്യം അനുഭവിക്കുന്ന റൊസാരിയോവിന്റെ താല്പര്യം വളരെപ്പെട്ടന്ന് രജിതയിലേക്കാവുന്നു. പുരുഷ വിദ്വേഷിയായിരുന്ന എല്ലാ ആണുങ്ങളും സ്ത്രീകളെ പീഡിപ്പിക്കാനുള്ള തഞ്ചം പാർത്തിരിക്കുകയാണെന്നു വിശ്വസിച്ചിരുന്ന ആ കൗമാരക്കാരിയെ ഒരു ചുംബനം കൊണ്ടനുനയിപ്പിക്കാൻ അയാൾക്ക് എളുപ്പം സാധിക്കുന്നുമുണ്ട്. അപ്പപ്പോൾ തോന്നുന്നതാണ് ഇന്നിന്റെ ആദർശം.

“എനിക്ക് ഇപ്പോൾ ഇങ്ങനെ തോന്നും, കുറച്ചു കഴിയുമ്പോൾ അങ്ങനെ തോന്നും ,വൈകിട്ട് മറ്റതു തോന്നും ,കാലത്ത് മറിച്ചതു തോന്നും. അതു തന്നെയാണ് എന്നെ സംബന്ധിച്ച് ശരി. ” ( പു: 242)

റൊസാരിയോ പുതിയ കാലത്തിന്റെ രാഷ്ട്രീയ സദാചാര ദർശനങ്ങളുടെ പ്രതീകമാണ്. ആഴമില്ലാത്തത്, ഏതു നിമിഷവും ഏതു വഴിക്കും തിരിഞ്ഞൊഴുകാവുന്നത്, തൽക്കാല ലാഭങ്ങൾക്കപ്പുറം മറ്റൊരു ലക്ഷ്യവുമില്ലാത്തത്. പുസ്തകത്തിലൊക്കെ എന്തുമെഴുതി വെക്കാം. യേശുവിനൊക്കെ എന്തുപദേശവും കുന്നിൻ മേൽ കയറി നിന്ന് വിളിച്ചു പറയാം, പക്ഷേ രാഷ്ട്രീയത്തിലതൊന്നും പ്രാവർത്തികമല്ലെന്നു തിരിച്ചറിവുളള തികഞ്ഞ പ്രായോഗികവാദിയാണ് റൊസാരിയോ. സൈബർ സംസ്കാരത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും പരിമിത ജ്ഞാനമുള്ള അയാൾ സൈബർ നിരക്ഷരരായ പഴയ തലമുറയിലെ നാട്ടുകാർക്കും സൈബർ ബുദ്ധിരാക്ഷസരായ രാം ജിതിനെയുംജംഷാദിനെയും പോലുള്ള പുതു തലമുറക്കും ഇടയിലുള്ള സുരക്ഷിത സ്ഥാനത്ത് എല്ലായ്പ്പോഴും സുരക്ഷിതനായി നിലകൊള്ളുന്നു. സൈബർ ക്രൈമിന്റെ പരിധിയിൽ വരുന്ന ലഘുവായ കുറ്റകൃത്യങ്ങൾ അയാളും ചെയ്യുന്നുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ അപമാനിക്കാൻ വിമതൻ എന്ന പേരിൽ വ്യാജ ഫേസ് ബുക്ക് പേജ് ഉണ്ടാക്കി എതിർ പക്ഷത്തിന് അപകീർത്തികരമായ ചിത്രങ്ങളും വാർത്തകളും പോസ്റ്റ് ചെയ്യുന്നു. റൊമാൻസ് സ്കാം എന്ന തട്ടിപ്പ് ഫേസ് ബുക്ക് പേജിലെ സുന്ദരിമാരോട് ചാറ്റിങ് നടത്തുക മാത്രമല്ല, അവരെ ആർത്തിയോടെ, ആസക്തിയോടെ കൊതിച്ചിട്ടുമുണ്ട്. പക്ഷേ നയ ചതുരനായ റൊസാരിയോ എല്ലായ്പ്പോഴും  തന്ത്രപൂർവ്വം കുരുക്കുകളിൽ നിന്നു രക്ഷപെട്ട് സദ്ഗുണ സമ്പന്നനായ കുടുംബനാഥൻ, ആദർശ വാദിയായ രാഷ്ട്രീയക്കാരൻ എന്നീ ഇമേജുകൾക്കുള്ളിൽ സ്വസ്ഥനും സുരക്ഷിതനുമാവുന്നു.

നെറ്റിന്റെ വലക്കണ്ണികളിൽ കുരുങ്ങിപ്പിടയുന്ന സ്വകാര്യ ജീവിതത്തിന്റെ ആഴങ്ങളും തേങ്ങലുകളും നിശ്ശബ്ദതകളുമാണ് വ്യസന സമുച്ചയം പകർത്തുന്നത്. നവ സാങ്കേതിക വിദ്യ സൃഷ്ടിക്കുന്ന സമാന്തര പ്രശ്ന ലോകങ്ങൾ, പുതിയ കാലത്തിന്റെ ജീവിത ദർശനങ്ങൾ എന്നിവയിലുടെയാണ് നോവലിന്റെ സഞ്ചാരം. ചിന്തകൾ ദൃശ്യവൽക്കരിക്കപ്പെടുന്നു. പല തരം ദൃശ്യ കോണുകളിലൂടെ കഥാപാത്രങ്ങളെയും അവരുടെ ചിന്തകളെയും കാണുകയും പകർത്തുകയുമാണ്. നിശ്ചിത ദൈർഘ്യമുള്ള സ്ക്രീൻ ഷോട്ടുകളുടെ സവിശേഷതയുള്ള ചിന്താശകലങ്ങൾ.  കുറ്റം എപ്പോഴും കുനിഞ്ഞ ശിരസുകളെ സൃഷ്ടിക്കുന്നുവെന്ന് നോവലിലൊരിടത്ത് പറയുന്നുണ്ട്. കുറ്റമോ കുറ്റവാളികളോ അല്ല ഇവിടെ കുനിഞ്ഞ ശിരസുമായി നിൽക്കുന്നത്. നിഷ്കളങ്കരും നിസഹായരുമായ അംബികയെയും രജിതയെയും പോലുള്ളവരാണ്. അവരുടെ ധർമ്മസങ്കടങ്ങളുടെയും തീ പിടിച്ച ഓട്ടങ്ങളുടെയും ആഖ്യാനമാണ് വ്യസന സമുച്ചയം.ഒപ്പം പുതിയ ലോകക്രമത്തെക്കുറിച്ച്, സംസ്കാര ചിഹ്നങ്ങളെക്കുറിച്ച് തീക്ഷ്ണമായ നിരീക്ഷണങ്ങളും പങ്കുവെയ്ക്കുന്നു ഈ നോവൽ.

Comments

comments